Thursday, January 29, 2009

സ്പ്രൈറ്റും സെവന്‍ അപ്പും.

സ്ഥലം അബൂദാബിയിലെ ഒരു കഫിട്ടേറിയ

' അപ്പം മുട്ടക്കറി പിന്നെ ഒരു സെവന്‍ അപ്പും '

' സെവന്‍ അപ്പില്ല സ്പ്രൈട്ടേ ഉള്ളു '

'ശരി അതെടുത്തോളു'

അല്‍‌പ്പസമയത്തിന്‌ ശേഷം ഒരറബി ഇരുന്നു.

' ബൊറാട്ട കീമ സെവന്‍ അപ്പ് '

പൊറോട്ടയും കീമയും പിന്നെ അടുത്ത ഗ്രോസറിയില്‍ നിന്നും
വാങ്ങിയ സെവന്‍ അപ്പും മേശമേല്‍ നിരന്നു.

ശുഭം!

Sunday, January 18, 2009

അബ്ദുള്ളകുട്ടിയും - മാധ്യമങ്ങളുടെ ഇരകളും.

പ്രത്യക്ഷത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആണെങ്കിലും അവരെ നിയന്ത്രിക്കുന്നതിലൂടെ മാധ്യമങ്ങളാണ്‌ പരോക്ഷമായി രാജ്യം ഭരിക്കുന്നതെന്നാണെന്‍‌റ്റെ അഭിപ്രായം. രണ്ട് ദിനം കൊണ്ടൊരുത്തനെ തോളിലേറ്റുന്നതും , താഴെയിടുന്നതും ഭവാനൊന്നുമല്ല മാധ്യമങ്ങള്‍ തന്നെയാണ്‌.

വാര്‍ത്തകളെ വളച്ചൊടിക്കാനും ,തെറ്റായി വ്യാഖ്യാനിക്കാനുമുള്ള മിടുക്കുപയോഗിച്ച് മാധ്യമങ്ങള്‍ ചെയ്തുകൂട്ടുന്ന തെറ്റുകളെ മനസ്സിലാക്കിയിട്ടുപോലും എന്തുകൊണ്ടാണ്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മറ്റും അവയെ തിരുത്താനോ തള്ളിക്കളയാനോ തയ്യാറാവാത്തതെന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒന്നാണ്‌. മാധ്യമങ്ങളെ ജനങ്ങള്‍ അമിതമായി വിശ്വസിക്കുന്നുണ്ടെന്ന തെറ്റ് ധാരണ രാഷ്ട്രീയക്കാര്‍ പുലര്‍ത്തുന്നുണ്ടെങ്കില്‍ അത് മാറ്റേണ്ട സമയമായിരിക്കുന്നെന്നാണ്‌ എന്‍‌റ്റെ മതം.

ഏറ്റവും അവസാനം മാധ്യമങ്ങളുടെ നീരാളിപിടുത്തത്തില്‍ പെട്ടുപോയവരാണ്‌ അച്ചുദാനന്ദനും അബ്ദുള്ളകുട്ടിയും. ബദ്ധശത്രുക്കളായ പത്രങ്ങള്‍ പോലും നെറികേടുകള്‍ നിര്‍മ്മിക്കുന്നതില്‍ ഒന്നാവുന്നതോടെ വന്‍‌വിജയമാകുന്നു.തുടക്കത്തില്‍ വെത്യസ്ഥ അഭിപ്രായങ്ങളുമായി വരുന്ന മാധ്യമങ്ങള്‍ അധികം താമസിയാതെ ഒരേ അഭിപ്രായത്തില്‍ എത്തിച്ചേരുന്നതോടെ ഇതില്‍ പെടുന്ന 'ഇര' ദയനീയമായി നിലം പൊത്തുന്നു.

അച്ചുദാനന്ദന്‍‌റ്റെ വിഷയം പഴകിയതിനാല്‍ വിട്ടുകളയാം എന്തായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രശ്നം?.

' മറ്റുള്ളവ മാറ്റിനിര്‍ത്തിയാല്‍ വികസനത്തില്‍ മോഡിയെയാണ്‌ പിന്‍‌പറ്റണ്ടത് ' എന്നര്‍ത്ഥംവരുന്ന വാക്കുകളില്‍ എന്താണിത്ര തെറ്റെന്ന് മനസ്സിലാവുന്നില്ല.

