Friday, June 18, 2010

യൂണിയന്‍കാരായ അധ്യാപകര്‍

ലോകത്ത് എല്ലായിപ്പോഴും നമുക്ക് ഇഷ്ടമില്ലാത്ത സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു നമ്മള്‍ പലതും ശ്രദ്ധിക്കുന്നില്ല, ഇനി കണ്ടാല്‍ തന്നെയും അവയൊന്നും നമ്മളെ ബാധിക്കുന്നില്ലെന്ന മട്ടിലെടുക്കുന്നു.

സംഭവങ്ങള്‍ നമ്മുടെ സ്വന്തം നാട്ടിലാണെങ്കില്‍ ചെറിയൊരു വ്യത്യാസം കണ്ടേക്കാം എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങിനെയല്ല, അത് നമ്മളെ വിഷമിപ്പിച്ചുകൊണ്ടിരിക്കും.

ഇന്നലെ ബ്ലോഗിലെ ഒരു പോസ്റ്റ് വായിച്ചപ്പോള്‍ വല്ലാതെ രക്തം തിളച്ചു, എത്ര ശ്രമിച്ചിട്ടും തണുപ്പിക്കാനാവുന്നില്ല.

ഇട്ടാവട്ടം ബ്ലോഗില്‍ ആരെങ്കിലും എന്തെങ്കിലും എഴുതിയതിന് നമ്മുടെ രക്തം തിളക്കേണ്ടകാര്യമുണ്ടോ എന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം കാരണ മുണ്ട്,

റോട്ടിലൂടെ പോകുമ്പോള്‍ ഒരാള്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മാനസികമായി നിങ്ങളെ ഒരു പക്ഷെ അലട്ടിയെന്ന് വരില്ല കാരണം ഭ്രാന്തന്‍ മാര്‍ എന്തെല്ലാം ചെയ്യുന്നു എന്നാല്‍ നിങ്ങള്‍ക്ക് നല്ല അടുപ്പമുള്ള താത്പര്യമുള്ള ഒരാളാണെങ്കില്‍ തലം മാറുന്നു, അതാണിവിടേയും സംഭവിച്ചിരിക്കുന്നത്.

ഏറ്റവും താത്പര്യത്തോടെ വീക്ഷിക്കുന്ന ഒരു വര്‍ഗ്ഗമാണ് അധ്യാപകര്‍ എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മുടെയൊക്കെ മനസ്സിലുള്ള അധ്യാപകര്‍ ഇന്ന് തുലോ കുറവാണെന്നതാണ് സത്യം, ഒന്നുകില്‍ വെറും അധ്യാപകജോലിക്കാരായി അധ:പതിക്കുന്നു അല്ലെങ്കില്‍ രാഷ്‌ട്രീയക്കാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു.

ഒരധ്യാപകന് ഏറ്റവും അടിസ്ഥാനപരമായി ഉണ്ടാവേണ്ട ഗുണം കുട്ടികളെ കുട്ടികളായി മാത്രം കാണാന്‍ സാധിക്കണമെന്നതാണ്. കുട്ടിയുടെ രാഷ്ട്രീയത്തിന്റെ കളറോ, സാമ്പത്തിക അവസ്ഥയോ, മതമോ, ജാതിയോ കുലമോ യാതൊന്നും ഒരു തലത്തിലും തരത്തിലും അധ്യാപകനെ ബാധിക്കാന്‍ പാടില്ല.

കാര്യങ്ങളെ വിലയിരുത്തുന്നത് സ്വതന്ത്രമായിട്ടാവണം ഇതൊന്നുമല്ലാതെ, ഒരു രാഷ്ട്രീയ യൂണിയന്‍കാരും സങ്കുജിത മനസ്കരുമായ അധ്യാപകരുണ്ടാവുമ്പോള്‍ ഇതുപോലുള്ള പോസ്റ്റുകള്‍ ബ്ലോഗുകളില്‍ ഉണ്ടാവുന്നു മറ്റു പലയിടത്തും പലതും സംഭവിക്കുന്നു.

സി.ബി.എസ്.സി യില്‍ പഠിച്ചവര്‍ക്ക് വേണ്ടി കേരളയുടെ പ്ലസ്സ് ടു അഡ്മിഷന്‍ വൈകിക്കേണ്ടതില്ല എന്നതിനെ ന്യായീകരിക്കുന്നതാണ് പോസ്റ്റിലെ വിഷയം. ഈ നിലപാടിനോട് യോജിച്ച് കൊണ്ട് ബ്ലോഗില്‍ വേറെയും പോസ്റ്റുകള്‍ വന്നിട്ടുണ്ട്, അടിസ്ഥാനപരമായി എനിക്കും സന്തോഷത്തോടെയല്ലെങ്കില്‍ പോലും ഈ നിലപാടിനോട് വിയോജിപ്പില്ല.

അതിനുള്ള കാരണം പക്ഷെ സി.ബി.എസ്.സി സിലബസ്സില്‍ പഠിച്ചകുട്ടികളോടുള്ള പ്രതികാരനടപടിയുടെഭാഗമായിട്ടല്ല, മറിച്ച് സി.ബി.എസ്.സി.യില്‍ പഠിച്ച ഒരു ചെറിയ വിഭാഗത്തിന്റേയെങ്കിലും ഉദ്ദേശശുദ്ധിയും; (വരുന്ന എന്‍‌ട്രന്‍സ് പരീക്ഷയില്‍ പ്ലസ്സ് ടുവിന്റെ മാര്‍ക്കും പരിഗണിക്കും, കേരള പ്ലസ്സ് ടുവില്‍ മാര്‍ക്ക് വാരിക്കൊരികൊടുക്കും അതിനാല്‍ പ്രൊഫെഷണല്‍ കോഴ്സിനെളുപ്പം ചേരാം എന്ന ചിന്ത); ഒപ്പം തന്നെ ഔദാര്യം സ്വീകരിക്കുന്നതിനോടുള്ള താത്പര്യമില്ലായ്മയും കൊണ്ടാണ്.

