Sunday, November 30, 2008

ഹോ! ബ്ലോഗൊരു സംഭവം തന്നെകെട്ട!

ഹമ്മ!

ഒരു യുദ്ധ പോസ്റ്റു വായിച്ചപ്പോള്‍ ലിങ്കോട് ലിങ്ക് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അവിടേനിന്ന് വേറൊരിടത്തേക്ക് ലിങ്കുകളില്‍ കിടന്ന് കറങ്ങിത്തിരിഞ്ഞു.

ബ്ലോഗിനെ വിപുലീകരിക്കാനുള്ള തത്രപ്പാടുകള്‍ , ബൂലോക പോലീസ് സ്റ്റേഷന്‍ , ബ്ലോഗില്‍ വരാന്‍ വേണ്ടി ആളുകള്‍ കഷ്ടപ്പെടുന്നത് , അതിനെ തരണം ചെയ്യാന്‍ ലീവെടുത്താളുകള്‍ മണിക്കൂറുകളോളം ക്ലാസ്സെടുക്കുന്നത് , നന്ദിപ്രകാശനം , ബ്ലോഗ് തുടങ്ങാനായി അക്കാദമി , ശില്‍‌പ്പ ശാലകള്‍ , അധികാരവികേന്ദ്രീകരണം(?) , സംഭാഷണങ്ങള്‍ , തെറി , പൂരപ്പാട്ട് , അടി ,കവിതകള്‍, ചവിട്ടിപ്പുറത്താക്കല്‍ ,മധ്യസ്ഥം അകത്താക്കല്‍ , യാചന , ചര്‍ച്ചകള്‍ ഓ!!!!!

ഓ ഇപ്പോഴല്ലെ പൂര്‍ണ്ണമായും മനസ്സിലായത് ഈ ബ്ലോഗെന്നാല്‍ ഒരു സംഭവം തന്നെയാണ് കെട്ട!

Saturday, November 29, 2008

എന്തിനാ വെറുതെ!

തൃശ്ശുരിലെ സില്‍‌ക്കുകളുടെ ഭീമന്‍ കടയാണ് സ്ഥലം.

തൈപ്പിക്കാന്‍ അര മണിക്കൂറെടുക്കുമെന്നറിയീച്ചിരുന്നതിനാല്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് സാധനങ്ങള്‍ എടുക്കാന്‍ ഞാന്‍ വീണ്ടും പ്രസ്ഥുത കടയില്‍ കയറി കൗണ്ടറില്‍ നിന്നിരുന്ന സ്ത്രീയോട് സാധനങ്ങള്‍ എടുത്ത് തരാന്‍ ആവശ്യപ്പെട്ടു. വാങ്ങിയ തുണികളും തൈപ്പിച്ച ബ്ലൗസുകള്‍ക്കും പകരം ലലനാമണി തന്നത് 15 രൂപയുടെ ഒരു ബില്ല്.

' ബില്ലെല്ലാം പൂര്‍ണ്ണമായും പേ ചെയ്തതാണല്ലോ നിങ്ങള്‍ക്ക് തെറ്റിക്കാണും സാധങ്ങള്‍ തരൂ ധൃതിയുണ്ട് '

ബ്ലൗസിനെടുത്ത തുണിക്ക് അളവ് കുറവായിരുന്നെന്നും , 10 c/m അധികം വീണ്ടും വേണമെന്നും അതിന്‍‌റ്റെ വിലയാണ് ഈ ബില്ലെന്നും അവര്‍ അറിയീച്ചു. അളവെടുത്തത് ഞാനല്ലല്ലോ നിങ്ങളുടെ ആളുകള്‍ തന്നെയല്ലെ? എന്ന മറു ചോദ്യം ചോദിച്ചെങ്കിലും അവര്‍ മറുപടിയൊന്നും പറഞ്ഞില്ല. പതിനാറായിരത്തി എഴുനൂറ് രൂപക്ക് സാധനം വാങ്ങിയ ഒരാളോട് പതിനഞ്ചുരൂപയുടെ അധിക ബില്ല് അതും അവരുടെ തെറ്റുകൊണ്ടുണ്ടായതിനെപ്പറ്റിയായിരുന്നു എന്‍‌റ്റെ ചിന്ത.

