Tuesday, December 01, 2009

പരിഹസിക്കരുത്!

ദുബായിലെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ജീവിതത്തില്‍ പലരീതികളും/തലങ്ങളും/തരങ്ങളും അനുഭവിക്കാനും കാണാനും സാധിച്ചിട്ടുണ്ട്. നാല് വര്‍ഷമായി അബൂദാബിയിലാണ് ജോലിയെങ്കിലും ദുബായില്‍ നിന്നും മാറിതാമസിക്കാത്തതിനുള്ള പല കാരണങ്ങളില്‍ ഒന്ന് ദുബായിലെ ജീവിത രീതിതന്നെയാണ്.


ദുബായില്‍ ജീവിക്കുന്നു എന്നത് ഒരഭിമാനമായി കാണുന്നതിനാലാണ് ഒപ്പം ജോലിചെയ്യുന്നവരോട് പലപ്പോഴും 'ഞങ്ങള്‍ ദുബായിക്കാരാണ്' എന്ന് പറയുന്നതിനും കാരണം.

ഇന്നലെ യു.എസ്സില്‍ നിന്നും സുഹൃത്ത് വിളിച്ചപ്പോള്‍ അറിയേണ്ടത് ദുബായില്‍ ഉണ്ടായ സാമ്പത്തിക പ്രശ്നത്തെചൊല്ലിയാണ്.അവിടെ പ്രസ്തുത ന്യൂസിന് വളരെ പ്രാധാന്യം കല്‍‍പ്പിച്ചിരിക്കുന്നുവത്രെ. ആ ചോദ്യത്തില്‍ എന്നെപറ്റിയുള്ള വേവലാതിയായിരുന്നു മറ്റുള്ളവരെപറ്റിയും.

എനിക്കീ ന്യൂസില്‍ വലിയ അദിശയമൊന്നും തോന്നിയില്ല ഒരു പക്ഷെ രഹസ്യമായി അറിയുന്ന ഒരു കാര്യം പരസ്യമായിഎന്നുമാത്രമേ ചിന്തിച്ചുള്ളൂ. എല്ലാം ശെരിയാവും എന്ന ശുഭാപ്തിവിശ്വാസത്തോടെ അവന്‍ സംസാരം അവസാനിപ്പിച്ചു.

ഇത്രയും പറയാന്‍ കാരണം 'സേഫായ' ചിലരെ സൂചിപിക്കാനാണ്, 'ദുബായിയുടെ കാലം കഴിഞ്ഞു ഓടിക്കോ' എന്ന തരത്തിലുള്ള വാര്‍ത്ത/സംസാരമാണ് ചിലര്‍ പങ്ക് വെക്കുന്നത്. പറയുന്നവര്‍ അങ്ങ് ദൂരെ വളരെ സേഫായ സ്ഥലതാണ് എന്ന വിഡ്ഡി-വിശ്വാസത്തിലാണെന്നതാണ് ഇതിന് കാരണം. മറ്റു ചിലരുടെ കാര്യം എടുത്താല്‍, ' ഓ! എന്തായിരുന്നു നെഗളിപ്പ് കടല്‍ തൂര്‍ക്കുന്നു കര കുഴിക്കുന്നു ഇപ്പോ എന്തായി?' എന്ന തരത്തിലാണ്.

ഇവരോടൊക്കെ പറയാന്‍ ഒന്നുമാത്രം, ഇതൊക്കെ നടക്കുന്നതുകൊണ്ടാണ് എനെപ്പോലുള്ളവര്‍ സ്വസ്ഥമായി- സുഖമായി ജിവിക്കുന്നത് അതുകൊണ്ട് തന്നെ ദുബായ് എണീക്കും നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ അന്നും ആയുസ്സുണ്ടെങ്കില്‍ ഞാനും എന്നെപ്പോലുള്ളവരും ഇവിടെ കാണും , എന്നെപ്പോലുള്ള ചിലരുടെ പ്രാര്‍ത്ഥനകളെങ്കിലും ഇവിടത്തെ ഭരണകര്‍ത്താക്കള്‍ക്കൊപ്പം ഉണ്ട്, ഫലമുണ്ടായാലും ഇല്ലെങ്കിലും അതുകൊണ്ട് പരിഹസിക്കരുത്.

എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നുമുതല്‍ ദുബായിലെ എല്ലാ സ്ട്രീറ്റും വിളക്കുകള്‍ കൊണ്ട് നിറയാറുണ്ട്, ദേശീയ ദിനം കൊണ്ടാടാന്‍ ഇത്തവണ ദുബായിയുടെ തെരുവില്‍ കുറവായേകാണുന്നുള്ളൂ അതു കാണുമ്പോള്‍ എന്നെപ്പോലുള്ളവരുടെ മനസ്സ് സ്വല്പ്പമെങ്കിലും വേദനിക്കുന്നുണ്ട് എന്നാല്‍ ഉറപ്പ് അടുത്തതവണ അതല്ലെങ്കില്‍ അതിനടുത്തതവണ ദുബായുടെ തെരുവുകള്‍ വിളക്കുകള്‍ കൊണ്ട് നിറയും അന്നും നിങ്ങളൊക്കെ ഉണ്ടാവണം അതൊക്കെ കാണാന്‍!

20 comments:

തറവാടി said...

പരിഹസിക്കരുത്!

അഗ്രജന്‍ said...

വർണ്ണദീപങ്ങളില്ലാത്ത തെരുവുകൾ കാണുമ്പോൾ എനിക്കും സങ്കടം തോന്നുന്നു...

കാർമേഘങ്ങൾ താൽക്കാലീകം മാത്രമാണ്... പെയ്തൊഴിഞ്ഞോ കാറ്റ് വന്നോ അതില്ലാതാവും...
വീണ്ടും തെളിഞ്ഞ മാനം വരും.

അഗ്രജന്‍ said...

പരിഹസിക്കുന്നവരെ കുറിച്ചോർത്ത് സഹതപിക്കുക...

Typist | എഴുത്തുകാരി said...

അഗ്രജന്‍ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളതു്. കാര്‍മേഘങ്ങള്‍ താല്‍ക്കാലികം. വീണ്ടും മാനം തെളിയും, വര്‍ണ്ണദീപങ്ങളും.

നജൂസ്‌ said...

‘ഗള്‍ഫ്‌‘ എന്ന എണ്ണയിലാണ് വീടെന്ന ഓരോ തിരിയും കത്തിനില്‍ക്കുന്നത്‌. തിരിയണയാതിരിക്കാന്‍ തെരുവുകളെല്ലാം പൂത്തിരികത്തിച്ച്‌ നില്‍ക്കട്ടെ.. നില്‍ക്കും

Kannapi said...

100% true

Joker said...

പറഞ്ഞത് ശരിയാണ്, ഇതു വരെ രഹസ്യമാക്കി വെച്ഛിരുന്ന ചില കാര്യങ്ങള്‍ പരസ്യമായി എന്ന് മാത്രം. ദുബായിയുടെ പെട്ടെന്ന് വളര്‍ച്ച ആരെയും അസൂയപ്പെടുത്തിയിരുന്നു. ഏതൊരു കയറ്റത്തിനും ഒരു ഇറക്കമുണ്ടായിരിക്കും അത്രയേ ഉള്ളൂ ഇതും. ഇവിടെ നിന്നും കിട്ടുന്നത് കൊണ്ട് കഞ്ഞി കുടിച്ചു പോകുന്നവരെ സംബന്ധിച്ചേടത്തോളം പുതിയ വാര്‍ത്തകള്‍ സന്തോഷത്തിനു വക നല്‍കുന്നില്ല. മറിച്ച് ആശങ്കയാണുള്ളത്. കേരളത്തിന് പ്രത്യേകിച്ഛും.
സന്തോഷിക്കുന്നവരുടെ കഥയും വ്യത്യസ്ഥമല്ല. മുന്നും പിന്നും നോക്കാതെയുള്ള കോണ്‍ങ്രീറ്റ് വികസനത്തില്‍ ദുബായിക്ക് അടി തെറ്റി എന്നത് സത്യം തന്നെയാണ്.വരും നാളുകളില്‍ തിരിച്ചടികളില്‍ നിന്ന് അവര്‍ പാഠം പഠിക്കും എന്നത് തീര്‍ച്ചയാണ്. അഹിതമായൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ.

