Wednesday, December 30, 2009

പഴശ്ശിരാജ ചന്തുവിന്റെ പ്രേതമാണോ?

സിനിമ കാണാന്‍ പോകുമ്പോള്‍ പ്രദീക്ഷയടക്കം എന്തെങ്കിലും താത്പര്യങ്ങള്‍ ഉണ്ടാകും.സം‌വിധായകന്‍, അല്ലെങ്കില്‍ അഭിനേതാവ് അതുമല്ലെങ്കില്‍ കഥ തുടങ്ങിയവ. ഇതൊന്നും കാര്യമായില്ലാതെ പഴശ്ശിരാജ കാണാന്‍ പോയതിനുള്ള പ്രധാനകാരണം സിനിമയെപ്പറ്റി ലഭിച്ച പലരീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്.

'സിനിമ എങ്ങനെയിരുന്നു' എന്ന് എനിക്ക് മുമ്പെതന്നെ ഇത് കണ്ടിരുന്ന സുഹൃത്തീനോട് ,
'മരിച്ച ആളല്ലെ അപ്പോ എങ്ങിനാ കുറ്റം പറയുന്നെ?' എന്ന് പറയാന്‍ കാരണം സിനിമയുടെ പകുതികഴിഞ്ഞപ്പോള്‍ 'പഴശ്ശിരാജ ഒന്ന് മരിച്ചെങ്കില്‍ വീട്ടില്‍ പോകാമായിരുന്നു' എന്ന് തോന്നിയിരുന്നതുകൊണ്ടുതന്നെയാണ്.

ഏതൊരു സിനിമക്കും പ്രത്യേകിച്ചും ഇതുപോലെ ചരിത്രവുമായി ബന്ധപ്പെട്ടവക്ക് എന്തെങ്കിലും മുഖ്യമായ ഒന്ന് വേണം അതുമായി കോ റിലേറ്റ് ചെയ്ത് കുറച്ച് മറ്റുള്ളവയും അതായത് ഒരു പുഴയും കുറച്ച് കൈവഴികളും.
പലയിടങ്ങളിലും, ഉദാഹരണത്തിന് കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം കടപ്പുറത്തുവെച്ചുള്ള സീനില്‍, മമ്മുട്ടിയെ ഇപ്പോഴും ' ചതിയനല്ലാത്ത ചന്തു 'വിന്റെ പ്രേതം ഒളിഞ്ഞിരിക്കുന്നതുപോലെതോന്നി.

ഒരു രാജ്യത്ത് കച്ചവടത്തിന് വന്നിട്ടവിടെ ഭരണം കയ്യാളാന്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഉള്ള ഒറ്റ വെള്ളക്കാരനും സിനിമയില്‍ ഇല്ലാതെപോയത്, നിസ്സാരവല്‍ക്കരിച്ചോ എന്ന് തോന്നി മാത്രമല്ല അവരുടെ ക്രൂരതയെ(?) കാണുന്നവനുള്‍ക്കൊള്ളാന്‍ തക്കത്തിലുള്ളതുമായിരുന്നില്ല.

സൗണ്‍ടിഫക്ടിനെപ്പറ്റി, തീര്‍ച്ചയായും എടുത്ത് പറയാം എന്നാല്‍ സിനിമനന്നാവാതെ അത് മാത്രം നന്നായത്കൊണ്ട് നല്ലൊരു സിനിമ എന്ന് പറയാനാവില്ലല്ലോ!

ബിഗ് ബജറ്റില്‍ നല്ല കലാകാരന്മാരെ ഉപയോഗപ്പെടുത്തി കഴിവുള്ള സിനിമാ സം‌വിധായകന്‍/ തിരകഥാകൃത്തും ഒരുമിച്ച് നിര്‍മ്മിച്ചാലും നല്ല സിനിമകളാവണമെന്നില്ലെന്ന് തെളിയീക്കുന്നു ഈ സിനിമ. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത് ശരത്കുമാര്‍ ആകാന്‍ കാരണം വളരെ കുറുക്കിയ എന്നാല്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രം, ശാരീരികമായ അതിയോജിപ്പ്, ലിമിറ്റഡ് എക്സ്പോഷര്‍ എന്നിവയൊക്കെക്കൊണ്ടാണ്.

അവസാനം പഴശ്ശിരാജ എന്ന ധീരയോദ്ധാവ് കൊല്ലപ്പെടുമ്പോള്‍ മനസ്സില്‍ നിറ്റത്തിന്റെ ഒരു തരിയെങ്കിലും അവശേഷിപ്പിക്കാന്‍ ഈ സിനിമക്കാവുന്നില്ല അതാണീസിനിമയുടെ ഏറ്റവും പരാജയവും!

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട് ബ്രേവ് ഹാര്‍ട്ടിലെ അവസാനം ഇന്നും ഹോണ്ട് ചെയ്യുമ്പോള്‍ സ്വന്തം നാട്ടിലെ ഒരു ധീരയോദ്ധാവിന്റെ അവസാനം ഒരു ചെറുനീറ്റലെങ്കിലും തരാനാവാത്തത് സിനിമയുടെ പരാജയം തന്നെയാണ്!

Tuesday, December 29, 2009

ശ്രീ.ശശി തരൂര്‍ മനസ്സിലാക്കേണ്ടത്.

നല്ലൊരു പ്രൊഫെഷണലിന് നല്ലൊരു ഭരണവും കാഴ്ചവെക്കാനായാല്‍ അത് വരുത്തിയേക്കാവുന്ന നല്ല മാറ്റങ്ങളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവര്‍ക്ക് രണ്ടാമത്തെ അടിയാണ് ശശിതരൂര്‍ ഇന്നലെ ട്വിറ്ററിലൂടെ വീണ്ടും സമ്മാനിച്ചത്. രാഷ്ട്രീയക്കാരന് മാത്രമേ ഭരണം നടത്താനാവൂ എന്നാളുകളെക്കൊണ്ട് പറയിപ്പിക്കാനല്ലാതെ മറ്റൊരു ഗുണവും അദ്ദേഹത്തിന്റെ പുതിയപ്രവൃത്തികൊണ്ടുണ്ടായില്ലെന്ന് ഇനിയെങ്കിലും അദ്ദേഹത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ അറിയീക്കണമെന്നെ എനിക്ക് പറയാനുള്ളൂ.

ഒരു രാജ്യത്തിന്റെ ഭരണം നടത്താന്‍ വിദ്യാഭ്യാസവും , പ്രെഫെഷണല്‍ എക്സ്പെര്‍ട്ടസിയും മാത്രമുണ്ടായാല്‍ പോര, ഡിപ്ലോമസി, രഹസ്യം സൂക്ഷിക്കേണ്ടതടക്കം പക്വമായമനസ്സ്, കണ്‍സിസ്റ്റന്റായ നിലപാട് തുടങ്ങി പലതും വേണം. ആ തിരിച്ചറിവാണ് നേരിട്ടോ അല്ലാതെയോ ശ്രീ.തരൂര്‍ മനസ്സിലാക്കേണ്ടത്.

ജനായത്ത് സമ്പ്രദായം എന്നാല്‍ എല്ലാം ജനങ്ങളെ അറിയീക്കലല്ലെന്നും, കാബിനെറ്റിന്റെ ഭാഗമായ താന്‍ കാബിനെറ്റിന്റെ ഒരു തീരുമാനത്തെ വിമര്‍ശിക്കുന്നത് പോയിട്ട് വിലയിരുത്താന്‍ പോലും പാടില്ലെന്നുമൊക്കെ അദ്ദേഹത്തിനറിയില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരു കാബിനെറ്റ് തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് ഒരു പ്രൈവറ്റ്/ കൊമേര്‍ഷ്യല്‍ സൈറ്റില്‍ പബ്ലിക്കായി സൂചിപ്പിക്കയല്ല വേണ്ടെതെന്നെന്തെ അദ്ദേഹം അറിയാത്തത്?

പൂച്ച പാല് കുടിക്കാന്‍ ജനല്‍ വഴിയേ വരുന്നുള്ളൂ അതിനാല്‍ വാതില്‍ തുറന്നിട്ടാലും കുഴപ്പമില്ലെന്ന് വെക്കുന്നത് വിഡ്ഡിത്തമല്ലെ അദ്ദേഹം ഇന്നലെ വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന തരത്തില്‍ അവതരിപ്പിച്ചത്?

പറഞ്ഞുവന്നത്,

ഒരു പ്രൊഫണല്‍ നല്ലൊരു ഭരണം കാഴ്ചവെച്ചാല്‍, നെറികെട്ട രാഷ്ട്രീയക്കാരന്റെ കുപ്പായം വേണ്ട നല്ലൊരു ഭരണകര്‍ത്താവിനെന്ന് തെളിയിക്കപ്പെട്ടാല്‍ , വരും തലമുറയിലെങ്കിലും, വിദ്യാഭ്യാസമുള്ള , പ്രൊഫെഷണലായ , എഫിഷ്യന്റായ നല്ല ഭരണകര്‍ത്താക്കള്‍ ഉണ്ടാവും ആ ആഗ്രഹത്തിനാണ് താങ്കള്‍ തുരങ്കം വെച്ചത്. താങ്കള്‍ ഈ ശൈലി തുടര്‍ന്നാല്‍,

രാജ്യഭരണത്തിന് രാഷ്ട്രീയക്കാരന്‍ മാത്രമേ സാധിക്കൂ എന്നാകും , അങ്ങിനെ സംഭവിച്ചാല്‍ ഇനി വരുന്ന തലമുറയിലും ഉണ്ടാവാന്‍ പോകുന്നത് നാഴികക്ക് നാല്പ്പതുവട്ടം വാക്ക് മാറ്റിപ്പറയുന്ന, ഗുണ്ടായിസം കൊണ്ടുമൊക്കെയുള്ള ഒരു ഭരണവര്‍ഗ്ഗമായിരിക്കും അതിന് താങ്കള്‍ ഇടവരുത്തില്ലെന്നിനിയെങ്കിലും ആഗ്രഹിക്കാമോ,

ആദ്യപടിയായി ട്വിറ്റര്‍ എന്ന സൈറ്റില്‍ നിന്നും താങ്കള്‍ക്ക് വിട്ടുനില്‍ക്കാമോ!

Thursday, December 24, 2009

കപട സദാചാര കാവല്‍ ഭടന്‍ മാര്‍

ഒന്നില്‍ കൂടുതല്‍ പോസ്റ്റിടുവാന്‍ ഉള്ളതൊന്നും ഉണ്ണിത്താന്‍ വിഷയവുമായി ബന്ധപ്പെട്ടിട്ടില്ലെന്നറിയാഞ്ഞിട്ടല്ല. ഭംഗിയായി ആളുകള്‍ കപട സദാചാരത്തെ സ്വയം വഞ്ചിച്ച് കൊണ്ട് അറിഞ്ഞോ അറിയാതെയോ വര്‍ണ്ണിക്കുന്നത് കാണുമ്പോള്‍ എഴുതാതിരിക്കാന്‍ സാധിക്കാതെ പോകുന്നത്കൊണ്ടാണ്.

' എനിക്കൊരു സദാചാരമുണ്ട് ' എന്ന് പറയാന്‍ ചിലരെങ്കിലും തയ്യാറാവുന്നുണ്ട്, സമാധാനം. സദാചാരം ഉണ്ടെന്നത് സമൂഹം പിന്തിരിപ്പനായി കണ്ടാലോ എന്ന ഭയത്താല്‍ പിന്നീടതിനെ നിര്‍‌വചിക്കുന്നു. തങ്ങളുടെ സദാചാരം അതില്ലാത്തവരെക്കാള്‍ ഉത്തമമാണെന്ന് കാണിക്കത്തക്ക വിധത്തിലാണ് പലരും അതിനെ വിശദീകരിക്കുന്നത്.

ഉണ്ണിത്താന്‍ വിഷയവുമായി തന്നെ ബന്ധപ്പെടുത്തി ഒന്ന് വിശകലനം ചെയ്യാം.ഉണ്ണിത്താന്‍ എന്ന യുവാവിനെ ഒരു സ്ത്രീയുമായി രാത്രിയില്‍ ഒരു മുറിയില്‍ മറ്റാരുമില്ലാതെ കുറച്ചാളുകള്‍ കണ്ടു അവരെപിടിച്ച് പോലീസില്‍ ഏല്‍‌പ്പിച്ചു.

ഈ സംഭവത്തെ വിവിധ സദാചാരക്കാര്‍ വിവരിക്കുന്നു:

സദാചാരം ഒന്ന്: നാട്ടുകാര്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല , ഉണ്ണിത്താന്‍ ചെയ്തത് തെറ്റാണ് ശിക്ഷാര്‍ഹമല്ലെങ്കില്‍ പോലും, സാന്ദര്‍ഭികമായി പറയട്ടെ, ഞാന്‍ ഈ സദാചാരക്കൊപ്പമാണ്.

സദാചാരം രണ്ട്: നാട്ടുകാര്‍ ചെയ്തത് തെറ്റ്, അവര്‍ പ്രായപൂര്‍ത്തിയാവരാണ് , നിയമപരമായി തെറ്റല്ല, പുരോഗമന വാദികളെന്ന് സ്വയം ധരിക്കുന്നവരുടെ സദാചാരം.

സദാചാരം മൂന്ന്: മറ്റുള്ളവരുടെ സ്വാതന്ത്ര്യവും എന്റെ സദാചാരത്തില്‍ പെടുന്നു - ഏറ്റവും അപകടമായ സദാചാരം , എന്റെ അഭിപ്രായത്തില്‍ ഏറ്റവും കപടമായത്. ഇവര്‍ രണ്ടിലും പെടാനായാണിവര്‍ ഇതുപോലെ അവിടേയും ഇവിടേയും തൊടാതെ നില്‍ക്കുന്നത്.

കുറ്റിപ്പുറത്തുള്ള ഞാന്‍ വയനാട്ടില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തി സദാചാരം നിര്‍‌വചിക്കുമ്പോള്‍ ഞാന്‍ മാനസികമായെങ്കിലും വയനാട്ടുകാരന്‍ ആവുകയാണ് ആദ്യം വേണ്ടത് അതല്ലെങ്കില്‍ പ്രസ്തുത സംഭവം കുറ്റിപ്പുറത്ത് നടന്നാലുള്ള എന്റെ പ്രതികരണം എന്താകും എന്നതായിരിക്കണം അടിസ്ഥാനം. എന്നിട്ടുള്ള എന്റെ സദാചാര നിര്‍‌വചനമേ സത്യസന്ഥമാകൂ.

' മറ്റുള്ളവരുടെ സ്വാതന്ത്ര്യവും' എന്നതിനെ ഒന്നുകൂടി വിശകലനം ചെയ്യുക, എന്റെ അയല്‍ പക്കത്ത് പ്രസ്ഥുത സംഭവം നടന്നാല്‍ അവിടെകൂടിയവരില്‍ ഞാനുണ്ടാകുമോ? ആ ചോദ്യമാണ് ചോദിക്കേണ്ടത്. അവര്‍ക്കൊപ്പം ഉണ്ടാകില്ല എന്നാണെങ്കില്‍ ഇവരുടെ സദാചാരം രണ്ടാമത്തെയാണ്, വിചാരണ ചെയ്യപ്പെടാം എന്നതിനാല്‍ ഇവര്‍ ശരീരത്തില്‍ കുറച്ച് ഓയില്‍ പുരട്ടി ഒഴിയുന്നു. ' വേശ്യാ വൃത്തിപോലുള്ളതാണെങ്കില്‍ ഇടപെടും അതും ഇതും ഒന്നല്ല '

അയല്‍ പക്കത്ത് ഒരു ദിവസം ഒരു കെട്ടിടം ഉണ്ടാക്കിയിട്ട്, ' വേശ്യലയം ' എന്ന് ബോര്‍ഡ് വെച്ചാല്‍ ഇവര്‍ പ്രതികരിക്കുമെന്നാണോ എന്ന് ചോദിക്കരുതെ അപ്പോ കൂടുതല്‍ വിശദീകരണം വേറേ വരും ;).

രഹസ്യമായ ഒരു സംഭവം മാത്രമേ സ്വകാര്യമാകുന്നുള്ളു അല്ലെങ്കില്‍ സ്വകാര്യമായി കാണാന്‍ പുറതുള്ളവര്‍ക്ക് പറ്റൂ പരസ്യമായത് സകാര്യമായി കാണാന്‍ പറ്റില്ല അവിടെയാണ് , പ്രസ്ഥുത സദാചാരം കപടമാകുന്നത്.

എന്റെ അയല്‍ പക്കത്ത്, സ്വകാര്യമായി നടന്ന ഒരു മോശം (എനിക്ക് തോന്നുന്നത്) പ്രവൃത്തി ഒരാള്‍ക്ക് അത് ചെയ്തവരുടെ സ്വതന്ത്ര്യമായി കാണേണ്ട ആവശ്യം വരുന്നില്ല കാരണം അയാള്‍ അതതറിയുന്നില്ല. അറിയാത്ത ഒരു കാര്യം ബാധിക്കുന്നില്ല, ബാധിക്കാത്തത് സദാചാര പരിധിയില്‍ വരുന്നുമില്ല ഇനി,

അയാള്‍ മാത്രം ഈ കാര്യം അറിഞ്ഞാല്‍ അയാള്‍ക്ക് അതവരുടെ സ്വകാര്യ/സ്വാതന്ത്യമായി കാണാം കാരണം അപ്പോഴും ബാധിക്കുന്നില്ലല്ലോ എന്നാല്‍,

താനൊഴിച്ച് മറ്റൊരാള്‍ ഈ സംഭവം അറിഞ്ഞാല്‍ അതെത്രമാത്രം അയാളെ ബാധിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തി അയാള്‍ എങ്ങിനെ പ്രതികരിക്കും അതാണയാളുടെ സദാചാരം. രണ്ട് പേരറിയുന്ന ഒരനാശാസ്യപ്രവൃത്തി ( പണത്തിനായാലും അല്ലെങ്കിലും) പുറത്തുള്ളവര്‍ അറിയുമ്പോളും അത് സ്വതന്ത്ര്യമായികാണാന്‍ പറ്റും എന്ന് സ്വയം ഉറപ്പിച്ച് പറയാന്‍ പറ്റുന്നവര്‍, ഒരിക്കലും സ്വതന്ത്ര്യത്തെ ഉള്‍പ്പെടുത്തേണ്ടതില്ല മറിച്ച് രണ്ടാമത്തെ സദാചാരക്കാരാണവര്‍ , അത് സ്വയം സമ്മതിക്കാന്‍ പക്ഷെ തയ്യാറാവണം എന്ന് മാത്രം :)

പറഞ്ഞുവന്നത്, ' എന്റെ സദാചാരത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ഉള്‍പ്പെടും ' എന്നത് അപകടകരമഅയ കപട സദാചാരമാണെന്നാണെന്റെ അഭിപ്രായം.സദാചാരം എന്നത് വ്യക്തിത്വവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്, അതുണ്ടെന്ന് പറയാന്‍ എന്തിനാണാളുകള്‍ ഭയപ്പെടുന്നത്? ചിലതെങ്കിലും റിലേറ്റിവിറ്റിയില്‍ നിന്നും അല്ല ആണ് എന്ന തലത്തിലേക്കുയര്‍ത്താന്‍ ആളുകള്‍ തയ്യാറാവണം എന്നാണെന്റെ പക്ഷം, യോജിക്കാം വിയോജിക്കാം സത്യം സത്യമല്ലാതാവുന്നില്ല.

സദാചാരത്തെ എങ്കിലും ആളുകള്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ തളച്ചിടാതെ മനസാക്ഷിക്കൊടതിക്ക് വിടണം എന്നാണ് ഞാന്‍ പറയുന്നത് കാരണം അത് സ്വന്തം വ്യക്തിത്വവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നു.

Wednesday, December 23, 2009

#$%@&*# ങ്ങ്

ഇന്നലെ ഇബന് ബതൂത്ത മാളിലെ മണി എക്സ്ചേഞ്ചില്‍ പോയതായിരുന്നു. ഉള്ളീല്‍ ആറോ ഏഴോ പേരുണ്ട്. ബീവിയും മകനും തൊട്ടടുത്ത ബെഞ്ചിലിരുന്നു ഞാന്‍ കൗണ്ടറിലേക്ക് നടന്ന് , മുന്നിലുള്ളവന്റെ ഇടപാട് പൂര്‍ത്തിയാവാനായി കാത്തുനിന്നു.

അറുപത് വയസ്സ് തോന്നിക്കുന്ന ഒരാള്‍ പതിനഞ്ച് വയസ്സ് തോന്നിക്കുന്ന മകനുമൊപ്പം ഉള്ളിലേക്ക് വന്നു, ഉറക്കെ സംസാരിച്ചാണ് അയാള്‍ വരുന്നത് ' %#$ങ്ങ് ' കൂടുതല്‍ ഉച്ഛത്തില്‍ അയാള്‍ പറയുന്നത് കേട്ടു. പെട്ടെന്ന് അറബിയോ മറ്റോ ആണെന്ന് കരുതിയെങ്കിലും പയ്യനെ കണ്ടപ്പോള്‍ ഇന്‍ഡ്യനെന്നുറപ്പായി.

എനിക്ക് പിന്നിലായി നിന്ന അയാള്‍ പത്തുവാക്ക് പറഞ്ഞതില്‍ ഒമ്പതും ' %#$ങ്ങ് ' ആയിരുന്നു, ഇടക്ക് അയാളില്‍ നിന്നും ഒരു ഹിന്ദിവാക്കും പുറത്തുവന്നു അതും ഏകദേശം അര്‍ത്ഥം അതുതന്നെ! ' നോ ഡാഡ് ... എന്ന് തുടങ്ങി പയ്യന്‍ കാര്യങ്ങള്‍ വിവരിക്കുന്നുണ്ട് സ്വല്പ്പം ദയനീയമായിത്തന്നെ, അവന്റെ ക്ലാസ്സിലെ ഒരു കുട്ടിയുമായുള്ള എന്തോ പ്രശ്നമാണെന്നെനിക്ക് മനസ്സിലായി. ' സോ വാട്ട്? ഡു യു വാണ്ട് മി റ്റു &%$# ' തുടങ്ങിപിന്നേയും അതുതന്നെ!

എനിക്ക് തൊട്ടടുത്ത ക്യൂവില്‍ നിന്ന വെള്ളക്കാരന്‍ ഒരു പ്രത്യേകതരത്തില്‍ നെറ്റി ചുളിച്ച് അയാളെ നോക്കി പിന്നെ എന്നെ നോക്കി കണ്ണിറുക്കി, എനിക്ക് തിരിച്ചയാളോട് ഒരുതരത്തിലും പ്രതികരിക്കാനായില്ല, ഈ വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവര്‍ അവരാണല്ലോ!

ഞാന്‍ സദാചാരവാദിയൊന്നുമല്ല എന്നാല്‍ ഒരു ഇന്‍ഡ്യന്‍ തന്റെ മകനോട് ആ വാക്ക് തുടരെ തുടരെ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ എന്റെ സദാചാരം ഉണര്‍ന്നു കലിപ്പ് തീരുന്നില്ല അതോണ്ട് പോസ്റ്റുന്നു:) ഇപ്പോ സമാധാനായി ;)

Tuesday, December 22, 2009

ഉണ്ണിത്താന്‍!

നിയമപരമായി അംഗീകാരമുണ്ടെങ്കില്‍ പോലും ചിലവിഷയങ്ങളിലെങ്കിലും 'ഒരു വ്യക്തി' എന്ന അവസ്ഥ സ്വീകരിക്കാന്‍ പാടില്ലാത്ത അവസ്ഥകളിലൊന്നാണ് ഉണ്ണിത്താനുമായുള്ളതെന്നാണ് എന്റെ അഭിപ്രായം കാരണം അയാള്‍ ഒരു രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുതന്നെ.

ഒരാള്‍ ജീവിക്കുന്ന രാജ്യത്തോ , സമൂഹത്തിലോ ശെരിയല്ലെന്ന് പറയുന്ന വിഷയങ്ങളില്‍ ചിലരെങ്കിലും ഉള്‍പ്പെടാന്‍ പാടില്ല, ഇവരുടെ ഇടയില്‍ മുന്നില്‍ നില്‍ക്കേണ്ടവരാണ് ഭരണവുമായും, ആത്മീയവുമായും ബന്ധപ്പെട്ടുകിടക്കുന്നവര്‍ അവിടെയാണ് ഉണ്ണിത്താന്‍ തെറ്റുകാരന്‍ ആവുന്നത്.

നിയമപരമായി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പോലും ധാര്‍മ്മികമായുള്ള ഉത്തരവാദിത്വം ഏറ്റവും ആവശ്യപ്പെടുന്ന മേഖലയാണ് രാഷ്ടീയം അതുകൊണ്ട് തന്നെ ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ഉണ്ണിത്താന്‍ ചെയ്യേണ്ടുന്നതും.

അതുണ്ടാവില്ലെന്നാണ് ഇന്നലത്തെ മനോരമ ചാനലിലെ വേണുവുമായുള്ള ചോദ്യ-ഉത്തരങ്ങള്‍ തെളിയീക്കുന്നത്! ധാര്‍മ്മികത എന്നത് രാഷ്ട്രീയക്കാര്‍ക്കില്ലാത്തതാണെന്ന് ഉത്തമബോധ്യമുള്ളതിനാല്‍ ഒന്ന് ചിരിക്കുന്നു ഒപ്പം ചെറുതായൊന്ന് അട്ടഹസിക്കുകയും ചെയ്യുന്നു!

Sunday, December 20, 2009

ജ്ജ് പേടിക്കേണ്ടെടാ ഞമ്മക്ക് ഓലുണ്ട്!

പോസ്റ്റിന്റെ ഉദ്ദേശം കാര്യങ്ങളെ ആളുകള്‍ എങ്ങിനെയാണ് ഡൈവേര്‍ട്ട് ചെയ്യുന്നത് എന്ന് കാണിക്കാനായിരുന്നു.

ഇന്ന് ഒരു പോസ്റ്റ് വായിച്ചതിന് ലഭിച്ച അഭിപ്രായപ്രകടനങ്ങളും കണ്ടപ്പോള്‍ ഒന്ന് മനസ്സിലായി, ഒരു മുസല്‍ മാനായ എനിക്കും ന്റെ ആളുകള്‍ക്കും ഇനി പേടിക്കുകയേ വേണ്ട!എന്തിനും ഓലുണ്ട് രക്ഷിക്കാന്‍! ആരാണെന്നല്ലേ മ്മടെ സഗാക്കന്‍ മാരന്നെ പിന്നെ കൊറച്ച് ബു.ജീവികളും യേത്! അതോണ്ട്; ടാ മുജീബെ, അവറാനെ, കാദറെ, ങ്ങള് പേടിക്കേണ്ടട്ടോ ഓലുണ്ടെടാ ഞമ്മളെ രച്ചിക്കാന്‍!

ചിലരുടെ വിചാരം പി.ഡി.പി യില്‍ മാത്രമാണ് മുസ്ലീങ്ങള്‍ ഉള്ളു എന്നാണ്.ഇവിടെ ലീഗെന്ന് പറേണവര്‍ മുസ്ലീം മത വിശ്വാസികള്‍ അല്ലേ അല്ല! അതോണ്ടല്ലെ അവരുടെ വിദ്യാര്‍ത്ഥി സംഘടനയിലുള്ളവര്‍ എത്രയോ തവണ സമരത്തില്‍ ബസ്സ് കത്തിച്ചപ്പോഴും(?) പിന്നെ വേറേ എന്തൊക്കെയോ ചെയ്തപ്പോഴും ഒന്നും മിണ്ടാതിരുന്നത് അത് വെറും സമരത്തിന്റെ എണ്ണത്തില്‍ കൂട്ടിയത്! യേത്!!

ഇപ്പോള്‍ എങ്ങിനെയാണ് കളമശ്ശേരി ബസ്സ് കത്തിക്കലുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നറ്തില്‍ ചിലര്‍ക്ക് ഭയങ്കര അദിശയം! ന്താ സംശ്യം! കോണ്‍ഗ്രെസ്സിന്റെ പരിപാടിതന്നെ! ഇനി നസീര്‍ എന്ന ആള്‍ മലപ്പുറം ഡി.സി.സി പ്രസിഡെന്റാണോന്നാ പ്പോ നിക്ക് സംശ്യം! യേത്! അല്ലെങ്കില്‍ പണ്ട് ആയിരിക്കും തെളിവുണ്ട് യേത്? !

Saturday, December 19, 2009

കളമശ്ശേരി ബസ്സും മാധ്യമവും

'മാധ്യമ'ത്തിലെ 'ഇപ്പോഴും കത്തുന്ന കളമശ്ശേരി ബസ്സെ'ന്ന ലേഖനം കണ്ണടച്ചിരുട്ടാക്കലാണെന്നാണെന്റെ അഭിപ്രായം.

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കാന്‍ കാരണം മാര്‍ഗ്ഗത്തേക്കാള്‍ ലക്ഷ്യത്തിന് പ്രധാനം കൂടുതലുള്ളതിനാലാണ് അതുകൊണ്ട് തന്നെയാണ് വിഷയങ്ങളെ വിലയിരുത്താന്‍ അതിനെ ലക്ഷ്യം അടിസ്ഥാനപ്പെടുത്താന്‍ കാരണം.

