Wednesday, December 30, 2009

പഴശ്ശിരാജ ചന്തുവിന്റെ പ്രേതമാണോ?

സിനിമ കാണാന്‍ പോകുമ്പോള്‍ പ്രദീക്ഷയടക്കം എന്തെങ്കിലും താത്പര്യങ്ങള്‍ ഉണ്ടാകും.സം‌വിധായകന്‍, അല്ലെങ്കില്‍ അഭിനേതാവ് അതുമല്ലെങ്കില്‍ കഥ തുടങ്ങിയവ. ഇതൊന്നും കാര്യമായില്ലാതെ പഴശ്ശിരാജ കാണാന്‍ പോയതിനുള്ള പ്രധാനകാരണം സിനിമയെപ്പറ്റി ലഭിച്ച പലരീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്.

'സിനിമ എങ്ങനെയിരുന്നു' എന്ന് എനിക്ക് മുമ്പെതന്നെ ഇത് കണ്ടിരുന്ന സുഹൃത്തീനോട് ,
'മരിച്ച ആളല്ലെ അപ്പോ എങ്ങിനാ കുറ്റം പറയുന്നെ?' എന്ന് പറയാന്‍ കാരണം സിനിമയുടെ പകുതികഴിഞ്ഞപ്പോള്‍ 'പഴശ്ശിരാജ ഒന്ന് മരിച്ചെങ്കില്‍ വീട്ടില്‍ പോകാമായിരുന്നു' എന്ന് തോന്നിയിരുന്നതുകൊണ്ടുതന്നെയാണ്.

ഏതൊരു സിനിമക്കും പ്രത്യേകിച്ചും ഇതുപോലെ ചരിത്രവുമായി ബന്ധപ്പെട്ടവക്ക് എന്തെങ്കിലും മുഖ്യമായ ഒന്ന് വേണം അതുമായി കോ റിലേറ്റ് ചെയ്ത് കുറച്ച് മറ്റുള്ളവയും അതായത് ഒരു പുഴയും കുറച്ച് കൈവഴികളും.
പലയിടങ്ങളിലും, ഉദാഹരണത്തിന് കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം കടപ്പുറത്തുവെച്ചുള്ള സീനില്‍, മമ്മുട്ടിയെ ഇപ്പോഴും ' ചതിയനല്ലാത്ത ചന്തു 'വിന്റെ പ്രേതം ഒളിഞ്ഞിരിക്കുന്നതുപോലെതോന്നി.

ഒരു രാജ്യത്ത് കച്ചവടത്തിന് വന്നിട്ടവിടെ ഭരണം കയ്യാളാന്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഉള്ള ഒറ്റ വെള്ളക്കാരനും സിനിമയില്‍ ഇല്ലാതെപോയത്, നിസ്സാരവല്‍ക്കരിച്ചോ എന്ന് തോന്നി മാത്രമല്ല അവരുടെ ക്രൂരതയെ(?) കാണുന്നവനുള്‍ക്കൊള്ളാന്‍ തക്കത്തിലുള്ളതുമായിരുന്നില്ല.

സൗണ്‍ടിഫക്ടിനെപ്പറ്റി, തീര്‍ച്ചയായും എടുത്ത് പറയാം എന്നാല്‍ സിനിമനന്നാവാതെ അത് മാത്രം നന്നായത്കൊണ്ട് നല്ലൊരു സിനിമ എന്ന് പറയാനാവില്ലല്ലോ!

ബിഗ് ബജറ്റില്‍ നല്ല കലാകാരന്മാരെ ഉപയോഗപ്പെടുത്തി കഴിവുള്ള സിനിമാ സം‌വിധായകന്‍/ തിരകഥാകൃത്തും ഒരുമിച്ച് നിര്‍മ്മിച്ചാലും നല്ല സിനിമകളാവണമെന്നില്ലെന്ന് തെളിയീക്കുന്നു ഈ സിനിമ. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത് ശരത്കുമാര്‍ ആകാന്‍ കാരണം വളരെ കുറുക്കിയ എന്നാല്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രം, ശാരീരികമായ അതിയോജിപ്പ്, ലിമിറ്റഡ് എക്സ്പോഷര്‍ എന്നിവയൊക്കെക്കൊണ്ടാണ്.

അവസാനം പഴശ്ശിരാജ എന്ന ധീരയോദ്ധാവ് കൊല്ലപ്പെടുമ്പോള്‍ മനസ്സില്‍ നിറ്റത്തിന്റെ ഒരു തരിയെങ്കിലും അവശേഷിപ്പിക്കാന്‍ ഈ സിനിമക്കാവുന്നില്ല അതാണീസിനിമയുടെ ഏറ്റവും പരാജയവും!

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട് ബ്രേവ് ഹാര്‍ട്ടിലെ അവസാനം ഇന്നും ഹോണ്ട് ചെയ്യുമ്പോള്‍ സ്വന്തം നാട്ടിലെ ഒരു ധീരയോദ്ധാവിന്റെ അവസാനം ഒരു ചെറുനീറ്റലെങ്കിലും തരാനാവാത്തത് സിനിമയുടെ പരാജയം തന്നെയാണ്!

Tuesday, December 29, 2009

ശ്രീ.ശശി തരൂര്‍ മനസ്സിലാക്കേണ്ടത്.

