Sunday, July 13, 2008

കവാത്ത്

ഇന്നലെ വൈകീട്ട് അടുത്തുള്ള ഇനോക്‌ സ്റ്റേഷനില്‍ പെട്രോള്‍ അടിക്കാന്‍ പോയതായിരുന്നു.നല്ല തിര‍ക്കുണ്ട്‌ എനിക്ക്‌ മുന്നിലായി നാലോളം കാറുകള്‍ വരിയായി നില്‍ക്കുന്നുണ്ട്‌.രണ്ട്‌ വശത്തുനിന്നും പെട്രോള്‍ അടിക്കാനാവുന്ന ഫ്യുവല്‍ പോയിന്‍‌റ്റില്‍ , ഒരു വശത്ത് ഞാനടക്കം ഏഴെട്ട് പേര്‍ വരിയായി നില്‍‌ക്കുന്നുണ്ടെങ്കിലും മറു വശത്ത്‌ ആളുകളൊന്നുമില്ലായിരുന്നു. എന്‍റ്റെ പിന്നില്‍ നിന്നിരുന്ന ആള്‍ക്ക്‌ കാത്ത് നിന്നു സഹികെട്ടതിനാല്‍ അയാള്‍ വണ്ടി നേരേ തിരിച്ച്‌ ഓപ്പോസിറ്റ്‌ ഡയറക്ഷനില്‍ ഒഴിഞ്ഞിരിക്കുന്ന ഫ്യുവല്‍ ടെര്‍മിനലില്‍ നിര്‍ത്തി പെട്രോള്‍ അടിക്കാന്‍ പറഞ്ഞപ്പോള്‍ മലയാളിയായ പെട്രോള്‍ അടിക്കുന്ന പയ്യന്‍ അവിടേക്ക് പോകാതെ പറ്റില്ലെന്ന് നിന്ന് കൈകൊണ്ട് ആങ്ങ്യത്തില്‍ കാണിച്ചു.പുറത്തിറങ്ങിയ സായിപ്പ് നേരെ പയ്യന്‍‌റ്റെ അടുത്തേക്ക് വന്നു.


' സോറി നോട്ട്‌ അലവ്ഡ്‌ '
' വൈ വാട്ടിസ്‌ ദ പ്രോബ്ളം ? '
' നോ മീന്‍സ്‌ നോ '

സ്വല്‍പ്പം കടുത്തതായിരുന്നു പയ്യന്‍‌റ്റെ വാക്കുകള്‍.ഇളഭ്യനയി അയാള്‍ വീണ്ടും എന്‍‌റ്റെ കാറിന്‍റ്റെ പിന്നിലേക്ക് മാറ്റിയിട്ട് വരിയില്‍ തന്നെ നിന്നു.പയ്യനുമായി മുന്‍‌പരിജയമുള്ളതിനാല്‍ ഞാന്‍ ചിരിച്ചു.

' എന്താഡോ ഒന്ന് സൌമ്യത്തിലൊക്കെ പറഞ്ഞൂടെ ? '

ഗൌരവം ഒട്ടും വിടാതെ അവന്‍ എന്‍‌റ്റെ അടുത്തേക്ക് നീങ്ങി നിന്ന് പണ്ടെന്ന അര്‍ത്ഥത്തില്‍ കൈ പൊക്കി.

' അതൊക്കെ പണ്ട്‌ നാല്‍പ്പത്ത്യേഴിനു മുമ്പ്‌ '

Friday, July 11, 2008

മറ്റുള്ളവര്‍ക്ക് കിട്ടിയല്ലോ

രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ അന്‍‌വര്‍ നില്‍‌ക്കുന്നു കയ്യില്‍ ഒരു ബോര്‍‌ഡും ഉണ്ട് , ആളുകള്‍ വഴിയിലൂടെപോകുമ്പോള്‍ അയാള്‍ മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു


" ഇങ്കുലാബ് സിന്ദാബാദ് , മുതലാളി നീതിപാലിക്കുക തെണ്ടിത്തരം അവസാനിപ്പിക്കുക "

' എന്തുപറ്റി അന്‍‌വര്‍? '

' ഹും ആ ക്രൂരനയായ മുതലാളി എനിക്ക് പണം തന്നില്ല '

' ഉവ്വോ , എങ്കില്‍ ഞാനും പോകുന്നില്ല ഇന്ന് ജോലിക്ക്, നിന്നോടൊപ്പം ഞാനുമുണ്ട് '

