Sunday, June 29, 2008

മതമില്ലാത്ത ജീവന്‍

' ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും '

ഏഴാം ക്ലാസ്സിലെ വിവാദ അധ്യായങ്ങള്‍ , പ്രത്യേകിച്ചും മതത്തെപ്പറ്റിയുള്ളത് വായിക്കുന്ന ഓരോരുത്തരും പറയുന്ന വാക്കുകള്‍.

ഒറ്റ നോട്ടത്തില്‍ വളരെ ശരിയാണ് മേല്‍ പറയുന്ന വാക്കുകള്‍ പക്ഷെ വായിച്ച് വിലയിരുത്തിയത് ചുരുങ്ങിയത് ഇരുപത്തഞ്ച് വയസ്സെങ്കിലും പ്രായമുള്ള , കാഴ്ചപ്പാടുകളുള്ള , പക്വതയുള്ളവരായ വ്യക്തികളാണെന്നതാണ് പ്രശ്നം.

അതായത് ഇത്തരം ഒരു ചിന്താഗതി ( മതത്തിന്‍‌റ്റെ അപ്പ്രസക്തി ) മനസ്സിലാക്കാനള്ള പ്രായമല്ല ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ളത്.

പ്രായമുള്ള ഒരു വ്യക്തി വായിച്ച് മനസ്സിലാക്കുന്നതുപോലെയല്ല കൊച്ചുകുട്ടികള്‍ വായിച്ച് മനസ്സിലാക്കുന്നത്. ഇന്നത്തെ സാമൂഹിക / രാഷ്ട്രീയ / മത സാഹചര്യങ്ങള്‍ അനുഭവിക്കുന്ന ഒരാള്‍ ,

' മതം ആവശ്യമില്ല '

എന്ന് പറയുന്നതും ,

മാനസിക പക്വതയില്ലാത്ത കുട്ടികള്‍ , വെള്ളം സ്പോഞ്ച് വലിച്ചെടുക്കുന്ന പോലെ മനസ്സുള്ള കുട്ടികള്‍ , മതമില്ല അല്ലെങ്കില്‍ മതത്തിന് പ്രസക്തിയില്ല എന്നും

' പഠി 'ക്കുന്നതിലാണ് അപകടം ഇരിക്കുന്നത്.

വലിയ വിദ്യാസമ്പന്നര്‍ എന്നൊക്കെ വിളിക്കാമെങ്കിലും , സാമൂഹികമായി പറയത്തക്ക പുരോഗമനമൊന്നുമില്ലാത്ത ഒരവസ്ഥയാണ് ഇന്ന് കേരളത്തില്‍ നില നിലവിലുള്ളത്.

മാത്രമല്ല മിക്ക കുടുമ്പങ്ങളും മത അടിസ്ഥാനമാക്കിയ ജീവിതമാണ് നയിക്കുന്നതും. വീട്ടിലെ ഇത്തരം അവസ്ഥയില്‍ നിന്നും സ്കൂളിലെത്തുന്ന കുട്ടി പഠിക്കുന്നത് ( മനസ്സിലാക്കുകയല്ല! ), മതം അത്ര അവശ്യമിലെന്നാണ് ( അത്യാവശ്യമുള്ളതാണോ / ആവശ്യമുള്ളതാണോ / അല്ലയോ എന്നതൊക്കെ പഠിപ്പിക്കുന്ന ആളെ അനുസരിച്ചിരിക്കുമെന്നത് വേറെ കാര്യം).

സ്വന്തമായി ഒരു കാഴ്ചപ്പാടുണ്ടാക്കാന്‍ മാത്രം പക്വതയില്ലാത്ത കുട്ടികളുടെ മനസ്സ് മാതാപിതാക്കളടേയും അധ്യാപകരുടേയും വിപരീത ആശയ സംഘട്ടനങ്ങള്‍ക്ക് വിധേയമാകുകയായിരിക്കും ഇതിന്‍‌റ്റെ ഫലം
മതത്തില്‍ കാര്യമില്ലെന്നതിനേക്കാളും ,

എല്ലാ മതങ്ങളും മനുഷ്യ നന്‍‌മക്കാണെന്ന് പഠിപ്പിക്കുകയും മതങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടാക്കാന്‍ വേണ്ട വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍‌പ്പെടുത്തേണ്ടിയിരുന്നു സത്യത്തില്‍ വേണ്ടിയിരുന്നത്.

