Wednesday, December 31, 2008

വല്ലയിടത്തേക്കും മാറാന്‍ നോക്ക്!

കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണ് ' ഗള്‍ഫൊക്കെ കഴിഞ്ഞു ഇനി അവിടേക്ക് പോയിട്ടൊന്നും ഒരു കാര്യവുമില്ല ' എന്ന വാക്കുകള്‍. ഇക്കയുടെ കൂട്ടുകാരും മറ്റും ഗള്‍ഫില്‍ നിന്നും വന്ന് ഉപ്പയുമായി സംസാരിക്കുന്നതിനിടയിലും ഈ വാക്കുകള്‍ പലരും ആവര്‍ത്തിക്കുന്നത് കേട്ടിട്ടുണ്ട്. ഒരിക്കല്‍ സാഹചര്യമൊത്തുവന്നപ്പോള്‍ ഈ വാക്കുകള്‍ ആവര്‍ത്തിച്ച ഒരാളുടെ അടുത്തേക്ക് ചെന്നു


' അല്ല നിങ്ങളെന്തിനാ പിന്നെ വീണ്ടും അങ്ങോട്ട് പോകുന്നത്? '
ഒരു ദീര്‍ഘനിശ്വാസമായിരുന്നു അയാളില്‍ നിന്നുമുണ്ടായത്. ' അനക്കത് പറയാം ജീവിക്കേണ്ടെടാ? '.

തൊണ്ണൂറിന്‍‌റ്റെ പകുതിയില്‍ ഇവിടെ വരാനുള്ള താത്പര്യം അറിഞ്ഞ പലരും എന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്

' ദുബായൊക്കെ അവസാനിച്ചെടാ , ഞങ്ങളെന്നെ അവിടേന്നും തിരിച്ചുപോരാന്‍ നോക്കുകയാ '

ഇതിപ്പോള്‍ പറയാന്‍ ഒരു കാരണം മുകളിലുള്ള കൂട്ടല്ലാത്ത മറ്റൊരു കൂട്ടവും ഉണ്ടെന്നറിഞ്ഞതിനാലാണ്.
കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ പങ്കുകൊണ്ട ഒരു കൂടിച്ചേരലില്‍ ഉണ്ടായ സംഭാഷണമാണ്. സ്വാഭാവികമായും മിക്കവരും സംസാരിച്ചത് സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ടതുതന്നെ. പലരുടെയും സംസാരത്തില്‍ നിന്നും മിക്കവരും ഭയത്തിലാണെങ്കിലും പ്രതീക്ഷ കൊണ്ടുനടക്കുന്നവരുമാണെന്ന് മനസ്സിലാക്കാനായി.

ഇതിനിടക്കാണ് ഞങ്ങളെല്ലാം നന്നായറിയുന്ന ഒരാളെ മുന്നിലേക്ക് നിര്‍ത്തിയീട്ട് മറ്റൊരാള്‍ അറിയീച്ചത് , നിങ്ങളെല്ലാം അറിഞ്ഞില്ലേ ചേട്ടന്‍ അടുത്തമാസം എല്ലാം അവസാനിപ്പിച്ച് പോകുകയാണെന്ന കാര്യം?

മുപ്പത് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന അയാള്‍ക്ക് സാമാന്യം നല്ല നിലയില്‍ സമ്പത്തും ഉണ്ടാക്കാനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതിനാല്‍ എല്ലാ തയ്യാറെടുപ്പുകളും എടുത്ത് കഴിഞ്ഞിരിക്കുന്നു.തുടര്‍ന്നുള്ള സംസാരം നാടിനെപ്പറ്റിയും മറ്റുമായി മാറിയെങ്കിലും അദ്ദേഹത്തില്‍ നിന്നുണ്ടായ ആദ്യവാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ വല്ലാതാക്കി.

' ദുബയിയൊക്കെ കഴിഞ്ഞെടാ മക്കളെ വേറെ വല്ലയിടത്തേക്കും മാറാന്‍ നോക്ക്! '

വര്‍ഷങ്ങള്‍ പരിജയമുള്ള ഒരാളുടെ ഉപദേശത്തേക്കാള്‍ ഞാനെല്ലാം നേടിക്കഴിഞ്ഞു ഇനി എന്തായാലെന്താ എന്ന് കരുതുന്ന ഒരാളുടെ പരിഹാസമായേ അതിനെ തോന്നിയുള്ളു എന്നതിനാല്‍ മറുപടി ഒരു ചിരിയിലൊതുക്കി ഞങ്ങള്‍ നാട്ടിലെ മഴയെപ്പറ്റി സംസാരം തുടര്‍ന്നു.

Tuesday, December 30, 2008

മലയാളി റൈറ്റ് സഹോദരന്‍ ' ഉണ്ടാവില്ല

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഒരാളുടെ ' ഭയങ്കര കണ്ടുപിടുത്ത ' ത്തെ പറ്റിയുള്ള ഒരു പരിപാടി ടി.വിയില്‍ വന്നത്. ഡിപ്ലോമക്കാരനായ ഒരാള്‍ സ്കൂട്ടര്‍ എഞ്ചിന്‍ ഉപയോഗിച്ചുണ്ടാക്കിയ ഒരു വിമാനം സാമ്പത്തിക പരാധീനതമൂലം പാതി വഴിയില്‍ എത്തിനില്‍‌ക്കുന്നത് വളരെ ദുഖത്തോടെയാണ് ' കണ്ടുപിടുത്തക്കാരന്‍' ടി.വിക്ക് മുന്നില്‍ അവതരിപ്പിച്ചത്.


വെറും മുപ്പത്തയ്യായിരം രൂപ ലഭിച്ചാല്‍ പ്രസ്ഥുത വിമാനം പറപ്പിക്കാമെന്നയാള്‍ അവകാശപ്പെട്ടു. ആറുമാസമായി വിമാന നിര്‍മ്മാണം തുടങ്ങിയീട്ട് ഇതുവരെ ഇരുപതിനായിരത്തിലധികം രൂപ ചിലവായി. എഞ്ചിന്‍, ഫാനുകള്‍ എന്നിവ സ്റ്റീല്‍ ഫ്രെയ്മില്‍ ഘടിപ്പിച്ചിരിക്കുന്നു. സാമ്പത്തിക പ്രശ്നം മൂലം പണി നിര്‍ത്തിയിട്ട് ഒരു മാസമായിരിക്കുന്നു. എല്ലാ വശങ്ങളില്‍ നിന്നും വിമാനം കേമറയില്‍ കാണിച്ചതിന് ശേഷം പെട്രോള്‍ ഒഴിച്ച് ' വിമാനം ' പ്രവൃത്തിപ്പിച്ചുകാണിച്ചു. എന്‍‍ജിന്‍ കറങ്ങി മൊത്തം ഫ്രെയില്‍ ഇളകി വിറച്ചുകൊണ്ടിരുന്നു.

ദുഖാര്‍ദ്രമായ ശബ്ദത്തോടെ അവതാരകന്‍ പ്രേക്ഷകരോട് സഹായം അപേക്ഷിച്ചത് വെറും മുപ്പത്തയ്യായിരം രൂപയില്ലാത്തതിനാല്‍ ഒരു ബുദ്ധി രാക്ഷസനായ ശാസ്ത്രഞ്ജന്‍ ദുഖത്തിലാണ്ടിരിക്കുന്നു.എന്തായാലും പിറ്റത്തെ ആഴ്ചയിലെ പരിപാടിയില്‍ നിന്നും സഹായം അയാള്‍ക്ക് ലഭ്യമായെന്നറിയാനായി പിന്നീട് ഇതേപറ്റി വാര്‍ത്തയൊന്നും കേട്ടതുമില്ല.

അന്ന് പ്രസ്ഥുത ട്.വി. ചാനലിലേക്കൊരു കത്തയക്കണമെന്ന് ഞാന്‍ കരുതിയതായിരുന്നു: സ്വന്തം കുടുംബം നോക്കാന്‍ ഒരു സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് തുടങ്ങാനുള്ള സഹായാഭ്യാര്‍ത്ഥനയായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നാഗ്രഹിച്ചുപോയി , അപ്പോള്‍ പക്ഷെ ' മലയാളി റൈറ്റ് സഹോദരന്‍ ' ഉണ്ടാവില്ലല്ലോ!

Saturday, December 27, 2008

കൃഷി ചെയ്യുന്ന എന്‍‌ജ്ചിനീയര്‍ - കഷ്ടം!

'എഞ്ചിനീയര്‍ കൃഷിയില്‍ പ്രവേശിച്ചു ' / ' ഡോക്ടര്‍ പശു ഫാം നടത്തിപ്പുകാരനായി ' പലര്‍ക്കും കുളിര്‍മ്മയേകുന്ന വാക്കുകള്‍. പ്രസ്തുത വ്യക്തി പഠിച്ചത് ഒരു പ്രശസ്ഥ സ്ഥാപനത്തിലാണെങ്കില്‍  സ്വല്‍‌പ്പം അദിശയവും മഹത്‌വല്‍‌ക്കരണവും കൂടെ കാണുമെന്ന്‌മാത്രം.

സ്വന്തം വര്‍ഗ്ഗത്തില്‍ വിദ്യാസമ്പന്നനായ ഒരാള്‍ പ്രവേശിക്കുന്നതിലെ സന്തോഷം ഒരു കര്‍ഷകനോ ഫാം നടത്തിപ്പുകാരോ പ്രകടിപ്പിക്കുന്നത് ഉള്‍ക്കൊള്ളാവാനാഞ്ഞിട്ടല്ല എനിക്ക് ഇത്തരം വ്യക്തികളോട് ഈര്‍ഷ്യതോന്നുന്നതും , വിളമ്പരം ചെയ്യുന്നവരോട് സഹതാപം തോന്നുന്നതും മറിച്ച്  ഇവര്‍ രണ്ടുപേരും ചെയ്യുന്നതിലെ അര്‍ത്ഥ ശൂന്യത അവരവര്‍ മനസ്സിലാക്കാത്തതിനാലാണ്.

വിദ്യാഭ്യാസം ജോലിക്ക് വേണ്ടിയാവരുത്.വിദ്യാഭ്യാസത്തിലൂടെയുള്ള അറിവ് ഒരാള്‍ തന്‍‌റ്റെ ജോലിക്ക് ഉപയോഗപെടുത്തുമ്പോള്‍ അയാള്‍ ഭാഗ്യവാനാകുകയും അയാളുടെ പ്രവര്‍ത്തനക്ഷമത ഏറ്റവും കൂടുകയും ചെയ്യുന്നെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

പരമ്പരാഗത വിദ്യാഭ്യാസമല്ല പ്രൊഫെഷ്ണല്‍ വിദ്യാഭ്യാസം , ഒരു പ്രത്യേക തൊഴില്‍ / പ്രൊഫഷന്‍ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ഒന്നാണത് അതുകൊണ്ട് അതിലേക്ക് വരുന്ന ഒരു വിദ്യാര്‍ത്ഥി ആത്യന്തികമായി ലക്ഷ്യം വെക്കുന്നതും ആ പ്രൊഫെഷന്‍ തന്നെയാണ്.ഇത്തരം ഒരു വിദ്യാഭ്യാസത്തിന് ‍ തന്നിലെ കഴിവ് മാത്രമല്ല ലക്ഷ്യം വെക്കേണ്ടത് മറിച്ച് താത്പര്യം കൂടിയാണ്.

സര്‍ക്കാരിന്‍‌റ്റെ പൂര്‍ണ്ണ സഹായംകൈപറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ത്ഥി പിന്നീട് യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ശാഖയിലേക്ക് പ്രവേശിക്കുന്നു. പ്രസ്തുത വിദ്യാഭ്യാസം അതിയായി ആഗ്രഹിച്ച , കഴിവുള്ള മറ്റൊരാളുടെ സീറ്റ് നിരസിക്കുക/ പാഴാക്കുക യാണീ പ്രവൃത്തിയിലൂടെ  നടക്കാതെ പോകുന്നത്. വിദ്യാഭ്യാസം ചെയ്യുന്നതോടെ താന്‍ ഇത്തരം പഠനത്തിന് കഴിവുള്ളവനാണെന്നത് സമര്‍ത്ഥിക്കുന്നതില്‍ കൂടുതലൊന്നും ഇവര്‍ ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സര്‍ക്കാര്‍ ഇവര്‍ക്ക് കൊടുക്കുന്ന സഹായം ദുരുപയോഗം ചെയ്യുക മാത്രമല്ല ഇതേ സീറ്റ് വളരെ താത്പര്യത്തോടെ സ്വീകരിക്കാന്‍ തയ്യാറാവുന്ന , കഴിവുള്ള മറ്റൊരാളെയാണ് ഇവരുടെ ഈ പ്രവൃത്തിമൂലം നടക്കാതെപോകുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അമേരിക്കയിലോ വിദേശങ്ങളിലോ പോയി ജോലിചെയ്യുന്നവര്‍ തെറ്റുകാരാണെന്ന് പറയാമെങ്കില്‍ അതിനേക്കാള്‍ താഴെയാണിത്തരുടെ സ്ഥാനം.

കേരളത്തില്‍ ജോലികിട്ടില്ല , എന്‍‌റ്റെ ഇഷ്ടപ്രകാരമല്ല പ്രൊഫെഷണല്‍ വിദ്യാഭ്യാസത്തിന് പോയത് , സിവില്‍ എഞ്ചിനീയര്‍ ഐ.ടി യില്‍ ,  തുടങ്ങിയപല ന്യായീകരണങ്ങളും കാണുമെന്നറിയാം അതെല്ലാം ഉള്‍ക്കൊണ്ടുതന്നെപറയട്ടെ ഇവര്‍ ചെയ്തത് ശരിയായ ഒരു പ്രവൃത്തിയല്ല അത്തരം ഒന്നിനെ മഹത്‌വല്‍ക്കരിച്ചത് അതിലും വലിയ ശരിയല്ലാത്ത ഒന്നും.

ഓ ..അടൂര്‍ ഫയങ്കരന്‍ തന്നെ!

യാദൃശ്ചികമായാണ് ഇന്നലെ 'സിനിമാധനനായ' ശ്രീ അടൂര്‍ ഗോപാലകൃഷ്നനുമായുള്ള ഒരു സം‌വാദം റേഡിയോയില്‍ കേട്ടത്. കേട്ട് കഴിഞ്ഞപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി ഈ ലോകത്ത് സിനിമ അറിയുന്നവന്‍ , എടുക്കാന്‍ കഴിവുള്ളവന്‍ പിന്നെ എന്തൊക്കെയോ 'അവന്‍' അദ്ദേഹം മാത്രമാണെന്ന്.

അരവിന്ദനും, പത്മരാജനും , ഭരതനും എല്ലാം ശിശുക്കള്‍  സിനിമ എന്തെന്നറിയാത്തവര്‍ ഒപ്പം ഒന്നൂടെ മനസ്സിലായി ഇനി ഈ ലോകത്ത് ശ്രീ അടൂരെന്ന പ്രതിഭയെപ്പോലെ ഒരാളും സിനിമയെടുക്കാന്‍  ഇനി ജനിക്കാനും  പോകുന്നില്ല!

Wednesday, December 24, 2008

ഇപ്പോളെന്തായി അനുഭവിക്ക്!

'അല്ല കോയാ ഈ ബലാലിനെക്കൊണ്ട് വലഞ്ഞല്ലോ ബല്ലാത്തൊരു പഹയന്‍ തന്നെ! എത്ര പേരുടെ പണിയാ പോയത് '


' അനുഭവിക്കട്ടെ എല്ലാവരും എന്തായിരുന്നു യൂണിയനോടുള്ള ചതുര്‍ത്ഥി! '

' ഇനീപ്പോ ഇതീന്ന് കരകയറാന്‍ എന്താണൊരു വഴി അത് പറ കോയാ '

' വഴി പഴേത് തന്നെ യൂണിയന്‍ '

' ശര്യന്നെ കോയാ ഓല് ഉണ്ടെങ്കില്‍ പിന്നെ പണി പോകാന്‍ സമ്മതിക്കൂലല്ലോ സമരം ചെയ്യില്ലെ'

' അതെന്നെ, എന്തായാലും ഇപ്പോള്‍ യൂണിയന്‍‌റ്റെ വില എല്ലാവരും പഠിച്ചു '

' തന്നെ ..തന്നെ , യൂണിയന്‍ ഉണ്ടായിരുന്നെങ്കില്‍ മാന്ദ്യമല്ല ഓന്‍റ്റെ ബാപ്പാനേം പേടിക്കേണ്ടായിരുന്നു ജോലി പോവൂലല്ലോ! '

ഇപ്പോളെന്തായി അനുഭവിക്ക്!

Tuesday, December 23, 2008

സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കില്‍!

സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കില്‍


കൂടുതല്‍ മടിയന്‍‌മാരാകുമായിരുന്നു.
കൂടുതല്‍ അഹങ്കാരികളാവുമായിരുന്നു.
പണത്തോടുള്ള ആര്‍ത്ഥികൂടുമായിരുന്നു.
കൂടുതല്‍ കടക്കെണിയില്‍ പെടുമായിരുന്നു.
കൂടുതല്‍ അര്‍ഹതയില്ലാത്തവനാകുമായിരുന്നു.
കൂടുതല്‍ ഉത്തരവാദിത്വമില്ലാത്തവനാകുമായിരുന്നു.
കൂടുതല്‍ കപടതയുള്ളവര്‍ ആകുമായിരുന്നു.

എന്തുകൊണ്ടും ഇത് ഇത്രയും നേരത്തെ വന്നത് അത്രയും നന്നായി!

Monday, December 22, 2008

ഷാര്‍പ്പ് ഷൂട്ടേഴ്സിനെ ആവശ്യമുണ്ട്.

പുതിയതായി തുടങ്ങിയ തെങ്ങ് കയറല്‍ കോണ്‍‌ട്രാക്ടിങ്ങ് കമ്പനിയിലേക്ക് ഷാര്‍പ്പ് ഷൂട്ടേഴ്സിനെ ആവശ്യമുണ്ട്.

Wednesday, December 17, 2008

ചെരുപ്പേറിലെ അരാഷ്ട്രീയത

അധികാര വര്‍ഗ്ഗങ്ങളോട് എതിര്‍പ്പുകള്‍ ആളുകള്‍ പല രീതിയിലാണ് പ്രകടിപ്പിക്കുക.

യുദ്ധക്കൊതിയനായ ബുഷ് നികൃഷ്ടനായ ഒരാളാണെന്നതില്‍ സംശയമില്ല. വലിയൊരു ജനതയെ നിഷ്ടൂരമായി കൊന്നൊടുക്കിയവനുമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ,ഒരു വലിയ രാജ്യത്ത് ജനാധിപത്യ രീതികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയും ആണെന്നതോര്‍ക്കേണ്ടതാണ്.

സമരം ചെയ്യുക എന്നത് ധാര്‍മികത ഏറ്റവും വേണ്ട ഒന്നാണ്.ഒരെഴുത്തുകാരന്‍ അയാളുടെ തൂലിക ഉപയോഗിച്ചാണ് തന്‍‌റ്റെ അഭിപ്രായത്തെ പ്രകടിപ്പിക്കേണ്ടതും സമരം ചെയ്യേണ്ടതും അതിന് വിരുദ്ധമായി ഒരാളുടെ മുഖത്തേക്ക് ചെരുപ്പെറിഞ്ഞുകൊണ്ടുള്ള പ്രകടനം പരാജയമായേ കാണാനാവൂ.

പത്രപ്രവര്‍ത്തകന്‍ എന്ന സ്ഥാനം തരുന്ന സ്വാതന്ത്ര്യത്തെ/ അധികാരത്തെ അതിന്‍‌റ്റേതല്ലാത്ത കാര്യങ്ങള്‍ക്കല്ലാതെ ഇത്തരം തരം താണ ഒരു പ്രവൃത്തിക്കുപയോഗപ്പെടുത്തിയതിലൂടെ സമരം ചെയ്യാനും അഭിപ്രായപ്രകടനത്തിനുമുള്ള മൗലീകവും ധാര്‍മ്മികവുമായ അവകാശം നഷ്ടപ്പെടുത്തുകയാണയാള്‍ ചെയ്തത്.

എറിഞ്ഞ ചെരുപ്പ് ബുഷെന്ന ഒറ്റ വെക്തിയുടെ മുഖത്ത് മാത്രമല്ല ഒരു വലിയ രാജ്യത്തെ ഒരു വലിയ ജനതയുടെ മുഖങ്ങളിലേക്കാണ് ചെന്ന് പതിച്ചതെന്ന് മനസ്സിലാക്കുമ്പോളാണ് ഈ പ്രവൃത്തിയുടെ തെറ്റിന്‍‌റ്റെ ആഴം മനസ്സിലാക്കാനാവുക.

