Monday, September 27, 2010

എഞ്ചിനീയറിങ്ങ് vs ഡിപ്ലോമ

ഒരേ വിഷയത്തില്‍ Different level of education ഉണ്ടാക്കാനുള്ള കാരണമെന്താണ്? ഉദാഹരണം എഞ്ചിനീയറിങ്ങില്‍ എന്തൊക്കെ/ ഏതൊക്കെ തലത്തിലുള്ളതാണെന്ന് നോക്കാം.

എഞ്ചിനീറിംഗ്‌ / ടെക്നോളജി എന്ന വിഭാഗം പ്രധാനമായും ഉന്നം വെക്കുന്നത്‌ മനുഷ്യന്റെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്. അതിനു വേണ്ടിയുള്ള വിവിധ സം‌വിധാനങ്ങള്‍ ഒരുക്കുകയാണ് പ്രധാന്യ ദൗത്യം.അതുപോലൊരു സം‌വിധാനമുണ്ടാക്കാന്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന് എങ്ങിനെ അതുണ്ടാക്കണം എന്ന വിവരണങ്ങള്‍, പിന്നീടുള്ളത് നടപ്പില്‍ വരുത്തല്‍ അല്ലെങ്കില്‍ നിര്മ്മാണം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ Design and Construction.

ഈ രണ്ട് ഘട്ടങ്ങള്‍ തരണം ചെയ്യാനാണ് എഞ്ചിനീയറിങ്ങില്‍ മൂന്ന് വിഭാഗം വിദ്യാഭ്യാസ തലങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ആദ്യത്തെ ഘട്ടത്തിന് വേണ്ടിയുള്ള ഒരു തലമാണ് ഡിഗ്രി എന്ന പേരില്‍ ഉണ്ടാക്കിയിട്ടുള്ളത്. 80% Theory ഉം 20% Practical ഉം സിലബസ്സാക്കിയുള്ള ഒരു വിഭാഗമാണിത്. നിലവിലുള്ള Laws of Science നെ coordination, Integration and Interface വഴി ഉപയോഗപ്പെടുത്തി, സം‌ധാനങ്ങളും / സാമഗ്രികളുമൊക്കെ നിര്‍‌മ്മിക്കാനാവശ്യമായ സാങ്കേതിക മാര്‍ഗ്ഗ രേഖകള്‍ / Design document ഉണ്ടാക്കുന്നു. പ്രധാനമായും ഈ ഉദ്ദേശമായതിനാല്‍ Theory Oriented ആയിരിക്കും സിലബസ്സ് എന്ന് പറയേണ്ടതില്ലല്ലോ!

മുകളില്‍ സൂചിപ്പിച്ച Design document കൂടുതല്‍ സാങ്കേതികമായിരിക്കാം അതിനാല്‍ നിര്‍‌മ്മാണത്തിന് ഉതുകുന്ന രീതിയില്‍ പ്രസ്തുത ഡോക്യുമെന്റിനെ Instruction ആയും Presentation ആയും മാറ്റി trades men നെക്കൊണ്ട് നിര്‍മ്മിക്കലാണ് രണ്ടാവിഭാഗത്തെ കൊണ്ട് ഉദ്ദേശിക്കുന്നത്.


അതുകൊണ്ട് തന്നെ തിയറിറ്റികല്‍ അല്ല മറിച്ച് Operation Oriented ആയ സിലബസ്സായിരിക്കും അവരുടേത്.ഇനി മൂന്നാമത്തെ വിഭാഗത്തെ പറ്റി, രണ്ടാമത്തെ വിഭാഗം ഉണ്ടാക്കിയ Instructiona ഉം Presentation ഉം ഫോളോ ചെയ്യുക എന്നതാണ് ഇവരുടെ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. Trades men ആയതിനാല്‍ അവര്‍ക്ക് അവര്‍ക്ക്‌ തിയറിയെപറ്റി ഒന്നുമേ അറിയണമെന്നില്ല ആവശ്യവുമില്ല.

ഇനി സിലബസ് പരിഷ്കരണത്തിലേക്ക് വരാം.

മുഖ്യമായും തിയറി അടിസ്ഥാനപ്പെടുത്തിയുള്ള സിലബസ്സായതിനാല്‍ പത്തോ പതിനഞ്ചോ ബാച്ചുകള്‍ മാറുമ്പോള്‍ മാത്രമേ സിലബസ്സ് മാറ്റെണ്ടതായിട്ടുള്ളു അതുതന്നെ ഒരു സിലബസ്സ് എടുത്ത് കളയുക എന്നത് വളരെ അപൂര്‍‌വ്വമായേ സംഭവിക്കാന്‍ പാടുള്ളൂ, പ്രധാനകാരണം ശാസ്ത്ര നിയമങ്ങള്‍ക്ക് വ്യത്യാസം വരുന്നില്ല എന്നതുതന്നെ.( വരുന്നതിന്റെ കാര്യം വേറെ).

