Tuesday, February 23, 2010

പേരില്ല പോസ്റ്റ്!

പത്തുവര്‍ഷമായി എനിക്ക് യു.എ.യില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയീട്ട്, അന്നുമുതല്‍ സ്ഥിരമായി കാര്‍ ഡ്രൈവ് ചെയ്യുന്നു. ഈ കഴിഞ്ഞ നോമ്പ് വരെ നാല് വര്‍ഷം ദിവസവും മുന്നൂറ് കിലോമീറ്റര്‍ ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോകുന്നതും വരുന്നതും. ഇത്രയും കാലം ഒരൊറ്റ ആക്സിഡെന്റ് പോലും ഞാന്‍ യു.എ.യില്‍ ഉണ്ടാക്കിയിട്ടില്ല, നാട്ടിലും.

ഇന്ന് രാവിലെ മുന്നിലുള്ളവന്‍ ഒരിക്കലും പ്രതീക്ഷിക്കാതെ സഡ്ഡന്‍ ബ്രേക്കിട്ടു എന്റെ കാര്‍ അവന്റെ കാറിന്റെ പിന്നില്‍ ഇടിച്ചു. റോട് ടാറിടാത്തതായതിനാല്‍ ബ്രേക്കിട്ടെങ്കിലും വണ്ടി മുന്നിലേക്ക് തന്നെ നീങ്ങി ഇടിക്കുകയായിരുന്നു. പൂര്‍ണ്ണമായും തെറ്റ് എന്റേത്, സേഫ് ഡിസ്റ്റന്‍സ് എന്നത് ഓടിക്കുന്ന റോടിനെയും അടിസ്ഥാനപ്പെടുത്തി തീരുമാനിക്കേണ്ട ഒന്നാണല്ലോ!.

എന്തിനെയൊക്കെ കുറ്റം പറഞ്ഞാലും ആക്സിഡെന്റ് സംഭവിക്കുന്നതിന് നമ്മള്‍ തന്നെയാണ് ഒരു പരിധിവരെ കുറ്റക്കാര്‍ എന്നാണീ അനുഭവം എന്നെ പഠിപ്പിക്കുന്നത്. അത് സംഭവിക്കുന്നതിന് തൊട്ടുമുമ്പ് എന്റ്റെ ശ്രദ്ധപോയിരുന്നു എന്നെനിക്കുറപ്പാണ് , ഒരു പക്ഷെ ഇതിനുമുമ്പും പലപ്പോഴും ശ്രദ്ധപോയിട്ടുണ്ടായിരിക്കും മറ്റെന്തോ കാരണം കൊണ്ട് ഇതുപോലെ സംഭവിക്കാത്തതാവും! ഇനി ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുമോ ആ... അറിയില്ല! എന്തായാലും ആര്‍ക്കും ഒന്നും പറ്റിയില്ല, വണ്ടികളുടെ കേടുകള്‍ പൈസകൊണ്ട് ശെരിയാക്കാവുന്നതല്ലെയുള്ളൂ അത്രയും സമാധാനം.


ആയതിനാല്‍ വണ്ടി സ്ഥിരമായോടിക്കുന്നവരെ, എപ്പോ എങ്ങിനെ സംഭവിക്കുമെന്നറിയില്ല എന്നാല്‍ നിങ്ങള്‍ എപ്പോഴും ശ്രദ്ധാലുക്കളാകുക!

Monday, February 15, 2010

ഇന്‍ഡ്യന്‍ ബാങ്കുകളിലെ സെക്യൂരിറ്റി

സെക്യൂരിറ്റിയുടെ കാര്യത്തില്‍ ഇന്‍ഡ്യന്‍ ബാങ്കുകള്‍ വളരെ പിന്നിലാണെന്നാനെന്റെ അനുഭവം. ഒരു വ്യക്തിയുടെ അക്കൗണ്ട് നമ്പറും സിഗ്നേച്ചറും അറിയാമെങ്കില്‍ അയാളുടെ അക്കൗണ്ടില്‍ നിന്നും പണം അടിച്ചുമാറ്റാന്‍ വലിയ പണിയൊന്നുമില്ല.