നല്ലൊരു പ്രൊഫെഷണലിന് നല്ലൊരു ഭരണവും കാഴ്ചവെക്കാനായാല്‍ അത് വരുത്തിയേക്കാവുന്ന നല്ല മാറ്റങ്ങളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവര്‍ക്ക് രണ്ടാമത്തെ അടിയാണ് ശശിതരൂര്‍ ഇന്നലെ ട്വിറ്ററിലൂടെ വീണ്ടും സമ്മാനിച്ചത്. രാഷ്ട്രീയക്കാരന് മാത്രമേ ഭരണം നടത്താനാവൂ എന്നാളുകളെക്കൊണ്ട് പറയിപ്പിക്കാനല്ലാതെ മറ്റൊരു ഗുണവും അദ്ദേഹത്തിന്റെ പുതിയപ്രവൃത്തികൊണ്ടുണ്ടായില്ലെന്ന് ഇനിയെങ്കിലും അദ്ദേഹത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ അറിയീക്കണമെന്നെ എനിക്ക് പറയാനുള്ളൂ.

ഒരു രാജ്യത്തിന്റെ ഭരണം നടത്താന്‍ വിദ്യാഭ്യാസവും , പ്രെഫെഷണല്‍ എക്സ്പെര്‍ട്ടസിയും മാത്രമുണ്ടായാല്‍ പോര, ഡിപ്ലോമസി, രഹസ്യം സൂക്ഷിക്കേണ്ടതടക്കം പക്വമായമനസ്സ്, കണ്‍സിസ്റ്റന്റായ നിലപാട് തുടങ്ങി പലതും വേണം. ആ തിരിച്ചറിവാണ് നേരിട്ടോ അല്ലാതെയോ ശ്രീ.തരൂര്‍ മനസ്സിലാക്കേണ്ടത്.

ജനായത്ത് സമ്പ്രദായം എന്നാല്‍ എല്ലാം ജനങ്ങളെ അറിയീക്കലല്ലെന്നും, കാബിനെറ്റിന്റെ ഭാഗമായ താന്‍ കാബിനെറ്റിന്റെ ഒരു തീരുമാനത്തെ വിമര്‍ശിക്കുന്നത് പോയിട്ട് വിലയിരുത്താന്‍ പോലും പാടില്ലെന്നുമൊക്കെ അദ്ദേഹത്തിനറിയില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരു കാബിനെറ്റ് തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് ഒരു പ്രൈവറ്റ്/ കൊമേര്‍ഷ്യല്‍ സൈറ്റില്‍ പബ്ലിക്കായി സൂചിപ്പിക്കയല്ല വേണ്ടെതെന്നെന്തെ അദ്ദേഹം അറിയാത്തത്?

പൂച്ച പാല് കുടിക്കാന്‍ ജനല്‍ വഴിയേ വരുന്നുള്ളൂ അതിനാല്‍ വാതില്‍ തുറന്നിട്ടാലും കുഴപ്പമില്ലെന്ന് വെക്കുന്നത് വിഡ്ഡിത്തമല്ലെ അദ്ദേഹം ഇന്നലെ വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന തരത്തില്‍ അവതരിപ്പിച്ചത്?

പറഞ്ഞുവന്നത്,

ഒരു പ്രൊഫണല്‍ നല്ലൊരു ഭരണം കാഴ്ചവെച്ചാല്‍, നെറികെട്ട രാഷ്ട്രീയക്കാരന്റെ കുപ്പായം വേണ്ട നല്ലൊരു ഭരണകര്‍ത്താവിനെന്ന് തെളിയിക്കപ്പെട്ടാല്‍ , വരും തലമുറയിലെങ്കിലും, വിദ്യാഭ്യാസമുള്ള , പ്രൊഫെഷണലായ , എഫിഷ്യന്റായ നല്ല ഭരണകര്‍ത്താക്കള്‍ ഉണ്ടാവും ആ ആഗ്രഹത്തിനാണ് താങ്കള്‍ തുരങ്കം വെച്ചത്. താങ്കള്‍ ഈ ശൈലി തുടര്‍ന്നാല്‍,

രാജ്യഭരണത്തിന് രാഷ്ട്രീയക്കാരന്‍ മാത്രമേ സാധിക്കൂ എന്നാകും , അങ്ങിനെ സംഭവിച്ചാല്‍ ഇനി വരുന്ന തലമുറയിലും ഉണ്ടാവാന്‍ പോകുന്നത് നാഴികക്ക് നാല്പ്പതുവട്ടം വാക്ക് മാറ്റിപ്പറയുന്ന, ഗുണ്ടായിസം കൊണ്ടുമൊക്കെയുള്ള ഒരു ഭരണവര്‍ഗ്ഗമായിരിക്കും അതിന് താങ്കള്‍ ഇടവരുത്തില്ലെന്നിനിയെങ്കിലും ആഗ്രഹിക്കാമോ,

ആദ്യപടിയായി ട്വിറ്റര്‍ എന്ന സൈറ്റില്‍ നിന്നും താങ്കള്‍ക്ക് വിട്ടുനില്‍ക്കാമോ!

Thursday, December 24, 2009

കപട സദാചാര കാവല്‍ ഭടന്‍ മാര്‍

ഒന്നില്‍ കൂടുതല്‍ പോസ്റ്റിടുവാന്‍ ഉള്ളതൊന്നും ഉണ്ണിത്താന്‍ വിഷയവുമായി ബന്ധപ്പെട്ടിട്ടില്ലെന്നറിയാഞ്ഞിട്ടല്ല. ഭംഗിയായി ആളുകള്‍ കപട സദാചാരത്തെ സ്വയം വഞ്ചിച്ച് കൊണ്ട് അറിഞ്ഞോ അറിയാതെയോ വര്‍ണ്ണിക്കുന്നത് കാണുമ്പോള്‍ എഴുതാതിരിക്കാന്‍ സാധിക്കാതെ പോകുന്നത്കൊണ്ടാണ്.