നിലവിലുള്ള ശാസ്ത്ര നിയമങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കി അവയെ എങ്ങിനെയൊക്കെ ഉപയോഗപ്പെടുത്താം എന്നൊരു പ്ലാറ്റ് ഫോം മാത്രമാണ് ഡിഗ്രി കൊണ്ട് ഉദ്ദേശിക്കുന്നത്.രണ്ട് കൊല്ലം സയന്‍സെടുത്ത് പ്രീഡിഗ്രിയും , നാലുകൊല്ലം എഞ്ചിനീയറിങ്ങും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍, ശാസ്ത്ര നിയമങ്ങളില്‍ നൈപുണ്യം നേടിയ, അടിസ്ഥാനമായ ഒരു പ്ലാറ്റ് ഫോമാണ് എഞ്ചിനീയറിങ്ങ് പഠനത്തിലൂടെ ലഭ്യമാക്കുന്നത്.

ഉദാഹരണത്തിന് Semiconductor Technology, Advanced Maths, Control Systems , Relays നന്നായറിയാവുന്ന ഒരു എഞ്ചിനീയര്‍ പുറത്തിറങ്ങി S7 ( Siemens PLC ) കണ്ടാല്‍ ബോധം കെടില്ല, സീമെന്‍സില്‍ നിന്നും Program Instruction Manual വാങ്ങി വായിച്ചുമനസ്സിലാക്കി പ്രോഗ്രാം ചെയ്യാനുള്ള ത്രാണിയാണ് എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും ലഭിക്കുന്നത്.

അതേ സമയം , ഡിപ്ലോമയുടെ സിലബസ് പരിഷ്കരണം കുറച്ചുകൂടി ഫ്രീക്വന്‍‍സി കൂട്ടണം, മൂന്നോ നാലോ ബാച്ചാവുമ്പോല്‍ സിലബസ് പരിഷ്കരിക്കണം അതിന് കാരണം അവരുടെ Input laws of Science അല്ല മാറിക്കൊണ്ടിരിക്കുന്ന Design Document ആണ്. ഇനി മൂന്നാമത്തെ കൂട്ടരുടേ അതിലും എളുപ്പത്തില്‍ പരിഷ്കരിക്കണം കാരണം അവര്‍ക്ക് ലഭിക്കുന്നത് പുതിയ പുതിയ മാര്‍ഗ്ഗങ്ങളാണെന്നതുകൊണ്ട് തന്നെ.

ച്ചിത്രത്തില്‍ കണ്ടതുപോലെ ഒരു ചെറിയ ഭാഗത്ത് ഓവര്‍ ലാപ്പിങ്ങ് വന്നതിനാല്‍, രണ്ടാമത്തെ ലെവലും ഒന്നാമത്തെ ലെവലും വ്യത്യാസമില്ലെന്നോ രണ്ടാമത്തെ ലെവലും മൂന്നാമത്തെ ലെവെലും വ്യത്യാസമില്ലെന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല.

ഡിഗ്രി ലെവെല്‍ എഡുക്കേഷന്‍ ഒരു പ്രത്യേക പ്രൊഡക്റ്റിനെ പറ്റിയോ രീതിയെ പറ്റിയോ പഠിപ്പിക്കലല്ല. അവയെപറ്റി സ്വയം പഠിക്കാനും ഉപയോഗപ്പെടുത്താനും ഉള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കലാണ്. അതുകൊണ്ടാണ് ഇലക്ട്രിക് എഞ്ചിനീയറിങ്ങില്‍ ഇന്നും Ohms law,  ലാപ്ലാസ് ട്രാന്‍സ്ഫോം  , Control Systems , നോണ്‍ ലീനിയര്‍ ഇക്വേഷന്‍സ്  അതേ പ്രാധാന്യത്തോടെ എന്നും പഠിപ്പിക്കുന്നത്.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം കയ്യിട്ട് വാരല്‍ നടക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി ഒന്ന് മറ്റേതിനോട് തുല്യപ്പെടുത്തുന്നത് ശെരിയായ രീതിയല്ല.

എന്റെ വീട്ടിലെ ഇലക്ട്രിക് ഫ്യൂസ് പോയാല്‍ കൊച്ചുവേട്ടന്‍ തന്നെ കെട്ടിയാലേ ഉപ്പാക് തൃപ്തിയാവൂ, കാരണം എനിക്ക് കുറെ തിയറിയേ അറിയുള്ളു എന്നാണുപ്പയുടെ വാദം, അതുകൊണ്ടാണ് ഞാന്‍ കെട്ടിയാല്‍ ഇടക്ക് ഫ്യൂസ് പോകുന്നത്, മറിച്ച് കൊച്ചുവേട്ടന്‍ കെട്ടിയാല്‍ മാസത്തിലൊരിക്കല്‍ പോയാല്‍ പോയി, കൊച്ചുവെട്ടന്‍ വേലിയിലെ കമ്പി നാലയി ചുരിട്ടിയായി കെട്ടിയതിനാലാണെന്ന് പറയുന്നതൊന്നും ഉപ്പാക്ക് പ്രശ്നമല്ല ;)