ബുഷെന്ന വ്യക്തിയോടെനിക്ക് വിയോജിപ്പുകള്‍ മാത്രമുള്ളപ്പോള്‍ തന്നെ ആ പത്രപ്രവര്‍ത്തകന്‍ ഈ പ്രവൃത്തിയിലൂടെ ബുഷിനേക്കാള്‍ അധപതിക്കുകയാണ് ചെയ്തത് , ഇത്തരം പ്രവൃത്തികള്‍ ഏതൊരു രാജ്യവും അപലപിക്കേണ്ടതുതന്നെയാണ്.

ഇപ്പോഴല്ലേ കാര്യം മനസ്സിലായത്

എന്‍റ്റെ മോബൈല്‍ ഫോണിലെ സമയം കൃത്യമാണെങ്കിലും വാച്ചില്‍ അഞ്ചുമിനിട്ട്‌ ഫാസ്റ്റ്‌ ആണ്.


വാച്ചിലെ സമയം അഞ്ചുമിനിട്ട് കുറച്ച് കൃത്യമാക്കാതിരിക്കാന്‍ കാരണം ഓഫീസ്‌ നെറ്റ്വര്‍ക്കിലുള്ള സമയം അഞ്ചുമിനിട്ട്‌ ഫാസറ്റയതിനാലാണ്. ഐ.ടി. യില്‍ പറഞ്ഞിത്‌ മാറ്റാവുന്നതാണെങ്കിലും ഞാനതിന് മെനക്കെട്ടില്ല ഓഫീസില്‍ അഞ്ചുമിനിട്ട്‌ വൈകിവന്നാല്‍ മതിയല്ലോ!

പഠിക്കുന്ന കാലത്ത് ക്ലാസ്സിലെ ചില പെണ്‍കുട്ടികള്‍ അവരുടെ വാച്ചിലും ഹോസ്റ്റലിലെ വാള്‍ ക്ലോക്കിലും ഇതുപോലെ അഞ്ചുമിനിട്ട്‌ കൂടുതലാണ് സെറ്റ്‌ ചെയ്തിരുന്നത്. എന്തിനാണിങ്ങനെ സമയത്തെ അഞ്ചുമിനിട്ട്‌ (ചിലര്‍ പത്തുമിനിട്ട് വരെ) കൂടുതല്‍ വെക്കുന്നതെന്നതിനുത്തരം ,

' പെട്ടെന്ന് കണ്ടാല്‍ ലേറ്റായെന്ന് തോന്നുന്നതിനാല്‍ വേഗം എഴുന്നേല്‍ക്കും '

' അപ്പോ നിങ്ങള്‍ക്കറിയില്ലെ വാച്ചില്‍ സമയം അഞ്ചുമിനിട്ട് കൂടുതലാണെന്ന കാര്യം '

മറുപടി ഒരു കള്ള ചിരിയയിരിക്കും

എന്നാ പിന്നെ ഇവര്‍ക്ക് മണിക്കൂര്‍ കൂട്ടിവെച്ചൂടെന്ന് ചോദിച്ചാല്‍ അതിനും ഒരു ചിരി,

ഇപ്പോഴല്ലേ കാര്യം മനസ്സിലായത് ;)

Sunday, December 14, 2008

ഫ്രസ്ട്രേഷന്‍

ഹൈദ്രോസിന് മലയാളം വായിക്കാന്‍ അറിയില്ല അതുകൊണ്ട് പത്രം വായനയില്ല.


പതിനാറ് മണിക്കൂര്‍ ജോലി ചുരുക്കത്തില്‍ ന്യൂസുകള്‍ അറിയാനുള്ള സാഹചര്യം തുലോം കുറവ് പക്ഷെ ലോക സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയും ഗള്‍ഫില്‍ വരുത്തുന്ന ഇമ്പാക്ടും വളരെ ഗൗരവത്തോടെ സംസാരിക്കുമ്പോളാണ് ആളുകള്‍ സാമൂഹ്യ പ്രതിബദ്ധരും മനസ്സലിവുള്ളവരും ഒക്കെയായി മാറിയതില്‍ നമുക്ക് അദിശയിക്കേണ്ടി വരിക.

ദുബായ് പ്രോപ്പര്‍ടീസിലെ നൂറ് സീനിയര്‍ സ്റ്റാഫിന് ജോലി പോയതില്‍ ഹൈദ്രോസ് മനം നൊന്ത് വിഷമിക്കും. നക്കീല്‍ പത്ത് മാനേജര്‍ മാരെ പിരിച്ച് വിട്ടതില്‍ രണ്ട് ദിവസം പട്ടിണീ കിടക്കുന്നാലോ എന്ന് ചിന്തിക്കും. യൂണിയന്‍ പ്രോപ്പര്‍ട്ടീസ് പൊളിഞ്ഞ് തരിപ്പണമായിട്ടും എം.ആര്‍ ഏറ്റെടുക്കുന്നതിലെ വിവരക്കേടിനെപ്പറ്റി വ്യാകുലനാവും.

രണ്ടായിരം മില്യണ്‍ ദിര്‍‌ഹംസ് പ്രോജെക്ടുകള്‍ നിര്‍ത്തിയത് കൊണ്ട് നക്കീല്‍ രക്ഷപ്പെട്ടേക്കുമെന്നും വിശ്വസിച്ച് കടയില്‍ വരുന്നവര്‍ക്ക് ഇഞ്ചിമിഠായി വിതരണം ചെയ്യുന്നതിനപ്പറ്റി കൂലങ്കുഷനായി ചിന്തിക്കും. ദുബായില്‍ അമേരിക്കയില്‍ സംഭവിച്ചതിനേക്കാള്‍ പത്തുമടങ്ങെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ കാണുന്നവരോടൊക്കെ ജാഗ്രതപാലിക്കാന്‍ ഉപദേശിക്കും.

ഇത്രയും കാലം ' സുഖിച്ച്' ജീവിച്ചിരുന്നവര്‍ നാട്ടിലേക്ക് പെട്ടിയും കിടക്കയും എടുത്ത് പോകേണ്ടതിനെപ്പറ്റി ദയനീയനാവുന്നതിനൊപ്പം നീരസത്തോടെ പല്ലിറുമ്മും:

'ഇന്‍ഡ്യന്‍ എയര്‍ വേയ്സ് നാറികള്‍ ടിക്കറ്റ് നിരക്ക് കുറച്ചാല്‍ മത്യാര്‍ന്നു '

കടയില്‍ പോയപ്പോള്‍ ഹൈദ്രോസ് ഒന്നൂടെ ഉയര്‍ന്നിരിക്കുന്നു: തലേന്ന് നാട്ടുകാരനെ യാത്രയാക്കാന്‍ പോയപ്പോള്‍ അവന്‍‌റ്റെ മുറിയില്‍ നിന്നും ബി.ബി.സി ന്യൂസ് കണ്ടത്രെ.

' ഓ ആ അമേരിക്കക്കാരുടെ ഒരു കാര്യം നോക്കണേ റോടിലൊക്കെ എത്ര്യാ അണ്ണാച്ചികളെപ്പോലെ പാവം തോന്നും , ഇബിടേര്‍ന്നെങ്കി ഒരു ചായേങ്കിലും കൊടുക്കാര്‍ന്നു! '

വാല്‍കഷ്ണം:

യാതൊരു ലക്കും ലഗാനുമില്ലാതെ ഉയര്‍ത്തിയിരുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യം നല്ലൊരു ശതമാനം ആളുകള്‍ക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത് അതു പൂര്‍ണ്ണ അര്‍ത്ഥത്തോടെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെയും , ഇതിന്‍‌റ്റെ ഫലം നേരിട്ടനുഭവിച്ചിരുന്ന ഒരു ചെറിയ വിഭാഗത്തിന്‍‌റ്റെ കറുത്ത ഭാവിയില്‍ ഉള്ളാലെ സന്തോഷിക്കുന്ന ഒരു വിഭഗത്തെയാണ് ഹൈദ്രോസ് ഇവിടെ റപ്രസെന്‍‌റ്റ് ചെയ്യുന്നത്.

ആയിരത്തി അഞ്ഞൂര്‍ ദിര്‍ഹം ശമ്പളം കിട്ടിയിരുന്ന ഡ്രാഫ്റ്റ് മാന്‍ ഇന്ന് പന്ത്രണ്ടായിരം വാങ്ങാനായതും,
ഫ്ലാറ്റിന്‍‌റ്റെ റെന്‍‌റ്റ് കൂടിയെന്നും പറഞ്ഞാണ് സൂപ്പര്‍ വൈസര്‍ രാമന്‍ ശമ്പളം കൂട്ടാനാവശ്യപ്പെടാനായതും, പത്ത് രൂപക്ക് മുടിവെട്ടിയിരുന്നസ്ഥലത്ത് ഇരുപത് രൂപയാക്കാന്‍ മുടിവെട്ടുകാരന്‍ കരീമിനായതും , മുന്നൂറ് രൂപ ഹൈദ്രോസിന് ശമ്പളക്കൂടുതല്‍ കിട്ടാനുമൊക്കെ കാരണം ഈ ' ബൂം ' തന്നെയാണ്.

' ഏയ്..എന്‍‌റ്റെ ജോലിക്ക് പ്രശ്നമൊന്നുമില്ല പക്ഷെ ആ സീമന്‍‌സിലെ രാഘവന്‍‌റ്റെ കാര്യമാ കഷ്ടം ..നോട്ടീസ് കിട്ടീന്നാ കേട്ടത്'

തുടരും,

' എന്തായിരുന്നു അവന്‍‌റ്റെ യൊക്കെ ഒരു കാട്ടായം പ്രാഡോ കാര്‍ , മൂന്ന് മാസം കൂടുമ്പോള്‍ നാട്ടില്‍ പോക്ക് ...'

അവസാനം

' പക്ഷെ കഷ്ടായിട്ടോ എന്താ പ്പോ അവന്‍ ഇനി ചെയ്യുക? '

അമേരിക്കയില്‍  എന്തെങ്കിലും കഷ്ടകാലം വരുമ്പോള്‍ മറ്റുള്ള രാജ്യക്കാര്‍ കാട്ടിയിരുന്ന ആ ഫ്രസ്ട്രേഷന്‍ ഇപ്പോള്‍ നമ്മള്‍ നമ്മളില്‍ തന്നെ എടുത്ത് തുടങ്ങിയിരിക്കുന്നു.


മാന്ദ്യത്തെ അടിസ്ഥാനപ്പെടുത്തി ബലിയാടുകളെക്കുറിച്ച് മുതലക്കണ്ണീര്‍ ഒഴുക്കുന്നവരേ ഒന്നാലോചിക്കുക കിട്ടിയ ചാന്‍സ് ഉപയോഗപ്പെടുത്തി എന്നതല്ലാതെ ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല ഇനിയെങ്കിലും ഫ്രസ്ട്രേഷന്‍ കുറക്കുക അവരെപ്പറ്റി ദുഖിക്കെണ്ട പക്ഷെ മുതലക്കണ്ണീര്‍ ഒഴുക്കരുതേ!

Thursday, December 11, 2008

മാതൃത്വം തെറ്റായ ചിന്ത

പാവനമായ ബന്ധം
മാതൃത്വമെന്നത്
തെറ്റായ ചിന്തയാണ്
സുഹൃത്ത് ബന്ധമാണ്
ഏറ്റവും പാവനമായത്.




.

Wednesday, December 10, 2008

സുഹൃത്ത് - തെറ്റായ ചിന്ത

ദുഖത്തില്‍ പങ്ക് ചേരുന്നവനല്ല
യഥാര്‍ത്ഥ സുഹൃത്ത്,

സന്തോഷത്തില്‍
പങ്ക് ചേരുന്നവനാകുന്നു.

Tuesday, December 02, 2008

S.M.S അയക്കണം പോലും ....ഇതാണോ മാധ്യമ സ്വാതന്ത്ര്യം?! പ്‌ഫൂ....

ബോംബെയില്‍ വീരമൃത്യുവരിച്ച ജവന്‍‌റ്റെ വീട്ടില്‍ വരരുതെന്ന പിതാവിന്‍‌റ്റെ ആവശ്യത്തെ(?) മറികടന്ന് വീട്ടില്‍ ചെന്ന മുഖ്യ മന്ത്രിയെ ബന്ധുക്കള്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചില പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം മാപ്പ് പറയണമോ വേണ്ടയോ , എല്ലാവരും S.M.S ചെയ്യണമത്രെ!

ടി.വി.തുറന്നാല്‍ ഇതുമാത്രമേയുള്ളു പറയാന്‍ , മാധ്യമ സ്വാതന്ത്ര്യമാണത്രെ!
ഉവ്വ്... ഉവ്വ് ...അതുതന്നെ . ബോംബെ കഴിഞ്ഞുള്ള പുതിയ ആഘോഷം!.

Sunday, November 30, 2008

ഹോ! ബ്ലോഗൊരു സംഭവം തന്നെകെട്ട!

ഹമ്മ!

ഒരു യുദ്ധ പോസ്റ്റു വായിച്ചപ്പോള്‍ ലിങ്കോട് ലിങ്ക് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അവിടേനിന്ന് വേറൊരിടത്തേക്ക് ലിങ്കുകളില്‍ കിടന്ന് കറങ്ങിത്തിരിഞ്ഞു.

ബ്ലോഗിനെ വിപുലീകരിക്കാനുള്ള തത്രപ്പാടുകള്‍ , ബൂലോക പോലീസ് സ്റ്റേഷന്‍ , ബ്ലോഗില്‍ വരാന്‍ വേണ്ടി ആളുകള്‍ കഷ്ടപ്പെടുന്നത് , അതിനെ തരണം ചെയ്യാന്‍ ലീവെടുത്താളുകള്‍ മണിക്കൂറുകളോളം ക്ലാസ്സെടുക്കുന്നത് , നന്ദിപ്രകാശനം , ബ്ലോഗ് തുടങ്ങാനായി അക്കാദമി , ശില്‍‌പ്പ ശാലകള്‍ , അധികാരവികേന്ദ്രീകരണം(?) , സംഭാഷണങ്ങള്‍ , തെറി , പൂരപ്പാട്ട് , അടി ,കവിതകള്‍, ചവിട്ടിപ്പുറത്താക്കല്‍ ,മധ്യസ്ഥം അകത്താക്കല്‍ , യാചന , ചര്‍ച്ചകള്‍ ഓ!!!!!

ഓ ഇപ്പോഴല്ലെ പൂര്‍ണ്ണമായും മനസ്സിലായത് ഈ ബ്ലോഗെന്നാല്‍ ഒരു സംഭവം തന്നെയാണ് കെട്ട!

Saturday, November 29, 2008

എന്തിനാ വെറുതെ!

തൃശ്ശുരിലെ സില്‍‌ക്കുകളുടെ ഭീമന്‍ കടയാണ് സ്ഥലം.

തൈപ്പിക്കാന്‍ അര മണിക്കൂറെടുക്കുമെന്നറിയീച്ചിരുന്നതിനാല്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് സാധനങ്ങള്‍ എടുക്കാന്‍ ഞാന്‍ വീണ്ടും പ്രസ്ഥുത കടയില്‍ കയറി കൗണ്ടറില്‍ നിന്നിരുന്ന സ്ത്രീയോട് സാധനങ്ങള്‍ എടുത്ത് തരാന്‍ ആവശ്യപ്പെട്ടു. വാങ്ങിയ തുണികളും തൈപ്പിച്ച ബ്ലൗസുകള്‍ക്കും പകരം ലലനാമണി തന്നത് 15 രൂപയുടെ ഒരു ബില്ല്.

' ബില്ലെല്ലാം പൂര്‍ണ്ണമായും പേ ചെയ്തതാണല്ലോ നിങ്ങള്‍ക്ക് തെറ്റിക്കാണും സാധങ്ങള്‍ തരൂ ധൃതിയുണ്ട് '

ബ്ലൗസിനെടുത്ത തുണിക്ക് അളവ് കുറവായിരുന്നെന്നും , 10 c/m അധികം വീണ്ടും വേണമെന്നും അതിന്‍‌റ്റെ വിലയാണ് ഈ ബില്ലെന്നും അവര്‍ അറിയീച്ചു. അളവെടുത്തത് ഞാനല്ലല്ലോ നിങ്ങളുടെ ആളുകള്‍ തന്നെയല്ലെ? എന്ന മറു ചോദ്യം ചോദിച്ചെങ്കിലും അവര്‍ മറുപടിയൊന്നും പറഞ്ഞില്ല. പതിനാറായിരത്തി എഴുനൂറ് രൂപക്ക് സാധനം വാങ്ങിയ ഒരാളോട് പതിനഞ്ചുരൂപയുടെ അധിക ബില്ല് അതും അവരുടെ തെറ്റുകൊണ്ടുണ്ടായതിനെപ്പറ്റിയായിരുന്നു എന്‍‌റ്റെ ചിന്ത.

ധൃതിയുള്ളതിനാല്‍ പണമടച്ച് വീണ്ടും അവരുടെ അടുത്തേക്ക് വന്ന് റസീപ്റ്റ് കാണിച്ചുകൊടുത്ത് സാധനം തരാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ഞെട്ടിയത്.

അവര്‍ ബ്ലൗസ് തയിച്ചിട്ടില്ല ഇനിയും അര മണിക്കൂര്‍ കാത്ത് നില്‍‌ക്കണമെന്ന് , പൈസ കിട്ടാത്തതിനാലാണ് തയിക്കാതിരുന്നതെന്നുകൂടി അറിഞ്ഞതെനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.ഇത്തരത്തിലുള്ള നിരുത്തരവാദിത്വപരമായ പ്രവൃത്തി ഇതുപോലുള്ള ഒരു വലിയ കടയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നറീയീക്കുക തന്നെ വേണമെന്ന് തീരുമാനിച്ച ഞാന്‍ മാനേജറെ വിളിക്കാന്‍ ആവശ്യപ്പെട്ടു.

' മാനേജറെ വിളിച്ചിട്ടൊന്നും കാര്യമില്ല , ഡീ ..മയേ ..നീ .. സാറിനെ ഒന്ന് വിളിച്ചേ '
ലലനാമണിയുടെ സംസാരത്തില്‍ പുച്ഛവും കലര്‍ന്നതോടെ എന്‍‌റ്റെ ക്ഷമയും നശിച്ചുതുടങ്ങി.

വൃത്തിയായി വേഷവിധാനമുള്ള മാനേജര്‍ കാര്യങ്ങളെല്ലാം ലലനാമണിയില്‍ നിന്നും മനസ്സിലാക്കി. ക്ഷമാപണത്തോടെയുള്ള ഒരു വിശദീകരണം പ്രതീക്ഷിച്ച എന്നെ അയാളും വളരെ നിരുത്സാഹപ്പെടുത്തി.

' പതിനഞ്ചുരൂപക്ക് പതിനഞ്ചുരൂപ വേണ്ടേ , മത്രമല്ല പണി കഴിഞ്ഞ് നിങ്ങള്‍ പണം തന്നില്ലെങ്കിലോ? '

' ഇത്രയും രൂപക്കിവിടെനിന്നും വാങ്ങിയ സാധനങ്ങള്‍ നിങ്ങളുടെ പക്കല്‍ തന്നെയില്ലെ? പിന്നെന്തിന് ഭയക്കണം? '

എന്‍‌റ്റെ ദയനീയതയില്‍ നിന്നും കരകയറ്റാന്‍ ഞാന്‍ വീണ്‍ടും അയാള്‍ക്ക് ഏണി കൊടുത്തു അതയാള്‍ തട്ടിമാറ്റിക്കൊണ്ട് പിന്നേയും പല ന്യായീകരണങ്ങള്‍ കൊണ്ടുവന്നു ചുരുക്കത്തില്‍ എന്‍‌റ്റെ സമയ നഷ്ടമല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

നടന്നതെല്ലാം പറഞ്ഞപ്പോള്‍ സുഹൃത്തിന്‍‌റ്റെ കുറ്റപ്പെടുത്തല്‍:

ആദ്യം പൈസ കൊടുക്കാന്‍ ആരാ നിന്നോട് പറഞ്ഞത്?

ശരിയാ പൂര്‍ണ്ണമായി ലഭിക്കാതെ എന്തെങ്കിലും കാര്യത്തിന് പൈസ ആദ്യം മുഴുവന്‍ കൊടുത്തോ നഷ്ടപ്പെടുന്നത് കൊടുത്ത പൈസമാത്രമല്ല , പരിഹാസ്യനാവും , രക്ത മര്‍ദ്ദം കൂടും , ആവശ്യമില്ലാതെ ആളുകളുടെ ശകാരം കേള്‍ക്കേണ്ടിവരും ..എന്തിനാ വെറുതെ!