' എനിക്കൊരു സദാചാരമുണ്ട് ' എന്ന് പറയാന്‍ ചിലരെങ്കിലും തയ്യാറാവുന്നുണ്ട്, സമാധാനം. സദാചാരം ഉണ്ടെന്നത് സമൂഹം പിന്തിരിപ്പനായി കണ്ടാലോ എന്ന ഭയത്താല്‍ പിന്നീടതിനെ നിര്‍‌വചിക്കുന്നു. തങ്ങളുടെ സദാചാരം അതില്ലാത്തവരെക്കാള്‍ ഉത്തമമാണെന്ന് കാണിക്കത്തക്ക വിധത്തിലാണ് പലരും അതിനെ വിശദീകരിക്കുന്നത്.

ഉണ്ണിത്താന്‍ വിഷയവുമായി തന്നെ ബന്ധപ്പെടുത്തി ഒന്ന് വിശകലനം ചെയ്യാം.ഉണ്ണിത്താന്‍ എന്ന യുവാവിനെ ഒരു സ്ത്രീയുമായി രാത്രിയില്‍ ഒരു മുറിയില്‍ മറ്റാരുമില്ലാതെ കുറച്ചാളുകള്‍ കണ്ടു അവരെപിടിച്ച് പോലീസില്‍ ഏല്‍‌പ്പിച്ചു.

ഈ സംഭവത്തെ വിവിധ സദാചാരക്കാര്‍ വിവരിക്കുന്നു:

സദാചാരം ഒന്ന്: നാട്ടുകാര്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല , ഉണ്ണിത്താന്‍ ചെയ്തത് തെറ്റാണ് ശിക്ഷാര്‍ഹമല്ലെങ്കില്‍ പോലും, സാന്ദര്‍ഭികമായി പറയട്ടെ, ഞാന്‍ ഈ സദാചാരക്കൊപ്പമാണ്.

സദാചാരം രണ്ട്: നാട്ടുകാര്‍ ചെയ്തത് തെറ്റ്, അവര്‍ പ്രായപൂര്‍ത്തിയാവരാണ് , നിയമപരമായി തെറ്റല്ല, പുരോഗമന വാദികളെന്ന് സ്വയം ധരിക്കുന്നവരുടെ സദാചാരം.

സദാചാരം മൂന്ന്: മറ്റുള്ളവരുടെ സ്വാതന്ത്ര്യവും എന്റെ സദാചാരത്തില്‍ പെടുന്നു - ഏറ്റവും അപകടമായ സദാചാരം , എന്റെ അഭിപ്രായത്തില്‍ ഏറ്റവും കപടമായത്. ഇവര്‍ രണ്ടിലും പെടാനായാണിവര്‍ ഇതുപോലെ അവിടേയും ഇവിടേയും തൊടാതെ നില്‍ക്കുന്നത്.

കുറ്റിപ്പുറത്തുള്ള ഞാന്‍ വയനാട്ടില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തി സദാചാരം നിര്‍‌വചിക്കുമ്പോള്‍ ഞാന്‍ മാനസികമായെങ്കിലും വയനാട്ടുകാരന്‍ ആവുകയാണ് ആദ്യം വേണ്ടത് അതല്ലെങ്കില്‍ പ്രസ്തുത സംഭവം കുറ്റിപ്പുറത്ത് നടന്നാലുള്ള എന്റെ പ്രതികരണം എന്താകും എന്നതായിരിക്കണം അടിസ്ഥാനം. എന്നിട്ടുള്ള എന്റെ സദാചാര നിര്‍‌വചനമേ സത്യസന്ഥമാകൂ.

' മറ്റുള്ളവരുടെ സ്വാതന്ത്ര്യവും' എന്നതിനെ ഒന്നുകൂടി വിശകലനം ചെയ്യുക, എന്റെ അയല്‍ പക്കത്ത് പ്രസ്ഥുത സംഭവം നടന്നാല്‍ അവിടെകൂടിയവരില്‍ ഞാനുണ്ടാകുമോ? ആ ചോദ്യമാണ് ചോദിക്കേണ്ടത്. അവര്‍ക്കൊപ്പം ഉണ്ടാകില്ല എന്നാണെങ്കില്‍ ഇവരുടെ സദാചാരം രണ്ടാമത്തെയാണ്, വിചാരണ ചെയ്യപ്പെടാം എന്നതിനാല്‍ ഇവര്‍ ശരീരത്തില്‍ കുറച്ച് ഓയില്‍ പുരട്ടി ഒഴിയുന്നു. ' വേശ്യാ വൃത്തിപോലുള്ളതാണെങ്കില്‍ ഇടപെടും അതും ഇതും ഒന്നല്ല '

അയല്‍ പക്കത്ത് ഒരു ദിവസം ഒരു കെട്ടിടം ഉണ്ടാക്കിയിട്ട്, ' വേശ്യലയം ' എന്ന് ബോര്‍ഡ് വെച്ചാല്‍ ഇവര്‍ പ്രതികരിക്കുമെന്നാണോ എന്ന് ചോദിക്കരുതെ അപ്പോ കൂടുതല്‍ വിശദീകരണം വേറേ വരും ;).

രഹസ്യമായ ഒരു സംഭവം മാത്രമേ സ്വകാര്യമാകുന്നുള്ളു അല്ലെങ്കില്‍ സ്വകാര്യമായി കാണാന്‍ പുറതുള്ളവര്‍ക്ക് പറ്റൂ പരസ്യമായത് സകാര്യമായി കാണാന്‍ പറ്റില്ല അവിടെയാണ് , പ്രസ്ഥുത സദാചാരം കപടമാകുന്നത്.