ആരേയും കുറച്ചുകാണാനോ കൂടുതല്‍ കാണാനോ അല്ല മറിച്ച് Different level of education കൃത്യമായി മനസ്സിലാക്കാതെ ഒരു ചെറിയ ഓവര്‍ ലാപ്പ് കൊണ്ട് ഒന്ന് മറ്റൊന്നായി തെറ്റായി ധരിക്കുന്നതിലെ അര്‍ത്ഥമില്ലായ്മ മനസ്സിലാക്കാനാണ്. ഒപ്പം ഈ ബസ്സും ഇതിനൊരു പ്രചോദനമായി.

Friday, September 24, 2010

മന്ദിരവിധിയും ചില ചെന്നായ്ക്കളും

കിരീടത്തില്‍ പോലീസുകാരനെ ഗുണ്ട പൊതിരെ തല്ലുന്നതുകണ്ടപ്പോള്‍ മകന്‍ സേതു ഇടപെടുന്നു, ഗുണ്ടയെ തല്ലുന്നു തുടര്‍ന്ന് ഗുണ്ട കൊല്ലപ്പെടുന്നു.കോടതിയില്‍ കേസ് എങ്ങിനെ പോയി എന്ന് വിവരിക്കേണ്ടല്ലോ!.

അച്ഛനെ തല്ലിക്കൊല്ലുന്നത് കണ്ട് നില്‍ക്കുന്ന മകന്റെ വികാരത്തിനോ, അതില്‍ ഇടപെട്ടതിനെ തുടര്‍ന്ന് കയ്യബദ്ധത്താല്‍(?) / കൊല്ലപ്പെട്ടതിനോ/ താന്‍ കൊന്നില്ലെങ്കില്‍ തന്നെ കൊല്ലും എന്നതിനൊന്നും നിയമത്തില്‍ വലിയവിലയില്ല.

നിയമസംഹിതയില്‍ 'കൃത്യ' ത്തെ യാണ് മുഖ്യമായും അടിസ്ഥാനപ്പെടുത്തുന്നത്. കാരണങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ഉള്ള പ്രധാന്യം കുറവാണ്. തീര്‍ച്ചയായും വിധിതീര്‍പ്പില്‍ ഇവയുടെ വിലയിരുത്തല്‍ അടിസ്ഥാനപെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കുറ്റവാളിയായി സേതുവിനെ വിധിക്കുന്നതില്‍ ന്യായം കാണാനാവുന്നതും.

കിരീടം സിനിമ കാണുന്നവരില്‍ മുഖ്യഭാഗവും സേതുവിനെ ശിക്ഷിക്കരുതെന്ന ആഗ്രഹക്കാരായിരിക്കും, അതിനുള്ള കാരണം വികാരപരമായും, 'കൃത്യ'ത്തേക്കാള്‍ അതിലേക്ക് നയിച്ച കാരണങ്ങളെ വിലയിരുത്തുന്നതുകൊണ്ടാണ്, ഒപ്പം അവിടെ കാണികള്‍ ശെരിയും തെറ്റും അളക്കുന്നു. കോടതി ശെരിയും തെറ്റും അളക്കാനുള്ളതല്ല ന്യായം അളക്കാനുള്ളതാണ്, അതുകൊണ്ട് തന്നെ വിധി ശെരിയുമാകുന്നു.


എന്നല്‍ എല്ലായിടത്തും കോടതികള്‍ വെറും ന്യായം നോക്കിയാല്‍ പോര മറിച്ച് ശെരി തെറ്റുകളും വിലയിരുത്തിയാവണം വിധിക്കേണ്ടത് പ്രത്യേകിച്ചും വിധിഫലവ്യാപ്തി നോക്കുമ്പോള്‍.

സേതുവിന്റെ കുടുംബവും കീരിക്കാടന്റെ കുടുംബവും മാത്രമാണ് പ്രസ്തുത വിധിവ്യാപ്തിയില്‍ വരുന്നത്. അതുകൊണ്ട് തന്നെ ന്യായം മാത്രം അളന്നാല്‍ തെറ്റൊന്നുമില്ല തന്നെ.


ഇത്രയും ഇവിടെ സൂചിപ്പിച്ചത് വരാനിരിക്കുന്ന(?) അലഹാബാദ് കോടതിയുടെ വിധി എങ്ങിനെയായിരിക്കണം എന്ന ഒരാഗ്രഹം പ്രകടിപ്പിക്കാനാണ്. വിധി ഏതെങ്കിലും ഒരു കൂട്ടര്‍ക്കേ അനുകൂലമാകൂ എന്നെങ്കില്‍ ആര്‍ക്കായിരിക്കുന്നതായിരിക്കണം എന്തുകൊണ്ട് എന്ന് വിലയിരുത്തുകയാണ്.