" മതത്തെ അറിഞ്ഞ് മതത്തെ വേണ്ടെന്ന് വെക്കുന്നതും മതം ആവശ്യമില്ലെന്ന് പഠിക്കുന്നതും ഒന്നല്ല എന്നാണെന്റെ പക്ഷം. "

Thursday, June 26, 2008

മാമ്പൂവും മക്കളും

' എല്ലാ കണക്ക് കൂട്ടലും തെറ്റിയെടോ '


ഫോണില്‍ ദുബായില്‍ ജോലിചെയ്യുന്ന ബന്ധുവിന്‍‌റ്റെ ദുഖം കലര്‍ന്ന വാക്കുകള്‍. ഡിഗ്രിക്ക് പഠിക്കുന്ന മകന്‍ അവസാന വര്‍ഷപരീക്ഷയില്‍ തോറ്റതാണ് കാരണം.നാട്ടില്‍ പോകുമ്പോള്‍ മകനുള്ള വിസ കൊണ്ടു പോകാനും തിരിച്ചുവരുമ്പോള്‍ മകനെ ഒപ്പം കൊണ്ട് വരാനും ഒക്കെതീരുമാനിച്ചിരുന്നതിനാണ് പരീക്ഷയിലെ തോല്‍‌വി തുരങ്കം വെച്ചത്.

സപ്ലിമെന്‍‌റ്ററി പരീക്ഷക്കിരിക്കാവുന്നതല്ലെയുള്ളൂ ഒരു ചെറിയ കാലതാമസം അല്ലെ വരികയുള്ളു എന്ന എന്‍‌റ്റെ മറു ചോദ്യത്തിന് മുഴുനീള വിവരണമായിരുന്നു മറുപടി.ഇരുപത് കൊല്ലമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന അയാള്‍ , മകനെ ഇവിടെ കൊണ്ട് വന്ന് ഒരു ജോലിയാക്കിയതിനു ശേഷം നാട്ടില്‍ പോയി സ്ഥിര താമസമാക്കാനായിരുന്നു ഉദ്ദേശം.

'മകന്‍‌റ്റെ സഹായമില്ലാതെ അങ്ങിനെ ചെയ്തുകൂടെ?'

' മകനാണെന്‍‌റ്റെ സമ്പാദ്യം അവനിലാണ് ഞാന്‍ എല്ലാം മുടക്കിയിരിക്കുന്നത് '

' എല്ലാം ശരി , മകന്‍ തന്നില്ലെങ്കില്‍ എന്തുചെയ്യും? ആ ഒരു സാഹചര്യത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?'

ഒരു കൃത്യമായ മറുപടി അയാള്‍ക്കില്ലായിരുന്നു.

' ഇനിയുള്ള കാലം നാട്ടില്‍ കഴിയാനോ അല്ലെങ്കില്‍ അവിടെ ജോലിയെടുത്ത് ജീവിക്കാനോ പരസഹായമില്ലാതെ പറ്റുമെങ്കില്‍ അതു ചെയ്യുക അതായിരിക്കും ഉത്തമം അല്ലാതെ മകന്‍ നോക്കുമെന്ന പ്രതീക്ഷയില്‍ ഒന്നും ചെയ്യരുതെന്നാണെന്‍‌റ്റെ അഭിപ്രായം '

പുതിയ തലമുറയുടെ ഉത്തരവാദിത്വമില്ലായ്മയുടെ ഒരു വിവരണം കേട്ടപ്പോള്‍ പഴയ ഒരു സംഭവമായിരുന്നു മനസ്സില്‍ വന്നത്.പണ്ട് ഇയാള്‍ ഗള്‍ഫില്‍ പോരാന്‍ ഏജെന്‍‌റ്റിന് പണം കൊടുത്ത് തിരുവനന്തപുരത്ത് താമസിക്കുന്ന കാലം. ഇയാളുടെ പിതാവിന്‍‌റ്റെ വിഷമം കണ്ട് എന്‍‌റ്റെ അമ്മാവനുമായി തിരുവനന്ത പുരത്ത് പോയപ്പോള്‍ ആളെ കണ്ടുകിട്ടിയില്ല , അവസാനം വിശദമായ തിരച്ചിലില്‍ സിനിമാ തീയെറ്ററില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ അതു കണ്ട്നിന്ന പിതാവ് വാവിട്ടു കരഞ്ഞതൊക്കെ മറന്നോ എന്ന എന്‍‌റ്റെ മറു ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം.

