Friday, June 26, 2009

എന്തു നല്ല ഓട്ടോകാരന്‍

കുറെ സ്ഥലത്തേക്ക് പോകാനുള്ളതിനാലും പാര്‍ക്കിങ്ങ് ലഭ്യതക്കുറവായതിനാലും റൗണ്ടില് ‍കാറിട്ട് ഞാനും ആജുവും ഓട്ടോയില്‍കയറി , സ്ഥലം പറഞ്ഞു. ഓട്ടോ കുറച്ച് ദൂരം ചെന്നപ്പോള്‍ സൈഡിലായി നിര്‍ത്തി.

പെട്രോള്‍ റിസര്‍‌വായിരിക്കും എന്ന് കരുതി പെട്രൊള്‍സ്വിച്ച് ഓണാക്കാനായി എന്റെ കാല് കുറച്ചുമാറ്റി ചോദിച്ചു, ' എന്തേ ചേട്ടാ ഞാനോണാക്കണോ?'

യാതൊരുമറുപടിയും കേട്ടില്ല, പകരം അദ്ദേഹത്തിന്റെ പോകറ്റില്‍ നിന്നും ബെല്ലടിക്കുന്ന മോബൈല്‍ ഫോണില്‍ സൂക്ഷിച്ചു നോക്കിയതിന് ശേഷം ‍സംസാരം തുടങ്ങി. അത്യാവശ്യം വല്ല കാര്യവുമായിരിക്കും പെട്ടന്നവസാനിക്കും എന്ന് ഞാന്‍ കരുതിയെങ്കിലും അതുണ്ടായില്ല. നാട്ടുവര്‍ത്താനമടക്കം 'ഗഡി' യെപ്പറ്റി സംസാരം തുടര്‍ന്നു.

എന്തെങ്കിലും പറഞ്ഞാല്‍, ' താനിക്ക് വേണേല്‍ വേറെ ഓട്ടോ പിടിച്ചോ ' എന്നോ മറ്റോ പറയും അല്ലെങ്കില്‍ പിന്നെ സ്വയം അതുവരെ ഓടിയ പത്തുരൂപയും കൊടുത്ത് പുറത്തിറങ്ങണം.

സാമാന്യം കുറവില്ലാത്ത മഴ , ഞങ്ങളുടെ കയ്യില്‍കുടയുമില്ല അപ്പോ പിന്നെ ഒന്നാഞ്ഞിരുന്നു , ചേട്ടന്‍സംസാരമൊക്കെ കഴിഞ്ഞ് മെല്ലെ വണ്ടി സ്റ്റാര്‍ട്ടാക്കി യാത്ര തുടര്‍ന്നു.

എന്തു നല്ല ഓട്ടോകാരന്‍ ‍ഞാന്‍ മനസ്സില്‍അയാളെ നന്നായിട്ടഭിനന്ദിച്ചു കാരണം നാട്ടില്‍വന്നാല്‍ആരേയും ഒന്നും തെറ്റായി പറയരുതേ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ അതുതന്നെ!

Thursday, June 18, 2009

വിദ്യാഭ്യാസവും സംസ്കാരവും

'സ്കൂളില്‍ പോയാല്‍ അറിവ് നേടാം എന്നാല്‍ വിവരം ഉണ്ടാവണമെന്നില്ല'  എന്ന് എന്റെ ഉപ്പ എപ്പോഴും പറയുമായിരുന്നു.

കണക്കറിയുന്നതോ ഇംഗ്ലീഷറിയുന്നതോ, സയന്‍സറിയുന്നതോ അല്ല വിവരം എന്നതുകൊണ്ടുദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ ഞാനും കുറേ നാളെടുത്തു.

ഇന്ന് ബൂലോകത്ത് നടന്നപ്പോള്‍ ഉപ്പയുടെ പഴയ നിലപാടാണോര്‍മ്മവന്നത് ചെറിയാരുതിരുത്തലുണ്ടെന്ന് മാത്രം , വിദ്യാഭ്യാസമുണ്ടായാല്‍ സംസ്കാരം ഉണ്ടാവണമെന്നില്ല.

Tuesday, June 16, 2009

ഒന്ന് സഹായിക്കാമോ?