' സമയ നിഷ്ടയില്‍ കാലനെയാണ്‌ പിന്‍‌പറ്റേണ്ടത് ' എന്നൊരാള്‍ പറയുമ്പോള്‍ , കാലന്‍‌റ്റെ തൊഴിലല്ല മറിച്ച് സമയത്തിന്‌ കാലന്‍ കൊടുക്കുന്ന കൃത്യതെയാണുദ്ദേശിച്ചിരിക്കുക എന്ന് ഏതൊരു കുട്ടിക്കും മനസ്സിലാക്കാമെന്നിരിക്കെ എന്തൊക്കെ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും കൊടുത്താണ്‌ മാധ്യമങ്ങള്‍ അതിനെ വളച്ചൊടിച്ചത്.

അബ്ദുള്ളകുട്ടിയെ പുറത്താക്കാന്‍ ഇതല്ല മറ്റുകാരണങ്ങളുണ്ടെന്നാണെങ്കില്‍ അതു പറഞ്ഞുകൊണ്ടായിരിക്കണം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ നെറികെട്ട ചില വളച്ചൊടിക്കലിനെ അടിസ്ഥാനപ്പെടുത്തിയാവരുതായിരുന്നു.

അബ്ദുള്ളക്കുട്ടി നല്ലവനെന്നോ / ചീത്തയെന്നോ / കഴിവുള്ളവനെന്നോ / ഇല്ലാത്തവനെന്നോ എന്നുള്ള വിലയിരുത്തല്‍ ഈ പോസ്റ്റിന്‍‌റ്റെ ലക്ഷ്യമല്ലെന്നുകൂടി സൂചിപ്പിക്കട്ടെ!

Saturday, January 17, 2009

പച്ചാനയും ഞാനും പിന്നെ കുശുമ്പും

സ്കൂളിലും ബസ്സിലും കൂട്ടുകാരുടെ ഒപ്പവും നടക്കുന്ന സര്‍‌വ്വകാര്യങ്ങളും പച്ചാന എന്നോട് പറയുന്നതിനിടയിലെ എന്‍‌റ്റെ ചോദ്യം കേട്ടവള്‍ മുഖം ചുളിച്ചു.

' നിനക്കീയിടെ സ്വല്‍‌പ്പം കുശുമ്പുണ്ടല്ലേ? '

'ഏയ് ഒരിക്കലുമില്ല പക്ഷെ '
'പക്ഷെ? '
' മേരിയോ ശ്വേതയോ സെന്‍‌റ്റര്‍ ഓഫ് അറ്റന്‍‌ഷന്‍ ആവുമ്പോള്‍ എനിക്ക് ചിലപ്പോള്‍ വല്ലാതാവും '

അവള്‍ പെട്ടെന്ന് നിര്‍‌ത്തി പിന്നെ എന്തോ ഓര്‍ത്ത് എന്‍‌റ്റെ മുഖത്തേക്ക് നോക്കി , അപ്പോഴേക്കും ചിരി അടക്കാനായില്ല , രണ്ടുപേരും നിര്‍ത്താതെ ചിരിക്കുന്നതിനിടയില്‍ ഞാന്‍ മെല്ലെ പറഞ്ഞു.

'ഏയ് അത് കുശുമ്പേ അല്ല '
ഞങ്ങള്‍ വീണ്ടും ചിരിച്ചുകൊണ്ടിരുന്നു.

Friday, January 16, 2009

വേണ്ടത്.

നമ്മള്‍ നമ്മിലെ നമ്മളാകണം.

Wednesday, January 14, 2009

സിനിമയെപറ്റി.

ഹിന്ദി വേര്‍ഷന്‍‌ ഗജനിയും 20-20 യും കണ്ടു.