ഈ പൊന്‍ മുട്ടയിടുന്ന താറാവിനെ ആരും കൊല്ലാതിരിക്കട്ടെ.

ഗുപ്തന്‍ said...

നന്മയുണ്ടാകട്ടെ പ്രവാസികള്‍ക്കുവേണ്ടി വാതിലുകള്‍ തുറന്നിടുന്ന എല്ലാ സംസ്കാരങ്ങള്‍ക്കും.

അങ്ങനെയൊരുമനസ്സില്ലാതെയാവുന്ന നാട്ടില്‍ കാഴ്ചകാരനായി പതിനായിരക്കണക്കന് അഭയാര്‍ത്ഥികളുടെയും പ്രവാസികളുടെയും ദുരിതങ്ങള്‍ കാണാനിടയാവുന്ന വേദനയില്‍ നിന്നാണ്. :(

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എതൊരു കാര്യത്തിലുമുണ്ടാകുന്ന രണ്ടഭിപ്രായങ്ങള്‍ പോലെ ഇതിനും !!
(പഴഞ്ചൊല്ലാവര്‍ത്തിക്കുന്നില്ല).

കുഞ്ഞന്‍ said...

സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കില്‍!

കൂടുതല്‍ മടിയന്‍‌മാരാകുമായിരുന്നു.
കൂടുതല്‍ അഹങ്കാരികളാവുമായിരുന്നു.
പണത്തോടുള്ള ആര്‍ത്ഥികൂടുമായിരുന്നു.
കൂടുതല്‍ കടക്കെണിയില്‍ പെടുമായിരുന്നു.
കൂടുതല്‍ അര്‍ഹതയില്ലാത്തവനാകുമായിരുന്നു.
കൂടുതല്‍ ഉത്തരവാദിത്വമില്ലാത്തവനാകുമായിരുന്നു.
കൂടുതല്‍ കപടതയുള്ളവര്‍ ആകുമായിരുന്നു.

എന്തുകൊണ്ടും ഇത് ഇത്രയും നേരത്തെ വന്നത് അത്രയും നന്നായി!

ആരാന്റമ്മയ്ക്ക് പ്രാന്ത് വന്നപ്പോൾ കാണാൻ നല്ലശേലായിരുന്നു. അമേരിക്കൻ മലയാളികളുടെ ജോലികൾ പോയപ്പോൾ, ഹൊ എന്തായിരുന്നു നെഗളിപ്പ് എന്നു പറയാത്തവർ ചുരുക്കമായിരിക്കും. കഴിഞ്ഞ ഒമ്പതുവർഷത്തെ അനുഭവത്തിൽ, എന്റെ കമ്പനിക്ക് പ്രൊജക്റ്റില്ലാതെ വന്നിരിക്കുന്നു. ഇനി എന്താണാവൊ സംഭവിക്കുവാൻ പോകുന്നത് ദൈവമേ...

Anil cheleri kumaran said...

ഒക്കെ ശരിയാകുമെന്നേ..

ഏ.ആര്‍. നജീം said...

ദുബായ് വേള്‍ഡ് എന്ന ഒരു സ്ഥാപനത്തിനു പറ്റിയ ഒരു ചെറുപതനം UAE പൊലുള്ള ഒരു സമ്പന്ന രാജ്യത്തിന്റെ പ്രശ്നമേയല്ല. എന്ന സത്യം മറച്ചു വച്ച് ഊതിപ്പെരുപ്പിക്കുന്നത് മറ്റു പലതും ലക്ഷ്യം വച്ചാണെന്നത് പരസ്യമായ രഹസ്യമാണ്.