കയ്യുയര്‍ത്തുന്നതിനു മുമ്പെ ഞാന്‍ ഉറപ്പുവരുത്തി ,

' എത്രമാസമുണ്ട് അന്‍‌വര്‍ ശമ്പളം കിട്ടാന്‍ ? '

' ശമ്പളമോ , എല്ലാം കിട്ടിയല്ലോ എല്ലാ മാസവും അവസാന ദിവസം എനിക്ക് കിട്ടാറുണ്ട് '

കൈ താഴ്ത്തി ഞാന്‍ അയാളെനോക്കി

' ഇത് കൊല്ലത്തിലെ ബോണസ് കിട്ടാത്തതിനാണ് ഞാന്‍ സമരം ചെയ്യുന്നത് '

' ങ്ങേ! ബോണസ് കിട്ടാത്തതിന് സമരമോ ? , അത് താങ്കള്‍ക്ക് കമ്പനി തരുന്ന ഒരു ആനുകൂല്യമല്ലെ തരണമെന്ന് ഒരു നിര്‍ബന്ധവുമില്ല കിട്ടിയാല്‍ നന്നെന്ന് വെക്കാനല്ലെ പറ്റൂ '

' മറ്റുള്ളവര്‍ക്ക് കിട്ടിയല്ലോ '

' അത് കമ്പനിയുടെഇഷ്ടം , താങ്കളുടെ കോണ്ട്രാക്റ്റില്‍ അതെഴുതിയിട്ടുണ്ടോ, കൊല്ലത്തിലോ മറ്റോ ബോണസ് തരുമെന്ന്? '

' ഇല്ല '

' സുഹൃത്തെ ഞാന്‍ പോകുന്നു , താങ്കള്‍ സമരം ചെയ്യുകയല്ല വേണ്ടത് അസംതൃപ്തി പ്രകടിപ്പിക്കുകയാണ് , ഞാന്‍ എന്‍‌റ്റെ മാര്‍ഗ്ഗത്തിലും അതു ചെയ്യുന്നുണ്ട്.'

ബോര്‍ഡ് വലിച്ചെറിഞ്ഞ് അന്‍‌വര്‍ ആഫീസിലേക്ക് നടന്നു , ഞാന്‍ അവന്‍‌റ്റെ മാനേജറുടെ അടുത്തേക്കും , അവര്‍ ചെയ്ത് മനുഷ്യത്ത്വമില്ലായ്മയില്‍ അസംതൃപ്തി രേഖപ്പെടുത്താന്‍.വാല്‍‌കഷ്ണം:

പ്രതിഷേധപ്പ്രകടനം വേണ്ടത്
അവകാശങ്ങള്‍ നിരാകരിക്കപ്പെടുമ്പോളാണ്

അല്ലാതെ

ആനുകുല്യങ്ങള്‍ നിരകരിക്കപ്പെടുമ്പോളല്ല
അവിടെ വേണ്ടത്
അസംതൃപ്തി പ്പ്രകടനമാണ്.
ആദ്യത്തേതില്‍ നിയമത്തെ മറികടക്കുമ്പോള്‍
രണ്ടാമത്തേതില്‍ മനുഷ്യത്വത്തെയാണ് മറികടക്കുന്നത്.
ഈ പോസ്റ്റിനാധാരം രാജീവ് ചേലനാട്ടിന്‍‌റ്റെ ഈ പോസ്റ്റ്

Friday, July 04, 2008

പിന്‍‌വലിക്കണം

1. ദൈവവിശ്വാസികള്‍ പുരോഗമനത്തിനെതിരാണെന്ന് വിശ്വസിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല.

2. ദൈവ വിശ്വാസമില്ലാതായാല്‍ ലോകത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഇല്ലാതായെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല

3. ജീവിക്കാന്‍ ദൈവ വിശ്വാസം ആവശ്യമെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല


4. ചോദ്യം : മനുഷ്യനെ മനുഷ്യനായി കാണാന്‍ മതമില്ലായ്മയാണ് നല്ലതെന്ന് തോന്നുണ്ടോ?
ഉത്തരം : ഇല്ല

5. ചോദ്യം: മതമാണോ മതമില്ലായ്മയാണോ നല്ലത്?
ഉത്തരം : സ്വന്തം യുക്തിയാണ് ഏറ്റവും നല്ലത് അതെന്ത് പറയുന്നോ അതാണ് നല്ലത്.6. സാഹിത്യ രചനകളും പാഠപുസ്തകങ്ങളും സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ഒന്നാണോ?
ഉത്തരം: അല്ല , പാഠപുസ്തകങ്ങള്‍ പഠനകാലത്ത് വരുത്തുന്ന സ്വാധീനം കൂടുതലായിരിക്കും.