*****

ബാങ്ക് സ്റ്റേറ്റ് മെന്‍‌റ്റ് ഓണ്‍‌ലൈനില്‍ നോക്കുമ്പോഴാണ് ഇടക്കൊരു നൂറ് രൂപ ബാങ്കെടുത്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.A.T.M card annual fee ആയാണ് രൂപ എടുത്തിരിക്കുന്നത്. ഒന്നാമത് ATM Card തരാന്‍ ഞാന്‍ ബാങ്കിനോടാവശ്യപ്പെട്ടിട്ടില്ല കാരണം നാട്ടിലെ കാര്‍‌ഡ് ഉപയോഗിക്കാനാവുന്നത് വര്‍ഷത്തിലെ ഒരുമാസത്തെ വെക്കേഷനില്‍ മാത്രമാണ്.അതുമല്ല ഒരടിസ്ഥാന സര്‍‌വീസിന് ഫീ ചുമത്തുക എന്നത് ന്യായീകരിക്കാനായിട്ടെനിക്ക് തോന്നിയുമില്ല അതുകൊണ്ട് തന്നെ പ്രസ്ഥുത സര്‍‌വീസ് എനിക്കാവശ്യമില്ലെന്നും എടുത്ത ഫീ റിവേര്‍ട്ട് ചെയ്യണമെന്നും പറഞ്ഞ് ബാങ്കിന് കത്തെഴുതി.

ഒരുമാസമുപയോഗിച്ചാലും ഒരു വര്‍ഷമുപയോഗിച്ചാലും ഒന്നാണെന്നും വേണ്ടെങ്കില്‍ കാന്‍സല്‍ ചെയ്യാമെന്നും പക്ഷെ ഒരിക്കല്‍ എടുത്ത ഫീസ് തിരിച്ചെടുക്കാനാവില്ലെന്നും അറിയീച്ച ബാങ്കിന്‍‌റ്റെ മറുപടി എനിക്കംഗീകരിക്കാനായില്ല.

ഞാന്‍ ആവശ്യപ്പെടാതെ തന്ന സര്‍‌വീസാണിതെന്നും അതിനാല്‍ ഫീസ് ചുമത്താന്‍ പാറ്റില്ലെന്നും എടുത്ത ഫീസ് റിവേര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ട് വീണ്ടും കത്തെഴുതിയെങ്കിലും അവക്കൊന്നും മറുപടിവന്നില്ല.

റിമൈന്‍‌ഡര്‍ രണ്ട് തവണ അയച്ചിട്ടും മറുപടിവരാതിരുന്നപ്പോള്‍ മാനേജറുമായി ഫോണില്‍ ബന്ധപ്പെട്ടു , സ്വല്‍‌പ്പം ഭീഷണിയൊടെത്തന്നെ സംസാരിച്ചപ്പോള്‍ പൈസ ക്ഷമാപണത്തോടെ റിവേര്‍ട്ട് ചെയ്തു.

വാല്‍‌കഷ്ണം:

നൂറ് രൂപക്ക് വേണ്ടി നാല്‍‌പ്പത് ദിര്‍‌ഹംസ് ടെലിഫോണ്‍ വിളിച്ച്
കളഞ്ഞു പക്ഷെ ബാങ്ക് മാനേജറെ ഡീസന്‍‌റ്റായിട്ട് തെറിവിളിക്കാനായി എന്ന ഒരു ലാഭം മാത്രം :)

Thursday, November 20, 2008

എങ്ങിനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതിരിക്കുക?

വണ്‍ ബെഡ്റൂം ഫ്ലാറ്റ്‌ വില്‍‌ക്കാനുണ്ടെന്ന പരസ്യം കണ്ടാണത്രെ ഒപ്പം ജോലിചെയ്യുന്നവന്‍ പരസ്യം കൊടുത്തവനുമായി ഫോണില്‍ ബന്ധപ്പെട്ടത്‌. വില 750,000/- ദിര്‍ഹംസ് ചെറുതായൊന്ന് പിശകിയെങ്കിലും നടന്നില്ല. ഒരാഴ്ചക്കകം അഡ്വാന്‍സ്‌ ചെക്കുമായി വരാമെന്ന് പറഞ്ഞ് തിരിച്ച് പോന്നു. രണ്ട് ദിവസം കഴിഞ്ഞ് പ്രസ്തുത പ്രോജെക്ടിന്‍‌റ്റെ മൂല വില അറിയാന്‍ ഡവലപ്പറുമായി ബന്ധപ്പെട്ടു , വളരെ കുറവാണെങ്കില്‍ അവസാന പിശകല്‍ , അതായിരുന്നു ഉദ്ദേശം. ബില്‍‌ഡിങ്ങും അപാര്‍ട്ട്‌മെന്‍‌റ്റും അറിഞ്ഞപ്പോള്‍ ഡവലപ്പറുടെ മറുപടി , ഇന്നത്തെ റേറ്റ് ഒന്നര മില്യണ്‍ ആണെന്ന് , അതായത് ഇരട്ടി.


ഒരാഴ്ചക്കൊന്നും നില്‍‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും , വില്‍‌ക്കുന്നവന്‍ ഈ വില അറിയുന്നതിന് മുമ്പെ കാര്യം നേടാനും വേണ്ടി പിറ്റേന്ന് തന്നെ ചെക്കുമായി പോകാന്‍ തീരുമാനിച്ചു. എവിടെ വരണമെന്നന്വേഷിക്കാന്‍ അയാളെ വീണ്ടും ഫോണില്‍ വിളിച്ചു:

' ഇല്ല താങ്കള്‍ വരേണ്ട , വില കൂട്ടി '

' എത്ര കൂട്ടി ? '

' ഒന്നര മില്യണ്‍ '

' പ്ലീസ് നമ്മള്‍ മൂന്ന് ദിവസം മുമ്പെ തീരുമാനിച്ചത് എഴുനൂറ്റമ്പതിനായിരത്തിനല്ലെ , ഒന്നഡ്ജസ്റ്റ് ചെയ്യൂ '

' ഇല്ല വില്‍‌ക്കുന്നില്ലെന്ന് തീരുമാനിച്ചു '

' ശരി ഒന്നരയെങ്കില്‍ ഒന്നര എവിടെ വരണം ? '

നല്ല ഇഷ്ടമായതിനാലും മറ്റു മാര്‍ഗ്ഗമില്ലാത്തതിനാലും സുഹൃത്ത് അപാര്‍ട്ട്‌മെന്‍‌റ്റ് വാങ്ങിക്കാമെന്ന് തന്നെ തീരുമാനിച്ചു.

' ഇല്ല വില്‍‌ക്കുന്നില്ലെന്ന് പറഞ്ഞില്ലെ '

'നിങ്ങള്‍ പറയുന്ന വില തരാം വില പറയൂ '

'ഇല്ല വില്‍‌ക്കുന്നില്ല! '

വില ഇനിയും കൂടുമെന്നുറപ്പുള്ള ആ അത്യാഗ്രഹി ഫോണ്‍ കട്ട് ചെയ്തു , നിങ്ങള്‍ തന്നെ പറയൂ എങ്ങിനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതിരിക്കുക?

Monday, November 10, 2008

അവനവന് പറ്റുന്ന ബന്ധം നോക്കിയാല്‍ പോരേ!

ബെര്‍ണോലിസ്‌ തിയറം ഉണ്ടാക്കിയപ്പോള്‍ ഡാനിയേല്‍ ബെര്‍‌ണോളി അത് വരും തലമുറകള്‍ ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെടുത്തുമെന്നൊരിക്കലും ചിന്തിച്ചിട്ടുണ്ടായിരിക്കില്ല. അതുപോലെത്തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നായ ചക്രത്തിന്‍റ്റെ കാര്യവും ,സൈക്കിള്‍ മുതല്‍ ജനറേറ്റര്‍ വഴി മുന്നിലിരിക്കുന്ന കമ്പ്യൂട്ടര്‍ തണുപ്പിക്കാനുള്ള ഫാന്‍ വരെ അതുകൊണ്ടുണ്ടാക്കുന്നു.

ഡാനിയേല്‍ കേരളത്തിലായിരുന്നു ജീവിച്ചതെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കയാണിപ്പോള്‍ .

വിഡ്ഡിയായ ഒരുത്തന്‍ ഒരാവശ്യവുമില്ലാത്ത ഒരു തിയറിയും കൊണ്ടുവന്നിരിക്കുന്നു ,

കപ്പയും മീന്‍കറിയും ഉണ്ടാക്കാന്‍ എന്തിനാണ് ഹേ ബെര്‍ണോലിസ്‌ തിയറി?

വേഗത കൂടിയാല്‍ മര്‍ദ്ദം കുറയുമത്ര ആയിക്കോട്ടെ അതിന് നമുക്കെന്താ ? അതുകൊണ്ടെന്ന് കാര്യമാണു നടക്കാന്‍ പോകുന്നത്?ആവശ്യമില്ലാത്ത ഇത്തരം പരിപാടികള്‍ക്ക് സമയം കളയുന്നതിന് പകരം നാല് വാഴവെച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക്‌ തിന്നാന്‍ പഴമെങ്കിലും കിട്ടുമായിരുന്നു ശുംഭന്‍!

മകളെ കല്യാണം കഴിക്കുന്ന ചെക്കന് നല്ല ജോലിയും നല്ല സ്വഭാവവും നല്ല കുടുംബവും , എന്തുകൊണ്ടും തന്‍റ്റെതില്‍ നിന്നും നല്ല അവസ്ഥയിലുഉള്ളവനുമായിരിക്കണം എന്ന് അതിയായാഗ്രഹിക്കുന്ന അച്ഛന്‍ , തന്നെക്കാള്‍ സാമ്പത്തികമായി കുറവുള്ള അയല്‍ വാസിയുടെ മകള്‍ക്ക് നല്ലൊരു ചെക്കനെ കിട്ടിയാല്‍ പറയുന്നത് ,


' എന്തിനാ അവന്‍ ഇത്രയൊക്കെ കഷ്ടപ്പെട്ട് ആ പയ്യനെ തേടിയത് ? അവനെ വേണ്ട വിധം സല്‍‌ക്കരിക്കാനൊക്കെ ആവുമോ? അവനവന് പറ്റുന്ന ബന്ധം നോക്കിയാല്‍ പോരേ!

എന്നായിരിക്കും '

പട്ടിണിക്കാരനായ അയല്‍‌വാസിയെപ്പറ്റി ഒരിക്കല്‍ പോലും ആകുലപ്പെടാത്ത, സുഭിക്ഷമായി മറുനാട്ടില്‍ ജീവിക്കുന്നവന്‍ , നാട്ടില്‍ ഓണം നന്നായിട്ടാഘോഷിക്കുന്നത് കണ്ടാല്‍ വ്യാകുലപ്പെടും.

' അവന്‍ ഒരോണത്തിനിത്രക്ക് പണം ചിലവാക്കി ആഘോഷിക്കേണ്ട വല്ല കാര്യവുമുണ്ടോ? , ഓണം കഴിഞ്ഞാല്‍ അവനെന്ത് ചെയ്യും '

മലയാളിയുടെ പരമ്പരാകത വിമര്‍ശന ശൈലി വിലയിരുത്താന്‍ കാരണം ഈയിടെ പൂര്‍ണ്ണ വിജയത്തോടടുക്കുന്ന ചാന്ദ്രയാനുമായി ബന്ധപ്പെട്ടും ഉണ്ടായതാണ്. ഇവിടെ പക്ഷെ രണ്ട് വിഭാഗത്തിലുള്ളരാണ് പ്രധാന വിമര്‍ശകര്‍.

ഇതിനേക്കാള്‍ പ്രധാനപ്പെട്ടമറ്റുകാര്യങ്ങള്‍ ഉണ്ടെന്നും , പട്ടിണി മാറ്റലാണ് മുഖ്യമെന്നും , പട്ടിണികിടക്കുന്നവരില്‍ ഇതിന്‍‌റ്റെ ഗുണമെത്തുന്നില്ലെന്നും , പാവപ്പെട്ട ജനസമൂഹത്തെ കാണുന്നില്ലെന്നും ഈ പണം അതിനുപയോഗിക്കുകയാണ് വേണ്ടതെന്നുമൊക്കെ ഒരുകൂട്ടം വാദിക്കുമ്പോള്‍ ;ഇതിനുപയോഗിച്ച സാങ്കേതികം റഷ്യയുടെ കാലഹരണപ്പെട്ട ഒന്നാണെന്നും അതില്‍ പറയാന്‍ മാത്രമൊന്നുമില്ലെന്നും , വെറും റോക്കറ്റ് അസ്സെംബ്ലിയാണ് ചെയ്തതെന്നും മറ്റൊരുകൂട്ടം വാദിക്കുന്നു.

നല്ല കാറുകളില്‍ യാത്ര ചെയ്ത് നല്ല ഭക്ഷണം കഴിച്ച് , ഭാര്യക്കും മക്കള്‍ക്കും നല്ല ആഭരണങ്ങള്‍ വാങ്ങി , ഒഴിവ് ദിനങ്ങളില്‍ തീം പാര്‍ക്കുകളിലുമൊക്കെ ഉല്ലസിച്ച് , നന്നായി ജീവിക്കുന്ന ഒരാള്‍ തന്‍‌റ്റെ ഏറ്റവും പുതിയ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കേബിളില്ലാത്ത ബ്ലൂ ടൂത്ത് കീബോര്‍ഡില്‍ ടൈപ്പ് ചെയ്ത് നാട്ടിലെ പട്ടിണികിടക്കുനവരെപ്പറ്റി മനംനൊന്ത് ദുഖിക്കും. ചാന്ദ്രയാനുപയോഗിച്ച പണത്തെപ്പറ്റി വ്യാകുലപ്പെട്ട് ഇവര്‍ വിമര്‍ശനങ്ങള്‍ തൊടുക്കും. ആ പണം പട്ടിണിപ്പാവങ്ങള്‍ക്ക് കൊടുക്കാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തും.സ്വന്തം ഗ്രാമത്തിലുള്ള പട്ടിണിപാവങ്ങളുടെ അവസ്ഥയാല്‍ മനം നൊന്ത് ഉറക്കം വരാതെ ജീവിക്കുന്നവരുമാണെന്ന സത്യം അറിയുമ്പോളാണ് ഇവരുടെ വിമര്‍‌ശനത്തിന്‍‌റ്റെ തീവ്രത മനസ്സിലാവുക.

ഇവരുടെ ഈ വിമര്‍ശനങ്ങള്‍ എന്നെചിന്തിപ്പുന്നത് അനാവശ്യമായ വിദ്യാഭ്യാസത്തിന്‍‌റ്റേയും , കമ്മ്യൂണിക്കേഷന്‍റ്റേയും , കമ്പ്യൂട്ടറുകളുടേയും കാര്യമാണ്. എന്തിനാണ് നമുക്കിവയൊക്കെ? കുറെ പാടങ്ങള്‍ അവിടെ നമുക്കെല്ലാം നെല്ല് വിതക്കാം , കൊയ്യാം , വാഴ വെക്കാം തെങ്ങ് വെക്കാം അവയുടേയൊക്കെ ഫലമെടുത്ത് സന്തോഷമായി ജീവിച്ചാല്‍ പോരെ? ഭക്ഷണം കിട്ടും പരിസ്ഥിതി മനിലപ്പെടില്ല ആഹ എത്ര സുന്ദരമായിരിക്കും! ഓര്‍ക്കുമ്പോള്‍ കുളിര് തോന്നുന്നു.

റോക്കറ്റ് അസ്സംബ്ലീ എന്നാല്‍ ഐ.ടി. സി.കളില്‍ പഠിക്കുന്ന കുട്ടികള്‍ 3055 പവര്‍ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ച് amplifier ഉണ്ടാക്കുന്നതുപോലെയാണെന്നിപ്പോഴല്ലെ മനസ്സിലായത്. അല്ലെങ്കിലും ചില കാര്യങ്ങള്‍ വിദഗ്ദര്‍ പറയുപോഴല്ലെ പിടികിട്ടൂ. ഈ റഷ്യന്‍ instruction manual അരെങ്കിലും ഭാവിയില്‍ ഗൂഗിളിലോ വിക്കിയിലോ ( ;) ) ഒക്കെ ഇടുമായിരിക്കും അന്ന് എനിക്കും ഒന്നോ രണ്ടൊ റോകറ്റ് ചന്ദ്രനിലേക്കോ സൂര്യനിലേക്കോ വിട്ട് നോക്കണം. ടെക്നോളജിസ്റ്റുകളുടെ വിമര്‍ശനവും വിശദീകരണവും ഒക്കെ കണ്ടപ്പോള്ളല്ലെ ഈ ശാസ്ത്രഞ്ഞ്ജരൊക്കെ വെറുതെ അവിടെ ബീടീം വലിച്ചിരിക്കുകയാണെന്ന് മനസ്സിലായത് . റഷ്യയുടെ മാനുവല്‍ നോക്കി ഒറ്റ ദിവസം കൊണ്ട് റോകറ്റുണ്ടാക്കും എന്നിട്ട് കാശ് പിടുങ്ങാന്‍ വേണ്ടി വെറുതേ കുറെ ദിവസങ്ങള്‍ വേണമെന്ന് പറയും അമ്പടാ!.

പരാതിയുള്ളവരില്‍ ആദ്യവിഭാഗം അത്യാവശ്യം പൈസ ഉള്ളവരും രണ്ടാമത്തെ വിഭാഗം ടെക്നോളജി അറിയുന്നവരുമായതാണ് എത്ര നന്നായി അല്ലെങ്കില്‍ ആ പാവപ്പെട്ടവര്‍ ഭക്ഷണത്തിനും സാങ്കേതികം അറിയാത്തവര്‍ ശാസ്ത്രഞ്ഞ്ജരുടെ ഈ ചതിക്കുമെതിരെ സമരം ചെയ്തേനെ!ഭാഗ്യം.

Saturday, November 01, 2008

സമരവും കപട രാഷ്ടീയവും

' പിരിച്ചു വിടാന്‍ പോകുന്ന തൊഴിലാളികള്‍ക്ക് ഐഖ്യം പ്രഖ്യാപിച്ച് ഇടതു സംഘടന സമരത്തിനൊരുങ്ങുന്നു'


ഒറ്റ നോട്ടത്തില്‍ മനസ്സിന് കുളിര്‍മ്മ തോന്നുന്ന വാര്‍ത്ത , സാധാരണക്കാരന്‍‌റ്റെ കണ്ണില്‍ പൊടിയുടുന്ന രക്ഷകന്‍‌റ്റെ ഈ റോള്‍ ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി ഓര്‍ക്കുന്നില്ലെന്നെന്‍‌റ്റെ അഭിപ്പ്രായം. മുന്‍‌കാലങ്ങളില്‍ പലകാരണങ്ങള്‍ കൊണ്ട് അടച്ചുപൂട്ടിയ എത്രയോ സ്ഥാപനങ്ങളുടെ അസ്ഥികള്‍ കാണിച്ചിരുന്ന ദയനീയത കുറച്ചുകാലമായി കാണാതിരിക്കയായിരുന്നു.

ഏതെങ്കിലും ഒരു സം‌രഭം തുടങ്ങാന്‍ പദ്ധതിയിടുമ്പോള്‍ അത് മൊത്തം കേരളത്തിന് ഏതൊക്കെ തരത്തില്‍ ഗുണകരമാകും , ഭാവിയില്‍ എന്തൊക്കെ വരാം വരാതിരിക്കാം എന്ന വിശാല കാഴ്ചപ്പാടല്ലാതെ , എത്ര പേര്‍ക്ക് തൊഴില്‍ കിട്ടും എന്ന ഒറ്റ ചിന്താഗതി അടിസ്ഥാനപ്പെടുത്തി വിലയിരുത്തുകയും അത് ഒരു നിബന്ധനയായി വെക്കുകയുമാണ് പതിവ്.

കുറച്ചുകാലമായി നാട്ടിലുള്ള മിക്ക ചെറുപ്പക്കാര്‍ക്കും മുന്‍‌കാലത്തെ അപേക്ഷിച്ച് ജോലി ലഭിക്കുന്നുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ട് അതിലൊന്നാണ് അമേരിക്ക പോലുള്ള വിദേശത്തുള്ള കമ്പനികള്‍ നാട്ടിലുള്ള കമ്പനികളുമായി ചേര്‍ന്നുള്ള ജോയിന്‍‌റ്റ് വെഞ്ചറുകളായോ അല്ലാതെയോ ഉണ്ടായ വരവാണ്.

കമ്പനി നഷ്ടത്തില്‍ ആയാല്‍ പല രീതിയിലാവും കമ്പനി പ്രവര്‍ത്തിക്കുക. ഭാവിയില്‍ വന്നേക്കാവുന്ന പ്രോജെക്ടുകളേയും മറ്റും മുന്നില്‍ കണ്ട് ജോലി കൊടുത്തവരെ അതില്ലെന്ന് വന്നാല്‍ പിരിച്ചുവിടുക എന്നത് അതിലൊന്നാണ്. കമ്പനിക്ക് വരുമാനമില്ലാതെ എങ്ങിനെയാണ് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കേണ്ടതെന്ന് സമരം ചെയ്യുന്നവര്‍ ആലോചിക്കേണ്ട കാര്യമാണ്.

