Wednesday, February 27, 2008

തീരുമാനം

ജോലിക്കുള്ള ഒരു ഇന്‍റ്റര്‍വ്യൂ നടക്കുന്ന സ്ഥലം , ആകെ പോസ്റ്റ് ഒന്ന്.ആദ്യത്തെ ഉദ്യോഗാര്‍ത്ഥി കടന്നു വന്നു , ടെക്നിക്കലായി പത്തു ചോദ്യങ്ങള്‍ എട്ടുത്തരം എട്ടും വളരെ കൃത്യം.

' എത്ര ശമ്പളമാണ് പ്രതീക്ഷിക്കുന്നത്‌? '

അഞ്ചു വര്‍ഷത്തോളം ഗള്‍ഫില്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥി ഈന്‍റ്റര്‍വ്യൂ ചെയ്യുന്നവരെ മൂന്ന് പേരേയും നോക്കി:

' പത്തായിരം ' ( ചോദിച്ചതല്‍പ്പം കടന്നുപോയോ , അയാളുടെ ഉള്ളിലെ ചിന്ത പുറത്തുള്ളവര്‍ക്ക്‌ വ്യക്തമായി കാണാം )

' നെഗോഷിയബിള്‍ ആണോ ?'
' തീര്‍ച്ചയായും , എട്ടെങ്കിലും കിട്ടിയാല്‍...'
' ഏഴായിരത്തിനു സമ്മതമാണോ ? '

അയാളുടെ മുഖം സന്തോഷം കൊണ്ട്‌ തുടിക്കുന്നു.

അടുത്ത ആള്‍ ,
പഠനം കഴിഞ്ഞത്‌ ഈ കൊല്ലത്തില്‍ , പ്രവൃത്തി പരിചയം ഇല്ല.പതിനഞ്ചു ചോദ്യങ്ങള്‍ , ഓരോ ചോദ്യത്തിനുള്ള ഉത്തരവും തെറ്റായപ്പൊള്‍ പിന്നീട്‌ ചോദിക്കുന്ന ചോദ്യത്തിനുള്ള കട്ടിയും കുറഞ്ഞുവന്നു.ആകെ ചോദ്യം പതിനഞ്ച്‌ ശരിയുത്തരം ഒന്ന് അതും പകുതി.

' എത്ര ശമ്പളമാണു പ്രതീക്ഷിക്കുന്നത്‌ ? '
' ഇരുപത്തയ്യായിരം ' അയാള്‍ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.
'നെഗോഷ്യബിള്‍ ആണോ ? '
' ക്ഷമിക്കണം ഇല്ല പിന്നെ കാറ് വേണം ? '

തീരുമാനം :

രണ്ടാളെയും എടുക്കാം ആദ്യത്തെ ആള്‍ പണിചെയ്യും രണ്ടാമത്തെയാള്‍ അവനു മേലിരിക്കും.
ഒന്നൂടെ , ആദ്യത്തെ ആള്‍ ഇന്‍‌ഡ്യന്‍ രണ്ടാമത്തെയാള്‍ , ഫാലസ്തീനി , അമേരിക്കന്‍ പാസ്പോര്‍ട്ടുള്ളവന്‍.