ധൃതിയുള്ളതിനാല്‍ പണമടച്ച് വീണ്ടും അവരുടെ അടുത്തേക്ക് വന്ന് റസീപ്റ്റ് കാണിച്ചുകൊടുത്ത് സാധനം തരാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ഞെട്ടിയത്.

അവര്‍ ബ്ലൗസ് തയിച്ചിട്ടില്ല ഇനിയും അര മണിക്കൂര്‍ കാത്ത് നില്‍‌ക്കണമെന്ന് , പൈസ കിട്ടാത്തതിനാലാണ് തയിക്കാതിരുന്നതെന്നുകൂടി അറിഞ്ഞതെനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.ഇത്തരത്തിലുള്ള നിരുത്തരവാദിത്വപരമായ പ്രവൃത്തി ഇതുപോലുള്ള ഒരു വലിയ കടയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നറീയീക്കുക തന്നെ വേണമെന്ന് തീരുമാനിച്ച ഞാന്‍ മാനേജറെ വിളിക്കാന്‍ ആവശ്യപ്പെട്ടു.

' മാനേജറെ വിളിച്ചിട്ടൊന്നും കാര്യമില്ല , ഡീ ..മയേ ..നീ .. സാറിനെ ഒന്ന് വിളിച്ചേ '
ലലനാമണിയുടെ സംസാരത്തില്‍ പുച്ഛവും കലര്‍ന്നതോടെ എന്‍‌റ്റെ ക്ഷമയും നശിച്ചുതുടങ്ങി.

വൃത്തിയായി വേഷവിധാനമുള്ള മാനേജര്‍ കാര്യങ്ങളെല്ലാം ലലനാമണിയില്‍ നിന്നും മനസ്സിലാക്കി. ക്ഷമാപണത്തോടെയുള്ള ഒരു വിശദീകരണം പ്രതീക്ഷിച്ച എന്നെ അയാളും വളരെ നിരുത്സാഹപ്പെടുത്തി.

' പതിനഞ്ചുരൂപക്ക് പതിനഞ്ചുരൂപ വേണ്ടേ , മത്രമല്ല പണി കഴിഞ്ഞ് നിങ്ങള്‍ പണം തന്നില്ലെങ്കിലോ? '

' ഇത്രയും രൂപക്കിവിടെനിന്നും വാങ്ങിയ സാധനങ്ങള്‍ നിങ്ങളുടെ പക്കല്‍ തന്നെയില്ലെ? പിന്നെന്തിന് ഭയക്കണം? '

എന്‍‌റ്റെ ദയനീയതയില്‍ നിന്നും കരകയറ്റാന്‍ ഞാന്‍ വീണ്‍ടും അയാള്‍ക്ക് ഏണി കൊടുത്തു അതയാള്‍ തട്ടിമാറ്റിക്കൊണ്ട് പിന്നേയും പല ന്യായീകരണങ്ങള്‍ കൊണ്ടുവന്നു ചുരുക്കത്തില്‍ എന്‍‌റ്റെ സമയ നഷ്ടമല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

നടന്നതെല്ലാം പറഞ്ഞപ്പോള്‍ സുഹൃത്തിന്‍‌റ്റെ കുറ്റപ്പെടുത്തല്‍:

ആദ്യം പൈസ കൊടുക്കാന്‍ ആരാ നിന്നോട് പറഞ്ഞത്?

ശരിയാ പൂര്‍ണ്ണമായി ലഭിക്കാതെ എന്തെങ്കിലും കാര്യത്തിന് പൈസ ആദ്യം മുഴുവന്‍ കൊടുത്തോ നഷ്ടപ്പെടുന്നത് കൊടുത്ത പൈസമാത്രമല്ല , പരിഹാസ്യനാവും , രക്ത മര്‍ദ്ദം കൂടും , ആവശ്യമില്ലാതെ ആളുകളുടെ ശകാരം കേള്‍ക്കേണ്ടിവരും ..എന്തിനാ വെറുതെ!