എന്റെ അയല്‍ പക്കത്ത്, സ്വകാര്യമായി നടന്ന ഒരു മോശം (എനിക്ക് തോന്നുന്നത്) പ്രവൃത്തി ഒരാള്‍ക്ക് അത് ചെയ്തവരുടെ സ്വതന്ത്ര്യമായി കാണേണ്ട ആവശ്യം വരുന്നില്ല കാരണം അയാള്‍ അതതറിയുന്നില്ല. അറിയാത്ത ഒരു കാര്യം ബാധിക്കുന്നില്ല, ബാധിക്കാത്തത് സദാചാര പരിധിയില്‍ വരുന്നുമില്ല ഇനി,

അയാള്‍ മാത്രം ഈ കാര്യം അറിഞ്ഞാല്‍ അയാള്‍ക്ക് അതവരുടെ സ്വകാര്യ/സ്വാതന്ത്യമായി കാണാം കാരണം അപ്പോഴും ബാധിക്കുന്നില്ലല്ലോ എന്നാല്‍,

താനൊഴിച്ച് മറ്റൊരാള്‍ ഈ സംഭവം അറിഞ്ഞാല്‍ അതെത്രമാത്രം അയാളെ ബാധിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തി അയാള്‍ എങ്ങിനെ പ്രതികരിക്കും അതാണയാളുടെ സദാചാരം. രണ്ട് പേരറിയുന്ന ഒരനാശാസ്യപ്രവൃത്തി ( പണത്തിനായാലും അല്ലെങ്കിലും) പുറത്തുള്ളവര്‍ അറിയുമ്പോളും അത് സ്വതന്ത്ര്യമായികാണാന്‍ പറ്റും എന്ന് സ്വയം ഉറപ്പിച്ച് പറയാന്‍ പറ്റുന്നവര്‍, ഒരിക്കലും സ്വതന്ത്ര്യത്തെ ഉള്‍പ്പെടുത്തേണ്ടതില്ല മറിച്ച് രണ്ടാമത്തെ സദാചാരക്കാരാണവര്‍ , അത് സ്വയം സമ്മതിക്കാന്‍ പക്ഷെ തയ്യാറാവണം എന്ന് മാത്രം :)

പറഞ്ഞുവന്നത്, ' എന്റെ സദാചാരത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ഉള്‍പ്പെടും ' എന്നത് അപകടകരമഅയ കപട സദാചാരമാണെന്നാണെന്റെ അഭിപ്രായം.സദാചാരം എന്നത് വ്യക്തിത്വവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്, അതുണ്ടെന്ന് പറയാന്‍ എന്തിനാണാളുകള്‍ ഭയപ്പെടുന്നത്? ചിലതെങ്കിലും റിലേറ്റിവിറ്റിയില്‍ നിന്നും അല്ല ആണ് എന്ന തലത്തിലേക്കുയര്‍ത്താന്‍ ആളുകള്‍ തയ്യാറാവണം എന്നാണെന്റെ പക്ഷം, യോജിക്കാം വിയോജിക്കാം സത്യം സത്യമല്ലാതാവുന്നില്ല.

സദാചാരത്തെ എങ്കിലും ആളുകള്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ തളച്ചിടാതെ മനസാക്ഷിക്കൊടതിക്ക് വിടണം എന്നാണ് ഞാന്‍ പറയുന്നത് കാരണം അത് സ്വന്തം വ്യക്തിത്വവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നു.

Wednesday, December 23, 2009

#$%@&*# ങ്ങ്

ഇന്നലെ ഇബന് ബതൂത്ത മാളിലെ മണി എക്സ്ചേഞ്ചില്‍ പോയതായിരുന്നു. ഉള്ളീല്‍ ആറോ ഏഴോ പേരുണ്ട്. ബീവിയും മകനും തൊട്ടടുത്ത ബെഞ്ചിലിരുന്നു ഞാന്‍ കൗണ്ടറിലേക്ക് നടന്ന് , മുന്നിലുള്ളവന്റെ ഇടപാട് പൂര്‍ത്തിയാവാനായി കാത്തുനിന്നു.

അറുപത് വയസ്സ് തോന്നിക്കുന്ന ഒരാള്‍ പതിനഞ്ച് വയസ്സ് തോന്നിക്കുന്ന മകനുമൊപ്പം ഉള്ളിലേക്ക് വന്നു, ഉറക്കെ സംസാരിച്ചാണ് അയാള്‍ വരുന്നത് ' %#$ങ്ങ് ' കൂടുതല്‍ ഉച്ഛത്തില്‍ അയാള്‍ പറയുന്നത് കേട്ടു. പെട്ടെന്ന് അറബിയോ മറ്റോ ആണെന്ന് കരുതിയെങ്കിലും പയ്യനെ കണ്ടപ്പോള്‍ ഇന്‍ഡ്യനെന്നുറപ്പായി.

എനിക്ക് പിന്നിലായി നിന്ന അയാള്‍ പത്തുവാക്ക് പറഞ്ഞതില്‍ ഒമ്പതും ' %#$ങ്ങ് ' ആയിരുന്നു, ഇടക്ക് അയാളില്‍ നിന്നും ഒരു ഹിന്ദിവാക്കും പുറത്തുവന്നു അതും ഏകദേശം അര്‍ത്ഥം അതുതന്നെ! ' നോ ഡാഡ് ... എന്ന് തുടങ്ങി പയ്യന്‍ കാര്യങ്ങള്‍ വിവരിക്കുന്നുണ്ട് സ്വല്പ്പം ദയനീയമായിത്തന്നെ, അവന്റെ ക്ലാസ്സിലെ ഒരു കുട്ടിയുമായുള്ള എന്തോ പ്രശ്നമാണെന്നെനിക്ക് മനസ്സിലായി. ' സോ വാട്ട്? ഡു യു വാണ്ട് മി റ്റു &%$# ' തുടങ്ങിപിന്നേയും അതുതന്നെ!