നഷ്ടത്തിലോടുന്ന കമ്പനികളില്‍ നിന്നും പിരിച്ചുവിടുന്നതിനെതിരെ സമരം ചെയ്യുന്നതിനു പകരം
എങ്ങിനെ അവരെ സഹായിക്കാനാവും എന്ന് ചിന്തിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഭാവിയിലെ പ്രോജക്ടുകളിലേക്ക് നിയമിച്ച തൊഴിലാളികളെ അവ ഇല്ലാതാകുമ്പോള്‍ ഒഴിവാക്കാതെ തുടരുമ്പോള്‍ , തൊഴില്‍ ചെയ്യുന്ന മറ്റുള്ള വരുടെ ഭാവി കൂടി അവതാളത്തിലാക്കുകയാണീ സമരക്കാര്‍ ചെയ്യുന്നത്.

ഒരാളുടെ ജോലി നഷ്ടപ്പെടുക എന്നത് നിസ്സാരമായ ഒന്നാണെന്ന അഭിപ്രായമോ അതു ആ കുടുമ്പത്തിനും സമൂഹത്തിലും വരുത്തുന്ന ഇമ്പാക്ട് അറിയാതെയോ അല്ല ഇത് പറയുന്നത്.
ഇത്തരം ഒരു സാഹചര്യത്തില്‍ സമരമല്ലാതെയുള്ള മറ്റു മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് എല്ലാവരും ആലോചിക്കേണ്ടത്.സര്‍ക്കാര്‍ ഇടപെടുകയും തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള മാര്‍ഗ്ഗമന്‍‌വേഷിക്കുകയുമാണ് ചെയ്യേണ്ടത് അല്ലാതെ കപട രാഷ്ട്രീയത ലക്ഷ്യമാക്കിയുള്ള സമരത്തിന് കൂട്ടുനില്‍‌ക്കുകയല്ല കാരണം സമരത്തിലൂടെ കപട രാഷ്ട്രീയം വിജയിക്കുമ്പോള്‍ പരാജയപ്പെടുന്നത് നാളെത്തെ തൊഴില്‍ അന്‍‌വേഷകരായ അനേകം ചെറുപ്പക്കാരാണ്.

ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകുന്ന സമയത്ത് ഇവിടേക്ക് വരുന്ന പുതിയതും പഴയതുമായ കമ്പനികള്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ രണ്ടു‌വട്ടം ആലോചിക്കുമെന്നതിന് തര്‍ക്കം വേണ്ട , ഒരു പക്ഷെ കേരളത്തിന്‍‌റ്റെ ചെറുപ്പത്തെ മാറ്റി നിര്‍ത്താനും കാരണമായേക്കും.

" ഓ പിന്നെ!! എന്നാലൊന്ന് കാണണം... അവരില്ലെങ്കില്‍ ഞങ്ങള്‍ക്കുലക്കയാ "എന്ന് പറഞ്ഞ് കുറച്ചാളുകളുടെ കണ്ണില്‍ പൊടിയിടാം പക്ഷെ എല്ലാ കാലവും എല്ലാവരേയും പറ്റിക്കാമെന്നത് വ്യാമോഹം മാത്രമാണ്.
 
വാല്‍‌ക്ഷ്ണം:

ഒരാളുടെ ജോലി പോകുക എന്നതിന്‍‌റ്റെ സീരിയസ്നസ് അറിയാഞ്ഞിട്ടോ ദുഖമില്ലാഞ്ഞിട്ടോ അല്ല ഈ കുറിപ്പ്. ഈയുള്ളവനും സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവനാണ് പക്ഷെ പണ്ട് പല സ്ഥാപനങ്ങളും പൂട്ടിച്ച അതേ ശൈലിയില്‍ ടി.വി കേമറക്ക് മുന്നിലിരുന്ന് ' സമരം ചെയ്യും' എന്ന് വലിയ വായില്‍ വിളിച്ചുപറയുന്നവരെ കണ്ടപ്പോള്‍ ജോലി പോയവരോടുള്ള ദയയോ ദാക്ഷിണ്യമോ കാരുണ്യമോ ഒന്നുമായിരുന്നില്ല അവരുടെ മുഖത്ത് മറിച്ച് പാവങ്ങളുടെ രക്ഷിതാക്കളാണ് തങ്ങള്‍ എന്ന് ധരിപ്പിക്കാനുള്ള കപട രാഷ്ട്രീയമാണ്.

ആഭിപ്രായം പോസ്റ്റ് വായിച്ചിട്ട് മതി ഇല്ലെങ്കിലും സന്തോഷം.

Wednesday, October 29, 2008

ബ്ലോഗും പോസ്റ്റുകളും

ബ്ലോഗിന്‍റ്റെ ദോഷങ്ങള്‍ എന്തെന്ന ചോദ്യത്തിനാദ്യമുള്ള എന്‍‌റ്റെ ഉത്തരം വൈകാരികതയുടെ അതിപ്രസരം എന്നായിരിക്കും ഇത് വായനക്കാരനെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നതില്‍ നിന്നും ആസ്വദിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.


എഴുത്തിലെ പരിജയക്കുറവ്‌ കൊണ്ടും ഭാഷാ നൈപുണ്യം കൊണ്ടും സത്യസന്ധത കൊണ്ടും ബ്ലോഗില്‍ എഴുതുന്ന നല്ലൊരു ശതമാനം ആളുകള്‍ക്ക്‌ അവരവരുടെ ഭാവനയെ എഴുത്തിലൂടെ സാക്ഷാല്‍ കരിക്കുമ്പോള്‍ സ്വന്തം വ്യക്തിത്വത്തേയോ ചുറ്റുപാടിനേയോ അമിതമായി ഉപയോഗപ്പെടുത്തേണ്ടി വരുന്നുണ്ട്. ഇതാവട്ടെ

എഴുത്തിനെ കൂടുതല്‍ വ്യക്തിപരമായി വായനക്കാരനെടുക്കാന്‍ ഇടയാവുന്നു ഫലം വായനക്കാരന്‍ അനാവശ്യ തലങ്ങളില്‍ സഞ്ചരിക്കുകയും എഴുത്തിനെ അതിന്‍‌റ്റെ സത്വത്തില്‍ നിന്നും വിഭിന്നമായി കാണുകയും ചെയ്യുന്നു.

ഒരു കഥ വായിക്കുന്നവന്‍ താന്‍ വായിക്കുന്നത് ഒരു കഥയാണെന്നും അതൊരാളുടെ ഭാവനയാണെന്നും തിരിച്ചറിഞ്ഞ് കഥയെ വിലയിരുത്തുകയാണ് ചെയ്യേണ്ടത്‌ അല്ലാതെ കഥയോട് യോജിക്കുകയോ വിയോജിക്കുകയോ അല്ല. ഈ അടിസ്ഥാന തത്വം വായനക്കാരന്‍ പുലര്‍ത്തിയാല്‍ മാത്രമേ വായനയെ ശരിയായ അര്‍ത്ഥത്തില്‍ സമീപിക്കാനും സൃഷ്ടിയുമായി സം‌വേദിക്കാനുമാകുകയുമുള്ളു.

സമൂഹത്തില്‍ നടക്കുന്ന - നടന്നേക്കാവുന്ന ഒരുകാര്യം സ്വന്തം അനുഭവത്തിന്‍‌റ്റെയും അറിവിന്‍‌റ്റേയും വെളിച്ചത്തില്‍ വിലയിരുത്തി സ്വന്തം ചിന്തകള്‍ അവതരിപ്പിക്കുന്നതാണ് ലേഖനങ്ങള്‍ എന്ന സാഹിത്യ രൂപം ചെയ്യുന്നത്. ഒരു കഥ എഴുതുമ്പോള്‍ കഥാകാരന് കഥയോട് മാത്രം ബധ്യതയുള്ളപ്പോള്‍ ലേഖകന് സ്വന്തം വ്യക്തിത്വത്തോടൊപ്പം സമൂഹത്തോടും ബാധ്യതയുണ്ടാവേണ്ടതുണ്ട്. ഇവിടെയാവട്ടെ വിലയിരുത്തലല്ല മറിച്ച് വായിക്കുന്നവന്‍‌റ്റെ അറിവും അനുഭവവും അടിസ്ഥാനപ്പെടുത്തി എഴുത്തുകാരന്‍‌റ്റെ ചിന്തകളോട് യോജിക്കുകയോ വിയോജിക്കുകയോ ആണ് ചെയ്യേണ്ടത് .

ഇനി മൂന്നാമതുള്ള റിപ്പോര്‍ട്ടിങ്ങിനെപ്പറ്റിയാണെങ്കില്‍ , തെളിവുകളുടെ സഹായത്തോടെ നടക്കുന്ന- നടന്ന ഒരു സംഭവത്തെ ഉള്ളതുപോലെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത് വായനക്കാരന് റിപ്പോര്‍ട്ടര്‍ കാണിച്ച തെളിവുകളുടെ സത്യസന്ധത പരിശോധിച്ച് വിശ്വസിക്കുക്കയോ അവിശ്വസിക്കുകയോ ആവാം.

മൂന്നിനേയും മൂന്നായി കാണുന്നതോടെ മാത്രമേ ശരിയായ അര്‍ത്ഥത്തില്‍ വായനക്കാരന് എഴുത്തുമായി സം‌വേദിക്കാനാവൂ. ഒന്ന് മറ്റൊന്നായി ധരിക്കുന്നത് യഥാര്‍ത്ഥത്തില്‍ വായനക്കാരന്‍‌റ്റെ കഴിവ് കേടാണ് കാണിക്കുന്നത് ഇതിന് കാരണമോ അതി വൈകാരികതയും.

നല്ല വായനക്കാരനുണ്ടാവാന്‍ ബ്ലോഗിലുള്ളവര്‍ ഈ അതി വൈകാരികത ഒഴിവാക്കിയേ തീരൂ. വായനക്കാരന്‍ അതിവൈകാരികത കാണിക്കുമ്പോള്‍ എഴുത്തുകാരന്‍ അതു മുതലെടുക്കാനായി പല തന്ത്രവും ഉപയോഗിക്കുന്നു അതിനെറ്റവും നല്ല ഉദാഹരണമാണ് , പോസ്റ്റുകള്‍ക്കുള്ള നാമകരണം. ബ്ലോഗില്‍ നല്ലൊരു ശതമാനം എഴുത്തുകാര്‍ തന്നെയാണ് വായനക്കാരനെന്നിരിക്കെ ഈ അതിവൈകാരികത പെട്ടെന്നില്ലാതാകും എന്നെനിക്ക് വിശ്വാസമില്ല പക്ഷെ ഈ തിരിച്ചറിവ് പല അനാവശ്യ സംഘട്ടനങ്ങളും ഒഴിവാക്കും എന്നതില്‍ തര്‍ക്കമില്ല.

വാല്‍കഷ്ണം:

ഇതൊരു ലേഖനമാണ് , യോജിക്കാം വിയോജിക്കാം.

Sunday, October 26, 2008

ചന്ദ്രയാനും ചതിയും.

'ഹലോ ...അരാണീ ഈ പാതിരാവില്‍ മനുഷ്യന്‍‌റ്റെ ഉറക്കം കളയാന്‍? '

'എടാ ഇബ്‌ലീസെ ജ്ജ്‌ പ്പോഴും ഉറങ്ങുകയാണോ നേരം അഞ്ചുമണിയായെടാ ടി.വി. വേകം ഓണാക്ക് '

' എന്‍റ്റിക്കാ...എന്തുപറ്റി? ഈ നേരത്തെന്താണ് ടി. വി യില്‍? ആരെങ്കിലും രാജിവെച്ചോ? ടി.വി. വെച്ചിരിക്കുന്ന മുറിയില്‍ മോളുറങ്ങുന്നു ഇപ്പോ പറ്റില്ല'

' ഹമുക്കെ ...ന്നാളല്ലെ ജ്ജ്‌ ഏറ്റവും പുതിയ ലാപ്‌ ടോപ്പും കുന്തവും വാങ്ങ്യേത്‌ അതോണാക്കിയാലും മതി '

' നിങ്ങള്‍ കാര്യം പറ ഇക്കാ'

'എടാ ...ചന്ദ്രയാന്‍ .. റോക്കറ്റ്‌ ഇപ്പോ വിടും'

അവറാന്‍ ലാപ്‌ ടോപ്പ്‌ ഓണാക്കി ചന്ദ്രയാന്‍ ലോഞ്ചിങ്ങുമെല്ലാം കണ്ടു.

' ഹലോ... ഇക്കാ ഞാന്‍ കണ്ടു ഓല്‍‌ക്കിപ്പോ ഇദിന്‍‌റ്റെ വല്ല ആവശ്യവുമുണ്ടോ.... ഇതിന് എത്ര പണം പഹയന്‍ മാര്‍ നശിപ്പിച്ചു? ഹും... റോക്കറ്റും വിട്ട് കളിക്കുന്നു '

' അതെന്നേണ് ഞാനും പറേണത്‌ ....ഓല്‍ക്ക്‌ ഈ പൈസകൊണ്ട്‌ എന്തൊക്കെ ചെയ്യാമായിരുന്നു , എത്ര കൊഴല്‍ കിണര്‍ കുത്താം എത്ര പേര്‍ക്ക് ഭക്ഷണം കൊടുക്കാം '

' അല്ല ബാപ്പാ , ഇതുകൊണ്ട്‌ നമ്മുടേ നാടിന് കുറേ ഗുണം കിട്ടില്ലേ ?'

' മിണ്ടാണ്ട്‌ കെടന്നോ എന്തു ഗുണം ഒന്നൂല്ലാന്നെ , പട്ടിണിപ്പാവങ്ങള്‍ എത്രയോ ഭക്ഷണം കിട്ടാതെ വലയുന്നു '

ചന്ദ്രയാനെപ്പറ്റി പറഞ്ഞുതുടങ്ങിയ മകനെ അവറാന്‍ അടിച്ചിരുത്തി.വാപ്പയുടെ വിഡ്ഡിത്തരങ്ങള്‍ കേട്ട് സഹികെട്ട മകന്‍ പക്ഷെ ചന്ദ്രയാന്‍ ഉപഗ്രഹത്തെപ്പറ്റിയും നടന്ന പരീക്ഷണത്തെപ്പറ്റിയും അതുകൊണ്ടുണ്ടായേക്കാവുന്ന ഭാവിയിലെ പ്രത്യക്ഷ - പരോക്ഷ ഗുണഗണങ്ങളുമൊക്കെ വിവരിച്ചു. ഒന്നും ചെവികൊള്ളാതെ അവറാന്‍ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.

' പട്ടിണിപ്പാവങ്ങള്‍ ... എത്ര കുഴല്‍ കിണര്‍ കുഴിക്കാം എത്ര പേര്‍ക്ക് ....'

' ന്‍റ്റെ സുബൈറേ അനക്ക്‌ വെറെ പണിയൊന്നൂല്ലെ? ബാപ്പാടിതൊക്കെ പറയാന്‍ ? '

മകന്‍‌റ്റെ ചന്ദ്രയാനെപ്പറ്റിയുള്ള വിവരണം കേട്ട് ഉമ്മ സുഹറയും ഉണര്‍ന്നു.

' ഞങ്ങടെ കല്യാണം കഴിഞ്ഞ സമയത്ത് കമ്പ്യൂട്ടര്‍ ആള്‍കളുടെ ജോലി കളയും അതിനാല്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് പറഞ്ഞായിരുന്നു എതിര്‍പ്പ് പിന്നീട് പാടത്ത്‌ ട്രാക്ടര്‍ ഉപയോഗിക്കരുതെന്നുപറഞ്ഞായി , റോടില്‍ ഇലക്ട്രിക്‌ സിഗ്നല്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞായി പിന്നീട് , എക്സ്പ്രെസ്സ്‌ ഹൈവേ , ന്യൂക്ലീര്‍ ഡീല്‍ , കേരളം ഉണ്ടായിട്ട്‌ അധികമായില്ലല്ലോ ഇനിയും എന്തെല്ലാം കിടക്കുന്നു ....'

ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് സുഹറ ഊറി ചിരിച്ചു.

' ഉമ്മാ ബാപ്പ കമ്പൂട്ടറിനെതിരെ!! ....?? '

ഏറ്റവും പുതിയ ലാപ്ടോപ്പില്‍ ഹയ്‌ സ്പീഡ്‌ ഇന്‍റ്റര്‍ നെറ്റില്‍ മുക്കാല്‍ സമയവും കമഴ്ന്നുകിടക്കുന്ന ബാപ്പയെ നോക്കി സുബൈര്‍ അന്തം വിട്ടിരുന്നപ്പോള്‍ സുഹറ ഊറി ചിരിച്ചു അവറാന്‍ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു:

' എന്തു ഗുണം ഒന്നൂല്ലാന്നെ , പട്ടിണിപ്പാവങ്ങള്‍ എത്രയോ ഭക്ഷണം കിട്ടാതെ വലയുന്നു ...എത്ര പൈസ ഇവര്‍ റോകറ്റ് വിട്ട് കളിക്കാന്‍.....'

Wednesday, September 24, 2008

മൈന്‍ഡ് സെറ്റ്

നാട്ടില്‍ പോകുന്നതിനു മുമ്പ് തീരുമാനിച്ചതായിരുന്നു തിരികെ വന്നിട്ടൊരു പുതിയ ടി.വി വാങ്ങാന്‍. പ്ലാസ്മയും എല്‍.സി.ഡി. യും തമ്മിലുള്ള മത്സരത്തില്‍ എല്‍.സി.ഡീ വിജയിച്ചു. ബ്രാന്‍‌ഡുകള്‍ കൂടുതല്‍ ഉള്ളതിനാല്‍ സ്വാഭാവികമായും മത്സരത്തിന്‍‌റ്റെ കാഠിന്യവും കൂടി. സുഹൃത്ത്‌ക്കളുടെ വാക്കുകളും , നെറ്റിലെ റേറ്റിങ്ങും , USB input അടക്കം നല്ല സ്പെസിഫിക്കേഷന്‍ സോണിയുടേ ബ്രാവയേയും പിന്നിലാക്കി L.G യില്‍ തന്നെ ഉറച്ചു നിര്‍ത്തി.


വാങ്ങാന്‍ പോകുമ്പോള്‍ ഒരു കൂട്ടായാണ് പച്ചാനയും ഒപ്പം വന്നത് ഷൊറൂം ഡിസ്പ്ലേയില്‍ വാങ്ങാന്‍ പോകുന്ന ടി.വി കണ്ടവള്‍ അവള്‍ മുഖം ചുളിച്ചു. സ്ക്രീനിന് നാലുവശത്തുമുള്ള കറുത്ത ഫ്രേമില്‍ ,അടിഭാഗത്തെ, കൂടിയ വിഡ്ത്താണ് അവളുടെ താത്പര്യക്കുറവിന് കാരണമെന്നെനിക്ക് മനസ്സിലായി. മറ്റുബ്രാന്‍ഡുകളെ അപേക്ഷിച്ചതുശരിയാണെങ്കിലും സ്പെസിഫിക്കേഷനും മൈന്‍‌ഡ് സെറ്റും മാറാന്‍ മനസ്സനുവദിച്ചില്ല.

സോണിക്കും , ഹിറ്റാച്ചിക്കും , സാംസങ്ങിനുമൊക്കെ ഫ്രേമുകള്‍ക്ക് നാലു വശത്തും കുറവ് വിഡ്ത്തുള്ള ഫ്രെയിം കാഴ്ചക്ക് നല്ല ഭംഗി തരുന്നുണ്ട് അതായിരുന്നു അവളെ അവയിലേക്കടുപ്പിച്ചതും.

കാഴ്ചയിലല്ല , ഉപയോഗത്തിലാണ് പ്രധാനമെന്നും മറ്റുള്ളവയില്‍ നിന്നും എല്‍.ജിക്കുള്ള ഗുണങ്ങള്‍ വിവരിച്ചെങ്കിലും അവള്‍ ഇഷ്ടം മാറ്റിയില്ല.വെറും ഒരു USB ക്ക് വേണ്ടി 700 Dirham കളയുന്നത് മണ്ടത്തരമാണെന്നും , ഇന്നത്തെ പുതിയ ടെക്നോളജി നാളത്തെ പഴയ ടെക്നോളജിയായി മാറുമെന്നും ഒക്കെ ന്യായീകരണം പറഞ്ഞവളെന്നെ ബ്രെയിന്‍ വാഷ് ചെയ്തു. തുടര്‍ന്ന് അവള്‍ക്കൊപ്പം അഭിപ്പ്രായം പ്രകടിപ്പിച്ച് സെയില്‍സ്മാനും കൂടിയപ്പോള്‍ ട്രോളിയില്‍ കയറിയത് , സാംസങ്ങ്.വീട്ടിലേക്കുള്ള വഴിയിലും എന്റെ മനസ്സില്‍ നിന്നും L.G മാറിയില്ല ഓണ്‍ ചെയ്തപ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ട ഒരു ക്ലാരിറ്റി എനിക്ക് കിട്ടാത്തതുപോലെ തോന്നി തുടര്‍ന്നെനിക്ക് ഉറക്കം നഷ്ടപ്പെട്ടു.