*****

ബാങ്ക് സ്റ്റേറ്റ് മെന്‍‌റ്റ് ഓണ്‍‌ലൈനില്‍ നോക്കുമ്പോഴാണ് ഇടക്കൊരു നൂറ് രൂപ ബാങ്കെടുത്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.A.T.M card annual fee ആയാണ് രൂപ എടുത്തിരിക്കുന്നത്. ഒന്നാമത് ATM Card തരാന്‍ ഞാന്‍ ബാങ്കിനോടാവശ്യപ്പെട്ടിട്ടില്ല കാരണം നാട്ടിലെ കാര്‍‌ഡ് ഉപയോഗിക്കാനാവുന്നത് വര്‍ഷത്തിലെ ഒരുമാസത്തെ വെക്കേഷനില്‍ മാത്രമാണ്.അതുമല്ല ഒരടിസ്ഥാന സര്‍‌വീസിന് ഫീ ചുമത്തുക എന്നത് ന്യായീകരിക്കാനായിട്ടെനിക്ക് തോന്നിയുമില്ല അതുകൊണ്ട് തന്നെ പ്രസ്ഥുത സര്‍‌വീസ് എനിക്കാവശ്യമില്ലെന്നും എടുത്ത ഫീ റിവേര്‍ട്ട് ചെയ്യണമെന്നും പറഞ്ഞ് ബാങ്കിന് കത്തെഴുതി.

ഒരുമാസമുപയോഗിച്ചാലും ഒരു വര്‍ഷമുപയോഗിച്ചാലും ഒന്നാണെന്നും വേണ്ടെങ്കില്‍ കാന്‍സല്‍ ചെയ്യാമെന്നും പക്ഷെ ഒരിക്കല്‍ എടുത്ത ഫീസ് തിരിച്ചെടുക്കാനാവില്ലെന്നും അറിയീച്ച ബാങ്കിന്‍‌റ്റെ മറുപടി എനിക്കംഗീകരിക്കാനായില്ല.

ഞാന്‍ ആവശ്യപ്പെടാതെ തന്ന സര്‍‌വീസാണിതെന്നും അതിനാല്‍ ഫീസ് ചുമത്താന്‍ പാറ്റില്ലെന്നും എടുത്ത ഫീസ് റിവേര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ട് വീണ്ടും കത്തെഴുതിയെങ്കിലും അവക്കൊന്നും മറുപടിവന്നില്ല.

റിമൈന്‍‌ഡര്‍ രണ്ട് തവണ അയച്ചിട്ടും മറുപടിവരാതിരുന്നപ്പോള്‍ മാനേജറുമായി ഫോണില്‍ ബന്ധപ്പെട്ടു , സ്വല്‍‌പ്പം ഭീഷണിയൊടെത്തന്നെ സംസാരിച്ചപ്പോള്‍ പൈസ ക്ഷമാപണത്തോടെ റിവേര്‍ട്ട് ചെയ്തു.

വാല്‍‌കഷ്ണം:

നൂറ് രൂപക്ക് വേണ്ടി നാല്‍‌പ്പത് ദിര്‍‌ഹംസ് ടെലിഫോണ്‍ വിളിച്ച്
കളഞ്ഞു പക്ഷെ ബാങ്ക് മാനേജറെ ഡീസന്‍‌റ്റായിട്ട് തെറിവിളിക്കാനായി എന്ന ഒരു ലാഭം മാത്രം :)

Thursday, November 20, 2008

എങ്ങിനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതിരിക്കുക?

വണ്‍ ബെഡ്റൂം ഫ്ലാറ്റ്‌ വില്‍‌ക്കാനുണ്ടെന്ന പരസ്യം കണ്ടാണത്രെ ഒപ്പം ജോലിചെയ്യുന്നവന്‍ പരസ്യം കൊടുത്തവനുമായി ഫോണില്‍ ബന്ധപ്പെട്ടത്‌. വില 750,000/- ദിര്‍ഹംസ് ചെറുതായൊന്ന് പിശകിയെങ്കിലും നടന്നില്ല. ഒരാഴ്ചക്കകം അഡ്വാന്‍സ്‌ ചെക്കുമായി വരാമെന്ന് പറഞ്ഞ് തിരിച്ച് പോന്നു. രണ്ട് ദിവസം കഴിഞ്ഞ് പ്രസ്തുത പ്രോജെക്ടിന്‍‌റ്റെ മൂല വില അറിയാന്‍ ഡവലപ്പറുമായി ബന്ധപ്പെട്ടു , വളരെ കുറവാണെങ്കില്‍ അവസാന പിശകല്‍ , അതായിരുന്നു ഉദ്ദേശം. ബില്‍‌ഡിങ്ങും അപാര്‍ട്ട്‌മെന്‍‌റ്റും അറിഞ്ഞപ്പോള്‍ ഡവലപ്പറുടെ മറുപടി , ഇന്നത്തെ റേറ്റ് ഒന്നര മില്യണ്‍ ആണെന്ന് , അതായത് ഇരട്ടി.