വിദേശ ബാങ്കുകളുള്‍‌പ്പെടെ UAE യിലെ എല്ലാ ബാങ്കുകള്‍ക്കും ഏതെങ്കിലും തരത്തിലെ മാന്ദ്യം ബാധിക്കുകയാണെങ്കില്‍ സഹായ വാഗ്ദാനം അറിയിച്ചു കൊണ്ടുള്ള UAE റിസര്‍‌വ് ബാങ്കിന്റെ പ്രസ്ഥാവന ആരും കാണാതെ പോയതെന്തെ...?

സാജന്‍| SAJAN said...

തറവാടി,

പരിഹസിക്കരുതെന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല, (ഞാൻ ഉൾപ്പെടെയുള്ള) മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സ്വഭാവമാണ് , ഒരു മാതിരിയുള്ള ഈ പരിഹാസം, മറ്റെവിടെയും കാണാത്ത ഒരു പരിഹാസത്തോടെയുള്ള വിമർശനമാണ് നമ്മുടെ മുഖമുദ്ര.

ദുബായിയോടുള്ള വെറുപ്പും വിദ്വേഷവമുമല്ല കാരണം, അവിടെ നിന്ന് നാട്ടിൽ എത്തുന്ന കൈയിൽ തുട്ടുള്ള മല്ലൂസിനോടാണ് ഈ പരിഹാസശരങ്ങൾ!

അവരൊക്കെ കഞ്ഞികുടിക്കാൻ വകയില്ലാതെ തെണ്ടുന്നത് കാണാമോ, അല്പം മനസിനാശ്വാസം മിക്കവർക്കുമുണ്ടാവും, ഈ ചീഞ്ഞ മനസാക്ഷിയുടെ ഒളിപ്പിച്ചു വെക്കാനാവാത്ത പ്രതിഫലനമാണ് നാട്ടിൽ ചെന്നിറിങ്ങുന്ന നിമിഷം മുതൽ ഓരോ പ്രവാസിയും അനുഭവിക്കുക.

അതിൽ നിന്ന് ദുബായിക്കാരല്ല, അഫ്ഘാനിസ്ഥാനിൽ മൈൻ പെറുക്കാൻ പോയിട്ട് ലീവിനു വരുന്നവരായാൽ പോലും മോചനമില്ല.

ഇത് ഞങ്ങൾ സീലിച്ചു പോയി ഇനി സരിയാകുകേലാ :)

തറവാടി said...

കുഞ്ഞന്‍,

ചുക്കും ചുണ്ണാമ്പും തിരിച്ചറിയൂ.

ഒന്ന്:

സ്വന്തം അമ്മക്ക് പ്രാന്ത് പിടിച്ചപ്പോ, നേരത്തെ പിടിച്ചത് നന്നായി കാരണം മക്കള്‍ക്ക് സ്വല്പ്പം ബോധമുണ്ടാക്കി എന്ന് പറയാനാണ്.

രണ്ടാമത്തെ പോസ്റ്റ് (ഈ പോസ്റ്റ്)

സ്വന്തം അമ്മക്ക് പ്രാന്ത് പിടിച്ചതില്‍ പ്രാന്തില്ലാത്ത ആരാന്റെ അമ്മയുടെ മക്കളുടെ പരിഹാസം കണ്ട് , പരിഹസിക്കല്ലെ ഈ പ്രാന്തൊക്കെ മാറും എന്നും പറയാനാണ്, കുഞ്ഞന് ഈ ഭാഷയില്‍ പെട്ടെന്ന് മനസ്സിലാകും കരുതുന്നു.

തറവാടി said...

ഒന്ന് കൂടി,

പരിഹസിക്കരുതേ എന്നല്ല പരിഹസിക്കരുത്! ,

എന്നാണ് പറഞ്ഞിരിക്കുന്നത് അതും ശ്രദ്ധിക്കുമെന്ന് കരുതുന്നു, രണ്ടും തമ്മിലെന്ത് വ്യത്യാസം എന്ന് ചോദിക്കല്ലെ!

