Tuesday, April 28, 2009

ചില രാഷ്ട്രീയ ചിന്തകള്‍

ഇന്‍‌ഡ്യപോലുള്ള ഒരു ജനാധിപത്യ രാജ്യത്തുള്ളവര്‍‌ക്ക് രാഷ്ട്രീയ ബോധം ഇല്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു , വിദ്യാഭ്യാസപരമായി ഉന്നതിയുള്ള കേരളമാണെങ്കില്‍ പ്രത്യേകിച്ചും.എന്‍‌റ്റെ ചെറുപ്പകാലത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെമാത്രമേ അറിയപ്പെടുന്നതായുണ്ടായിരുന്നുള്ളൂ , കോണ്‍‌ഗ്രസ്സും , കമ്മ്യൂണിസ്റ്റും.


സഖാവായ കുഞ്ഞനും കോണ്‍ഗ്രസ്സുകാരനായ പ്രഭാകരേട്ടനും തമ്മില്‍ നല്ല ബന്ധമാണ്, അമ്പലത്തിലെ പരിപാടികളില്‍,‍ ഓണം , പന്തുകളി തുടങ്ങി നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം ഒരു പോലെ പങ്കെടുക്കും പരസ്പരം സഹായിക്കും.

വോട്ട് കാലം വന്നാല്‍ സ്ഥിതിയില്‍ ചെറിയൊരു മാറ്റം വരും , രാത്രിയില്‍‍ ഒരുകൂട്ടരുടെ ജാഥയുള്ള സമയത്ത് എതിര്‍ കക്ഷിയുടേത് ഉണ്ടായിരിക്കില്ല പകരം ഒരു ' മീറ്റിങ്ങായിരിക്കും ' നടുത്തുക.കോണ്‍ഗ്രസ്സുകാരുടെ ജാഥ എതിരാളിയുടെ മീറ്റിങ്ങ് നടക്കുന്ന ക്ലബ്ബിനടുത്തെത്തിയാല്‍ ശബ്ദം സ്വല്‍‌പ്പം കൂട്ടും , ഇടതരാവട്ടെ ജാഥ സമയത്ത് മീറ്റിങ്ങ് നടക്കുന്ന ‍ പ്രഭേട്ടന്‍‌റ്റെ ഗേറ്റിനടുത്തെത്തുമ്പോളായിരിക്കും ശബ്ദം കൂട്ടുക തുടര്‍ന്ന് രാത്രിയില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകുമ്പോള്‍ ബീഡി / കട്ടന്‍ ചായ തുടങ്ങിയവ പരസ്പരം കൊടുക്കുന്നതും സാധാരണ കാഴ്ചതന്നെ.

ഇതൊക്കെയാണെങ്കിലും വോട്ടിന്‍‌റ്റെ ദിവസം പ്രഭേട്ടന്‍‌റ്റെ ഭാര്യയോട് കുഞ്ഞന്‍ ' അരിവാള്‍ ചുറ്റിക മറക്കരുതേ' എന്നോര്‍മ്മിപ്പിക്കുമെങ്കിലും കുഞ്ഞന്‍‌റ്റെ ഭാര്യയോട് പ്രഭേട്ടന്‍ ' കൈപ്പത്തിക്കോട്ട് ചെയ്യണേ ' എന്ന് പറയാറില്ല.

കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തികഞ്ഞ രാഷ്ട്രീയ ബോധമുള്ള എന്നാല്‍ കക്ഷിരാഷ്ട്രീയചട്ടക്കൂട്ടിലൊതുങ്ങാത്ത ഒരു കൂട്ടമാണെന്ന് പറയേണ്ടതില്ല. തങ്ങള്‍ അംഗീകരിക്കുന്നവര്‍ ഈ വര്‍ഗ്ഗത്തില്‍ പെടണമെന്ന് ചിന്തിക്കുന്നവരായിരിക്കും കൂടുതല്‍ പേരുമെന്നാണെനിക്ക് തോന്നിയിട്ടുള്ളത് അതിനുള്ള കാരണം ഇത്തരം ആളുകളുടെ സ്വാതന്ത്ര നിലപാടുകളാണ്. ഒരുസമയത്തിവര്‍ ഇടതിനോട്ട് ചെയ്യുമ്പോളോ , അടുത്ത സമയത്ത് വലതിനോട്ട് ചെയ്യുമ്പോളോ യാതൊരു വ്യത്യാസവും ഇവരോട് തോന്നുകയോ അതുവരെ അവര്‍ക്ക് കൊടുത്ത അംഗീകാരം തിരിച്ചെടുക്കാനോ തോന്നുകയില്ല.