7. ആരാണ് കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത് മാതാപിതാക്കളോ അധ്യപരോ?
ഉത്തരം: അധ്യാപകര്‍.

8. ഏഴാം ക്ലാസ്സിലെ ജീവന്‍ എന്ന കുട്ടിയുമായി ബന്ധപ്പെട്ട അധ്യായം മത നിഷേധമായി തോന്നുന്നുണ്ടോ?
ഉത്തരം : ഇല്ല , മതമില്ലെങ്കിലും ജീവിക്കാമെന്നാണ് പറയുന്നത് , പക്ഷെ വേണമെങ്കില്‍ അതിനെ മതം ആവശ്യമില്ലെന്ന തലത്തിലുള്ള ചിന്തയിലേക്കും നയിക്കാമെന്ന് മാത്രം.

9. പ്രസ്തുത അധ്യായം കുട്ടികളുടെ ദൈവവിശ്വാസത്തെ ഇല്ലാതാ‍ക്കും എന്ന് കരുതുന്നുണ്ടോ? മറ്റെന്തെങ്കിലും തരത്തില്‍ ബാധിക്കുമോ?
ഉത്തരം :ദൈവ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നില്ല പക്ഷെ ദൈവ വിശ്വാസികളായ മാതാപിതാക്കളുമായി ആശയ സംഘട്ടനങ്ങളുണ്ടായേക്കാം.

10. ആശയ സംഘട്ടങ്ങള്‍ നല്ലതല്ലെ അപ്പോഴല്ലെ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കൂ ?
ഉത്തരം : ഒരാള്‍ക്ക് ദൈവ വിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിലുള്ള സ്വാധീനം ഒരേ പോലെയാണെങ്കില്‍ ( അതാണല്ലോ പുസ്തകം പഠിപ്പിക്കുന്നതും ) പിന്നെ സംഘട്ടനത്തിന്‍‌റ്റെ ആവശ്യമില്ലല്ലോ.

11. ഒരു കുട്ടിയുടെ കര്യങ്ങളില്‍ ഇടപെടാന്‍ സമൂഹത്തിനാണോ മതാപിതാക്കള്‍ക്കാണോ കൂടുതല്‍ അധികാരവും അവകാശവും?
ഉത്തരം: മാതാപിതാക്കള്‍ക്ക്

12. പ്രസ്തുത അധ്യായം വളരെ നല്ലതും ആവശ്യവുമെന്ന് തോന്നുന്നുണ്ടോ?
ഉത്തരം: നല്ല ആശയമാണ് , പക്ഷെ അത് നിലവിലുള്ള വളരെ ചെറിയ ഒരു സമൂഹത്തിന് മാത്രമേ ഗണകരമാക്കുന്നുള്ളൂ.

13. എന്ത് ഗുണം ആര്‍ക്കാണ് ഉണ്ടാവുന്നത്?
ഉത്തരം: മത/ദൈവ വിശ്വാസമില്ലാത്ത മാതാപിതാക്കളുടെയും മിശ്രവിവാഹിതകരുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നേടാന്‍ ഉണ്ടാകാന്‍ ഇതു സഹായിക്കും.

14. മത/ദൈവ വിശ്വാസമുണ്ടായാലേ ആത്മവിശ്വാസമുണ്ടാകൂ എന്നുണ്ടോ ?
ഉത്തരം: ഇല്ല പക്ഷെ , മത/ദൈവ വിശ്വസമുള്ള വളരെ വലിയ ഒരു സമൂഹത്തോടൊപ്പം അതില്ലാത്ത വളരെ ചെറിയ ഒരു സമൂഹത്തിനുണ്ടാകവുന്ന ആത്മ വിശ്വാസക്കുറവ് സ്വാഭാവികമാണ് പ്രത്യേകിച്ചും കുട്ടിക്കാലത്ത്.