എനിക്ക് തൊട്ടടുത്ത ക്യൂവില്‍ നിന്ന വെള്ളക്കാരന്‍ ഒരു പ്രത്യേകതരത്തില്‍ നെറ്റി ചുളിച്ച് അയാളെ നോക്കി പിന്നെ എന്നെ നോക്കി കണ്ണിറുക്കി, എനിക്ക് തിരിച്ചയാളോട് ഒരുതരത്തിലും പ്രതികരിക്കാനായില്ല, ഈ വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവര്‍ അവരാണല്ലോ!

ഞാന്‍ സദാചാരവാദിയൊന്നുമല്ല എന്നാല്‍ ഒരു ഇന്‍ഡ്യന്‍ തന്റെ മകനോട് ആ വാക്ക് തുടരെ തുടരെ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ എന്റെ സദാചാരം ഉണര്‍ന്നു കലിപ്പ് തീരുന്നില്ല അതോണ്ട് പോസ്റ്റുന്നു:) ഇപ്പോ സമാധാനായി ;)

Tuesday, December 22, 2009

ഉണ്ണിത്താന്‍!

നിയമപരമായി അംഗീകാരമുണ്ടെങ്കില്‍ പോലും ചിലവിഷയങ്ങളിലെങ്കിലും 'ഒരു വ്യക്തി' എന്ന അവസ്ഥ സ്വീകരിക്കാന്‍ പാടില്ലാത്ത അവസ്ഥകളിലൊന്നാണ് ഉണ്ണിത്താനുമായുള്ളതെന്നാണ് എന്റെ അഭിപ്രായം കാരണം അയാള്‍ ഒരു രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുതന്നെ.

ഒരാള്‍ ജീവിക്കുന്ന രാജ്യത്തോ , സമൂഹത്തിലോ ശെരിയല്ലെന്ന് പറയുന്ന വിഷയങ്ങളില്‍ ചിലരെങ്കിലും ഉള്‍പ്പെടാന്‍ പാടില്ല, ഇവരുടെ ഇടയില്‍ മുന്നില്‍ നില്‍ക്കേണ്ടവരാണ് ഭരണവുമായും, ആത്മീയവുമായും ബന്ധപ്പെട്ടുകിടക്കുന്നവര്‍ അവിടെയാണ് ഉണ്ണിത്താന്‍ തെറ്റുകാരന്‍ ആവുന്നത്.

നിയമപരമായി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പോലും ധാര്‍മ്മികമായുള്ള ഉത്തരവാദിത്വം ഏറ്റവും ആവശ്യപ്പെടുന്ന മേഖലയാണ് രാഷ്ടീയം അതുകൊണ്ട് തന്നെ ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ഉണ്ണിത്താന്‍ ചെയ്യേണ്ടുന്നതും.

അതുണ്ടാവില്ലെന്നാണ് ഇന്നലത്തെ മനോരമ ചാനലിലെ വേണുവുമായുള്ള ചോദ്യ-ഉത്തരങ്ങള്‍ തെളിയീക്കുന്നത്! ധാര്‍മ്മികത എന്നത് രാഷ്ട്രീയക്കാര്‍ക്കില്ലാത്തതാണെന്ന് ഉത്തമബോധ്യമുള്ളതിനാല്‍ ഒന്ന് ചിരിക്കുന്നു ഒപ്പം ചെറുതായൊന്ന് അട്ടഹസിക്കുകയും ചെയ്യുന്നു!

Sunday, December 20, 2009

ജ്ജ് പേടിക്കേണ്ടെടാ ഞമ്മക്ക് ഓലുണ്ട്!

പോസ്റ്റിന്റെ ഉദ്ദേശം കാര്യങ്ങളെ ആളുകള്‍ എങ്ങിനെയാണ് ഡൈവേര്‍ട്ട് ചെയ്യുന്നത് എന്ന് കാണിക്കാനായിരുന്നു.

ഇന്ന് ഒരു പോസ്റ്റ് വായിച്ചതിന് ലഭിച്ച അഭിപ്രായപ്രകടനങ്ങളും കണ്ടപ്പോള്‍ ഒന്ന് മനസ്സിലായി, ഒരു മുസല്‍ മാനായ എനിക്കും ന്റെ ആളുകള്‍ക്കും ഇനി പേടിക്കുകയേ വേണ്ട!എന്തിനും ഓലുണ്ട് രക്ഷിക്കാന്‍! ആരാണെന്നല്ലേ മ്മടെ സഗാക്കന്‍ മാരന്നെ പിന്നെ കൊറച്ച് ബു.ജീവികളും യേത്! അതോണ്ട്; ടാ മുജീബെ, അവറാനെ, കാദറെ, ങ്ങള് പേടിക്കേണ്ടട്ടോ ഓലുണ്ടെടാ ഞമ്മളെ രച്ചിക്കാന്‍!

ചിലരുടെ വിചാരം പി.ഡി.പി യില്‍ മാത്രമാണ് മുസ്ലീങ്ങള്‍ ഉള്ളു എന്നാണ്.ഇവിടെ ലീഗെന്ന് പറേണവര്‍ മുസ്ലീം മത വിശ്വാസികള്‍ അല്ലേ അല്ല! അതോണ്ടല്ലെ അവരുടെ വിദ്യാര്‍ത്ഥി സംഘടനയിലുള്ളവര്‍ എത്രയോ തവണ സമരത്തില്‍ ബസ്സ് കത്തിച്ചപ്പോഴും(?) പിന്നെ വേറേ എന്തൊക്കെയോ ചെയ്തപ്പോഴും ഒന്നും മിണ്ടാതിരുന്നത് അത് വെറും സമരത്തിന്റെ എണ്ണത്തില്‍ കൂട്ടിയത്! യേത്!!