************

മക്കളില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ ചെയ്യുക മാത്രമേ മാതാ പിതാക്കള്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണെന്‍‌റ്റെ അഭിപ്രായം.ഇത്തരം സഹായത്തില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസമാണ് , അതായത് ഏറ്റവും നല്ല വിദ്യാഭ്യാസം മക്കള്‍ക്ക് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്‍‌കുക.ഓരോ മക്കള്‍ക്കും വീടുണ്ടാക്കാനും മറ്റും നില്‍‌ക്കുന്നതിനുമുമ്പെ സ്വന്തം കാര്യങ്ങള്‍ മരക്കരുത്.

ഓരോ മനുഷ്യനും ഓരോ ഉത്തരവാദിത്വമുള്ളതുപോലെ അവര്‍ക്ക് ചെയ്യാനുള്ളതവര്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. സ്വന്തം മക്കളായാല്‍ പോലും അവരുടെ ഉത്തരവാദിത്വത്തില്‍ കൈകടത്തുന്നത് നല്ല് ഒരു പ്രവണതയല്ല.

മക്കളില്‍ നിന്നും തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷ ഇല്ലാത്ത കാരണത്താല്‍, തരുന്ന മക്കള്‍ തരാതിരിക്കുകയോ , പ്രതീക്ഷ വെച്ച് പുലര്‍ത്തിയാല്‍ തരാത്ത മക്കള്‍ തരികയോ ഇല്ല.ഓരോരുത്തര്‍ക്കുമുള്ളത് ഓരോരുത്തരും സ്വയം കണ്ടെത്തുകയാണ് ഉത്തമം. ഉമ്മ പറയും :

' മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് '

ഉപ്പ പറയും :

' എനിക്ക് തരേണ്ട എന്നോട് ചോദിക്കുകയും വേണ്ട നിങ്ങളുടെ പക്കല്‍ ഉണ്ടായാല്‍ മാത്രം മതി'

അതിനൊപ്പം തന്നെ ' നല്ല മക്കള്‍ക്ക് ഉണ്ടാക്കേണ്ടതില്ല , നല്ലവനല്ലാത്ത മക്കള്‍ക്കുണ്ടാക്കിയീട്ട് കാര്യവുമില്ല '

നമുക്ക് നമ്മുടെ മക്കള്‍ക്ക് പറ്റാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കാം ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ.

ബെന്യാമിന്‍‌റ്റെ പോസ്റ്റിനുള്ള കമന്‍‌റ്റ് - 2

തുടര്‍ച്ച
ബെന്യാമിന്‍‌റ്റെ ഈ പോസ്റ്റിനും പോസ്റ്റിനുമുള്ള എന്‍‌റ്റെ ഉത്തരങ്ങള്‍

5. യഥാര്‍ത്ഥ ഗള്‍ഫിനെ രേഖപ്പെടുത്തിയ രചനകള്‍ ഉണ്ടായിട്ടുണ്ടോ.? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌?

ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും അവയൊക്കെ ആഴമില്ലാത്ത - ഉപരിപ്ലവമായതാവാനേ തരമുള്ളൂ എന്നതുമാത്രമല്ല , കുടിയേറ്റം എന്നതൊഴികെ എന്തൊക്കെ സാഹചര്യങ്ങള്‍ ഉണ്ടായാലും ഭാവിലും എണ്ണത്തില്‍ രചനകളുടെ ആധിക്യമല്ലാതെ നിലവാരത്തില്‍ പറയത്തക്ക വ്യത്യാസം ഉണ്ടാകാനും തരമില്ല.
ഒരു സംസ്കാരവുമായി ബന്ധപ്പെട്ട ശക്തമായ രചനകള്‍ ഉണ്ടാവണമെങ്കില്‍ ആ സംസ്കാരവുമായി ആഴത്തില്‍ വൈകാരിക ബന്ധമുണ്ടാവേണ്ടതുണ്ട് ഒരാളുടെ അന്യതാബോധം എപ്പോഴും ഇത്തരം ആഴത്തിലുള്ള ബന്ധങ്ങളുണ്ടാകുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുകയേ ഉള്ളൂ.

കരാര്‍ തൊഴിലാളിയാണോ അല്ലയോ എന്നതിനേക്കാള്‍ , ഭാവിയില്‍ കുടിയേറ്റക്കാരനാകാന്‍ സാഹചര്യം ഉണ്ടോ ഇല്ലയോ എന്നതാണ് ആളുകളുടെ ഒരു സംസ്കാരവുമായുള്ള അന്യതാ ബോധത്തില്‍ മാറ്റം വരുത്തുന്നത്.

6.ലോകസാഹിത്യവായനയില്‍ മലയാളി പലപ്പോഴും മുന്നിലാണ്‌ എന്നാല്‍ അറബി സാഹിത്യം വായിക്കാന്‍ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ ഒട്ടും താത്‌പര്യം കാണിക്കുന്നില്ല. അറബി ഭാഷ നിര്‍ണ്ണയിക്കുന്ന ഒരിടത്ത്‌ ജീവിച്ചിട്ടും ഈ സാഹിത്യത്തിലേക്ക്‌ മലയാളി എത്താത്തതിന്റെ കാരണം എന്തായിരിക്കും?

ലോക സാഹിത്യവായനയില്‍ എന്നതിന് പകരം ഇംഗ്ലീഷ് ഭാഷയിലെഴുതിയ രചനകള്‍ എന്ന് പറയുന്നതാകും ഉത്തമം.

ഭാഷയോടുള്ള അടുപ്പമാണ് ആളുകള്‍ വായിക്കാനുള്ള പ്രധാന അടിസ്ഥാനം. മലയാളിക്ക് അറബി ഭാഷയോടുള്ള ബന്ധം തുടങ്ങുന്നത് അറബി രാജ്യത്ത് വന്നതിനു ശേഷമാണ് അതുകൊണ്ട് തന്നെ സംസാരഭാഷ എന്ന  തലത്തില്‍ നിന്നും അതു വളരുന്നില്ല ( അറബി കോളെജുകളും മുസ്ലിം സമുദായവുമായുള്ള ബന്ധം മറന്നല്ല ഇതു പറയുന്നത് ) പക്ഷെ ഇംഗ്ലീഷുമായി അതല്ല സ്ഥിതി.

7. മലയാളം അന്നം തരാന്‍ കഴിവില്ലാത്ത ഭാഷയാണെന്ന് പലരും പറയാറുണ്ട്‌. ദിനേന മൈഗ്രന്റായി മാറുന്ന ഒരു സമൂഹമായി കേരളം മാറവെ നമ്മുടെ മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും അതിജീവനം എങ്ങനെയായിരിക്കും..?

താങ്കളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതോടൊപ്പം ,വെറും അഞ്ഞൂറുവര്‍ഷത്തെ പഴക്കമുള്ള നമ്മുടെ ഭാഷ എത്രയധികം മാറ്റങ്ങളിലൂടെയാണ്‌ ഇവിടെ വരെയെത്തിയത്‌? പിന്നെങ്ങനെ ഇപ്പോഴത്തെ നിലയില്‍ അത്‌ തുടരണമെന്ന് നമുക്ക്‌ വാദിക്കാന്‍ കഴിയും.മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ ഭാഷാ വക്താക്കള്‍ തയ്യാറാവുന്നുണ്ടോ എന്നൊരു സംശയം മാത്രം.


11. പ്രവാസസാഹിത്യമാണോ ഡയസ്‌പോറ സാഹിത്യമാണോ അതോ കുടിയേറ്റക്കാരന്റെ സാഹിത്യമാണോ ഗള്‍ഫുകാരന്‍ എഴുതിക്കൊണ്ടിരിക്കുന്നത്‌..?

സാഹിത്യകാരെയല്ല എഴുതുന്ന ഗള്‍ഫുകാരനെയാണുദ്ദേശിച്ചതിനാല്‍,എഴുത്തുണ്ടാവുന്നത് മനസ്സിനെ ഉണര്‍ത്തുമ്പൊളാനെന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ഒരു ഗള്‍ഫുകാരനെ കൂടുതല്‍ മഥിക്കുന്നത് കേരളമെന്ന നാടുതന്നെയാണ് അതുകൊണ്ട് തന്നെ കൂടുതലും അതുമായി ബന്ധപ്പെട്ടുതന്നെകിടക്കുന്നു.

Wednesday, June 25, 2008

ബെന്യാമിനുള്ള കമന്‍‌റ്റ്

ബിന്യാമന്‍‌റ്റെ ഈ പോസ്റ്റില്‍ ചോദിച്ച ചോദ്യങ്ങളുടെ എനിക്കുള്ള ഉത്തരങ്ങളാണിവ , എന്‍‌റ്റെ മാത്രം അഭിപ്രായങ്ങളായതിനാല്‍ ഒരു പോസ്റ്റായിടുന്നു.

1. ഗള്‍ഫ്‌ ജീവിതത്തെ പ്രവാസമായാണോ കുടിയേറ്റമായാണോ താങ്കള്‍ വിലയിരുത്തുന്നത്‌. വിശദീകരിക്കുമല്ലോ.

