Thursday, August 20, 2009

വിക്കിയും കാടും പാമ്പും

ചില പോസ്റ്റുകള്‍ വായിച്ചാല്‍ അവിടെ കമന്റ് എഴുതാന്‍ തോന്നാറില്ല ഒന്നുകില്‍ നീളം കൂടും അല്ലെങ്കില്‍ പൊതുവായ ഒരു കമന്റായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് നെല്ലിക്ക ബ്ലോഗിലെ ഈ പോസ്റ്റ്.


ഒരു സ്വതന്ത്ര മാധ്യമം അല്ലെങ്കില്‍ ഇന്‍ഫോര്‍മേഷന്‍ സോഴ്സ് എന്ന നിലയില്‍ വിക്കിയില്‍ തെറ്റ് കാണുമ്പോള്‍ അത് തിരുത്താതെ എന്തിന് കുറ്റം പറയുന്നു എന്നാണ് പ്രസ്ഥുത പോസ്റ്റില്‍ ചോദിക്കുന്നത്.

മൂന്നോ നാലോ പേജുള്ള ഒന്നാണ് വിക്കിയെങ്കില്‍ കണ്ട തെറ്റ് തിരുത്തുന്നതുതന്നെയാണ് വേണ്ടത് എന്നാല്‍ എണ്ണമറ്റ പേജുകളുള്ള അല്ലെങ്കില്‍ ഡെപ്ത്തുള്ള ഒരു കടലായ വിക്കിയില്‍ ഒരാള്‍ എന്തെങ്കിലും ഒരു പീസ് ഒഫ് ഇന്‍ഫോര്‍മേഷന്‍ അറിയാനായിട്ട് തിരയുമ്പോള്‍ അതില്‍ ഒരു തെറ്റ് ശ്രദ്ധയില്‍ പെട്ടാല്‍ അത് തിരുത്തുന്നതിനല്ല പ്രൈമറി ഇമ്പോര്‍ട്ടന്‍സ് കൊടുക്കേണ്ടത് ' വിക്കിയില്‍ തെറ്റുണ്ട് ' എന്ന് വിളിച്ചുപറയുന്നതിന് തന്നെയാണ്.

ഒരാള്‍ കാണുന്ന തെറ്റ് അയാള്‍ തന്നെ തിരുത്തിയാലും ഇതര തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ ഇല്ലാതാവുന്നില്ല മാത്രമല്ല ഇതുപോലുള്ള അറിയീപ്പുകളിലൂടെ ചൂണ്ടിക്കാണിക്കലിലൂടെ സഹായം ലഭിക്കുന്നത് ആധികാരികമായും / റഫറന്‍സായും വിക്കിയിലെ ഡാറ്റ ചൂണ്ടിക്കാണിക്കുന്നവര്‍ക്കാണ്.

ഇതുപോലുള്ള അറിയീപ്പുകള്‍ ലഭിക്കുമ്പോള്‍ , യാതൊരു മാനദണ്ടവുമില്ലാതെ , ശ്രദ്ധിക്കാതെ വിക്കിയിലെ ഡാറ്റ റഫറന്‍സായും മറ്റും ചൂണ്ടിക്കാണിക്കുന്നവര്‍ പ്രസ്ഥുത ഡാറ്റയുടെ ആധികാരികത കൂടുതല്‍ ഉറപ്പിക്കാന്‍ ശ്രമിക്കും.

കാടിന്റെ ഉടമ കാട്ടില്‍ നല്ല പഴങ്ങളുണ്ട് , നദികളുണ്ട് പല ഔഷധ സസ്യങ്ങളുമുണ്ട് എന്ന് വിളിച്ചുപറയും എന്നാല്‍ കാട്ടിലൂടെ നടക്കുന്ന ഒരാള്‍ ഒരു പാമ്പിനെ കണ്ടാല്‍ അതിനെ തല്ലിക്കൊന്ന്, കാടിന്റെ ഉടമയുടെ ഒപ്പം ചേരുകയല്ല വേണ്ടത് , മറിച്ച് ' കാട്ടില്‍ പാമ്പുണ്ട് ' എന്ന് വിളിച്ചുപറയുക തന്നെയാണ് കാരണം ഇത്തരം ഒരറീയീപ്പ് കിട്ടുന്നതോടെ പിന്നീട് കാട്ടിനുള്ളില്‍ കയറുന്നവര്‍ ശ്രദ്ധിക്കും എന്നതുതന്നെ.

വിക്കിയില്‍ ചികയുന്നതിനിടെ ഒരു തെറ്റ് കണ്ടാല്‍; തെറ്റ് തിരുത്താനോ / വിക്കിയില്‍ തെറ്റുണ്ടെന്ന് വിളിച്ചുപറയാനോ ഉള്ളതില്‍ നിന്നും ഒറ്റ ഓപ്ഷനേ ഉള്ളുവെങ്കില്‍ ' വിക്കിയില്‍ തെറ്റുണ്ടെന്ന് വിളിച്ചുപറയുക ' എന്ന ഓപ്ഷന്‍ തന്നെയാവണം തിരഞ്ഞെടുക്കേണ്ടത്.

Monday, August 17, 2009

ആസിയന്‍ കരാര്‍ - രാഷ്ട്രീയവും ഗുണ്ടായിസവും

ആസിയന്‍ കരാറിനെയൊ ഇതര സ്വതന്ത്ര കരാറുകളുടെ ഗുണ ദോഷങ്ങളെപറ്റിയോ വിശകലം ചെയ്യാന്‍ ഞാന്‍ ആളല്ല. ഇത്തരം കരാറുകള്‍ വന്നാല്‍ എന്തൊക്കെയോ സംഭവിക്കും എന്നും പറഞ്ഞ് വാളെടുക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വന്ന ഒരു 'സാദാ' ആളിന്റെ ചിന്തകളാണ് ഇവിടെ പങ്ക് വെക്കുന്നത്.ഇന്ന് പ്രവാസിയാണെങ്കിലും ഒരു കര്‍ഷകന്റെ മകനായി ജനിച്ച എനിക്ക് ഭാവിയില്‍ കേരളത്തില്‍ ത്തന്നെയാണ് ജീവിക്കേണ്ടതെന്നതും കൂടി ചിന്തിക്കുമ്പോളാണ് എന്റെ ചിന്തകള്‍ക്ക് തീവ്രത കൂടുന്നതും.

ഇന്നത്തെ അനുഭവം വെച്ച് സ്വല്‍‌പ്പം കൃഷിയിടവും പറമ്പുള്ള ഞാന്‍ പോലും അടുത്ത വര്‍ഷം കൃഷി ചെയ്യില്ല കാരണം ഭീമമായ നഷ്ടം തന്നെ!. തുടര്‍ച്ചയായി വര്‍ഷത്തില്‍ മുപ്പതിനായിരത്തിലധികം രൂപ ചിലവാക്കിയ എനിക്ക് കിട്ടിയ വരുമാനം പരമാവധി എഴുനൂറ് രൂപയാണ്. ഇറക്കിയ പൈസയെങ്കിലും തിരിച്ച് കിട്ടുമായിരുന്നെങ്കില്‍ ഒരു പൊതുപ്രവര്‍ത്തനം എന്ന രീതിയിലെങ്കിലും ഞാന്‍ കൃഷി ചെയ്തേനെ.എല്ലാവരും പറയുന്ന ഒരു തമാശയുണ്ട് വിലക്കുറവാണ് കൃഷി നശിക്കാന്‍ കാരണമെന്ന്! ഒരാഴ്ത്തെ പച്ചക്കറി ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിവരുമ്പോള്‍ കീശ കാലിയാവുന്നത് ചിലവാക്കുന്നവനല്ലെ അറിയൂ.

പിന്നെ എന്താണ് കൃഷി നഷ്ടത്തിലാവാന്‍ കാരണം? കൂലി ഒടുക്കത്തെ കൂലി. യാതൊരു മാനദണ്ടവുമില്ലാത്ത അനുപാദമില്ലാത്ത കൂലി മാത്രമല്ല പണിക്ക് ആളെകിട്ടാത്തതുമൊക്കെയാണീ നഷ്ടത്തിന് ഞാന്‍ കാണുന്ന കാരണം. ഇനി ആളെ കിട്ടിയെന്ന് തന്നെ വെക്കുക എത്രപേര്‍ കൂലിക്കനുസരിച്ച് പണിയെടുക്കുന്നുണ്ട്?

ഒരു സുഹൃത്തിന്റെ അനുഭവം പറയട്ടെ, തെങ്ങില്‍ നിന്നും തേങ്ങ വീണ് തുടങ്ങിയിരിക്കുന്നു സ്ഥിരമായി തേങ്ങ ഇടുന്നയാള്‍ 'നാളെ, നാളെ' പറയാന്‍ തുടങ്ങിയീട്ട് കുറെയായി. പുറത്തുനിന്നും ആളെകൊണ്ട് വന്ന് തേങ്ങയിട്ടാല്‍ അതിന്റെ പുലിവാലറിയുന്നതിനാല്‍ വീഴുന്ന തേങ്ങ കൂട്ടിവെച്ചു. ഒരു മാസം കഴിഞ്ഞാണ് കക്ഷി വന്നതും തേങ്ങയിട്ടതും കാരണം, മൂപ്പര്‍ ഒരു പറമ്പില്‍ പരിപാടി കഴിച്ചാല്‍ നല്ല കൂലികിട്ടും അതു ചിലവായിട്ട് വേണ്ടേ!.

സ്വതന്ത്രകരാര്‍ പ്രാവര്‍ത്തികമായാല്‍ അമ്പതുരൂപ വിലയുള്ള വെളിച്ചെണ്ണ പത്തുരൂപക്ക് കിട്ടും( ഉദാഹരണമാണ് കൃത്യമല്ല). മലേഷ്യക്കാരന് പത്തുരൂപക്ക് കേരളത്തില്‍ വെളിച്ചെണ്ണ ഇറക്കുമതിചെയ്ത് വില്‍ക്കാം, കേരളക്കാരന് കേരളത്തില്‍ ഉണ്ടാകുന്ന കൊപ്ര ആട്ടിയാല്‍ അതിന്റെ വില അമ്പതുരൂപ. എന്തായിരിക്കും ഈ വ്യത്യാസത്തിന് കാരണം?( പൊതു വിപണിയില്‍ വില്‍ക്കുന്നതവിടെ നില്‍ക്കട്ടെ അതൊക്കെ വല്യ 'ചിന്തകര്‍' ബുദ്ധിജീവികള്‍ ചെയ്യുക)

മലേഷ്യക്കാരന്റെ കൂലി? പ്രവര്‍ത്തന ക്ഷമത? അവര്‍ മെഷിനറി ഉപയോഗിക്കുന്നത്? ലഭിക്കുന്ന തേങ്ങയുടെ ഗുണ നിലവാരം? അതെന്തോ ആവട്ടെ ഈ വ്യത്യാസത്തുക ആരുടെ തലയിലാണ് വരുന്നത്?
ഞാന്‍ സാധനം ഇത്ര വിലക്കുണ്ടാക്കും, നിങ്ങള്‍ അതു വാങ്ങിയേ തീരൂ, വിലകുറച്ചിട്ട് ഇവിടെ അരും വില്‍ക്കാമെന്നുകരുതേണ്ട , ഒരു ചെറിയ ഗുണ്ടായിസമല്ലെ ഇത്?

സ്വതന്ത്രകരാര്‍ വന്നാല്‍ കൃഷിക്കാര്‍ പട്ടിണി കിടക്കും ആത്മഹത്യ ചെയ്യും എന്നൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും കേരളത്തിലെ തൊണ്ണൂര്‍ ശതമാനം പേരും കൃഷിക്കാരാണെന്ന്. ഒരു ദിവസം തമിഴ്നാട് കേരള റോട് അടച്ചാല്‍ അന്ന് നിന്നു കേരളീയന്റെ ഭക്ഷണം, എന്നിട്ട് വലിയ വീമ്പ് പറയുന്നു.

തമിഴ്നാട് ഉഗാണ്ടയിലോ അന്റാര്‍ട്ടിക്കയിലോ ഒന്നുമല്ലല്ലോ നമ്മുടെ ഇന്‍‌ഡ്യയില്‍ അതും തൊട്ടടുത്ത സ്ഥലമല്ലെ പിന്നെ എന്തുകൊണ്ടാണ് അവിടെ കേരളത്തില്‍ നിന്നും വ്യത്യസ്ഥമാകുന്നത്? ഇതിനെ ന്യായീകരിക്കാന്‍ കുറെ ' ബൂര്‍ഷ്വാ' വാക്കുകള്‍ ഉണ്ടാകുമെന്നറിയാം ഒപ്പം മലയാളികള്‍ വിദ്യാഭ്യാസമുള്ള സ്വന്തം അവകാശത്തെപറ്റി ബോധമുള്ള പിന്നെ എന്തൊക്കെയുള്ള മഹാന്‍ മാരാണെന്നും!