ഗലേറിയ പോലെയോ മാക്സ് പോലെയോ സിനി പ്ലെക്സ് പോലെയോ അല്ല ജബല്‍ അലിയിലെ ഡോണിയ തീയേറ്റര്‍ ഏകദേശം തൃശ്ശൂരിലെ സ്വപ്നപോലെയാണ്. തിരക്ക് വളരെ കുറവായിരിക്കും വ്യാഴം വെള്ളി ദിവസങ്ങളില്‍ അപൂര്‍‌വ്വം ഘട്ടങ്ങളില്‍ ഞങ്ങള്‍ മാത്രമേ കാണൂ. അതുകൊണ്ടുതന്നെ ഇവിടെ നിന്നും സിനിമ കണ്ടിറങ്ങുമ്പോള്‍ നാട്ടില്‍ തീയെറ്ററുകളില്‍ പോകുമ്പോളുള്ള പ്രതീതിതന്നെ. ഇന്‍‌റ്റര്‍‌വെല്‍‌ സമയത്ത് ചായയോ മറ്റോ കുടിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ നാളെ പരീക്ഷയുണ്ടല്ലോ എന്നൊക്കെയുള്ള തോന്നലാവും മനസ്സില്‍ വരിക.

ഓര്‍‌മ്മകള്‍‌ ഉണ്ടാകുക സമാനമായത് അനുഭവത്തില്‍ വരുമ്പോഴാണല്ലോ. പഠിക്കുന്ന കാലത്ത് തലേന്ന് സാമാന്യം നന്നായി പഠിച്ച് പിറ്റേന്ന് പരീക്ഷക്ക് പോകേണ്ടതിന് പകരം രാഗത്തിലേക്കോ രാംദാസിലേക്കോ അതുമല്ലെങ്കില്‍ സ്വപ്നയിലേക്കോ പോകുകയും സിനിമകണ്ടിറങ്ങുമ്പോള്‍ പരീക്ഷ നഷ്ടപ്പെടുത്തിയതിലെ വേദനയുണ്ടാകുകയും ചെയ്യാറുണ്ട് ആ 'ഫീലിങ്ങ്സ്' തീയേറ്ററുകളില്‍ കിട്ടുന്നതുതന്നെയാണ് ഇന്നും സിനിമകള്‍ തീയേറ്ററില്‍ പോയി കാണാന്‍ താത്പര്യമേകുന്നത്.

എത്ര നല്ല സന്ദേശം/കഥയായാലും സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സിലുണ്ടാകുന്ന ആകെത്തുക പോസിറ്റീവായിരിക്കുന്നവയെ മാത്രമേ നല്ല സിനിമകളായി ഞാന്‍ കാണുന്നുള്ളൂ അല്ലാത്ത പക്ഷം വളരെ പ്രത്യേകതയുള്ള എന്തെങ്കിലും ഉണ്ടായിരിക്കണം.സിനിമയിലെ ജീവിതത്തെ നിയന്ത്രിക്കാന്‍ തിരകഥാകൃത്തിന് അധികാരവും അവകാശവുമുണ്ടെന്ന് കരുതി ജീവിതത്തിന്‍‌റ്റെ ദുരിതപൂര്‍ണമായ ഭാഗങ്ങള്‍ മാത്രം കാണിച്ചുകൊണ്ടുള്ള സിനിമകളോട് തീരെ താത്പര്യം തോന്നാറില്ല. അതുകൊണ്ടുതന്നെയാണ് മാധവിയും മുരളിയും അഭിനയിച്ച ' രാപ്പാടീ കേഴുന്നുവോ...' ഞാനേറ്റവും ഇഷ്ടപ്പെടത്ത സിനിമകളിലൊന്നാണ്.

സ്വല്‍‌പ്പം ബുദ്ധിമുട്ടിയിട്ടാണെങ്കില്‍ പോലും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നായി ഗജനിയെ ഉള്‍പ്പെടുത്താന്‍ പറ്റുന്നുണ്ട്. കൂടുതല്‍ ഇഷ്ടമായത് അതിലെ ഫ്ലാഷ്ബാക്കുതന്നെ. പാട്ടുകളുടെ ഭാഗമൊക്കെ മനോഹരം. അമീര്‍‌ഖാന്‍ നല്ലൊരു നടനാണെന്ന് വീണ്ടും ഈ സിനിമയിലൂടെ തെളിയീക്കുന്നു.

