Saturday, July 25, 2009

ധാര്‍‍ഷ്ട്യം

പലരും പല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത നടി സംഗീത മോഹനും പോലീസുമായുള്ള ഇടയല്‍ ഏത് രീതിയില്‍ എടുത്താലും നടിയുടെ ചെയ്തിയെ അംഗീകരിക്കാനാവില്ല.

കുറുകെ ചാടിയ സ്ത്രീയെകണ്ടിട്ട് ബ്രേക്ക് ചവിട്ടാത്തതില്‍ (അതോ റെഡ് സിഗ്നലോ? ) തെറി പറഞ്ഞ പോലീസുകാരന്റെ നേരെ കാറ് തിരിച്ച് കയര്‍ത്തുസംസാരിക്കാന്‍ അവര്‍ക്ക് ധൈര്യം കൊടുത്തത് മോഹന്‍‌ലാല്‍ സിനിമകളും പിന്നെ നടിയെന്ന അഹങ്കാരവുമായിരിക്കാം.

താന്‍ തെറ്റ് ചെയ്തില്ലെന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍ പോലീസുകാരനെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത് അല്ലാതെ നടുറോടില്‍ കയര്‍ത്തുസംസാരിച്ച് ഒരു സിനിമയിലേതുപോലുള്ള സീന്‍ ഉണ്ടാക്കുകയല്ല.

ചുറ്റുപാടുകളിലൂടെ സ്വഭാവസംസ്കരണം ചെയ്യപ്പെടുന്ന ഒരു വ്യക്തിയില്‍ എറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അയാളുടെ ജോലിയാണ്. തന്റെ ജീവിതത്തിന്റെ പ്രധാനഭാഗം ഏറ്റവും മോശം കാര്യങ്ങളില്‍ മാത്രം വ്യാപൃതനാവുന്ന ഒരു പോലീസുകാരനില്‍ നിന്നും എല്ലാ സമയവും ഒരു പുരോഹിതന്റെ സൗമ്യത പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലായ്മയെ എനിക്കു കാണാനാവുന്നുള്ളു.

ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ അനുവദിച്ചുകൂടാ, പോലീസുകാരന്‍ മോശം ഭാഷ ഉപയോഗിച്ചെങ്കില്‍ അതില്‍ തെറ്റുണ്ട് അതിനേക്കാള്‍ വലിയ തെറ്റാണ് ജോലിചെയ്യുന്ന പോലീസുകാരനെ നടുറോടില്‍ കയര്‍ത്തുസംസാച്ചതിലൂടെ നടി സംഗീതമോഹന്‍ ചെയ്തത്.

Saturday, July 11, 2009

പൂഴ്ത്തിവെപ്പുകാര്‍

ഉപയോഗിച്ച് പഴകിയ സാധനങ്ങള്‍ മാറ്റി പുതിയവ വാങ്ങിയാലും പഴയവ ഉപേക്ഷിക്കാന്‍ എന്താണ് നമുക്കൊരു മടിയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

മാറ്റപ്പെട്ടത് ഒരു ഇലക്ട്രോണിക് സാധനമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട , കാലങ്ങളോളം പഴയത് വീടിന്റെ / മുറിയുടെ ഏതെങ്കിലും ഒരു കോണില്‍ സൂക്ഷിക്കപ്പെടും.

പഠിക്കുന്ന കാലത്ത് ഇലക്ട്രോണിക്സ് അസ്സെംബ്ലി ചെയ്യുന്നതിഷ്ടമായതിനാല്‍ കയ്യില്‍ കിട്ടുന്ന എന്തും പിന്നീട് ഉപയോഗപ്പെടും എന്നുകരുതി സൂക്ഷിച്ച് വെക്കാറുണ്ടായിരുന്നു.

പഴയ സാധനങ്ങള്‍ അധികരിച്ച് താമസിക്കുന്ന സ്ഥലത്തിന്റെ നല്ലൊരു ഭാഗം ഉപയോഗശൂന്യമാവുകയല്ലാതെ കൂട്ടിവെച്ച ഇത്തരം പഴയ സാധനങ്ങളില്‍ ഉപയോഗപ്പെടുത്താനാവുക ഒന്നോ രണ്ടോ സ്ക്രൂവോ അല്ലെങ്കില്‍ അതുപോലുള്ള ചെറിയ വല്ല ഭാഗമോ മാത്രമായിരിക്കും എന്നതാണ് രസകരം. എന്നിരുന്നാലും ഇന്നും പഴയ സാധനങ്ങള്‍ സൂക്ഷിച്ച് വെക്കുന്നു പിന്നീടുപയോഗിക്കാം എന്ന ഉദ്ദേശത്തോടെ.

എന്റെ ഇലക്ട്രോണിക്ക് അസ്സെംബ്ലിയിലുള്ള താത്പര്യമയിരിക്കും ഈ സ്വഭവത്തിന് കാരണമെന്ന് കരുതിയിരിക്കെയായിരുന്നു. എന്നാല്‍ ചിലരുടെ അനുഭവങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി മറ്റുപലര്‍ക്കും ഇതുണ്ടെന്ന്.

***********
സുഹൃത്തിന്റെ വീടുപണികഴിഞ്ഞപ്പോള്‍ കുറച്ച് മരത്തടികഷ്ണങ്ങള്‍ ബാക്കിവന്നു.ഭാവിയില്‍ എന്തിനെങ്കിലും ഉപയോഗപ്പെടുമെന്ന് കരുതി ഒരു വശത്തായി അവന്‍ മരക്കഷ്ണങ്ങള്‍ അടക്കിവെച്ചു. ഒരു വര്‍ഷത്തിന് ശേഷം വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത മരക്കഷ്ണങ്ങള്‍ മറ്റൊരിടത്തേക്ക് ആയിരത്തിച്ചില്ല്വാനം കൂലിയാല്‍ നീക്കിവെക്കപ്പെട്ടു.

കുറച്ചുകാലങ്ങള്‍ക്ക് ശേഷം മറ്റൊരുകാരണത്താല്‍ മരക്കഷ്ണങ്ങള്‍ ഒരു പുതിയ സ്ഥലത്തേക്ക് , വീടിന്റെ ടറസ്സിലേക്ക് മാറ്റി, കൂലി ആയിരത്തി നാനൂറ് രൂപ.

ടെറസ്സില്‍ തുണി ഉണക്കാനും മറ്റും ഒരു ഷേഡുണ്ടാക്കുമ്പോളാണ് സ്ഥലമുടക്കിയ മരക്കഷ്ണങ്ങളെ എങ്ങിനെയെങ്കിലും ഒഴിവാക്കാന്‍ തീരുമാനിച്ചത്. അവസാനം വാങ്ങാന്‍ ആളുവന്നു വിലയും നിശ്ചയിച്ചു അഞ്ഞൂറ് രൂപ!.

പക്ഷെ സാധനം ടെറസ്സില്‍ നിന്നും ഇറക്കി ഗേറ്റിന് പുറത്തെത്തിച്ചാലേ വാങ്ങുന്നവര്‍ക്കാവശ്യമുള്ളൂ, അതിനുള്ള കൂലി മറ്റൊരു ആയിരത്തി...ആയതിനാല്‍ ഇപ്പോ നാല് മാസമായി സാധനം അവിടത്തന്നെയുണ്ട്, സ്ഥലമുടക്കിയായിയെങ്കിലും

കളയേ ഓ ആലോചിക്കാനേവയ്യ!