ഒരാഴ്ചക്കൊന്നും നില്‍‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും , വില്‍‌ക്കുന്നവന്‍ ഈ വില അറിയുന്നതിന് മുമ്പെ കാര്യം നേടാനും വേണ്ടി പിറ്റേന്ന് തന്നെ ചെക്കുമായി പോകാന്‍ തീരുമാനിച്ചു. എവിടെ വരണമെന്നന്വേഷിക്കാന്‍ അയാളെ വീണ്ടും ഫോണില്‍ വിളിച്ചു:

' ഇല്ല താങ്കള്‍ വരേണ്ട , വില കൂട്ടി '

' എത്ര കൂട്ടി ? '

' ഒന്നര മില്യണ്‍ '

' പ്ലീസ് നമ്മള്‍ മൂന്ന് ദിവസം മുമ്പെ തീരുമാനിച്ചത് എഴുനൂറ്റമ്പതിനായിരത്തിനല്ലെ , ഒന്നഡ്ജസ്റ്റ് ചെയ്യൂ '

' ഇല്ല വില്‍‌ക്കുന്നില്ലെന്ന് തീരുമാനിച്ചു '

' ശരി ഒന്നരയെങ്കില്‍ ഒന്നര എവിടെ വരണം ? '

നല്ല ഇഷ്ടമായതിനാലും മറ്റു മാര്‍ഗ്ഗമില്ലാത്തതിനാലും സുഹൃത്ത് അപാര്‍ട്ട്‌മെന്‍‌റ്റ് വാങ്ങിക്കാമെന്ന് തന്നെ തീരുമാനിച്ചു.

' ഇല്ല വില്‍‌ക്കുന്നില്ലെന്ന് പറഞ്ഞില്ലെ '

'നിങ്ങള്‍ പറയുന്ന വില തരാം വില പറയൂ '

'ഇല്ല വില്‍‌ക്കുന്നില്ല! '

വില ഇനിയും കൂടുമെന്നുറപ്പുള്ള ആ അത്യാഗ്രഹി ഫോണ്‍ കട്ട് ചെയ്തു , നിങ്ങള്‍ തന്നെ പറയൂ എങ്ങിനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതിരിക്കുക?

Monday, November 10, 2008

അവനവന് പറ്റുന്ന ബന്ധം നോക്കിയാല്‍ പോരേ!

ബെര്‍ണോലിസ്‌ തിയറം ഉണ്ടാക്കിയപ്പോള്‍ ഡാനിയേല്‍ ബെര്‍‌ണോളി അത് വരും തലമുറകള്‍ ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെടുത്തുമെന്നൊരിക്കലും ചിന്തിച്ചിട്ടുണ്ടായിരിക്കില്ല. അതുപോലെത്തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളില്‍ ഒന്നായ ചക്രത്തിന്‍റ്റെ കാര്യവും ,സൈക്കിള്‍ മുതല്‍ ജനറേറ്റര്‍ വഴി മുന്നിലിരിക്കുന്ന കമ്പ്യൂട്ടര്‍ തണുപ്പിക്കാനുള്ള ഫാന്‍ വരെ അതുകൊണ്ടുണ്ടാക്കുന്നു.

ഡാനിയേല്‍ കേരളത്തിലായിരുന്നു ജീവിച്ചതെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കയാണിപ്പോള്‍ .

വിഡ്ഡിയായ ഒരുത്തന്‍ ഒരാവശ്യവുമില്ലാത്ത ഒരു തിയറിയും കൊണ്ടുവന്നിരിക്കുന്നു ,

കപ്പയും മീന്‍കറിയും ഉണ്ടാക്കാന്‍ എന്തിനാണ് ഹേ ബെര്‍ണോലിസ്‌ തിയറി?

വേഗത കൂടിയാല്‍ മര്‍ദ്ദം കുറയുമത്ര ആയിക്കോട്ടെ അതിന് നമുക്കെന്താ ? അതുകൊണ്ടെന്ന് കാര്യമാണു നടക്കാന്‍ പോകുന്നത്?ആവശ്യമില്ലാത്ത ഇത്തരം പരിപാടികള്‍ക്ക് സമയം കളയുന്നതിന് പകരം നാല് വാഴവെച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക്‌ തിന്നാന്‍ പഴമെങ്കിലും കിട്ടുമായിരുന്നു ശുംഭന്‍!