20-20 യെപറ്റിയാണെങ്കില്‍ ആദ്യ ഭാഗങ്ങള്‍ തീരെ രസിച്ചില്ല. ഇന്നസെന്‍‌റ്റെന്ന നല്ല നടന് ഇത്രക്ക് ബോറാവാന്‍ പറ്റുമെന്നൊരിക്കലും കരുതിയിരുന്നില്ല. നായകന്‍ മാരില്‍ ഭേതം സുരേഷ് ഗോപിതന്നെ ഉള്ളത് കാണിക്കാന്‍ കഴിഞ്ഞു എന്നതില്‍ സുരേഷ് ഗോപിക്ക് സന്തോഷിക്കാം.

രണ്ട് സ്റ്റാറുകളില്‍ ഒരാള്‍ക്ക് മറ്റേ ആളിനേക്കാള്‍ കൂടുതലോ കുറവോ കൊടുക്കാതിരിക്കാനുള്ള തത്രപ്പാട് ജോഷിക്ക് മറച്ചുവെക്കാനാവുന്നില്ല. ഓരോ നടന്‍ മാര്‍ക്കും അവരവരുടെ റേറ്റിങ്ങിനൊത്ത റോളുകള്‍ നല്‍‌കി ഈഗോ ക്ലാഷ് ഇല്ലാതാക്കുന്നതില്‍ ജോഷി എന്ന സം‌വിധായകന്‍ വിജയം വരിക്കാനായെന്നുതന്നെ പറയാമെങ്കിലും ആളുകളെക്കൊണ്ട് സ്ക്രീന്‍ നിറക്കലില്‍ അഗ്ര ഗണ്യനായ ഐ.വി.ശശിയുടെ കഴിവ് വെറിട്ടുതന്നെ നിര്‍ത്തുന്നു.

സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒന്നുമാത്രം മനസ്സില്‍ തങ്ങി നില്‍‌ക്കുന്നത് സം‌വിധായകന്‍ ജോഷിയും നായകന്‍ സുരേഷ്ഗോപിയും കുറെ പഴയ സിനിമകളിലെ ഒരു പക്ഷെ മണിചിത്രത്താഴിലെ കഥാപാത്രത്തെ (ങ്ങളെ) മോശമായ അഭിനയത്തിലൂടെ മിമിക്രിയായി കാട്ടിയ ഇന്നസെന്‍‌റ്റും മാത്രം ബാക്കിയെല്ലാം ഒരു പൊഹ!.എന്തിനീ സിനിമയെ ഇത്രക്ക് മഹത്‌വത്കരിച്ചെന്ന് തീരെ മനസ്സിലാവുന്നില്ല കുറെ നായകന്‍‌മാര്‍ ഉള്ളതിനാലാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.

Tuesday, January 13, 2009

' ഓനോട് പ്രത്യേകിച്ചു പറയേണ്ടതുണ്ടോ? '

കല്യാണം കുടിയിരിക്കല്‍ (House warming) തുടങ്ങിയവ‍ക്കിടയില്‍ ചിലയിടത്തെങ്കിലും കേള്‍‌ക്കുന്നതാണിത്.

അടുത്ത സുഹൃത്തിന്‍‌റ്റെ കല്യാണത്തിന്‍‌റ്റെ തലേന്നാള്‍ വരെ സര്‍‌വ്വകാര്യങ്ങള്‍‌ക്കും ഒപ്പം നിന്ന് കല്യാണ ദിവസം മുങ്ങിയ ആളെ എനിക്കറിയാം. അതിനുള്ള ന്യായീകരണം ;'‍‌ വിളിക്കാത്ത കല്യാണത്തിന് പോകുന്നതെങ്ങിനെ?' എന്നായിരുന്നു.