' നരേന്ദ്രമോഡിയെ കൊല്ലണം ' എന്ന് പറഞ്ഞൊരാള്‍ കൊച്ചിയിലൂടെ മുദ്രാവാക്ക്യം വിളിച്ചുപോകുമ്പോള്‍ വശത്തുള്ള എയര്‍ ഇന്‍ഡ്യ ഓഫീസിന് നേരെ കല്ലെറിയുന്നതും;

സ്കൂളില്‍ വര്‍ഷത്തിലൊരിക്കലുള്ള ടൂര്‍ സിലബസ്സില്‍ വരുത്തണമെന്ന് പറഞ്ഞ് തൃശ്ശൂര്‍ റൗണ്‍ടിലൂടെ മുദ്രാവാക്ക്യം വിളിച്ചുപോകുമ്പോള്‍ എറിഞ്ഞകല്ല് കൊണ്ട് ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലൊടിഞ്ഞതും താരദമ്യം ചെയ്താല്‍ കൂടുതല്‍ പ്രധാന്യം ആദ്യത്തേതിനാവണം കൊടുക്കേണ്ടത് കാരണം ലക്ഷ്യം തന്നെ!

രണ്ട് വര്‍ഷം കഠിന തടവിന് ശിക്ഷിക്കാന്‍ ആദ്യത്തെയാളിനെ കോടതി നിര്‍ദ്ദേശിച്ചാല്‍ ഞാന്‍ കോടതിക്കൊപ്പമാവും നില്‍ക്കുക.

Monday, December 14, 2009

കെ.സുധാകരന്‍

ഇന്നലെ മലയാള മനോരമ ചാനലില്‍ 'ന്യൂസ് മേക്കര്‍ ഒഫ് ദ ഇയര്‍' എന്ന റിയാലിറ്റി ഷോയില്‍ എം.പി,
കെ.സുധാകരന്‍ ആയിരുന്നു താരം. അദ്ദേഹത്തെപറ്റി പലയിടങ്ങളിലും കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. പരിപാടി മുഴുവന്‍ കണ്ടപ്പോള്‍ ഒന്ന് മനസ്സിലായി ചങ്കുറപ്പുള്ള, സത്യസന്ഥതയുള്ള , കൂറുള്ള , സെല്‍ഫ് കോണ്‍ഫിഡന്‍സുള്ള നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസ്സില്‍ ഉണ്ടെന്ന കാര്യം.

ഒരു ടി.വി.പ്രോഗ്രാമിന്റെ ബലത്തില്‍ ഒരാളെ ഇങ്ങനെയൊക്കെ വിലയിരുത്താമോ എന്ന് സ്വയം പലവട്ടം ആലോചിച്ചെങ്കിലും, ചിലരെ ഉള്‍ക്കൊള്ളാന്‍ കാക്കത്തൊള്ളായിരം കാലം പഠിക്കേണ്ടതില്ല എന്നതിന് ഒരുദാഹരണമായെങ്കിലും സുധാകരന്റെ കാര്യമെടുക്കാമെന്ന് തോന്നി.

ഒരു സുഹൃത്തിനോട് സുധാകരനെപറ്റി ചോദിച്ചപ്പോള്‍ ' ഒരസ്സല്‍ ഗുണ്ട ' എന്നാണുത്തരം ലഭിച്ചത്, തിരുത്താന്‍ പോയില്ല ഒരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണല്ലോ!

കണ്ണൂരില്‍ വീണ്ടും നിയമിച്ച കളക്ടറെ തള്ളിക്കളയുമോ എന്ന ചോദ്യത്തിന് ' ഇല്ല ' എന്ന് മറുപടി പറഞ്ഞ സുധാകരനോട്, കണ്ണൂര്‍ ജില്ലാ നേതാവ് തള്ളിയല്ലോ അപ്പോ നിങ്ങള്‍ പാര്‍ട്ടിക്കുള്ളിലും എതിരഭിപ്രായമെന്നാണോ? എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ചിന്തിപ്പിക്കുന്നതായിരുന്നു,

' അദ്ദേഹം ഒരു പാര്‍ട്ടി നേതാവും ഞാന്‍ ഒരു എം.പി.യുമാണ് രണ്ടും രണ്ടാണ്, അദ്ദേഹത്തിന് തള്ളിപ്പറയാം എനിക്കാവില്ല; തള്ളിപ്പറയുന്നതിലൂടെ ഒരു ജില്ലയുടെ വികസനത്തെയാണ് തടയിടുന്നത് , ഒരു കളക്ട്രാറാണ് ജില്ലയുടെ അധികാരി'.

ദോഷം പറയരുതല്ലോ, ചര്‍ച്ച നിയന്ത്രിച്ച പ്രമോദ് സുധാകരന് വിശദീകരിക്കാന്‍ അവകാശം കൊടുത്തത് അറിഞ്ഞുതന്നെയാണെന്നും തോന്നിപ്പോയി ;).

കാരശ്ശേരിയുടെ, അക്രമത്തെ പ്രത്യാക്രമണമാണോ എന്ന് അന്യായീകരിച്ചപ്പോള്‍, പ്രത്യാക്രമണമല്ല പ്രതിരോധം എന്ന് തിരുത്തിയത് പല തെറ്റായ ചിന്തകള്‍ക്കും അവകാശവാദങ്ങള്‍ക്കും ന്യായീകരണത്തിനും പലര്‍ക്കുമുള്ള വിശദീകരണമായി.

ശശി തരൂരിനെ ന്യായീകരിച്ചതിനെ, ശശി തരൂരിന്റെ കാറ്റില്‍ ക്ലാസ്സ് എന്ന വാക്കിനെയല്ല മറിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടി സ്വകാര്യമായി വിളിച്ച് തിരുത്തേണ്ടതിന് പകരം പരസ്യപ്രസ്ഥാവന നടത്തിയതിനേയാണ് എതിര്‍ത്തതെന്നും, ശശി തരൂര്‍ ഒരു രാഷ്ട്രീയക്കാരനല്ല ഒരു പ്രൊഫെഷണല്‍ ആണെന്നും തുറന്നുപറഞ്ഞതിനെ സുധാകരന്റെ സത്യസന്ഥമായ കാഴ്ചപ്പാടും അഭിപ്രായപ്രകടനവുമാണ് കാണിക്കുന്നത്.

രാഷ്ട്രീയക്കാരില്‍ വളരെ കുറവുള്ള ആളുകളെ മാത്രമേ ഞാന്‍ അംഗീകരിക്കുന്നുള്ളൂ, പലരേയും പല കാരണങ്ങള്‍ കൊണ്ടാണ് അംഗീകരിക്കുന്നതും. സഖാവ്. ഇ.കെ നായനാരെ അംഗീകരിക്കുന്നതിനുള്ള കാരണങ്ങളല്ല കെ.കരുണാകരനെ അംഗീകരിക്കുന്നതിനുള്ളത് അതുപോലെ സി.എച്ച്. മുഹമ്മദ് കോയയെ അംഗീകരിക്കുന്നതിനുള്ള കാരണമല്ല രാജഗോപാലനെ അംഗീകരിക്കാനുള്ളത്. കാരണങ്ങള്‍ ഒന്നാകാം രണ്ടാകാം അനേകമാവാം.

എന്തൊക്കെയായാലും ആത്മാര്‍ത്ഥത എന്നത് എന്തെന്നറിയാത്ത, അംഗീകരിക്കപ്പെടാന്‍ ഒരുകാരണമെങ്കിലും ഇല്ലാത്ത , ഒരു പക്കാ രാഷ്ട്രീയക്കാരനായ എ.കെ ആന്റണിയ്ണെപ്പോലുള്ളവരുടെ ഇടയില്‍ ഇതുപോലുള്ളവര്‍ ഉള്ളത് സത്യമായിട്ടും സന്തോഷമുണ്ടാക്കുന്നു ഒപ്പം സ്വല്‍‌പ്പം അഭിമാനവും :).

Friday, December 04, 2009

ഇത് വല്ലാത്ത ചതിയായിപ്പോയി :(

മാസത്തിലൊരിക്കല്‍ വെള്ളിയാഴ്ചകളില്‍ അതിരാവിലെ മീന്‍ മാര്‍ക്കറ്റില്‍ പോകുന്നത് തന്നെ റോഡില്‍ തിരക്കാവുമ്പോഴേക്കും സാധനങ്ങള്‍ വാങ്ങി തിരിച്ചുവരാനാണ്.

ദുബായിലെ എല്ലായിടങ്ങളിലും വെള്ളിയാഴ്ചകളിലും പബ്ലിക് ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിങ്ങ് ഫ്രീയാണെന്നതിനാലാണ് പാര്‍ക്കിങ്ങ് ടിക്കറ്റെടുക്കാതെ മീനും പച്ചക്കറികളും വാങ്ങിക്കാന്‍ പോയത്, തിരിച്ചുവന്നപ്പോള്‍ വിന്‍ഡ് ഷീല്‍ഡില്‍ താഴെകാണുന്ന ടിക്കറ്റ് വെച്ചിരിക്കുന്നു.


പത്ത് വര്‍ഷത്തിലധികമായി ദുബായില്‍ വണ്ടിയോടിക്കുന്നു ഇന്നേവരെ പാര്‍ക്കിങ്ങ് ടിക്കറ്റെടുക്കാതെ കാര്‍ പാര്‍ക്ക് ചെയ്തിട്ടില്ല, പണമല്ല മുഖ്യ പ്രശ്നം വല്ലാതെ ഇന്‍സള്‍ട്ടായതുപോലെ തോന്നി.


ഫൈന്‍ ടികറ്റെഴുതിയ ഇന്‍സ്പെക്ടര്‍ പുതിയ വ്യത്യാസമാണെന്ന് പറഞ്ഞു. പാര്‍ക്കിങ്ങ് സ്ഥലത്തേക്കുള്ള പ്രധാനകവാടത്തില്‍ അല്ലാതെ വേറേ എവിടേയും ബോര്‍ഡ് കണ്ടില്ല, ഇനി ഉണ്ടെങ്കിലും ശ്രദ്ധിക്കണമെന്നുമില്ല.


ദുബായിക്കാരെ ,
 
ഇനിമുതല്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിങ്ങ് ടികറ്റെടുക്കേണ്ട സ്ഥലങ്ങള്‍ ഉണ്ട്, ഈ പോസ്റ്റിന്റെ ഉദ്ദേശവും ഈ വിവരം അറിയിക്കാനാണ്.

Tuesday, December 01, 2009

പരിഹസിക്കരുത്!

ദുബായിലെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ജീവിതത്തില്‍ പലരീതികളും/തലങ്ങളും/തരങ്ങളും അനുഭവിക്കാനും കാണാനും സാധിച്ചിട്ടുണ്ട്. നാല് വര്‍ഷമായി അബൂദാബിയിലാണ് ജോലിയെങ്കിലും ദുബായില്‍ നിന്നും മാറിതാമസിക്കാത്തതിനുള്ള പല കാരണങ്ങളില്‍ ഒന്ന് ദുബായിലെ ജീവിത രീതിതന്നെയാണ്.


ദുബായില്‍ ജീവിക്കുന്നു എന്നത് ഒരഭിമാനമായി കാണുന്നതിനാലാണ് ഒപ്പം ജോലിചെയ്യുന്നവരോട് പലപ്പോഴും 'ഞങ്ങള്‍ ദുബായിക്കാരാണ്' എന്ന് പറയുന്നതിനും കാരണം.

ഇന്നലെ യു.എസ്സില്‍ നിന്നും സുഹൃത്ത് വിളിച്ചപ്പോള്‍ അറിയേണ്ടത് ദുബായില്‍ ഉണ്ടായ സാമ്പത്തിക പ്രശ്നത്തെചൊല്ലിയാണ്.അവിടെ പ്രസ്തുത ന്യൂസിന് വളരെ പ്രാധാന്യം കല്‍‍പ്പിച്ചിരിക്കുന്നുവത്രെ. ആ ചോദ്യത്തില്‍ എന്നെപറ്റിയുള്ള വേവലാതിയായിരുന്നു മറ്റുള്ളവരെപറ്റിയും.

എനിക്കീ ന്യൂസില്‍ വലിയ അദിശയമൊന്നും തോന്നിയില്ല ഒരു പക്ഷെ രഹസ്യമായി അറിയുന്ന ഒരു കാര്യം പരസ്യമായിഎന്നുമാത്രമേ ചിന്തിച്ചുള്ളൂ. എല്ലാം ശെരിയാവും എന്ന ശുഭാപ്തിവിശ്വാസത്തോടെ അവന്‍ സംസാരം അവസാനിപ്പിച്ചു.

ഇത്രയും പറയാന്‍ കാരണം 'സേഫായ' ചിലരെ സൂചിപിക്കാനാണ്, 'ദുബായിയുടെ കാലം കഴിഞ്ഞു ഓടിക്കോ' എന്ന തരത്തിലുള്ള വാര്‍ത്ത/സംസാരമാണ് ചിലര്‍ പങ്ക് വെക്കുന്നത്. പറയുന്നവര്‍ അങ്ങ് ദൂരെ വളരെ സേഫായ സ്ഥലതാണ് എന്ന വിഡ്ഡി-വിശ്വാസത്തിലാണെന്നതാണ് ഇതിന് കാരണം. മറ്റു ചിലരുടെ കാര്യം എടുത്താല്‍, ' ഓ! എന്തായിരുന്നു നെഗളിപ്പ് കടല്‍ തൂര്‍ക്കുന്നു കര കുഴിക്കുന്നു ഇപ്പോ എന്തായി?' എന്ന തരത്തിലാണ്.

ഇവരോടൊക്കെ പറയാന്‍ ഒന്നുമാത്രം, ഇതൊക്കെ നടക്കുന്നതുകൊണ്ടാണ് എനെപ്പോലുള്ളവര്‍ സ്വസ്ഥമായി- സുഖമായി ജിവിക്കുന്നത് അതുകൊണ്ട് തന്നെ ദുബായ് എണീക്കും നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ അന്നും ആയുസ്സുണ്ടെങ്കില്‍ ഞാനും എന്നെപ്പോലുള്ളവരും ഇവിടെ കാണും , എന്നെപ്പോലുള്ള ചിലരുടെ പ്രാര്‍ത്ഥനകളെങ്കിലും ഇവിടത്തെ ഭരണകര്‍ത്താക്കള്‍ക്കൊപ്പം ഉണ്ട്, ഫലമുണ്ടായാലും ഇല്ലെങ്കിലും അതുകൊണ്ട് പരിഹസിക്കരുത്.

എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നുമുതല്‍ ദുബായിലെ എല്ലാ സ്ട്രീറ്റും വിളക്കുകള്‍ കൊണ്ട് നിറയാറുണ്ട്, ദേശീയ ദിനം കൊണ്ടാടാന്‍ ഇത്തവണ ദുബായിയുടെ തെരുവില്‍ കുറവായേകാണുന്നുള്ളൂ അതു കാണുമ്പോള്‍ എന്നെപ്പോലുള്ളവരുടെ മനസ്സ് സ്വല്പ്പമെങ്കിലും വേദനിക്കുന്നുണ്ട് എന്നാല്‍ ഉറപ്പ് അടുത്തതവണ അതല്ലെങ്കില്‍ അതിനടുത്തതവണ ദുബായുടെ തെരുവുകള്‍ വിളക്കുകള്‍ കൊണ്ട് നിറയും അന്നും നിങ്ങളൊക്കെ ഉണ്ടാവണം അതൊക്കെ കാണാന്‍!

Monday, November 30, 2009

കാണേണ്ട ബ്ലോഗ്

മൂന്ന് വര്‍ഷത്തിലധികമായി ബൂലോകത്തുള്ള ഞാന്‍ ഇന്നുവരെ ഒരു ബ്ലോഗിനെ എന്റെ ബ്ലോഗുകളില്‍ പരിചയപ്പെടുത്തുകയുണ്ടായിട്ടില്ല. എന്നാല്‍ കുറെ അധ്യാപകരുടെ കൂട്ടായ്മ പിറകില്‍ പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗ് തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണ്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ഒരു കോമണ്‍ പോയിന്റായി ഈ ബ്ലോഗിന് മാറാനായാല്‍ അതൊരു വലിയ നേട്ടം തന്നെയായിരിക്കും.

ഉത്തരം കാണാനായി അറിയുന്ന ചില കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ചോദ്യോത്തര ബ്ലോഗ് മാത്രമാവാതെ ഇന്നത്തെ അധ്യാപകന്‍ അഭിമുഖരീകരിക്കുന്ന പ്രശ്നങ്ങളും ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ബ്ലോഗായിരിക്കണം എന്ന ഒരാഗ്രഹം ഉണ്ട്, അറിയുന്ന പ്രശ്നങ്ങളല്ല അല്ല അറിയാത്ത പ്രശ്നങ്ങള്‍ ചോദിക്കയാണുത്തമം, അത് കണക്കാവട്ടെ സയന്‍സാവട്ടെ സാങ്കേതികമാവട്ടെ.

Tuesday, November 24, 2009

മാറേണ്ടുന്ന അധ്യാപകര്‍

സാങ്കേതിക വികസനത്തിലും അതുമൂലം ഉണ്ടായ സാമൂഹിക മാറ്റത്തിലും (rate of change) ചുരുങ്ങിയ കാലം കൊണ്ട് വന്ന വ്യതിയാനം ശാസ്ത്ര-സാങ്കേതിക- ബന്ധപ്പെട്ട വിഷയങ്ങളിലെ സ്കൂള്‍ അധ്യാപനത്തെ വളരെ ചാലഞ്ചിങ്ങ് ആക്കിയിട്ടുണ്ട്.

സാങ്കേതിക വികസനത്തിന്റെ കാര്യത്തില്‍ ,(rate of change), 70-75 ആം വര്‍ഷങ്ങള്‍ തമ്മിലുള്ള വ്യത്യാസമല്ല 80-85 തമ്മിലുള്ളത്, 90-95 ആവുമ്പോള്‍ വളരെ കൂടുന്നു, ഇനി 00-05 ആവുമ്പോള്‍ ഭീമമാകുന്നു. അതുകൊണ്ട് തന്നെ അന്നന്നുള്ള വിദ്യാര്‍ത്ഥികളിലും ഈ വ്യത്യാസം പ്രകടമായിട്ടും ഉണ്ട് .

Technology development ന്റെ കാര്യത്തില്‍, (അതുകൊണ്ട് തന്നെ സാമൂഹികമായതിലും), രണ്ട് അറ്റത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെയും ഒരേ അധ്യാപകന്‍ അധ്യാപനം ചെയ്യേണ്ടിവരുന്നു എന്നതാണ് അതിനെ ചാലഞ്ചിങ്ങ് ആക്കുന്നത്.

ഇന്നത്തെ അധ്യാപകരില്‍ മുഖ്യപങ്കുള്ള എനിക്ക് തൊട്ട് പിന്‍പുള്ള തലമുറയായിരിക്കണം പ്രകടമായ Technology development process ന്റെ രണ്ടറ്റവും,(തുടക്കം അവസാനം അല്ല ഉദ്ദേശിച്ചത്), കണ്ടവര്‍ എന്നാണെന്റെ അഭിപ്രായം. ഒരുപഭോക്താവ് എന്ന നിയിലാണെങ്കില്‍ ഏറ്റവും ഭാഗ്യം ചെയ്തവര്‍ അതുകൊണ്ട് തന്നെ അവരാണ്; എന്നാല്‍ അധ്യാപനത്തിന്റെ കാര്യത്തിലാവുമ്പോള്‍ ഇത് ഭാഗ്യ/ഗുണകരമല്ല.

വിദ്യാഭ്യാസകാലത്ത് എനിക്കുണ്ടായിരുന്ന എന്റെ രക്ഷിതാവല്ല ഞാന്‍ എന്റെ മക്കള്‍ക്ക്, സാങ്കേതികമായും സാമൂഹികമായും ഞാന്‍ അവര്‍ക്ക് വളരെ അടുത്തിരിക്കുന്നു, സ്നേഹമല്ല വിവക്ഷിച്ചത്. പണ്ട് നിലനിന്നിരുന്ന സാമൂഹികവും സാങ്കേതികവുമായ അകല്‍ച്ച ഇന്നില്ലെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥിയുടെ സ്വീകാര്യത കൈവരിക്കാന്‍ ഇന്നത്തെ അധ്യാപകന്‍ രണ്ട് രീതിയില്‍ ശ്രമിക്കേണ്ടിയിരിക്കുന്നു, ഒന്ന് സാങ്കേതികമായി സ്വയം ഉയരണം, (ഉപഭോകമല്ല വിവക്ഷിച്ചത്), സാമൂഹികമായും.

അല്ലാത്ത പക്ഷം അധികം താമസിയാതെ നിങ്ങളെ നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചേക്കാം അന്ന് പക്ഷെ ഞങ്ങള്‍ രക്ഷിതാക്കള്‍ക്ക് പോലും അവരെ തടയാനായെന്ന് വരില്ല.

കൂട്ടിവായിക്കാം. ഒന്ന് രണ്ട് മൂന്ന് നാല്

Saturday, November 21, 2009

സത്യമെന്താ?

കുറച്ചു നാളായി ശാസ്ത്രീയമായതടക്കം (?)
പല കാര്യങ്ങളേയും അടിസ്ഥാനപ്പെടുത്തി 2012
ഒരവസാനവര്‍ഷമായാണല്ലോ ചിത്രീകരിക്കുന്നത്,
ദാ അതിനൊരു തുടര്‍ച്ചയായി അതേ പേരില്‍ സിനിമയും വന്നിരിക്കുന്നു,
സിനിമ കണ്ടില്ല.

ഞാനോ വീണു അപ്പോ പിന്നെ നീ വീഴുന്നതില്‍ സന്തോഷം എന്ന സാഡിസമാണോ?
ഒരു സൈക്കോളജിക്കല്‍ ട്രീറ്റ്മെന്റാണോ?
അതോ ആത്മാര്‍ത്ഥമായ ഒരു പ്രവചനമാണോ?
എന്താണിതിന്റെ പിന്നില്‍?

അല്ല സ്ഥലത്തിന് വിലകുറയുമോ?
ഫ്ലാറ്റിന് വിലകുറയുമോ?
ഇനിപ്പോ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കണമോ?
എന്നൊക്കെ ഉറപ്പിക്കാനാണ് ;)

Tuesday, November 17, 2009

പിന്നോട്ട് വലിക്കുന്നവര്‍

വന്ദേമാതരത്തെ പറ്റി പുറപ്പെടുവിച്ച ഫത്വയെ ബന്ധപ്പെടുത്തിവന്ന ഒരു ലേഖനമാണീ പോസ്റ്റിനാധാരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ വിലയിരുത്തി നല്ല പ്രതീക്ഷകള്‍ കാണുന്നു ലേഖകന്‍.പ്രസ്തുത ലേഖനവുമായി എന്റെ അഭിപ്രായത്തിന് ബന്ധമുണ്ടോ എന്നതിന് പ്രസക്തിയില്ലാത്തതിനാലാണ് കൂടുതല്‍ അതിനെപറ്റി പറയാത്തത്.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇതര സംസ്ഥാനങ്ങളിലെ മുസ്ലീമീങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ടായുന്ന കേരള മുസ്ലിമിനിടയില്‍ പോലും ഒരു ചെറിയ വിഭാഗം, വന്ദേമാതരം ഇസ്ലാമിനെതിരാണെന്ന് ഉള്‍ക്കൊള്ളുന്നുണ്ട് അതുകൊണ്ട് തന്നെ, തന്നെ പ്രതീക്ഷിച്ചതുപോലെയുള്ള വേഗതയില്‍ കാര്യങ്ങള്‍ നടക്കുമോ എന്നത് കാലം തെളിയീക്കട്ടെ.

വന്ദേ മാതരത്തെ പറ്റാവുന്ന അര്‍ത്ഥ തലങ്ങള്‍ കൊടുത്ത് മുത്തവമാരും മുസ്ല്യാക്കന്‍മാരുമല്ലാതത ഇന്നത്തെ യുവ തലമുറയില്‍ പെട്ട ചിലര്‍ പോലും കിണഞ്ഞുശ്രമിക്കുന്നുണ്ട് എന്നതാണ് ദുഖകരമായ സത്യം. ആരാധനയും ബഹുമാനവും ഒന്നാണെന്ന് ഇവര്‍ വരുത്തിതീര്‍ക്കുന്നു.

ഒരിക്കല്‍ സദസ്സില്‍ ഈയുള്ളവനും , ഒരു സിക്ക് കാരനും അയളുടെ ഭാര്യയും സംസാരിച്ച് നില്‍ക്കുന്നു, പരിചയപ്പെടാനായി ഒരു സായിപ്പ് അടുത്തുവന്നു, എനിക്കും സിംഗിനും ഷേക്ക് ഹാന്‍‌ഡ് തന്നതിന് ശേഷം സിക്കുകാരന്റെ ഭാര്യയുടെ നേരെ കൈ നീട്ടി, ഉടന്‍ അവര്‍ കൈപൂപ്പി, സായിപ്പ് ചിരിച്ചുകൊണ്ട് ക്ഷമയും പറഞ്ഞ് തിരിച്ചും കൈ കൂപ്പി, അവിടെ ഒരു മുസലിയാര്‍ ഉണ്ടായിരുന്നെങ്കിലുള്ള പുകില്‍ ഓര്‍ക്കുകയായിരുന്നു ഞാന്‍.

പണ്ട് മദ്രസ്സയില്‍ പോയിരുന്ന കാലം, കയ്യില്‍ നിന്നും വീണ പുസ്തകം കുമ്പിട്ടെടുത്ത് പൊടി തട്ടിയതിന് ശേഷം തൊട്ട് നെറുകില്‍ വെച്ചു, അതുകണ്ട് ഉസ്ഥാദ് നിന്ന് വിറച്ചു. ' ഹിന്ദുക്കളുടെ ഓരോന്ന് കൊണ്ടും വന്നിരിക്കുന്നു ' കുറെ ശകാരിച്ചതിന് ശേഷം ക്ലാസ്സില്‍ വീണ്ടും സംഭവം വിവരിക്കുകയും ചെയ്തു.

കൈകൂപ്പുന്നതും, പുസ്തകം നെറുകില്‍ തൊട്ട് വെക്കുന്നതുമെല്ലാം ഹിന്ദുക്കളുടെ ആരാധനയാണെന്നും, അവരെല്ലാത്തിനേയും ആരാധിക്കുമെന്നും, നമുക്ക് പാടില്ലെന്നും അതിനാല്‍ മേലാല്‍ ആവര്‍ത്തിക്കരുത് കാഫിറാകും എന്നും അദ്ദേഹം പറഞ്ഞു. കൈതൊട്ട് നെറുകില്‍ വെക്കുന്നത് ഒരു ബഹുമാനമാണെന്നും ആരാധനയല്ലെന്നും അന്ന് ഞാന്‍ വിവരിക്കാന്‍ പോയില്ല.

ശ്രീരാമന്റെയെന്നല്ല ആരുടെ അമ്മയേയും ബഹുമാനിക്കണമെന്നും, അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന്റെ ദേശീയഗാനം പാടുന്നതിലൂടെ ഏക ദൈവ വിശ്വാസത്തെ ഹനിക്കുകയല്ലെന്നും കാരണം ആരാധനയും ബഹുമാനവും രണ്ടെന്നുമൊക്കെയാണ് മുസ്ല്യാക്കന്‍മാര്‍ കുട്ടികളെ പഠിപ്പിക്കേണ്ടതും മുകളില്‍ പറഞ്ഞ തലമുറയില്‍ പെട്ടവര്‍ മനസ്സിലാക്കേണ്ടതും.ഇത്തരം അനാവശ്യകാര്യങ്ങളില്‍ തലപുണ്ണാക്കാതെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഉന്നതിക്കും വേണ്ടി ചെയ്യേണ്ട കാര്യങ്ങളെപറ്റിയാവണം ഫത്‌വകള്‍ പുറപ്പെടുവിക്കേണ്ടത്.

Friday, November 13, 2009

hit FM, ഷാലു ഫൈസല്‍ പിന്നെ കരുണാകരനും

ഇന്നലെ വൈകീട്ടുള്ള ദുബായിലെ hit FM ന്യൂസ്, ഷാലു ഫൈസല്‍ എന്ന റേഡിയോ ജോക്കി വായികുന്നത് കേട്ടപ്പോള്‍ വാര്‍ത്താ വായന സംസ്കാരം ഇത്രക്ക് വഷളായോ എന്ന് തോന്നിപ്പോയി.

ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും അവര്‍ കരുണാകരന്റെ പേര് ന്യൂസിലൂടെ പറഞ്ഞു, ആശുപത്രിയില്‍ കിടക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാര്‍ത്ത, എന്നാല്‍ ഒറ്റതവണപോലും ശ്രീ എന്നോ മിസ്റ്റര്‍ എന്നോ സംബോധന ചെയ്തില്ല.

കരുണാകരന്റെ മാത്രമല്ല മറ്റു പലരുടെ പേരിനൊപ്പവും അവര്‍ ശ്രീ/ അല്ലെങ്കില്‍ മിസ്റ്റര്‍ എന്ന് കൂട്ടിയില്ല.

ഒരു തവണ കേട്ടപ്പോള്‍ അദിശയിപ്പിച്ചത് രണ്ടാതവണയോടെ അസഹ്യമാക്കി പിന്നീട് മൂന്നാം തവണയും ആവര്‍ത്തിച്ചപ്പോള്‍ അരോചകം തോന്നി റേഡിയോ ഓഫാക്കി.