ആത്മാര്‍ത്ഥമായും വിധി ഹിന്ദു/ രാമജന്മഭൂമിക്ക് അനുകൂലമാകണം എന്നാണ്, വിധി പൂര്‍ണ്ണമായും സന്തോഷത്തോടെ ഇതരവിഭാഗം ഉള്‍ക്കൊള്ളുകയും വേണം. ഇതിന് പലകാരണങ്ങള്‍ ഉണ്ട്. ഒറ്റവാക്കിലുള്ള ഇതിനുള്ള ഉത്തരം എന്താണെന്നുവെച്ചാല്‍ ഞാന്‍ ഒരു മുസ്ലീം എന്നതുതന്നെയാണ്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാം മതത്തിനും കൃസ്തുമതത്തിനുമെല്ലാം ഇവിടെ ജനിക്കാനും വളരാനും കാരണമൊരിക്കിയത് ഇവിടത്തെ ഹിന്ദുക്കളുടെ വിശാലമനസ്കതകൊണ്ട് മാത്രമാണെന്ന വിശ്വാസക്കാരനാണ് ഞാന്‍. അന്നവര്‍ക്കുണ്ടായിരുന്ന വിശാലത പിന്നീട് കുറെ രാഷ്ട്രീയക്കാരാല്‍ ഒരു വിഭാഗത്തിന് നഷ്ടപ്പെട്ടതിന്റെ പരിണിതഫലമാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ച.

നാമമാത്രമായിരുന്ന ബി.ജെ.പി/ അനുബന്ധ വര്‍ഗ്ഗീയ വിഷരാഷ്ടീയപാര്‍ട്ടി ഇന്‍ഡ്യയില്‍ ഒരു ചെറിയ സമയം കൊണ്ട് വളരാനും ഇന്‍ഡ്യ ഭരിക്കാനും വരെ കാരണമായത് പ്രസ്തുത മസ്ജിദാണെന്നാണെന്റെ വിശ്വാസം.

ഇവിടെ തെറ്റ് അല്ലെങ്കില്‍ കൃത്യം ഒന്നുമാത്രമേയുള്ളു അത് ബാബറിമസ്ജിദ് തകര്‍ത്തതാണ്.

ന്യായം അടിസ്ഥാനപ്പെടുത്തുകയാണെങ്കില്‍, ബാബറി മസ്ജിദ് തകര്‍ത്തെന്ന 'കൃത്യം' ചെയ്ത മന്ദിര വിഭാഗത്തിനൊരിക്കലും അനുകൂല വിധികിട്ടാന്‍ പാടില്ല , കിട്ടില്ല എന്നാല്‍ , വിധിയുടെ വ്യാപ്തി ഉള്‍ക്കൊണ്ട്, ശെരിയും തെറ്റും വിലയിരുത്തി, ഇന്‍ഡ്യയുടെ ഭാവിയും മനസ്സിലാക്കി ഹിന്ദു/ മന്ദിരവിഭാഗത്തിന് അനുകൂലമായവിധിയാവണം ഉണ്ടാവേണ്ടത്.


വിധി ബാബര് മസ്ജിദിനനുകൂലമാണെങ്കില്‍, പള്ളി തകര്‍ത്ത കുറ്റം ചെയ്തവരെ മാത്രമല്ല, യാതൊരു തരത്തിലും നേരിട്ടുള്‍പ്പെടാത്ത, രാഷ്ട്രീയത്തിന് ചട്ടുകമായ ഒരു വലിയ വിഭാഗത്തേയും ബാധിക്കുന്നുണ്ട്.

എന്നാല്‍ വിധി മന്ദിരത്തിനനുകൂലമാണെങ്കില്‍, ബി.ജെ.പിയടക്കമുള്ള വര്‍ഗ്ഗീയതിമിരങ്ങളുടെ ഒരു വലിയ ചട്ടുകം നഷ്ടമാകും. അവരുടെ രാഷ്ട്രീയചട്ടുകമായ നല്ലൊരു വിഭാഗത്തിന് വീണ്ടുവിചാരമുണ്ടാകും ( ഓര്‍ക്കുക ബി.ജെ.പി ഒരു പാര്‍ട്ടിയായതും ഭരണത്തില്‍ വന്നതും പതിറ്റാണ്ടുകള്‍കൊണ്ടല്ല ഒരു ചെറിയ കാലയളവില്‍ നടത്തിയ വര്‍ഗ്ഗീയ വാദത്തിലൂടെയാണ്). മസ്ജിദ് തകര്‍ത്ത അന്നത്തെ മനസ്സല്ല അതില്‍ ഉള്‍പ്പെട്ട നല്ലൊരു ബിഭാഗത്തിനിന്ന്.