ഹോസ്റ്റലില്‍ നിന്നും യാദൃശ്ചികമായി വീട്ടിലെത്തിയപ്പോളാണ് ഞാനറിയുന്നത് അന്നേദിവസമാണ് കുടുംബത്തിലെ ഒരാളുടെ കല്യാണമെന്ന കാര്യം. കുടുംബത്തിലെ ഒരംഗം എന്നതില്‍ കവിഞ്ഞ് വരനുമായെനിക്ക് വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിട്ടും അറിയീച്ചില്ലല്ലോ എന്നായിരുന്നു എന്‍‌റ്റെ കുണ്ഠിതം. ഇതേ ദിവസം വന്നില്ലായിരുന്നെങ്കില്‍ കല്യാണത്തെപ്പറ്റി അറിയുമായിരുന്നില്ലല്ലോ എന്നതിനാല്‍ പ്രസ്തുത കല്യാണത്തില്‍ വീട്ടിലുള്ളവര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഞാന്‍ പോകുന്നില്ലെന്നു തീരുമാനിച്ചു. ഞാന്‍ പോകുന്നില്ലെന്നറിഞ്ഞപ്പോള്‍ ഉപ്പ ഇടപെട്ടു:

' അപ്പോ നീയും അവരും എന്തു വെത്യാസം? നീ പോകണം എല്ലാം കഴിഞ്ഞിട്ട് , വേണമെങ്കില്‍ വിളിക്കാതിരുന്നത് സൂചിപ്പിച്ചോ അല്ലാതെ പോകാതിരിക്കയല്ല വേണ്ടത് '

എനിക്ക് വിയോജിപ്പില്ലാത്ത ഉപ്പയുടെ പല തിയറികളില്‍ ഒന്നാണിതെങ്കിലും അന്ന് പക്ഷെ ഇഷ്ടമില്ലാതെയും ഞാനാ കല്യാണത്തില്‍ പങ്കുകൊണ്ടു. ഉപ്പയുടെ തിയറിയെ തള്ളാനാവാത്തതുമാത്രമല്ലായിരുന്നില്ല കാരണം വ്യക്തിപരമായടുപ്പമുള്ള ഒരാളുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു സുപ്രധാന ചടങ്ങില്‍ ‍ അയാളുടെ വിവരക്കേടുകൊണ്ട് ഭാഗബാക്കാതിരിക്കുന്നതിലെ അര്‍ത്ഥമില്ലായ്മയുമായിരുന്നു. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ പങ്കെടുത്തതും അര്‍ത്ഥമില്ലായ്മയായിരുന്നെന്നാണ് തോന്നിയത്.

ഒരു വ്യക്തി അയാളുടെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സുഹൃത്ത്‌ക്കളെ അല്ലെങ്കില്‍ വളരെ അടുത്ത ബന്ധുക്കളെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ടോ എന്ന് പലരും ചോദിക്കുന്നതു കേട്ടിട്ടുണ്ട്. വിഷയമെന്തുമാകട്ടെ ബന്ധം എന്തുമാകട്ടെ പങ്കെടുക്കണമെന്നുള്ളവരെ ഔദ്യോഗികമായി നിര്‍ബന്ധമായും ക്ഷണിക്കണമെന്നാണ് എന്‍‌റ്റെ അഭിപ്രായം സുഹൃത്താണെന്നോ മറ്റോ ഇത്തരം ക്ഷണങ്ങള്‍ക്ക് തടസ്സമാകരുത്.

എത്ര അടുത്ത ആളുടെയാണെങ്കിലും വിളിക്കാത്ത കല്യാണത്തിന് ഞാന്‍ പോകില്ല ,' അറിയാതെ വിട്ടുപോയതാണെങ്കിലോ? ' എന്നതിനുള്ള എന്‍‌റ്റെ മറുപടി 'അറിയാതെ' വിട്ടുകളയണം എന്നുതന്നെയാണ്.

Saturday, January 10, 2009

മനസ്സിന് ചേറുപ്പം വേണ്ട.

ഇന്ന് രാവിലെ ഏറ്റവും അടുത്ത സുഹൃത്ത് നാട്ടില്‍ നിന്നും വിളിച്ചപ്പോള്‍ കുശലത്തിന് ശേഷം പറഞ്ഞ വാക്കുകള്‍ വല്ലാതെ ചിന്തിപ്പിച്ചു ' ടാ വയസ്സായി... ല്ലേ !! എല്ലാം നടക്കില്ലേ? '

രണ്ട് പേരും സര്‍ക്കാരില്‍ ജോലിയുള്ളവര്‍ കൂടാതെ നല്ലൊരു industry യും സ്വന്തമായുള്ള ഒരാളുടെ വാക്കുകളാണിവ എന്നതാണ് ചിരിക്ക് പകരം ചിന്തിക്കാന്‍ കാരണമായത്.‍ എല്ലാം ഒന്ന് 'ശരിയായി' 'അടിച്ചുപൊളിക്കണം' എന്നുകരുതിയുള്ള ആഗ്രഹത്തെയാണ് നടക്കില്ലേന്ന് അവന്‍ ഭയന്നത്.