ഗള്‍ഫ്‌ ജീവിതത്തെ കുടിയേറ്റമായി വിലയിരുത്താനോ കാണാനോ പറ്റില്ല പ്രവാസമായി കാണാനേ പറ്റൂ.
പ്രവാസത്തില്‍ കുടിയേറ്റം സാധ്യമാകുന്ന എന്തെങ്കിലും പ്രതീക്ഷയെങ്കിലും ഉണ്ടെകിലേ മാനസികമായെങ്കിലും ഒരാള്‍ക്ക് കുടിയേറ്റമെന്ന് തോന്നലുണ്ടാക്കാനാകൂ.

അതായത്‌ പ്രവാസം കുടിയേറ്റമായി മാറണമെങ്കില്‍ ആദ്യം വേണ്ടത്‌ കുടിയേറിയ രാജ്യം അതനുവദിക്കുമോ എന്നതാണ്. ഇതുവരെ ഒരു ഗള്‍ഫ് രാജ്യവും അങ്ങിനെ ഒരു കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടില്ല അതിനുള്ള സാഹചര്യം സമീപ ഭാവിലൊന്നും ഉണ്ടാകാനും പോകുന്നില്ല.
അതുകൊണ്ട്‌ തന്നെ ഗള്‍ഫില്‍ പോകാന്‍ മനസ്സില്‍ കരുതുന്ന ഒരാളുപോലും കുടിയേറ്റത്തെപ്പറ്റി സ്വപ്നം പോലും കാണില്ല.

അമേരിക്കയിലേക്കോ മറ്റോ പ്രവാസിയാവുമ്പോള്‍ നിബന്ധനങ്ങള്‍ക്ക് വിധേയമായിട്ടെങ്കിലും കുടിയേറാന്‍ അനുവാദം നല്‍‌കുന്നുണ്ട്. അതുകൊണ്ട്‌ തന്നെ മാന‍സികമായെങ്കിലും പ്രവാസിക്ക്‌ തുടക്കം മുതലേ കുടിയേറ്റക്കാരനാവാം എന്ന സ്വപ്നം കാണാനും അത് സഫലീകരിക്കാന്‍ പരിശ്രമിക്കാവുന്നതുമാണ്.

ഗള്‍ഫ് ജീവിതത്തില്‍ പ്രവേശിക്കുന്നതിനുപോലും മുമ്പെ ഒരാള്‍ക്ക് ഈ ചിന്തയാണ് ഒരു പരിധിയില്‍ കൂടുതല്‍ ഇവിടത്തെ സംസ്കാരവുമായി ഇഴുകിച്ചേരാന് പോലും അവനാവാതിരിക്കാന്‍ കാരണം.

3. ഗള്‍ഫിലേക്കു വന്ന ആദ്യ കുടിയേറ്റക്കരുടെ തലമുറകളില്‍ നിന്നെഴുത്തുകാര്‍ ഉണ്ടായില്ലെന്നു തന്നെ പറയാം. തീക്ഷ്‌ണാനുഭവങ്ങള്‍ ഉണ്ടായിരുന്ന ആ തലമുറ നമ്മുടെ സാഹിത്യത്തില്‍ അടയാളപ്പെടുക പോലുമുണ്ടായില്ല. ഇന്ന് ഗള്‍ഫില്‍ നിന്ന് ധാരാളം മുഖ്യധാരാ എഴുത്തുകാരുണ്ട്‌. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ലാവണ്യ പ്രശ്നങ്ങള്‍ എന്തായിരിക്കും..?

എഴുത്ത് കാരായ ആദ്യ കുടിയേറ്റക്കാരുടെ ( സ്ഥലം ഗള്‍ഫായതിനാല്‍ പ്രവാസികളുടെ എന്നാണുത്തമം) തലമുറകളില്‍ പെട്ടവരില്‍ നിന്നും തീക്ഷണാനുഭവങ്ങളുണ്ടായിട്ട് പോലും പോലും പറയത്തക്ക സൃഷ്ടികള്‍ ഉണ്ടാവാതിരിക്കാനുള്ള കാരണമെന്താണ്? ഇന്ന് ഗള്‍ഫില്‍ നിന്ന് ധാരാളം മുഖ്യധാരാ എഴുത്തുകാരുണ്ട്‌. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ലാവണ്യ പ്രശ്നങ്ങള്‍ എന്തായിരിക്കും?