കുറച്ച് കാലമായി തൃശ്ശൂരിലെ ഒരു പ്രൈവറ്റ് ബാങ്കുമായാണ് ഞാന്‍ ഇടപാട് നടത്തുന്നത്. ഇ മെയിലായി മുടങ്ങാതെ വരുന്ന സ്റ്റേറ്റ്മെന്റ് സാധാരണ നോക്കുന്ന പരിപാടിയില്ലായിരുന്നു.

കഴിഞ്ഞ കൊല്ലത്തില്‍ ഒരിക്കല്‍ സ്റ്റേറ്റ്മെന്റ് വന്നത് നോക്കിയപ്പോഴാണ് ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസിനത്തില്‍ ഒരു തുകയും അതിനൊപ്പം ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് മറ്റൊരു തുകയും അക്കൗണ്ടില്‍ നിന്നും ഡിഡക്ട് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഒരു മിനിമം സര്‍‌വീസായ ഡെബിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസായി , വളരെ ചെറിയ തുകയണെങ്കിലും യാതൊരു മുന്നറിയീപ്പുമില്ലാതെ അക്കൗണ്ടില്‍ നിന്നും ഡിഡക്റ്റ് ചെയ്തത് ശരിയായി തോന്നാത്തതിനാല്‍ വിശദീകരണം ചോദിച്ച് ബാങ്കിന് കത്തയച്ചെങ്കിലും മറുപടി അപൂര്‍ണ്ണമായിരുന്നു, അതും ഒരുതരം ഓട്ടോ മെയില്‍ , ഊരോ പേരോ ഇല്ലാത്തത്.

ഒന്നാമതായി ഞാനീ സര്‍‌വീസ് ഉപയോഗപ്പെടുത്തില്ല , മാത്രമല്ല എന്റെ സമ്മതത്തോടെയോ , ഞാന്‍ ആവശ്യപ്പെട്ടോ അല്ല എനിക്കീ സര്‍‌വീസ് തന്നതെന്നും ആയതിനാല്‍ ഉടന്‍ ഡിഡക്റ്റ് ചെയ്തത് തിരിച്ചിടാന്‍ ആവശ്യപ്പെട്ട് ബാങ്കിന് വീണ്ടും എഴുതി.

ഇത്തവണ വന്ന മറുപടി രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്കുള്ള ഉപദേശം , ഒപ്പം ഊരും പേരുമൊക്കെയുണ്ടായിരുന്നു. ഒരു തരം പറ്റിക്കലായി തോന്നിയതിനാല്‍ വിടാന്‍ ഞാനും തയ്യാറായില്ല. ഫോണില്‍ മാനേജരെ വിളിച്ച് ....ബാക്കി പറയുന്നില്ല, കട്ടായ ചാര്‍ജിന്റെ എത്രയോ മടങ്ങ് അന്ന് മാനേജറെ വിളിച്ചുകളഞ്ഞെങ്കിലും കട്ടാക്കിയ പൈസ റിവേര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനിടക്ക് SBI യില്‍ അക്കൗണ്ട് തുടങ്ങാനും , ട്രാന്‍സക്ഷന്‍ അങ്ങോട്ട് മാറ്റാനും ഞാന്‍ മറന്നില്ല.

Demat/ MF എന്നീ അക്കൗണ്ടുകളൊക്കെ പഴയ ബാങ്കുമായിത്തന്നെയാകയാല്‍ അക്കൗണ്ട് മൊത്തം കാന്‍സല്‍ ചെയ്യാനും ചെറുതായി ബുദ്ധിമുട്ടുണ്ട് അതിനാല്‍ നാമമാത്ര ട്രാന്‍സാക്ഷന്‍ പഴയ ബാങ്കുമായിപ്പോഴും നടത്തുന്നു.