മകളെ കല്യാണം കഴിക്കുന്ന ചെക്കന് നല്ല ജോലിയും നല്ല സ്വഭാവവും നല്ല കുടുംബവും , എന്തുകൊണ്ടും തന്‍റ്റെതില്‍ നിന്നും നല്ല അവസ്ഥയിലുഉള്ളവനുമായിരിക്കണം എന്ന് അതിയായാഗ്രഹിക്കുന്ന അച്ഛന്‍ , തന്നെക്കാള്‍ സാമ്പത്തികമായി കുറവുള്ള അയല്‍ വാസിയുടെ മകള്‍ക്ക് നല്ലൊരു ചെക്കനെ കിട്ടിയാല്‍ പറയുന്നത് ,


' എന്തിനാ അവന്‍ ഇത്രയൊക്കെ കഷ്ടപ്പെട്ട് ആ പയ്യനെ തേടിയത് ? അവനെ വേണ്ട വിധം സല്‍‌ക്കരിക്കാനൊക്കെ ആവുമോ? അവനവന് പറ്റുന്ന ബന്ധം നോക്കിയാല്‍ പോരേ!

എന്നായിരിക്കും '

പട്ടിണിക്കാരനായ അയല്‍‌വാസിയെപ്പറ്റി ഒരിക്കല്‍ പോലും ആകുലപ്പെടാത്ത, സുഭിക്ഷമായി മറുനാട്ടില്‍ ജീവിക്കുന്നവന്‍ , നാട്ടില്‍ ഓണം നന്നായിട്ടാഘോഷിക്കുന്നത് കണ്ടാല്‍ വ്യാകുലപ്പെടും.

' അവന്‍ ഒരോണത്തിനിത്രക്ക് പണം ചിലവാക്കി ആഘോഷിക്കേണ്ട വല്ല കാര്യവുമുണ്ടോ? , ഓണം കഴിഞ്ഞാല്‍ അവനെന്ത് ചെയ്യും '

മലയാളിയുടെ പരമ്പരാകത വിമര്‍ശന ശൈലി വിലയിരുത്താന്‍ കാരണം ഈയിടെ പൂര്‍ണ്ണ വിജയത്തോടടുക്കുന്ന ചാന്ദ്രയാനുമായി ബന്ധപ്പെട്ടും ഉണ്ടായതാണ്. ഇവിടെ പക്ഷെ രണ്ട് വിഭാഗത്തിലുള്ളരാണ് പ്രധാന വിമര്‍ശകര്‍.

ഇതിനേക്കാള്‍ പ്രധാനപ്പെട്ടമറ്റുകാര്യങ്ങള്‍ ഉണ്ടെന്നും , പട്ടിണി മാറ്റലാണ് മുഖ്യമെന്നും , പട്ടിണികിടക്കുന്നവരില്‍ ഇതിന്‍‌റ്റെ ഗുണമെത്തുന്നില്ലെന്നും , പാവപ്പെട്ട ജനസമൂഹത്തെ കാണുന്നില്ലെന്നും ഈ പണം അതിനുപയോഗിക്കുകയാണ് വേണ്ടതെന്നുമൊക്കെ ഒരുകൂട്ടം വാദിക്കുമ്പോള്‍ ;ഇതിനുപയോഗിച്ച സാങ്കേതികം റഷ്യയുടെ കാലഹരണപ്പെട്ട ഒന്നാണെന്നും അതില്‍ പറയാന്‍ മാത്രമൊന്നുമില്ലെന്നും , വെറും റോക്കറ്റ് അസ്സെംബ്ലിയാണ് ചെയ്തതെന്നും മറ്റൊരുകൂട്ടം വാദിക്കുന്നു.