ഇനി ബാബര്‍ വാദികളുടെ കാര്യമാണെങ്കില്‍ ഇതൊരു നന്ദിപ്രകാശമായി കണക്കാക്കാം. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കാം. ഇതിലൊന്നും ഉള്‍പ്പെടാത്ത വല്ലിയൊരു സമൂഹത്തിന് ശെരിയും തെറ്റും നന്നായറിയാമെന്നിരിക്കെ, സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്ന മുസ്ലീമിന്റെ മതമെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കാനാവുന്നു.


വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള 'കൃത്യ'ങ്ങളെ വിലയിരുത്തുമ്പോള്‍ ന്യായാന്യാങ്ങളോടൊപ്പം ശെരിതെറ്റിനേയും പരിഗണിക്കണം. അല്ലാതെ ന്യായാന്യാങ്ങളേ മാത്രം അടിസ്ഥാനപ്പെടുത്തിയാല്‍ , അത് നടപ്പിലാക്കാന്‍ നട്ടെല്ലുള്ള സര്‍ക്കാരില്ലെങ്കില്‍ ഫലം ഭീകരമായിരിക്കും ആവര്‍ത്തനവും.

മറ്റൊരു പള്ളി പൊളിക്കാന്‍ ജന്മഭൂമിക്ക് കൂടുതല്‍ ത്രാണിനല്‍കുക ഇപ്പോള്‍ അനുകൂലവിധി ലഭിച്ചാലല്ല മറിച്ച് പ്രതികൂല വിധി ലഭിച്ചാലാണെന്നാനെന്റെ വിശ്വാസം.

ഒപ്പം ഒന്നുകൂടെ സൂചിപ്പിക്കട്ടെ, മസ്ജിദിന് അനുകൂല വിധി കിട്ടുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതാണ്. അതായത് ഏറ്റവും അവസാനമായിരിക്കണം ബാബര്‍ മസ്ജിദിന്റെ അനുകൂലമായ വിധി.


സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഭവിയിലെ മറ്റൊരാവര്‍ത്തനമാകും എന്ന് എത്രപേര്‍ക്ക് ചിന്തിക്കാനാവുന്നുണ്ട്?

Monday, September 13, 2010

ധിക്കാരിയായ അധ്യാപകന്‍

ഇതരജോലികള്‍ പോലല്ല അധ്യാപനം. അധ്യാപനം ഒരു ജോലിമാത്രമായി കൊണ്ടുനടക്കുന്നവരും അതുപോലെ അംഗീകരിക്കുന്നവരുമുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ എനിക്കവരോട് യോജിക്കാനാവില്ല.


ഒരു തലമുറയെ എല്ലാതലത്തിലും വാര്‍ത്തെടുക്കുന്നതില്‍ രക്ഷിതാക്കളേക്കാള്‍ ഒരു പക്ഷെ അധ്യാപകര്‍ക്കാവും കൂടുതല്‍ പങ്ക് എന്നതുതന്നെയാണ് അവരെ ഇതര ജോലികളില്‍ നിന്നും ഉന്നതിയില്‍ നിര്‍ത്തുവാനുള്ള കാരണം.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ അധ്യാപകര്‍ എല്ലാകാര്യങ്ങളിലും വളരെ സൂഷ്മാലുക്കളായിരിക്കണം. തന്റെ വ്യക്തിപരമായ ചിന്തകളോ നിലപാടുകളോ ഒന്നും തന്നെ അധ്യാപനം എന്ന പ്രൊഫെഷനനില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.

ഇത്രയും സൂചിപ്പിച്ചത്, ഒരു ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ ചോദ്യങ്ങളാല്‍ കൈ വെട്ടിമാറ്റപ്പെട്ട അധ്യാപകന്റെ പുതിയ തെറ്റായ നിലപാടുകള്‍ സൂചിപ്പിക്കാനാണ്.

പ്രസ്തുത ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു എന്നാണെന്റെ നിലപാട്. ആ ചോദ്യങ്ങള്‍ മുസല്‍മാന്‍ മാരെ വേദനിപ്പിച്ചു എന്നത് അര്‍ത്ഥമില്ലായ്മയാണെന്ന് വാദിക്കാന്‍ പലരുമുണ്ടാവും. പല തരത്തിലും വാദിക്കാം വിജയിക്കാം എന്നാല്‍ ഞാനടക്കം നല്ലൊരു കൂട്ടം ആളുകള്‍ പ്രസ്തുത ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടത് തന്നെയാണെന്ന പക്ഷക്കാരാണ്.

അതിനര്‍ത്ഥം ഒരു ചെറിയ കൂട്ടം ആളുകളെ എങ്കിലും ആ അധ്യാപകന്റെ പ്രവൃത്തിയില്‍ വേദനിച്ചിട്ടുണ്ട്. അതേ സമയം അതിനൊരു ശിക്ഷയായി കൈ വെട്ടിയതിനോട് ഒരിക്കലും യോജിക്കുന്നില്ലെന്ന് മാത്രമല്ല കാടത്തമായിപ്പോയെന്ന പക്ഷക്കാരനുമാണ്.