' Shalu Faisal, Is Karunakaran your grand son?' എന്ന sms 2(?) ദിര്‍ഹം ചിലവാക്കി 4007 അയച്ചെങ്കിലും അവര്‍ക്ക് പ്രസ്തുത മെസ്സേജിന്റെ അര്‍ത്ഥം മനസ്സിലാകുമെന്നോ ഇനി മനസ്സിലായാലും പ്രാവര്‍ത്തികമാക്കുമെന്നോ വിശ്വാസവുമില്ല കാരണം മറ്റൊരു അനുഭവം തന്നെ.

വെതറിന് പകരം ക്ലൈമറ്റെന്ന ശെരിയല്ലാത്ത പ്രയോഗത്തെ പരാമര്‍ശിച്ച് കൈപ്പള്ളി ഇങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു അവര്‍ പിന്നേയും അതുതന്നെ തുടര്‍ന്നു എന്നാണെന്റെ അറിവ്.

റേഡിയോ പരിപാടികളിലേക്ക് ഫോണില്‍ ആളുകളെ വിളിച്ച്/തിരിച്ചും ചര്‍ച്ചകള്‍ ചെയ്യുന്നതുപോലെയോ, പരിപാടികള്‍ അവതരിപ്പിക്കുന്നതുപോലെയോ അല്ല വാര്‍ത്താവായനയെന്നും അത് ഗൗരവവും, സത്യസന്ഥതയും, ആധികാരികവും ആവേണ്ടുന്ന ഒന്നാണെന്നും; അതിനുപയോഗിക്കുന്ന ഭാഷാ/ ശൈലി/പ്രയോഗങ്ങള്‍ക്ക് ചുരുങ്ങിയ ചില മാനദണ്ഢങ്ങളുണ്ടെന്നും എന്നാണിവര്‍ മനസ്സിലാക്കുക?

ഇവയില്‍നിന്നൊക്കെ എനിക്ക് മനസ്സിലാക്കാനാവുന്നത് റേഡിയോ അവതാരകരെ മോണിറ്റര്‍ ചെയ്യാനോ ശെരിയായ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ആരുമില്ലെന്നാണ്.

Monday, November 09, 2009

അതിക്രമിച്ചിരിക്കുന്നു!

300 കോടിയിലധികം രൂപ ചിലവാക്കി ചന്ദ്രനിലേക്ക് വാണം വിട്ട് കളിക്കല്‍ കഴിഞ്ഞപ്പോ , യാതൊരു ഗുണവുമില്ലാത്ത ആസിയന്‍ കരാറുണ്ടാക്കി സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിയറവെച്ചു, അമേരിക്ക ഉള്‍‌പ്പെടാത്തതിനാല്‍ ആ വാക്കുപയോഗിക്കാന്‍ പാടില്ല എന്നൊന്നുമില്ലല്ലോ!. ചൈന ഒഴികെ എല്ലാം സാമ്രാജ്യത്വ ശക്തികളല്ലേ!.

പുതിയ വാര്‍ത്ത കേട്ടില്ലേ 6.7B$ കൊടുത്ത് 200 ടണ്‍ സ്വര്‍ണ്ണം സിംഗ് വാങ്ങിയിരിക്കുന്നു അതും മറ്റൊരു സാമ്രാജ്യത്വ ശക്തിയുടെ പക്കല്‍ നിന്നും മാത്രമോ കറന്‍സിയോ സാമ്രാജ്യത്വ കറന്‍സി 'ഡോളര്‍'. എത്രയോ പൂജ്യങ്ങളുള്ള ഈ പണം കൊണ്ട് ഇന്‍‌ഡ്യയിലെ എത്ര ആളുകളുടെ പട്ടിണിമാറ്റാമായിരുന്നു!

ഇല്ല ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല ഒരു മഹാ സമരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു! ;)

Thursday, November 05, 2009

യു.ഡി.എഫിനെ വിജയിപ്പിക്കുക.

രാഷ്ട്രീയമായും വ്യക്തിപരമായും ഉള്ള
കാരണങ്ങള്‍കൊണ്ട് സ്ഥാനത്തിരിക്കാന്‍
അബ്ദുള്ളക്കുട്ടി യോഗ്യനായതുകൊണ്ടല്ല,

എന്തുകൊണ്ടും എതിരാളിയായ ജയരാജനേക്കാള്‍
മുന്നിലായതിനാല്‍;

കേരളം സ്വര്‍‌ഗ്ഗമാകുമെന്നതിനാലോ,
കേരളത്തില്‍ ഇന്നുള്ള/നാളെ ഉണ്ടായേക്കാവുന്ന
പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നുള്ളതിനാലോ,

അല്ല മറിച്ച്

പറയത്തക്ക ഒരു കാരണവും ഇല്ലാതെ,
എന്തിനേയും എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമുള്ള,
എന്തിനേയും ഗുണ്ടായിസം
കൊണ്ട് നേരിടാം എന്ന് കരുതുന്ന,
സ്വന്തം മനസാക്ഷിക്ക് നിരക്കാത്തതുപോലും
പാര്‍ട്ടിക്ക് വേണ്ടി സ്വീകരിക്കുന്ന,
ഒരു കൂട്ടത്തെ തോല്‍‌പ്പിക്കാന്‍,

എന്തുകൊണ്ടും തമ്മില്‍
ഭേദം തൊമ്മനായതിനാല്‍

യു.ഡി.എഫിനെ വിജയിപ്പിക്കുക.

Wednesday, October 28, 2009

ശാസ്ത്രം മതം പിന്നെ ചിത്രകാരനും

ചിത്രകാരന്റെ ഈ പോസ്റ്റ് വായിച്ചപ്പോളാണ് ആളുകള്‍ ഇപ്പോഴും ശാസ്ത്രത്തേയും സാങ്കേതികതയേയും ഒന്നായാണല്ലോ കാണുന്നത് എന്ന് വീണ്ടും തോന്നിയത്. അതായത് ഇന്‍‌വെന്‍ഷനല്ല ( invention) കണ്ടെത്തലുകള്‍ (discovery) എന്ന് എന്തെ പലരും മനസ്സിലാക്കാത്തത്?.

" ശാസ്ത്രജ്ഞന് ഒരു വിശ്വാസിയാവാം എന്നാല്‍ വിശാസിക്ക് ഒരു ശാസ്ത്രജ്ഞന്‍ ആവാന്‍ പറ്റില്ല "

ഈ തത്വത്തോട് പൂര്‍ണ്ണ യോജിപ്പാണുള്ളത് കാരണം, ‍ ശാസ്ത്രജ്ഞന്‍ എന്നത് ഇന്‍‌വെന്ററെയാണെന്നും അതൊരിക്കലും ഒരു ഡിസ്കവറര്‍ അല്ലെന്നും തിരിച്ചരിയുമ്പോളാണ് മുകളിലെ തത്വത്തോട് യോജിച്ചുകൊണ്ട് ചിത്രകാരന്റെ പോസ്റ്റിനോട് വിയോജിക്കാന്‍ സാധിക്കുക.

ഒരു വിശ്വാസിയെന്നാല്‍ ഒരു പാതയില്‍ സഞ്ചരിക്കുന്നവനായതിനാല്‍ അവനറിയാത്ത ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്വയമുള്ള വിശ്വാസമാകുന്നതാണ് ഇതിന് കാരണം.

ഒരു ഇന്‍‌വെന്‍ഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണ്ടെത്തലുകാരനാണ് ഒരു സാങ്കേതിക വിദഗ്ധന്‍. അതായത് കൊളംബസ് ഒരു ഡിസ്കവറര്‍ മാത്രമേ ആകുന്നുള്ളൂ ഒരു സാങ്കേതിക വിദഗ്ധന്‍ ആകുന്നില്ല അതുപോലെത്തന്നെ ഐ എസ് ആര്‍ ഓ യിലെ ഒരു 'ശാസ്ത്രഞ്ജന്‍' ഒരു സാങ്കേതിക വിദഗ്ദന്‍ മാത്രമേ ആകുന്നുള്ളു എന്ന് ചുരുക്കം.

ഒരു സാങ്കേതിക വിദഗ്ധന് തനിക്ക് പോകേണ്ട വഴികള്‍ കൃത്യമായി നിര്‍‌വചിച്ചിട്ടുണ്ട് അയാള്‍ ആ വഴിയില്‍ മാത്രം സഞ്ചരിച്ചാല്‍ മതി. അതിനാവശ്യമായ സാമഗ്രികള്‍ക്കുള്ള / സാങ്കേതികമുണ്ടാക്കാനുള്ള ഇന്‍‌വെന്‍ഷന്‍ മുമ്പില്‍ ഉണ്ട് താനും. അതുകൊണ്ട് തന്നെ അവിടെയുള്ള ഒരു സാങ്കേതിക വിദഗ്ധന് ദൈവ വിശാസമുണ്ടായാല്‍ അതൊരിക്കലും അയാളുടെ പ്രവൃത്തിയെ ബാധിക്കുകയില്ലെന്ന് മാത്രമല്ല അയാളുടെ ഒരു പ്രവൃത്തിക്ക് തടസ്സമാകുന്നുമില്ല അതില്‍ ഒരു തെറ്റുമില്ല കാരണം ശാസ്ത്രഞന്‍ വിശ്വാസിയാവുന്നതും സാങ്കേതിക വദഗ്ധന്‍ ആവുന്നതും രണ്ടും രണ്ടാണ്.

Thursday, October 22, 2009

വിജയ ശതമാനവും പ്രൊഫെഷണലിസവും

ഡിസിഷന്‍ മേക്കിങ്ങ് ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലാണ് പ്രൊഫെഷണല്‍സിനെ ഡിമാന്റ് ചെയ്യുന്നത്. തന്റെ അറിവുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള / ഉപയോഗപ്പെടുത്താനുള്ള ഒരു വ്യക്തിയുടെ കഴിവാണ് അയാളിലെ പ്രൊഫെഷണലിസത്തെ അളക്കുന്നത്, ഇത് കൃത്യമായ ഒരു ഡെഫനിഷനായെടുക്കരുത്!.


കുറെ തിയറി പഠിച്ചത് കൊണ്ട് മാത്രം പ്രൊഫെഷണലിസം ഒരു വ്യക്തിയില്‍ ഉണ്ടാവില്ല. അത് സ്വാഭാവികമായി ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഒന്നാണ് പഠനകാലത്ത് അതിനൊരു ചിട്ട കൈവരുമെന്ന് മാത്രം.

ഇതുകൊണ്ടൊക്കെത്തന്നെ ഒരാളുടെ വ്യക്തിപരമായ സവിശേഷതകള്‍ക്കും ഈ വളര്‍ചയില്‍ പങ്കുണ്ടെങ്കിലും വളരുന്ന പഠിക്കുന്ന ചുറ്റുപാടാണ് കൂടുതല്‍ സ്വധീനിക്കുന്നത്.

എഞ്ചിനീയറിങ്ങ് പ്രവേശനത്തിനുള്ള എന്‍‌ട്രന്‍സ് പരീക്ഷ വലിയ സംഭവമാണെന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും അതില്‍ നല്ല റാങ്ക് വാങ്ങിക്കുന്ന ഒരു കുട്ടിക്ക് കുറഞ്ഞ റാങ്ക് ലഭിക്കുന്ന കുട്ടിയേക്കാള്‍ എന്തോ ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത അയാളുടെ പ്രൊഫെഷണലിസത്തെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുമുണ്ട്.

സാമാന്യം നല്ല റാങ്കുള്ള കുട്ടികള്‍ വരുന്ന സര്‍ക്കാര്‍ കോളേജുകളില്‍ കൂടുതലും ഈ ' പ്രത്യേകത' ഉള്ളവരാണെന്ന് പറയേണ്ടതില്ലല്ലോ. ഈ പ്രത്യേകതയുള്ള കുട്ടികളെല്ലാം ഒരു മിച്ചുണ്ടാകുന്ന ഒരു ആമ്പിയന്‍സാണ് / സാഹചര്യമാണ് നല്ല പ്രൊഫെഷണലുകളെ ഉണ്ടാക്കുന്നത്.

സര്‍ക്കാര്‍ കോളേജുകളില്‍ വിജയ ശതമാനം ഒരു പക്ഷെ കുറവായിരിക്കും എന്നാല്‍ അവരുമായി തുല്യമാര്‍ക്കുള്ള ഇതര സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെ അപേക്ഷിച്ച് പ്രൊഫെഷണലിസം പ്രൊഫെഷണലിസം കൂടുതലായിരിക്കും, അനുഭവം.

എന്ന് കരുതി പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്നും വരുന്നവരെല്ലാം മോശമെന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വരുന്നവര്‍ നല്ലവരെന്നോ അഭിപ്രായമില്ല അതേ സമയം താരദമ്യത്തില്‍ എണ്‍പതും ഇരുപതും കൊടുക്കാനേ നിര്‍‌വാഹമുള്ളു ഒരു പക്ഷെ തൊണ്ണൂറും പത്തും.

നല്ല മാര്‍ക്കോടെ പരീക്ഷയില്‍ വിജയിച്ചാല്‍ നല്ല പ്രൊഫെഷണല്‍ ആയി എന്ന തെറ്റായ ധാരണകൊണ്ടാണ് ദുബായിലെ അച്ഛന്‍ ലക്ച്ചറെ വിളിച്ച് മകന്റെ സെഷണല്‍ മാര്‍ക്ക് മുഴുവന്‍ കൊടുക്കാന്‍ പറയുന്നത്.

പ്രൊഫെഷണല്‍ എന്തെന്ന് കൃത്യമായി മനസ്സിലാക്കുകയും അത് ലഭ്യമാക്കാന്‍ സഹായകരമായ 'ഒന്നിന്റെ' കുറവ് തങ്ങളുടെ പ്രൈവറ്റ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് കുറവാണെന്ന് തുറന്ന മനസ്സോടെ സമ്മതിക്കുകയും ചെയ്താല്‍ മുമ്പെ സൂചിപ്പിച്ച പത്തിനെ ഇരുപതും മുപ്പതും ഒക്കെയാക്കാന്‍ സാധിച്ചേക്കും ബാക്കിയുള്ളവരെ പത്താം ക്ലാസ്സിലെ സുരേഷ് കുറച്ച് ഇലക്ട്രിക്കല്‍ തിയറി പഠിച്ച അവസ്ഥയില്‍ പുറത്ത് വരട്ടെ! എന്തൊക്കെ കുറവുണ്ടാവട്ടെ സര്‍ക്കാര്‍ കോളേജുകള്‍ നല്‍കുന്ന ഒരു ആമ്പിയന്‍സ് ഉണ്ടല്ലോ അത് എത്ര ചിലവാക്കി വലിയ ലാബുണ്ടാക്കിയാലും ലഭിക്കില്ല.

കൂതറതിരുമേനിക്ക്

എന്റെ ബ്ലോഗില്‍ പരാമര്‍‌ശിക്കപ്പെടാന്‍ കൂതറ അവലോകനം എന്ന താങ്കളുടെ ബ്ലോഗില്‍ ഉള്ളടക്കം ഉണ്ടായതിനാലല്ല മറിച്ച് ഇന്നത്തെ കൂതറ അവലോകനത്തില്‍ എന്നെ പരമാര്‍ശിച്ചതിനാലും അവിടെ കമന്റ് മോഡറേഷന്‍ വെച്ച് കന്റ് പുറത്ത് വിടാത്തതിനലും ഇവിടെ പോസ്റ്റുന്നു.


കൂതറതിരുമേനി,

പരാമര്‍ശിച്ച പോസ്റ്റില്‍ ഞാനായിരുന്നല്ലോ പോലീസ്, വിമര്‍ശനത്തിന് ഞാന്‍ എതിരല്ല വിമര്‍ശനം എഴുത്തുകാരനെ വളര്‍ത്താനാവണം തളര്‍ത്താനാവരുത്. അവിടെ നടന്നത് എഴുത്തുകാരനെ വളര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു എന്ന് പറയുന്ന താങ്കളുടെ വായനയുടെ കുഴപ്പമാണ്. തികച്ചും വ്യക്തിഹത്യയായേ അവിടെയുള്ള ' വിമര്‍ശനത്തെ' എനിക്ക് കാണാന്‍ പറ്റൂ.

വിമര്‍ശനം എന്നത് എഴുത്തുകാരനെ നന്നാക്കാനാണെന്ന് എനിക്കഭിപ്രായമില്ല വായനക്കാരന്റെ താത്പര്യം സം‌രക്ഷിക്കപ്പെടാത്തതിലുള്ള ഒരു കുണ്ഠിതപ്പെടുലായേ ഞാന്‍ കാണുന്നുള്ളൂ അത് പ്രകടിപ്പിക്കുന്നതിലെ ശൈലി തികച്ചും അയാളുടെ വ്യക്തിത്വത്തെ കാണിക്കും.

സഗീറിനെയെന്നല്ല ഏതൊരാളെയും അത് നടുറോട്ടിലായാലും ഇഷ്ടമല്ലാത്ത രീതിയില്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പ്രതികരിക്കും അതിനിനി ബൂലോക പോലിസാണെന്നോ പട്ടാളമാണെന്നോ പറഞ്ഞാല്‍ ,
I just Don't care. കുറച്ചുകാലമായി കൂതറതിരുമേനീ ഇവിടെ എന്തെല്ലാം കണ്ടിരിക്കുന്നു കേട്ടിരിക്കുന്നു.

Saturday, October 17, 2009

ലൗഡ് speaker

ജബല്‍ അലി ഡോണിയയിലിരുന്ന് സിനിമ കാണുമ്പോള്‍ തൃശ്ശൂര്‍ ജോസിലോ രാം ദാസിലോ ഒക്കെ കാണുന്നതുപോലെയാണ്. ലൗഡ് സ്പീക്കര്‍ വന്നാല്‍ കാണണമെന്നാദ്യമേ ഉറപ്പിച്ചിരുന്നു. തീയേറ്ററില്‍ കയറുന്നതുവരെ മമ്മുട്ടിയാണ് നായകന്‍ എന്നതൊഴിച്ച് മറ്റൊന്നും അറിയില്ലായിരുന്നു.

തുടക്കത്തില്‍ സിറ്റിയിലെ ലൈറ്റുകള്‍ ബ്ലര്‍ ചെയ്ത് ഒരുമിപ്പിക്കുന്നതും പിന്നീട് വ്യക്തതയോടെ ഓരോന്നായി തന്നെ നില്‍ക്കുകയും ചെയ്യുന്നതില്‍ നിന്നും അതുമായി സിനിമക്ക് വലിയ ബന്ധമുണ്ടെന്നൊന്നും ആദ്യം തോന്നിയില്ലെങ്കിലും ഫ്ലാറ്റ് സമുച്ഛയത്തിലെ പല താമസക്കാരെത്തന്നെയല്ലെ സിനിമാക്കാരന്‍ ഉദ്ദേശിച്ചിരിക്കുക എന്ന് പിന്നീട് തോന്നി.

സ്വന്തക്കാരും ബന്ധക്കാരുമായിട്ടൊന്നുമാരുമില്ലാത്ത, സാമാന്യം പ്രായമുള്ള ഒരാളുടെ ആശുപത്രി കിടക്കയില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. റെയര്‍ ബ്ലഡ് ഗ്രൂപ്പിലുള്ള അയാള്‍ക്കാവശ്യമായ വൃക്ക ദാദാവായാണ് മമ്മുട്ടിയുടെ കഥാപാത്രം മൈക്ക് രംഗപ്രവേശനം ചെയ്യുന്നത്. ഒരുമിച്ചുള്ള കുറച്ചു ദിവസത്തെ ജീവിതത്തിലൂടെ മമ്മുട്ടിയുടെ കഥാപാത്രം രോഗിയിലും മറ്റും വരുത്തുന്ന മാറ്റങ്ങളും, സൗഹൃദവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

ഒരു ആവറേജ് സിനിമയില്‍ പെടുത്താന്‍ പോലും ഈ സിനിമാക്കാവാതെ പോകാന്‍ കാരണം കഥയുടെ/ഉള്ളടക്കത്തിന്റെ ആഴക്കുറവല്ല മറിച്ച് അനാവാശ്യമായ പല ഉള്‍പ്പെടുത്തലുമാണ്. കാമ്പുള്ള ഹാസ്യം നായകനിലൂടെത്തന്നെ ഉള്‍ക്കൊള്ളിക്കാന്‍ സാഹചര്യമുണ്ടായിട്ടും അത് കാണാതെയോ അറിയാതെയോ തമാശക്ക് വേണ്ടി തമാശ ഉള്‍പ്പെടുത്തുന്ന തൊണ്ണൂകളിലെ പല സിനിമകളേയും ഓര്‍മ്മിപ്പിക്കുമാറ് വെഞ്ഞൂറാമൂടിനേയും മറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു.

നാല്‍‌പത്തിയാറ് വര്‍ഷം അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിക്ക് സ്വാഭാവികമായും ഉണ്ടാവാവുന്ന 'തനിമയില്ലായ്മ' രോഗിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നയാളുടെ അഭിനയത്തിലുള്ള അനായാസ്യക്കുറവ് ഗുണം ചെയ്യുന്നുണ്ട് അതേസമയം ഇത് യഥാര്‍ത്ഥ അഭിനയമായിരുന്നെകില്‍ ഇന്‍‌ഡ്യ കണ്ട ഏറ്റവും നല്ല നടനായിരിക്കും അയാള്‍!

ഒരു നാട്ടിന്‍ പുറം അച്ചായനെ അവതരിപ്പിക്കുന്ന മമ്മുട്ടിതന്നെയാണീ സിനിമയിലെ ഹൈ ലൈറ്റ്.ഇടക്കൊരു ദിവസം രാവിലെ ഫ്ലാറ്റിന് പുറത്തുള്ള തട്ടുകടയില്‍ നിന്നും ചായകുടിച്ചതിന് ശേഷം തിരികെ പോകുമ്പോള്‍ ജോഗ്ഗിങ്ങിനിറങ്ങിയവരുടെ ഒപ്പം ഏന്തിവലിച്ച് നടക്കുന്ന മമ്മുട്ടിയുടെ പിന്നില്‍ നിന്നുമുള്ള ഷോട്ടൊക്കെ ഉത്തമ ഉദാഹരണം.


സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഇടക്കൊക്കെ മുന്നാഭായിയെ ഓര്‍മ്മ വന്നത് രണ്ടിലേയും നായിക ഒന്നായതുകൊണ്ട് മാത്രമാണോ?എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലുണ്ടോ?

****************

ഈയിടെയായി ഇംഗ്ലീഷ് സിനിമകള്‍ കാണുന്ന ദുസ്വഭാവം കൂടുതലാണ് അതും പഴയവ അതില്‍ നിന്നും മനസ്സിലാക്കിയ ഒരു കാര്യം മോശമല്ലാത്ത ഒരു വിഭാഗം മലയാള സിനിമകളും ഇംഗ്ലീഷില്‍ നിന്നും 'യാദൃശ്ചികത' ഉള്‍ക്കൊണ്ട് ഉണ്ടാക്കിയതാണെന്നതാണ്. ചിലതില്‍ ഈ 'യാദൃശ്ചികത' വളരെ കൂടുതലാവുമ്പോള്‍ മറ്റു ചിലതില്‍ ചില സീനുകളോ പാട്ടുകളോ അടര്‍ത്തി വെച്ചിരിക്കുന്നു എന്നുമാത്രം.

Friday, October 09, 2009

മാതൃഭൂമിക്ക് പിന്നാലെ ഏഷ്യാനെറ്റും!

ഇന്ന് രാവിലെ പ്രക്ഷേപണം ചെയ്ത ഗള്‍ഫ് റൗണ്ടപ്പില്‍ നാസയുടെ ക്യാമ്പില്‍ പങ്കെടുത്ത മലയാളി പയ്യനെ പരിചയപ്പെടുത്തിയിരുന്നു.ഒന്നും പറയാനില്ല കഷ്ടം!

Saturday, October 03, 2009

പ്രവാസികളുടെ ഒരു കാര്യൈ.

ചിലവ് ചുരുക്കലിന്റെ ഭാഗമായി എയര്‍ ഇന്‍‌ഡ്യയുടെ ഓഫീസ് ദുബായില്‍(?) നിന്നും മാറ്റുകയാണത്രെ. ഇതിനെക്കുറിച്ച് പ്രവാസികളുടെ അഭിപ്രായ പ്രകടനം കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി.

കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍ മാരണമെന്നും പുനപരിശോധിക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്നതിനിടയില്‍ ഒരു പ്രവാസി, '.....അങ്ങിനെ പ്രവാസികളായ ഞങ്ങളെ സഹായിക്കണ'മെന്നുമൊക്കെ പറയുന്നതുകേട്ടു.

നാലോ അഞ്ചോ ആളുകളില്‍ ഒരാളുപോലും തീരുമാനം ശെരിയാണെന്ന് പറഞ്ഞില്ല, അമ്മയെതല്ലിയാലും രണ്ടഭിപ്രായമുള്ളപ്പോള്‍ ഏഷ്യാനെറ്റ് തിരഞ്ഞുപിടിച്ച് അഭിപ്രായ സമന്വയം നടത്തിയതാണോ എന്നുപോലും തോന്നിപ്പോയി.

പതിമൂന്ന് കൊല്ലത്തൊളമായ ഒരു പ്രവാസിയായ എനിക്കിന്നേവരെ പ്രസ്തുത എയര്‍ ഇന്‍‌ഡ്യ ഓഫീസുമായൊരിക്കല്‍ പോലും പോകേണ്ടിയോ/ അവരുടെ സര്‍‌വീസ് ലഭിക്കുകയോ/ ആവശ്യമോ വന്നിട്ടില്ല. വളരെ അടുത്ത സുഹൃത്ത്‌ക്കളുടെ അനുഭവവും തിരിച്ചല്ല.

ഇനീപ്പോ ഈ ഓഫീസ് പ്രത്യേകം വല്ല പ്രവാസികള്‍ക്കും വല്ല സഹായ/ സര്‍‌വീസും നല്‍കുന്നുണ്ടോ ആവോ?

അല്ല ഈ ഓഫീസ് നിലനിര്‍‌ത്തുന്നത് കൊണ്ട് ഏത് പ്രവാസിക്കാണോ ഗുണമുണ്ടാകുക? അറിയന്‍‌ വേണ്ടി ചോദിച്ചതാണ്.

Wednesday, September 30, 2009

ചരിത്രമറിയാത്തവര്‍

ഇന്നത്തെ ഗള്‍ഫ് ന്യൂസിലെ മുന്‍‌പേജിലെ ഒരു പ്രധാന ന്യൂസ് കണ്ട് ലജ്ജ തോന്നി. ഇന്‍‌ഡ്യയെപ്പറ്റിയും ഇന്‍‌ഡ്യന്‍ സംസ്കാരത്തെപറ്റിയും വാതോരാതെ സംസാരിക്കുന്ന നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന് ഈ ന്യൂസുകള്‍ കണ്ടാല്‍ മനസ്സിലാവും.ഒരു രാജ്യത്തിന്റെ ഭാവി ഇരിക്കുന്ന വിദ്യാഭ്യാസസ്ഥപനങ്ങളിലുള്ളവരുടെ പ്രതികരണങ്ങള്‍ അവര്‍ ഇരിക്കുന്ന സ്ഥനങ്ങള്‍ക്ക് യോജിച്ചതാണോ എന്ന് അവര്‍ തന്നെ വിലയിരുത്തേണ്ടതാണ്.

ന്യൂസ് ഹെഡ് ലൈന്‍ ഇങ്ങനെ ' Indian and Pakistani schools fear inspections' വാര്‍ത്ത ഇങ്ങനെ തുടങ്ങുന്നു, ' Indian and Pakistani schools fear they will fail the quality test if the knowledge and Human Development Authority(KHDA) compares them with highly priced British or American schools'

ന്യു ഇന്‍ഡ്യന്‍ മോഡല്‍ ഹൈസ്കൂളിന്റെ പ്രിന്‍‍സിപല്‍ മി. അസ്ലം ഖാന്‍ പറയുന്നത് അതോ (അപേക്ഷിക്കുകയോ?)കാണുക ' My only plea to KHDA is that they should not compare our school to American or British schools either interms of infrastructure or standard of education. Our mission is to offer affordable education to low income families'

സ്കൂള്‍ എന്നാല്‍ അതാത് രാജ്യത്തിന്റെ രീതികളും പഠനക്രമങ്ങളും മെല്ലാം അടങ്ങിയതാണ്. അതുകൊണ്ട് തന്നെ അത് മറ്റൊരു രാജ്യവുമായി പല തരത്തിലുള്ള വ്യത്യാസങ്ങളും കാണും. ഇന്‍‌ഡ്യന്‍ സ്കൂളുകള്‍ കേരള സിലബസ്സും സി.ബി.എസ്.സി സിലബസ്സും പാഠ്യക്രമങ്ങളും പിന്‍‌തുടരുന്നവയാണ്. അവിടെയുള്ള അധ്യാപകര്‍ മലയാളികളും ഇന്‍ഡ്യക്കാരുമാണ്. പഠിക്കുന്ന മാധ്യമം ഇംഗ്ലീഷെന്ന കോമണ്‍ ഫാക്ടറാണ് ഇതര രാജ്യങ്ങളിലെ സ്കൂളുകളുമായുള്ളത്.

