Thursday, May 27, 2010

ഉമേഷും ആനന്ദും പിന്നെ ഞാനും

ഉമേഷിന്റെ ഈ പോസ്റ്റാണ് ഈ കുറിപ്പിന് പ്രധാന ആധാരം. അവിടെ ഒരു കമന്റിട്ടവസാനിപ്പിക്കാവുന്നതാണെങ്കിലും അതൊരു തര്‍ക്കത്തിലേക്ക് പോകുകയും ഞാന്‍ എഴുതുന്ന കമന്റിന്‍ലെ ചില ഭാഗങ്ങള്‍ ഞൊണ്ടിയെടുത്ത് അവിടേയും ഇവിടേയും തൊടാതെ ഉരുളുകയും സ്വയം വിജയം കൊണ്ടാടുകയും ചെയ്യുന്നതിനാലാണ് ഒരു മറുകുറി എഴുതാന്‍ മാത്രം ഉമേഷിന്റെ പോസ്റ്റിന് പ്രധാന്യം കൊടുക്കുന്നില്ലെങ്കില്‍ കൂടി അതിന് മുതിരുന്നത്.

തന്റെ ചെസ്സിലുള്ള അറിവ് നാട്ടാരെ അറിയിക്കാനായൊരു പോസ്റ്റിടാന്‍ ‍ ഉമേഷ് എന്നെ ഒരു ചവിട്ടുപടിയാക്കിയതില്‍ എനിക്ക് സന്തോഷമേയുള്ളു എന്നാദ്യമേ സൂചിപ്പിക്കട്ടെ.

" ഉമേഷിന്റെ ചെസ്സിലെ കഴിവ് പലര്‍ക്കും പണ്ടേ അറിവുള്ളതാണല്ലോ ചങ്ങായീ അതിനെന്തിനാ നിങ്ങളെ ചവിട്ടുപടിയക്കുന്നത്?" എന്ന് ചില സ്വതന്ത്രരും; ' ഓ ചവിട്ട് പടിയാക്കാന്‍ പറ്റിയ ഒരു പീസ്'

എന്ന് സ്വന്തം പേരുപോലും പറയാന്‍ പറ്റാത്ത ശിങ്കിടികളും ചിന്തിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്തേക്കാം എന്നാല്‍ അതിനുള്ള മറുപടി ഞാനല്ല തരേണ്ടത് ഉമേഷിന്റെ സ്വന്തം മനസാക്ഷിയാണ്.

ഉമേഷിന്റെ ചെസ്സിലെ കഴിവോ , കണക്കിലെ കഴിവോ സംസ്കൃതത്തിലെ കഴിവോ അളക്കലൊന്നും എന്റെ ജോലിയല്ലാത്തതിനാല്‍ തുനിഞ്ഞിട്ടില്ല, തുനിയുന്നുമില്ല പക്ഷെ പുറത്ത് അദ്ദേഹം കാണിക്കുന്ന അഭിപ്രായപ്രകടനങ്ങളില്‍ എനിക്ക് വിയോജിപ്പുള്ളത്/ യോജിപ്പുള്ളത് തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്, തുടരുകയും ചെയ്യും.

വിഷയത്തിലേക്ക്:

പ്രസ്തുത പോസ്റ്റില്‍ എന്ത് ഭംഗിയായാണ് ആളുകളെ തെറ്റ് ധരിപ്പിക്കുന്നത് നോക്കുക!

ആനന്ദിനെപ്പോലുള്ള കളിക്കാരുടെ കളികളെ മനസ്സിലാക്കാനും വിമര്‍ശിക്കാനും ആനന്ദിനെക്കാള്‍ വളരെ മോശം കളിക്കാരനായ എനിക്കു് അവകാശമില്ല എന്നു് തറവാടി എന്ന ബ്ലോഗര്‍ അഭിപ്രായപ്പെട്ടു.


ഞാന്‍ അവിടെ എഴുതിയിരുന്ന കമന്റ് കാണുക:


ഒരു തമാശക്കാണെങ്കില്‍ പോലും ഒരാള്‍ ചെയ്തത് മണ്ടത്തരം അല്ലെങ്കില്‍ മണ്ടന്‍ എന്നൊക്കെ പരസ്യമായി പറയാന്‍/എഴുതാന്‍ അദ്ദേഹത്തിനേക്കാളും വെവരവും ബുദ്ധിയുമൊക്കെയുള്ള ആള്‍ക്കേ പറ്റൂ എന്ന യൂണിവേഴ്സല്‍ ട്രൂത്ത് എന്തെ ആളുകള്‍ മനസ്സിലാക്കാത്തത്?