രണ്ടാദിവസം കസ്റ്റമര്‍ കെയറില്‍ വിളിച്ച് കാര്യം പറഞ്ഞു , പച്ചാന സ്കൂളില്‍ നിന്നും വരുന്നതിനുമുമ്പ് സാംസങ്ങ് തിരിച്ചു കൊണ്ടുപോയി , വ്യത്യാസമുള്ള പണവും കൊടുത്ത് ആദ്യം കരുതിയിരുന്ന L.G യുടെ സ്കാര്‍ലെറ്റ് വാങ്ങി.ട്രോളിയില്‍ ടി.വി കയറ്റി നടക്കുമ്പോള്‍ ,സെയിത്സ്‌ മാന്‍‌റ്റെ തിരിച്ചറിവ്‌,

" ആക്ച്ച്വലി സാറിന്‍‌റ്റെ മൈന്‍ഡ് സെറ്റ്‌ അന്നെ ഞാന്‍ മനസ്സിലാക്കീ പിന്നെ മകള്‍ പറഞ്ഞപ്പോള്‍... വാങ്ങാന്‍ വരുമ്പോള്‍ ഒരു തീരുമാനമുണ്ടെങ്കില്‍ അതൊരിക്കലും മാറ്റരുത്‌"

പിന്നെ എന്തിനാടാ പഹയാ ഇതൊക്കെ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്ന് ഞാന്‍ തിരിച്ചു ചോദിച്ചില്ല.

"ഓ..എന്താ L.G ടി.വിയുടെ ഒരു ക്ലാരിറ്റി , യു.എസ്‌. ബി ഇന്‍പുട്ടും ഉണ്ട് ,മറ്റവനായിരുന്നെങ്കില്‍!..ഭാഗ്യം"എനിക്കെന്റെ ഉറക്കവും തിരിച്ചുകിട്ടി.

******************
എന്ത് സാധനം വാങ്ങാന്‍ പോകുമ്പോളും , ആദ്യം തീരുമാനമുണ്ടോ , സ്വയം ബോധ്യത്തോടെയല്ലാതെ ബാഹ്യ ഇടപെടലുകള്‍ക്ക് വിധേയമായി മാറ്റരുത് , ഉറക്കം നഷ്ടപ്പെടും തീര്‍ച്ച.

********************

Sunday, July 13, 2008

കവാത്ത്

ഇന്നലെ വൈകീട്ട് അടുത്തുള്ള ഇനോക്‌ സ്റ്റേഷനില്‍ പെട്രോള്‍ അടിക്കാന്‍ പോയതായിരുന്നു.നല്ല തിര‍ക്കുണ്ട്‌ എനിക്ക്‌ മുന്നിലായി നാലോളം കാറുകള്‍ വരിയായി നില്‍ക്കുന്നുണ്ട്‌.രണ്ട്‌ വശത്തുനിന്നും പെട്രോള്‍ അടിക്കാനാവുന്ന ഫ്യുവല്‍ പോയിന്‍‌റ്റില്‍ , ഒരു വശത്ത് ഞാനടക്കം ഏഴെട്ട് പേര്‍ വരിയായി നില്‍‌ക്കുന്നുണ്ടെങ്കിലും മറു വശത്ത്‌ ആളുകളൊന്നുമില്ലായിരുന്നു. എന്‍റ്റെ പിന്നില്‍ നിന്നിരുന്ന ആള്‍ക്ക്‌ കാത്ത് നിന്നു സഹികെട്ടതിനാല്‍ അയാള്‍ വണ്ടി നേരേ തിരിച്ച്‌ ഓപ്പോസിറ്റ്‌ ഡയറക്ഷനില്‍ ഒഴിഞ്ഞിരിക്കുന്ന ഫ്യുവല്‍ ടെര്‍മിനലില്‍ നിര്‍ത്തി പെട്രോള്‍ അടിക്കാന്‍ പറഞ്ഞപ്പോള്‍ മലയാളിയായ പെട്രോള്‍ അടിക്കുന്ന പയ്യന്‍ അവിടേക്ക് പോകാതെ പറ്റില്ലെന്ന് നിന്ന് കൈകൊണ്ട് ആങ്ങ്യത്തില്‍ കാണിച്ചു.പുറത്തിറങ്ങിയ സായിപ്പ് നേരെ പയ്യന്‍‌റ്റെ അടുത്തേക്ക് വന്നു.


' സോറി നോട്ട്‌ അലവ്ഡ്‌ '
' വൈ വാട്ടിസ്‌ ദ പ്രോബ്ളം ? '
' നോ മീന്‍സ്‌ നോ '

സ്വല്‍പ്പം കടുത്തതായിരുന്നു പയ്യന്‍‌റ്റെ വാക്കുകള്‍.ഇളഭ്യനയി അയാള്‍ വീണ്ടും എന്‍‌റ്റെ കാറിന്‍റ്റെ പിന്നിലേക്ക് മാറ്റിയിട്ട് വരിയില്‍ തന്നെ നിന്നു.പയ്യനുമായി മുന്‍‌പരിജയമുള്ളതിനാല്‍ ഞാന്‍ ചിരിച്ചു.

' എന്താഡോ ഒന്ന് സൌമ്യത്തിലൊക്കെ പറഞ്ഞൂടെ ? '

ഗൌരവം ഒട്ടും വിടാതെ അവന്‍ എന്‍‌റ്റെ അടുത്തേക്ക് നീങ്ങി നിന്ന് പണ്ടെന്ന അര്‍ത്ഥത്തില്‍ കൈ പൊക്കി.

' അതൊക്കെ പണ്ട്‌ നാല്‍പ്പത്ത്യേഴിനു മുമ്പ്‌ '

Friday, July 11, 2008

മറ്റുള്ളവര്‍ക്ക് കിട്ടിയല്ലോ

രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ അന്‍‌വര്‍ നില്‍‌ക്കുന്നു കയ്യില്‍ ഒരു ബോര്‍‌ഡും ഉണ്ട് , ആളുകള്‍ വഴിയിലൂടെപോകുമ്പോള്‍ അയാള്‍ മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു


" ഇങ്കുലാബ് സിന്ദാബാദ് , മുതലാളി നീതിപാലിക്കുക തെണ്ടിത്തരം അവസാനിപ്പിക്കുക "

' എന്തുപറ്റി അന്‍‌വര്‍? '

' ഹും ആ ക്രൂരനയായ മുതലാളി എനിക്ക് പണം തന്നില്ല '

' ഉവ്വോ , എങ്കില്‍ ഞാനും പോകുന്നില്ല ഇന്ന് ജോലിക്ക്, നിന്നോടൊപ്പം ഞാനുമുണ്ട് '

കയ്യുയര്‍ത്തുന്നതിനു മുമ്പെ ഞാന്‍ ഉറപ്പുവരുത്തി ,

' എത്രമാസമുണ്ട് അന്‍‌വര്‍ ശമ്പളം കിട്ടാന്‍ ? '

' ശമ്പളമോ , എല്ലാം കിട്ടിയല്ലോ എല്ലാ മാസവും അവസാന ദിവസം എനിക്ക് കിട്ടാറുണ്ട് '

കൈ താഴ്ത്തി ഞാന്‍ അയാളെനോക്കി

' ഇത് കൊല്ലത്തിലെ ബോണസ് കിട്ടാത്തതിനാണ് ഞാന്‍ സമരം ചെയ്യുന്നത് '

' ങ്ങേ! ബോണസ് കിട്ടാത്തതിന് സമരമോ ? , അത് താങ്കള്‍ക്ക് കമ്പനി തരുന്ന ഒരു ആനുകൂല്യമല്ലെ തരണമെന്ന് ഒരു നിര്‍ബന്ധവുമില്ല കിട്ടിയാല്‍ നന്നെന്ന് വെക്കാനല്ലെ പറ്റൂ '

' മറ്റുള്ളവര്‍ക്ക് കിട്ടിയല്ലോ '

' അത് കമ്പനിയുടെഇഷ്ടം , താങ്കളുടെ കോണ്ട്രാക്റ്റില്‍ അതെഴുതിയിട്ടുണ്ടോ, കൊല്ലത്തിലോ മറ്റോ ബോണസ് തരുമെന്ന്? '

' ഇല്ല '

' സുഹൃത്തെ ഞാന്‍ പോകുന്നു , താങ്കള്‍ സമരം ചെയ്യുകയല്ല വേണ്ടത് അസംതൃപ്തി പ്രകടിപ്പിക്കുകയാണ് , ഞാന്‍ എന്‍‌റ്റെ മാര്‍ഗ്ഗത്തിലും അതു ചെയ്യുന്നുണ്ട്.'

ബോര്‍ഡ് വലിച്ചെറിഞ്ഞ് അന്‍‌വര്‍ ആഫീസിലേക്ക് നടന്നു , ഞാന്‍ അവന്‍‌റ്റെ മാനേജറുടെ അടുത്തേക്കും , അവര്‍ ചെയ്ത് മനുഷ്യത്ത്വമില്ലായ്മയില്‍ അസംതൃപ്തി രേഖപ്പെടുത്താന്‍.



വാല്‍‌കഷ്ണം:

പ്രതിഷേധപ്പ്രകടനം വേണ്ടത്
അവകാശങ്ങള്‍ നിരാകരിക്കപ്പെടുമ്പോളാണ്

അല്ലാതെ

ആനുകുല്യങ്ങള്‍ നിരകരിക്കപ്പെടുമ്പോളല്ല
അവിടെ വേണ്ടത്
അസംതൃപ്തി പ്പ്രകടനമാണ്.
ആദ്യത്തേതില്‍ നിയമത്തെ മറികടക്കുമ്പോള്‍
രണ്ടാമത്തേതില്‍ മനുഷ്യത്വത്തെയാണ് മറികടക്കുന്നത്.
ഈ പോസ്റ്റിനാധാരം രാജീവ് ചേലനാട്ടിന്‍‌റ്റെ ഈ പോസ്റ്റ്

Friday, July 04, 2008

പിന്‍‌വലിക്കണം

1. ദൈവവിശ്വാസികള്‍ പുരോഗമനത്തിനെതിരാണെന്ന് വിശ്വസിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല.

2. ദൈവ വിശ്വാസമില്ലാതായാല്‍ ലോകത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഇല്ലാതായെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല

3. ജീവിക്കാന്‍ ദൈവ വിശ്വാസം ആവശ്യമെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല


4. ചോദ്യം : മനുഷ്യനെ മനുഷ്യനായി കാണാന്‍ മതമില്ലായ്മയാണ് നല്ലതെന്ന് തോന്നുണ്ടോ?
ഉത്തരം : ഇല്ല

5. ചോദ്യം: മതമാണോ മതമില്ലായ്മയാണോ നല്ലത്?
ഉത്തരം : സ്വന്തം യുക്തിയാണ് ഏറ്റവും നല്ലത് അതെന്ത് പറയുന്നോ അതാണ് നല്ലത്.



6. സാഹിത്യ രചനകളും പാഠപുസ്തകങ്ങളും സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ഒന്നാണോ?
ഉത്തരം: അല്ല , പാഠപുസ്തകങ്ങള്‍ പഠനകാലത്ത് വരുത്തുന്ന സ്വാധീനം കൂടുതലായിരിക്കും.

7. ആരാണ് കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത് മാതാപിതാക്കളോ അധ്യപരോ?
ഉത്തരം: അധ്യാപകര്‍.

8. ഏഴാം ക്ലാസ്സിലെ ജീവന്‍ എന്ന കുട്ടിയുമായി ബന്ധപ്പെട്ട അധ്യായം മത നിഷേധമായി തോന്നുന്നുണ്ടോ?
ഉത്തരം : ഇല്ല , മതമില്ലെങ്കിലും ജീവിക്കാമെന്നാണ് പറയുന്നത് , പക്ഷെ വേണമെങ്കില്‍ അതിനെ മതം ആവശ്യമില്ലെന്ന തലത്തിലുള്ള ചിന്തയിലേക്കും നയിക്കാമെന്ന് മാത്രം.

9. പ്രസ്തുത അധ്യായം കുട്ടികളുടെ ദൈവവിശ്വാസത്തെ ഇല്ലാതാ‍ക്കും എന്ന് കരുതുന്നുണ്ടോ? മറ്റെന്തെങ്കിലും തരത്തില്‍ ബാധിക്കുമോ?
ഉത്തരം :ദൈവ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നില്ല പക്ഷെ ദൈവ വിശ്വാസികളായ മാതാപിതാക്കളുമായി ആശയ സംഘട്ടനങ്ങളുണ്ടായേക്കാം.

10. ആശയ സംഘട്ടങ്ങള്‍ നല്ലതല്ലെ അപ്പോഴല്ലെ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കൂ ?
ഉത്തരം : ഒരാള്‍ക്ക് ദൈവ വിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിലുള്ള സ്വാധീനം ഒരേ പോലെയാണെങ്കില്‍ ( അതാണല്ലോ പുസ്തകം പഠിപ്പിക്കുന്നതും ) പിന്നെ സംഘട്ടനത്തിന്‍‌റ്റെ ആവശ്യമില്ലല്ലോ.

11. ഒരു കുട്ടിയുടെ കര്യങ്ങളില്‍ ഇടപെടാന്‍ സമൂഹത്തിനാണോ മതാപിതാക്കള്‍ക്കാണോ കൂടുതല്‍ അധികാരവും അവകാശവും?
ഉത്തരം: മാതാപിതാക്കള്‍ക്ക്

12. പ്രസ്തുത അധ്യായം വളരെ നല്ലതും ആവശ്യവുമെന്ന് തോന്നുന്നുണ്ടോ?
ഉത്തരം: നല്ല ആശയമാണ് , പക്ഷെ അത് നിലവിലുള്ള വളരെ ചെറിയ ഒരു സമൂഹത്തിന് മാത്രമേ ഗണകരമാക്കുന്നുള്ളൂ.

13. എന്ത് ഗുണം ആര്‍ക്കാണ് ഉണ്ടാവുന്നത്?
ഉത്തരം: മത/ദൈവ വിശ്വാസമില്ലാത്ത മാതാപിതാക്കളുടെയും മിശ്രവിവാഹിതകരുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നേടാന്‍ ഉണ്ടാകാന്‍ ഇതു സഹായിക്കും.

14. മത/ദൈവ വിശ്വാസമുണ്ടായാലേ ആത്മവിശ്വാസമുണ്ടാകൂ എന്നുണ്ടോ ?
ഉത്തരം: ഇല്ല പക്ഷെ , മത/ദൈവ വിശ്വസമുള്ള വളരെ വലിയ ഒരു സമൂഹത്തോടൊപ്പം അതില്ലാത്ത വളരെ ചെറിയ ഒരു സമൂഹത്തിനുണ്ടാകവുന്ന ആത്മ വിശ്വാസക്കുറവ് സ്വാഭാവികമാണ് പ്രത്യേകിച്ചും കുട്ടിക്കാലത്ത്.

15. അങ്ങിനെയെങ്കില്‍ ഇത്തരം പാഠങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ആ സമൂഹത്തെ ആത്മവിശ്വാസം ഉണ്ടാക്കുകയല്ലെ വേണ്ടത്?
ഉത്തരം: തീര്‍ച്ചയായും , പക്ഷെ മറ്റൊരു വലിയ സമൂഹത്തിന്‍‌റ്റെ വിശ്വാസങ്ങളെ ബലികഴിച്ചല്ല അതിനുമുതിരേണ്ടത്.

16. ഈ അധ്യായം അങ്ങിനെ മത വിശ്വാസികളുടെ താത്പര്യങ്ങളെ ബലികഴിക്കുന്നെന്ന് പറയാമോ?
ഉത്തരം: എന്തായാലും മതവിശ്വാസികള്‍ക്ക് അനുകൂലമായിതോന്നുന്നില്ല.

17. പ്രസ്തുത അധ്യായം കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല.

18. അങ്ങിനെ ഒരുദ്ദേശം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
ഉത്തരം : കരുതുന്നുണ്ട്.

19. എന്താണങ്ങിനെ തോന്നാന്‍ കാരണം.
ഉത്തരം : ഇതിനൊപ്പമുള്ള മറ്റധ്യായങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

20. ഈ അധ്യായം പിന്‍‌വലിക്കാന്‍ ഏറ്റവും മോശമായ ശൈലിയെടുത്തതാരാണ്‍?
ഉത്തരം : ലീഗും , എം.എസ്.എഫും

21. എന്തുകൊണ്ട്?
ഉത്തരം : പുസ്തകം എന്നത് അക്ഷരങ്ങളടങ്ങിയ അറിവാണ് , എതിര്‍ക്കുന്ന ഒരു അധ്യായമുണ്ടെന്ന് കരുതി
ചുട്ടരിച്ചത് കാടത്തമായി.

22. എതിര്‍പ്പ് പ്രകടിപ്പിച്ചവരോട് സര്‍ക്കാരെടുത്ത സമീപനത്തെപ്പറ്റി എന്താണ് തോന്നുന്നത്?
ഉത്തരം : അധികാര ധാഷ്ട്യമാണ് മന്ത്രി കാണിച്ചത്. പ്രധാനപ്പെട്ടൊരു സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് നിജ സ്ഥിതി വെളിപ്പെടുത്താന്‍ ചര്‍ച്ചകള്‍പോലെ എത്രയോ മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ അതിനൊന്നും തയ്യാറാവാത്തതാണ് പല അനിഷ്ട സംഭവങ്ങള്‍ക്കും കാരണമായത്.

23. മന്ത്രിസഭയുടെ തെറ്റെന്തൊക്കെയാണ് കാണുന്നത് ?
ഉത്തരം : മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ , ജനാധിപത്യ വ്യവസ്ഥിതികള്‍ അടിസ്ഥാനപ്പെടുത്തി , ബഹുഭൂരിപക്ഷത്തിന്‍‌റ്റെ വികാര വിചാരങ്ങളെ ഉള്‍ക്കൊള്ളണമെന്ന് മിനിമം കാര്യം കൈകൊണ്ടെന്ന് തോന്നുന്നില്ല.

24. സ്വാമിമാരോടും മുസ്ല്യാക്കന്മാരോടും പുരോഹിതന്‍‌മാരോടും ചോദിക്കണമായിരുന്നെന്നാണോ? വീശദീകരിക്കാമോ?
ഉത്തരം : അല്ല.

ഒരു തലമുറെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്‍‌റ്റെ പങ്ക് ഏറ്റവും പ്രധാനമായ ഒന്നാണ്. ഏറ്റവും പ്രാധാന്യത്തോടേയും , സ്വതന്ത്ര്യ കാഴ്ചപ്പടോടേയും , ലക്ഷ്യ ബോധത്തോടേയും ആയിരിക്കണം ഇതിനെ സമീപിക്കേണ്ടത്.

വിശ്വാസ്യതയായിരിക്കണം വിദ്യാഭ്യാസത്തിന്‍‌റ്റെ കാതല്‍ അതുകൊണ്ട് തന്നെ വളരെ ചെറിയ അളവില്‍ പോലും പരസ്പര വിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇതിന് പിന്നില്‍ പ്രവര്‍‌ത്തിച്ചവര്‍ എടുക്കേണ്ട പ്രധാന സംഗതിയാണ്.

നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി , ആപ്രവൃത്തി ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്

' പഠിപ്പിക്കുന്നതും '

ആ പ്രവൃത്തി ആവശ്യമില്ലെന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസം എനിക്ക് കാണാന്‍ കഴിയുന്നില്ല.
നല്ലൊരു ശതമാനം ആളുകള്‍ ഇതിനെ എതിര്‍ക്കുന്നതില്‍ നിന്നും ആരുടേയോ സാതന്ത്ര്യം എവിടെയോ ഇല്ലാതായിട്ടുണ്ടെന്നതാണ് മനസ്സിലാക്കാനാവുന്നത്.

25. യെശ്‌ പാല്‍ ശര്‍മ്മയ്യെപ്പോലുള്ളവര്‍ ഈ പുസ്തകത്തനെതിര്‍ക്കുന്നില്ല അവരെല്ലാം വിവരദോഷികളായതിനാലാണോ?

ഉത്തരം :അവരെല്ലാം നല്ല വിവരമുള്ളവര്‍ തന്നെയാണ്. ഇതിനുള്ള ഉത്തരം 8,9,12,17 ഇവ കൂട്ടിവായിച്ചാല്‍ ലഭിക്കും.

ഏതൊരാളും കാണുക ഇതില്‍ കാണുന്ന നല്ല ആശമാണ്.