നല്ല കാറുകളില്‍ യാത്ര ചെയ്ത് നല്ല ഭക്ഷണം കഴിച്ച് , ഭാര്യക്കും മക്കള്‍ക്കും നല്ല ആഭരണങ്ങള്‍ വാങ്ങി , ഒഴിവ് ദിനങ്ങളില്‍ തീം പാര്‍ക്കുകളിലുമൊക്കെ ഉല്ലസിച്ച് , നന്നായി ജീവിക്കുന്ന ഒരാള്‍ തന്‍‌റ്റെ ഏറ്റവും പുതിയ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കേബിളില്ലാത്ത ബ്ലൂ ടൂത്ത് കീബോര്‍ഡില്‍ ടൈപ്പ് ചെയ്ത് നാട്ടിലെ പട്ടിണികിടക്കുനവരെപ്പറ്റി മനംനൊന്ത് ദുഖിക്കും. ചാന്ദ്രയാനുപയോഗിച്ച പണത്തെപ്പറ്റി വ്യാകുലപ്പെട്ട് ഇവര്‍ വിമര്‍ശനങ്ങള്‍ തൊടുക്കും. ആ പണം പട്ടിണിപ്പാവങ്ങള്‍ക്ക് കൊടുക്കാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തും.സ്വന്തം ഗ്രാമത്തിലുള്ള പട്ടിണിപാവങ്ങളുടെ അവസ്ഥയാല്‍ മനം നൊന്ത് ഉറക്കം വരാതെ ജീവിക്കുന്നവരുമാണെന്ന സത്യം അറിയുമ്പോളാണ് ഇവരുടെ വിമര്‍‌ശനത്തിന്‍‌റ്റെ തീവ്രത മനസ്സിലാവുക.

ഇവരുടെ ഈ വിമര്‍ശനങ്ങള്‍ എന്നെചിന്തിപ്പുന്നത് അനാവശ്യമായ വിദ്യാഭ്യാസത്തിന്‍‌റ്റേയും , കമ്മ്യൂണിക്കേഷന്‍റ്റേയും , കമ്പ്യൂട്ടറുകളുടേയും കാര്യമാണ്. എന്തിനാണ് നമുക്കിവയൊക്കെ? കുറെ പാടങ്ങള്‍ അവിടെ നമുക്കെല്ലാം നെല്ല് വിതക്കാം , കൊയ്യാം , വാഴ വെക്കാം തെങ്ങ് വെക്കാം അവയുടേയൊക്കെ ഫലമെടുത്ത് സന്തോഷമായി ജീവിച്ചാല്‍ പോരെ? ഭക്ഷണം കിട്ടും പരിസ്ഥിതി മനിലപ്പെടില്ല ആഹ എത്ര സുന്ദരമായിരിക്കും! ഓര്‍ക്കുമ്പോള്‍ കുളിര് തോന്നുന്നു.

റോക്കറ്റ് അസ്സംബ്ലീ എന്നാല്‍ ഐ.ടി. സി.കളില്‍ പഠിക്കുന്ന കുട്ടികള്‍ 3055 പവര്‍ ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ച് amplifier ഉണ്ടാക്കുന്നതുപോലെയാണെന്നിപ്പോഴല്ലെ മനസ്സിലായത്. അല്ലെങ്കിലും ചില കാര്യങ്ങള്‍ വിദഗ്ദര്‍ പറയുപോഴല്ലെ പിടികിട്ടൂ. ഈ റഷ്യന്‍ instruction manual അരെങ്കിലും ഭാവിയില്‍ ഗൂഗിളിലോ വിക്കിയിലോ ( ;) ) ഒക്കെ ഇടുമായിരിക്കും അന്ന് എനിക്കും ഒന്നോ രണ്ടൊ റോകറ്റ് ചന്ദ്രനിലേക്കോ സൂര്യനിലേക്കോ വിട്ട് നോക്കണം. ടെക്നോളജിസ്റ്റുകളുടെ വിമര്‍ശനവും വിശദീകരണവും ഒക്കെ കണ്ടപ്പോള്ളല്ലെ ഈ ശാസ്ത്രഞ്ഞ്ജരൊക്കെ വെറുതെ അവിടെ ബീടീം വലിച്ചിരിക്കുകയാണെന്ന് മനസ്സിലായത് . റഷ്യയുടെ മാനുവല്‍ നോക്കി ഒറ്റ ദിവസം കൊണ്ട് റോകറ്റുണ്ടാക്കും എന്നിട്ട് കാശ് പിടുങ്ങാന്‍ വേണ്ടി വെറുതേ കുറെ ദിവസങ്ങള്‍ വേണമെന്ന് പറയും അമ്പടാ!.