ഇതുപോലെ ചോദ്യം മാറ്റുന്നതായിരിക്കും പ്രസക്തികൂട്ടുക കാരണം തീക്ഷ്ണ അനുഭവങ്ങള്‍ ഉണ്ടായാല്‍ മാത്രം എഴുത്തുകാരന്‍ ജനിക്കില്ല. അനുഭവത്തെ എഴുത്തിലൂടെ അവതരിപ്പിക്കാനുള്ള കഴിവുള്ളവനേ എഴുത്ത്‌കാരനവാനാകൂ.

എഴുത്തുകാരായ പണ്‍ടുള്ള പ്രവാസികളില്‍ നിന്നും സൃഷ്ടികളുണ്ടാകാതിരിക്കാന്‍ കാരണം സാഹചര്യത്തിന്‍‌റ്റെ സമ്മര്‍ദ്ദം ഒന്നുകൊണ്ട് മാത്രമാണെന്നാണ് തോന്നുന്നത്. മാത്രമല്ല വായനക്കാരനുണ്ടായാലല്ലേ എഴുത്തുകാരനുണ്ടാകൂ അത്തരത്തിലുള്ള പ്രതീക്ഷക്കുപോലും വകയില്ലാത്തതഅവഅം അതിനുകാരണം.

ഇന്നു പക്ഷെ അതല്ല സ്ഥിതി , സാഹചര്യത്തിന് മാറ്റം വന്നു , സമൂഹത്തിന്റെ വളര്‍ച്ച , സമാന ചിന്തകളുള്ളവരുടെ ആധിക്യം ഇതൊക്കെ എഴുത്തുകാരന് വളര്‍ച്ചയേകാന്‍ സഹായിച്ചു.

4. വലിയ മലയാളി സമൂഹത്തിന്റെ നടുക്ക്‌ അന്യനാട്ടില്‍ കഴിയാന്‍ പറ്റുന്നത്‌ എഴുത്തിനെ കൂടുതല്‍ സഹായിക്കുന്നുണ്ടോ..? ഗള്‍ഫിലെ എഴുത്തുകാര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്‌..? അല്ലെങ്കില്‍ അങ്ങനെ ഒന്നില്ലെന്നുണ്ടോ?

തീര്‍ച്ചയായും , സമൂഹത്തിന്‍‌റ്റെ വളര്‍ച്ചയില്‍ വായനക്കാരന്‍‌റ്റെ എണ്ണവും വര്‍ദ്ധിച്ചേക്കാം എന്നുള്ളതിനാല്‍ എഴുത്തുകാരന് പ്രതീക്ഷിക്കുക എങ്കിലും ചെയ്യാം അതു മാനസികമായെങ്കിലും എഴുത്തുകാരന്റെ വളര്‍ച്ചയെ സഹായിക്കും .

മുഴു- എഴുത്തുകാരന് ഗള്‍ഫില്‍ നിലനില്‍‌പ്പില്ലെന്നാണെനിക്ക് തോന്നുന്നത്. കാരണം എഴുത്തൊരു ഉപജീവിത മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്താന്‍ സാഹചര്യം ഇല്ല എന്നതുതന്നെ.

ഉപജീവനമാര്‍ഗ്ഗത്തിന് തൊഴില്‍ അത്യാവശ്യമാണ് , സ്വാഭാവികമായും ഒരേ ജോലി ഗള്‍ഫില്‍ ചെയ്യുന്നതും നാട്ടില്‍ ചെയ്യുന്നതും വ്യത്യാസമുണ്ട് കാരണം ഗള്‍ഫിലെ ജോലിയോടൊപ്പം സ്വന്തം ജോലികളും എഴുത്തുകാരന്‍ ചെയ്യെണ്ടിവരുന്നു അതുകൊണ്ട് തന്നെ സമയക്കുറവാണ് മറ്റൊരു പ്രധാന പ്രശ്നമായി ഞാന്‍ കാണുന്നത്.

Sunday, June 15, 2008

നീ നുണ പറയുകയാണ് !

" നീ നുണ പറയുകയാണ് ! "


കല്യാണ സദസ്സില്‍ കുറച്ച് പേര്‍ സംസാരിച്ചിരിക്കുന്നതിനിടെ ചെവിയില്‍ എന്തോ പറഞ്ഞ മകളെ കയ്യില്‍ പിടിച്ച് വശത്തേക്ക് മാറ്റി നിര്‍‌ത്തി. പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടി ജാള്യതയോടെ അവിടെ ഇരുന്നിരിന്ന ഓരോരുത്തരേയും നോക്കി , വീണ്ടും അയാളിലേക്ക് തിരിഞ്ഞു.