26. പ്രസ്തുത അധ്യായം മാറ്റണമോ വേണ്ടയോ ?
ഉത്തരം : മാറ്റണം.

27. എന്തുകൊണ്ട്?
ഉത്തരം :

എന്‍‌റ്റെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന പൂര്‍ണ്ണ അവകാശം എനിക്കാണ്. ഈ അവകാശം കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ചെറിയ കാലഘട്ടത്തില്‍ അധ്യാപകര്‍ക്ക് എന്റെ മക്കളില്‍ കിട്ടുന്ന പ്രാധാന്യം ഉപയോഗിച്ച് മാറ്റിയെടുക്കുന്നതില്‍ വിയോജിപ്പുണ്ട്.

ഒരു സം‌ശയമായി പ്രകടിപ്പിക്കപ്പെട്ടപ്പോള്‍ പോലും , ചര്‍ച്ചകള്‍ പോലെ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ , ജനാധിപത്യരാജ്യമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ഉദ്ദേശ ശുദ്ധിയില്‍ സം‌ശയം ജനിപ്പിക്കുന്നു.

ഉദ്ദേശശുദ്ദിയുണ്ടായിരുന്നെങ്കില്‍ അതിന്‍‌റ്റെ സത്യാവസ്ഥ വിശദീകരിക്കാനും ഒരു പൊതു അഭിപ്രായ സമന്വയത്തിനുമൊക്കെ സാഹചര്യമുണ്ടായിരിക്കെ അതിനൊന്നും തയ്യറാവാത്തത് ചെയ്ത പ്രവൃത്തി നല്ലതാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ല മറിച്ച് ധാഷ്ട്യതമാത്രമാണെന്ന് തോന്നിയിട്ടുണ്ട്.

മതത്തില്‍‌ ജീവിക്കുന്ന ആളുകള്‍ മഹാഭൂരിപക്ഷമുള്ള സമൂഹത്തില്‍ മതമില്ലെന്നതല്ല ,

മതങ്ങള്‍ തമ്മിലുള്ള ഐക്യതകൂട്ടാനായിരിക്കണം സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന ബോധ്യമുള്ളതിനാലും ,

ഈ അധ്യായം ദോഷകരമല്ലെങ്കിലും,

പറയത്തക്ക ഗുണകരമല്ലെന്നതിനാലും ,

പറയപ്പെടുന്ന ഗുണം വളരെ ബാഹ്യമാണെന്ന തിരിച്ചറിവുള്ളതിനാലും ,

നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ഇതില്‍‌ എതിര്‍പ്പ് കാട്ടുന്നതിനാലും ഈ അധ്യായം മറ്റണമെന്ന് തന്നെയാണ് എന്‍‌റ്റെ അഭിപ്രായം.

വാല്‍‌കഷ്ണം:

കമ്പ്യൂട്ടര്‍ വേണ്ടെന്ന് പറയുന്നതിലും ആട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റം വേണ്ടെന്ന് പറയുന്നതിലും വലിയതാണ് മതം വേണ്ടെന്ന് പറയുന്ന പുരോഗമന വാദം എന്നത് എത്ര ശരിയായ ശരി.

Sunday, June 29, 2008

മതമില്ലാത്ത ജീവന്‍

' ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും '

ഏഴാം ക്ലാസ്സിലെ വിവാദ അധ്യായങ്ങള്‍ , പ്രത്യേകിച്ചും മതത്തെപ്പറ്റിയുള്ളത് വായിക്കുന്ന ഓരോരുത്തരും പറയുന്ന വാക്കുകള്‍.

ഒറ്റ നോട്ടത്തില്‍ വളരെ ശരിയാണ് മേല്‍ പറയുന്ന വാക്കുകള്‍ പക്ഷെ വായിച്ച് വിലയിരുത്തിയത് ചുരുങ്ങിയത് ഇരുപത്തഞ്ച് വയസ്സെങ്കിലും പ്രായമുള്ള , കാഴ്ചപ്പാടുകളുള്ള , പക്വതയുള്ളവരായ വ്യക്തികളാണെന്നതാണ് പ്രശ്നം.

അതായത് ഇത്തരം ഒരു ചിന്താഗതി ( മതത്തിന്‍‌റ്റെ അപ്പ്രസക്തി ) മനസ്സിലാക്കാനള്ള പ്രായമല്ല ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ളത്.

പ്രായമുള്ള ഒരു വ്യക്തി വായിച്ച് മനസ്സിലാക്കുന്നതുപോലെയല്ല കൊച്ചുകുട്ടികള്‍ വായിച്ച് മനസ്സിലാക്കുന്നത്. ഇന്നത്തെ സാമൂഹിക / രാഷ്ട്രീയ / മത സാഹചര്യങ്ങള്‍ അനുഭവിക്കുന്ന ഒരാള്‍ ,

' മതം ആവശ്യമില്ല '

എന്ന് പറയുന്നതും ,

മാനസിക പക്വതയില്ലാത്ത കുട്ടികള്‍ , വെള്ളം സ്പോഞ്ച് വലിച്ചെടുക്കുന്ന പോലെ മനസ്സുള്ള കുട്ടികള്‍ , മതമില്ല അല്ലെങ്കില്‍ മതത്തിന് പ്രസക്തിയില്ല എന്നും

' പഠി 'ക്കുന്നതിലാണ് അപകടം ഇരിക്കുന്നത്.

വലിയ വിദ്യാസമ്പന്നര്‍ എന്നൊക്കെ വിളിക്കാമെങ്കിലും , സാമൂഹികമായി പറയത്തക്ക പുരോഗമനമൊന്നുമില്ലാത്ത ഒരവസ്ഥയാണ് ഇന്ന് കേരളത്തില്‍ നില നിലവിലുള്ളത്.

മാത്രമല്ല മിക്ക കുടുമ്പങ്ങളും മത അടിസ്ഥാനമാക്കിയ ജീവിതമാണ് നയിക്കുന്നതും. വീട്ടിലെ ഇത്തരം അവസ്ഥയില്‍ നിന്നും സ്കൂളിലെത്തുന്ന കുട്ടി പഠിക്കുന്നത് ( മനസ്സിലാക്കുകയല്ല! ), മതം അത്ര അവശ്യമിലെന്നാണ് ( അത്യാവശ്യമുള്ളതാണോ / ആവശ്യമുള്ളതാണോ / അല്ലയോ എന്നതൊക്കെ പഠിപ്പിക്കുന്ന ആളെ അനുസരിച്ചിരിക്കുമെന്നത് വേറെ കാര്യം).

സ്വന്തമായി ഒരു കാഴ്ചപ്പാടുണ്ടാക്കാന്‍ മാത്രം പക്വതയില്ലാത്ത കുട്ടികളുടെ മനസ്സ് മാതാപിതാക്കളടേയും അധ്യാപകരുടേയും വിപരീത ആശയ സംഘട്ടനങ്ങള്‍ക്ക് വിധേയമാകുകയായിരിക്കും ഇതിന്‍‌റ്റെ ഫലം
മതത്തില്‍ കാര്യമില്ലെന്നതിനേക്കാളും ,

എല്ലാ മതങ്ങളും മനുഷ്യ നന്‍‌മക്കാണെന്ന് പഠിപ്പിക്കുകയും മതങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടാക്കാന്‍ വേണ്ട വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍‌പ്പെടുത്തേണ്ടിയിരുന്നു സത്യത്തില്‍ വേണ്ടിയിരുന്നത്.

" മതത്തെ അറിഞ്ഞ് മതത്തെ വേണ്ടെന്ന് വെക്കുന്നതും മതം ആവശ്യമില്ലെന്ന് പഠിക്കുന്നതും ഒന്നല്ല എന്നാണെന്റെ പക്ഷം. "

Thursday, June 26, 2008

മാമ്പൂവും മക്കളും

' എല്ലാ കണക്ക് കൂട്ടലും തെറ്റിയെടോ '


ഫോണില്‍ ദുബായില്‍ ജോലിചെയ്യുന്ന ബന്ധുവിന്‍‌റ്റെ ദുഖം കലര്‍ന്ന വാക്കുകള്‍. ഡിഗ്രിക്ക് പഠിക്കുന്ന മകന്‍ അവസാന വര്‍ഷപരീക്ഷയില്‍ തോറ്റതാണ് കാരണം.നാട്ടില്‍ പോകുമ്പോള്‍ മകനുള്ള വിസ കൊണ്ടു പോകാനും തിരിച്ചുവരുമ്പോള്‍ മകനെ ഒപ്പം കൊണ്ട് വരാനും ഒക്കെതീരുമാനിച്ചിരുന്നതിനാണ് പരീക്ഷയിലെ തോല്‍‌വി തുരങ്കം വെച്ചത്.

സപ്ലിമെന്‍‌റ്ററി പരീക്ഷക്കിരിക്കാവുന്നതല്ലെയുള്ളൂ ഒരു ചെറിയ കാലതാമസം അല്ലെ വരികയുള്ളു എന്ന എന്‍‌റ്റെ മറു ചോദ്യത്തിന് മുഴുനീള വിവരണമായിരുന്നു മറുപടി.ഇരുപത് കൊല്ലമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന അയാള്‍ , മകനെ ഇവിടെ കൊണ്ട് വന്ന് ഒരു ജോലിയാക്കിയതിനു ശേഷം നാട്ടില്‍ പോയി സ്ഥിര താമസമാക്കാനായിരുന്നു ഉദ്ദേശം.

'മകന്‍‌റ്റെ സഹായമില്ലാതെ അങ്ങിനെ ചെയ്തുകൂടെ?'

' മകനാണെന്‍‌റ്റെ സമ്പാദ്യം അവനിലാണ് ഞാന്‍ എല്ലാം മുടക്കിയിരിക്കുന്നത് '

' എല്ലാം ശരി , മകന്‍ തന്നില്ലെങ്കില്‍ എന്തുചെയ്യും? ആ ഒരു സാഹചര്യത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?'

ഒരു കൃത്യമായ മറുപടി അയാള്‍ക്കില്ലായിരുന്നു.

' ഇനിയുള്ള കാലം നാട്ടില്‍ കഴിയാനോ അല്ലെങ്കില്‍ അവിടെ ജോലിയെടുത്ത് ജീവിക്കാനോ പരസഹായമില്ലാതെ പറ്റുമെങ്കില്‍ അതു ചെയ്യുക അതായിരിക്കും ഉത്തമം അല്ലാതെ മകന്‍ നോക്കുമെന്ന പ്രതീക്ഷയില്‍ ഒന്നും ചെയ്യരുതെന്നാണെന്‍‌റ്റെ അഭിപ്രായം '

പുതിയ തലമുറയുടെ ഉത്തരവാദിത്വമില്ലായ്മയുടെ ഒരു വിവരണം കേട്ടപ്പോള്‍ പഴയ ഒരു സംഭവമായിരുന്നു മനസ്സില്‍ വന്നത്.പണ്ട് ഇയാള്‍ ഗള്‍ഫില്‍ പോരാന്‍ ഏജെന്‍‌റ്റിന് പണം കൊടുത്ത് തിരുവനന്തപുരത്ത് താമസിക്കുന്ന കാലം. ഇയാളുടെ പിതാവിന്‍‌റ്റെ വിഷമം കണ്ട് എന്‍‌റ്റെ അമ്മാവനുമായി തിരുവനന്ത പുരത്ത് പോയപ്പോള്‍ ആളെ കണ്ടുകിട്ടിയില്ല , അവസാനം വിശദമായ തിരച്ചിലില്‍ സിനിമാ തീയെറ്ററില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ അതു കണ്ട്നിന്ന പിതാവ് വാവിട്ടു കരഞ്ഞതൊക്കെ മറന്നോ എന്ന എന്‍‌റ്റെ മറു ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം.

************

മക്കളില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ ചെയ്യുക മാത്രമേ മാതാ പിതാക്കള്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണെന്‍‌റ്റെ അഭിപ്രായം.ഇത്തരം സഹായത്തില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസമാണ് , അതായത് ഏറ്റവും നല്ല വിദ്യാഭ്യാസം മക്കള്‍ക്ക് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്‍‌കുക.ഓരോ മക്കള്‍ക്കും വീടുണ്ടാക്കാനും മറ്റും നില്‍‌ക്കുന്നതിനുമുമ്പെ സ്വന്തം കാര്യങ്ങള്‍ മരക്കരുത്.

ഓരോ മനുഷ്യനും ഓരോ ഉത്തരവാദിത്വമുള്ളതുപോലെ അവര്‍ക്ക് ചെയ്യാനുള്ളതവര്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. സ്വന്തം മക്കളായാല്‍ പോലും അവരുടെ ഉത്തരവാദിത്വത്തില്‍ കൈകടത്തുന്നത് നല്ല് ഒരു പ്രവണതയല്ല.

മക്കളില്‍ നിന്നും തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷ ഇല്ലാത്ത കാരണത്താല്‍, തരുന്ന മക്കള്‍ തരാതിരിക്കുകയോ , പ്രതീക്ഷ വെച്ച് പുലര്‍ത്തിയാല്‍ തരാത്ത മക്കള്‍ തരികയോ ഇല്ല.ഓരോരുത്തര്‍ക്കുമുള്ളത് ഓരോരുത്തരും സ്വയം കണ്ടെത്തുകയാണ് ഉത്തമം. ഉമ്മ പറയും :

' മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് '

ഉപ്പ പറയും :

' എനിക്ക് തരേണ്ട എന്നോട് ചോദിക്കുകയും വേണ്ട നിങ്ങളുടെ പക്കല്‍ ഉണ്ടായാല്‍ മാത്രം മതി'

അതിനൊപ്പം തന്നെ ' നല്ല മക്കള്‍ക്ക് ഉണ്ടാക്കേണ്ടതില്ല , നല്ലവനല്ലാത്ത മക്കള്‍ക്കുണ്ടാക്കിയീട്ട് കാര്യവുമില്ല '

നമുക്ക് നമ്മുടെ മക്കള്‍ക്ക് പറ്റാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കാം ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ.

ബെന്യാമിന്‍‌റ്റെ പോസ്റ്റിനുള്ള കമന്‍‌റ്റ് - 2

തുടര്‍ച്ച
ബെന്യാമിന്‍‌റ്റെ ഈ പോസ്റ്റിനും പോസ്റ്റിനുമുള്ള എന്‍‌റ്റെ ഉത്തരങ്ങള്‍

5. യഥാര്‍ത്ഥ ഗള്‍ഫിനെ രേഖപ്പെടുത്തിയ രചനകള്‍ ഉണ്ടായിട്ടുണ്ടോ.? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌?

ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും അവയൊക്കെ ആഴമില്ലാത്ത - ഉപരിപ്ലവമായതാവാനേ തരമുള്ളൂ എന്നതുമാത്രമല്ല , കുടിയേറ്റം എന്നതൊഴികെ എന്തൊക്കെ സാഹചര്യങ്ങള്‍ ഉണ്ടായാലും ഭാവിലും എണ്ണത്തില്‍ രചനകളുടെ ആധിക്യമല്ലാതെ നിലവാരത്തില്‍ പറയത്തക്ക വ്യത്യാസം ഉണ്ടാകാനും തരമില്ല.
ഒരു സംസ്കാരവുമായി ബന്ധപ്പെട്ട ശക്തമായ രചനകള്‍ ഉണ്ടാവണമെങ്കില്‍ ആ സംസ്കാരവുമായി ആഴത്തില്‍ വൈകാരിക ബന്ധമുണ്ടാവേണ്ടതുണ്ട് ഒരാളുടെ അന്യതാബോധം എപ്പോഴും ഇത്തരം ആഴത്തിലുള്ള ബന്ധങ്ങളുണ്ടാകുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുകയേ ഉള്ളൂ.

കരാര്‍ തൊഴിലാളിയാണോ അല്ലയോ എന്നതിനേക്കാള്‍ , ഭാവിയില്‍ കുടിയേറ്റക്കാരനാകാന്‍ സാഹചര്യം ഉണ്ടോ ഇല്ലയോ എന്നതാണ് ആളുകളുടെ ഒരു സംസ്കാരവുമായുള്ള അന്യതാ ബോധത്തില്‍ മാറ്റം വരുത്തുന്നത്.

6.ലോകസാഹിത്യവായനയില്‍ മലയാളി പലപ്പോഴും മുന്നിലാണ്‌ എന്നാല്‍ അറബി സാഹിത്യം വായിക്കാന്‍ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ ഒട്ടും താത്‌പര്യം കാണിക്കുന്നില്ല. അറബി ഭാഷ നിര്‍ണ്ണയിക്കുന്ന ഒരിടത്ത്‌ ജീവിച്ചിട്ടും ഈ സാഹിത്യത്തിലേക്ക്‌ മലയാളി എത്താത്തതിന്റെ കാരണം എന്തായിരിക്കും?

ലോക സാഹിത്യവായനയില്‍ എന്നതിന് പകരം ഇംഗ്ലീഷ് ഭാഷയിലെഴുതിയ രചനകള്‍ എന്ന് പറയുന്നതാകും ഉത്തമം.

ഭാഷയോടുള്ള അടുപ്പമാണ് ആളുകള്‍ വായിക്കാനുള്ള പ്രധാന അടിസ്ഥാനം. മലയാളിക്ക് അറബി ഭാഷയോടുള്ള ബന്ധം തുടങ്ങുന്നത് അറബി രാജ്യത്ത് വന്നതിനു ശേഷമാണ് അതുകൊണ്ട് തന്നെ സംസാരഭാഷ എന്ന  തലത്തില്‍ നിന്നും അതു വളരുന്നില്ല ( അറബി കോളെജുകളും മുസ്ലിം സമുദായവുമായുള്ള ബന്ധം മറന്നല്ല ഇതു പറയുന്നത് ) പക്ഷെ ഇംഗ്ലീഷുമായി അതല്ല സ്ഥിതി.

7. മലയാളം അന്നം തരാന്‍ കഴിവില്ലാത്ത ഭാഷയാണെന്ന് പലരും പറയാറുണ്ട്‌. ദിനേന മൈഗ്രന്റായി മാറുന്ന ഒരു സമൂഹമായി കേരളം മാറവെ നമ്മുടെ മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും അതിജീവനം എങ്ങനെയായിരിക്കും..?

താങ്കളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതോടൊപ്പം ,വെറും അഞ്ഞൂറുവര്‍ഷത്തെ പഴക്കമുള്ള നമ്മുടെ ഭാഷ എത്രയധികം മാറ്റങ്ങളിലൂടെയാണ്‌ ഇവിടെ വരെയെത്തിയത്‌? പിന്നെങ്ങനെ ഇപ്പോഴത്തെ നിലയില്‍ അത്‌ തുടരണമെന്ന് നമുക്ക്‌ വാദിക്കാന്‍ കഴിയും.മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ ഭാഷാ വക്താക്കള്‍ തയ്യാറാവുന്നുണ്ടോ എന്നൊരു സംശയം മാത്രം.


11. പ്രവാസസാഹിത്യമാണോ ഡയസ്‌പോറ സാഹിത്യമാണോ അതോ കുടിയേറ്റക്കാരന്റെ സാഹിത്യമാണോ ഗള്‍ഫുകാരന്‍ എഴുതിക്കൊണ്ടിരിക്കുന്നത്‌..?

സാഹിത്യകാരെയല്ല എഴുതുന്ന ഗള്‍ഫുകാരനെയാണുദ്ദേശിച്ചതിനാല്‍,എഴുത്തുണ്ടാവുന്നത് മനസ്സിനെ ഉണര്‍ത്തുമ്പൊളാനെന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ഒരു ഗള്‍ഫുകാരനെ കൂടുതല്‍ മഥിക്കുന്നത് കേരളമെന്ന നാടുതന്നെയാണ് അതുകൊണ്ട് തന്നെ കൂടുതലും അതുമായി ബന്ധപ്പെട്ടുതന്നെകിടക്കുന്നു.

Wednesday, June 25, 2008

ബെന്യാമിനുള്ള കമന്‍‌റ്റ്

ബിന്യാമന്‍‌റ്റെ ഈ പോസ്റ്റില്‍ ചോദിച്ച ചോദ്യങ്ങളുടെ എനിക്കുള്ള ഉത്തരങ്ങളാണിവ , എന്‍‌റ്റെ മാത്രം അഭിപ്രായങ്ങളായതിനാല്‍ ഒരു പോസ്റ്റായിടുന്നു.

1. ഗള്‍ഫ്‌ ജീവിതത്തെ പ്രവാസമായാണോ കുടിയേറ്റമായാണോ താങ്കള്‍ വിലയിരുത്തുന്നത്‌. വിശദീകരിക്കുമല്ലോ.