പരാതിയുള്ളവരില്‍ ആദ്യവിഭാഗം അത്യാവശ്യം പൈസ ഉള്ളവരും രണ്ടാമത്തെ വിഭാഗം ടെക്നോളജി അറിയുന്നവരുമായതാണ് എത്ര നന്നായി അല്ലെങ്കില്‍ ആ പാവപ്പെട്ടവര്‍ ഭക്ഷണത്തിനും സാങ്കേതികം അറിയാത്തവര്‍ ശാസ്ത്രഞ്ഞ്ജരുടെ ഈ ചതിക്കുമെതിരെ സമരം ചെയ്തേനെ!ഭാഗ്യം.

Saturday, November 01, 2008

സമരവും കപട രാഷ്ടീയവും

' പിരിച്ചു വിടാന്‍ പോകുന്ന തൊഴിലാളികള്‍ക്ക് ഐഖ്യം പ്രഖ്യാപിച്ച് ഇടതു സംഘടന സമരത്തിനൊരുങ്ങുന്നു'


ഒറ്റ നോട്ടത്തില്‍ മനസ്സിന് കുളിര്‍മ്മ തോന്നുന്ന വാര്‍ത്ത , സാധാരണക്കാരന്‍‌റ്റെ കണ്ണില്‍ പൊടിയുടുന്ന രക്ഷകന്‍‌റ്റെ ഈ റോള്‍ ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി ഓര്‍ക്കുന്നില്ലെന്നെന്‍‌റ്റെ അഭിപ്പ്രായം. മുന്‍‌കാലങ്ങളില്‍ പലകാരണങ്ങള്‍ കൊണ്ട് അടച്ചുപൂട്ടിയ എത്രയോ സ്ഥാപനങ്ങളുടെ അസ്ഥികള്‍ കാണിച്ചിരുന്ന ദയനീയത കുറച്ചുകാലമായി കാണാതിരിക്കയായിരുന്നു.

ഏതെങ്കിലും ഒരു സം‌രഭം തുടങ്ങാന്‍ പദ്ധതിയിടുമ്പോള്‍ അത് മൊത്തം കേരളത്തിന് ഏതൊക്കെ തരത്തില്‍ ഗുണകരമാകും , ഭാവിയില്‍ എന്തൊക്കെ വരാം വരാതിരിക്കാം എന്ന വിശാല കാഴ്ചപ്പാടല്ലാതെ , എത്ര പേര്‍ക്ക് തൊഴില്‍ കിട്ടും എന്ന ഒറ്റ ചിന്താഗതി അടിസ്ഥാനപ്പെടുത്തി വിലയിരുത്തുകയും അത് ഒരു നിബന്ധനയായി വെക്കുകയുമാണ് പതിവ്.

കുറച്ചുകാലമായി നാട്ടിലുള്ള മിക്ക ചെറുപ്പക്കാര്‍ക്കും മുന്‍‌കാലത്തെ അപേക്ഷിച്ച് ജോലി ലഭിക്കുന്നുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ട് അതിലൊന്നാണ് അമേരിക്ക പോലുള്ള വിദേശത്തുള്ള കമ്പനികള്‍ നാട്ടിലുള്ള കമ്പനികളുമായി ചേര്‍ന്നുള്ള ജോയിന്‍‌റ്റ് വെഞ്ചറുകളായോ അല്ലാതെയോ ഉണ്ടായ വരവാണ്.

കമ്പനി നഷ്ടത്തില്‍ ആയാല്‍ പല രീതിയിലാവും കമ്പനി പ്രവര്‍ത്തിക്കുക. ഭാവിയില്‍ വന്നേക്കാവുന്ന പ്രോജെക്ടുകളേയും മറ്റും മുന്നില്‍ കണ്ട് ജോലി കൊടുത്തവരെ അതില്ലെന്ന് വന്നാല്‍ പിരിച്ചുവിടുക എന്നത് അതിലൊന്നാണ്. കമ്പനിക്ക് വരുമാനമില്ലാതെ എങ്ങിനെയാണ് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കേണ്ടതെന്ന് സമരം ചെയ്യുന്നവര്‍ ആലോചിക്കേണ്ട കാര്യമാണ്.