പുതിയ സംഭവം , അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടതാണ്. ശാരീരികമായും മാനസികമായും വളരെ ശിക്ഷ അനുഭവിച്ച അദ്ദേഹത്തോട് ഈ നിലപാടെടുക്കരുതെന്ന് പലരും കോളേജ് മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നുണ്ട്.

ചെയ്ത പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ചാല്‍ ഒരു പക്ഷെ തിരിച്ചെടുത്തേക്കാം എന്നിരിക്കെ , താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാപ്പ് ചോദിക്കാന്‍ പറ്റില്ലെന്നും അധ്യാപകന്‍ പറയുന്നതാണ് അദ്ദേഹം ചെയ്യുന്ന രണ്ടാമത്തെ തെറ്റ്.

ചിലകാര്യങ്ങള്‍ സ്വന്തം മനസാക്ഷിയെ മാത്രം ബോധിപ്പിച്ചാല്‍ പോര. തരവും തലവും അടിസ്ഥാനപ്പെടുത്തി പൊതുവിലും ബോധിപ്പിക്കേണ്ടതായിട്ട് വരും. ഒരധ്യാപകന്‍ ആരാണെന്ന് ശെരിയായാര്‍ത്ഥ ത്തില്‍ അദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കില്‍ മാപ്പ് ചോദിക്കാന്‍ രണ്ടാമതൊരു വട്ടം ആലോചിക്കേണ്ടിവരില്ലായിരുന്നു എന്നതാണ് സത്യം.

തന്റെ നിലപാട് ഒരു ചെറിയ സമൂഹത്തിന് വേദനയുണ്ടാക്കി എന്ന സത്യം മനസ്സിലാക്കുന്ന; അധ്യാപകന്‍ എന്നാല്‍ ആര് എന്ത് എന്ന് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്ന ഒരാളാണദ്ദേഹമെങ്കില്‍ മാപ്പ് പറയുക യാണ് ചെയ്യേണ്ടത് അല്ലാതെ

താന്‍ തെറ്റായിട്ടൊന്നും ചെയ്തില്ലെന്നും അതിനാല്‍ മാപ്പ് ചോദിക്കാനാവില്ലെന്നും പറയുന്നത് ധിക്കാരമായേ കണക്കാക്കാനാവൂ. അദ്ദേഹം ഒരധ്യാപകനല്ലായിരുന്നെങ്കില്‍ ( ഇതര ജോലിക്കാരനായിരുന്നെങ്കില്‍)നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമാവാം.

Sunday, September 12, 2010

വിഷമദ്യവും സര്‍ക്കാരും

ഈ കുറിപ്പ് വായിക്കുമ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം ചിലര്‍ ' ഇത്രക്ക് ക്രൂരനാണോ ഈയുള്ളവന്‍ ' എന്ന് സ്വയം ചോദിക്കുകയും പിന്നീട് മറ്റുള്ളവരോട് പങ്കുവെക്കുകയും ചെയ്തേക്കാം എന്നാല്‍ എന്താണ് ശെരി എന്ന് യാതൊരു മുന്‍‌ധാരണയോ മുന്‍‌വിധിയോ ഇല്ലാതെ, ഒരു രാഷ്ട്രീയ കെട്ടിടപാടുകള്‍ക്കും വിധേയമാകാതെ ഒന്ന് ചിന്തിക്കുക.
എന്റെ നാടിനടുത്തുള്ള കുറ്റിപ്പുറത്ത് വിഷ മധ്യം കഴിച്ച് കുറേ പേര്‍ മരിച്ചു എന്ന വാര്‍ത്ത എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിഷ മധ്യം ആണെന്നറിഞ്ഞല്ല പലരും അത് കുടിച്ചതും മരിച്ചതും, വീര്യം കൂടിയത് കഴിക്കാനുള്ള താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അതുണ്ടാക്കപ്പെടുന്നതാണ്.

പോലീസ് - എക്സൈസ് തുടങ്ങിയ മെഷിനെറി വേണ്ട സമയത്ത് വേണ്ടതുപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതുണ്ടാവുമായിരുന്നില്ല. ഇങ്ങനെ ഒരു വശത്ത് ന്യായീകരിക്കുമ്പോള്‍ , കള്ളത്തരത്തില്‍ ( ?) അറിഞ്ഞുകൊണ്ട് കൂടുതല്‍ വീര്യം കൂടിയ മദ്യം കഴിക്കാന്‍ ആളുണ്ടെന്നതും ഇതിനുള്ള കാരണമല്ലെന്നത് നമുക്കെങ്ങിനെ ഒഴിച്ചുനിര്‍ത്താവാനാവും?

കള്ള് എന്നത് ജീവിക്കാന്‍ അത്യാവശ്യം വേണ്ട ഒന്നല്ല, ആവശ്യവുമല്ല, അനാവശ്യമായ ഒന്നാണ്. അതുകുടിക്കുന്നവര്‍ കുടിക്കട്ടെ, അതിനുള്ള സ്വാതന്ത്ര്യം പണ്ട് ഗാന്ധി നേടിത്തന്നതാണല്ലോ! അതുകൊണ്ടുതന്നെ അതിനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സഹായത്തോടെത്തന്നെ ലഭ്യവുമാണ്.