' സത്യം! '

അവിശ്വാസമായതിനാലാണെന്ന് തോന്നുന്നു കുട്ടി പറഞ്ഞത് അയാള്‍ ചെവി കൊണ്ടില്ല, ദേഷ്യത്തോടെ അവിടേ നിന്നും പോകാന്‍ പറഞ്ഞു. തല താഴ്ത്തി നിന്ന കുട്ടി പോകാതെ വിണ്ടും അയാളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു:

" അച്ഛനാണ് , ദൈവമാണ് സത്യം! "

സദ്യക്കുള്ള വിളി അച്ഛന്‍ - മകള്‍ തര്‍ക്കത്തിന് വിരാമമായി , എണീറ്റ് നടക്കുമ്പോള്‍ ഞാനാകുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു , എല്ലാവരുടെ മുമ്പിലും കള്ളിയായ , തന്‍‌റ്റെ സത്യത്തെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷവും മുഖത്ത് പ്രകടമായിരുന്നു.

******************

കുട്ടികള്‍ നുണ പറയുമ്പോള്‍ രക്ഷിതാക്കള്‍ പല രീതിയിലാണ് പ്രതികരിക്കുക , ചിലര്‍ മുകളില്‍ പറഞ്ഞത് പോലെ , ചിലര്‍ കുറച്ച് കൂടി കടന്ന ശിക്ഷകളിലേക്ക് , മറ്റ് ചിലര്‍ തീരെ പ്രതികരിക്കില്ല , ഇനി നാലമതൊരു കൂട്ടം വേറൊരു ശൈലി.

കുട്ടികള്‍ നുണപയുമ്പോളും സത്യം പറയുമ്പോളും അതതുപോലെ ഉള്‍‌ക്കൊള്ളണമെന്നതാണെന്‍‌റ്റെ മതം. അതായത് നൂറ് ശതമാനം കുട്ടി നുണ പറയുകയാണെന്ന് നമുക്ക് ബോധ്യമുണ്ടെങ്കില്‍ പോലും വിശ്വസിക്കണമെന്നര്‍ത്ഥം(പഠന വിഷയങ്ങളല്ല വിവക്ഷിച്ചതെന്ന് പറയേണ്ടതില്ലല്ലോ!).

കുട്ടി പറഞ്ഞത് സത്യമായിക്കൊള്ളട്ടെ / നുണയായിക്കൊള്ളട്ടെ ആദ്യം അത് സത്യമായിത്തന്നെ അംഗീകരിക്കുക തന്നെ വേണം. നൂറ് ശതമാനം നമുക്ക് ബോധ്യമുള്ള കാര്യം കുട്ടിയെ കഴിയുന്നതും ഉടന്‍ തിരുത്തന്‍ പാടില്ല മറിച്ച് മറന്നു തുടങ്ങുന്നോടൊപ്പമായിരിക്കണം അവതരിപ്പിക്കേണ്ടത്. കാര്യ ഗൗരവത്തിന്‍‌റ്റെ അളവനുസരിച്ച് മാറ്റങ്ങള്‍ ആവാവുന്നതാണ്.

പരാജയപ്പെടരുതെന്ന ഒറ്റ ആഗ്രഹത്തോടെയായിരിക്കും ഒരു കുട്ടി നുണപറയുക അതുകൊണ്ട് തന്നെ നുണപറയുന്ന ഒരുകുട്ടിയുടെ തലച്ചോറാണ് ആദ്യം പ്രവര്‍‌ത്തുക. തലച്ചോറിന്‍‌റ്റെ പ്രവര്‍‌ത്തനത്തിലുള്ള ആധിക്യം അവന്‍‌റ്റെ മനസ്സിന്‍‌റ്റെ പ്രവര്‍‌ത്തനത്തെ തടഞ്ഞു നിര്‍ത്തുന്നു അതായത് കുറ്റബോധം എന്നത് അവനില്‍ ആസമയത്ത് ഉണ്ടാക്കുന്നില്ല.

തന്‍‌റ്റെ നുണ യാതൊരു ബിദ്ധിമുട്ടുമില്ലാതെ കേട്ട ആള്‍ വിശ്വസിക്കുന്നതോടെ തലച്ചോറിന്‍‌റ്റെ ലക്ഷ്യം വിജയിക്കുന്നു സ്വാഭാവികമായും അതോടെ തലച്ചോര്‍ പിന്നോട്ടായുകയും ചെയ്യുന്നു. തലച്ചോര്‍ പിന്‍‌വാങ്ങുന്നതൊടെ മനസ്സിനെ മുന്നോട്ട് വരികയും തുടര്‍ന്ന് കുറ്റ ബോധം അവനില്‍ ജനിക്കുന്നു.