ഇപ്പോള്‍ എങ്ങിനെയാണ് കളമശ്ശേരി ബസ്സ് കത്തിക്കലുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നറ്തില്‍ ചിലര്‍ക്ക് ഭയങ്കര അദിശയം! ന്താ സംശ്യം! കോണ്‍ഗ്രെസ്സിന്റെ പരിപാടിതന്നെ! ഇനി നസീര്‍ എന്ന ആള്‍ മലപ്പുറം ഡി.സി.സി പ്രസിഡെന്റാണോന്നാ പ്പോ നിക്ക് സംശ്യം! യേത്! അല്ലെങ്കില്‍ പണ്ട് ആയിരിക്കും തെളിവുണ്ട് യേത്? !

Saturday, December 19, 2009

കളമശ്ശേരി ബസ്സും മാധ്യമവും

'മാധ്യമ'ത്തിലെ 'ഇപ്പോഴും കത്തുന്ന കളമശ്ശേരി ബസ്സെ'ന്ന ലേഖനം കണ്ണടച്ചിരുട്ടാക്കലാണെന്നാണെന്റെ അഭിപ്രായം.

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കാന്‍ കാരണം മാര്‍ഗ്ഗത്തേക്കാള്‍ ലക്ഷ്യത്തിന് പ്രധാനം കൂടുതലുള്ളതിനാലാണ് അതുകൊണ്ട് തന്നെയാണ് വിഷയങ്ങളെ വിലയിരുത്താന്‍ അതിനെ ലക്ഷ്യം അടിസ്ഥാനപ്പെടുത്താന്‍ കാരണം.

' നരേന്ദ്രമോഡിയെ കൊല്ലണം ' എന്ന് പറഞ്ഞൊരാള്‍ കൊച്ചിയിലൂടെ മുദ്രാവാക്ക്യം വിളിച്ചുപോകുമ്പോള്‍ വശത്തുള്ള എയര്‍ ഇന്‍ഡ്യ ഓഫീസിന് നേരെ കല്ലെറിയുന്നതും;

സ്കൂളില്‍ വര്‍ഷത്തിലൊരിക്കലുള്ള ടൂര്‍ സിലബസ്സില്‍ വരുത്തണമെന്ന് പറഞ്ഞ് തൃശ്ശൂര്‍ റൗണ്‍ടിലൂടെ മുദ്രാവാക്ക്യം വിളിച്ചുപോകുമ്പോള്‍ എറിഞ്ഞകല്ല് കൊണ്ട് ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലൊടിഞ്ഞതും താരദമ്യം ചെയ്താല്‍ കൂടുതല്‍ പ്രധാന്യം ആദ്യത്തേതിനാവണം കൊടുക്കേണ്ടത് കാരണം ലക്ഷ്യം തന്നെ!

രണ്ട് വര്‍ഷം കഠിന തടവിന് ശിക്ഷിക്കാന്‍ ആദ്യത്തെയാളിനെ കോടതി നിര്‍ദ്ദേശിച്ചാല്‍ ഞാന്‍ കോടതിക്കൊപ്പമാവും നില്‍ക്കുക.

Monday, December 14, 2009

കെ.സുധാകരന്‍

ഇന്നലെ മലയാള മനോരമ ചാനലില്‍ 'ന്യൂസ് മേക്കര്‍ ഒഫ് ദ ഇയര്‍' എന്ന റിയാലിറ്റി ഷോയില്‍ എം.പി,
കെ.സുധാകരന്‍ ആയിരുന്നു താരം. അദ്ദേഹത്തെപറ്റി പലയിടങ്ങളിലും കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. പരിപാടി മുഴുവന്‍ കണ്ടപ്പോള്‍ ഒന്ന് മനസ്സിലായി ചങ്കുറപ്പുള്ള, സത്യസന്ഥതയുള്ള , കൂറുള്ള , സെല്‍ഫ് കോണ്‍ഫിഡന്‍സുള്ള നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസ്സില്‍ ഉണ്ടെന്ന കാര്യം.

ഒരു ടി.വി.പ്രോഗ്രാമിന്റെ ബലത്തില്‍ ഒരാളെ ഇങ്ങനെയൊക്കെ വിലയിരുത്താമോ എന്ന് സ്വയം പലവട്ടം ആലോചിച്ചെങ്കിലും, ചിലരെ ഉള്‍ക്കൊള്ളാന്‍ കാക്കത്തൊള്ളായിരം കാലം പഠിക്കേണ്ടതില്ല എന്നതിന് ഒരുദാഹരണമായെങ്കിലും സുധാകരന്റെ കാര്യമെടുക്കാമെന്ന് തോന്നി.

ഒരു സുഹൃത്തിനോട് സുധാകരനെപറ്റി ചോദിച്ചപ്പോള്‍ ' ഒരസ്സല്‍ ഗുണ്ട ' എന്നാണുത്തരം ലഭിച്ചത്, തിരുത്താന്‍ പോയില്ല ഒരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണല്ലോ!

കണ്ണൂരില്‍ വീണ്ടും നിയമിച്ച കളക്ടറെ തള്ളിക്കളയുമോ എന്ന ചോദ്യത്തിന് ' ഇല്ല ' എന്ന് മറുപടി പറഞ്ഞ സുധാകരനോട്, കണ്ണൂര്‍ ജില്ലാ നേതാവ് തള്ളിയല്ലോ അപ്പോ നിങ്ങള്‍ പാര്‍ട്ടിക്കുള്ളിലും എതിരഭിപ്രായമെന്നാണോ? എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ചിന്തിപ്പിക്കുന്നതായിരുന്നു,

' അദ്ദേഹം ഒരു പാര്‍ട്ടി നേതാവും ഞാന്‍ ഒരു എം.പി.യുമാണ് രണ്ടും രണ്ടാണ്, അദ്ദേഹത്തിന് തള്ളിപ്പറയാം എനിക്കാവില്ല; തള്ളിപ്പറയുന്നതിലൂടെ ഒരു ജില്ലയുടെ വികസനത്തെയാണ് തടയിടുന്നത് , ഒരു കളക്ട്രാറാണ് ജില്ലയുടെ അധികാരി'.