മദ്യം കുടിക്കുന്നതുകൊണ്ട് ഒരാള്‍ക്കും എന്തെങ്കിലും ഗുണം ( കുടിക്കുന്നവനുള്ള ലഹരിയല്ലാതെ) ഉണ്ടെന്ന് കുടിക്കുന്നവര്‍ പോലും പറയില്ലാത്ത സ്ഥിതിക്ക് ഇതുപോലൊരു സംഭവത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ ലക്ഷങ്ങള്‍ സഹായം ചെയ്യുന്നതിലെ സാഗത്യം മനസ്സിലാവുന്നില്ല. ഇതുപോലുള്ള മരണങ്ങള്‍ എന്തര്‍ത്ഥത്തിലാണ് അപകടത്തില്‍ പോലുള്ളവയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും സഹായം ചെയ്യുന്നതെന്നതിന്റെ പൊരുളും മനസ്സിലാവുന്നില്ല.

വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളും ഇതുമൊക്കെ ഒന്നാണോ? ഞാനടക്കം ഓരോരുത്തരുടെയുമാണ് പൊതുഖജനാവ്, അതിതുപോലെ ദുരുപയോഗം ചെയ്യുന്നതില്‍ ഒരു പൗരന്റെ പ്രതിഷേധം കൂടിയാണിത്.

കേരളത്തിലെ ഒരു സിറ്റി ചുടാന്‍ വേണ്ട സ്ഫോടന വസ്ഥുക്കള്‍ കൊണ്ടുപോകുന്ന വാഹനം അപകടത്തില്‍ പെട്ട്, പൊട്ടിത്തെറിയില്‍ മരണപ്പെട്ട ഡ്രൈവര്‍ക്കും സാഹായിക്കും പത്തുലക്ഷം രൂപവീതം സര്‍ക്കാര്‍ കൊടുക്കുമെന്നതിന് സംശയം വേണ്ടല്ലോ അല്ലേ? അതുപോലെ കക്കാന്‍ കയറിയപ്പോള്‍ വീടിന്റെ മുകളില്‍ നിന്നും വീണ് കാല് മുറിഞ്ഞ കള്ളനോട് ലക്ഷം രൂപ ധനസഹായവും വികലാംഗ പെന്‍ഷനും ഉറപ്പിക്കാലോ അല്ലെ? ഇത് കേള്‍ക്കേണ്ട താമസം രണ്ടല്ല, ഒരു നാലെങ്കിലും കൊടുക്കാന്‍ പ്രതിപക്ഷം റക്കമെന്റേഷനും ചെയ്യുമല്ലോ! അല്ലെ?

സര്‍ക്കാര്‍ പൊതുഖജനാവ് പൊതുകനങ്ങളുടെതാണ് അതിനെ സൂക്ഷമമായും ന്യായമായും ഉപയോഗപ്പെടുത്തുന്ന പ്രതിനിധികള്‍ എന്നാണുണ്ടാവുക? സര്‍ക്കാരിന്റെ ഇതുപോലുള്ള പ്രവൃത്തികള്‍ ഭാവിയില്‍ " എന്തുചെയ്താലും സര്‍ക്കാര്‍ സഹായിക്കും " എന്ന തലത്തില്‍ ആളുകളെചിന്തിപ്പിക്കുകയും സമാന പ്രവൃത്തികളില്‍ പെടുന്നതിന് കുടുംബത്തില്‍ പോലും ന്യായീകരണം ലഭിക്കാനുള്ള ആയുധമാക്കുകയും ചെയ്യില്ലെ?

ഇതുപോലുള്ള സംഭവങ്ങളില്‍ സഹായിക്കരുതെന്ന് പറയാന്‍ ഞാനാളല്ല, പൊതു ഖജനാവില്‍ നിന്നും സഹായിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല.

Friday, September 03, 2010

ബ്രിട്ടാസേ ജഗതീ മോശം

പൊതുസമൂഹത്തില്‍ വ്യത്യസ്ഥരായവരെ വ്യക്തിയധിഷ്ടിതമായി സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് പ്രധാനമായും അഭിമുഖങ്ങള്‍ ചെയ്യുന്നതും ചെയ്യേണ്ടതും എന്നാണെന്റെ പക്ഷം. അഭിമുഖം കൊണ്ട് സമൂഹത്തിന് പലഗുണങ്ങളുള്ളതുപോലെതന്നെ അഭിമുഖം ചെയ്യപ്പെടുന്നയാള്‍ക്കും ഗുണങ്ങളുണ്ട്

അഭിമുഖം ചെയ്യുന്നയാള്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതയെപറ്റി പറയാന്‍ ഞാന്‍ ആളല്ല എന്നാല്‍ ഒരാളില്‍ നിന്നും എന്താണ് താന്‍ ചോര്‍ത്തിയെടുക്കേണ്ടത് എന്നതിനെപറ്റി നല്ല ബോധ്യമുള്ളയാളായിരിക്കണം, അങ്ങിനെയാവുമ്പോള്‍ സമയത്തിലധിഷ്ടിതമായി കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ അയാള്‍ക്കാവുകയും ചെയ്യുന്നു.