സ്വയം പര്യാപ്തമായ ഒരു രാജ്യത്ത് വില്‍‌ക്കുന്നവനും വാങ്ങുന്നവനും എന്നും സംതൃപ്തനായിരിക്കും അതുകൊണ്ട് തന്നെ അവിടെ പുറത്തുനിന്ന് എന്തുവന്നാലും അവയൊക്കെ തിരസ്കരിക്കപ്പെടും അതേസമയം സ്വയം പര്യാപ്തമല്ലാത്ത ഒരു രാജ്യത്ത് എത്ര എതിര്‍പ്പുകളുണ്ടായാലും അവയൊക്കെ തരണവും ചെയ്യപ്പെടും.ഞാനുണ്ടാക്കുന്ന സാധനം ആളുകള്‍ വാങ്ങണമെങ്കില്‍ ഗുണനിലവാരമുള്ള സാധനം ചുരുങ്ങിയ വിലക്ക് എനിക്കുണ്ടാക്കാനാവണം അതാണ് ന്യായം.

അംബാസഡര്‍ കാറുകളും മഹീന്ദ്രയുടെ ജീപ്പും മാരുതി കാറും മാത്രം ഉണ്ടായിരുന്ന ഇന്‍‌ഡ്യയില്‍ ഇന്നെത്ര കാറുകളുണ്ട്? സ്വതന്ത്രകരാറുകള്‍ തന്നെയല്ലെ ഒരു 'വിധത്തില്‍' ( വിമര്‍ശിക്കുമ്പോള്‍ കൃത്യമായി വായിക്കാനപേക്ഷ!) സാന്‍ഡ്റോയും ടൊയോട്ടയും മറ്റിതര രാജ്യ കാറുകളും ഇന്‍‌ഡ്യയില്‍ വരാന്‍ കാരണം? എന്നിട്ടെന്തായി? മഹീന്ദ്രയും മാരുതിയും ഒക്കെ അടച്ചിട്ടോ? അവര്‍ പുതിയവ ഇറക്കി അപ്പോള്‍ ആര്‍ക്കാണ് ഗുണം ഉണ്ടായത്? തുടക്കത്തിലെ വിലയാണോ ഇന്ന് പുറം രാജ്യകാറുകള്‍ക്കുള്ളത്? കാറിന്റെ കാര്യം ഒരുദാഹരണമായി പറഞ്ഞെന്നുമാത്രം.

പേരില്‍ പോലും സ്വയം പര്യാപ്തമല്ലാത്ത കേരളത്തില്‍ നല്ലൊരു കൂട്ടം ജനങ്ങള്‍ക്ക് സന്തോഷം നല്‍കാനെങ്കിലും സ്വതന്ത്രവിപണന കരാറുകള്‍ സഹായിക്കും കാരണം എങ്ങോ കഷ്ടപ്പെട്ട് അധാനിച്ചുണ്ടാക്കിയ പണം കുറച്ചുപയോഗിച്ചവന് പലതും വാങ്ങാന്‍ പറ്റും. ലോകം ചെറുതാവുന്ന ഈ കാലത്ത് ഇന്‍‌ഡ്യക്ക് മാറിനില്‍ക്കാന്‍ പറ്റില്ല. ആരെന്തൊക്കെ പറഞ്ഞാലും കേരളം കൂടുതല്‍ കണ്‍സ്യൂമര്‍ സ്റ്റാറ്റസിലേക്ക് നീങ്ങും കാരണങ്ങള്‍ പലത്. അവ മനസ്സിലാക്കി അവ തിരുത്താന്‍ തയ്യാറെടുക്കുകയാണ് വേണ്ടത്.

സ്വതന്ത്രവിപണന കരാറുകളെ എതിര്‍ക്കുന്നതിന് മുമ്പ്, കേരളത്തില്‍ എത്രപേര്‍ കര്‍ഷകരാണെന്നും മറ്റുള്ളവര്‍ എത്രപേരാണെന്നും അനുപാദമായി ആര്‍ക്കാണ് നഷ്ടമെന്നും ചിന്തിക്കൂ. കേരളത്തില്‍ ഇന്നുള്ള എഞ്ചിനീയര്‍ / ഡോക്ടര്‍ കൃഷിയല്ലാതെയുള്ള കൃഷിക്ക് ഇത്തരം ഒരു കരാര്‍ വരുത്തുന്ന നഷ്ടവും ലാഭവും കണക്കാക്കി നഷ്ടം കുറക്കാനുള്ള മാര്‍ഗ്ഗമന്വേഷിക്കൂ അതൊരിക്കലും അതിനെ എതിര്‍ത്തായിരിക്കരുത് കാരണം അതിന്റെ ഗുണഭോക്താക്കളും ഉണ്ടെന്നതുതന്നെ.