ഏത് രാജ്യത്തെ പാഠക്രമങ്ങളാണെങ്കിലും യു.എ.യിലെ സ്കൂളുകള്‍ക്കുണ്ടായിരിക്കേണ്ട മാര്‍ഗ്ഗ രേഖകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ഇല്ലാത്ത പക്ഷം അവ നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളൂകയുമാണ് സ്കൂളുകള്‍ ചെയ്യേണ്ടത്. വളരെ കുറഞ്ഞ ശമ്പളം ലഭിക്കുന്നതിനാലാണ്... തുടങ്ങിയ അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ സത്യത്തില്‍ അധ്യാപനത്തിന് യോജിച്ചവരാണോ ഇവരൊക്കെ എന്നുപോലും തോന്നിപ്പോയി.

സ്കൂളുകള്‍ ഒരു രാജ്യത്തിന്റെ ഭാവിക്ക് കൊടുക്കുന്ന സംഭാവനകളെപ്പറ്റി പറയേണ്ടതില്ല. ഒരു കുട്ടിയുടെ സംസ്കാരമടക്കം വളര്‍ച്ചയുടെ ഗതി നിശ്ചയിക്കുന്ന അധ്യാപകര്‍ എന്ന വര്‍ഗ്ഗത്തിനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടവയാണ് സത്യസന്ഥതയും അഭിമാനവും കോണ്‍ഫിഡന്‍സുമൊക്കെ. ഇത്തരം ഭയപ്പെടലുകളിലൂടെ എങ്ങിനെയാണവര്‍ക്ക് കുട്ടികളെ ശെരിയായ രീതിയില്‍ നയിക്കാനാവുക എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

ഏതൊരു സിസ്റ്റത്തേയും വിലയിരുത്തുന്നത് അതിന് മാത്രമായുള്ള മാനദണ്ഠങ്ങള്‍ വെച്ചുകൊണ്ടാണ്. ഇന്‍‌ഡ്യന്‍ സ്കൂളുകളെ വിലയിരുത്തേണ്ടത് ഇന്‍‌ഡ്യന്‍ പാഠക്രമങ്ങളും സംസ്കാരവും അതിനു വേണ്ട ഇന്‍ഫ്രാസ്ട്രുകച്ചറുമൊക്കെ വിലയിരുത്തിക്കൊണ്ടാണ് അല്ലാതെ സായിപ്പിന്റെ പാഠക്രമവും അവിടെത്തെ ചുറ്റുപാടുകളും അടിസ്ഥാനപ്പെടുത്തിയല്ല.

KHDA പരിശോധനക്ക് വരുമ്പോള്‍ പരിശോധനയുടെ മാനദണ്ഠങ്ങള്‍ മനസ്സിലാക്കുകയും അവ തങ്ങളുടെ പാഠ്യക്രമങ്ങള്‍ക്ക് യോജിച്ചതല്ലെങ്കില്‍ അത് പ്രകടമാക്കുകയുമാണ് വേണ്ടത്. നമ്മുടെ പാഠ്യക്രമത്തെ വിലയിരുത്തേണ്ടത് അത് മാത്രമടിസ്ഥാനപ്പെടുത്തിയുള്ള വിലയിരുത്തലിലൂടെയാവണം എന്ന തിരിച്ചറിവാദ്യമുണ്ടാകുകയും അത് ബന്ധപ്പെട്ടവരെ അറിയീച്ച് പ്രസ്ഥുത പരിശോധനക്ക് നെജ്ചും വിരിച്ച് തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ 'ശമ്പളം കുറവായതിനാലും' മീഡിയം ഫാമിലിക്കുള്ള വിദ്യാഭ്യാസമാണ് കൊടുക്കുന്നതെന്ന വിലകുറഞ്ഞ വാദങ്ങള്‍ കൊണ്ട് വരികയല്ല.

എന്തിനേയും നേരിടാന്‍ ഉതകുന്ന ഒരു ജനത നിങ്ങളുടെ കയ്യിലാണെന്ന കാര്യം ഓര്‍ത്തിരുന്നെങ്കില്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

Monday, September 28, 2009

ഈ നൂറ്റാണ്ടിലെ തമാശ

ഏഷ്യാനെറ്റ് ന്യൂസ് വെച്ചതും കേട്ടത് എയര്‍ ഇന്‍ഡ്യയുടെ ഒരു പ്രധാനിയുടെ സ്റ്റേറ്റ്മെന്റ്.

" എയര്‍ ഇന്‍‌ഡ്യയുടെ നഷ്ടത്തിന് പ്രധാനകാരണം ഇന്‍‌ഡ്യാ ഗവര്‍ണ്മെന്റിനെ തല തെറിച്ച തീരുമാനങ്ങളാണ്, അതായത് പുറം രാജ്യങ്ങളിലെ എയര്‍ ലൈനന്‍സുകള്‍ക്ക് ഇവിടെ സര്‍‌വീസ് നടത്താന്‍ അനുമദികൊടുത്തതാണെന്ന് "

Wednesday, September 23, 2009

'നമ്മുടെ ബൂലോകം' ബ്ലോഗിന്റെ അറിവിലേക്ക്.

ഇന്നത്തെ ഈ പോസ്റ്റില്‍ കമന്റ് ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഒരു പോസ്റ്റാക്കുന്നു.

താഴെകാണുന്നത് പ്രസ്തുത പോസ്റ്റിലെ വരികള്‍:

>>>ബ്ലോഗ്‌ എന്ന മാധ്യമം ഇത്തരം പണ സമ്പാധനത്തിന് വേണ്ടി ചൂഷണം ചെയ്യപ്പെടുന്നു എന്നറിയുമ്പോള്‍ മറ്റുള്ള ബ്ലോഗേഴ്സ് ചതിയില്‍ പ്പെടുന്നത് കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല<<<

സിയാബ് ബ്ലോഗില്‍ പോസ്റ്റ് ഇട്ട് അസുഖമാണെന്നോ സഹായം വേണമെന്നോ പറയാത്ത സ്ഥിതിക്ക് മുകളിലെ വാചകങ്ങള്‍ എങ്ങിനെ ശെരിയാവും?

Tuesday, September 22, 2009

ചാറ്റും , ദാനവും പിന്നെ ബ്ലോഗും

ആളുകള്‍ ദാനം ചെയ്യുന്നതിന് പലകാരണങ്ങള്‍ ഉണ്ട്, മതപരമായതിനേയോ സാമൂഹികമായതിനേയോ ഇവിടെ വിവക്ഷിക്കുന്നില്ല , വ്യക്തിപരമായതിനെ മാത്രമാണ് അടിസ്ഥാനപ്പെടുത്തുന്നത്.


ദാനം ലഭിക്കുന്നയാളുടെ അവസ്ഥ/ ക്വാളിഫിക്കേഷനാണ് കൊടുക്കുന്ന ദാനത്തിന്റെ അളവ് നിശ്ചയിക്കുന്നത്. ദാനത്തിന് ഹേതു ഒന്നായാല്‍ പോലും ആളുകളുടെ അവസ്ഥ/ക്വാളിഫിക്കേഷനനുസരിച്ച് ദാനത്തില്‍ മാറ്റം വന്നേക്കാം, ക്വാളിഫിക്കേഷന്‍ എന്നത് വിദ്യാഭ്യാസം, കുലം, ജാതി , ബന്ധം തുടങ്ങി പലതുമാവാം.ഒരേ അളവില്‍ കഷ്ടതയനുഭവിക്കുന്ന ഉന്നതകുലത്തില്‍ പെട്ട ഒരാള്‍ക്കും താഴ്ന്ന കുലത്തില്‍ പെട്ട ആള്‍ക്കും ഒരേ വ്യക്തിയില്‍ നിന്നും ലഭിക്കുന്ന ദാനത്തിലും വ്യത്യാസം കാണുമെന്ന് ചുരുക്കം.

ഇന്ന് ബൂലോകത്ത് സംഭവിച്ച ദാനത്തിലെകാര്യത്തിലും വ്യത്യാസമൊന്നുമില്ല, IAS കാരനായ കാന്‍സര്‍ രോഗിക്കാണ് പറയപ്പെടുന്ന ബ്ലോഗര്‍ ദാനം കൊടുത്തത് ; കാന്‍സര്‍ രോഗിയായ ഒരു സാധാരണ വ്യക്തിക്കല്ല.

തന്റെ ദാനം സ്വീകരിച്ചയാളുടെ അവസ്ഥയല്ല മറിച്ച് ക്വാളിഫിക്കേഷനാണ് ദാനം കൊടുത്തയാളേയും അവരോടൊപ്പമുള്ളവരേയും ദുഖിപ്പിക്കുന്നത്.

ഒരു സാധാരണ കാന്‍സര്‍ രോഗി എന്ന ഒറ്റ അടിസ്ഥാനത്തിലാണ് ദാനം ചെയ്തതെങ്കില്‍ അതിനനുപാതമായ ദാനമേ ഉണ്ടാകുമായിരുന്നുള്ളൂ അതുകൊണ്ട് തന്നെ ദാനം ചെയ്ത ആള്‍ അതിനെപ്പറ്റി പിന്നീട് ആലോചിക്കുകയുമില്ലായിരുന്നു ഇതുപോലെ പോസ്റ്റുകളും ഉണ്ടാകില്ലായിരുന്നു.

വാല്‍ കഷ്ണം: തറവാടിയുടെ ദാനങ്ങളിലെ അടിസ്ഥാനങ്ങളാണെന്ന് വിലയിരുത്തി മെക്കിട്ട് കയറാന്‍ വരുന്നതിന് മുമ്പ് സ്വയം ഉള്ളിലേക്ക് നോക്കിയിട്ടായാല്‍ നന്നെന്ന ആഗ്രമുണ്ട്.

Saturday, September 19, 2009

Indians!

സ്ഥലം മാള്‍ ഓഫ് എമിറേറ്റ്സ്, നിരത്തിയിട്ടിരിക്കുന്ന കാര്‍പെറ്റ്സില്‍ ഓരോന്നായി നോക്കിയീട്ടും മനസ്സിന് തൃപ്തിയായതൊന്ന് കിട്ടിയില്ല.
' may I help you?'
'please, 7'X5' black colour or brown'
what range?
' +-600'
' sorry '
'1000'
'sorry sir!'
' what about 2000'
' no we have nothing in that range!'
'what range do you have?'
'what range are you looking for?'

കുറച്ചാലോചിച്ചതിന് ശേഷം വീണ്ടും ഞാനയാളെ നോക്കി,

'dear range is not a problem, can you show me one piece please?'
' sorry we have none in black colour'
' then why did you ask me my price range?
'Indians!'

Thursday, August 20, 2009

വിക്കിയും കാടും പാമ്പും

ചില പോസ്റ്റുകള്‍ വായിച്ചാല്‍ അവിടെ കമന്റ് എഴുതാന്‍ തോന്നാറില്ല ഒന്നുകില്‍ നീളം കൂടും അല്ലെങ്കില്‍ പൊതുവായ ഒരു കമന്റായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് നെല്ലിക്ക ബ്ലോഗിലെ ഈ പോസ്റ്റ്.


ഒരു സ്വതന്ത്ര മാധ്യമം അല്ലെങ്കില്‍ ഇന്‍ഫോര്‍മേഷന്‍ സോഴ്സ് എന്ന നിലയില്‍ വിക്കിയില്‍ തെറ്റ് കാണുമ്പോള്‍ അത് തിരുത്താതെ എന്തിന് കുറ്റം പറയുന്നു എന്നാണ് പ്രസ്ഥുത പോസ്റ്റില്‍ ചോദിക്കുന്നത്.

മൂന്നോ നാലോ പേജുള്ള ഒന്നാണ് വിക്കിയെങ്കില്‍ കണ്ട തെറ്റ് തിരുത്തുന്നതുതന്നെയാണ് വേണ്ടത് എന്നാല്‍ എണ്ണമറ്റ പേജുകളുള്ള അല്ലെങ്കില്‍ ഡെപ്ത്തുള്ള ഒരു കടലായ വിക്കിയില്‍ ഒരാള്‍ എന്തെങ്കിലും ഒരു പീസ് ഒഫ് ഇന്‍ഫോര്‍മേഷന്‍ അറിയാനായിട്ട് തിരയുമ്പോള്‍ അതില്‍ ഒരു തെറ്റ് ശ്രദ്ധയില്‍ പെട്ടാല്‍ അത് തിരുത്തുന്നതിനല്ല പ്രൈമറി ഇമ്പോര്‍ട്ടന്‍സ് കൊടുക്കേണ്ടത് ' വിക്കിയില്‍ തെറ്റുണ്ട് ' എന്ന് വിളിച്ചുപറയുന്നതിന് തന്നെയാണ്.

ഒരാള്‍ കാണുന്ന തെറ്റ് അയാള്‍ തന്നെ തിരുത്തിയാലും ഇതര തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ ഇല്ലാതാവുന്നില്ല മാത്രമല്ല ഇതുപോലുള്ള അറിയീപ്പുകളിലൂടെ ചൂണ്ടിക്കാണിക്കലിലൂടെ സഹായം ലഭിക്കുന്നത് ആധികാരികമായും / റഫറന്‍സായും വിക്കിയിലെ ഡാറ്റ ചൂണ്ടിക്കാണിക്കുന്നവര്‍ക്കാണ്.

ഇതുപോലുള്ള അറിയീപ്പുകള്‍ ലഭിക്കുമ്പോള്‍ , യാതൊരു മാനദണ്ടവുമില്ലാതെ , ശ്രദ്ധിക്കാതെ വിക്കിയിലെ ഡാറ്റ റഫറന്‍സായും മറ്റും ചൂണ്ടിക്കാണിക്കുന്നവര്‍ പ്രസ്ഥുത ഡാറ്റയുടെ ആധികാരികത കൂടുതല്‍ ഉറപ്പിക്കാന്‍ ശ്രമിക്കും.

കാടിന്റെ ഉടമ കാട്ടില്‍ നല്ല പഴങ്ങളുണ്ട് , നദികളുണ്ട് പല ഔഷധ സസ്യങ്ങളുമുണ്ട് എന്ന് വിളിച്ചുപറയും എന്നാല്‍ കാട്ടിലൂടെ നടക്കുന്ന ഒരാള്‍ ഒരു പാമ്പിനെ കണ്ടാല്‍ അതിനെ തല്ലിക്കൊന്ന്, കാടിന്റെ ഉടമയുടെ ഒപ്പം ചേരുകയല്ല വേണ്ടത് , മറിച്ച് ' കാട്ടില്‍ പാമ്പുണ്ട് ' എന്ന് വിളിച്ചുപറയുക തന്നെയാണ് കാരണം ഇത്തരം ഒരറീയീപ്പ് കിട്ടുന്നതോടെ പിന്നീട് കാട്ടിനുള്ളില്‍ കയറുന്നവര്‍ ശ്രദ്ധിക്കും എന്നതുതന്നെ.

വിക്കിയില്‍ ചികയുന്നതിനിടെ ഒരു തെറ്റ് കണ്ടാല്‍; തെറ്റ് തിരുത്താനോ / വിക്കിയില്‍ തെറ്റുണ്ടെന്ന് വിളിച്ചുപറയാനോ ഉള്ളതില്‍ നിന്നും ഒറ്റ ഓപ്ഷനേ ഉള്ളുവെങ്കില്‍ ' വിക്കിയില്‍ തെറ്റുണ്ടെന്ന് വിളിച്ചുപറയുക ' എന്ന ഓപ്ഷന്‍ തന്നെയാവണം തിരഞ്ഞെടുക്കേണ്ടത്.

Monday, August 17, 2009

ആസിയന്‍ കരാര്‍ - രാഷ്ട്രീയവും ഗുണ്ടായിസവും

ആസിയന്‍ കരാറിനെയൊ ഇതര സ്വതന്ത്ര കരാറുകളുടെ ഗുണ ദോഷങ്ങളെപറ്റിയോ വിശകലം ചെയ്യാന്‍ ഞാന്‍ ആളല്ല. ഇത്തരം കരാറുകള്‍ വന്നാല്‍ എന്തൊക്കെയോ സംഭവിക്കും എന്നും പറഞ്ഞ് വാളെടുക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വന്ന ഒരു 'സാദാ' ആളിന്റെ ചിന്തകളാണ് ഇവിടെ പങ്ക് വെക്കുന്നത്.ഇന്ന് പ്രവാസിയാണെങ്കിലും ഒരു കര്‍ഷകന്റെ മകനായി ജനിച്ച എനിക്ക് ഭാവിയില്‍ കേരളത്തില്‍ ത്തന്നെയാണ് ജീവിക്കേണ്ടതെന്നതും കൂടി ചിന്തിക്കുമ്പോളാണ് എന്റെ ചിന്തകള്‍ക്ക് തീവ്രത കൂടുന്നതും.

ഇന്നത്തെ അനുഭവം വെച്ച് സ്വല്‍‌പ്പം കൃഷിയിടവും പറമ്പുള്ള ഞാന്‍ പോലും അടുത്ത വര്‍ഷം കൃഷി ചെയ്യില്ല കാരണം ഭീമമായ നഷ്ടം തന്നെ!. തുടര്‍ച്ചയായി വര്‍ഷത്തില്‍ മുപ്പതിനായിരത്തിലധികം രൂപ ചിലവാക്കിയ എനിക്ക് കിട്ടിയ വരുമാനം പരമാവധി എഴുനൂറ് രൂപയാണ്. ഇറക്കിയ പൈസയെങ്കിലും തിരിച്ച് കിട്ടുമായിരുന്നെങ്കില്‍ ഒരു പൊതുപ്രവര്‍ത്തനം എന്ന രീതിയിലെങ്കിലും ഞാന്‍ കൃഷി ചെയ്തേനെ.എല്ലാവരും പറയുന്ന ഒരു തമാശയുണ്ട് വിലക്കുറവാണ് കൃഷി നശിക്കാന്‍ കാരണമെന്ന്! ഒരാഴ്ത്തെ പച്ചക്കറി ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിവരുമ്പോള്‍ കീശ കാലിയാവുന്നത് ചിലവാക്കുന്നവനല്ലെ അറിയൂ.

പിന്നെ എന്താണ് കൃഷി നഷ്ടത്തിലാവാന്‍ കാരണം? കൂലി ഒടുക്കത്തെ കൂലി. യാതൊരു മാനദണ്ടവുമില്ലാത്ത അനുപാദമില്ലാത്ത കൂലി മാത്രമല്ല പണിക്ക് ആളെകിട്ടാത്തതുമൊക്കെയാണീ നഷ്ടത്തിന് ഞാന്‍ കാണുന്ന കാരണം. ഇനി ആളെ കിട്ടിയെന്ന് തന്നെ വെക്കുക എത്രപേര്‍ കൂലിക്കനുസരിച്ച് പണിയെടുക്കുന്നുണ്ട്?

ഒരു സുഹൃത്തിന്റെ അനുഭവം പറയട്ടെ, തെങ്ങില്‍ നിന്നും തേങ്ങ വീണ് തുടങ്ങിയിരിക്കുന്നു സ്ഥിരമായി തേങ്ങ ഇടുന്നയാള്‍ 'നാളെ, നാളെ' പറയാന്‍ തുടങ്ങിയീട്ട് കുറെയായി. പുറത്തുനിന്നും ആളെകൊണ്ട് വന്ന് തേങ്ങയിട്ടാല്‍ അതിന്റെ പുലിവാലറിയുന്നതിനാല്‍ വീഴുന്ന തേങ്ങ കൂട്ടിവെച്ചു. ഒരു മാസം കഴിഞ്ഞാണ് കക്ഷി വന്നതും തേങ്ങയിട്ടതും കാരണം, മൂപ്പര്‍ ഒരു പറമ്പില്‍ പരിപാടി കഴിച്ചാല്‍ നല്ല കൂലികിട്ടും അതു ചിലവായിട്ട് വേണ്ടേ!.

സ്വതന്ത്രകരാര്‍ പ്രാവര്‍ത്തികമായാല്‍ അമ്പതുരൂപ വിലയുള്ള വെളിച്ചെണ്ണ പത്തുരൂപക്ക് കിട്ടും( ഉദാഹരണമാണ് കൃത്യമല്ല). മലേഷ്യക്കാരന് പത്തുരൂപക്ക് കേരളത്തില്‍ വെളിച്ചെണ്ണ ഇറക്കുമതിചെയ്ത് വില്‍ക്കാം, കേരളക്കാരന് കേരളത്തില്‍ ഉണ്ടാകുന്ന കൊപ്ര ആട്ടിയാല്‍ അതിന്റെ വില അമ്പതുരൂപ. എന്തായിരിക്കും ഈ വ്യത്യാസത്തിന് കാരണം?( പൊതു വിപണിയില്‍ വില്‍ക്കുന്നതവിടെ നില്‍ക്കട്ടെ അതൊക്കെ വല്യ 'ചിന്തകര്‍' ബുദ്ധിജീവികള്‍ ചെയ്യുക)

മലേഷ്യക്കാരന്റെ കൂലി? പ്രവര്‍ത്തന ക്ഷമത? അവര്‍ മെഷിനറി ഉപയോഗിക്കുന്നത്? ലഭിക്കുന്ന തേങ്ങയുടെ ഗുണ നിലവാരം? അതെന്തോ ആവട്ടെ ഈ വ്യത്യാസത്തുക ആരുടെ തലയിലാണ് വരുന്നത്?
ഞാന്‍ സാധനം ഇത്ര വിലക്കുണ്ടാക്കും, നിങ്ങള്‍ അതു വാങ്ങിയേ തീരൂ, വിലകുറച്ചിട്ട് ഇവിടെ അരും വില്‍ക്കാമെന്നുകരുതേണ്ട , ഒരു ചെറിയ ഗുണ്ടായിസമല്ലെ ഇത്?

സ്വതന്ത്രകരാര്‍ വന്നാല്‍ കൃഷിക്കാര്‍ പട്ടിണി കിടക്കും ആത്മഹത്യ ചെയ്യും എന്നൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും കേരളത്തിലെ തൊണ്ണൂര്‍ ശതമാനം പേരും കൃഷിക്കാരാണെന്ന്. ഒരു ദിവസം തമിഴ്നാട് കേരള റോട് അടച്ചാല്‍ അന്ന് നിന്നു കേരളീയന്റെ ഭക്ഷണം, എന്നിട്ട് വലിയ വീമ്പ് പറയുന്നു.

തമിഴ്നാട് ഉഗാണ്ടയിലോ അന്റാര്‍ട്ടിക്കയിലോ ഒന്നുമല്ലല്ലോ നമ്മുടെ ഇന്‍‌ഡ്യയില്‍ അതും തൊട്ടടുത്ത സ്ഥലമല്ലെ പിന്നെ എന്തുകൊണ്ടാണ് അവിടെ കേരളത്തില്‍ നിന്നും വ്യത്യസ്ഥമാകുന്നത്? ഇതിനെ ന്യായീകരിക്കാന്‍ കുറെ ' ബൂര്‍ഷ്വാ' വാക്കുകള്‍ ഉണ്ടാകുമെന്നറിയാം ഒപ്പം മലയാളികള്‍ വിദ്യാഭ്യാസമുള്ള സ്വന്തം അവകാശത്തെപറ്റി ബോധമുള്ള പിന്നെ എന്തൊക്കെയുള്ള മഹാന്‍ മാരാണെന്നും!

സ്വയം പര്യാപ്തമായ ഒരു രാജ്യത്ത് വില്‍‌ക്കുന്നവനും വാങ്ങുന്നവനും എന്നും സംതൃപ്തനായിരിക്കും അതുകൊണ്ട് തന്നെ അവിടെ പുറത്തുനിന്ന് എന്തുവന്നാലും അവയൊക്കെ തിരസ്കരിക്കപ്പെടും അതേസമയം സ്വയം പര്യാപ്തമല്ലാത്ത ഒരു രാജ്യത്ത് എത്ര എതിര്‍പ്പുകളുണ്ടായാലും അവയൊക്കെ തരണവും ചെയ്യപ്പെടും.ഞാനുണ്ടാക്കുന്ന സാധനം ആളുകള്‍ വാങ്ങണമെങ്കില്‍ ഗുണനിലവാരമുള്ള സാധനം ചുരുങ്ങിയ വിലക്ക് എനിക്കുണ്ടാക്കാനാവണം അതാണ് ന്യായം.

അംബാസഡര്‍ കാറുകളും മഹീന്ദ്രയുടെ ജീപ്പും മാരുതി കാറും മാത്രം ഉണ്ടായിരുന്ന ഇന്‍‌ഡ്യയില്‍ ഇന്നെത്ര കാറുകളുണ്ട്? സ്വതന്ത്രകരാറുകള്‍ തന്നെയല്ലെ ഒരു 'വിധത്തില്‍' ( വിമര്‍ശിക്കുമ്പോള്‍ കൃത്യമായി വായിക്കാനപേക്ഷ!) സാന്‍ഡ്റോയും ടൊയോട്ടയും മറ്റിതര രാജ്യ കാറുകളും ഇന്‍‌ഡ്യയില്‍ വരാന്‍ കാരണം? എന്നിട്ടെന്തായി? മഹീന്ദ്രയും മാരുതിയും ഒക്കെ അടച്ചിട്ടോ? അവര്‍ പുതിയവ ഇറക്കി അപ്പോള്‍ ആര്‍ക്കാണ് ഗുണം ഉണ്ടായത്? തുടക്കത്തിലെ വിലയാണോ ഇന്ന് പുറം രാജ്യകാറുകള്‍ക്കുള്ളത്? കാറിന്റെ കാര്യം ഒരുദാഹരണമായി പറഞ്ഞെന്നുമാത്രം.

പേരില്‍ പോലും സ്വയം പര്യാപ്തമല്ലാത്ത കേരളത്തില്‍ നല്ലൊരു കൂട്ടം ജനങ്ങള്‍ക്ക് സന്തോഷം നല്‍കാനെങ്കിലും സ്വതന്ത്രവിപണന കരാറുകള്‍ സഹായിക്കും കാരണം എങ്ങോ കഷ്ടപ്പെട്ട് അധാനിച്ചുണ്ടാക്കിയ പണം കുറച്ചുപയോഗിച്ചവന് പലതും വാങ്ങാന്‍ പറ്റും. ലോകം ചെറുതാവുന്ന ഈ കാലത്ത് ഇന്‍‌ഡ്യക്ക് മാറിനില്‍ക്കാന്‍ പറ്റില്ല. ആരെന്തൊക്കെ പറഞ്ഞാലും കേരളം കൂടുതല്‍ കണ്‍സ്യൂമര്‍ സ്റ്റാറ്റസിലേക്ക് നീങ്ങും കാരണങ്ങള്‍ പലത്. അവ മനസ്സിലാക്കി അവ തിരുത്താന്‍ തയ്യാറെടുക്കുകയാണ് വേണ്ടത്.

സ്വതന്ത്രവിപണന കരാറുകളെ എതിര്‍ക്കുന്നതിന് മുമ്പ്, കേരളത്തില്‍ എത്രപേര്‍ കര്‍ഷകരാണെന്നും മറ്റുള്ളവര്‍ എത്രപേരാണെന്നും അനുപാദമായി ആര്‍ക്കാണ് നഷ്ടമെന്നും ചിന്തിക്കൂ. കേരളത്തില്‍ ഇന്നുള്ള എഞ്ചിനീയര്‍ / ഡോക്ടര്‍ കൃഷിയല്ലാതെയുള്ള കൃഷിക്ക് ഇത്തരം ഒരു കരാര്‍ വരുത്തുന്ന നഷ്ടവും ലാഭവും കണക്കാക്കി നഷ്ടം കുറക്കാനുള്ള മാര്‍ഗ്ഗമന്വേഷിക്കൂ അതൊരിക്കലും അതിനെ എതിര്‍ത്തായിരിക്കരുത് കാരണം അതിന്റെ ഗുണഭോക്താക്കളും ഉണ്ടെന്നതുതന്നെ.

Saturday, July 25, 2009

ധാര്‍‍ഷ്ട്യം

പലരും പല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത നടി സംഗീത മോഹനും പോലീസുമായുള്ള ഇടയല്‍ ഏത് രീതിയില്‍ എടുത്താലും നടിയുടെ ചെയ്തിയെ അംഗീകരിക്കാനാവില്ല.

കുറുകെ ചാടിയ സ്ത്രീയെകണ്ടിട്ട് ബ്രേക്ക് ചവിട്ടാത്തതില്‍ (അതോ റെഡ് സിഗ്നലോ? ) തെറി പറഞ്ഞ പോലീസുകാരന്റെ നേരെ കാറ് തിരിച്ച് കയര്‍ത്തുസംസാരിക്കാന്‍ അവര്‍ക്ക് ധൈര്യം കൊടുത്തത് മോഹന്‍‌ലാല്‍ സിനിമകളും പിന്നെ നടിയെന്ന അഹങ്കാരവുമായിരിക്കാം.

താന്‍ തെറ്റ് ചെയ്തില്ലെന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍ പോലീസുകാരനെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത് അല്ലാതെ നടുറോടില്‍ കയര്‍ത്തുസംസാരിച്ച് ഒരു സിനിമയിലേതുപോലുള്ള സീന്‍ ഉണ്ടാക്കുകയല്ല.