ടി.വിയിലൂടെ പല അഭിമുഖങ്ങളും കാണുന്നവരാണല്ലോ നമ്മള്‍, കഴിഞ്ഞ ദിവസം ബ്രിട്ടാസും ജഗതി ശ്രീകുമാറും തമ്മിലുള്ള ഒരഭിമുഖം കാണാനിടയായി. ബ്രിട്ടാസിന്റെ ചോദ്യങ്ങളും ജഗതി ശ്രീകുമാറ് നല്‍കിയ ഉത്തരങ്ങളും കേട്ടപ്പോള്‍ സത്യത്തില്‍ ആരാണ് കൂടുതല്‍ അധപതിച്ചവര്‍ എന്ന് തീര്‍പ്പിക്കാനായില്ല

മല്ലികാ സുകുമാരന്‍ ജഗതിയുടെ ആദ്യഭാര്യയാണെന്ന് ഞാന്‍ മനസ്സിലാക്കിയത് സുകുമാരന്റെ മരണത്തോടൊപ്പമായിരുന്നു, അതും ഒരു വാര്‍ത്തയുടെ ഭാഗമായിട്ട്. ഇക്കാര്യം നല്ലൊരു കൂട്ടം ആളുകള്‍ക്കുമറിയില്ല എന്നതും യാഥാര്‍ത്ഥ്യമാണ്

തീര്‍ച്ചയായും ജഗതിയുമായുള്ള ഒരഭിമുഖത്തില്‍ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്നതുമാണ്, എന്നാല്‍ ഒന്ന് കഴിഞ്ഞപ്പോള്‍ മറ്റൊന്ന് പിന്നീട് വീണ്ടും വീണ്ടും ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടാസ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു, വളരെ വാചാലനായി ജഗതി ഉത്തരവും!

മല്ലികാസുകുമാരനും ജഗതിയും തമ്മിലുള്ള ബന്ധം അവസാനിച്ചത് ഇന്നോ ഇന്നലെയോ അല്ല. സുകുമാരനുമായുള്ള ബന്ധത്തില്‍ മുപ്പതിലധികം വയസ്സുള്ള മക്കളുള്ള ഒരമ്മൂമ്മയാണവരിന്ന്. ഇത്രയും കാലപ്പഴക്കമുള്ള ഒരു കാര്യത്തെപറ്റി ഒന്നോ രണ്ടോ ചോദ്യങ്ങളില്‍ അവസാനിപ്പിക്കുന്നതിന് പകരം, തുടര്‍ച്ചയായി ബ്രിട്ടാസ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു

എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വിവാഹമോചനത്തിനുണ്ടായ സാഹചര്യങ്ങളും മറ്റും ഒരു പൊതുമാധ്യമത്തിലൂടെ വിവരിക്കപ്പെടുന്നത് ഇന്നത്തെ സമൂഹത്തിന് എന്ത് തരത്തിലാണ് ഗുണകരമാകുന്നതെന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം ബ്രിട്ടാസിന് നഷ്ടപ്പെട്ടതായി തോന്നി ചോദ്യങ്ങള്‍ കേട്ടപ്പോള്‍

അതൊക്കെ കാലങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയതല്ലെ ആ വിഷയം വിടാം " എന്നൊരു നിര്‍ദ്ദേശം ജഗതിയില്‍ നിന്നും ഉണ്ടാകാതിരുന്നത്, പൃഥ്വിരാജ് പിറക്കാതെ പോയമകനാണെന്ന് ' തോന്നിയിട്ടുണ്ടോ ? അങ്ങിനെ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളില്‍ ബ്രിട്ടാസിനെക്കൊണ്ടെന്നെത്തിച്ചു. പ്രസ്തുത ചോദ്യത്തിന്

ഒരു വികൃതിച്ചിരിയോടെ ജഗതിയുടെ മറുപടിയും ഒക്കെ കണ്ടപ്പോള്‍ എനിക്ക് തോന്നിയതിതാണ്

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു വിവാഹമോചനം ഇന്ന് ശസ്ത്രക്രിയ ചെയ്യുന്നതോടെ ആര്‍ക്കാണ് ലാഭം? ഇന്നത്തെ സമൂഹത്തിനെന്താണ് ഗുണം?
ബ്രിട്ടാസെന്ന സാമാന്യം ബോധമുള്ള ഒരു മാധ്യമപ്രവര്‍ത്തകനും ജഗതിയെന്ന പേരുകേട്ട സിനിമാനടനും ഇതിലെന്താണ് ഗുണം?