15. അങ്ങിനെയെങ്കില്‍ ഇത്തരം പാഠങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ആ സമൂഹത്തെ ആത്മവിശ്വാസം ഉണ്ടാക്കുകയല്ലെ വേണ്ടത്?
ഉത്തരം: തീര്‍ച്ചയായും , പക്ഷെ മറ്റൊരു വലിയ സമൂഹത്തിന്‍‌റ്റെ വിശ്വാസങ്ങളെ ബലികഴിച്ചല്ല അതിനുമുതിരേണ്ടത്.

16. ഈ അധ്യായം അങ്ങിനെ മത വിശ്വാസികളുടെ താത്പര്യങ്ങളെ ബലികഴിക്കുന്നെന്ന് പറയാമോ?
ഉത്തരം: എന്തായാലും മതവിശ്വാസികള്‍ക്ക് അനുകൂലമായിതോന്നുന്നില്ല.

17. പ്രസ്തുത അധ്യായം കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല.

18. അങ്ങിനെ ഒരുദ്ദേശം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
ഉത്തരം : കരുതുന്നുണ്ട്.

19. എന്താണങ്ങിനെ തോന്നാന്‍ കാരണം.
ഉത്തരം : ഇതിനൊപ്പമുള്ള മറ്റധ്യായങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

20. ഈ അധ്യായം പിന്‍‌വലിക്കാന്‍ ഏറ്റവും മോശമായ ശൈലിയെടുത്തതാരാണ്‍?
ഉത്തരം : ലീഗും , എം.എസ്.എഫും

21. എന്തുകൊണ്ട്?
ഉത്തരം : പുസ്തകം എന്നത് അക്ഷരങ്ങളടങ്ങിയ അറിവാണ് , എതിര്‍ക്കുന്ന ഒരു അധ്യായമുണ്ടെന്ന് കരുതി
ചുട്ടരിച്ചത് കാടത്തമായി.

22. എതിര്‍പ്പ് പ്രകടിപ്പിച്ചവരോട് സര്‍ക്കാരെടുത്ത സമീപനത്തെപ്പറ്റി എന്താണ് തോന്നുന്നത്?
ഉത്തരം : അധികാര ധാഷ്ട്യമാണ് മന്ത്രി കാണിച്ചത്. പ്രധാനപ്പെട്ടൊരു സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് നിജ സ്ഥിതി വെളിപ്പെടുത്താന്‍ ചര്‍ച്ചകള്‍പോലെ എത്രയോ മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ അതിനൊന്നും തയ്യാറാവാത്തതാണ് പല അനിഷ്ട സംഭവങ്ങള്‍ക്കും കാരണമായത്.

23. മന്ത്രിസഭയുടെ തെറ്റെന്തൊക്കെയാണ് കാണുന്നത് ?
ഉത്തരം : മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ , ജനാധിപത്യ വ്യവസ്ഥിതികള്‍ അടിസ്ഥാനപ്പെടുത്തി , ബഹുഭൂരിപക്ഷത്തിന്‍‌റ്റെ വികാര വിചാരങ്ങളെ ഉള്‍ക്കൊള്ളണമെന്ന് മിനിമം കാര്യം കൈകൊണ്ടെന്ന് തോന്നുന്നില്ല.

24. സ്വാമിമാരോടും മുസ്ല്യാക്കന്മാരോടും പുരോഹിതന്‍‌മാരോടും ചോദിക്കണമായിരുന്നെന്നാണോ? വീശദീകരിക്കാമോ?
ഉത്തരം : അല്ല.

ഒരു തലമുറെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്‍‌റ്റെ പങ്ക് ഏറ്റവും പ്രധാനമായ ഒന്നാണ്. ഏറ്റവും പ്രാധാന്യത്തോടേയും , സ്വതന്ത്ര്യ കാഴ്ചപ്പടോടേയും , ലക്ഷ്യ ബോധത്തോടേയും ആയിരിക്കണം ഇതിനെ സമീപിക്കേണ്ടത്.

വിശ്വാസ്യതയായിരിക്കണം വിദ്യാഭ്യാസത്തിന്‍‌റ്റെ കാതല്‍ അതുകൊണ്ട് തന്നെ വളരെ ചെറിയ അളവില്‍ പോലും പരസ്പര വിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇതിന് പിന്നില്‍ പ്രവര്‍‌ത്തിച്ചവര്‍ എടുക്കേണ്ട പ്രധാന സംഗതിയാണ്.

നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി , ആപ്രവൃത്തി ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്

' പഠിപ്പിക്കുന്നതും '

ആ പ്രവൃത്തി ആവശ്യമില്ലെന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസം എനിക്ക് കാണാന്‍ കഴിയുന്നില്ല.
നല്ലൊരു ശതമാനം ആളുകള്‍ ഇതിനെ എതിര്‍ക്കുന്നതില്‍ നിന്നും ആരുടേയോ സാതന്ത്ര്യം എവിടെയോ ഇല്ലാതായിട്ടുണ്ടെന്നതാണ് മനസ്സിലാക്കാനാവുന്നത്.

25. യെശ്‌ പാല്‍ ശര്‍മ്മയ്യെപ്പോലുള്ളവര്‍ ഈ പുസ്തകത്തനെതിര്‍ക്കുന്നില്ല അവരെല്ലാം വിവരദോഷികളായതിനാലാണോ?

ഉത്തരം :അവരെല്ലാം നല്ല വിവരമുള്ളവര്‍ തന്നെയാണ്. ഇതിനുള്ള ഉത്തരം 8,9,12,17 ഇവ കൂട്ടിവായിച്ചാല്‍ ലഭിക്കും.

ഏതൊരാളും കാണുക ഇതില്‍ കാണുന്ന നല്ല ആശമാണ്.

26. പ്രസ്തുത അധ്യായം മാറ്റണമോ വേണ്ടയോ ?
ഉത്തരം : മാറ്റണം.

27. എന്തുകൊണ്ട്?
ഉത്തരം :

എന്‍‌റ്റെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന പൂര്‍ണ്ണ അവകാശം എനിക്കാണ്. ഈ അവകാശം കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ചെറിയ കാലഘട്ടത്തില്‍ അധ്യാപകര്‍ക്ക് എന്റെ മക്കളില്‍ കിട്ടുന്ന പ്രാധാന്യം ഉപയോഗിച്ച് മാറ്റിയെടുക്കുന്നതില്‍ വിയോജിപ്പുണ്ട്.

ഒരു സം‌ശയമായി പ്രകടിപ്പിക്കപ്പെട്ടപ്പോള്‍ പോലും , ചര്‍ച്ചകള്‍ പോലെ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ , ജനാധിപത്യരാജ്യമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ഉദ്ദേശ ശുദ്ധിയില്‍ സം‌ശയം ജനിപ്പിക്കുന്നു.

ഉദ്ദേശശുദ്ദിയുണ്ടായിരുന്നെങ്കില്‍ അതിന്‍‌റ്റെ സത്യാവസ്ഥ വിശദീകരിക്കാനും ഒരു പൊതു അഭിപ്രായ സമന്വയത്തിനുമൊക്കെ സാഹചര്യമുണ്ടായിരിക്കെ അതിനൊന്നും തയ്യറാവാത്തത് ചെയ്ത പ്രവൃത്തി നല്ലതാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ല മറിച്ച് ധാഷ്ട്യതമാത്രമാണെന്ന് തോന്നിയിട്ടുണ്ട്.

മതത്തില്‍‌ ജീവിക്കുന്ന ആളുകള്‍ മഹാഭൂരിപക്ഷമുള്ള സമൂഹത്തില്‍ മതമില്ലെന്നതല്ല ,

മതങ്ങള്‍ തമ്മിലുള്ള ഐക്യതകൂട്ടാനായിരിക്കണം സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന ബോധ്യമുള്ളതിനാലും ,

ഈ അധ്യായം ദോഷകരമല്ലെങ്കിലും,

പറയത്തക്ക ഗുണകരമല്ലെന്നതിനാലും ,

പറയപ്പെടുന്ന ഗുണം വളരെ ബാഹ്യമാണെന്ന തിരിച്ചറിവുള്ളതിനാലും ,

നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ഇതില്‍‌ എതിര്‍പ്പ് കാട്ടുന്നതിനാലും ഈ അധ്യായം മറ്റണമെന്ന് തന്നെയാണ് എന്‍‌റ്റെ അഭിപ്രായം.

വാല്‍‌കഷ്ണം:

കമ്പ്യൂട്ടര്‍ വേണ്ടെന്ന് പറയുന്നതിലും ആട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റം വേണ്ടെന്ന് പറയുന്നതിലും വലിയതാണ് മതം വേണ്ടെന്ന് പറയുന്ന പുരോഗമന വാദം എന്നത് എത്ര ശരിയായ ശരി.