ചുറ്റുപാടുകളിലൂടെ സ്വഭാവസംസ്കരണം ചെയ്യപ്പെടുന്ന ഒരു വ്യക്തിയില്‍ എറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അയാളുടെ ജോലിയാണ്. തന്റെ ജീവിതത്തിന്റെ പ്രധാനഭാഗം ഏറ്റവും മോശം കാര്യങ്ങളില്‍ മാത്രം വ്യാപൃതനാവുന്ന ഒരു പോലീസുകാരനില്‍ നിന്നും എല്ലാ സമയവും ഒരു പുരോഹിതന്റെ സൗമ്യത പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലായ്മയെ എനിക്കു കാണാനാവുന്നുള്ളു.

ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ അനുവദിച്ചുകൂടാ, പോലീസുകാരന്‍ മോശം ഭാഷ ഉപയോഗിച്ചെങ്കില്‍ അതില്‍ തെറ്റുണ്ട് അതിനേക്കാള്‍ വലിയ തെറ്റാണ് ജോലിചെയ്യുന്ന പോലീസുകാരനെ നടുറോടില്‍ കയര്‍ത്തുസംസാച്ചതിലൂടെ നടി സംഗീതമോഹന്‍ ചെയ്തത്.

Saturday, July 11, 2009

പൂഴ്ത്തിവെപ്പുകാര്‍

ഉപയോഗിച്ച് പഴകിയ സാധനങ്ങള്‍ മാറ്റി പുതിയവ വാങ്ങിയാലും പഴയവ ഉപേക്ഷിക്കാന്‍ എന്താണ് നമുക്കൊരു മടിയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

മാറ്റപ്പെട്ടത് ഒരു ഇലക്ട്രോണിക് സാധനമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട , കാലങ്ങളോളം പഴയത് വീടിന്റെ / മുറിയുടെ ഏതെങ്കിലും ഒരു കോണില്‍ സൂക്ഷിക്കപ്പെടും.

പഠിക്കുന്ന കാലത്ത് ഇലക്ട്രോണിക്സ് അസ്സെംബ്ലി ചെയ്യുന്നതിഷ്ടമായതിനാല്‍ കയ്യില്‍ കിട്ടുന്ന എന്തും പിന്നീട് ഉപയോഗപ്പെടും എന്നുകരുതി സൂക്ഷിച്ച് വെക്കാറുണ്ടായിരുന്നു.

പഴയ സാധനങ്ങള്‍ അധികരിച്ച് താമസിക്കുന്ന സ്ഥലത്തിന്റെ നല്ലൊരു ഭാഗം ഉപയോഗശൂന്യമാവുകയല്ലാതെ കൂട്ടിവെച്ച ഇത്തരം പഴയ സാധനങ്ങളില്‍ ഉപയോഗപ്പെടുത്താനാവുക ഒന്നോ രണ്ടോ സ്ക്രൂവോ അല്ലെങ്കില്‍ അതുപോലുള്ള ചെറിയ വല്ല ഭാഗമോ മാത്രമായിരിക്കും എന്നതാണ് രസകരം. എന്നിരുന്നാലും ഇന്നും പഴയ സാധനങ്ങള്‍ സൂക്ഷിച്ച് വെക്കുന്നു പിന്നീടുപയോഗിക്കാം എന്ന ഉദ്ദേശത്തോടെ.

എന്റെ ഇലക്ട്രോണിക്ക് അസ്സെംബ്ലിയിലുള്ള താത്പര്യമയിരിക്കും ഈ സ്വഭവത്തിന് കാരണമെന്ന് കരുതിയിരിക്കെയായിരുന്നു. എന്നാല്‍ ചിലരുടെ അനുഭവങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി മറ്റുപലര്‍ക്കും ഇതുണ്ടെന്ന്.

***********
സുഹൃത്തിന്റെ വീടുപണികഴിഞ്ഞപ്പോള്‍ കുറച്ച് മരത്തടികഷ്ണങ്ങള്‍ ബാക്കിവന്നു.ഭാവിയില്‍ എന്തിനെങ്കിലും ഉപയോഗപ്പെടുമെന്ന് കരുതി ഒരു വശത്തായി അവന്‍ മരക്കഷ്ണങ്ങള്‍ അടക്കിവെച്ചു. ഒരു വര്‍ഷത്തിന് ശേഷം വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത മരക്കഷ്ണങ്ങള്‍ മറ്റൊരിടത്തേക്ക് ആയിരത്തിച്ചില്ല്വാനം കൂലിയാല്‍ നീക്കിവെക്കപ്പെട്ടു.

കുറച്ചുകാലങ്ങള്‍ക്ക് ശേഷം മറ്റൊരുകാരണത്താല്‍ മരക്കഷ്ണങ്ങള്‍ ഒരു പുതിയ സ്ഥലത്തേക്ക് , വീടിന്റെ ടറസ്സിലേക്ക് മാറ്റി, കൂലി ആയിരത്തി നാനൂറ് രൂപ.

ടെറസ്സില്‍ തുണി ഉണക്കാനും മറ്റും ഒരു ഷേഡുണ്ടാക്കുമ്പോളാണ് സ്ഥലമുടക്കിയ മരക്കഷ്ണങ്ങളെ എങ്ങിനെയെങ്കിലും ഒഴിവാക്കാന്‍ തീരുമാനിച്ചത്. അവസാനം വാങ്ങാന്‍ ആളുവന്നു വിലയും നിശ്ചയിച്ചു അഞ്ഞൂറ് രൂപ!.

പക്ഷെ സാധനം ടെറസ്സില്‍ നിന്നും ഇറക്കി ഗേറ്റിന് പുറത്തെത്തിച്ചാലേ വാങ്ങുന്നവര്‍ക്കാവശ്യമുള്ളൂ, അതിനുള്ള കൂലി മറ്റൊരു ആയിരത്തി...ആയതിനാല്‍ ഇപ്പോ നാല് മാസമായി സാധനം അവിടത്തന്നെയുണ്ട്, സ്ഥലമുടക്കിയായിയെങ്കിലും

കളയേ ഓ ആലോചിക്കാനേവയ്യ!

Friday, June 26, 2009

എന്തു നല്ല ഓട്ടോകാരന്‍

കുറെ സ്ഥലത്തേക്ക് പോകാനുള്ളതിനാലും പാര്‍ക്കിങ്ങ് ലഭ്യതക്കുറവായതിനാലും റൗണ്ടില് ‍കാറിട്ട് ഞാനും ആജുവും ഓട്ടോയില്‍കയറി , സ്ഥലം പറഞ്ഞു. ഓട്ടോ കുറച്ച് ദൂരം ചെന്നപ്പോള്‍ സൈഡിലായി നിര്‍ത്തി.

പെട്രോള്‍ റിസര്‍‌വായിരിക്കും എന്ന് കരുതി പെട്രൊള്‍സ്വിച്ച് ഓണാക്കാനായി എന്റെ കാല് കുറച്ചുമാറ്റി ചോദിച്ചു, ' എന്തേ ചേട്ടാ ഞാനോണാക്കണോ?'

യാതൊരുമറുപടിയും കേട്ടില്ല, പകരം അദ്ദേഹത്തിന്റെ പോകറ്റില്‍ നിന്നും ബെല്ലടിക്കുന്ന മോബൈല്‍ ഫോണില്‍ സൂക്ഷിച്ചു നോക്കിയതിന് ശേഷം ‍സംസാരം തുടങ്ങി. അത്യാവശ്യം വല്ല കാര്യവുമായിരിക്കും പെട്ടന്നവസാനിക്കും എന്ന് ഞാന്‍ കരുതിയെങ്കിലും അതുണ്ടായില്ല. നാട്ടുവര്‍ത്താനമടക്കം 'ഗഡി' യെപ്പറ്റി സംസാരം തുടര്‍ന്നു.

എന്തെങ്കിലും പറഞ്ഞാല്‍, ' താനിക്ക് വേണേല്‍ വേറെ ഓട്ടോ പിടിച്ചോ ' എന്നോ മറ്റോ പറയും അല്ലെങ്കില്‍ പിന്നെ സ്വയം അതുവരെ ഓടിയ പത്തുരൂപയും കൊടുത്ത് പുറത്തിറങ്ങണം.

സാമാന്യം കുറവില്ലാത്ത മഴ , ഞങ്ങളുടെ കയ്യില്‍കുടയുമില്ല അപ്പോ പിന്നെ ഒന്നാഞ്ഞിരുന്നു , ചേട്ടന്‍സംസാരമൊക്കെ കഴിഞ്ഞ് മെല്ലെ വണ്ടി സ്റ്റാര്‍ട്ടാക്കി യാത്ര തുടര്‍ന്നു.

എന്തു നല്ല ഓട്ടോകാരന്‍ ‍ഞാന്‍ മനസ്സില്‍അയാളെ നന്നായിട്ടഭിനന്ദിച്ചു കാരണം നാട്ടില്‍വന്നാല്‍ആരേയും ഒന്നും തെറ്റായി പറയരുതേ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ അതുതന്നെ!

Thursday, June 18, 2009

വിദ്യാഭ്യാസവും സംസ്കാരവും

'സ്കൂളില്‍ പോയാല്‍ അറിവ് നേടാം എന്നാല്‍ വിവരം ഉണ്ടാവണമെന്നില്ല'  എന്ന് എന്റെ ഉപ്പ എപ്പോഴും പറയുമായിരുന്നു.

കണക്കറിയുന്നതോ ഇംഗ്ലീഷറിയുന്നതോ, സയന്‍സറിയുന്നതോ അല്ല വിവരം എന്നതുകൊണ്ടുദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ ഞാനും കുറേ നാളെടുത്തു.

ഇന്ന് ബൂലോകത്ത് നടന്നപ്പോള്‍ ഉപ്പയുടെ പഴയ നിലപാടാണോര്‍മ്മവന്നത് ചെറിയാരുതിരുത്തലുണ്ടെന്ന് മാത്രം , വിദ്യാഭ്യാസമുണ്ടായാല്‍ സംസ്കാരം ഉണ്ടാവണമെന്നില്ല.

Tuesday, June 16, 2009

ഒന്ന് സഹായിക്കാമോ?

കുറച്ച് കാലമായി തൃശ്ശൂരിലെ ഒരു പ്രൈവറ്റ് ബാങ്കുമായാണ് ഞാന്‍ ഇടപാട് നടത്തുന്നത്. ഇ മെയിലായി മുടങ്ങാതെ വരുന്ന സ്റ്റേറ്റ്മെന്റ് സാധാരണ നോക്കുന്ന പരിപാടിയില്ലായിരുന്നു.

കഴിഞ്ഞ കൊല്ലത്തില്‍ ഒരിക്കല്‍ സ്റ്റേറ്റ്മെന്റ് വന്നത് നോക്കിയപ്പോഴാണ് ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസിനത്തില്‍ ഒരു തുകയും അതിനൊപ്പം ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് മറ്റൊരു തുകയും അക്കൗണ്ടില്‍ നിന്നും ഡിഡക്ട് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഒരു മിനിമം സര്‍‌വീസായ ഡെബിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസായി , വളരെ ചെറിയ തുകയണെങ്കിലും യാതൊരു മുന്നറിയീപ്പുമില്ലാതെ അക്കൗണ്ടില്‍ നിന്നും ഡിഡക്റ്റ് ചെയ്തത് ശരിയായി തോന്നാത്തതിനാല്‍ വിശദീകരണം ചോദിച്ച് ബാങ്കിന് കത്തയച്ചെങ്കിലും മറുപടി അപൂര്‍ണ്ണമായിരുന്നു, അതും ഒരുതരം ഓട്ടോ മെയില്‍ , ഊരോ പേരോ ഇല്ലാത്തത്.

ഒന്നാമതായി ഞാനീ സര്‍‌വീസ് ഉപയോഗപ്പെടുത്തില്ല , മാത്രമല്ല എന്റെ സമ്മതത്തോടെയോ , ഞാന്‍ ആവശ്യപ്പെട്ടോ അല്ല എനിക്കീ സര്‍‌വീസ് തന്നതെന്നും ആയതിനാല്‍ ഉടന്‍ ഡിഡക്റ്റ് ചെയ്തത് തിരിച്ചിടാന്‍ ആവശ്യപ്പെട്ട് ബാങ്കിന് വീണ്ടും എഴുതി.

ഇത്തവണ വന്ന മറുപടി രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്കുള്ള ഉപദേശം , ഒപ്പം ഊരും പേരുമൊക്കെയുണ്ടായിരുന്നു. ഒരു തരം പറ്റിക്കലായി തോന്നിയതിനാല്‍ വിടാന്‍ ഞാനും തയ്യാറായില്ല. ഫോണില്‍ മാനേജരെ വിളിച്ച് ....ബാക്കി പറയുന്നില്ല, കട്ടായ ചാര്‍ജിന്റെ എത്രയോ മടങ്ങ് അന്ന് മാനേജറെ വിളിച്ചുകളഞ്ഞെങ്കിലും കട്ടാക്കിയ പൈസ റിവേര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനിടക്ക് SBI യില്‍ അക്കൗണ്ട് തുടങ്ങാനും , ട്രാന്‍സക്ഷന്‍ അങ്ങോട്ട് മാറ്റാനും ഞാന്‍ മറന്നില്ല.

Demat/ MF എന്നീ അക്കൗണ്ടുകളൊക്കെ പഴയ ബാങ്കുമായിത്തന്നെയാകയാല്‍ അക്കൗണ്ട് മൊത്തം കാന്‍സല്‍ ചെയ്യാനും ചെറുതായി ബുദ്ധിമുട്ടുണ്ട് അതിനാല്‍ നാമമാത്ര ട്രാന്‍സാക്ഷന്‍ പഴയ ബാങ്കുമായിപ്പോഴും നടത്തുന്നു.

നാല് ദിവസം മുമ്പ് സ്റ്റേറ്റ് മെന്റ് വീണ്ടും നോക്കിയപ്പോള്‍ പഴയ സംഭവം ആവര്‍ത്തിച്ചിരിക്കുന്നു അതായത് ഈ വര്‍ഷത്തേക്കും പഴയതുപോലെ പൈസ കട്ടാക്കിയിരിക്കുന്നു. കത്തയച്ചതിന് മറുപടി വരുന്നുണ്ടെങ്കിലും ഡെബിറ്റ് കാര്‍ഡിന്റെ ഗുണം മാത്രം പറഞ്ഞുകൊണ്ടാണെന്നുമാത്രം. ഒറ്റ വാക്കില്‍ 'കാന്‍സല്‍ & റിവേര്‍ട്ട് ' എന്നെഴുതിയിട്ടും സംഭവം അതുതന്നെ, അതായതവര്‍ മാറ്റാന്‍ തയ്യാറല്ല എന്നുതോന്നുന്നു. ഭാഗ്യവശാല്‍ SBI ഈയിടെ Demat അക്കൗണ്ട് / trading facility ഒക്കെ തുടങ്ങിയീട്ടുണ്ട് ആയതിനാല്‍ പ്രശ്നക്കാരന്‍ ബാങ്കില്‍ നിന്നും എല്ലാം SBI യിലേക്ക് മാറ്റാന്‍ വേണ്ടിയുള്ളതൊക്കെ തുടങ്ങിക്കഴിഞ്ഞു , പക്ഷെ ചില ചോദ്യങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നു.

ചോദ്യങ്ങള്‍ ഇതാണ്:


1) നമ്മുടെ അക്കൗണ്ടില്‍ നിന്നും നമ്മുടെ അനുവാദമില്ലാതെ എന്തിന്റെ പേരിലായാലും ബാങ്കിന് പണം ഈടാക്കാമോ?

2) ബാങ്കിന്റെ ഒരു സര്‍‌വീസ് ( ഉദാഹരണം) ഡെബിറ്റ് കാര്‍ഡ് , ആവശ്യപ്പെടാതെ തരികയും അതിന് ഫീസും ഈടാക്കാമോ?

3)ഒരിക്കല്‍ ഫ്രീയായ സര്‍‌വീസ് ഇടക്കാലത്ത് ഫീസീടാക്കാന്‍ തുടങ്ങിയാല്‍ കസ്റ്റമറിന്റെ സമ്മതം ആവശ്യമില്ലെ?

എല്ലാവര്‍ക്കും ഒരു ഫ്രീ ഉപദേശം: എപ്പോഴെങ്കിലും ബാങ്ക് സ്റ്റേറ്റ്മെന്റൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.

Tuesday, June 02, 2009

സത്യത്തില്‍ എന്താണ് പ്രശ്നം?

വളരെ പ്രത്യാശയോടെ കണ്ട സ്മാര്‍ട്ട് സിറ്റി പ്രോജെക്ടിനെന്താണ് പറ്റിയത്?

പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്നും സര്‍ക്കാരാണിനി തീരുമാനമെടുക്കേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിലായി‍ നടന്ന പത്രസമ്മേളനത്തില്‍ ടീകോം പറഞ്ഞത്.

യാതൊരു പ്രശ്നവുമില്ലെന്നും ടീക്കോമിന്റെ ചില പുതിയ ആവശ്യങ്ങളാണ് കാര്യങ്ങള്‍ നീട്ടുന്നതെന്നും, ചര്‍ച്ചയിലൂടെ കര്യങ്ങള്‍ നേരെയാക്കാമെന്നും സര്‍ക്കാരും ‍ പറയുന്നു.

വര്‍ഷമൊന്നായി ചര്‍ച്ചകള്‍ മാത്രമാണെന്നും പുതിയതായൊന്നുമില്ലെന്നും അതിനാല്‍ ഇനി ചര്‍ച്ചയല്ല തീരുമാനമാണ് വേണ്ടതെന്നും ടീക്കോം അടിവരയിടുന്നു.

പരസ്പര വിരുദ്ധമായ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുകമാത്രമാണ് മീഡിയ ചെയ്യുന്നത് , പ്രതിപക്ഷമാവട്ടെ സര്‍ക്കാരിന്റെ കുഴപ്പം എന്ന ഒറ്റവാക്കും പറഞ്ഞൊഴിയുന്നു.എവിടെയാണ് പ്രശ്നം എന്നറിയാതെ പൊതുജനം കുഴയുന്നു.

സത്യത്തില്‍ എന്താണ് പ്രശ്നം?

Sunday, May 31, 2009

മുണ്ട് പൊക്കിക്കാണിക്കുന്നവരിനി എന്തുചെയ്യും ;)

ലോക സഭയില്‍ വനിതാ സ്പീക്കറാവാന്‍ സാധ്യത ഏറുന്നു. മുണ്ട് പൊക്കാന്‍ മുട്ടുന്നവര്‍ക്കായിരിക്കാന്‍ പ്രത്യേക സ്ഥലം ഉണ്ടാക്കുമോ എന്തോ?

Friday, May 29, 2009

മാധ്യമ പാപ്പരത്തം കക്ഷിയുടേയും.

മാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചായ്‌വുകള്‍ കാണിക്കുക അത്ര വലിയ സംഭവണെന്നോ തെറ്റെന്നോ എനിക്കഭിപ്രായമില്ല മാധ്യമങ്ങളുടെ മുന്നിലും പിന്നിലും പ്രവര്‍‌ത്തിക്കുന്നത് ‍വ്യക്തികളാണെന്നതുതന്നെ കാരണം.

എന്നാല്‍ പക്കാ രാഷ്ട്രീയപാര്‍‌ട്ടികളുടെ 'വക' മാധ്യമങ്ങളായാല്‍ പോലും മിനിമം മാധ്യമ ധര്‍‌മ്മം ഉണ്ടായിരിക്കണമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

ഉജ്ജ്വല വിജയം കാഴ്ചവെച്ച കോണ്‍‌ഗ്രസ്സ് എം.പി മാരില്‍ ആറ് പേര്‍ കേന്ദ്ര മന്ത്രിമാരായി ,കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മന്ത്രിമാരാണെങ്കില്‍ പോലും അവര്‍ കേരളത്തില്‍ നിന്നുമുള്ളവരാണ് അതുകൊണ്ട് തന്നെയാണല്ലോ സ്ഥാനാരോഹണ ചടങ്ങ് മിക്ക് മാധ്യമങ്ങളും ആഘോഷിച്ചതും.

മിക്ക ടി.വി ചാനലുകളും പ്രസ്ഥുത പരിപാടി സം‌പ്രേഷണം ചെയ്യുമ്പോള്‍ ഒരു ചാനല്‍ പാലക്കാട് നിന്നും വിജയിച്ച എം.പി രാജേഷുമായുള്ള ഒരു ടെലി ഫോണ്‍ ഇന്‍‌റ്റര്‍ വ്യൂ നടത്തുകയുണ്ടായി.

ശ്രീ രാജേഷ് അദ്ദേഹത്തിന്‍‌റ്റെ വിലപ്പെട്ട അഭിപ്രായവും പ്രകടിപ്പിച്ചു

' കുറെ മന്ത്രിമാരുണ്ടായാല്‍ എന്തൊക്കെയോ സംഭവിക്കുമെന്നൊന്നും അദ്ദേഹം കരുതുന്നില്ലത്രെ!"

മന്ത്രിമാരില്ലായിരുന്നെങ്കിലോ?

ഈ ഒരൊറ്റ അഭിപ്രായ പ്രകടത്തില്‍ നിന്നും ഒന്നുമനസ്സിലാക്കാം ഏതു തലത്തിലുള്ള സഹകരണമായിരിക്കും കേരളത്തില്‍ നിന്നും ലഭിക്കാന്‍ പോകുന്നതെന്ന കാര്യം.

ഇത്ര നല്ല ഒരവസരം ഇനി കിട്ടില്ലെന്ന വിശ്വാസത്തോടെ, കേന്ദ്രമന്ത്രിമാര്‍ കേരളത്തിന്റേത് മാത്രമല്ലെന്ന് തിരിച്ചറിവൊടെ നല്ല പ്രോജെക്ട് റിപോര്‍ട്ടുകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവുകയും,

തങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന സത്യം മറക്കാതെ പ്രസ്ഥുത പ്രോജെക്ടുകള്‍ ഫലവത്താക്കാന്‍ കേന്ത്രമന്ത്രിമാര്‍ മുന്നോട് വരികയും ചെയ്താല്‍ നല്ല കേരളത്തിന് നല്ല ഫലമുണ്ടാക്കാനാകും പക്ഷേ തുടക്കം തന്നെ ഇതുപോലെയായ സ്ഥിതിക്ക് കണ്ടറിയണം!

Thursday, May 21, 2009

ഹ ഹ ഒരു തെറിവിളി അനോണി തമാശ.

ഒരു പഴയ കമന്‍‌റ്റ് തപ്പുന്നതിനിടയിലാണെന്നെ തെറിപറഞ്ഞ, അനോണിയായ ഒരു മഹാന്‍‌റ്റെ പേരിലൊന്ന് ക്ലിക്കാന്‍ തോന്നിയത് , നോക്കുമ്പോള്‍ ദാ ഒരു സുന്ദരിയുടെ പേരില്‍! ബ്ലോഗ് തുടങ്ങിയിരിക്കുന്നു.


അനോണിയായ സമയത്താശാന്‍ ആണായിരുന്നു പേരും അച്ഛന്‍‌റ്റെ പേരും ആരോ ചോദിച്ചപ്പോള്‍ പറഞ്ഞിരുന്നുതാനും.ഇപ്പോള്‍ മിക്കവരും ആശാത്തിയുടെ പിന്നിലുണ്ട്താനും ;), ചാറ്റും കാണുമായിരിക്കും;).

ഒരു രസത്തിനിന്ന് വീണ്ടും നോക്കിയപ്പോള്‍ എല്ലാം മായ , ഐഡിയുണ്ട് ബാക്കിയൊന്നുമില്ല. സ്റ്റാറ്റ് കൗണ്ടറില്‍ നിന്നും മനസ്സിലാക്കിയിരിക്കും , എല്ലാം വെളിച്ചത്താവുമോ എന്ന ഭയം കൊണ്ടായിരിക്കും മായിച്ചതും.

ആളുകളെ തെറിവിളിക്കാനായി ഐഡികള്‍ ഉണ്ടാക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ദിക്കുമല്ലോ! ;)

Friday, May 15, 2009

ചിന്ത-11

തെറ്റിദ്ധരിക്കുകയാണ് ശരിയായി ധരിക്കാതിരിക്കുന്നതിനേക്കാള്‍ വേദന.

Saturday, May 09, 2009

ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത്.

ദിവസവവും;

ആദര്‍‌ങ്ങള്‍ മാറ്റുന്നവര്‍ക്ക്,
പുതിയ സമവാക്ക്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക്,
പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക്,
എങ്ങിനെയാണൊര്‍മ്മയെ ഭയക്കാതിരിക്കുക?
അവര്‍ക്കെല്ലാം ഓര്‍മ്മകള്‍;
ബാലിശമായ മാങ്ങയേറുകളാണ്,
ചാപല്യമാണ്,

അതിനാല്‍;

ഒര്‍മ്മകള്‍ ഉണ്ടാവരുത്
ഓര്‍മ്മകുറിപ്പുകളും.

Tuesday, April 28, 2009

ചില രാഷ്ട്രീയ ചിന്തകള്‍

ഇന്‍‌ഡ്യപോലുള്ള ഒരു ജനാധിപത്യ രാജ്യത്തുള്ളവര്‍‌ക്ക് രാഷ്ട്രീയ ബോധം ഇല്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു , വിദ്യാഭ്യാസപരമായി ഉന്നതിയുള്ള കേരളമാണെങ്കില്‍ പ്രത്യേകിച്ചും.എന്‍‌റ്റെ ചെറുപ്പകാലത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെമാത്രമേ അറിയപ്പെടുന്നതായുണ്ടായിരുന്നുള്ളൂ , കോണ്‍‌ഗ്രസ്സും , കമ്മ്യൂണിസ്റ്റും.


സഖാവായ കുഞ്ഞനും കോണ്‍ഗ്രസ്സുകാരനായ പ്രഭാകരേട്ടനും തമ്മില്‍ നല്ല ബന്ധമാണ്, അമ്പലത്തിലെ പരിപാടികളില്‍,‍ ഓണം , പന്തുകളി തുടങ്ങി നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം ഒരു പോലെ പങ്കെടുക്കും പരസ്പരം സഹായിക്കും.

വോട്ട് കാലം വന്നാല്‍ സ്ഥിതിയില്‍ ചെറിയൊരു മാറ്റം വരും , രാത്രിയില്‍‍ ഒരുകൂട്ടരുടെ ജാഥയുള്ള സമയത്ത് എതിര്‍ കക്ഷിയുടേത് ഉണ്ടായിരിക്കില്ല പകരം ഒരു ' മീറ്റിങ്ങായിരിക്കും ' നടുത്തുക.കോണ്‍ഗ്രസ്സുകാരുടെ ജാഥ എതിരാളിയുടെ മീറ്റിങ്ങ് നടക്കുന്ന ക്ലബ്ബിനടുത്തെത്തിയാല്‍ ശബ്ദം സ്വല്‍‌പ്പം കൂട്ടും , ഇടതരാവട്ടെ ജാഥ സമയത്ത് മീറ്റിങ്ങ് നടക്കുന്ന ‍ പ്രഭേട്ടന്‍‌റ്റെ ഗേറ്റിനടുത്തെത്തുമ്പോളായിരിക്കും ശബ്ദം കൂട്ടുക തുടര്‍ന്ന് രാത്രിയില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകുമ്പോള്‍ ബീഡി / കട്ടന്‍ ചായ തുടങ്ങിയവ പരസ്പരം കൊടുക്കുന്നതും സാധാരണ കാഴ്ചതന്നെ.

ഇതൊക്കെയാണെങ്കിലും വോട്ടിന്‍‌റ്റെ ദിവസം പ്രഭേട്ടന്‍‌റ്റെ ഭാര്യയോട് കുഞ്ഞന്‍ ' അരിവാള്‍ ചുറ്റിക മറക്കരുതേ' എന്നോര്‍മ്മിപ്പിക്കുമെങ്കിലും കുഞ്ഞന്‍‌റ്റെ ഭാര്യയോട് പ്രഭേട്ടന്‍ ' കൈപ്പത്തിക്കോട്ട് ചെയ്യണേ ' എന്ന് പറയാറില്ല.

കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തികഞ്ഞ രാഷ്ട്രീയ ബോധമുള്ള എന്നാല്‍ കക്ഷിരാഷ്ട്രീയചട്ടക്കൂട്ടിലൊതുങ്ങാത്ത ഒരു കൂട്ടമാണെന്ന് പറയേണ്ടതില്ല. തങ്ങള്‍ അംഗീകരിക്കുന്നവര്‍ ഈ വര്‍ഗ്ഗത്തില്‍ പെടണമെന്ന് ചിന്തിക്കുന്നവരായിരിക്കും കൂടുതല്‍ പേരുമെന്നാണെനിക്ക് തോന്നിയിട്ടുള്ളത് അതിനുള്ള കാരണം ഇത്തരം ആളുകളുടെ സ്വാതന്ത്ര നിലപാടുകളാണ്. ഒരുസമയത്തിവര്‍ ഇടതിനോട്ട് ചെയ്യുമ്പോളോ , അടുത്ത സമയത്ത് വലതിനോട്ട് ചെയ്യുമ്പോളോ യാതൊരു വ്യത്യാസവും ഇവരോട് തോന്നുകയോ അതുവരെ അവര്‍ക്ക് കൊടുത്ത അംഗീകാരം തിരിച്ചെടുക്കാനോ തോന്നുകയില്ല.