അമ്മക്ക് പ്രാന്ത് പിടിച്ചതുകൊണ്ട് അമ്മ അനുഭവിക്കുന്ന വിഷമത്തിലാണ് സങ്കടം എന്നുകൂടി പറയുന്നു,

ഇപ്പോ പൂര്‍ണ്ണമായും മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.

പ്രയാണ്‍ said...

പോസ്റ്റ് വളരെ പ്രസക്തിയുള്ളത്....അതില്‍ക്കുടുതല്‍ തറവാടിയുടെ അവസാനത്തെ കമന്റ് വളരെ ഇഷ്ടമായി.

ഭൂതത്താന്‍ said...

എല്ലാം നേരെയാകും ...മാഷേ ...

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

jayanEvoor said...

പരിഹസിക്കാനുള്ള വാസന മറ്റാരെക്കാളും ഉള്ളവനാണ് മലയാളി.
അതുകൊണ്ട് ഒരു സാധാരണ മലയാളി ഈ വിഷയത്തിലും അത് തന്നെ ചെയ്യും.
വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണം നടന്ന സമയത്ത് നമ്മള്‍ അമേരിക്കയെ പരിഹസിച്ചു.
പാക്കിസ്ഥാനില്‍ ബോംബ്‌ സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ അവരെ പരിഹസിക്കുന്നു.
ദുബായ് പ്രതിസന്ധിയിലായപ്പോള്‍ അവരെ പരിഹസിക്കുന്നു.

ഇനി ഇങ്ങനെ പരിഹസിക്കുന്നവരെ പരിഹസിക്കാനും മലയാളികള്‍ ഉണ്ട്.

ഓരോരുത്തര്‍ക്കും അവനവന്റെ ന്യായങ്ങളും ഉണ്ട്.

നമുക്ക് സമചിത്തരായിരിക്കാം.

ദുബായ് ഈ പ്രതിസന്ധി അതിജീവിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു.

പക്ഷെ മലയാളികള്‍ ഉള്‍പ്പടെ ഒരുപാട് തൊഴിലാളികള്‍ വിഷമത്തിലാവും. അത് ദു:ഖിപ്പിക്കുകയും ചെയ്യുന്നു.

poor-me/പാവം-ഞാന്‍ said...

ദുബായിയില്‍ നിന്നുള്ള ഈ വിളക്കിന്റെ പ്രകാശം ഒട്ടേറേ കേരള ഭവനങളില്‍ വെളിച്ചം വീഴ്ത്തുന്നുണ്ട്...ആ വിളക്കുകള്‍ ഇനിയും തെളിയട്ടെ തറവാടിജി

Pongummoodan said...

“എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നുമുതല്‍ ദുബായിലെ എല്ലാ സ്ട്രീറ്റും വിളക്കുകള്‍ കൊണ്ട് നിറയാറുണ്ട്, ദേശീയ ദിനം കൊണ്ടാടാന്‍ ഇത്തവണ ദുബായിയുടെ തെരുവില്‍ കുറവായേകാണുന്നുള്ളൂ അതു കാണുമ്പോള്‍ എന്നെപ്പോലുള്ളവരുടെ മനസ്സ് സ്വല്പ്പമെങ്കിലും വേദനിക്കുന്നുണ്ട് എന്നാല്‍ ഉറപ്പ് അടുത്തതവണ അതല്ലെങ്കില്‍ അതിനടുത്തതവണ ദുബായുടെ തെരുവുകള്‍ വിളക്കുകള്‍ കൊണ്ട് നിറയും ..”

അങ്ങനെ തന്നെ സംഭവിയ്ക്കും തറവാടീ..

മനസ്സില്‍ ഒരു ചെറുതിരിനാളത്തിന്റെ പ്രകാശം പോലുമില്ലാത്തവരാണ് പരിഹസിക്കുക. അവര്‍ അവര്‍ക്കറിയാവുന്ന ഏക ജോലി വെടിപ്പായി ചെയ്യുന്നുവെന്ന് മാത്രം കരുതുക.