ഗള്‍ഫ്‌ ജീവിതത്തെ കുടിയേറ്റമായി വിലയിരുത്താനോ കാണാനോ പറ്റില്ല പ്രവാസമായി കാണാനേ പറ്റൂ.
പ്രവാസത്തില്‍ കുടിയേറ്റം സാധ്യമാകുന്ന എന്തെങ്കിലും പ്രതീക്ഷയെങ്കിലും ഉണ്ടെകിലേ മാനസികമായെങ്കിലും ഒരാള്‍ക്ക് കുടിയേറ്റമെന്ന് തോന്നലുണ്ടാക്കാനാകൂ.

അതായത്‌ പ്രവാസം കുടിയേറ്റമായി മാറണമെങ്കില്‍ ആദ്യം വേണ്ടത്‌ കുടിയേറിയ രാജ്യം അതനുവദിക്കുമോ എന്നതാണ്. ഇതുവരെ ഒരു ഗള്‍ഫ് രാജ്യവും അങ്ങിനെ ഒരു കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടില്ല അതിനുള്ള സാഹചര്യം സമീപ ഭാവിലൊന്നും ഉണ്ടാകാനും പോകുന്നില്ല.
അതുകൊണ്ട്‌ തന്നെ ഗള്‍ഫില്‍ പോകാന്‍ മനസ്സില്‍ കരുതുന്ന ഒരാളുപോലും കുടിയേറ്റത്തെപ്പറ്റി സ്വപ്നം പോലും കാണില്ല.

അമേരിക്കയിലേക്കോ മറ്റോ പ്രവാസിയാവുമ്പോള്‍ നിബന്ധനങ്ങള്‍ക്ക് വിധേയമായിട്ടെങ്കിലും കുടിയേറാന്‍ അനുവാദം നല്‍‌കുന്നുണ്ട്. അതുകൊണ്ട്‌ തന്നെ മാന‍സികമായെങ്കിലും പ്രവാസിക്ക്‌ തുടക്കം മുതലേ കുടിയേറ്റക്കാരനാവാം എന്ന സ്വപ്നം കാണാനും അത് സഫലീകരിക്കാന്‍ പരിശ്രമിക്കാവുന്നതുമാണ്.

ഗള്‍ഫ് ജീവിതത്തില്‍ പ്രവേശിക്കുന്നതിനുപോലും മുമ്പെ ഒരാള്‍ക്ക് ഈ ചിന്തയാണ് ഒരു പരിധിയില്‍ കൂടുതല്‍ ഇവിടത്തെ സംസ്കാരവുമായി ഇഴുകിച്ചേരാന് പോലും അവനാവാതിരിക്കാന്‍ കാരണം.

3. ഗള്‍ഫിലേക്കു വന്ന ആദ്യ കുടിയേറ്റക്കരുടെ തലമുറകളില്‍ നിന്നെഴുത്തുകാര്‍ ഉണ്ടായില്ലെന്നു തന്നെ പറയാം. തീക്ഷ്‌ണാനുഭവങ്ങള്‍ ഉണ്ടായിരുന്ന ആ തലമുറ നമ്മുടെ സാഹിത്യത്തില്‍ അടയാളപ്പെടുക പോലുമുണ്ടായില്ല. ഇന്ന് ഗള്‍ഫില്‍ നിന്ന് ധാരാളം മുഖ്യധാരാ എഴുത്തുകാരുണ്ട്‌. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ലാവണ്യ പ്രശ്നങ്ങള്‍ എന്തായിരിക്കും..?

എഴുത്ത് കാരായ ആദ്യ കുടിയേറ്റക്കാരുടെ ( സ്ഥലം ഗള്‍ഫായതിനാല്‍ പ്രവാസികളുടെ എന്നാണുത്തമം) തലമുറകളില്‍ പെട്ടവരില്‍ നിന്നും തീക്ഷണാനുഭവങ്ങളുണ്ടായിട്ട് പോലും പോലും പറയത്തക്ക സൃഷ്ടികള്‍ ഉണ്ടാവാതിരിക്കാനുള്ള കാരണമെന്താണ്? ഇന്ന് ഗള്‍ഫില്‍ നിന്ന് ധാരാളം മുഖ്യധാരാ എഴുത്തുകാരുണ്ട്‌. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ലാവണ്യ പ്രശ്നങ്ങള്‍ എന്തായിരിക്കും?

ഇതുപോലെ ചോദ്യം മാറ്റുന്നതായിരിക്കും പ്രസക്തികൂട്ടുക കാരണം തീക്ഷ്ണ അനുഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം എഴുത്തുകാരന്‍ ജനിക്കില്ല. അനുഭവത്തെ എഴുത്തിലൂടെ അവതരിപ്പിക്കാനുള്ള കഴിവുള്ളവനേ എഴുത്ത്‌കാരനവാനാകൂ.

എഴുത്തുകാരായ പണ്‍ടുള്ള പ്രവാസികളില്‍ നിന്നും സൃഷ്ടികളുണ്ടാകാതിരിക്കാന്‍ കാരണം സാഹചര്യത്തിന്‍‌റ്റെ സമ്മര്‍ദ്ദം ഒന്നുകൊണ്ട് മാത്രമാണെന്നാണ് തോന്നുന്നത്. മാത്രമല്ല വായനക്കാരനുണ്ടായാലല്ലേ എഴുത്തുകാരനുണ്ടാകൂ അത്തരത്തിലുള്ള പ്രതീക്ഷക്കുപോലും വകയില്ലാത്തതഅവഅം അതിനുകാരണം.

ഇന്നു പക്ഷെ അതല്ല സ്ഥിതി , സാഹചര്യത്തിന് മാറ്റം വന്നു , സമൂഹത്തിന്റെ വളര്‍ച്ച , സമാന ചിന്തകളുള്ളവരുടെ ആധിക്യം ഇതൊക്കെ എഴുത്തുകാരന് വളര്‍ച്ചയേകാന്‍ സഹായിച്ചു.

4. വലിയ മലയാളി സമൂഹത്തിന്റെ നടുക്ക്‌ അന്യനാട്ടില്‍ കഴിയാന്‍ പറ്റുന്നത്‌ എഴുത്തിനെ കൂടുതല്‍ സഹായിക്കുന്നുണ്ടോ..? ഗള്‍ഫിലെ എഴുത്തുകാര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്‌..? അല്ലെങ്കില്‍ അങ്ങനെ ഒന്നില്ലെന്നുണ്ടോ?

തീര്‍ച്ചയായും , സമൂഹത്തിന്‍‌റ്റെ വളര്‍ച്ചയില്‍ വായനക്കാരന്‍‌റ്റെ എണ്ണവും വര്‍ദ്ധിച്ചേക്കാം എന്നുള്ളതിനാല്‍ എഴുത്തുകാരന് പ്രതീക്ഷിക്കുക എങ്കിലും ചെയ്യാം അതു മാനസികമായെങ്കിലും എഴുത്തുകാരന്റെ വളര്‍ച്ചയെ സഹായിക്കും .

മുഴു- എഴുത്തുകാരന് ഗള്‍ഫില്‍ നിലനില്‍‌പ്പില്ലെന്നാണെനിക്ക് തോന്നുന്നത്. കാരണം എഴുത്തൊരു ഉപജീവിത മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്താന്‍ സാഹചര്യം ഇല്ല എന്നതുതന്നെ.

ഉപജീവനമാര്‍ഗ്ഗത്തിന് തൊഴില്‍ അത്യാവശ്യമാണ് , സ്വാഭാവികമായും ഒരേ ജോലി ഗള്‍ഫില്‍ ചെയ്യുന്നതും നാട്ടില്‍ ചെയ്യുന്നതും വ്യത്യാസമുണ്ട് കാരണം ഗള്‍ഫിലെ ജോലിയോടൊപ്പം സ്വന്തം ജോലികളും എഴുത്തുകാരന്‍ ചെയ്യെണ്ടിവരുന്നു അതുകൊണ്ട് തന്നെ സമയക്കുറവാണ് മറ്റൊരു പ്രധാന പ്രശ്നമായി ഞാന്‍ കാണുന്നത്.

Sunday, June 15, 2008

നീ നുണ പറയുകയാണ് !

" നീ നുണ പറയുകയാണ് ! "


കല്യാണ സദസ്സില്‍ കുറച്ച് പേര്‍ സംസാരിച്ചിരിക്കുന്നതിനിടെ ചെവിയില്‍ എന്തോ പറഞ്ഞ മകളെ കയ്യില്‍ പിടിച്ച് വശത്തേക്ക് മാറ്റി നിര്‍‌ത്തി. പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടി ജാള്യതയോടെ അവിടെ ഇരുന്നിരിന്ന ഓരോരുത്തരേയും നോക്കി , വീണ്ടും അയാളിലേക്ക് തിരിഞ്ഞു.

' സത്യം! '

അവിശ്വാസമായതിനാലാണെന്ന് തോന്നുന്നു കുട്ടി പറഞ്ഞത് അയാള്‍ ചെവി കൊണ്ടില്ല, ദേഷ്യത്തോടെ അവിടേ നിന്നും പോകാന്‍ പറഞ്ഞു. തല താഴ്ത്തി നിന്ന കുട്ടി പോകാതെ വിണ്ടും അയാളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു:

" അച്ഛനാണ് , ദൈവമാണ് സത്യം! "

സദ്യക്കുള്ള വിളി അച്ഛന്‍ - മകള്‍ തര്‍ക്കത്തിന് വിരാമമായി , എണീറ്റ് നടക്കുമ്പോള്‍ ഞാനാകുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു , എല്ലാവരുടെ മുമ്പിലും കള്ളിയായ , തന്‍‌റ്റെ സത്യത്തെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷവും മുഖത്ത് പ്രകടമായിരുന്നു.

******************

കുട്ടികള്‍ നുണ പറയുമ്പോള്‍ രക്ഷിതാക്കള്‍ പല രീതിയിലാണ് പ്രതികരിക്കുക , ചിലര്‍ മുകളില്‍ പറഞ്ഞത് പോലെ , ചിലര്‍ കുറച്ച് കൂടി കടന്ന ശിക്ഷകളിലേക്ക് , മറ്റ് ചിലര്‍ തീരെ പ്രതികരിക്കില്ല , ഇനി നാലമതൊരു കൂട്ടം വേറൊരു ശൈലി.

കുട്ടികള്‍ നുണപയുമ്പോളും സത്യം പറയുമ്പോളും അതതുപോലെ ഉള്‍‌ക്കൊള്ളണമെന്നതാണെന്‍‌റ്റെ മതം. അതായത് നൂറ് ശതമാനം കുട്ടി നുണ പറയുകയാണെന്ന് നമുക്ക് ബോധ്യമുണ്ടെങ്കില്‍ പോലും വിശ്വസിക്കണമെന്നര്‍ത്ഥം(പഠന വിഷയങ്ങളല്ല വിവക്ഷിച്ചതെന്ന് പറയേണ്ടതില്ലല്ലോ!).

കുട്ടി പറഞ്ഞത് സത്യമായിക്കൊള്ളട്ടെ / നുണയായിക്കൊള്ളട്ടെ ആദ്യം അത് സത്യമായിത്തന്നെ അംഗീകരിക്കുക തന്നെ വേണം. നൂറ് ശതമാനം നമുക്ക് ബോധ്യമുള്ള കാര്യം കുട്ടിയെ കഴിയുന്നതും ഉടന്‍ തിരുത്തന്‍ പാടില്ല മറിച്ച് മറന്നു തുടങ്ങുന്നോടൊപ്പമായിരിക്കണം അവതരിപ്പിക്കേണ്ടത്. കാര്യ ഗൗരവത്തിന്‍‌റ്റെ അളവനുസരിച്ച് മാറ്റങ്ങള്‍ ആവാവുന്നതാണ്.

പരാജയപ്പെടരുതെന്ന ഒറ്റ ആഗ്രഹത്തോടെയായിരിക്കും ഒരു കുട്ടി നുണപറയുക അതുകൊണ്ട് തന്നെ നുണപറയുന്ന ഒരുകുട്ടിയുടെ തലച്ചോറാണ് ആദ്യം പ്രവര്‍‌ത്തുക. തലച്ചോറിന്‍‌റ്റെ പ്രവര്‍‌ത്തനത്തിലുള്ള ആധിക്യം അവന്‍‌റ്റെ മനസ്സിന്‍‌റ്റെ പ്രവര്‍‌ത്തനത്തെ തടഞ്ഞു നിര്‍ത്തുന്നു അതായത് കുറ്റബോധം എന്നത് അവനില്‍ ആസമയത്ത് ഉണ്ടാക്കുന്നില്ല.

തന്‍‌റ്റെ നുണ യാതൊരു ബിദ്ധിമുട്ടുമില്ലാതെ കേട്ട ആള്‍ വിശ്വസിക്കുന്നതോടെ തലച്ചോറിന്‍‌റ്റെ ലക്ഷ്യം വിജയിക്കുന്നു സ്വാഭാവികമായും അതോടെ തലച്ചോര്‍ പിന്നോട്ടായുകയും ചെയ്യുന്നു. തലച്ചോര്‍ പിന്‍‌വാങ്ങുന്നതൊടെ മനസ്സിനെ മുന്നോട്ട് വരികയും തുടര്‍ന്ന് കുറ്റ ബോധം അവനില്‍ ജനിക്കുന്നു.

ഓരോ തവണ ഇങ്ങനെ നുണ പറയുയുകയും അത് ഒറ്റയടിക്ക് എതിര്‍പ്പുകളോ അദിശയങ്ങളോ ഇല്ലാതെ വിശ്വസിക്കപ്പെടുന്നതോടെ തന്‍‌റ്റെ നുണയെ വിജയിപ്പിച്ചെടുക്കാനുള്ള ആയാസം തലച്ചോറിന് കുറവയി വരുന്നു.ഇതാവട്ടെ മനസ്സിന്‍‌റ്റെ പ്രവൃത്തികൂട്ടുകയും ചെയ്യുന്നു അതായത് ഓരോ തവണ വിജയിക്കുമ്പോഴും അവന്‍‌റ്റെ കുറ്റബോധം കൂട്ടുന്നു.നുണയുടെ വിജയത്തില്‍ നിന്നും കിട്ടുന്ന സന്തോഷത്തേക്കാള്‍ കുറ്റബോധം അവനെ വേട്ടയാടുകയും സാവധാനം വന്‍ സ്വയം നുണപറയല്‍ നിര്‍ത്തുകയും ചെയ്യുന്നു.


മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതായത് നുണ കേട്ട ഉടനെ അത് വിശ്വസിക്കാതെവരുമ്പോള്‍ അടുത്ത തവണ നുണ പറയുമ്പോള്‍ കൂടുതല്‍ ശക്തമായാണവന്‍ നുണ പറയാന്‍ ശ്രമിക്കുക. ഇതാവട്ടെ ഓരോ തവണയും കൂടുതല്‍ ശക്തിപ്രാപിക്കാന്‍ കാരണമാകുന്നു. വളരെ കഷ്ടപ്പെട്ട് കിട്ടിയ വിജയം ( നുണയെ വിശ്വസിക്കുന്നത്) അവനെ കൂടുതല്‍ സന്തോഷവാനാക്കുന്നതോടൊപ്പം അടുത്ത നുണയെ വിശ്വസിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യുന്നു. തലച്ചോറിന്‍‌റ്റെ ഈ അധിക പ്രവൃത്തി മനസ്സിനെ അടുപ്പിക്കാതിരിക്കുന്നതോടെ കുറ്റബോധം അവനില്‍ ഉണ്ടാകുന്നുമില്ല.

പറയുന്നത് വിശ്വസിക്കുന്നതുപോലെത്തന്നെ കുട്ടികളെ ' സത്യം ' എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍‌തിരിപ്പിക്കണം എന്നാണെന്‍‌റ്റെ മതം , അതായത് സത്യം എന്ന വാക്കിന്‍‌റ്റെ സഹായമില്ലാതെത്തന്നെ പറയുന്നത് വിശ്വസിക്കാനുള്ള ത്രാണി ഓരോരുത്തര്‍ക്കും ഉണ്ടാവുന്നതോടെ കുട്ടികളില്‍ ആത്മ വിശ്വാസം കൂടുന്നു.


കുട്ടികളെല്ലാം നുണപറായാത്ത സത്യം എന്ന വാക്കുച്ചരിക്കാത്തവരായി വളരട്ടെ.

Thursday, June 05, 2008

എന്‍‌റ്റേയും കോപ്പിയടിച്ചു

എന്‍‌റ്റെ ഈ പോസ്റ്റ് സമ്മതമോ അറിവോ ഇല്ലാതെ ഇവിടെ വില്‍‌ക്കാന്‍ വെച്ചിരിക്കുന്നു. ബൂലോകത്തും ഇതിന്‍‌റ്റെ കറുത്ത കൈകള്‍ ഉള്ളതെന്ന് നിസ്സംശയം പറയാന്‍ പറ്റും. ഇതിനു പിന്നിലുള്ളവര്‍ ഓര്‍ക്കുക ഇതൊരു വെറും കോപ്പി റൈറ്റ് പ്രശ്നത്തിലേക്കല്ല നീങ്ങുന്നതെന്ന്. ഇതിന് കൊടുക്കേണ്ട വില വളരെ വലിയതായിരിക്കുമെന്നോര്‍മ്മിപ്പുന്നതോടൊപ്പം എത്രയും പെട്ടെന്ന് അവിടേനിന്നും നീക്കം ചെയ്യാനും ആവശ്യപ്പെടുന്നു.





I demand http://www.mazhathully.com/ to remove my article published in thier site to make money without my permission or knowledge immediately or strict action will be taken without any further notice.





Saturday, May 10, 2008

ചില ഇന്‍ഷൂറന്‍സ് ചിന്തകള്‍

നാല് വര്‍ഷം മുമ്പാണ് എന്‍‌റ്റെ ഒരു സുഹൃത്തില്‍ നിന്നും നമ്പര്‍ വാങ്ങി ഒരാളെന്നെ ഫോണില്‍ വിളിച്ചത്. ഫോണില്‍കൂടി യാതൊന്നും സംസാരിക്കാതെ എന്നെ നേരില്‍ കാണണമെന്നായിരുന്നു അയാളുടെ ആവശ്യം.


പേരുകേട്ട ഒരു ഇന്‍ഷൂറന്‍സ് കമ്പനി ഏജെന്‍‌റ്റായ അയാള്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കേണ്ടതിലെ അത്യാവശ്യകതയെപറ്റി ഒരടുത്ത ബന്ധുവിനെപ്പോലെ എനിക്ക് വിവരിച്ചുതന്നു. അയാളുടെ വിവരണം കഴിഞ്ഞപ്പോഴാണ് ഇതൊന്നും എടുക്കാത്തതിലെ ബുദ്ധിമോശത്തെപ്പറ്റി എനിക്കുണര്‍‌വുണ്ടായത്. ഇക്കാലമത്രയും ഒന്നും പറ്റാത്തതില്‍ സര്‍‌വേശ്വരനോട് നന്ദി പറഞ്ഞ് മുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ അയാള്‍ വീണ്ടും പോലിസിയെപ്പറ്റി ഇടതടവില്ലാതെ വിവരിച്ചുകൊണ്ടിരുന്നു.

ഒരു കുടുംബ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കാമെന്ന് തീരുമാനിച്ച ഞാന്‍ അയാളുടെ സംസാരത്തില്‍ നിന്നും മറ്റും അയാളൊരു പോളിസി ഏജന്‍‌റ്റാണെന്നുപോലും മറന്നുപോയി:

' ഇതൊരു ബിസിനസ്സായി കാണരുത് ഏറ്റവും നല്ലതും ഇക്കണോമിക്കലുമായ ഒരു പോളിസി താങ്കള്‍ തന്നെ തീരുമാനിച്ചോളൂ '

കുടുമ്പ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി പേപ്പറുകളില്‍ ഒപ്പുവെപ്പിച്ചതിന് ശേഷം ലാഭമുള്ളതിനാല്‍ ഒരു വര്‍ഷത്തെക്കുള്ള പ്രീമിയത്തുകയും കൈപറ്റിയാനയാള്‍ പോയത്.മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോള്‍ പോളിസി ഡോക്യുമെന്‍സും ഇന്‍ഷൂറന്‍സ് കാര്‍ഡും അയാള്‍ എന്‍‌റ്റെ ഓഫീസില്‍ വന്നേല്‍‌പ്പിക്കുകയും ചെയ്തു.

ഇന്‍ഷൂറന്‍സ് പോളിസി കാര്‍ഡ് ഐഡെന്‍‌റ്റി കാര്‍ഡിനൊപ്പം പേര്‍സില്‍ തിരുകി ഏതസുഖത്തേയും സ്വാഗതം ചെയ്തിരിക്കെയാണ് പച്ചാനാക്കസുഖം വന്നത്.ഡോക്ടര്‍ക്ക് അപ്പോയിന്‍‌മെന്‍‌റ്റെടുക്കാന്‍ ഞാന്‍ ഫോണ്‍ ചെയ്തു:

' ഇന്‍ഷൂറന്‍സൊക്കെ എടുക്കുമല്ലോ അല്ലെ? '
'ഏത് കമ്പനിയാണ്? '
' XYZ ഇന്‍ഷൂറന്‍സ് '
' പിന്നില്ലാതെ എടുക്കും.'