എന്നാല്‍ ഈ പോസ്റ്റില്‍ ഈ നിലപാടിനെ ന്യായീകരിക്കാന്‍ സ്വീകരിച്ച ശൈലി നോക്കുക; സി.ബി.സെ.സി യില്‍ പഠിച്ച കുട്ടികലെ പണക്കാരായും കേരള സിലബസ്സ് പഠിച്ചവരെ പാവപ്പെട്ടവരുമായി സങ്കുചിതമായി വിഭജിക്കുന്നു, പിന്നീട് ഒട്ടകത്തിന് ഇടം കൊടുത്ത അവസ്ഥയുമായി താരദമ്യം ചെയ്യുന്നു.

ആരാണീ പാവങ്ങള്‍? എന്താണതിന്റെ നിര്‍‌വചനം? ആരുടെ മക്കളാണ് പണക്കാര്‍? ദളിതര്‍ക്ക്, നിശ്ചിതവരുമാനമില്ലാത്ത മുസ്ലീങ്ങള്‍‍ക്കും ഈഴവര്‍ക്കും ഒ.ബി.സിക്കുമെല്ലാം സം‌വരണമില്ലേ? ഞാന്‍ ഒരു 'പാവം' സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവനാണ്, ( അപ്പോ ഞാന്‍ പാവമാണ്), തുടര്‍ന്ന് എഞ്ചിനീയറിങ്ങും സര്‍ക്കാര്‍ കോളേജില്‍ ( അപ്പോ പിന്നെ മഹാ പാവമാണ്), പക്ഷെ എന്റെ മകള്‍ സി.ബി.എസ്.സിയാണ് അവള്‍ പണക്കരിയാണ് സംശയമില്ല!

ഏതൊരു വ്യക്തിയുടേയും ആഗ്രഹം തങ്ങളുടെ മക്കള്‍ നല്ല നിലയില്‍ വളര്‍ന്ന് പഠിച്ചുയരണമെന്നുതന്നെയാണ്, അതെനിക്കായാലും ഏതു രാഷ്ട്രീയക്കാരനായാലും. കേരള സിലബസ്സ് മൊശമെന്നെനിക്കഭിപ്രായമില്ല എന്നാല്‍ സി.ബി.എസ്.സി സിലബസ്സ് കേരളയെ അപേക്ഷിച്ച് കഠിനമാണ്, ഒപ്പം ഇംഗ്ലീഷ് ഭാഷക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഒരു കുട്ടിയെ കൂടുതല്‍ സ്വാധീനിക്കുക ബാല്യകാലത്തുള്ള അവന്റെ അധ്യായനകാലമാണ്. നിലവിലെ അവസ്ഥ എടുത്ത് നോക്കിയാല്‍ എന്തുകൊണ്ടും അവിടങ്ങളില്‍ സൗകര്യം കൂടുതലാണ്. അങ്ങിനെ പലതും അടിസ്ഥാനപ്പെടുത്തുമ്പോള്‍ സൗകര്യമുള്ളവര്‍ അവരുടെ കുട്ടികളെ അവിടേക്ക് പറഞ്ഞയക്കും.അതിനെ സങ്കുജിതമായി വിലയിരുത്തിയീട്ട് കര്യമില്ല. പക്കാ രാഷ്ട്രീയക്കാര്‍ക്ക് , അതും എന്നും പാവങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമുള്ള രാഷ്ട്രീയക്കാര്‍ക്ക് എങ്ങിനേയും അതിനെ വിലയിരുത്താം എന്നാല്‍ അതൊരധ്യാപകനാവുമ്പോള്‍ തലം മാറുന്നു.

പ്രസ്തുത പോസ്റ്റില്‍ സര്‍ക്കാര്‍ അധ്യാപകരുടെ കേമത്ത്വവും സി.ബി.എസ്.സി സ്വകാര്യ അധ്യാപകരുടെ കഴിവില്ലായ്മയും സൂചിപ്പിച്ചതുകണ്ടു അത്തരം ബാലിശമായതിനെയൊന്നും സൂചിപ്പിക്കുന്നില്ല, ഒപ്പം ഇഗ്ലീഷിനെയും ചെറുതായൊന്നു ഞൊണ്ടിയതും കണ്ടു, ഇത്തരം ഇടുങ്ങിയ ചിന്താഗതിയുള്ള അധ്യാപകജോലിക്കാരാണ് കേരളത്തിന്റെ ശാപമെന്നും സൂചിപ്പിച്ച് ബാക്കി വായനക്കാര്‍ക്ക് വിടുന്നു:

അടിക്കുറിപ്പ്:

ഇത് ഒരു വ്യക്തിയധിക്ഷേപമായി കാണാതിരിക്കുക, ഒരു നിലപാടിനോട് യോജിക്കാന്‍ അധ്യാപകരായവര്‍ ഒരിക്കലും ഉപയോഗപ്പെടുത്താന്‍ പാടില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച ഒരധ്യാപകന്റെ അല്ലെങ്കില്‍ അതുപോലെ ചിന്തിക്കുന്ന അധ്യാപകരുടെ ചിന്തയോടുള്ള ഒരു സി.ബി.എസ്.സി. പഠിച്ച കുട്ടിയുടെ പിതാവിന്റെ പ്രതികരണമാണ്, അധവാ പ്രസ്തുത ബ്ലോഗര്‍ ഒരു അധ്യാപകനല്ലെങ്കില്‍ ഈ പോസ്റ്റില്‍ ഖേദിക്കുന്നു: