Wednesday, October 29, 2008

ബ്ലോഗും പോസ്റ്റുകളും

ബ്ലോഗിന്‍റ്റെ ദോഷങ്ങള്‍ എന്തെന്ന ചോദ്യത്തിനാദ്യമുള്ള എന്‍‌റ്റെ ഉത്തരം വൈകാരികതയുടെ അതിപ്രസരം എന്നായിരിക്കും ഇത് വായനക്കാരനെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നതില്‍ നിന്നും ആസ്വദിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.


എഴുത്തിലെ പരിജയക്കുറവ്‌ കൊണ്ടും ഭാഷാ നൈപുണ്യം കൊണ്ടും സത്യസന്ധത കൊണ്ടും ബ്ലോഗില്‍ എഴുതുന്ന നല്ലൊരു ശതമാനം ആളുകള്‍ക്ക്‌ അവരവരുടെ ഭാവനയെ എഴുത്തിലൂടെ സാക്ഷാല്‍ കരിക്കുമ്പോള്‍ സ്വന്തം വ്യക്തിത്വത്തേയോ ചുറ്റുപാടിനേയോ അമിതമായി ഉപയോഗപ്പെടുത്തേണ്ടി വരുന്നുണ്ട്. ഇതാവട്ടെ

എഴുത്തിനെ കൂടുതല്‍ വ്യക്തിപരമായി വായനക്കാരനെടുക്കാന്‍ ഇടയാവുന്നു ഫലം വായനക്കാരന്‍ അനാവശ്യ തലങ്ങളില്‍ സഞ്ചരിക്കുകയും എഴുത്തിനെ അതിന്‍‌റ്റെ സത്വത്തില്‍ നിന്നും വിഭിന്നമായി കാണുകയും ചെയ്യുന്നു.

ഒരു കഥ വായിക്കുന്നവന്‍ താന്‍ വായിക്കുന്നത് ഒരു കഥയാണെന്നും അതൊരാളുടെ ഭാവനയാണെന്നും തിരിച്ചറിഞ്ഞ് കഥയെ വിലയിരുത്തുകയാണ് ചെയ്യേണ്ടത്‌ അല്ലാതെ കഥയോട് യോജിക്കുകയോ വിയോജിക്കുകയോ അല്ല. ഈ അടിസ്ഥാന തത്വം വായനക്കാരന്‍ പുലര്‍ത്തിയാല്‍ മാത്രമേ വായനയെ ശരിയായ അര്‍ത്ഥത്തില്‍ സമീപിക്കാനും സൃഷ്ടിയുമായി സം‌വേദിക്കാനുമാകുകയുമുള്ളു.

സമൂഹത്തില്‍ നടക്കുന്ന - നടന്നേക്കാവുന്ന ഒരുകാര്യം സ്വന്തം അനുഭവത്തിന്‍‌റ്റെയും അറിവിന്‍‌റ്റേയും വെളിച്ചത്തില്‍ വിലയിരുത്തി സ്വന്തം ചിന്തകള്‍ അവതരിപ്പിക്കുന്നതാണ് ലേഖനങ്ങള്‍ എന്ന സാഹിത്യ രൂപം ചെയ്യുന്നത്. ഒരു കഥ എഴുതുമ്പോള്‍ കഥാകാരന് കഥയോട് മാത്രം ബധ്യതയുള്ളപ്പോള്‍ ലേഖകന് സ്വന്തം വ്യക്തിത്വത്തോടൊപ്പം സമൂഹത്തോടും ബാധ്യതയുണ്ടാവേണ്ടതുണ്ട്. ഇവിടെയാവട്ടെ വിലയിരുത്തലല്ല മറിച്ച് വായിക്കുന്നവന്‍‌റ്റെ അറിവും അനുഭവവും അടിസ്ഥാനപ്പെടുത്തി എഴുത്തുകാരന്‍‌റ്റെ ചിന്തകളോട് യോജിക്കുകയോ വിയോജിക്കുകയോ ആണ് ചെയ്യേണ്ടത് .

ഇനി മൂന്നാമതുള്ള റിപ്പോര്‍ട്ടിങ്ങിനെപ്പറ്റിയാണെങ്കില്‍ , തെളിവുകളുടെ സഹായത്തോടെ നടക്കുന്ന- നടന്ന ഒരു സംഭവത്തെ ഉള്ളതുപോലെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത് വായനക്കാരന് റിപ്പോര്‍ട്ടര്‍ കാണിച്ച തെളിവുകളുടെ സത്യസന്ധത പരിശോധിച്ച് വിശ്വസിക്കുക്കയോ അവിശ്വസിക്കുകയോ ആവാം.

മൂന്നിനേയും മൂന്നായി കാണുന്നതോടെ മാത്രമേ ശരിയായ അര്‍ത്ഥത്തില്‍ വായനക്കാരന് എഴുത്തുമായി സം‌വേദിക്കാനാവൂ. ഒന്ന് മറ്റൊന്നായി ധരിക്കുന്നത് യഥാര്‍ത്ഥത്തില്‍ വായനക്കാരന്‍‌റ്റെ കഴിവ് കേടാണ് കാണിക്കുന്നത് ഇതിന് കാരണമോ അതി വൈകാരികതയും.

നല്ല വായനക്കാരനുണ്ടാവാന്‍ ബ്ലോഗിലുള്ളവര്‍ ഈ അതി വൈകാരികത ഒഴിവാക്കിയേ തീരൂ. വായനക്കാരന്‍ അതിവൈകാരികത കാണിക്കുമ്പോള്‍ എഴുത്തുകാരന്‍ അതു മുതലെടുക്കാനായി പല തന്ത്രവും ഉപയോഗിക്കുന്നു അതിനെറ്റവും നല്ല ഉദാഹരണമാണ് , പോസ്റ്റുകള്‍ക്കുള്ള നാമകരണം. ബ്ലോഗില്‍ നല്ലൊരു ശതമാനം എഴുത്തുകാര്‍ തന്നെയാണ് വായനക്കാരനെന്നിരിക്കെ ഈ അതിവൈകാരികത പെട്ടെന്നില്ലാതാകും എന്നെനിക്ക് വിശ്വാസമില്ല പക്ഷെ ഈ തിരിച്ചറിവ് പല അനാവശ്യ സംഘട്ടനങ്ങളും ഒഴിവാക്കും എന്നതില്‍ തര്‍ക്കമില്ല.

വാല്‍കഷ്ണം:

ഇതൊരു ലേഖനമാണ് , യോജിക്കാം വിയോജിക്കാം.

Sunday, October 26, 2008

ചന്ദ്രയാനും ചതിയും.

'ഹലോ ...അരാണീ ഈ പാതിരാവില്‍ മനുഷ്യന്‍‌റ്റെ ഉറക്കം കളയാന്‍? '

'എടാ ഇബ്‌ലീസെ ജ്ജ്‌ പ്പോഴും ഉറങ്ങുകയാണോ നേരം അഞ്ചുമണിയായെടാ ടി.വി. വേകം ഓണാക്ക് '

' എന്‍റ്റിക്കാ...എന്തുപറ്റി? ഈ നേരത്തെന്താണ് ടി. വി യില്‍? ആരെങ്കിലും രാജിവെച്ചോ? ടി.വി. വെച്ചിരിക്കുന്ന മുറിയില്‍ മോളുറങ്ങുന്നു ഇപ്പോ പറ്റില്ല'

' ഹമുക്കെ ...ന്നാളല്ലെ ജ്ജ്‌ ഏറ്റവും പുതിയ ലാപ്‌ ടോപ്പും കുന്തവും വാങ്ങ്യേത്‌ അതോണാക്കിയാലും മതി '

' നിങ്ങള്‍ കാര്യം പറ ഇക്കാ'

'എടാ ...ചന്ദ്രയാന്‍ .. റോക്കറ്റ്‌ ഇപ്പോ വിടും'

അവറാന്‍ ലാപ്‌ ടോപ്പ്‌ ഓണാക്കി ചന്ദ്രയാന്‍ ലോഞ്ചിങ്ങുമെല്ലാം കണ്ടു.