എന്നാല്‍ ഇതിന് വിപരീതമായി ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നതോടെ ഒരാളുടെ സ്വതന്ത്രത നഷ്ടപ്പെടുന്നു, പറയുന്നവന്‍ വലതനാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ച ' പ്രതീക്ഷ ' എങ്കിലും നില നില്‍‌ക്കുമ്പോള്‍ ഇടതിനാണെങ്കില്‍ അതുമില്ലാതാകുന്നു.

സ്വതന്ത്രെരെന്ന് തങ്ങള്‍ അംഗീകരിക്കപ്പെട്ട ആള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ചില പാരതന്ത്രമുണ്ടെന്നറിയുന്നതോടെ അയാള്‍ക്ക് അതുവരെ കൊടുത്ത അംഗീകാരം തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതരാവുന്നെന്ന് മാത്രമല്ല ഇക്കാലമത്രയും കൊടുത്ത അംഗീകരത്തെപ്പറ്റി കുണ്ഠിതപ്പെടുകയും ചെയ്യുന്നു.

സ്കൂളില്‍ ജാഥക്കിടയില്‍ ഉണ്ടായ അടിക്ക് മധ്യസ്ഥനാവാന്‍ സഖാവ് സുധാകരന്‍ മാഷെ എല്ലാവരും മാറ്റി നിര്‍ത്തിയിട്ട് വലത് ചായ്‌വുള്ള ജോര്‍ജ്ജ് മാഷെ ഒരുപോലെ അംഗീകരിച്ചത്; മാധവന്‍ നായരുടെ വീട്ടിലേക്ക് യൂണിയന്‍ കാര്‍ ലോഡിറക്കുന്നസമയത്തുണ്ടായ പ്രശ്നത്തില്‍ കുഞ്ഞന്‍‌റ്റെ സഹായം ലഭിക്കാതിരുന്നതും, അതേ സമയം താമിയുടെ പീടികയില്‍ സാധനമിറക്കുമ്പോള്‍ ഐ.എന്‍.ടി.യു.സിക്കാര്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ താമി ഓടിപ്പോയി പ്രഭേട്ടനെ വിളിച്ചുകൊണ്ട് പ്രശ്നം തീര്‍പ്പാക്കിയതുമൊക്കെ ചിലരലുള്ള പാരതന്ത്ര്യവും മറ്റുചിലരിലുള്ള സ്വാതന്ത്രതയും കൊണ്ടുതന്നെയാണ്.

ഇടതുപക്ഷക്കാരനാണെന്നറിയുമ്പോളല്ല ലഭിച്ചിരുന്ന സ്വതന്ത്ര ചിന്തകനെന്ന അംഗീകാരം ഒരാള്‍ക്ക് നഷ്ടമാകുന്നത് , മറിച്ച് ഇടതുപക്ഷത്തിനോട്ട് ചെയ്യണമെന്ന് പറയുമ്പോളാണ്. ഇതേ കാര്യം ഒരു കോണ്‍ഗ്രസ്സുകാരനില്‍ നിന്നുണ്ടാവുമ്പോള്‍ അയാളിലെ സ്വാതന്ത്രത ഇല്ലാതായി, അംഗീകാരം നഷ്ടപ്പെട്ടേക്കാമെങ്കിലും 'പ്രതീക്ഷ ' എന്നതുള്ളതിനാല്‍ കുണ്ഠിതത്തിനുള്ള സാഹചര്യം ഇല്ലാതാവുന്നു.

ചുരുക്കത്തില്‍ , ഒരു ഇടതുപക്ഷചിന്താഗതിയുള്ളവനും വലതുപക്ഷ കക്ഷിരാഷ്ട്രീയ ചിന്താഗതിയുള്ളവരും ഒരേ 'സ്വതന്ത്രര്‍' എന്ന ഗണത്തില്‍ പെടുത്താമെങ്കിലും; ഒരിക്കലും ഒരു ഇടതുപക്ഷ കക്ഷിരാഷ്ട്രീയകന് സ്വതന്ത്രതാ അംഗീകാരത്തിനര്‍ഹരല്ല അതുതന്നെയാണവര്‍ക്ക് മറ്റുള്ളവരില്‍ നിന്നുമുള്ള വ്യത്യാസവും.

Saturday, March 21, 2009

എഴുത്തും വ്യക്തിത്വവും

ലേഖനമോ വാര്‍ത്താകുറിപ്പുകളേയോ പോലെയല്ല , കഥകളും കവിതകളുമൊക്കെ ഭാവനയാണെന്നും അതിനാല്‍ തന്നെ എഴുത്തുകാരനുമായി നേരിട്ട് യാതൊരു ബന്ധമില്ലെന്നും ; എഴുത്തടിസ്ഥാനപ്പെടുത്തി എഴുത്തുകാരന്‍‌റ്റെ വ്യക്തിത്വം വിലയിരുത്തുന്നതില്‍ കഴമ്പില്ലെന്നുമൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ തുടരും, കഴിവുള്ള എഴുത്തുകാരന് തന്‍‌റ്റെ എഴുത്തിനെ എളുപ്പത്തില്‍ തന്‍‌റ്റെ വ്യക്തിത്വത്തില്‍ നിന്നും മാറ്റിനിര്‍‌ത്താനാവും , ചിലര്‍ക്ക് ജന്‍‌മനാല്‍ , അല്ലാത്തവര്‍ക്കോ കാലങ്ങളായുള്ള പരിശ്രമം കൊണ്ടും.

ഒരു വ്യക്തി കണ്ണുകൊണ്ട് കാണുന്നതും മനസ്സുകൊണ്ട് കാണുന്നതും(ഭാവന) വ്യത്യസ്ഥമാണെങ്കിലും , രണ്ടിലും കാണുന്നയാളുടെ (അനുഭവിക്കുന്ന) വ്യക്തിത്വം ഒളിഞ്ഞിരിപ്പുണ്ടാവും അതുകൊണ്ട് തന്നെ ഇവയുടെയൊക്കെ ഫലമായി ഉദ്ഭവിക്കുന്ന എഴുത്തിലും ഈ വ്യക്തിത്വം ഒളിഞ്ഞിരിപ്പുണ്ടാവും. ആത്മര്‍ത്ഥതയുള്ള ഒരെഴുത്തുകാരന്‍ ഇവരണ്ടിനേയും മാറ്റി നിര്‍ത്താന്‍ ശ്രമിക്കില്ല.

എഴുത്തിലൂടെ എഴുത്തുകാരനെ തിരിച്ചറിയുന്നതിലെ അനയാസത അയാളുടെ വ്യക്തിത്വത്തിന്‍‌റ്റെ സത്യസന്ധതയാണ് കാണിക്കുന്നത് മറിച്ചാവുന്നതോ കപടതയും.
 
' എഴുത്ത് എഴുത്തുകാരനില്‍ നിന്നും മാറ്റിനിര്‍‌ത്താന്‍ ശ്രമിക്കുന്നവന്‍ തന്‍‌റ്റെ കപടതയാണ് വെളിപ്പെടുത്തുന്നത് '

Saturday, March 07, 2009

ശ്രീ.കാരശ്ശേരീ കണ്ണടച്ചിരുട്ടാക്കരുതേ!!

2009 മാര്‍ച്ച് ഒന്ന് ലക്കം മാതൃഭൂമിയിലെ ശ്രീ.എം.എന്‍ കാരശ്ശേരിയുടെ 'മലയാളി കേരളീയനാണോ?' എന്ന കുറിപ്പാണിതിനാധാരം.

ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന മലയാളിയെ സ്വധീനിക്കുന്ന പ്രധാന മാധ്യമങ്ങളാണ് ഇന്‍റ്റര്‍നെറ്റും ,ടിവിയും എന്ന് സൂചിപ്പിച്ചതിന് ശേഷം അദ്ദേഹം ,ഇന്‍‌റ്റര്‍നെറ്റിനെപ്പറ്റി പറയുന്നതിങ്ങനെ;

" മലയാള പത്രമാസികകള്‍,വെബ് മാഗസിനുകള്‍,പോര്‍‌ട്ടലുകള്‍, ഇ-മെയിലുകള്‍,ചാറ്റ് റൂമുകള്‍ മുതലായവ വഴി ഭൂമിമലയാളത്തെ ബന്ധിപ്പിക്കുന്നതില്‍ ഇന്‍‌റ്റര്‍ നെറ്റ് വഹിക്കുന്ന പങ്ക് വലുതാണ്"

എന്നാല്‍ ഇന്‍‌റ്റര്‍‌നെറ്റിലെ മാധ്യമം ഇംഗ്ലീഷോ ,മംഗ്ലീഷോ ആണെന്ന് പറഞ്ഞ് ആഗോള മലയാളിയെ മലയളത്തില്‍ അഭിസംഭോധന ചെയ്യാന്‍ കഴിവുള്ള മാധ്യമം ടി.വി മാത്രമാണെന്നും അതിന്‍‌റ്റെ ന്യൂനതകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയുമണ് ശ്രീ കാരശ്ശേരി ലേഖനത്തിന്‍‌റ്റെ ബാക്കിഭാഗത്ത് ചെയ്തിരിക്കുന്നത്.

വളര്‍ന്നുകൊണ്ടിരിക്കുന്ന ,ഇന്‍റ്റര്‍ ആക്റ്റീവ് മാധ്യമായ ബ്ലോഗിനെ അറിവില്ലായ്മകൊണ്ടോ മറ്റോ അദ്ദേഹം പാടെ വിസ്മരിക്കുന്നു.പത്രപ്രവര്‍ത്തനം , കവിത, കഥ, യാത്രാ വിവരണങ്ങള്‍,ചിത്രങ്ങള്‍ , നിരൂപണങ്ങള്‍ , ഓര്‍മ്മക്കുറിപ്പുകള്‍, ചര്‍ച്ചകള്‍ , ലേഖനങ്ങള്‍ , സംഗീതം തുടങ്ങി അക്ഷരങ്ങളിലൂടെ, ദൃശ്യങ്ങളിലൂടെ, ശബ്ദങ്ങളിലൂടെ ആര്‍ക്കും ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട മീഡിയയെയാണദ്ദേഹം പാടെ ഒഴിച്ചുനി‌ത്തിയത്.

"ഇന്‍‌റ്റര്‍ നെറ്റില്‍ മൊഴി മലയാളമാണെങ്കിലും ലിപി റോമനാണെന്ന്" പറയുന്ന അദ്ദേഹം തൊണ്ണൂറുകളിലാണോ ജീവിക്കുന്നതെന്ന് പോലും തോന്നിപ്പിക്കുന്നു.

മാത്രമല്ല ടി.വിയുടെ ന്യൂനതയായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്ന ഒരു കാര്യം , പ്രേക്ഷകന് സര്‍ഗ്ഗശേഷി നഷ്ടപ്പെടുത്തും എന്നതാണ് , ആ കുറവും ബ്ലോഗിനില്ല അതുകൊണ്ട് തന്നെ ലോകമലയാളിയെ അഭിസംബോധന ചെയ്യാന്‍ ശക്തമായ മാധ്യമം തന്നെയാണ് ബ്ലോഗ്,
ശ്രീ.കാരശ്ശേരീ , ബ്ലോഗെന്നതിനെപറ്റി കേള്‍ക്കാഞ്ഞിട്ടോ അതോ ബ്ലോഗെന്തെന്നറിയാഞ്ഞിട്ടോ?

Sunday, March 01, 2009

അനില്‍‌ശ്രീയുടെ പോസ്റ്റിനുള്ള മറുപടി ;)

അനില്‍‌ശ്രീയുടെ പോസ്റ്റിലെ അദ്ദേഹത്തിന്‍‌റ്റെ തന്നെ ആദ്യ കമന്‍‌റ്റ് വായിച്ചപ്പോള്‍ കാര്യം പിടികിട്ടിയെങ്കിലും ;) ശരിക്കും അതുപോലുള്ളവരുണ്ടെങ്കിലോ എന്നു കരുതിയാണീ പോസ്റ്റ്.

കമ്പനിയില്‍ ഒരാളെ ജോലിക്കെടുക്കുമ്പോള്‍ , ' ഇന്ന ജോലി , ദിവസവും ഇത്ര സമയം ചെയ്യുന്നതിന് കോമ്പെന്‍സേഷനായി കമ്പനി ഇത്ര ശമ്പളം കൊടുക്കും' ഇതാണ് ഉദ്യോഗാര്‍ത്ഥിയും കമ്പനിയും തമ്മിലുള്ള സാധാരണ കരാര്‍. സര്‍‌വീസാണൊരാളുടെ ജോലി എങ്കില്‍ അയാള്‍ക്ക് ജോലിക്കുള്ള സാഹചര്യം (പണി) കൊടുക്കേണ്ടത് കമ്പനിയുടെ കടമയാണ്. കമ്പനിക്ക് പണിയുണ്ടാക്കി കൊടുക്കാന്‍ കമ്പനി മറ്റുള്ളവരെ നിശ്ചയിച്ചിട്ടുണ്ടാവും , ഉദാഹരണം സെയില്‍സ് ടീം. അതായത് കമ്പനിക്ക് പണിയുണ്ടോ ഇല്ലയോ എന്നതിന് സര്‍‌വീസിലിരിക്കുന്ന ജോലിക്കാരനുമായി ഒരു ബന്ധവുമില്ല തന്നില്‍ നിക്ഷിപ്തമായ ജോലി ആത്മാര്‍ത്ഥയോടെ കൃത്യ സമയത്ത് ചെയ്യുക.

കമ്പനിക്ക് ജോലി ഇല്ലെങ്കില്‍ കമ്പനിയെ സഹായിക്കേണ്ടത് ജോലിക്കാരന്‍‌റ്റെ കടമയല്ലെ?
വളരെ സുഖമുള്ള ചോദ്യമാണിത് , പക്ഷെ ശരിക്കതിനെ ഒന്ന് വിലയിരുത്തുക.

കമ്പനിക്ക് ജോലിയില്ലാതാവുന്നത് ജോലിക്കാരന്‍ മൂലമല്ല. കമ്പനിക്ക് ജോലിയില്ലെങ്കില്‍ സ്വാഭാവികമായും ഉദ്യോഗാര്‍ത്ഥിക്ക് പണി കുറയും. കമ്പനിക്ക് ജോലികിട്ടാന്‍ തനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അതു ചെയ്യുകയാണ് ചെയ്യേണ്ടത്. കമ്പനിയില്‍ പണിയില്ലെന്നും പറഞ്ഞ് കുണ്ഠിതപ്പെടേണ്ട കാര്യമൊന്നുമില്ല.

എന്‍‌റ്റെ സര്‍‌വീസിന് വില ഞാനാണ് നിശ്ചയിക്കുന്നത് വിലയുടെ അടിസ്ഥാനം നിലവിലുള്ള മാര്‍കറ്റ് കണ്ടീഷന്‍ , ജീവിത ചിലവ് തുടങ്ങി പലതും ഉണ്ട്.എനിക്ക് കിട്ടുന്ന ശമ്പളം എന്‍‌റ്റെ സര്‍‌വീസിന് ഞാന്‍ ഇട്ടിരിക്കുന്ന വിലയാണ്. അതിന്‍‌റ്റെ വില സാമ്പത്തിക മാന്ദ്യം കൊണ്ടോ മറ്റോ കുറയുന്നില്ല കാരണം മാന്ദ്യമാകട്ടെ എന്തുമാകട്ടെ എന്‍‌റ്റെ സര്‍‌വീസില്‍ ഞാന്‍ മായം കൂട്ടുന്നില്ല എന്നതുതന്നെ.

' നാളെ തനിക്ക് ജോലിയില്ല ' എന്ന് കമ്പനി പറയുമ്പോള്‍ , ' ഞാന്‍ പകുതി ശമ്പളത്തിന് ജോലി ചെയ്തൊളാം എന്ന് പറയുന്ന' ആളും ; ' കമ്പനിക്ക് ജോലിയില്ലാത്തതിനാല്‍ നിങ്ങളുടെ ശമ്പളം കുറക്കുക അല്ലെങ്കില്‍ ഒഴിഞ്ഞുപോകുക' എന്ന് പറയുന്ന കമ്പനിയോട് ' ശരി എങ്കില്‍ ശമ്പളം കുറക്കാം ' എന്ന് പറയുന്ന അവസ്ഥയും ആനയും ചേനയും പോലെ വ്യത്യസ്ഥമാണ്.

ജോലിക്കാളെ കിട്ടാത്ത സമയം മുതലാക്കി ഒരിക്കലും നിലവിലാത്ത സ്വപ്ന ശമ്പളം അര്‍ഹതയില്ലാതെ ഇത്രയും കാലം എണ്ണിവാങ്ങിയവര്‍ ആദ്യ വര്‍ഗ്ഗത്തില്‍ പെടുമ്പോള്‍ നിവൃത്തിക്കേടില്‍ അകപ്പെടുന്നവരാകുന്നു രണ്‍ടാമത്തേത്. സ്വന്തം ജോലിയില്‍ ആത്മവിശ്വാസമുള്ള , ആത്മാര്‍ത്ഥതയുള്ള , കഴിവില്‍ വിശ്വാസമുള്ള , അര്‍ഹമായ ശമ്പളമാണ് തനിക്ക് ലഭിക്കുന്നതെന്ന ഉത്തമ ബോധ്യമുള്ള ആര്‍ക്കും ആദ്യവര്‍ഗ്ഗകാന്‍ കഴിയില്ല.

Saturday, February 28, 2009

ബന്ധങ്ങളുടെ പ്രതികരണങ്ങള്‍

എന്തുകൊണ്ടാണ്‌ പ്രണയിതാക്കള്‍ക്ക് വിഷയദാരിദ്ര്യം വരാത്തതെന്ന് പണ്ടൊക്കെ ചിന്തിക്കുമായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരേ സ്ഥലത്തിരുന്ന് വര്‍‌ത്തമാനം പറഞ്ഞ് പിരിയാന്‍ നേരം പറയുക 'ബാക്കി നാളെ' എന്നായിരിക്കും.


കൂടുതല്‍ ഇതിനെപ്പറ്റി ചിന്തിച്ചപ്പോള്‍ മനസ്സിലായ കാര്യം , മാനസികമായി അടുപ്പം കൂടുമ്പോള്‍ വിഷയ ദാരിദ്ര്യം അനുഭവപ്പെടില്ലെന്നതാണ്‌. എവിടെ മനസ്സ് ബുദ്ധിയേക്കാള്‍ കടന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയോ അവിടെയൊക്കെ ഇതായിരിക്കും സ്ഥിതി. മനസ്സുകള്‍ അത് ആണും പെണ്ണുമാവട്ടെ ആണും ആണുമാവട്ടെ പെണ്ണും പെണ്ണുമാവട്ടെ , തമ്മില്‍ അടുക്കും തോറും സം‌സാര വിഷയത്തിന്‍‌റ്റെ ആഴം കുറയുകയും പരപ്പ് വര്‍‌ദ്ധിക്കുകയും ചെയ്യുന്നു. ഒരു പക്ഷെ അതുകൊണ്ടുതന്നെയായിരിക്കാം ഇത്തരം സംസാരങ്ങള്‍ ബാലിശമെന്നും മറ്റും പറയപ്പെടുന്നതും.

പരസ്പരം വലിയ അടുപ്പമില്ലാത്തവര്‍ സംസാരിക്കുമ്പോള്‍ രണ്ട് പേരുടേയും മനസ്സുകളല്ല ബുദ്ധിയാണ് പ്രവര്‍ത്തിക്കുന്നത്. താന്‍ ഇന്ന വിഷയം പറഞ്ഞാല്‍ മറ്റേ ആള്‍ക്ക് എന്തുതോന്നും, തന്‍‌റ്റെ 'വില' പോകുമോ? തന്നെപ്പറ്റി മറ്റൊരു രീതിയില്‍ മനസ്സിലാക്കുമോ തുടങ്ങി നൂറായിരം ചിന്തകള്‍ കടന്നുവരുന്നു. ഒരോന്നിനേയും പരിശോധിച്ച് സംസാരമായി പുറത്തുവരുമ്പോള്‍ വിഷയം ആഴമുള്ളതും കൂടുതല്‍ വ്യക്തതയുള്ളതും ആവശ്യവും അത്യാവശ്യവും ഉള്ളതുമാത്രമാകുന്നു.

ഞാന്‍ എന്‍‌റ്റെ മേലുദ്യോഗസ്ഥനോട് ഒരു കാര്യം പറയാന്‍ പോകുമ്പോള്‍ രണ്ടുതവണ ആലോചിക്കും , ലഭിക്കാവുന്ന മറുപടിയും അതിനപ്പോള്‍ പറയേണ്ട മുന്‍‌കരുതലും എല്ലാം കൈയ്യില്‍ കരുതിയാവും ഞാന്‍ അദ്ദേഹത്തിന്‍‌റ്റെ മുറിയിലേക്ക് പോകുക.ഇനി അദ്ദേഹത്തിന്‍റ്റെയും മുകളിലെ ആളോടാണ് സംസാരിക്കാന്‍ പോകുന്നതെങ്കില്‍ രണ്ടിന്‌ പകരം പത്തുതവണ ആലോചിക്കും , പത്തുവഴികളും അതിനുള്ള മറുപടികളും എല്ലാം കരുതിയാവും പോകുക അതുകൊണ്ട് തന്നെ ആദ്യത്തെ ആളോട് ഒരു ദിവസം രണ്ടുതവണ സം‌സാരിക്കുമെങ്കില്‍ രണ്ടാമത്തെ ആളോട് ഒരാഴ്ചയില്‍ ഒരു തവണ സംസാരിച്ചാല്‍ ഭാഗ്യം! പ്രോട്ടോകാളല്ല ഈ വ്യത്യാസത്തിന്‌ കാരണം അടുപ്പം തന്നെയാണ്‌ അതായത് ഇവിടങ്ങളിലെല്ലാം മനസ്സല്ല ബുദ്ധിയാണ്‌ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലെ മലയാളിയായ ഭാസ്കരേട്ടനെ ആറുകൊല്ലത്തിലധികമഅയി കാണുന്നു , കാണുമ്പോല്‍ ചിരിക്കും കൈ കൊടുക്കും സംസാരിക്കും ഇന്നേവരെ ആകെ കൂട്ടിയാല്‍ പത്തുമിനിട്ടില്‍ കൂടില്ലെന്നുമാത്രം!.

എന്‍‌റ്റെ അടുത്ത സുഹൃത്ത് ഫോണില്‍ വിളിച്ചാല്‍ ആദ്യം പറയുന്നകാര്യം ഒരു പക്ഷെ രാവിലെ കൊണ്ടുവന്ന ദോശക്കുപ്പില്ലായിരുന്ന കാര്യമായിരിക്കും. ഞാന്‍ വിളിച്ചാല്‍ പറയുക ആജു എണീക്കാന്‍ വൈകിയതിനാല്‍ സ്കൂള്‍ ബസ്സ് മിസ്സായതായിരിക്കാം അല്ലെങ്കില്‍ വശത്തുകൂടി കാറ് കുത്തിക്കയറ്റിയ അറബിയോടുള്ള കലിപ്പ് തീര്‍ക്കാനായിരിക്കും.

തുടക്കം വിഷയമിതാകുമെങ്കിലും ഫോണ്‍ കട്ടാക്കുന്നതിന് മുമ്പെ സാമ്പത്തിമ മാന്ദ്യത്തെപറ്റിയും അച്ചുതാനന്ദന്‍‌ സ്റ്റേജില്‍ അവസാനം നടത്തിയ പെര്‍ഫോര്‍മന്‍സുമായേക്കാം , കട്ട് ചെയ്യാന്‍ നേരം 'വെക്കെടാ ഫോണ്‍ ഞാന്‍ ലിഫ്റ്റില്‍ കയറാന്‍ പോകുന്നു' എന്നുമാകും. അങ്ങോട്ട് വിളിച്ച ഞാനായിരിക്കും യാതൊരു മാനേഴ്സുമില്ലാതെ അവനോട് ഫോണ്‍ വെക്കാന്‍ പറയുക. ഒരു പക്ഷെ അല്‍‌പ്പം കഴിഞ്ഞാല്‍ തിരിച്ചൊരു വിളി എനിക്കുണ്ടാകും അവന്‍‌റ്റെ സഹപ്രവര്‍ത്തകന്‍‌റ്റെ മുട്ടാപ്പോക്ക് നയത്തെപ്പറ്റിയാവാം. ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാനാവുക , മാനസികമായടുത്തവര്‍ തമ്മിലുള്ള സംസാരദൈര്‍ഘ്യം കൂടാനുള്ള കാരണങ്ങളാണ്.

പരിചയക്കാരായ രണ്ടുപേരില്‍ ഒരാള്‍ ഫോണില്‍ വിളിച്ച്, അറബി കാറ് വശത്തൂടെ കുത്തിക്കയറ്റിയ കാര്യം പറയുമ്പോള്‍ , 'അതിനെന്തൊ ഒന്നുകില്‍ നീ അയാളെ കടത്തി വിടണം , അയാള്‍ ഒരു പക്ഷെ ഭാര്യക്ക് അസുഖമായി ഫോണ്‍ ലഭിച്ച് പോകുകയാണെങ്കിലോ? ' എന്നോ ; ആജു എണിക്കാന്‍ വൈകിയതിനാല്‍ ബസ്സ് മിസ്സായെന്ന് പറയുമ്പോള്‍ , ' നിങ്ങള്‍ക്കാജുവിനെ നേരത്തെ ഉറക്കാന്‍ പാടില്ലേ? ' എന്നോ മറുപടി പറയുമ്പോള്‍ എനിക്ക് തോന്നുക എതിര്‍ കക്ഷി ഇപ്പോഴും പരിചയക്കാരന്‍ മാത്രമേ ആയിട്ടുള്ളു സുഹൃത്ത്
പോയിട്ട് അടുത്ത ഒരു പരിചയക്കാരനാകാന്‍ പോലും ഇനിയും എത്രയോ കഴിയണം എന്നാണ്‌ നിങ്ങള്‍ എന്തുപറയുന്നു?

Monday, February 23, 2009

ഭക്ഷണവും സ്ത്രീകളും

ഭക്ഷണം കഴിക്കുന്നതില്‍ പണ്ടും ഇന്നും പ്രധാനമായി ഞാന്‍ കാണുന്ന വ്യത്യാസം പണ്ട് മേശമ്മേലിരിക്കുന്ന ഓരോ പാത്രങ്ങളിലും ഭക്ഷണം ഒരാള്‍ വിളമ്പിക്കൊടുക്കുമ്പോള്‍ ഇന്ന് സ്വയം വിളമ്പിയെടുക്കുന്നു എന്നതാണ്. എല്ലായിടത്തും അങ്ങിനെയെന്ന് അഭിപ്രായമില്ല. അതുകൊണ്ട് തന്നെ പണ്ട് മിക്കവാറും പാത്രങ്ങളില്‍ ബാക്കി വരാന്‍ ചാന്‍സ് കൂടുതലായിരുന്നെങ്കിലും കുറ്റം പറയാനൊക്കില്ലായിരുന്നു വേണ്ട ആളല്ല വിളമ്പുന്നതെന്നുതെന്നെ കാരണം.

എന്നാല്‍ ഇന്ന് ആവശ്യത്തിന് മാത്രം വിളമ്പി എടുക്കുന്ന അവസ്ഥയില്‍ പോലും കഴിച്ച പാത്രത്തില്‍ ബാക്കി വരുന്നത് വിളമ്പിയെടുക്കുന്നവന്‍‌റ്റെ കുറ്റമായിട്ടേ കാണാനൊക്കൂ. എന്‍‌റ്റെ ഉപ്പ ഭക്ഷണം കഴിച്ചുതുടങ്ങുക പാത്രത്തില്‍ ഒരു വശത്തുനിന്നുമണ് ഞാനാകട്ടെ മുകളില്‍ നിന്നും.മിക്കവാറും മുക്കാല്‍ ഭാഗം കഴിഞ്ഞാല്‍ ഉപ്പ നിര്‍‌ത്തും പാത്രത്തിലെ ബാക്കി പൂച്ചക്ക് കൊടുക്കുകയാണ് പതിവ്.

ഇസ്ലാം മതത്തില്‍ എല്ലാകാര്യത്തിലും പോലെ ഭക്ഷണം കഴിക്കുന്നതിനും കൃത്യമായ ചിട്ടയുണ്ട് , പ്രധാനമായും ഭക്ഷണം കഴിക്കുമ്പോള്‍ പുറത്തുകളയുന്നതില്‍ വിലക്കുമുണ്ട്. അതുകൊണ്ട് തന്നെ പുറത്തുകളയാതെ ഭക്ഷണം കഴിക്കുക എന്നത് നബിചര്യയും ആണ്.

എന്തുകൊണ്ടെന്നറിയില്ല മിക്ക സ്ത്രീകളിലും കാണുന്ന ഒരു സ്വഭാവമാണ് കുട്ടികളുടേയും മറ്റും ബാക്കി വരുന്ന ഭക്ഷണം ആവശ്യമില്ലെങ്കില്‍ പോലും തിന്നുതീര്‍‌ക്കുക എന്നത്. ഒരിക്കല്‍ ഭക്ഷണം കഴിച്ചവര്‍ പോലും ആവശ്യമില്ലാതെ മറ്റുള്ളവരുടെ ബാക്കി കളയാതിരിക്കാന്‍ മുഴുവന്‍ കഴിക്കുന്നു ഭയം കൊണ്ടോ അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ മതപരമായ കാരണം മുലമോ ഈ രീതിയെ രണ്ടുകാരണങ്ങള്‍ക്കൊണ്ടെനിക്ക് ന്യായീകരിക്കാന്‍ പറ്റുന്നില്ല.