എന്റെ പേരിലുള്ള ചെക്ക് മറ്റൊരാള്‍ക്ക് എന്റെ സൈന്‍ അറിയാമെങ്കില്‍ കാഷാക്കാം, ബാങ്കില്‍ ചെക്കുമായി വരുന്നവന്‍ ഞാനാണെന്ന് അവിടെ ഇരിക്കുന്നവര്‍ ഒരുതരത്തിലും പരിശോധിക്കുന്നില്ല. ഈ കര്യത്തില്‍ പിന്നേയും സഹിക്കാം കാരണം എന്റെ ചെക്ക് സൂക്ഷിക്കേണ്ടത് എന്റെ ചുമതലയാണ് എന്നാല്‍ ഒന്നാലോചിച്ചുനോക്കൂ, നിങ്ങള്‍ ബാങ്കില്‍ ചെന്ന് cash withdraw form എടുത്ത് പേയീയുടെ ഭാഗത്ത് ‍ self / amount ഉം എഴുതി എന്റെ ഒപ്പിട്ടാലും നിങ്ങളോട് ഒരുത്തനും അക്കൗണ്ട് ഹോള്‍ഡര്‍ ആണോ മുമ്പില്‍ പൈസക്ക് നില്‍ക്കുന്നതെന്ന് പരിശോധിക്കില്ല, പൈസയും വാങ്ങിപോരാം.

നാട്ടില്‍ ഒഴിവ് കാലത്ത് പലതവണ പല രീതിയില്‍ പണം എടുത്തപ്പോഴും ഒരിക്കല്‍ പോലും എന്റെ ഒരുതരത്തിലുള്ള ഐഡെന്റിറ്റിയും ആരും ചോദിച്ചിട്ടില്ല. ഒരിക്കല്‍ സ്ലിപ്പില്‍ സാമാന്യം നല്ലൊരു തുക എഴുതി കൊടുത്തപ്പോള്‍ ചോദിച്ചത്, ' നിങ്ങളുടെ തന്നെയല്ലെ അക്കൗണ്ട്?' എന്ന് മാത്രമാണ്!

ഈയിടെ ഞാന്‍ ബാങ്കില്‍ വിളിച്ചു, മാനേജരെ കണക്ട് ചെയ്യിപ്പിച്ച് , എന്റെ അക്കൗണ്ട് നമ്പര്‍ പറഞ്ഞു, പേരും അതിന് ശേഷം ഞാന്‍ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും മണിമണിയായി അദ്ദേഹം ഉത്തരം തന്നു!. അദ്ദേഹത്തിനെങ്ങിനെ അറിയാം ഞാനാണ് വിളിച്ചതെന്ന്?

യു.എ.യില്‍ ചെക്കുമായി ചെന്നാല്‍, അത് കാഷ് ചെക്കാണെങ്കില്‍ പോലും ഐഡെന്റിറ്റി കാണിച്ചാലേ പണം കിട്ടൂ മാത്രമല്ല മോബൈല്‍ നംബര്‍ കൊടുക്കുകയും വേണം. കൊടുത്ത ചെക്കിനൊപ്പം നമ്മുടെ ഐഡെന്റിറ്റിയുടെ കോപ്പിയും ബാങ്കിലുള്ളവര്‍ സ്റ്റാപ്പിള്‍ ചെയ്ത് സൂക്ഷിക്കും.

ഇന്‍ഡ്യന്‍ ബാങ്കുകള്‍ സെക്യൂരിറ്റി കാര്യത്തില്‍ ശ്രദ്ധചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! നമ്മുടെ അക്കൗണ്ടില്‍ നിന്നും ആരെങ്കിലും പൈസ അടിച്ചുമാറ്റിയാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ!

Saturday, February 13, 2010

ചൈനീസ് ചില്ലി ചിക്കന്‍

മിനിഞ്ഞാന്ന് ചൈനീസ് ന്യൂ ഇയര്‍ പ്രമാണിച്ച് പാര്‍ട്ടിയായിരുന്നു. മേശമേല്‍ നിരന്ന വിഭവങ്ങളില്‍ നോക്കുമ്പോള്‍ എന്തൊക്കെയോ ജീവജാലങ്ങള്‍ കണ്ണില്‍ നിറഞ്ഞു അതില്‍ ചൈനീസ് രീതിയില്‍ കരയുകയും നോക്കുകയും ചെയ്ത കോഴിയും ആടും ഉണ്ടായിരുന്നു.