നഷ്ടത്തിലോടുന്ന കമ്പനികളില്‍ നിന്നും പിരിച്ചുവിടുന്നതിനെതിരെ സമരം ചെയ്യുന്നതിനു പകരം
എങ്ങിനെ അവരെ സഹായിക്കാനാവും എന്ന് ചിന്തിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഭാവിയിലെ പ്രോജക്ടുകളിലേക്ക് നിയമിച്ച തൊഴിലാളികളെ അവ ഇല്ലാതാകുമ്പോള്‍ ഒഴിവാക്കാതെ തുടരുമ്പോള്‍ , തൊഴില്‍ ചെയ്യുന്ന മറ്റുള്ള വരുടെ ഭാവി കൂടി അവതാളത്തിലാക്കുകയാണീ സമരക്കാര്‍ ചെയ്യുന്നത്.

ഒരാളുടെ ജോലി നഷ്ടപ്പെടുക എന്നത് നിസ്സാരമായ ഒന്നാണെന്ന അഭിപ്രായമോ അതു ആ കുടുമ്പത്തിനും സമൂഹത്തിലും വരുത്തുന്ന ഇമ്പാക്ട് അറിയാതെയോ അല്ല ഇത് പറയുന്നത്.
ഇത്തരം ഒരു സാഹചര്യത്തില്‍ സമരമല്ലാതെയുള്ള മറ്റു മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് എല്ലാവരും ആലോചിക്കേണ്ടത്.സര്‍ക്കാര്‍ ഇടപെടുകയും തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള മാര്‍ഗ്ഗമന്‍‌വേഷിക്കുകയുമാണ് ചെയ്യേണ്ടത് അല്ലാതെ കപട രാഷ്ട്രീയത ലക്ഷ്യമാക്കിയുള്ള സമരത്തിന് കൂട്ടുനില്‍‌ക്കുകയല്ല കാരണം സമരത്തിലൂടെ കപട രാഷ്ട്രീയം വിജയിക്കുമ്പോള്‍ പരാജയപ്പെടുന്നത് നാളെത്തെ തൊഴില്‍ അന്‍‌വേഷകരായ അനേകം ചെറുപ്പക്കാരാണ്.

ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകുന്ന സമയത്ത് ഇവിടേക്ക് വരുന്ന പുതിയതും പഴയതുമായ കമ്പനികള്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ രണ്ടു‌വട്ടം ആലോചിക്കുമെന്നതിന് തര്‍ക്കം വേണ്ട , ഒരു പക്ഷെ കേരളത്തിന്‍‌റ്റെ ചെറുപ്പത്തെ മാറ്റി നിര്‍ത്താനും കാരണമായേക്കും.

" ഓ പിന്നെ!! എന്നാലൊന്ന് കാണണം... അവരില്ലെങ്കില്‍ ഞങ്ങള്‍ക്കുലക്കയാ "എന്ന് പറഞ്ഞ് കുറച്ചാളുകളുടെ കണ്ണില്‍ പൊടിയിടാം പക്ഷെ എല്ലാ കാലവും എല്ലാവരേയും പറ്റിക്കാമെന്നത് വ്യാമോഹം മാത്രമാണ്.
 
വാല്‍‌ക്ഷ്ണം:

ഒരാളുടെ ജോലി പോകുക എന്നതിന്‍‌റ്റെ സീരിയസ്നസ് അറിയാഞ്ഞിട്ടോ ദുഖമില്ലാഞ്ഞിട്ടോ അല്ല ഈ കുറിപ്പ്. ഈയുള്ളവനും സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവനാണ് പക്ഷെ പണ്ട് പല സ്ഥാപനങ്ങളും പൂട്ടിച്ച അതേ ശൈലിയില്‍ ടി.വി കേമറക്ക് മുന്നിലിരുന്ന് ' സമരം ചെയ്യും' എന്ന് വലിയ വായില്‍ വിളിച്ചുപറയുന്നവരെ കണ്ടപ്പോള്‍ ജോലി പോയവരോടുള്ള ദയയോ ദാക്ഷിണ്യമോ കാരുണ്യമോ ഒന്നുമായിരുന്നില്ല അവരുടെ മുഖത്ത് മറിച്ച് പാവങ്ങളുടെ രക്ഷിതാക്കളാണ് തങ്ങള്‍ എന്ന് ധരിപ്പിക്കാനുള്ള കപട രാഷ്ട്രീയമാണ്.

ആഭിപ്രായം പോസ്റ്റ് വായിച്ചിട്ട് മതി ഇല്ലെങ്കിലും സന്തോഷം.