Saturday, March 21, 2009

എഴുത്തും വ്യക്തിത്വവും

ലേഖനമോ വാര്‍ത്താകുറിപ്പുകളേയോ പോലെയല്ല , കഥകളും കവിതകളുമൊക്കെ ഭാവനയാണെന്നും അതിനാല്‍ തന്നെ എഴുത്തുകാരനുമായി നേരിട്ട് യാതൊരു ബന്ധമില്ലെന്നും ; എഴുത്തടിസ്ഥാനപ്പെടുത്തി എഴുത്തുകാരന്‍‌റ്റെ വ്യക്തിത്വം വിലയിരുത്തുന്നതില്‍ കഴമ്പില്ലെന്നുമൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ തുടരും, കഴിവുള്ള എഴുത്തുകാരന് തന്‍‌റ്റെ എഴുത്തിനെ എളുപ്പത്തില്‍ തന്‍‌റ്റെ വ്യക്തിത്വത്തില്‍ നിന്നും മാറ്റിനിര്‍‌ത്താനാവും , ചിലര്‍ക്ക് ജന്‍‌മനാല്‍ , അല്ലാത്തവര്‍ക്കോ കാലങ്ങളായുള്ള പരിശ്രമം കൊണ്ടും.

ഒരു വ്യക്തി കണ്ണുകൊണ്ട് കാണുന്നതും മനസ്സുകൊണ്ട് കാണുന്നതും(ഭാവന) വ്യത്യസ്ഥമാണെങ്കിലും , രണ്ടിലും കാണുന്നയാളുടെ (അനുഭവിക്കുന്ന) വ്യക്തിത്വം ഒളിഞ്ഞിരിപ്പുണ്ടാവും അതുകൊണ്ട് തന്നെ ഇവയുടെയൊക്കെ ഫലമായി ഉദ്ഭവിക്കുന്ന എഴുത്തിലും ഈ വ്യക്തിത്വം ഒളിഞ്ഞിരിപ്പുണ്ടാവും. ആത്മര്‍ത്ഥതയുള്ള ഒരെഴുത്തുകാരന്‍ ഇവരണ്ടിനേയും മാറ്റി നിര്‍ത്താന്‍ ശ്രമിക്കില്ല.

എഴുത്തിലൂടെ എഴുത്തുകാരനെ തിരിച്ചറിയുന്നതിലെ അനയാസത അയാളുടെ വ്യക്തിത്വത്തിന്‍‌റ്റെ സത്യസന്ധതയാണ് കാണിക്കുന്നത് മറിച്ചാവുന്നതോ കപടതയും.
 
' എഴുത്ത് എഴുത്തുകാരനില്‍ നിന്നും മാറ്റിനിര്‍‌ത്താന്‍ ശ്രമിക്കുന്നവന്‍ തന്‍‌റ്റെ കപടതയാണ് വെളിപ്പെടുത്തുന്നത് '

Saturday, March 07, 2009

ശ്രീ.കാരശ്ശേരീ കണ്ണടച്ചിരുട്ടാക്കരുതേ!!

2009 മാര്‍ച്ച് ഒന്ന് ലക്കം മാതൃഭൂമിയിലെ ശ്രീ.എം.എന്‍ കാരശ്ശേരിയുടെ 'മലയാളി കേരളീയനാണോ?' എന്ന കുറിപ്പാണിതിനാധാരം.

ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന മലയാളിയെ സ്വധീനിക്കുന്ന പ്രധാന മാധ്യമങ്ങളാണ് ഇന്‍റ്റര്‍നെറ്റും ,ടിവിയും എന്ന് സൂചിപ്പിച്ചതിന് ശേഷം അദ്ദേഹം ,ഇന്‍‌റ്റര്‍നെറ്റിനെപ്പറ്റി പറയുന്നതിങ്ങനെ;

" മലയാള പത്രമാസികകള്‍,വെബ് മാഗസിനുകള്‍,പോര്‍‌ട്ടലുകള്‍, ഇ-മെയിലുകള്‍,ചാറ്റ് റൂമുകള്‍ മുതലായവ വഴി ഭൂമിമലയാളത്തെ ബന്ധിപ്പിക്കുന്നതില്‍ ഇന്‍‌റ്റര്‍ നെറ്റ് വഹിക്കുന്ന പങ്ക് വലുതാണ്"

എന്നാല്‍ ഇന്‍‌റ്റര്‍‌നെറ്റിലെ മാധ്യമം ഇംഗ്ലീഷോ ,മംഗ്ലീഷോ ആണെന്ന് പറഞ്ഞ് ആഗോള മലയാളിയെ മലയളത്തില്‍ അഭിസംഭോധന ചെയ്യാന്‍ കഴിവുള്ള മാധ്യമം ടി.വി മാത്രമാണെന്നും അതിന്‍‌റ്റെ ന്യൂനതകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയുമണ് ശ്രീ കാരശ്ശേരി ലേഖനത്തിന്‍‌റ്റെ ബാക്കിഭാഗത്ത് ചെയ്തിരിക്കുന്നത്.