ചിക്കന്‍ ചില്ലിക്ക് തൃശ്ശൂരിലെ ചൈന ഗേറ്റ് റെസ്റ്റോറന്റില്‍ കിട്ടുന്നതിനേക്കാള്‍ നല്ല സ്വാദുണ്ടായിരുന്നു. എന്നിട്ടും ചവച്ചരക്കുമ്പോള്‍ കോഴി ചനീസ് ശൈലിയില്‍(?) എന്നെ നോക്കിയപ്പോള്‍ സ്വാദെല്ലാം പമ്പ കടന്നു , ഒരു വിധത്തില്‍ വിഷമിച്ച് ചവച്ചരച്ചിറക്കി.

വലതു വശത്തിരുന്ന റെന്‍ 'ദിസ് ഈസ് ഗുഡ്' എന്നും പറഞ്ഞ വിളമ്പിയ മട്ടണ്‍ ഫ്രൈക്ക് ലബനീസ് സഫാദി റസ്റ്റോറെന്റില്‍ കിട്ടുന്ന മട്ടണ്‍ ചോപ്സിനേക്കാള്‍ നല്ല സ്വാദ്! ചവച്ചിറക്കുമ്പോള്‍ ചൈനീസ് ആട് എന്റെ മുന്നില്‍ നിന്ന് ചൈനയില്‍ കരഞ്ഞു , അതോടെ ആ സ്വാദും പോയി!

ഇടക്ക് ഒരു രസത്തിന് കറങ്ങിവന്ന് നിന്ന ചിക്കന്‍ കോണ്‍ സൂപ്പില്‍ സ്പൂണ്‍ ഇട്ടു, ഓ! ഇതാണ് സൂപ്പ്! എന്നാല്‍ അതിലെ കോണും ചിക്കന്‍ തരിയും ഒരുമിച്ചിരുന്ന് ചൈനീസ് ശൈലിയില്‍ എന്നെ തുറിച്ച് നോക്കി, സൂപ്പിന് വല്ലാത്ത കൈപ്പനുഭവപ്പെട്ടു.

ഇന്നലെ കാലികറ്റ് പാരഗണിലായിരുന്നു ഡിന്നര്‍, കോണ്‍ ചിക്കന്‍ സൂപ്പിനും ചിക്കന്‍ സിക്സ്റ്റിഫൈവിനും, കോഴിക്കറിക്കും , ചിക്കന്‍ സ്റ്റ്യൂ വിനും സ്വാദൊക്കെയുണ്ടായിരുന്നു. വേവ് സ്വല്പ്പം കുറഞ്ഞ ചിക്കന്‍ സിക്സ്റ്റിഫൈ ചവച്ചരക്കുമ്പോള്‍ പോലും ചിക്കന്‍ കരഞ്ഞില്ല ചിരിച്ചുമില്ല! ഞാനെല്ലാം അകത്താക്കി! യാതൊരു വിഷമവുമില്ലാതെ!

Tuesday, February 09, 2010

വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കുന്നവര്‍!

ദിവസവും ജബല്‍ അലിയിലെ താമസസ്ഥലത്തുനിന്നും അബുദാബിയിലുള്ള ഓഫീസിലേക്ക് നൂറ്റി ഇരുപത്തഞ്ച് കിലോമീറ്റര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പ്രധാനമായും സംഗീതവും മലയാളം റേഡിയോ ശ്രവിക്കലുമൊക്കെയാണ് പ്രധാന പറ്റിപാടി. ഈയിടെ മലയാളം റേഡിയോ ചാനലുകള്‍ കൂടിയിട്ടുണ്ട്. വല്ലപ്പോഴും ദുബായിലെ എഫ് എം കേള്‍ക്കുന്ന പരിപാടിയുണ്ട്.

എല്ലാ വര്‍ഷവും റേഡിയോയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് വിമാനയാത്ര സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ തവണ നാട്ടിലേക്കായിരുന്നു പോയതെന്നാണോര്‍മ്മ. ഇത്തവണ മലേഷ്യയിലേക്കോ മറ്റോ ആണെന്ന് തോന്നുന്നു നല്ല കാര്യം. ആഘോഷങ്ങള്‍ എപ്പോഴും നല്ലതുതന്നെ, അതില്‍ ശ്രോതാക്കളെ പങ്കെടുപ്പിക്കുന്നതും നല്ലത്. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന ചിലത് കാണുമ്പോള്‍ വിമര്‍ശിക്കേണ്ടത് റേഡിയോയെയാണോ അതോ മത്സരാര്‍ത്ഥികളെയാണോ എന്ന് എന്നെപ്പോലുള്ളവര്‍ക്ക് കണ്‍ഫ്യൂഷന്‍!