ഭക്ഷണം എന്നത് മനുഷ്യന് മാത്രമുള്ളതല്ല ജീവനുള്ള സര്‍‌വ്വ ചരാചരങ്ങള്‍‌ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. മറ്റുജീവികള്‍ എന്നതുകൊണ്ട് കാണുന്ന പറവകളേയും മറ്റിതര ജീവികിളേയും മാത്രമല്ല ജീവനുള്ള മൈക്രോ-ജീവികളും അതിലുള്‍‌‍പ്പെടുന്നു. ബാക്കിവരുന്ന ഭക്ഷണം പുറത്ത് കളയുന്നതോടെ ഇത് മറ്റുള്ളവക്കും ലഭ്യമാകുന്നു അതാണ് ചെയ്യേണ്ടതും. ആവശ്യമില്ലാതെ ബാക്കി വന്ന ഭക്ഷണം ഭക്ഷിക്കുന്നതോടെ സ്വന്തം ശരീരത്തോടും അന്യായം കാണിക്കുന്നു എന്നതാണ് രണ്ടാമത്തേത്.

ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്നെ ആവശ്യത്തിലധികം ഉണ്ടാക്കാതേയും , ആവശ്യത്തിനുള്ള ഭക്ഷണം മാത്രം സ്വന്തം പാത്രത്തിലേക്ക് വിളമ്പിയും , വിളമ്പിയ ഭക്ഷണം പൂര്‍ണ്ണമായും കഴിച്ചുമാണ് ഭക്ഷണത്തോട് ന്യായം കാണിക്കേണ്ടത് , ബാക്കിവരുന്ന ഭക്ഷണം ആവശ്യമില്ലാതെപോലും കഴിച്ചല്ല.

ആവശ്യമില്ലാത്ത ഭക്ഷണം എന്തിന്‍‌റ്റെ പേരിലയാലും കഴിക്കാതെ പുറത്തുകളയുകതന്നെയാണുത്തമം.

Wednesday, February 18, 2009

പ്രവാസികളും പരാതികളും

ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും അതിന് വേണ്ടി പ്രയത്നിക്കാനും മടിയുള്ളവരാണ്‌ പരാതി പറയുന്നവര്‍ എന്നെനിക്ക് പലപ്പോഴും തോന്നിയീട്ടുണ്ട്. വഴിയിലൂടെ പോകുമ്പോള്‍ മെക്കിട്ട് കയറിയവനേയും വീട്ടില്‍ കളവ് നടന്നതിനെയും പറ്റി പോലിസില്‍ പരാതി കൊടുക്കുന്നതിനേയല്ല മറിച്ച് പ്രതീക്ഷിച്ചതും ലഭിക്കാതെപോയതുമായ കാര്യങ്ങളെപ്പറ്റി പരാതിപ്പെടുന്നതിനെയാണിവിടെ വിവക്ഷിച്ചത്.

കാരണങ്ങള്‍ പലതാണെങ്കിലും തൊണ്ണൂറ്റൊമ്പത് ശതമാനം ആളുകളും പ്രവാസം തിരഞ്ഞെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരവും സമ്മതത്തോടെയും കൂടിത്തന്നെയാണ്‌.എഴുപതുകളിലേയോ എണ്‍‌പതുകളിലേയോ പോലെയല്ല ഇവിടത്തെ കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിട്ട് പോലും ആളുകള്‍ ഇപ്പോഴും ഇവിടേക്ക് വരുന്നതും , കുറച്ച് കാലം ഇവിടെ ജോലിചെയ്ത് തിരിച്ച് പോയി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇവിടേക്ക് വരുന്നതിനും ന്യായീകരണങ്ങള്‍ പലതുമുണ്ടാകാമെങ്കിലും ഗുണമില്ലെന്നാരെങ്കിലും പറയുമെന്ന് തോന്നുന്നില്ല.

കുറച്ച് കാലം ഗള്‍ഫില്‍ നിന്ന ഒരാള്‍ നാട്ടില്‍ സ്ഥിരതാമത്തിന് ചെന്നിട്ട് അധികം താമസിയാതെ വീണ്ടും തിരിച്ചുവരാന്‍ കാരണം ഗള്‍ഫിലായിരിക്കുമ്പോള്‍ രണ്ടിടങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച സൗകര്യങ്ങള്‍ അഥവാ പ്രിവിലേജ് തന്നെയാണ്.ലേബര്‍ ക്യാമ്പുകള്‍ ചൂണ്ടി‍ കാട്ടി ഇതാണോ ഗള്‍‌‍ഫുകാരന്‍‌റ്റെ പ്രിവിലേജെന്ന് ചോദിതിക്കല്ലെ പ്ലീസ്!.

കുടുംബത്തേക്ക് മാസത്തില്‍ കുറച്ച് രൂപ അയക്കുന്നതില്‍ കഴിഞ്ഞില്ലേ ഒരു ഗള്‍‌ഫുകാരന്‍‌റ്റെ ഉത്തരവാദിത്വം?

കുട്ടികളുടെ പഠനം , ബന്ധുക്കളുടെ , കല്യാണം , മരണം ആശുപത്രി , വീട്ടുകാര്യങ്ങള്‍ തുടങ്ങി നൂറായിരം കാര്യങ്ങളില്‍ എന്ത് പങ്കാണയാള്‍ എടുക്കുന്നത്?മാസത്തിലെ പണമയപ്പിന് പുറമെ ഒഴിവ് കാലം ആസ്വദിക്കാന്‍ നാട്ടില്‍ പോകുന്നു, എല്ലാവരുമൊത്ത് ടൂറുകള്‍ പോകുന്നു തിരിച്ചുവരുന്നു. നഷ്ടപ്പെടുന്ന ദാമ്പത്ത്യം എന്ന് പരിതപിക്കുന്നവന്‍ നാട്ടിലെ ഭാര്യയുടെ പങ്കാളിത്തം മനപൂര്‍‌വ്വം മറന്ന് എല്ലാ ദുഖവും തന്നിലേക്ക് മാത്രമൊതുക്കി അതിനെപ്പറ്റി പരിതപിക്കുന്നു.

സ്ഥിരതാമത്തിനായി നാട്ടില്‍ വരുന്ന ഗള്‍ഫുകാരന്‍‌റ്റെ തുടക്കത്തിലെ കുറച്ചുദിവസങ്ങള്‍ക്ക് / മാസങ്ങള്‍ക്ക് ശേഷം തന്നിലേക്കും വരുന്ന കുടുംബത്തിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അവന്‍ കാണുന്ന മാര്‍ഗ്ഗമാണ് ഗള്‍ഫ് എന്നിട്ട് പറയും , ' ഓ നാട്ടില്‍ നില്‍‌ക്കാനേ പറ്റില്ല' , ഒപ്പം നൂറായിരം പരാതികള്‍ വേറെയും.പരാതികള്‍ കേള്‍ക്കുമ്പോള്‍ തോന്നും നാട്ടില്‍ ആളുകള്‍ ജീവിക്കുന്നേ ഇല്ല , എല്ലായിടത്തും പ്രശ്നം , കഷ്ടപ്പെടുന്നവര്‍ ഇവര്‍ മാത്രമാണെന്ന്.

കാലങ്ങളായി കേള്‍ക്കുന്നപരാതികളില്‍ പുതുതായി ചിലതുകൂടി വന്നിരിക്കുന്നു,
വിദേശ നിക്ഷേപം നന്നായി ഉപയോഗപ്പെടുത്താത്ത സര്‍ക്കാരിനെപ്പറ്റിയാണ് ഒന്ന്

സര്‍കാര്‍ പോട്ടെ, ബാങ്കില്‍ കിടക്കുന്ന പണം സ്വന്തം വേണ്ടപ്പെട്ട ഒരാള്‍ നല്ലൊരു കാര്യത്തിനുപയോഗപ്പെടുത്തുന്നതില്‍ വിഷമമില്ലാത്ത എത്രപേരുണ്ട് ഗള്‍ഫന്‍‌മാരില്‍?
( 'വിദേശ നിക്ഷേപം സര്‍ക്കാരെടുത്തുപയോഗിക്കാനല്ല തറവാടി പറയുന്നതെ' ന്ന് പറഞ്ഞ് ഒരു കണ്ണടി ചിരിയും തരല്ലെ! )

ബാങ്കിലെ കാശ് എന്തെങ്കിലും ' വികസന ' കാര്യത്തിന് സര്‍ക്കാര്‍ മുന്‍‌ക്കയ്യെടുത്ത് ഉപയോഗപ്പെടുത്തുക എന്നിട്ട് ലാഭം ബാങ്കില്‍ തിരിച്ച് നിക്ഷേപിക്കുക , നഷ്ടം വന്നാല്‍ ഉത്തരവാദി സര്‍ക്കാര്‍!
സര്‍ക്കാര്‍ പലിശയടക്കം തിരിച്ചുതന്നേക്കണം! എന്താ 'സുഗം' ! ഇനിപ്പോ ഇതൊന്നുമല്ലാത്ത മറ്റുവല്ലതുമാണെങ്കില്‍ ഒന്നുപറഞ്ഞതരണേ.

കെട്ടിക്കിടക്കുന്ന പണം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ സ്ട്രാറ്റജി പ്ലാനുണ്ടാക്കുകയും അതുനടപ്പില്‍ വരുത്തുകയും വേണം. ഇതാണ് ചിലരെങ്കിലും ഉദ്ദേശിച്ചിരിക്കുക. പണം ഗള്‍ഫുകാരന്‍‌റ്റെയാണ് അതായത് അവനാണ് ക്ലയന്‍‌റ്റ്. തന്‍‌റ്റെ പണം എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന് ഒരു concept/ മാര്‍ഗ്ഗ രേഖ കൊടുക്കേണ്ടത് അവനാണ്. സര്‍ക്കാര്‍ അവരുടെ ഉദ്യോഗസ്ഥനമാരെ ഉപയോഗപ്പെടുത്തി കണ്‍‌സള്‍ട്ടന്‍സി പോലെ പ്രവര്‍ത്തിച്ച് ഒരു രേഖയുണ്ടാക്കി , സമ്മതപ്രകാരം നടപ്പില്‍ വരുത്തുകയാണു ചെയ്യേണ്ടത്. ഇതിനൊക്കെ ആദ്യം വേണ്ടത് ഐഡിയ ഉള്ള ക്ലയന്‍‌റ്റാണ്. ഇത്തരം ഐഡിയ ഉപയോഗപ്പെടുത്താനോ നമ്മുടെ സര്‍ക്കാര്‍ ഉണ്ടാക്കുന്ന രേഖയില്‍ വിശ്വസിക്കാനോ /കൃത്യമായ വിഷനൊടെ ഒരു നല്ല പ്രോജെക്ട്/ മാര്‍ഗ്ഗ രേഖ തയ്യാറാക്കി സംസാരിക്കാന്‍ എത്രപേര്‍ തയ്യാറാവും?

കെട്ടിക്കിടക്കുന്ന പണം ഇന്ന രീതിയില്‍ ഉപയോഗ പ്പെടുത്താന്‍ സര്‍ക്കാരിന് ഒരു സ്ട്രാറ്റജി പ്ലാന്‍/മാര്‍ഗ്ഗ രേഖ കൊടുക്കാന്‍ എത്രപേരുണ്ട്?തന്‍‌റ്റെ പണം സര്‍ക്കാരിന് ഉപയോഗപ്പെടുത്താം എന്ന് ആത്മാര്‍ത്ഥമായി എഴുതിക്കൊടുക്കാന്‍ തയ്യാറാവുന്ന എത്രപേരുണ്ട്?

ഇതിന് മറ്റൊരു വാദമുഖം ഉണ്ടാകും, വിഭചിച്ച് കിടക്കുന്ന ഗള്‍ഫുകാരെ സര്‍ക്കാര്‍ മുഖാന്തിരം ഒരു കുടയില്‍ കൊണ്ടുവരിക , എന്നിട്ട് പറഞ്ഞതുപോലെ ചെയ്യുക , ആ ഹ എന്തൊരു സ്വപ്നം! ഒന്നിരുത്തി ചിന്തിച്ചാല്‍ ഇതിന്‍‌റ്റെയൊക്കെ അപ്രായോഗികതമനസ്സിലാക്കാവുന്നതെയുള്ളു എന്നിട്ടും കണ്ണടച്ച് പരിതപിക്കുന്നു.

അടുത്തതാവട്ടെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ പോകുന്നവരെ പുനരധിവസിക്കുന്നതിനെപ്പറ്റി!

ജോലി പോയി നാട്ടില്‍ ചെന്നാല്‍ അവിടെ നിന്നും ആരും ഓടിക്കില്ലെന്നുറപ്പുണ്ടായിരിക്കെ എന്തിനാണ് വെപ്രാളപ്പെടുന്നത്? നാട്ടില്‍ ജീവിക്കുന്നവരുണ്ട് അവരില്‍ ഒരാളായി ജീവിക്കാന്‍ തയ്യാറാവണം.
കേരളം നമ്മുടെ നാടാണ്. നമ്മള്‍ നേടിയതിനും നഷ്ടപ്പെടുത്തിയതിനും ( സാമ്പത്തികമാണുദ്ദേശിച്ചത്) നമ്മള്‍ തന്നെയാണുത്തരവാദി. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ , കഠിന അധ്വാനശീലമുള്ള ഗള്‍ഫുകാര്‍ക്ക് എന്തിനാണ് പരസഹായത്തിന് വേണ്ടി കേഴുന്നത്?സ്വന്തം ഉത്തരവാദിത്വത്തെ കഴിഞ്ഞിട്ടുപോരെ ഇത്തരം പരാതികള്‍?

Tuesday, February 17, 2009

നടനായ ജഗദീഷ് എന്ന അദ്ധ്യാപകന്‍

പ്രൊഫെഷണല്‍ ജീവിതത്തില്‍ നിന്നും വിഭിന്നമായി വ്യക്തിജീവിതത്തില്‍ സ്വല്‍‌പ്പം സഭാകമ്പം ഉള്ളതിനാലും സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കി പറയുന്നത് പരസ്പരം മനസ്സിലാക്കിയും വേണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടും സെലിബ്രിറ്റികളെ കാണുമ്പോള്‍ ഓടിച്ചെന്നവരെ പരിചയപ്പെടുന്നതില്‍ നിന്നും ഞാന്‍ പിന്തിരിഞ്ഞുനില്‍‌ക്കാറാണുള്ളത്.

ആദ്യമായൊരു സിനിമാ സെലിബ്രിറ്റിയെ കാണുന്നത് മമ്മുട്ടിയെയാണ്‌ , വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ നാട്ടില്‍ വെച്ചുള്ള 'അരപ്പെട്ട കെട്ടിയ ഗ്രാമ'ത്തിന്‍‌റ്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു അത്. ചൂരല്‍ കസാരയില്‍ ഇരിക്കുന്ന മമ്മുട്ടി  കൈ തന്നെങ്കിലും അയാളുടെ കണ്ണുകള്‍ മറ്റെവിടെയോ ആയിരുന്നു, ഈ അനുഭവം മുന്‍‌ധാരണയായി മനസ്സില്‍ രൂപാന്തരപ്പെട്ടതിനാല്‍ പിന്നീട് പല സന്ദര്‍ഭങ്ങള്‍ ഉണ്ടായെങ്കിലും ഒരിക്കലും അങ്ങോട്ട് ചെന്ന് ഒരു സിനിമാ സെലിബ്രിറ്റിയെ പരിചയപ്പെടാന്‍ ശ്രമിച്ചിട്ടില്ല.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ടി.വി.യിലൂടേയും മറ്റും ലഭിച്ച പല കാഴ്ചകളും ഈ ധാരണയെ ഉറപ്പിക്കയല്ലാതെ ഇല്ലാതാക്കിയതുമില്ല.

എല്ലാ വര്ഷങ്ങളിലും നടക്കാറുള്ള ഞങ്ങളുടെ കോളേജിന്‍‌റ്റെ പരിപാടിക്ക് പ്രധാന അഥിതിയായാണ്‌ മൂന്ന് വര്‍ഷം മുമ്പ് നടന്‍ സിദ്ദീക്ക് വന്നത്. വിദ്യാര്‍ത്ഥികളുടേയും അവരുടെ കുട്ടികളുടേയും കലാ പരിപാടികള്‍ കഴിഞ്ഞ് സംഗീതവുമായി ബന്ധപ്പെട്ട പരിപാടിയാണ്‌ അദ്ദേഹം അന്നവതരിപ്പിച്ചത്. ഏല്‍‌പ്പിച്ച പരിപാടി വളരെ തന്‍‌മയത്വത്തോടെയും രസകരമായും അവതരിപ്പിച്ച അദ്ദേഹം അന്ന് നല്ല കയ്യടിയും വാങ്ങിയിരുന്നു.

പരിപാടിയെല്ലാം കഴിഞ്ഞ് പോയ അദ്ദേഹം ഇന്നും സിനിമാ നടന്‍ അല്ലെങ്കില്‍ സെലിബ്രിറ്റിയായി ഞങ്ങളുടെ മനസ്സുകളില്‍ തുടരുന്നു , ഇനി അടുത്ത വര്‍ഷത്തെ പരിപാടിക്ക് ഒരു പക്ഷെ അദ്ദേഹം വരികയാണെങ്കില്‍ അന്നും ആദ്യം തുടങ്ങേണ്ടത് കഴിഞ്ഞ തവണ തുടങ്ങിയതുപോലെ വേണമെന്നതാണ്‌ സത്യം.

കഴിഞ്ഞ വര്‍ഷത്തില്‍ പ്രധാന അഥിതി ശ്രീനിവാസനായിരുന്നു. ഒരു സിനിമാനടന്‍ സ്വര്‍‌ണ്ണക്കട ഉത്ഘാടനം കഴിഞ്ഞുപോയ പ്രതീതി ജനിപ്പിച്ച് അദ്ദേഹവും യാത്രയായി.

രണ്ടാഴ്ചമുമ്പുണ്ടായ ഈ വര്‍ഷത്തെ പരിപാടിക്ക് നടന്‍ ജഗദീഷായിരുന്നു മുഖ്യ അഥിതി. ഹാളിലേക്ക് പ്രവേശിച്ചപ്പോള്‍ ആരും അദ്ദേഹത്തെ കണ്ടിരുന്നില്ല. നേരെ സ്റ്റേജിനു മുമ്പിലേക്ക് നീങ്ങി തൊട്ടടുത്ത് നിന്നിരുന്ന ആളോട് കുശലം പറയുന്നത് എനിക്ക് അകലെനിന്നും കാണാമായിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട പ്രോഗ്രാം നടക്കുന്നതിന് മുമ്പ് 'നിങ്ങള്‍ക്ക് ചോദിക്കാം ' എന്നൊരു സെല്‍ഫ് മെയിഡ് പ്രോഗ്രാം അവതരിപ്പിച്ച് സദസ്സിനെ മൊത്തം കയ്യിലെടുത്തു അദ്ദേഹം.

തുടര്‍ന്ന് സംഗീത പരിപാടിയും അവതരിപ്പിച്ച് പിരിയുമ്പോള്‍ നല്ലൊരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ചാണയാള്‍ യാത്രയായത്. വളരെ പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതുപോലെ അയാളോടെല്ലാവരും ഇടപഴകി സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചു.

അദ്ധ്യാപനം ഒരു കലയുമാണെന്നതിനാലാണ്‌ തന്നേക്കാള്‍ അറിവുള്ള പലര്‍ക്കും നല്ല അദ്ധ്യാപകരാവാന്‍ സാധിക്കാത്തതും തനിക്കാവാനായതും എന്നവകാശപ്പെട്ട അദ്ദേഹം ഒരു പകലിന്‍‌റ്റെ ദൈര്‍ഘ്യത്തില്‍ അതു തെളീയീക്കുകയും ചെയ്തു.

നടനായ സിനിമാ സെലിബ്രിറ്റി ജഗദീഷിനോടല്ല,' അന്നു നിര്‌ത്തിയതില്‍ നിന്നും 'എന്നുപറഞ്ഞ് അടുത്ത തവണ വരുമ്പോള്‍ തുടരാന്‍ പാകത്തില്‍ ചിലതെല്ലാം ഉറപ്പിച്ചാണ് നല്ലൊരു അദ്ധ്യാപനായ ജഗദീഷിനോട് ‌ എല്ലാവരും യാത്രപറഞ്ഞ് പിരിഞ്ഞത്.

Thursday, February 05, 2009

മദ്രസ്സാ സിലബസ്സും ചില കിനാവുകളും

മദ്രസ്സയില്‍ സയന്‍സും കണക്കും ഇംഗ്ലീഷുമൊക്കെ ഉള്‍ക്കൊള്ളിക്കണം. പിന്നീട് വിജയിക്കുന്നവര്‍ക്ക് സര്‍‌ട്ടിഫിക്കറ്റ് കൊടുക്കും പിന്നെ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാം (??)


കേട്ടപ്പോള്‍ കോരിത്തരിച്ചെങ്കിലും വെറുതേ ഒന്നു ചിന്തിച്ചപ്പോളത് വെറും തരിപ്പുമാത്രമായി ഒപ്പം സ്വല്‍‌പ്പം ഇളക്കവും.

മദ്രസ്സ എന്നാല്‍ പച്ച ബെല്‍‌റ്റിട്ട, ആടിന്‍‌റ്റെ മുഖമുള്ള മൊല്ലാക്ക നാല്‌ രോമമുള്ള നീണ്ട ബുള്‍ഗാന്‍ താടിയില്‍ തടവി " ബൂമി പരന്നതാണെന്ന് " പഠിപ്പിക്കുന്ന സ്ഥലം മാത്രമാണെന്ന് കരുതുന്നവര്‍ പുതിയ പരിഷ്‌കാരത്തെപ്പറ്റി കേട്ടതോടെ സമാധാനപ്പെട്ടപ്പോള്‍ ഇതുമൂലം മദ്രസ്സയില്‍ പഠിക്കുന്നവര്‍ക്ക് കിട്ടാന്‍ പോകുന്ന ആനുകൂല്യങ്ങളിലാണ്‌ മറ്റുള്ളവര്‍ സന്തോഷം കണ്ടത്.

മദ്രസ്സാ പഠനത്തില്‍ സയന്‍സും മറ്റിതര വിഷയങ്ങളും ഉള്‍പ്പെടുത്തുന്നതോടെ, പഠനം കഴിഞ്ഞ് സര്‍‌ട്ടിഫികറ്റും ലഭിക്കുന്നതോടെ പിന്നെയും എന്തൊക്കെയോ 'ഓടെ' മുകളില്‍ പറഞ്ഞതുപോലുള്ള പൊട്ടത്തരങ്ങള്‍ ഇനിയെങ്കിലും മാപ്പിളച്ചെക്കന്‍‌മാര്‍ പഠിക്കില്ലെന്നൊരുക്കൂട്ടരും , കാലത്തെ മദ്രസ്സാ ക്ലാസ്സ് കഴിഞ്ഞ് സര്‍ക്കാര്‍ ആപീസുകളില്‍ തലേകെട്ടും കെട്ടി ഇരിക്കുന്നത് മറ്റൊരു കൂട്ടരും സ്വപ്നം കണ്ടു.

സംഭവം ഉഗ്രന്‍ തന്നെ സം‌ശയമില്ല പക്ഷെ ഇതുപോലെ വിലയിരുത്തുന്നതിന് മുമ്പ് എന്താണ്‌ മദ്രസ്സ എന്നും എന്തൊക്കെയാണതിന്‍‌റ്റെ ലക്ഷ്യങ്ങള്‍ എന്നും മനസ്സിലാക്കിക്കൊണ്ടായിരിക്കണമെന്നുമാത്രം.

ഞാന്‍ എന്‍‌റ്റെ മകനെ മദ്രസ്സയില്‍ പറഞ്ഞയക്കുന്നത് ഐന്‍‌സ്റ്റീന്‍‌റ്റെ ഊര്‍ജ്ജ നിയമം പഠിക്കാനോ ,ചരിത്രം പഠിക്കാനോ , കണക്ക് പഠിക്കാനോ അല്ല ഇസ്ലാം മതത്തിലെ അനുഷ്ടാനങ്ങളും അടിസ്ഥാനങ്ങളു തുടങ്ങിയ മത-ആത്മീയ കാര്യങ്ങള്‍ അറിയാനും പഠിക്കാനുമാണ്‌ ഇതര വിദ്യാഭ്യാസവും മറ്റും പഠിക്കാന്‍ ഞാന്‍ അവനെ സ്കൂളിലേക്കാണയക്കുന്നത്.

മതത്തിന്‍‌റ്റെ അനുഷ്ടാനങ്ങള്‍ പഠിപ്പിക്കാന്‍ ഒരാള്‍ക്ക് ആധുനിക വിദ്യാഭ്യാസമല്ല വേണ്ടത് മറിച്ച് മതാനുഷ്ടാനങ്ങളിലുള്ള പ്രാവീണ്യമാണ്‌. അതിനാകട്ടെ മുകളില്‍ പറഞ്ഞ മൊല്ലാക്കാക്കാവുന്നുണ്ട്താനും.ഒരു മദ്രസ്സാധ്യാപകന്‌ സയന്‍സറിഞ്ഞാല്‍ നല്ലെതാണെന്ന അഭിപ്രായം എനിക്കുമുണ്ട് അതുപക്ഷെ അദ്ദേഹത്തിന്‍‌റ്റെ സയന്‍സ് പാഠവം പകരാനല്ല മറിച്ച് മതാനുഷ്ടാനങ്ങള്‍ എന്ന് തെറ്റ് ധരിച്ച് അറിവില്ലായ്മകൊണ്ട് (മറ്റുപലകാരണങ്ങള്‍ കൊണ്ടും) കുട്ടികളിലേക്ക് പകരുന്നവയില്ലാതാവാനാണ്‌.

ആത്മീയ കാര്യങ്ങളും അനുഷ്ടാനങ്ങളും പഠിക്കാന്‍ കെട്ടിടങ്ങള്‍ മാത്രമുണ്ടായാല്‍ പോര അതിന്‌ പ്രത്യേക സാഹചര്യവും അതാത് വിഷയത്തില്‍ പ്രാവീണ്യമുള്ള അധ്യാപകരുമാണ്‌ വേണ്ടത്. നിലവിലുള്ളരീതിയിലെ മദ്രസ്സകളില്‍ ഉള്ളതും, പുതിയ പരിഷ്കാരത്തോടെ അതായത് ആധുനിക വിദ്യാഭ്യാസം മദ്രസ്സാ പഠനത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇല്ലാതാകുന്നതും ഈ സാഹചര്യമാണ്‌.

ആത്മീയമായതായാലും ആധുനികനായാലും എല്ലാം അറിവല്ലേ എങ്ങിനെയാണ്‌ ഒരറിവ് മറ്റൊന്നിന് പ്രശ്നമാവുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം അറിവുകള്‍ കൂടിച്ചേരുന്നതല്ല പ്രശ്നം അത് പകര്‍ന്ന് കൊടുക്കുന്നതിലുള്ള രീതിയിലാണെന്നതുതന്നെ. വെള്ളവും പാലും അവയുടെ തനതായ അവസ്ഥകളില്‍ നില്‍‍‌ക്കുകതന്നെയാണ് വേണ്ടതെന്ന് ചുരുക്കം.

വളരെ കുറച്ചുകാലം മാത്രമാണ് പ്രധാനമായും മദ്രസ്സാപഠനം നടക്കുന്നത്. മതപരമായ വിദ്യഭ്യാസത്തിന്‌ പോകുന്നവരായ ഒരു ചെറുകൂട്ടം ഒഴിച്ച് ഇന്ന് മദ്രസ്സകളില്‍ പഠിക്കുന്നവരെല്ലാം ആധുനിക വിദ്യാഭ്യാസം നേടാന്‍ സ്കൂളുകളില്‍ പോകുന്നുണ്ടെന്നിരിക്കെ ഈ പുതിയ പരിഷ്കാരത്തോടെ പറയപ്പെടുന്ന പല "നേട്ട" ങ്ങളെക്കാള്‍ കൊട്ടങ്ങളാണുണ്ടാകുക എന്നതാണ്‌ സത്യം.

മുസ്ലീങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലുള്ളപ്പോഴും മദ്രസ്സാപഠനങ്ങളില്‍ കാണിക്കുന്ന പ്രാധാന്യം ഉപയോഗപ്പെടുത്തി ഈ അല്‍‌പ്പാധുനികനാല്‍ അവരെ ഉന്നതിയിലെത്തിക്കാമെന്നുപോലും തട്ടിവിടുന്നവര്‍ സത്യത്തെ മറച്ചുപിടിക്കുകമാത്രമല്ല ആടിനെ പട്ടിയാക്കുകയും കൂടിയാണ്‌.

മതമെന്നാല്‍ ശാസ്ത്രത്തെ വെല്ലുവിളിക്കാനുള്ള ഒന്നാണെന്നും (തിരിച്ചും) ഉള്ളവര്‍ ഒരു കൂട്ടം , ശാസ്ത്രം പുരോഗമിക്കുന്നതോടെ മതം മരിക്കുമെന്ന് മറ്റൊരുകൂട്ടം പിന്നേയും എന്തൊക്കെയോ കൂട്ടങ്ങള്‍. ഈ കൂട്ടത്തിലൊന്നും നില്‍‌ക്കാതെ എന്താണ്‌ മതമെന്നും എന്താണ്‌ ആത്മീയതയെന്നും എന്താണ്‌ വിശ്വാസമെന്നും എന്താണ്‌ അനുഷ്ടാനമെന്നും , എന്താണ്‌ മതപഠനമെന്നും എന്താണ്‌ ശാസ്ത്രമെന്നും പിന്നെ ഇവയുടെ ഒക്കെ ലക്ഷ്യങ്ങള്‍ എന്തെന്നും മനസ്സിലാക്കിയാല്‍ , ഈ പുതിയ പരിഷ്ക്കാരത്തിന്‍‌റ്റെ അര്‍ത്ഥമില്ലായമ മനസ്സിലാകും.