നാല് ദിവസം മുമ്പ് സ്റ്റേറ്റ് മെന്റ് വീണ്ടും നോക്കിയപ്പോള്‍ പഴയ സംഭവം ആവര്‍ത്തിച്ചിരിക്കുന്നു അതായത് ഈ വര്‍ഷത്തേക്കും പഴയതുപോലെ പൈസ കട്ടാക്കിയിരിക്കുന്നു. കത്തയച്ചതിന് മറുപടി വരുന്നുണ്ടെങ്കിലും ഡെബിറ്റ് കാര്‍ഡിന്റെ ഗുണം മാത്രം പറഞ്ഞുകൊണ്ടാണെന്നുമാത്രം. ഒറ്റ വാക്കില്‍ 'കാന്‍സല്‍ & റിവേര്‍ട്ട് ' എന്നെഴുതിയിട്ടും സംഭവം അതുതന്നെ, അതായതവര്‍ മാറ്റാന്‍ തയ്യാറല്ല എന്നുതോന്നുന്നു. ഭാഗ്യവശാല്‍ SBI ഈയിടെ Demat അക്കൗണ്ട് / trading facility ഒക്കെ തുടങ്ങിയീട്ടുണ്ട് ആയതിനാല്‍ പ്രശ്നക്കാരന്‍ ബാങ്കില്‍ നിന്നും എല്ലാം SBI യിലേക്ക് മാറ്റാന്‍ വേണ്ടിയുള്ളതൊക്കെ തുടങ്ങിക്കഴിഞ്ഞു , പക്ഷെ ചില ചോദ്യങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നു.

ചോദ്യങ്ങള്‍ ഇതാണ്:


1) നമ്മുടെ അക്കൗണ്ടില്‍ നിന്നും നമ്മുടെ അനുവാദമില്ലാതെ എന്തിന്റെ പേരിലായാലും ബാങ്കിന് പണം ഈടാക്കാമോ?

2) ബാങ്കിന്റെ ഒരു സര്‍‌വീസ് ( ഉദാഹരണം) ഡെബിറ്റ് കാര്‍ഡ് , ആവശ്യപ്പെടാതെ തരികയും അതിന് ഫീസും ഈടാക്കാമോ?

3)ഒരിക്കല്‍ ഫ്രീയായ സര്‍‌വീസ് ഇടക്കാലത്ത് ഫീസീടാക്കാന്‍ തുടങ്ങിയാല്‍ കസ്റ്റമറിന്റെ സമ്മതം ആവശ്യമില്ലെ?

എല്ലാവര്‍ക്കും ഒരു ഫ്രീ ഉപദേശം: എപ്പോഴെങ്കിലും ബാങ്ക് സ്റ്റേറ്റ്മെന്റൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.

Tuesday, June 02, 2009

സത്യത്തില്‍ എന്താണ് പ്രശ്നം?

വളരെ പ്രത്യാശയോടെ കണ്ട സ്മാര്‍ട്ട് സിറ്റി പ്രോജെക്ടിനെന്താണ് പറ്റിയത്?

പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്നും സര്‍ക്കാരാണിനി തീരുമാനമെടുക്കേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിലായി‍ നടന്ന പത്രസമ്മേളനത്തില്‍ ടീകോം പറഞ്ഞത്.

യാതൊരു പ്രശ്നവുമില്ലെന്നും ടീക്കോമിന്റെ ചില പുതിയ ആവശ്യങ്ങളാണ് കാര്യങ്ങള്‍ നീട്ടുന്നതെന്നും, ചര്‍ച്ചയിലൂടെ കര്യങ്ങള്‍ നേരെയാക്കാമെന്നും സര്‍ക്കാരും ‍ പറയുന്നു.

വര്‍ഷമൊന്നായി ചര്‍ച്ചകള്‍ മാത്രമാണെന്നും പുതിയതായൊന്നുമില്ലെന്നും അതിനാല്‍ ഇനി ചര്‍ച്ചയല്ല തീരുമാനമാണ് വേണ്ടതെന്നും ടീക്കോം അടിവരയിടുന്നു.

പരസ്പര വിരുദ്ധമായ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുകമാത്രമാണ് മീഡിയ ചെയ്യുന്നത് , പ്രതിപക്ഷമാവട്ടെ സര്‍ക്കാരിന്റെ കുഴപ്പം എന്ന ഒറ്റവാക്കും പറഞ്ഞൊഴിയുന്നു.എവിടെയാണ് പ്രശ്നം എന്നറിയാതെ പൊതുജനം കുഴയുന്നു.

സത്യത്തില്‍ എന്താണ് പ്രശ്നം?