ക്ലിനിക്കില്‍ ചെന്ന് പേര് റജിസ്ട്രേഷന്‍ സമയത്ത് , അഭിമാനത്തോടെ റിസപ്ഷനിസ്റ്റിന് നേരെ നീട്ടിയ ഇന്‍ഷൂറന്‍സ് കാര്‍ഡ് നോക്കി അതേ വേഗതയില്‍ അവര്‍ പറഞ്ഞു:

' സാര്‍ ഇത് കവറാവില്ലല്ലോ , ഇത് ഇന്‍‌ പേഷ്യന്‍‌റ്റ് മാത്രമേയുള്ളു മാത്രമല്ല നാല്‍‌പ്പത് ശതമാനം മാത്രമേ കിട്ടൂ '

അങ്ങിനെയാവാന്‍ തരമില്ലെന്നും ഞാന്‍ ഒരു പ്രത്യേക ചികില്‍സക്കല്ല ( ഇന്‍/ഔട്ട്) ഇതെടുത്തതെന്നും അറിയീച്ചപ്പോള്‍ മലയാളിയായ തൊട്ടടുത്ത് നിന്നിരുന്ന അവരുടെ സഹായി:

' ഒരു കാര്യം ചെയ്യൂ പൈസ അടച്ചോളൂ പിന്നീട് റീ ഇമ്പേഴ്സ് ചെയ്തല്‍ മതിയല്ലോ'

അന്നവിടെ വന്ന ബില്ലിനെല്ലാം ഞാന്‍ പണം കൊടുത്ത് റീ ഇമ്പേഴ്സ്നിനുള്ള പേപ്പറില്‍ ഡോക്ടറെക്കൊണ്ട് ഒപ്പുമിടുവിച്ച് തിരിച്ചുവന്ന് ഇന്‍‍ഷൂറന്‍സ് ഏജെന്‍‌റ്റിനെ വിളിച്ച് കാര്യം പറഞ്ഞു , കൊടുത്ത ബില്‍ റീ ഇമ്പേഴ്സ് ചെയ്യാനുള്ള മാര്‍ഗ്ഗമന്വേഷിച്ചു:

' ഏയ് അതു കിട്ടില്ല '
' കിട്ടില്ലെന്നോ കാരണം? '
' സാറെടുത്ത പോളിസി ഇന്‍ പേഷ്യന്‍‌റ്റ് മാത്രമേ കവറാവൂ ഔട്ട് പേഷ്യന്‍‌റ്റ് കവറല്ല '
' ഞാന്‍ താങ്കളോട് ഇന്‍‌പേഷ്യന്‍‌റ്റിന് മാത്രമുള്ള പോളിസിയാണോ ചോദിച്ചത്? '
ഉടന്‍ അയാളുടെ മറുചോദ്യം ,' ഔട് പേഷ്യന്‍‌റ്റ് സാറ് ആവശ്യപ്പെട്ടോ? '
' ഏറ്റവും നല്ല ഒരു മെഡിക്കലല്ലെ സുഹൃത്തേ ഞാന്‍ ചോദിച്ചത് ? '

അയാളുടെ സംസാര ശൈലി മാറിത്തുടങ്ങിയപ്പോള്‍ കൂടുതല്‍ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നെനിക്ക് മനസ്സിലായി.പറ്റിയത് പറ്റി ഇനി കയ്യിലുള്ള പോളിസി ഔട്ട് പെഷ്യന്‍‌റ്റ് കവറാക്കാനുള്ള അധികപണം കൊടുക്കാന്‍ തയ്യാറായെങ്കിലും ഇതായിരുന്നുമറുപടി:

' അതിപ്പോ ഇല്ല സാറെ പണ്ടൊക്കെ ചെയ്യാമായിരുന്നു , ഇനി ഇപ്പോ ഒറ്റ മാര്‍ഗ്ഗമെയുള്ളു ഒരു പുതിയ പോളിസി എടുക്കുക! '

മാത്രമല്ല നല്ലൊരു പുതിയ പോളിസി അന്നുതന്നെ ലോഞ്ച് ചെയ്തതായും അയാളറിയീച്ചു
' അപ്പോ ഇപ്പോള്‍ കയ്യിലുള്ളതോ ?'
' അത് സാറവിടെ വെച്ചോ , എന്നെങ്കിലും ഇന്‍ പേഷ്യെന്‍‌റ്റായാല്‍ ഉപയോഗിക്കാലോ '
' അതിനിത് നാല്‍‌പ്പത് ശതമാനമല്ലെ കിട്ടൂ , നൂറ് ശതമാനം കിട്ടില്ലല്ലോ ?'

' സാറ് പറയുന്നതൊക്കെ ശരിതന്നെ അതെല്ലാം നടക്കുകയാണെങ്കില്‍ ലോകത്ത് ഇന്‍ഷൂറന്‍സ് കമ്പനികലെല്ലാം പൂട്ടേണ്ടിവരില്ലെ? പിന്നെ നൂറ് ശതമാനം ഉള്ള പോളിസിക്കൊക്കെ വലിയ പ്രീമിയമാണ്'

'അതെടുക്കുന്ന സമയത്ത് ഞാന്‍ താങ്കളോട് പ്രീമിയത്തെപ്പറ്റി വല്ലതും സംസാരിച്ചോ , എറ്റവും നല്ലത് നല്ല ഇക്കണോമിക്കലായത് വെണമെന്നല്ലേ പറഞ്ഞത്?

ചുരുക്കത്തില്‍ ആ സംസാരം അവിടെ നിന്നു , ആ ഫയല്‍ അപ്പോ തന്നെ കീറികളയുകയും ചെയ്തു.

*****************

ഇപ്പോള്‍ ജോലിചെയ്യുന്ന കമ്പനിയില്‍ ചേര്‍ന്നസമയത്ത് കുടുംബ ഇന്‍‌ഷൂറന്‍സിലാദ്യം നോക്കിയത് പണ്ടത്തെ അമളിയാണ്. ഇനും ഔട്ടും ഒക്കെയുണ്ട് ആകെ ഒഴിവുള്ളത് പല്ലുമായി ബന്ധപ്പെട്ടത് മാത്രം അതില്‍‌ പോലും പല്ലുമായി അസുഖമാണെങ്കില്‍ അതും കവറാണ് , കെട്ടിക്കല്‍ ഭംഗി വരുത്താന്‍‌വേണ്ടി വല്ല ഓപറേഷനും എടുക്കുന്നെങ്കില്‍ അതുമാത്രം കവറല്ല.

മോനുമായി പല തവണ പോയെങ്കിലും യാതൊരുകുഴപ്പവുമുണ്ടായില്ല എല്ലാം ഇന്‍ഷൂറന്‍സ് നോക്കുന്നു. എന്നാല്‍ ഈയിടക്കാണ് മോന്‍‌റ്റെ തൊലിക്ക് ചില പ്രശ്നങ്ങള്‍ കാണാന്‍ തുടങ്ങിയത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങന്‍ പോയപ്പോഴാണ് ഒരു പുതിയ കാര്യം മെഡിക്കല്‍ ഷോപ്പിലെ ആള്‍ പറഞ്ഞത് , ഡോക്ടര്‍ എഴുതിയ മിക്ക മരുന്നുകളും മരുന്നുകളല്ല മറിച്ച് സൗന്ദര്യ വസ്തുക്കള്‍ ആയ ക്രീമുകള്‍ ആണ് അതിനാല്‍ ഇന്‍ഷൂറന്‍സ് കവറാവില്ലെന്ന്.

എഴുതിയിരിക്കുന്നത് ഡോക്ടര്‍ അയാളുടെ പ്രിസ്ക്രിപ്ഷന്‍ ലിസ്റ്റില്‍, ഇന്‍ഷൂറന്‍സ് കോപ്പിയിലും എഴുതിയ എല്ലാ മരുന്നുകളും വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് തന്നെ അത് മരുന്നായി പരിഗണിക്കാമെന്ന് ഞാന്‍ വാദിച്ചെങ്കിലും മരുന്നുഷോപ്പിലെ വില്‍‌പ്പനക്കാരന്‍ തയ്യാറായില്ല.

' താങ്കള്‍ വേണമെങ്കില്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ടോളു '

മരുന്നെല്ലാം സ്വന്തം പോകറ്റില്‍ നിന്നും പണം കൊടുത്ത് വാങ്ങി പിറ്റേന്ന് ഇന്‍ഷൂറന്‍സില്‍ വിളിച്ച് ചോദിച്ചു , 'ക്രീം ആണോ ഇല്ല അതു കവറല്ല '

ഒരുകാര്യം മനസ്സിലായി എന്തു ചോദിച്ചാലും കഴിയുന്നതും ഇല്ലെന്ന് പറയല്‍ അവരുടെ ഒരു ശൈലിയാണെന്ന്.അന്നത് വിട്ടുകളഞ്ഞെങ്കിലും അടുത്ത തവന ഡോക്ടര്‍ മരുന്നെഴുതിയപ്പോള്‍ മുമ്പുണ്ടായത് വിവരിച്ചു:

' ഞാന്‍ എഴുതിയത് മരുന്നാണ് അതവര്‍ തന്നേ തീരു , മരുന്നല്ലാത്ത രീതിയിലാണെങ്കില്‍ ഞാന്‍ ഒരു ചെറിയ സ്ലിപ്പില്‍ അതെഴുതികൊടുക്കുകയാണ് ചെയ്യുക '

അതായത് , ഒരു ക്രീം എന്ന രീതിയില്‍ ഡോക്ടര്‍ ആ ' മരുന്നുകള്‍ ' എഴുതികൊടുക്കുക ചെറിയ വെളുത്ത പേപ്പര്‍ കഷ്ണത്തിലെന്ന് പറഞ്ഞ് അത് കാട്ടിത്തരുന്നതിനൊപ്പം ഫോണില്‍ മെഡിക്കല്‍ ഷോപ്പില്‍ വിളിച്ച് കാര്യം അന്വേഷിച്ചു. ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് അതു ശരിയാക്കണെമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പക്ഷെ മരുന്ന് വാങ്ങിക്കാന്‍ പോയപ്പോള്‍ കാര്യം പഴയതുപോലെത്തന്നെ.

പിന്നീട് സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണാന്‍ പോയപ്പോളാണ് പ്രശ്നം സങ്കീര്‍ണ്ണമായത്. നാനൂറ് ദിര്‍ഹം മുള്ള ബില്ലില്‍ അറുപത് ദിര്‍ഹത്തിന്‍‌റ്റെത് മാത്രം മരുന്ന് ബാക്കിയെല്ലാക് ക്രീമാണത്രെ അതിനാല്‍ കവറാവില്ലെന്ന്.എന്തായാലും മരുന്നെല്ലാം ഇത്തവണയും സ്വന്തം പൈസ കൊടുത്ത് വാങ്ങി.ഇപ്രാവശ്യം വെറുതെ വിടാനാവാത്തതിനാല്‍ ഞങ്ങളുടെ കമ്പനി എച്ച്.ആറിനെ വിളിച്ച് കാര്യം പറഞ്ഞു. നടപടി എടുക്കുകയും ചെയ്തു.

ഇന്‍ഷൂറന്‍സ് കമ്പനികള്‍ സൗന്ദര്യ വസ്തുക്കളായ ക്രീമുകള്‍ കവറാക്കാത്തതിന്‍‌റ്റെ കാര്യം മനസ്സിലാക്കാം പക്ഷെ ഡോക്ടര്‍ മരുന്നായി എഴുതിയാലും അത്തരത്തില്‍ കണക്കാന്‍ പാടില്ലെന്നാണെന്‍‌റ്റെ പക്ഷം. മാത്രമല്ല പോളിസികള്‍ എടുക്കുമ്പോള്‍ കമ്പനികളായാലും വ്യക്തികളായാലും വളരെ കണിശമായി പഠിച്ചതിന് ശേഷമേ പോളിസികള്‍ എടുക്കാന്‍ പാടുള്ളു എന്നാണെനിക്ക് പറയാനുള്ളത് ബാക്കിയൊക്കെ നിങ്ങള്‍ പറയുക വല്ലതും ഉണ്ടെങ്കില്‍.

Saturday, April 12, 2008

മതവും ശാസ്ത്രവും

കാലഘട്ടം മാറിവരുന്നതനുസരിച്ച്‌ ശാസ്ത്രവളര്‍ച്ചയുടെ തോതിലുണ്ടായ വ്യത്യാസം വളരെ വലുതാണ്. തത്സമയം അനുഭവിപ്പിക്കാനുള്ള ശാസ്ത്രത്തിന്‍റെ കഴിവാണതിനെ ഇത്ര സ്വീകാര്യമാക്കുന്നത്.


ശാസ്ത്രത്തിന് ലഭിച്ച സ്വീകാര്യതയെ മറ്റൊരു തത്വത്തിന്റെ സാധൂകരണത്തിന് കൂട്ടുപിടിക്കുന്നത്‌ നല്ലൊരു പ്രവണതയല്ല. ഒരു പ്രധാന തത്വത്തിന്റെ ശാഖകളുടെ വിവരണത്തിനോ വിശദീകരണത്തിനോ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതില്‍ തെറ്റില്ലെങ്കിലും, ഇന്‍റെര്‍പ്രിട്ടേഷന്‍ വഴി മാത്രം ലഭിക്കുന്നയിടങ്ങളില്‍ ഈ സഹായം പ്രധാനഭാഗത്തിനായി ഉപയോഗിക്കപ്പെട്ടാല്‍, ചിലപ്പോഴൊക്കെ മാറ്റം വന്നിട്ടുള്ള ശാസ്ത്രതത്വങ്ങളെ ക്ഷമയോടെ ഉള്‍ക്കൊള്ളാനും തിരുത്തപ്പെട്ടതുള്‍ക്കൊണ്ടതും എല്ലായിടങ്ങളിലും പ്രായോഗീകമായിക്കൊള്ളണമെന്നില്ല അവിടെയാണപകടം.

മതവിശ്വാസപ്രമാണങ്ങള്‍ക്ക്‌ സ്വയം നില്‍ക്കാനും വിശ്വസിക്കപ്പെടാനുമുള്ള ശക്തി ഉണ്ടായിരിക്കുന്നിടത്തോളം കാലം മാറ്റം വന്നേക്കാവുന്ന ശാസ്ത്ര തത്വങ്ങളുടെ സഹായമുപയോഗിക്കുന്നത്‌ തെറ്റായ പ്രവണതയാണെന്ന് ഈ വിഷയങ്ങളില്‍ സ്ഥിരമായിടപെടുന്നവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഡിസ്‌ക്ലൈമര്‍ :

ഇതൊരു വിവാദത്തിനിട്ട പോസ്റ്റല്ല, ഇന്‍റെര്‍പ്രിട്ടേഷന്‍ വഴി ശാസ്ത്രത്തെ, മതവിശ്വാസത്തെ ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ഉപയോഗപ്പെടുത്തലിനെ ഞാന്‍ എങ്ങിനെ നോക്കിക്കാണുന്നു എന്നത് മാത്രമാണ്.

Monday, March 17, 2008

പഠിപ്പ് ജോലിക്കോ

വിദ്യാഭ്യാസം ചെയ്യുന്നത് ജോലി ഉന്നം വെച്ചായിരിക്കെരുതുന്ന അഭിപ്രായക്കാരനാണ് ഞാന്‍.
വിദ്യാഭ്യാസത്തിലൂടെ നേടിയ ഒരാളുടെ അറിവ്‌ തന്‍റ്റെ തൊഴിലില്‍ ഉപയോഗപ്പെടുത്താനാവുമ്പോള്‍ അയാളുടെ പ്രവര്‍ത്തനക്ഷമത വര്‍‌ദ്ധിക്കുമെന്നത് യാഥാര്‍ത്ഥ്യം.അത് താല്‍‌പര്യമുള്ള മേഖലയാണെങ്കില്‍ ഈ പ്രവര്‍ത്തനക്ഷമത വീണ്ടും കൂടുന്നു. ഇതറിയുന്ന തൊഴിലുടമകളുടെ ചൂഷണവും, തൊഴില്‍ ലക്‌ഷ്യമാക്കി വിദ്യ അഭ്യസിക്കുന്നവരും കൂടിയാണ് തരം തിരവിനുപകരം തൊഴിലുകളെ തട്ടുകളിലാക്കിയത് .

അതുകൊണ്ടുതന്നെയാണല്ലോ ബി.എ ക്കാരാന്‍ ബസ്സിലെ കണ്ടക്ടര്‍ ആയാലും അല്ലെങ്കില്‍ ആട്ടോ ഡ്രൈവര്‍ ആയാലും ഒന്നുകില്‍ സഹതാപം അല്ലെങ്കില്‍ അതിശയവുമുണ്ടാകുന്നത്.

ഒരു കാര്‍ഷിക മേഖലയായ കേരളത്തില്‍ കര്‍‌ഷകന്‍ പരാജയപ്പെടാതെ കൃഷി ഒരു ലാഭകരമായ തൊഴിലായിരുന്നെങ്കില്‍ എത്ര പേര്‍ ബി.എ ക്ക് പോകുമായിരുന്നു?

അറിവായിരിക്കണം പഠനത്തിന്‍‌റ്റെ ലക്‌ഷ്യം.

Saturday, March 15, 2008

അംഗീകാരം

അംഗീകരിക്കാന്‍
രണ്ട് പേര്‍ക്കേ പറ്റൂ,
അധികാരമുള്ളവനും
ആത്മവിശ്വാസമുള്ളവനും

രണ്ടൊന്നുകളെ
ഒന്നുകളായിക്കാണാന്‍
വിശ്വസ്ഥത മാത്രം പോരാ,
വിശാലതയും വേണം.

Wednesday, February 27, 2008

തീരുമാനം

ജോലിക്കുള്ള ഒരു ഇന്‍റ്റര്‍വ്യൂ നടക്കുന്ന സ്ഥലം , ആകെ പോസ്റ്റ് ഒന്ന്.ആദ്യത്തെ ഉദ്യോഗാര്‍ത്ഥി കടന്നു വന്നു , ടെക്നിക്കലായി പത്തു ചോദ്യങ്ങള്‍ എട്ടുത്തരം എട്ടും വളരെ കൃത്യം.

' എത്ര ശമ്പളമാണ് പ്രതീക്ഷിക്കുന്നത്‌? '

അഞ്ചു വര്‍ഷത്തോളം ഗള്‍ഫില്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥി ഈന്‍റ്റര്‍വ്യൂ ചെയ്യുന്നവരെ മൂന്ന് പേരേയും നോക്കി:

' പത്തായിരം ' ( ചോദിച്ചതല്‍പ്പം കടന്നുപോയോ , അയാളുടെ ഉള്ളിലെ ചിന്ത പുറത്തുള്ളവര്‍ക്ക്‌ വ്യക്തമായി കാണാം )

' നെഗോഷിയബിള്‍ ആണോ ?'
' തീര്‍ച്ചയായും , എട്ടെങ്കിലും കിട്ടിയാല്‍...'
' ഏഴായിരത്തിനു സമ്മതമാണോ ? '

അയാളുടെ മുഖം സന്തോഷം കൊണ്ട്‌ തുടിക്കുന്നു.

അടുത്ത ആള്‍ ,
പഠനം കഴിഞ്ഞത്‌ ഈ കൊല്ലത്തില്‍ , പ്രവൃത്തി പരിചയം ഇല്ല.പതിനഞ്ചു ചോദ്യങ്ങള്‍ , ഓരോ ചോദ്യത്തിനുള്ള ഉത്തരവും തെറ്റായപ്പൊള്‍ പിന്നീട്‌ ചോദിക്കുന്ന ചോദ്യത്തിനുള്ള കട്ടിയും കുറഞ്ഞുവന്നു.ആകെ ചോദ്യം പതിനഞ്ച്‌ ശരിയുത്തരം ഒന്ന് അതും പകുതി.

' എത്ര ശമ്പളമാണു പ്രതീക്ഷിക്കുന്നത്‌ ? '
' ഇരുപത്തയ്യായിരം ' അയാള്‍ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.
'നെഗോഷ്യബിള്‍ ആണോ ? '
' ക്ഷമിക്കണം ഇല്ല പിന്നെ കാറ് വേണം ? '

തീരുമാനം :

രണ്ടാളെയും എടുക്കാം ആദ്യത്തെ ആള്‍ പണിചെയ്യും രണ്ടാമത്തെയാള്‍ അവനു മേലിരിക്കും.
ഒന്നൂടെ , ആദ്യത്തെ ആള്‍ ഇന്‍‌ഡ്യന്‍ രണ്ടാമത്തെയാള്‍ , ഫാലസ്തീനി , അമേരിക്കന്‍ പാസ്പോര്‍ട്ടുള്ളവന്‍.