വളര്‍ന്നുകൊണ്ടിരിക്കുന്ന ,ഇന്‍റ്റര്‍ ആക്റ്റീവ് മാധ്യമായ ബ്ലോഗിനെ അറിവില്ലായ്മകൊണ്ടോ മറ്റോ അദ്ദേഹം പാടെ വിസ്മരിക്കുന്നു.പത്രപ്രവര്‍ത്തനം , കവിത, കഥ, യാത്രാ വിവരണങ്ങള്‍,ചിത്രങ്ങള്‍ , നിരൂപണങ്ങള്‍ , ഓര്‍മ്മക്കുറിപ്പുകള്‍, ചര്‍ച്ചകള്‍ , ലേഖനങ്ങള്‍ , സംഗീതം തുടങ്ങി അക്ഷരങ്ങളിലൂടെ, ദൃശ്യങ്ങളിലൂടെ, ശബ്ദങ്ങളിലൂടെ ആര്‍ക്കും ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട മീഡിയയെയാണദ്ദേഹം പാടെ ഒഴിച്ചുനി‌ത്തിയത്.

"ഇന്‍‌റ്റര്‍ നെറ്റില്‍ മൊഴി മലയാളമാണെങ്കിലും ലിപി റോമനാണെന്ന്" പറയുന്ന അദ്ദേഹം തൊണ്ണൂറുകളിലാണോ ജീവിക്കുന്നതെന്ന് പോലും തോന്നിപ്പിക്കുന്നു.

മാത്രമല്ല ടി.വിയുടെ ന്യൂനതയായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്ന ഒരു കാര്യം , പ്രേക്ഷകന് സര്‍ഗ്ഗശേഷി നഷ്ടപ്പെടുത്തും എന്നതാണ് , ആ കുറവും ബ്ലോഗിനില്ല അതുകൊണ്ട് തന്നെ ലോകമലയാളിയെ അഭിസംബോധന ചെയ്യാന്‍ ശക്തമായ മാധ്യമം തന്നെയാണ് ബ്ലോഗ്,
ശ്രീ.കാരശ്ശേരീ , ബ്ലോഗെന്നതിനെപറ്റി കേള്‍ക്കാഞ്ഞിട്ടോ അതോ ബ്ലോഗെന്തെന്നറിയാഞ്ഞിട്ടോ?

Sunday, March 01, 2009

അനില്‍‌ശ്രീയുടെ പോസ്റ്റിനുള്ള മറുപടി ;)

അനില്‍‌ശ്രീയുടെ പോസ്റ്റിലെ അദ്ദേഹത്തിന്‍‌റ്റെ തന്നെ ആദ്യ കമന്‍‌റ്റ് വായിച്ചപ്പോള്‍ കാര്യം പിടികിട്ടിയെങ്കിലും ;) ശരിക്കും അതുപോലുള്ളവരുണ്ടെങ്കിലോ എന്നു കരുതിയാണീ പോസ്റ്റ്.

കമ്പനിയില്‍ ഒരാളെ ജോലിക്കെടുക്കുമ്പോള്‍ , ' ഇന്ന ജോലി , ദിവസവും ഇത്ര സമയം ചെയ്യുന്നതിന് കോമ്പെന്‍സേഷനായി കമ്പനി ഇത്ര ശമ്പളം കൊടുക്കും' ഇതാണ് ഉദ്യോഗാര്‍ത്ഥിയും കമ്പനിയും തമ്മിലുള്ള സാധാരണ കരാര്‍. സര്‍‌വീസാണൊരാളുടെ ജോലി എങ്കില്‍ അയാള്‍ക്ക് ജോലിക്കുള്ള സാഹചര്യം (പണി) കൊടുക്കേണ്ടത് കമ്പനിയുടെ കടമയാണ്. കമ്പനിക്ക് പണിയുണ്ടാക്കി കൊടുക്കാന്‍ കമ്പനി മറ്റുള്ളവരെ നിശ്ചയിച്ചിട്ടുണ്ടാവും , ഉദാഹരണം സെയില്‍സ് ടീം. അതായത് കമ്പനിക്ക് പണിയുണ്ടോ ഇല്ലയോ എന്നതിന് സര്‍‌വീസിലിരിക്കുന്ന ജോലിക്കാരനുമായി ഒരു ബന്ധവുമില്ല തന്നില്‍ നിക്ഷിപ്തമായ ജോലി ആത്മാര്‍ത്ഥയോടെ കൃത്യ സമയത്ത് ചെയ്യുക.