ദോഷം പറയരുതല്ലോ, ചര്‍ച്ച നിയന്ത്രിച്ച പ്രമോദ് സുധാകരന് വിശദീകരിക്കാന്‍ അവകാശം കൊടുത്തത് അറിഞ്ഞുതന്നെയാണെന്നും തോന്നിപ്പോയി ;).

കാരശ്ശേരിയുടെ, അക്രമത്തെ പ്രത്യാക്രമണമാണോ എന്ന് അന്യായീകരിച്ചപ്പോള്‍, പ്രത്യാക്രമണമല്ല പ്രതിരോധം എന്ന് തിരുത്തിയത് പല തെറ്റായ ചിന്തകള്‍ക്കും അവകാശവാദങ്ങള്‍ക്കും ന്യായീകരണത്തിനും പലര്‍ക്കുമുള്ള വിശദീകരണമായി.

ശശി തരൂരിനെ ന്യായീകരിച്ചതിനെ, ശശി തരൂരിന്റെ കാറ്റില്‍ ക്ലാസ്സ് എന്ന വാക്കിനെയല്ല മറിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടി സ്വകാര്യമായി വിളിച്ച് തിരുത്തേണ്ടതിന് പകരം പരസ്യപ്രസ്ഥാവന നടത്തിയതിനേയാണ് എതിര്‍ത്തതെന്നും, ശശി തരൂര്‍ ഒരു രാഷ്ട്രീയക്കാരനല്ല ഒരു പ്രൊഫെഷണല്‍ ആണെന്നും തുറന്നുപറഞ്ഞതിനെ സുധാകരന്റെ സത്യസന്ഥമായ കാഴ്ചപ്പാടും അഭിപ്രായപ്രകടനവുമാണ് കാണിക്കുന്നത്.

രാഷ്ട്രീയക്കാരില്‍ വളരെ കുറവുള്ള ആളുകളെ മാത്രമേ ഞാന്‍ അംഗീകരിക്കുന്നുള്ളൂ, പലരേയും പല കാരണങ്ങള്‍ കൊണ്ടാണ് അംഗീകരിക്കുന്നതും. സഖാവ്. ഇ.കെ നായനാരെ അംഗീകരിക്കുന്നതിനുള്ള കാരണങ്ങളല്ല കെ.കരുണാകരനെ അംഗീകരിക്കുന്നതിനുള്ളത് അതുപോലെ സി.എച്ച്. മുഹമ്മദ് കോയയെ അംഗീകരിക്കുന്നതിനുള്ള കാരണമല്ല രാജഗോപാലനെ അംഗീകരിക്കാനുള്ളത്. കാരണങ്ങള്‍ ഒന്നാകാം രണ്ടാകാം അനേകമാവാം.

എന്തൊക്കെയായാലും ആത്മാര്‍ത്ഥത എന്നത് എന്തെന്നറിയാത്ത, അംഗീകരിക്കപ്പെടാന്‍ ഒരുകാരണമെങ്കിലും ഇല്ലാത്ത , ഒരു പക്കാ രാഷ്ട്രീയക്കാരനായ എ.കെ ആന്റണിയ്ണെപ്പോലുള്ളവരുടെ ഇടയില്‍ ഇതുപോലുള്ളവര്‍ ഉള്ളത് സത്യമായിട്ടും സന്തോഷമുണ്ടാക്കുന്നു ഒപ്പം സ്വല്‍‌പ്പം അഭിമാനവും :).

Friday, December 04, 2009

ഇത് വല്ലാത്ത ചതിയായിപ്പോയി :(

മാസത്തിലൊരിക്കല്‍ വെള്ളിയാഴ്ചകളില്‍ അതിരാവിലെ മീന്‍ മാര്‍ക്കറ്റില്‍ പോകുന്നത് തന്നെ റോഡില്‍ തിരക്കാവുമ്പോഴേക്കും സാധനങ്ങള്‍ വാങ്ങി തിരിച്ചുവരാനാണ്.

ദുബായിലെ എല്ലായിടങ്ങളിലും വെള്ളിയാഴ്ചകളിലും പബ്ലിക് ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിങ്ങ് ഫ്രീയാണെന്നതിനാലാണ് പാര്‍ക്കിങ്ങ് ടിക്കറ്റെടുക്കാതെ മീനും പച്ചക്കറികളും വാങ്ങിക്കാന്‍ പോയത്, തിരിച്ചുവന്നപ്പോള്‍ വിന്‍ഡ് ഷീല്‍ഡില്‍ താഴെകാണുന്ന ടിക്കറ്റ് വെച്ചിരിക്കുന്നു.


പത്ത് വര്‍ഷത്തിലധികമായി ദുബായില്‍ വണ്ടിയോടിക്കുന്നു ഇന്നേവരെ പാര്‍ക്കിങ്ങ് ടിക്കറ്റെടുക്കാതെ കാര്‍ പാര്‍ക്ക് ചെയ്തിട്ടില്ല, പണമല്ല മുഖ്യ പ്രശ്നം വല്ലാതെ ഇന്‍സള്‍ട്ടായതുപോലെ തോന്നി.


ഫൈന്‍ ടികറ്റെഴുതിയ ഇന്‍സ്പെക്ടര്‍ പുതിയ വ്യത്യാസമാണെന്ന് പറഞ്ഞു. പാര്‍ക്കിങ്ങ് സ്ഥലത്തേക്കുള്ള പ്രധാനകവാടത്തില്‍ അല്ലാതെ വേറേ എവിടേയും ബോര്‍ഡ് കണ്ടില്ല, ഇനി ഉണ്ടെങ്കിലും ശ്രദ്ധിക്കണമെന്നുമില്ല.