ഇതുപോലുള്ള ഒരു യാത്ര തരപ്പെടുത്തുമ്പോള്‍ ഫില്‍ട്ടെറിങ്ങ് തീര്‍ച്ചയായും വേണ്ടിവരും, അതിന് മാനദണ്ടം നിശ്ചയിക്കേണ്ടത് റേഡിയോയാണ്. സാമ്പത്തികബാധ്യതയുള്ളതിനാല്‍ അത് സ്വരൂപിക്കാന്‍ എസ്.എം.എസ് പോലുള്ള അംഗീകൃതമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനോടും വിയോജിപ്പില്ല. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ്, റേഡിയോയില്‍ നിന്നും വരുന്ന ഫോണ്‍ കാള്‍ സംബോധന ചെയ്യെണ്ടത് റേഡിയോയുടെ പേരിനൊപ്പം യാത്ര സ്ഥലവും മറ്റും പറഞ്ഞാവണം എന്നൊരു മാര്‍ക്കെറ്റിങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഒരു മത്സരാര്‍ത്ഥി പ്രസ്തുത വാചകം പറഞ്ഞത് കേട്ടപ്പോള്‍ കഷ്ടം തോന്നി.


അതിലെന്താണിത്രക്ക് ചൊടിക്കാന്‍ എന്ന് ചോദിക്കുന്നവര്‍ക്ക് പങ്കെടുക്കാം പങ്കെടുപ്പിക്കുന്ന റേഡിയോയുടെ പേരും വിളിച്ച് ഫോണ്‍ അറ്റെന്‍ഡ് ചെയ്യാം വേണമെങ്കില്‍ എല്ലയിപ്പോഴും ഏത് ഫോണ്‍ കാളിനും ഇതുപോലെ ചെയ്യാം!. ഇനി മറ്റൊരു കൂട്ടര്‍ ഒരിക്കല്‍ ഇതുപോലെ മറ്റൊരു പരിപാടി സംഘടിപ്പിച്ച്, എന്നും രാവിലെ മൂത്രം കുടിക്കണം അപ്പോള്‍ നിങ്ങള്‍ക്ക് അംഗത്വം കിട്ടും എന്ന് പറഞ്ഞാല്‍ അതു ചെയ്യാനും ആളുണ്ടാവും തീര്‍ച്ച കാരണം വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കാന്‍ തയ്യാറാള്ള ആളുകള്‍ ഉണ്ടെന്ന തിരിച്ചറിവാണല്ലോ ഇതുപോലുള്ളവക്കുള്ള പ്രചോദനമാകുന്നത്.

ചില ന്യൂസ് വായനക്കാര്‍!

ഇന്ന രാവിലെയുള്ള ന്യൂസ് വായന/ ഡിസ്കഷനില്‍ ആസ്ട്രേലിയയില്‍ പോകുന്ന ഡ്രെസ്സ് ഡിസൈന്‍, കുക്കിങ്ങ് പഠന വിദ്യാര്‍ത്ഥികള്‍ക്ക് അവിടത്തെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമയി ബന്ധപ്പെട്ട് റേഡിയോ ജോക്കി ഷാബു പറഞ്ഞത് ഇന്‍ഡ്യക്ക് തിരിച്ചടിയായെന്നാണ്!

പഠനം എന്ന പേരും പറഞ്ഞ് അന്യദേശത്ത് പാര്‍ട്ട് ടൈം ജോലിചെയ്യാനും സ്ഥിരതാമസമാക്കാനും ഉന്നം വെച്ച് പോകുന്ന കുറച്ച് ബാര്‍ബര്‍ പഠന വിദ്യാര്‍ത്ഥികള്‍ക്കും കുക്കിങ്ങ് പഠനവിദ്യാര്‍ത്തികള്‍ക്കും ആസ്ട്രേലിയ നിയന്ത്രണം വെച്ചതുകൊണ്ട് ഇന്‍ഡ്യക്ക് 'തിരിച്ചടി' എന്നൊക്കെ പറയുന്നത് തിരിച്ചടി എന്ന വാക്കിന്റെ അര്‍ത്ഥമറിയാഞ്ഞിട്ടോ അതോ ഇന്‍ഡ്യയെന്ന മഹാരാജ്യത്തെ മനസ്സിലാക്കാഞ്ഞിട്ടോ?