' ഹലോ... ഇക്കാ ഞാന്‍ കണ്ടു ഓല്‍‌ക്കിപ്പോ ഇദിന്‍‌റ്റെ വല്ല ആവശ്യവുമുണ്ടോ.... ഇതിന് എത്ര പണം പഹയന്‍ മാര്‍ നശിപ്പിച്ചു? ഹും... റോക്കറ്റും വിട്ട് കളിക്കുന്നു '

' അതെന്നേണ് ഞാനും പറേണത്‌ ....ഓല്‍ക്ക്‌ ഈ പൈസകൊണ്ട്‌ എന്തൊക്കെ ചെയ്യാമായിരുന്നു , എത്ര കൊഴല്‍ കിണര്‍ കുത്താം എത്ര പേര്‍ക്ക് ഭക്ഷണം കൊടുക്കാം '

' അല്ല ബാപ്പാ , ഇതുകൊണ്ട്‌ നമ്മുടേ നാടിന് കുറേ ഗുണം കിട്ടില്ലേ ?'

' മിണ്ടാണ്ട്‌ കെടന്നോ എന്തു ഗുണം ഒന്നൂല്ലാന്നെ , പട്ടിണിപ്പാവങ്ങള്‍ എത്രയോ ഭക്ഷണം കിട്ടാതെ വലയുന്നു '

ചന്ദ്രയാനെപ്പറ്റി പറഞ്ഞുതുടങ്ങിയ മകനെ അവറാന്‍ അടിച്ചിരുത്തി.വാപ്പയുടെ വിഡ്ഡിത്തരങ്ങള്‍ കേട്ട് സഹികെട്ട മകന്‍ പക്ഷെ ചന്ദ്രയാന്‍ ഉപഗ്രഹത്തെപ്പറ്റിയും നടന്ന പരീക്ഷണത്തെപ്പറ്റിയും അതുകൊണ്ടുണ്ടായേക്കാവുന്ന ഭാവിയിലെ പ്രത്യക്ഷ - പരോക്ഷ ഗുണഗണങ്ങളുമൊക്കെ വിവരിച്ചു. ഒന്നും ചെവികൊള്ളാതെ അവറാന്‍ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.

' പട്ടിണിപ്പാവങ്ങള്‍ ... എത്ര കുഴല്‍ കിണര്‍ കുഴിക്കാം എത്ര പേര്‍ക്ക് ....'

' ന്‍റ്റെ സുബൈറേ അനക്ക്‌ വെറെ പണിയൊന്നൂല്ലെ? ബാപ്പാടിതൊക്കെ പറയാന്‍ ? '

മകന്‍‌റ്റെ ചന്ദ്രയാനെപ്പറ്റിയുള്ള വിവരണം കേട്ട് ഉമ്മ സുഹറയും ഉണര്‍ന്നു.

' ഞങ്ങടെ കല്യാണം കഴിഞ്ഞ സമയത്ത് കമ്പ്യൂട്ടര്‍ ആള്‍കളുടെ ജോലി കളയും അതിനാല്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് പറഞ്ഞായിരുന്നു എതിര്‍പ്പ് പിന്നീട് പാടത്ത്‌ ട്രാക്ടര്‍ ഉപയോഗിക്കരുതെന്നുപറഞ്ഞായി , റോടില്‍ ഇലക്ട്രിക്‌ സിഗ്നല്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞായി പിന്നീട് , എക്സ്പ്രെസ്സ്‌ ഹൈവേ , ന്യൂക്ലീര്‍ ഡീല്‍ , കേരളം ഉണ്ടായിട്ട്‌ അധികമായില്ലല്ലോ ഇനിയും എന്തെല്ലാം കിടക്കുന്നു ....'

ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് സുഹറ ഊറി ചിരിച്ചു.

' ഉമ്മാ ബാപ്പ കമ്പൂട്ടറിനെതിരെ!! ....?? '

ഏറ്റവും പുതിയ ലാപ്ടോപ്പില്‍ ഹയ്‌ സ്പീഡ്‌ ഇന്‍റ്റര്‍ നെറ്റില്‍ മുക്കാല്‍ സമയവും കമഴ്ന്നുകിടക്കുന്ന ബാപ്പയെ നോക്കി സുബൈര്‍ അന്തം വിട്ടിരുന്നപ്പോള്‍ സുഹറ ഊറി ചിരിച്ചു അവറാന്‍ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു:

' എന്തു ഗുണം ഒന്നൂല്ലാന്നെ , പട്ടിണിപ്പാവങ്ങള്‍ എത്രയോ ഭക്ഷണം കിട്ടാതെ വലയുന്നു ...എത്ര പൈസ ഇവര്‍ റോകറ്റ് വിട്ട് കളിക്കാന്‍.....'