കമ്പനിക്ക് ജോലി ഇല്ലെങ്കില്‍ കമ്പനിയെ സഹായിക്കേണ്ടത് ജോലിക്കാരന്‍‌റ്റെ കടമയല്ലെ?
വളരെ സുഖമുള്ള ചോദ്യമാണിത് , പക്ഷെ ശരിക്കതിനെ ഒന്ന് വിലയിരുത്തുക.

കമ്പനിക്ക് ജോലിയില്ലാതാവുന്നത് ജോലിക്കാരന്‍ മൂലമല്ല. കമ്പനിക്ക് ജോലിയില്ലെങ്കില്‍ സ്വാഭാവികമായും ഉദ്യോഗാര്‍ത്ഥിക്ക് പണി കുറയും. കമ്പനിക്ക് ജോലികിട്ടാന്‍ തനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അതു ചെയ്യുകയാണ് ചെയ്യേണ്ടത്. കമ്പനിയില്‍ പണിയില്ലെന്നും പറഞ്ഞ് കുണ്ഠിതപ്പെടേണ്ട കാര്യമൊന്നുമില്ല.

എന്‍‌റ്റെ സര്‍‌വീസിന് വില ഞാനാണ് നിശ്ചയിക്കുന്നത് വിലയുടെ അടിസ്ഥാനം നിലവിലുള്ള മാര്‍കറ്റ് കണ്ടീഷന്‍ , ജീവിത ചിലവ് തുടങ്ങി പലതും ഉണ്ട്.എനിക്ക് കിട്ടുന്ന ശമ്പളം എന്‍‌റ്റെ സര്‍‌വീസിന് ഞാന്‍ ഇട്ടിരിക്കുന്ന വിലയാണ്. അതിന്‍‌റ്റെ വില സാമ്പത്തിക മാന്ദ്യം കൊണ്ടോ മറ്റോ കുറയുന്നില്ല കാരണം മാന്ദ്യമാകട്ടെ എന്തുമാകട്ടെ എന്‍‌റ്റെ സര്‍‌വീസില്‍ ഞാന്‍ മായം കൂട്ടുന്നില്ല എന്നതുതന്നെ.

' നാളെ തനിക്ക് ജോലിയില്ല ' എന്ന് കമ്പനി പറയുമ്പോള്‍ , ' ഞാന്‍ പകുതി ശമ്പളത്തിന് ജോലി ചെയ്തൊളാം എന്ന് പറയുന്ന' ആളും ; ' കമ്പനിക്ക് ജോലിയില്ലാത്തതിനാല്‍ നിങ്ങളുടെ ശമ്പളം കുറക്കുക അല്ലെങ്കില്‍ ഒഴിഞ്ഞുപോകുക' എന്ന് പറയുന്ന കമ്പനിയോട് ' ശരി എങ്കില്‍ ശമ്പളം കുറക്കാം ' എന്ന് പറയുന്ന അവസ്ഥയും ആനയും ചേനയും പോലെ വ്യത്യസ്ഥമാണ്.

ജോലിക്കാളെ കിട്ടാത്ത സമയം മുതലാക്കി ഒരിക്കലും നിലവിലാത്ത സ്വപ്ന ശമ്പളം അര്‍ഹതയില്ലാതെ ഇത്രയും കാലം എണ്ണിവാങ്ങിയവര്‍ ആദ്യ വര്‍ഗ്ഗത്തില്‍ പെടുമ്പോള്‍ നിവൃത്തിക്കേടില്‍ അകപ്പെടുന്നവരാകുന്നു രണ്‍ടാമത്തേത്. സ്വന്തം ജോലിയില്‍ ആത്മവിശ്വാസമുള്ള , ആത്മാര്‍ത്ഥതയുള്ള , കഴിവില്‍ വിശ്വാസമുള്ള , അര്‍ഹമായ ശമ്പളമാണ് തനിക്ക് ലഭിക്കുന്നതെന്ന ഉത്തമ ബോധ്യമുള്ള ആര്‍ക്കും ആദ്യവര്‍ഗ്ഗകാന്‍ കഴിയില്ല.