'വയസ്സായി' എന്ന് ചിലര്‍ പറയുമ്പോള്‍ സമപ്രായക്കാരും അതില്‍ കൂടുതലുള്ളവരും ന്യായീകരിക്കാനും സമാശ്വസിക്കാനുമൊക്കെയായി പറയുന്ന മറുപടിയാണ് ' അതിനെന്താ മനസ്സ് ചെറുപ്പമാക്കിയാല്‍ മതി' എന്ന്.ഒരു വേള ഞാനും അതേ വാക്കുകള്‍ പറയാന്‍ മുതിര്‍ന്നെങ്കിലും വന്നത് ' നീ മനസ്സ് പ്രായമാക്കി വെക്കെടാ ' എന്നാണ്.

മനസ്സ് ചെറുപ്പമാക്കി വെക്കുമ്പോളാണ് 'പിന്നീട് ' ആവാം എന്നത് മനസ്സില്‍ കുടിയിരിക്കുന്നത്. അതായത് ഇനിയും സമയമുണ്ടെന്നും എല്ലാം കഴിഞ്ഞിട്ട് അല്ലെങ്കില്‍ എല്ലാം ശരിയായിട്ട് 'ശരിക്കും' ജീവിതം ആസ്വദിക്കണം / അടിച്ചുപൊളിക്കണം എന്നൊക്കെയാവുന്നത്. തിരിച്ചറിവുണ്ടായി വരുമ്പോള്‍ ഒന്നുകില്‍ സമയം കഴിഞ്ഞിരിക്കും അല്ലെങ്കില്‍ നടക്കുകയുമില്ല അതുമല്ലെങ്കില്‍ 'തലം' മാറിയിരിക്കും.

എന്നാല്‍ മനസ്സിനെ പ്രായമാക്കി വെച്ചാല്‍ അന്നന്നുതന്നെ കാര്യങ്ങള്‍ ചെയ്യാനുള്ള തത്പര്യമുണ്ടാകുകയും പറ്റാവുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുകയും ചെയ്യുന്നു അഥവാ നടന്നില്ലെങ്കില്‍ പോലും ' പിന്നീട് ' എന്നതില്ലാത്തതിനാല്‍ ദുഖിക്കേണ്ടിയും വരുന്നില്ല പ്രത്യേകിച്ചും പിന്‍‌തിരിഞ്ഞുനോക്കുമ്പോള്‍ കാരണം ഒന്നും നീട്ടിവെച്ചിട്ടില്ലെന്നതിനാല്‍ തന്നെ.

അതുകൊണ്ട് മനസ്സിനെ ചെറുപ്പമാക്കിവെക്കുകയല്ല ഉള്ളവയസ്സിനൊപ്പമോ കൂടുതലോ വയസ്സാക്കിവെക്കുകയാണ്.

Wednesday, January 07, 2009

മാന്ദ്യവും പുറം വേദനയും പിന്നെ ഞാനും.

ജബല്‍ അലി ദുബായ്‌ യാത്ര ഒരാറുമാസത്തേക്ക്‌ നിര്‍ത്തിയിട്ടത്‌ പഴയതുപോലെ  അബുദാബി ഷട്ടില്‍ സര്‍വീസിനാവശ്യപ്പെട്ട്‌ കമ്പനി ഓര്‍ഡര്‍ അയച്ചിരിക്കുന്നു.ഒന്നര വര്‍ഷം മുമ്പുണ്ടായിരുന്ന അബുദാബി ഷട്ടില്‍ സര്‍വീസ്‌ സമ്മാനിച്ച പുറം വേദനയാണല്ലോ സാമ്പത്തിക മാന്ദ്യം വീണ്ടും തരാന്‍ പോകുന്നതെന്ന പരിതാപത്തിന്‌ കമ്പനി തന്ന ഉത്തരമായിരുന്നു വിരഹം.അതായത്‌ ഒന്നുകില്‍ അബുദാബി ഷട്ടില്‍ സര്‍വീസടിച്ച്‌ പുറം വേദനയെ സ്വാഗതം ചെയ്യുക അല്ലെങ്കില്‍ അബൂദാബിയില്‍ താമസിക്കുക.അടിവേണോ ഇടി വേണോ എന്നു ചോദിച്ചാലുള്ള അവസ്ഥയെ  തരണം ചെയ്തത്‌ രണ്ടും കൂടി മിക്സാക്കിക്കൊണ്ട്‌.