ഓരോ തവണ ഇങ്ങനെ നുണ പറയുയുകയും അത് ഒറ്റയടിക്ക് എതിര്‍പ്പുകളോ അദിശയങ്ങളോ ഇല്ലാതെ വിശ്വസിക്കപ്പെടുന്നതോടെ തന്‍‌റ്റെ നുണയെ വിജയിപ്പിച്ചെടുക്കാനുള്ള ആയാസം തലച്ചോറിന് കുറവയി വരുന്നു.ഇതാവട്ടെ മനസ്സിന്‍‌റ്റെ പ്രവൃത്തികൂട്ടുകയും ചെയ്യുന്നു അതായത് ഓരോ തവണ വിജയിക്കുമ്പോഴും അവന്‍‌റ്റെ കുറ്റബോധം കൂട്ടുന്നു.നുണയുടെ വിജയത്തില്‍ നിന്നും കിട്ടുന്ന സന്തോഷത്തേക്കാള്‍ കുറ്റബോധം അവനെ വേട്ടയാടുകയും സാവധാനം വന്‍ സ്വയം നുണപറയല്‍ നിര്‍ത്തുകയും ചെയ്യുന്നു.


മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതായത് നുണ കേട്ട ഉടനെ അത് വിശ്വസിക്കാതെവരുമ്പോള്‍ അടുത്ത തവണ നുണ പറയുമ്പോള്‍ കൂടുതല്‍ ശക്തമായാണവന്‍ നുണ പറയാന്‍ ശ്രമിക്കുക. ഇതാവട്ടെ ഓരോ തവണയും കൂടുതല്‍ ശക്തിപ്രാപിക്കാന്‍ കാരണമാകുന്നു. വളരെ കഷ്ടപ്പെട്ട് കിട്ടിയ വിജയം ( നുണയെ വിശ്വസിക്കുന്നത്) അവനെ കൂടുതല്‍ സന്തോഷവാനാക്കുന്നതോടൊപ്പം അടുത്ത നുണയെ വിശ്വസിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യുന്നു. തലച്ചോറിന്‍‌റ്റെ ഈ അധിക പ്രവൃത്തി മനസ്സിനെ അടുപ്പിക്കാതിരിക്കുന്നതോടെ കുറ്റബോധം അവനില്‍ ഉണ്ടാകുന്നുമില്ല.

പറയുന്നത് വിശ്വസിക്കുന്നതുപോലെത്തന്നെ കുട്ടികളെ ' സത്യം ' എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍‌തിരിപ്പിക്കണം എന്നാണെന്‍‌റ്റെ മതം , അതായത് സത്യം എന്ന വാക്കിന്‍‌റ്റെ സഹായമില്ലാതെത്തന്നെ പറയുന്നത് വിശ്വസിക്കാനുള്ള ത്രാണി ഓരോരുത്തര്‍ക്കും ഉണ്ടാവുന്നതോടെ കുട്ടികളില്‍ ആത്മ വിശ്വാസം കൂടുന്നു.


കുട്ടികളെല്ലാം നുണപറായാത്ത സത്യം എന്ന വാക്കുച്ചരിക്കാത്തവരായി വളരട്ടെ.

Thursday, June 05, 2008

എന്‍‌റ്റേയും കോപ്പിയടിച്ചു

എന്‍‌റ്റെ ഈ പോസ്റ്റ് സമ്മതമോ അറിവോ ഇല്ലാതെ ഇവിടെ വില്‍‌ക്കാന്‍ വെച്ചിരിക്കുന്നു. ബൂലോകത്തും ഇതിന്‍‌റ്റെ കറുത്ത കൈകള്‍ ഉള്ളതെന്ന് നിസ്സംശയം പറയാന്‍ പറ്റും. ഇതിനു പിന്നിലുള്ളവര്‍ ഓര്‍ക്കുക ഇതൊരു വെറും കോപ്പി റൈറ്റ് പ്രശ്നത്തിലേക്കല്ല നീങ്ങുന്നതെന്ന്. ഇതിന് കൊടുക്കേണ്ട വില വളരെ വലിയതായിരിക്കുമെന്നോര്‍മ്മിപ്പുന്നതോടൊപ്പം എത്രയും പെട്ടെന്ന് അവിടേനിന്നും നീക്കം ചെയ്യാനും ആവശ്യപ്പെടുന്നു.

I demand http://www.mazhathully.com/ to remove my article published in thier site to make money without my permission or knowledge immediately or strict action will be taken without any further notice.