Sunday, February 07, 2010

ഗൂഗിളിനൊരു തുറന്ന കത്ത് ബ്ലോഗറിനും.

എന്റെ പൊന്നാര ചങ്ങായീ ഗൂഗിളേ, ഏത് കോത്തായത്തുകാരനും എത്ര മെയില്‍ ഐഡിയും തുടങ്ങാമെന്നുള്ള പരിപാടിയൊന്ന് നിര്‍ത്തൂ പ്ലീസ്!

കയ്യില്‍ പഞ്ഞികിട്ടിയാല്‍ കൂട്ടിക്കെട്ടി തലയിണവെക്കാനോ , കിടക്കയാക്കാനോ, പനിവന്നാല്‍ നെറ്റിയില്‍ വെള്ളം ഒഴിച്ച് വെക്കാനോ , ഊതിപറപ്പിച്ച് കളിക്കാനോ , വെള്ളം ഇറ്റിറ്റായി വായില്‍ ഒഴിക്കാനുമൊക്കെ ഉപയോഗിക്കുന്നവരാണെന്ന് തോന്നിയിട്ടാവും നിങ്ങള്‍ ഇതുപോലുള്ള സൗകര്യം കൊടുക്കുന്നതെന്ന് മനസ്സിലാക്കുന്നു എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി,

വലത്തെ അയല്‍‌പക്കത്തുള്ളവന്റെ കക്കൂസില്‍ മുക്കി ഇടത്തെ അയല്‍‌പക്കത്തുള്ളവന്റെ മൂക്കില്‍ വെക്കാന്‍ മുമ്പിലുള്ള അയല്‍‌ക്കാരനോട് പിന്നിലെ അയല്‍‌ക്കാരന്റെ പഞ്ഞി മോഷ്ടിക്കുവാന്‍ പഞ്ഞികൊടുക്കുന്നവരാണ് ഇന്നുള്ളവര്‍ എന്ന് തിരിച്ചറിയുക!

അതുകൊണ്ട് ദയവായി ഒരാള്‍ക്ക് എത്ര ഗൂഗിള്‍ അക്കൗണ്ട് വേണമെങ്കിലും തുടങ്ങാമെന്ന സൗകര്യം ദയവായി പിന്‍‌വലിച്ചാലും. ഒരാള്‍ക്ക് ഒരു ഐഡി, കൂടിയാല്‍ രണ്ട്. ഒരു ഐഡി തുടങ്ങാന്‍ ഇന്‍‌വിറ്റേഷന്‍ വേണമെന്ന് നിര്‍ബന്ധമാക്കിയാലും.ദിവസവും നൂറ് കണക്കിന് മലയാളം ബ്ലോഗ് ഐഡികള്‍ തുടങ്ങുന്നത് നിര്‍ത്തലാക്കാന്‍ അതേ ഒരു മാര്‍ഗ്ഗമായി ഞാന്‍ കാണുന്നുള്ളൂ.

സുന്ദര സ്വപ്നം!

ഒരു വ്യക്തിക്ക് ഒരു ജി.മെയില്‍ അക്കൗണ്ട് = ഒരു ബ്ലോഗര്‍ ഐഡി
ജി മെയില്‍ അക്കൗണ്ട് ഇന്‍‌വിറ്റേഷന്‍ കണ്ട്രോള്‍ഡ് റെജിസ്റ്റ്രേഷന്‍

ഹോ! ആലോചിക്കുമ്പോളേ കുളിര് കോരുന്നു! പക്ഷേങ്കില് ഇതൊക്കെ നടക്കുമോ?
നടപ്പിലാക്കിയാല്‍ ഗൂഗിളേ സത്യായിട്ടും അനക്ക് പുണ്യം കിട്ടും! ഞമ്മക്ക് ത്തിരി സമാധാനവും ;)