ദുബായ്‌ ഓഫീസിലായിരിക്കുമ്പോള്‍  യാത്ര രണ്ടുനേരവും ട്രാഫിക്കിനെതിരെയാണെങ്കിലും മുട്ടിന്‌ മുട്ടിനുവെച്ചിട്ടുള്ള റഡാര്‍ കേമറകളും രണ്ടുതവണ കിട്ടിയ ട്രാഫിക്‌ ഫൈനുമെല്ലാം കൊണ്ട്‌ ഞാനൊരു സ്ളോ ഡ്രൈവര്‍ ആയി മാറിയിരിക്കുന്നതെന്‍റ്റെ കാലങ്ങള്‍ക്ക്‌ ശേഷമുള്ള അബുദാബി കന്നിയാത്രയിലാണ്‌ മനസ്സിലായത്‌. വേഗതയുടെ സൂചി നൂറ്‌ കിലോമീറ്റര്‍/അവര്‍ കടക്കുമ്പോഴേക്കും കാല്‍ സ്വയം ആക്സിലറേറ്ററില്‍ നിന്നും പൊങ്ങുണ്ടായിരുന്നു.

ജോലി കഴിഞ്ഞപ്പോഴാണ്‌ ഇടിയുടെ വേദന ശരിക്കും അനുഭവപ്പെട്ടത്‌. ആരുമില്ലാത്ത ഒരു കെട്ടിടത്തില്‍ ഒറ്റക്കൊരുമുറിയില്‍ പ്രവേശിക്കുമ്പോഴുള്ള അവസ്ഥ അനുഭവിച്ചാലേ മനസ്സിലാകൂ.പല ഘട്ടങ്ങളിലും ഹോട്ടലുകളില്‍ ഒറ്റക്ക്‌ താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അടുത്ത മുറികളില്‍ ആളുകളുണ്ടെന്ന ധാരണകൊണ്ടോ മറ്റോ ഇതുപോലെ തോന്നിയിട്ടില്ല.

ഒരു ദിവസത്തെ അബുദാബിയിലെ  താമസവും ജോലിയും കഴിഞ്ഞ്‌ ഇന്നലെ ജബല്‍ അലിയിലേക്ക്‌ പോകുമ്പോള്‍ വേഗത കൂടിയത്‌ അറിയുന്നുണ്ടായിരന്നെങ്കിലും ആക്സിലേറ്ററില്‍ നിന്നും കാലുയര്‍ന്നൊന്നുമില്ല. ഇന്ന്‌ രാവിലെ ജബല്‍ അലിയില്‍ നിന്നും തിരിച്ചുവരുമ്പോള്‍ വേഗത നൂറ്റി നാല്‍പ്പതെത്തിയിരിക്കുന്നു.അതുപോലെ ഇന്ന്‌ രാത്രി താമസിക്കാന്‍ ആരുമില്ലാത്ത കെട്ടിടത്തിലെ മുറിയിലേക്ക്‌ പോുവാനും മടിയൊന്നും തോന്നുന്നില്ല.

നാളെ വൈകീട്ട്‌ വീണ്ടും ജബല്‍ അലിയിലേക്ക്‌ ഡ്രൈവ്‌ ചെയ്യുമ്പോള്‍ എനിക്കുറപാണ്‌ അത്‌ നൂറ്റി നാല്‍പ്പത്‌ കിലോമീറ്റര്‍ പര്‍ അവര്‍ വേഗതയിലയിരിക്കും കാരണം ശീലമെന്ന ഭയങ്കരന്‍ കീഴ്പെടുത്താത്ത ഒന്നുമില്ലല്ലോ!