പിന്നീട് ഞാന്‍ ഒരു മറുപടിയായി എന്റെ കമന്റിനെ ഒന്നുകൂടി വ്യക്തമാക്കി:

ആനന്ദ് ലോകത്തിലെ നമ്പര്‍ വണ്‍ ചെസ്സ് ചാമ്പ്യനാണ്, എത്രയോ മത്സരങ്ങളിലൂടെയാണദ്ദേഹം ആ സ്ഥാനത്തിനര്‍ഹനായത്, അത്തരത്തിലുള്ള ഒരാളുടെ മൊത്തം പെര്‍ഫോമന്‍സില്‍ ഒരെലിമെന്റ് ഞോണ്ടിയെടുത്ത് ആനന്ദിന്റെ മണ്ടത്തരം എന്ന് പൊതു സദസ്സില്‍ അവതരിപ്പിച്ചതിനെയാണ് വിവരക്കേടെന്ന് പറഞ്ഞത്

എന്റെ ഈ അഭിപ്രായങ്ങളില്‍ നിന്നാണ് അദ്ദേഹം മുകളില്‍ സൂചിപ്പിച്ച നിലപാടിലെത്തിയത്, ഉമേഷ് കണ്ണടച്ചാല്‍ ലോകം ഇരുട്ടിലാവും എന്ന് ഉമേഷ് ചിന്തിക്കുന്നതിനെ എനിക്കെന്ത് ചെയ്യാനാവും?

***********************************************

(തറവാടിയുടെ അഭിപ്രായം ശരിയാണെങ്കില്‍ ഈ മത്സരത്തെ ആനന്ദൊഴികെ ആര്‍ക്കും വിശകലനം ചെയ്യാന്‍ പറ്റില്ല. ആനന്ദിനെക്കാൾ മോശമാണല്ലോ എല്ലാവരും!)

കളിയെ വിശകലനം ചെയ്യുന്നതിനെയാണോ , "ആനന്ദിന്റെ മണ്ടത്തരം" എന്ന സ്റ്റേറ്റ്മെന്റിനെയാണോ എന്റെ കമന്റുകള്‍ തടസ്സമാകുന്നതെന്ന് വായനക്കാര്‍ തീരുമാനിക്കുക.

*********************************

ആനന്ദിനെപ്പോലെയുള്ള കളിക്കാര്‍ എതിരാളിയുടെ തന്ത്രങ്ങളെപ്പറ്റി കൂടുതല്‍ അറിയാന്‍ മനഃപൂർ‌വ്വം മോശം നീക്കങ്ങള്‍ നടത്തും എന്നും മറ്റുമുള്ള മഹാവിജ്ഞാനങ്ങള്‍ പകർന്നുതരികയുണ്ടായി

എന്റെ കമന്റ്:

ലോകകിരീടം നേടാന്‍ തനിക്ക് ലഭ്യമായവയില്‍ എത്ര എണ്ണത്തില്‍ വിജയിക്കണം എന്ന് പൂര്‍ണ്ണ നിശ്ചയമുള്ള, വര്‍ഷങ്ങളായി ലോക ചാമ്പ്യനായ, ചെസ്സില്‍ വളരെ പ്രാഗല്‍ഭ്യം തെളിയിച്ചയാളാണ് ആനന്ദ്. തന്റെ ലക്ഷ്യം നന്നായറിയുന്ന അദ്ദേഹം മൊത്തം കളികളില്‍ പലനിലവാരമുള്ള കരുനീക്കങ്ങള്‍ ഉള്‍പ്പെടുത്തിയേക്കാം. അതില്‍ ചിലത് വിജയലക്ഷ്യത്തിനാകാം എതിരാളിയെ വിലയിരുത്തുന്നതിനാകാം മറ്റെന്തിനുമാകാം , എന്തായാലും ആത്യന്തികമായി അദ്ദേഹം ലക്ഷ്യം കാണുകയും ചെയ്തു. മൊത്തം കളികളിലൊന്നില്‍ എന്തോ ഉദ്ദേശത്തോടെയോ അല്ലാതെയോ അദ്ദേഹമെടുത്ത, ഒരു കരുനീക്കത്തെ അടിസ്ഥാനപ്പെടുത്തി ‘മണ്ടത്തരം’ എന്ന് വിമര്‍ശിക്കുന്നതിനെ വിവരക്കേടെന്നേ പറയാന്‍ പറ്റൂ.