യാഥാര്‍ത്ഥ്യ ബോധമുള്ളവരാണ്‌ ഈ പരിഷ്കാരത്തിന്‌ പിന്നിലെങ്കില്‍ അവര്‍ സത്യത്തില്‍ നിന്നും വളരെ പിന്നിലാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു അതല്ലെങ്കില്‍ അവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം വേണ്ടിയിരിക്കുന്നു.

Thursday, January 29, 2009

സ്പ്രൈറ്റും സെവന്‍ അപ്പും.

സ്ഥലം അബൂദാബിയിലെ ഒരു കഫിട്ടേറിയ

' അപ്പം മുട്ടക്കറി പിന്നെ ഒരു സെവന്‍ അപ്പും '

' സെവന്‍ അപ്പില്ല സ്പ്രൈട്ടേ ഉള്ളു '

'ശരി അതെടുത്തോളു'

അല്‍‌പ്പസമയത്തിന്‌ ശേഷം ഒരറബി ഇരുന്നു.

' ബൊറാട്ട കീമ സെവന്‍ അപ്പ് '

പൊറോട്ടയും കീമയും പിന്നെ അടുത്ത ഗ്രോസറിയില്‍ നിന്നും
വാങ്ങിയ സെവന്‍ അപ്പും മേശമേല്‍ നിരന്നു.

ശുഭം!

Sunday, January 18, 2009

അബ്ദുള്ളകുട്ടിയും - മാധ്യമങ്ങളുടെ ഇരകളും.

പ്രത്യക്ഷത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആണെങ്കിലും അവരെ നിയന്ത്രിക്കുന്നതിലൂടെ മാധ്യമങ്ങളാണ്‌ പരോക്ഷമായി രാജ്യം ഭരിക്കുന്നതെന്നാണെന്‍‌റ്റെ അഭിപ്രായം. രണ്ട് ദിനം കൊണ്ടൊരുത്തനെ തോളിലേറ്റുന്നതും , താഴെയിടുന്നതും ഭവാനൊന്നുമല്ല മാധ്യമങ്ങള്‍ തന്നെയാണ്‌.

വാര്‍ത്തകളെ വളച്ചൊടിക്കാനും ,തെറ്റായി വ്യാഖ്യാനിക്കാനുമുള്ള മിടുക്കുപയോഗിച്ച് മാധ്യമങ്ങള്‍ ചെയ്തുകൂട്ടുന്ന തെറ്റുകളെ മനസ്സിലാക്കിയിട്ടുപോലും എന്തുകൊണ്ടാണ്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മറ്റും അവയെ തിരുത്താനോ തള്ളിക്കളയാനോ തയ്യാറാവാത്തതെന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒന്നാണ്‌. മാധ്യമങ്ങളെ ജനങ്ങള്‍ അമിതമായി വിശ്വസിക്കുന്നുണ്ടെന്ന തെറ്റ് ധാരണ രാഷ്ട്രീയക്കാര്‍ പുലര്‍ത്തുന്നുണ്ടെങ്കില്‍ അത് മാറ്റേണ്ട സമയമായിരിക്കുന്നെന്നാണ്‌ എന്‍‌റ്റെ മതം.

ഏറ്റവും അവസാനം മാധ്യമങ്ങളുടെ നീരാളിപിടുത്തത്തില്‍ പെട്ടുപോയവരാണ്‌ അച്ചുദാനന്ദനും അബ്ദുള്ളകുട്ടിയും. ബദ്ധശത്രുക്കളായ പത്രങ്ങള്‍ പോലും നെറികേടുകള്‍ നിര്‍മ്മിക്കുന്നതില്‍ ഒന്നാവുന്നതോടെ വന്‍‌വിജയമാകുന്നു.തുടക്കത്തില്‍ വെത്യസ്ഥ അഭിപ്രായങ്ങളുമായി വരുന്ന മാധ്യമങ്ങള്‍ അധികം താമസിയാതെ ഒരേ അഭിപ്രായത്തില്‍ എത്തിച്ചേരുന്നതോടെ ഇതില്‍ പെടുന്ന 'ഇര' ദയനീയമായി നിലം പൊത്തുന്നു.

അച്ചുദാനന്ദന്‍‌റ്റെ വിഷയം പഴകിയതിനാല്‍ വിട്ടുകളയാം എന്തായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രശ്നം?.

' മറ്റുള്ളവ മാറ്റിനിര്‍ത്തിയാല്‍ വികസനത്തില്‍ മോഡിയെയാണ്‌ പിന്‍‌പറ്റണ്ടത് ' എന്നര്‍ത്ഥംവരുന്ന വാക്കുകളില്‍ എന്താണിത്ര തെറ്റെന്ന് മനസ്സിലാവുന്നില്ല.

' സമയ നിഷ്ടയില്‍ കാലനെയാണ്‌ പിന്‍‌പറ്റേണ്ടത് ' എന്നൊരാള്‍ പറയുമ്പോള്‍ , കാലന്‍‌റ്റെ തൊഴിലല്ല മറിച്ച് സമയത്തിന്‌ കാലന്‍ കൊടുക്കുന്ന കൃത്യതെയാണുദ്ദേശിച്ചിരിക്കുക എന്ന് ഏതൊരു കുട്ടിക്കും മനസ്സിലാക്കാമെന്നിരിക്കെ എന്തൊക്കെ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും കൊടുത്താണ്‌ മാധ്യമങ്ങള്‍ അതിനെ വളച്ചൊടിച്ചത്.

അബ്ദുള്ളകുട്ടിയെ പുറത്താക്കാന്‍ ഇതല്ല മറ്റുകാരണങ്ങളുണ്ടെന്നാണെങ്കില്‍ അതു പറഞ്ഞുകൊണ്ടായിരിക്കണം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ നെറികെട്ട ചില വളച്ചൊടിക്കലിനെ അടിസ്ഥാനപ്പെടുത്തിയാവരുതായിരുന്നു.

അബ്ദുള്ളക്കുട്ടി നല്ലവനെന്നോ / ചീത്തയെന്നോ / കഴിവുള്ളവനെന്നോ / ഇല്ലാത്തവനെന്നോ എന്നുള്ള വിലയിരുത്തല്‍ ഈ പോസ്റ്റിന്‍‌റ്റെ ലക്ഷ്യമല്ലെന്നുകൂടി സൂചിപ്പിക്കട്ടെ!

Saturday, January 17, 2009

പച്ചാനയും ഞാനും പിന്നെ കുശുമ്പും

സ്കൂളിലും ബസ്സിലും കൂട്ടുകാരുടെ ഒപ്പവും നടക്കുന്ന സര്‍‌വ്വകാര്യങ്ങളും പച്ചാന എന്നോട് പറയുന്നതിനിടയിലെ എന്‍‌റ്റെ ചോദ്യം കേട്ടവള്‍ മുഖം ചുളിച്ചു.

' നിനക്കീയിടെ സ്വല്‍‌പ്പം കുശുമ്പുണ്ടല്ലേ? '

'ഏയ് ഒരിക്കലുമില്ല പക്ഷെ '
'പക്ഷെ? '
' മേരിയോ ശ്വേതയോ സെന്‍‌റ്റര്‍ ഓഫ് അറ്റന്‍‌ഷന്‍ ആവുമ്പോള്‍ എനിക്ക് ചിലപ്പോള്‍ വല്ലാതാവും '

അവള്‍ പെട്ടെന്ന് നിര്‍‌ത്തി പിന്നെ എന്തോ ഓര്‍ത്ത് എന്‍‌റ്റെ മുഖത്തേക്ക് നോക്കി , അപ്പോഴേക്കും ചിരി അടക്കാനായില്ല , രണ്ടുപേരും നിര്‍ത്താതെ ചിരിക്കുന്നതിനിടയില്‍ ഞാന്‍ മെല്ലെ പറഞ്ഞു.

'ഏയ് അത് കുശുമ്പേ അല്ല '
ഞങ്ങള്‍ വീണ്ടും ചിരിച്ചുകൊണ്ടിരുന്നു.

Friday, January 16, 2009

വേണ്ടത്.

നമ്മള്‍ നമ്മിലെ നമ്മളാകണം.

Wednesday, January 14, 2009

സിനിമയെപറ്റി.

ഹിന്ദി വേര്‍ഷന്‍‌ ഗജനിയും 20-20 യും കണ്ടു.

ഗലേറിയ പോലെയോ മാക്സ് പോലെയോ സിനി പ്ലെക്സ് പോലെയോ അല്ല ജബല്‍ അലിയിലെ ഡോണിയ തീയേറ്റര്‍ ഏകദേശം തൃശ്ശൂരിലെ സ്വപ്നപോലെയാണ്. തിരക്ക് വളരെ കുറവായിരിക്കും വ്യാഴം വെള്ളി ദിവസങ്ങളില്‍ അപൂര്‍‌വ്വം ഘട്ടങ്ങളില്‍ ഞങ്ങള്‍ മാത്രമേ കാണൂ. അതുകൊണ്ടുതന്നെ ഇവിടെ നിന്നും സിനിമ കണ്ടിറങ്ങുമ്പോള്‍ നാട്ടില്‍ തീയെറ്ററുകളില്‍ പോകുമ്പോളുള്ള പ്രതീതിതന്നെ. ഇന്‍‌റ്റര്‍‌വെല്‍‌ സമയത്ത് ചായയോ മറ്റോ കുടിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ നാളെ പരീക്ഷയുണ്ടല്ലോ എന്നൊക്കെയുള്ള തോന്നലാവും മനസ്സില്‍ വരിക.

ഓര്‍‌മ്മകള്‍‌ ഉണ്ടാകുക സമാനമായത് അനുഭവത്തില്‍ വരുമ്പോഴാണല്ലോ. പഠിക്കുന്ന കാലത്ത് തലേന്ന് സാമാന്യം നന്നായി പഠിച്ച് പിറ്റേന്ന് പരീക്ഷക്ക് പോകേണ്ടതിന് പകരം രാഗത്തിലേക്കോ രാംദാസിലേക്കോ അതുമല്ലെങ്കില്‍ സ്വപ്നയിലേക്കോ പോകുകയും സിനിമകണ്ടിറങ്ങുമ്പോള്‍ പരീക്ഷ നഷ്ടപ്പെടുത്തിയതിലെ വേദനയുണ്ടാകുകയും ചെയ്യാറുണ്ട് ആ 'ഫീലിങ്ങ്സ്' തീയേറ്ററുകളില്‍ കിട്ടുന്നതുതന്നെയാണ് ഇന്നും സിനിമകള്‍ തീയേറ്ററില്‍ പോയി കാണാന്‍ താത്പര്യമേകുന്നത്.

എത്ര നല്ല സന്ദേശം/കഥയായാലും സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സിലുണ്ടാകുന്ന ആകെത്തുക പോസിറ്റീവായിരിക്കുന്നവയെ മാത്രമേ നല്ല സിനിമകളായി ഞാന്‍ കാണുന്നുള്ളൂ അല്ലാത്ത പക്ഷം വളരെ പ്രത്യേകതയുള്ള എന്തെങ്കിലും ഉണ്ടായിരിക്കണം.സിനിമയിലെ ജീവിതത്തെ നിയന്ത്രിക്കാന്‍ തിരകഥാകൃത്തിന് അധികാരവും അവകാശവുമുണ്ടെന്ന് കരുതി ജീവിതത്തിന്‍‌റ്റെ ദുരിതപൂര്‍ണമായ ഭാഗങ്ങള്‍ മാത്രം കാണിച്ചുകൊണ്ടുള്ള സിനിമകളോട് തീരെ താത്പര്യം തോന്നാറില്ല. അതുകൊണ്ടുതന്നെയാണ് മാധവിയും മുരളിയും അഭിനയിച്ച ' രാപ്പാടീ കേഴുന്നുവോ...' ഞാനേറ്റവും ഇഷ്ടപ്പെടത്ത സിനിമകളിലൊന്നാണ്.

സ്വല്‍‌പ്പം ബുദ്ധിമുട്ടിയിട്ടാണെങ്കില്‍ പോലും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നായി ഗജനിയെ ഉള്‍പ്പെടുത്താന്‍ പറ്റുന്നുണ്ട്. കൂടുതല്‍ ഇഷ്ടമായത് അതിലെ ഫ്ലാഷ്ബാക്കുതന്നെ. പാട്ടുകളുടെ ഭാഗമൊക്കെ മനോഹരം. അമീര്‍‌ഖാന്‍ നല്ലൊരു നടനാണെന്ന് വീണ്ടും ഈ സിനിമയിലൂടെ തെളിയീക്കുന്നു.

20-20 യെപറ്റിയാണെങ്കില്‍ ആദ്യ ഭാഗങ്ങള്‍ തീരെ രസിച്ചില്ല. ഇന്നസെന്‍‌റ്റെന്ന നല്ല നടന് ഇത്രക്ക് ബോറാവാന്‍ പറ്റുമെന്നൊരിക്കലും കരുതിയിരുന്നില്ല. നായകന്‍ മാരില്‍ ഭേതം സുരേഷ് ഗോപിതന്നെ ഉള്ളത് കാണിക്കാന്‍ കഴിഞ്ഞു എന്നതില്‍ സുരേഷ് ഗോപിക്ക് സന്തോഷിക്കാം.

രണ്ട് സ്റ്റാറുകളില്‍ ഒരാള്‍ക്ക് മറ്റേ ആളിനേക്കാള്‍ കൂടുതലോ കുറവോ കൊടുക്കാതിരിക്കാനുള്ള തത്രപ്പാട് ജോഷിക്ക് മറച്ചുവെക്കാനാവുന്നില്ല. ഓരോ നടന്‍ മാര്‍ക്കും അവരവരുടെ റേറ്റിങ്ങിനൊത്ത റോളുകള്‍ നല്‍‌കി ഈഗോ ക്ലാഷ് ഇല്ലാതാക്കുന്നതില്‍ ജോഷി എന്ന സം‌വിധായകന്‍ വിജയം വരിക്കാനായെന്നുതന്നെ പറയാമെങ്കിലും ആളുകളെക്കൊണ്ട് സ്ക്രീന്‍ നിറക്കലില്‍ അഗ്ര ഗണ്യനായ ഐ.വി.ശശിയുടെ കഴിവ് വെറിട്ടുതന്നെ നിര്‍ത്തുന്നു.

സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒന്നുമാത്രം മനസ്സില്‍ തങ്ങി നില്‍‌ക്കുന്നത് സം‌വിധായകന്‍ ജോഷിയും നായകന്‍ സുരേഷ്ഗോപിയും കുറെ പഴയ സിനിമകളിലെ ഒരു പക്ഷെ മണിചിത്രത്താഴിലെ കഥാപാത്രത്തെ (ങ്ങളെ) മോശമായ അഭിനയത്തിലൂടെ മിമിക്രിയായി കാട്ടിയ ഇന്നസെന്‍‌റ്റും മാത്രം ബാക്കിയെല്ലാം ഒരു പൊഹ!.എന്തിനീ സിനിമയെ ഇത്രക്ക് മഹത്‌വത്കരിച്ചെന്ന് തീരെ മനസ്സിലാവുന്നില്ല കുറെ നായകന്‍‌മാര്‍ ഉള്ളതിനാലാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.

Tuesday, January 13, 2009

' ഓനോട് പ്രത്യേകിച്ചു പറയേണ്ടതുണ്ടോ? '

കല്യാണം കുടിയിരിക്കല്‍ (House warming) തുടങ്ങിയവ‍ക്കിടയില്‍ ചിലയിടത്തെങ്കിലും കേള്‍‌ക്കുന്നതാണിത്.

അടുത്ത സുഹൃത്തിന്‍‌റ്റെ കല്യാണത്തിന്‍‌റ്റെ തലേന്നാള്‍ വരെ സര്‍‌വ്വകാര്യങ്ങള്‍‌ക്കും ഒപ്പം നിന്ന് കല്യാണ ദിവസം മുങ്ങിയ ആളെ എനിക്കറിയാം. അതിനുള്ള ന്യായീകരണം ;'‍‌ വിളിക്കാത്ത കല്യാണത്തിന് പോകുന്നതെങ്ങിനെ?' എന്നായിരുന്നു.

ഹോസ്റ്റലില്‍ നിന്നും യാദൃശ്ചികമായി വീട്ടിലെത്തിയപ്പോളാണ് ഞാനറിയുന്നത് അന്നേദിവസമാണ് കുടുംബത്തിലെ ഒരാളുടെ കല്യാണമെന്ന കാര്യം. കുടുംബത്തിലെ ഒരംഗം എന്നതില്‍ കവിഞ്ഞ് വരനുമായെനിക്ക് വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിട്ടും അറിയീച്ചില്ലല്ലോ എന്നായിരുന്നു എന്‍‌റ്റെ കുണ്ഠിതം. ഇതേ ദിവസം വന്നില്ലായിരുന്നെങ്കില്‍ കല്യാണത്തെപ്പറ്റി അറിയുമായിരുന്നില്ലല്ലോ എന്നതിനാല്‍ പ്രസ്തുത കല്യാണത്തില്‍ വീട്ടിലുള്ളവര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഞാന്‍ പോകുന്നില്ലെന്നു തീരുമാനിച്ചു. ഞാന്‍ പോകുന്നില്ലെന്നറിഞ്ഞപ്പോള്‍ ഉപ്പ ഇടപെട്ടു:

' അപ്പോ നീയും അവരും എന്തു വെത്യാസം? നീ പോകണം എല്ലാം കഴിഞ്ഞിട്ട് , വേണമെങ്കില്‍ വിളിക്കാതിരുന്നത് സൂചിപ്പിച്ചോ അല്ലാതെ പോകാതിരിക്കയല്ല വേണ്ടത് '

എനിക്ക് വിയോജിപ്പില്ലാത്ത ഉപ്പയുടെ പല തിയറികളില്‍ ഒന്നാണിതെങ്കിലും അന്ന് പക്ഷെ ഇഷ്ടമില്ലാതെയും ഞാനാ കല്യാണത്തില്‍ പങ്കുകൊണ്ടു. ഉപ്പയുടെ തിയറിയെ തള്ളാനാവാത്തതുമാത്രമല്ലായിരുന്നില്ല കാരണം വ്യക്തിപരമായടുപ്പമുള്ള ഒരാളുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു സുപ്രധാന ചടങ്ങില്‍ ‍ അയാളുടെ വിവരക്കേടുകൊണ്ട് ഭാഗബാക്കാതിരിക്കുന്നതിലെ അര്‍ത്ഥമില്ലായ്മയുമായിരുന്നു. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ പങ്കെടുത്തതും അര്‍ത്ഥമില്ലായ്മയായിരുന്നെന്നാണ് തോന്നിയത്.

ഒരു വ്യക്തി അയാളുടെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സുഹൃത്ത്‌ക്കളെ അല്ലെങ്കില്‍ വളരെ അടുത്ത ബന്ധുക്കളെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ടോ എന്ന് പലരും ചോദിക്കുന്നതു കേട്ടിട്ടുണ്ട്. വിഷയമെന്തുമാകട്ടെ ബന്ധം എന്തുമാകട്ടെ പങ്കെടുക്കണമെന്നുള്ളവരെ ഔദ്യോഗികമായി നിര്‍ബന്ധമായും ക്ഷണിക്കണമെന്നാണ് എന്‍‌റ്റെ അഭിപ്രായം സുഹൃത്താണെന്നോ മറ്റോ ഇത്തരം ക്ഷണങ്ങള്‍ക്ക് തടസ്സമാകരുത്.

എത്ര അടുത്ത ആളുടെയാണെങ്കിലും വിളിക്കാത്ത കല്യാണത്തിന് ഞാന്‍ പോകില്ല ,' അറിയാതെ വിട്ടുപോയതാണെങ്കിലോ? ' എന്നതിനുള്ള എന്‍‌റ്റെ മറുപടി 'അറിയാതെ' വിട്ടുകളയണം എന്നുതന്നെയാണ്.

Saturday, January 10, 2009

മനസ്സിന് ചേറുപ്പം വേണ്ട.

ഇന്ന് രാവിലെ ഏറ്റവും അടുത്ത സുഹൃത്ത് നാട്ടില്‍ നിന്നും വിളിച്ചപ്പോള്‍ കുശലത്തിന് ശേഷം പറഞ്ഞ വാക്കുകള്‍ വല്ലാതെ ചിന്തിപ്പിച്ചു ' ടാ വയസ്സായി... ല്ലേ !! എല്ലാം നടക്കില്ലേ? '

രണ്ട് പേരും സര്‍ക്കാരില്‍ ജോലിയുള്ളവര്‍ കൂടാതെ നല്ലൊരു industry യും സ്വന്തമായുള്ള ഒരാളുടെ വാക്കുകളാണിവ എന്നതാണ് ചിരിക്ക് പകരം ചിന്തിക്കാന്‍ കാരണമായത്.‍ എല്ലാം ഒന്ന് 'ശരിയായി' 'അടിച്ചുപൊളിക്കണം' എന്നുകരുതിയുള്ള ആഗ്രഹത്തെയാണ് നടക്കില്ലേന്ന് അവന്‍ ഭയന്നത്.

'വയസ്സായി' എന്ന് ചിലര്‍ പറയുമ്പോള്‍ സമപ്രായക്കാരും അതില്‍ കൂടുതലുള്ളവരും ന്യായീകരിക്കാനും സമാശ്വസിക്കാനുമൊക്കെയായി പറയുന്ന മറുപടിയാണ് ' അതിനെന്താ മനസ്സ് ചെറുപ്പമാക്കിയാല്‍ മതി' എന്ന്.ഒരു വേള ഞാനും അതേ വാക്കുകള്‍ പറയാന്‍ മുതിര്‍ന്നെങ്കിലും വന്നത് ' നീ മനസ്സ് പ്രായമാക്കി വെക്കെടാ ' എന്നാണ്.

മനസ്സ് ചെറുപ്പമാക്കി വെക്കുമ്പോളാണ് 'പിന്നീട് ' ആവാം എന്നത് മനസ്സില്‍ കുടിയിരിക്കുന്നത്. അതായത് ഇനിയും സമയമുണ്ടെന്നും എല്ലാം കഴിഞ്ഞിട്ട് അല്ലെങ്കില്‍ എല്ലാം ശരിയായിട്ട് 'ശരിക്കും' ജീവിതം ആസ്വദിക്കണം / അടിച്ചുപൊളിക്കണം എന്നൊക്കെയാവുന്നത്. തിരിച്ചറിവുണ്ടായി വരുമ്പോള്‍ ഒന്നുകില്‍ സമയം കഴിഞ്ഞിരിക്കും അല്ലെങ്കില്‍ നടക്കുകയുമില്ല അതുമല്ലെങ്കില്‍ 'തലം' മാറിയിരിക്കും.

എന്നാല്‍ മനസ്സിനെ പ്രായമാക്കി വെച്ചാല്‍ അന്നന്നുതന്നെ കാര്യങ്ങള്‍ ചെയ്യാനുള്ള തത്പര്യമുണ്ടാകുകയും പറ്റാവുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുകയും ചെയ്യുന്നു അഥവാ നടന്നില്ലെങ്കില്‍ പോലും ' പിന്നീട് ' എന്നതില്ലാത്തതിനാല്‍ ദുഖിക്കേണ്ടിയും വരുന്നില്ല പ്രത്യേകിച്ചും പിന്‍‌തിരിഞ്ഞുനോക്കുമ്പോള്‍ കാരണം ഒന്നും നീട്ടിവെച്ചിട്ടില്ലെന്നതിനാല്‍ തന്നെ.

അതുകൊണ്ട് മനസ്സിനെ ചെറുപ്പമാക്കിവെക്കുകയല്ല ഉള്ളവയസ്സിനൊപ്പമോ കൂടുതലോ വയസ്സാക്കിവെക്കുകയാണ്.

Wednesday, January 07, 2009

മാന്ദ്യവും പുറം വേദനയും പിന്നെ ഞാനും.

ജബല്‍ അലി ദുബായ്‌ യാത്ര ഒരാറുമാസത്തേക്ക്‌ നിര്‍ത്തിയിട്ടത്‌ പഴയതുപോലെ  അബുദാബി ഷട്ടില്‍ സര്‍വീസിനാവശ്യപ്പെട്ട്‌ കമ്പനി ഓര്‍ഡര്‍ അയച്ചിരിക്കുന്നു.ഒന്നര വര്‍ഷം മുമ്പുണ്ടായിരുന്ന അബുദാബി ഷട്ടില്‍ സര്‍വീസ്‌ സമ്മാനിച്ച പുറം വേദനയാണല്ലോ സാമ്പത്തിക മാന്ദ്യം വീണ്ടും തരാന്‍ പോകുന്നതെന്ന പരിതാപത്തിന്‌ കമ്പനി തന്ന ഉത്തരമായിരുന്നു വിരഹം.അതായത്‌ ഒന്നുകില്‍ അബുദാബി ഷട്ടില്‍ സര്‍വീസടിച്ച്‌ പുറം വേദനയെ സ്വാഗതം ചെയ്യുക അല്ലെങ്കില്‍ അബൂദാബിയില്‍ താമസിക്കുക.അടിവേണോ ഇടി വേണോ എന്നു ചോദിച്ചാലുള്ള അവസ്ഥയെ  തരണം ചെയ്തത്‌ രണ്ടും കൂടി മിക്സാക്കിക്കൊണ്ട്‌.

ദുബായ്‌ ഓഫീസിലായിരിക്കുമ്പോള്‍  യാത്ര രണ്ടുനേരവും ട്രാഫിക്കിനെതിരെയാണെങ്കിലും മുട്ടിന്‌ മുട്ടിനുവെച്ചിട്ടുള്ള റഡാര്‍ കേമറകളും രണ്ടുതവണ കിട്ടിയ ട്രാഫിക്‌ ഫൈനുമെല്ലാം കൊണ്ട്‌ ഞാനൊരു സ്ളോ ഡ്രൈവര്‍ ആയി മാറിയിരിക്കുന്നതെന്‍റ്റെ കാലങ്ങള്‍ക്ക്‌ ശേഷമുള്ള അബുദാബി കന്നിയാത്രയിലാണ്‌ മനസ്സിലായത്‌. വേഗതയുടെ സൂചി നൂറ്‌ കിലോമീറ്റര്‍/അവര്‍ കടക്കുമ്പോഴേക്കും കാല്‍ സ്വയം ആക്സിലറേറ്ററില്‍ നിന്നും പൊങ്ങുണ്ടായിരുന്നു.

ജോലി കഴിഞ്ഞപ്പോഴാണ്‌ ഇടിയുടെ വേദന ശരിക്കും അനുഭവപ്പെട്ടത്‌. ആരുമില്ലാത്ത ഒരു കെട്ടിടത്തില്‍ ഒറ്റക്കൊരുമുറിയില്‍ പ്രവേശിക്കുമ്പോഴുള്ള അവസ്ഥ അനുഭവിച്ചാലേ മനസ്സിലാകൂ.പല ഘട്ടങ്ങളിലും ഹോട്ടലുകളില്‍ ഒറ്റക്ക്‌ താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അടുത്ത മുറികളില്‍ ആളുകളുണ്ടെന്ന ധാരണകൊണ്ടോ മറ്റോ ഇതുപോലെ തോന്നിയിട്ടില്ല.

ഒരു ദിവസത്തെ അബുദാബിയിലെ  താമസവും ജോലിയും കഴിഞ്ഞ്‌ ഇന്നലെ ജബല്‍ അലിയിലേക്ക്‌ പോകുമ്പോള്‍ വേഗത കൂടിയത്‌ അറിയുന്നുണ്ടായിരന്നെങ്കിലും ആക്സിലേറ്ററില്‍ നിന്നും കാലുയര്‍ന്നൊന്നുമില്ല. ഇന്ന്‌ രാവിലെ ജബല്‍ അലിയില്‍ നിന്നും തിരിച്ചുവരുമ്പോള്‍ വേഗത നൂറ്റി നാല്‍പ്പതെത്തിയിരിക്കുന്നു.അതുപോലെ ഇന്ന്‌ രാത്രി താമസിക്കാന്‍ ആരുമില്ലാത്ത കെട്ടിടത്തിലെ മുറിയിലേക്ക്‌ പോുവാനും മടിയൊന്നും തോന്നുന്നില്ല.

നാളെ വൈകീട്ട്‌ വീണ്ടും ജബല്‍ അലിയിലേക്ക്‌ ഡ്രൈവ്‌ ചെയ്യുമ്പോള്‍ എനിക്കുറപാണ്‌ അത്‌ നൂറ്റി നാല്‍പ്പത്‌ കിലോമീറ്റര്‍ പര്‍ അവര്‍ വേഗതയിലയിരിക്കും കാരണം ശീലമെന്ന ഭയങ്കരന്‍ കീഴ്പെടുത്താത്ത ഒന്നുമില്ലല്ലോ!