ദുബായിക്കാരെ ,
 
ഇനിമുതല്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിങ്ങ് ടികറ്റെടുക്കേണ്ട സ്ഥലങ്ങള്‍ ഉണ്ട്, ഈ പോസ്റ്റിന്റെ ഉദ്ദേശവും ഈ വിവരം അറിയിക്കാനാണ്.

Tuesday, December 01, 2009

പരിഹസിക്കരുത്!

ദുബായിലെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ജീവിതത്തില്‍ പലരീതികളും/തലങ്ങളും/തരങ്ങളും അനുഭവിക്കാനും കാണാനും സാധിച്ചിട്ടുണ്ട്. നാല് വര്‍ഷമായി അബൂദാബിയിലാണ് ജോലിയെങ്കിലും ദുബായില്‍ നിന്നും മാറിതാമസിക്കാത്തതിനുള്ള പല കാരണങ്ങളില്‍ ഒന്ന് ദുബായിലെ ജീവിത രീതിതന്നെയാണ്.


ദുബായില്‍ ജീവിക്കുന്നു എന്നത് ഒരഭിമാനമായി കാണുന്നതിനാലാണ് ഒപ്പം ജോലിചെയ്യുന്നവരോട് പലപ്പോഴും 'ഞങ്ങള്‍ ദുബായിക്കാരാണ്' എന്ന് പറയുന്നതിനും കാരണം.

ഇന്നലെ യു.എസ്സില്‍ നിന്നും സുഹൃത്ത് വിളിച്ചപ്പോള്‍ അറിയേണ്ടത് ദുബായില്‍ ഉണ്ടായ സാമ്പത്തിക പ്രശ്നത്തെചൊല്ലിയാണ്.അവിടെ പ്രസ്തുത ന്യൂസിന് വളരെ പ്രാധാന്യം കല്‍‍പ്പിച്ചിരിക്കുന്നുവത്രെ. ആ ചോദ്യത്തില്‍ എന്നെപറ്റിയുള്ള വേവലാതിയായിരുന്നു മറ്റുള്ളവരെപറ്റിയും.

എനിക്കീ ന്യൂസില്‍ വലിയ അദിശയമൊന്നും തോന്നിയില്ല ഒരു പക്ഷെ രഹസ്യമായി അറിയുന്ന ഒരു കാര്യം പരസ്യമായിഎന്നുമാത്രമേ ചിന്തിച്ചുള്ളൂ. എല്ലാം ശെരിയാവും എന്ന ശുഭാപ്തിവിശ്വാസത്തോടെ അവന്‍ സംസാരം അവസാനിപ്പിച്ചു.

ഇത്രയും പറയാന്‍ കാരണം 'സേഫായ' ചിലരെ സൂചിപിക്കാനാണ്, 'ദുബായിയുടെ കാലം കഴിഞ്ഞു ഓടിക്കോ' എന്ന തരത്തിലുള്ള വാര്‍ത്ത/സംസാരമാണ് ചിലര്‍ പങ്ക് വെക്കുന്നത്. പറയുന്നവര്‍ അങ്ങ് ദൂരെ വളരെ സേഫായ സ്ഥലതാണ് എന്ന വിഡ്ഡി-വിശ്വാസത്തിലാണെന്നതാണ് ഇതിന് കാരണം. മറ്റു ചിലരുടെ കാര്യം എടുത്താല്‍, ' ഓ! എന്തായിരുന്നു നെഗളിപ്പ് കടല്‍ തൂര്‍ക്കുന്നു കര കുഴിക്കുന്നു ഇപ്പോ എന്തായി?' എന്ന തരത്തിലാണ്.

ഇവരോടൊക്കെ പറയാന്‍ ഒന്നുമാത്രം, ഇതൊക്കെ നടക്കുന്നതുകൊണ്ടാണ് എനെപ്പോലുള്ളവര്‍ സ്വസ്ഥമായി- സുഖമായി ജിവിക്കുന്നത് അതുകൊണ്ട് തന്നെ ദുബായ് എണീക്കും നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ അന്നും ആയുസ്സുണ്ടെങ്കില്‍ ഞാനും എന്നെപ്പോലുള്ളവരും ഇവിടെ കാണും , എന്നെപ്പോലുള്ള ചിലരുടെ പ്രാര്‍ത്ഥനകളെങ്കിലും ഇവിടത്തെ ഭരണകര്‍ത്താക്കള്‍ക്കൊപ്പം ഉണ്ട്, ഫലമുണ്ടായാലും ഇല്ലെങ്കിലും അതുകൊണ്ട് പരിഹസിക്കരുത്.

എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നുമുതല്‍ ദുബായിലെ എല്ലാ സ്ട്രീറ്റും വിളക്കുകള്‍ കൊണ്ട് നിറയാറുണ്ട്, ദേശീയ ദിനം കൊണ്ടാടാന്‍ ഇത്തവണ ദുബായിയുടെ തെരുവില്‍ കുറവായേകാണുന്നുള്ളൂ അതു കാണുമ്പോള്‍ എന്നെപ്പോലുള്ളവരുടെ മനസ്സ് സ്വല്പ്പമെങ്കിലും വേദനിക്കുന്നുണ്ട് എന്നാല്‍ ഉറപ്പ് അടുത്തതവണ അതല്ലെങ്കില്‍ അതിനടുത്തതവണ ദുബായുടെ തെരുവുകള്‍ വിളക്കുകള്‍ കൊണ്ട് നിറയും അന്നും നിങ്ങളൊക്കെ ഉണ്ടാവണം അതൊക്കെ കാണാന്‍!