ഈ അഭിപ്രായത്തെ, മഹാ വിഞ്ജാനമെന്നൊക്കെ കളിയാക്കാന്‍ താങ്കള്‍ക്കാവുന്നത് പഠിപ്പിന്റേയും കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കുന്നതിന്റേയും / ചിന്തയുടേയും കുഴപ്പം കൊണ്ടാണ്

****************************************

"ചെസ്സുകളിയും ഒരു കലയാണു്, കലയുടെ ഏതു നിര്‍‌വ്വചനമനുസരിച്ചു നോക്കിയാലും"

എന്ന താങ്കളുടെ മറുപടിക്കുള്ള മറുപടിയായാണ് ഞാന്‍

താങ്കള്‍ സൂചിപ്പിച്ചതുപോലെ ചെസ്സ് ഒരു കലയല്ല അതൊരു മെന്റല്‍/ ബ്രെയിന്‍ സ്പോര്‍ട്ട്സാണ്.എതിരാളിയെ പരാജയപ്പെടുത്തുക എന്ന കൃത്യമായ ലക്ഷ്യമുള്ള മത്സരമാണ് ചെസ്സ്. അതില്‍ ഒരാളുടെ ഓരോ മൂവും തീരുമാനിക്കുന്നത് എതിരാളിയുടെ മൂവും/ വരാനിരിക്കുന്ന മൂവിനെപറ്റിയുള്ള ഭാവനയുമാണ്. എന്ന കമന്റിട്ടത്, അതിനെ ഇപ്പോള്‍ താങ്കള്‍ മാറ്റിമറിച്ച് പുതിയ പോസ്റ്റില്‍,

ചെസ്സില്‍ കലയുടെ അംശമില്ലെന്നു തറവാടി എന്നൊക്കെ തട്ടിവിടുന്നു!

കണക്കില്‍ മിടുക്കനായ താങ്കള്‍ക്ക്, " അല്ല " എന്നതും " അംശമില്ല" എന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നറിയും എന്നാണെന്റെ വിശ്വാസം!

*********************************

ആനന്ദിന്റെ കളികളെപ്പറ്റി അദ്ദേഹത്തോടു സംസാരിച്ചിട്ടുമുണ്ടു്. ആനന്ദ് മാത്രമല്ല, പല മികച്ച കളിക്കാരുടെയും കളികളെപ്പറ്റി സംസാരിക്കുകയും അവര്‍ക്കു പറ്റിയ പിഴകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ടു്. അവര്‍ക്കൊന്നും തോന്നാത്ത അസഹിഷ്ണുത ഈ തറവാടിക്കു് എന്തുകൊണ്ടു തോന്നുന്നു എന്നു മനസ്സിലാകുന്നില്ല.

ആനന്ദിനോട് താങ്കള്‍ അന്ന് " തന്റെ എന്തൊരു മണ്ടത്തരമായിരുന്നു ആ മൂവ്" എന്നായിരുന്നോ പറഞ്ഞത്? അങ്ങിനെ താങ്കള്‍ പറഞ്ഞപ്പോള്‍ താങ്കളുടെ ചുമലില്‍ തട്ടി ' വെല്‍ഡണ്‍! ഉമേഷ് താങ്കള്‍ അതുകണ്ട് പിടിച്ചല്ലോ ഇനി അങ്ങിനെ ചെയ്യില്ല ' എന്നൊക്കെയാണോ പറഞ്ഞത്? അറിയാന്‍ നല്ല താത്പര്യമുണ്ട്.

മറ്റുള്ള മികച്ചകളിക്കാരില്‍ ചിലരെ സൂചിപ്പിച്ച് " അവന്റെ മണ്ടത്തര" മെന്നുതന്നെയായിരിക്കും പറഞ്ഞിരിക്കുക അല്ലേ!അതുകേട്ടവര്‍ എല്ലാം താങ്കളെ അനുമോദിച്ചുംകാണും അല്ലെ?

ലോകത്തിലേ നമ്പര്‍ വണ്‍ ആയ ഒരു - ഏക ചാമ്പ്യന്റെ മൊത്തം കളികളില്‍ ഒരു മൂവ് അടര്‍ത്തിയെടുത്തി, മണ്ടത്തരം എന്ന് പറഞ്ഞാല്‍ അസഹിഷ്ണുവാകാതിരിക്കാന്‍ പറഞ്ഞവനും അവന്റെ ശിങ്കിടികള്‍ക്കും മാത്രമേ സാധിക്കൂ എന്നാണെന്റെ മതം.