എന്നാല്‍ ഇതിന് വിപരീതമായി ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നതോടെ ഒരാളുടെ സ്വതന്ത്രത നഷ്ടപ്പെടുന്നു, പറയുന്നവന്‍ വലതനാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ച ' പ്രതീക്ഷ ' എങ്കിലും നില നില്‍‌ക്കുമ്പോള്‍ ഇടതിനാണെങ്കില്‍ അതുമില്ലാതാകുന്നു.

സ്വതന്ത്രെരെന്ന് തങ്ങള്‍ അംഗീകരിക്കപ്പെട്ട ആള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ചില പാരതന്ത്രമുണ്ടെന്നറിയുന്നതോടെ അയാള്‍ക്ക് അതുവരെ കൊടുത്ത അംഗീകാരം തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതരാവുന്നെന്ന് മാത്രമല്ല ഇക്കാലമത്രയും കൊടുത്ത അംഗീകരത്തെപ്പറ്റി കുണ്ഠിതപ്പെടുകയും ചെയ്യുന്നു.

സ്കൂളില്‍ ജാഥക്കിടയില്‍ ഉണ്ടായ അടിക്ക് മധ്യസ്ഥനാവാന്‍ സഖാവ് സുധാകരന്‍ മാഷെ എല്ലാവരും മാറ്റി നിര്‍ത്തിയിട്ട് വലത് ചായ്‌വുള്ള ജോര്‍ജ്ജ് മാഷെ ഒരുപോലെ അംഗീകരിച്ചത്; മാധവന്‍ നായരുടെ വീട്ടിലേക്ക് യൂണിയന്‍ കാര്‍ ലോഡിറക്കുന്നസമയത്തുണ്ടായ പ്രശ്നത്തില്‍ കുഞ്ഞന്‍‌റ്റെ സഹായം ലഭിക്കാതിരുന്നതും, അതേ സമയം താമിയുടെ പീടികയില്‍ സാധനമിറക്കുമ്പോള്‍ ഐ.എന്‍.ടി.യു.സിക്കാര്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ താമി ഓടിപ്പോയി പ്രഭേട്ടനെ വിളിച്ചുകൊണ്ട് പ്രശ്നം തീര്‍പ്പാക്കിയതുമൊക്കെ ചിലരലുള്ള പാരതന്ത്ര്യവും മറ്റുചിലരിലുള്ള സ്വാതന്ത്രതയും കൊണ്ടുതന്നെയാണ്.

ഇടതുപക്ഷക്കാരനാണെന്നറിയുമ്പോളല്ല ലഭിച്ചിരുന്ന സ്വതന്ത്ര ചിന്തകനെന്ന അംഗീകാരം ഒരാള്‍ക്ക് നഷ്ടമാകുന്നത് , മറിച്ച് ഇടതുപക്ഷത്തിനോട്ട് ചെയ്യണമെന്ന് പറയുമ്പോളാണ്. ഇതേ കാര്യം ഒരു കോണ്‍ഗ്രസ്സുകാരനില്‍ നിന്നുണ്ടാവുമ്പോള്‍ അയാളിലെ സ്വാതന്ത്രത ഇല്ലാതായി, അംഗീകാരം നഷ്ടപ്പെട്ടേക്കാമെങ്കിലും 'പ്രതീക്ഷ ' എന്നതുള്ളതിനാല്‍ കുണ്ഠിതത്തിനുള്ള സാഹചര്യം ഇല്ലാതാവുന്നു.

ചുരുക്കത്തില്‍ , ഒരു ഇടതുപക്ഷചിന്താഗതിയുള്ളവനും വലതുപക്ഷ കക്ഷിരാഷ്ട്രീയ ചിന്താഗതിയുള്ളവരും ഒരേ 'സ്വതന്ത്രര്‍' എന്ന ഗണത്തില്‍ പെടുത്താമെങ്കിലും; ഒരിക്കലും ഒരു ഇടതുപക്ഷ കക്ഷിരാഷ്ട്രീയകന് സ്വതന്ത്രതാ അംഗീകാരത്തിനര്‍ഹരല്ല അതുതന്നെയാണവര്‍ക്ക് മറ്റുള്ളവരില്‍ നിന്നുമുള്ള വ്യത്യാസവും.