Wednesday, December 15, 2010

പെട്രോള്‍ വില വര്‍ദ്ധന

വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം കൊടുത്തത് മന്‍‌മോഹന്‍ സിംഗിനെപ്പോലൊരു ബുദ്ധിമാനും സാമ്പത്തിക വിദഗ്ധനും ആയ ഒരാള്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഇമ്പള്‍സ് ഡിസിഷനായി വന്നതാണെന്ന് കരുതുക വയ്യ.

റിലയന്‍സ് പോലൊരു സ്വകാര്യ കമ്പനിക്ക് ഗുണം ചെയ്യാമെന്ന ഒറ്റ ഉദ്ദേശത്തോടെയാണ് സിംഗ് ഇതുപോലൊരു തീരുമാനമെടുത്തതെന്ന് പറയുന്നവര്‍ അദ്ദേഹത്തിന്റെ ചരിത്രം അറിയാത്തവരാണെന്നാണെന്റെ അഭിപ്രായം.

വില വര്‍ദ്ധനവ് നേരിട്ട് അനുഭവിക്കുന്ന വിഭാഗത്തിന്റെ കണ്ണിലൂടെയല്ലാതെ ഒരു രാജ്യം എന്ന വലിയ കണ്ണാടയിലൂടെ നോക്കുമ്പോള്‍ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത വരും.

ഇന്‍‌ഡ്യാ മഹാരാജ്യത്ത് പെട്രോള്‍ നേരിട്ട് ഉപയോഗം ചെയ്യുന്നവര്‍ എത്ര ശതമാനം വരും? കേരളം പോലുള്ള കണ്‍സ്യൂമര്‍ സംസ്ഥാനം മൊത്തവും , ചെറുതും വലുതുമായ സിറ്റികളും ഒഴിവാക്കിയാല്‍ ബാക്കി വരുന്ന ഒരു വലിയ സമൂഹം നേരിട്ട് ഉപയോഗിക്കാത്തവരല്ലേ?

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, ഭൂരിഭാഗത്തിന് അവകാശപ്പെട്ട ഖജനാവിലെ പണമല്ലെ വെള്ളാനകള്‍ക്ക് സബ്സിഡി കൊടുക്കുക വഴി നടക്കാതെപോകുന്നത്? നിയമപരമായി നോക്കിയാലും ധാര്‍മ്മികമായി നോക്കിയാലും അത് ശെരിയാണോ?

ദൗര്‍ഭാഗ്യ വശാല്‍ വെള്ളാനയെ സഹായിക്കാതെ ( സബ്സിഡി കൊടുക്കാതെയുള്ള) വന്നതിലുള്ള തിക്ത ഫലം ( വില വര്‍ദ്ധന) ആദ്യം ഏറ്റവും പെട്ടെന്ന് ബാധിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.

കേരളം ഒന്നാം നമ്പര്‍ കണ്‍സ്യൂമര്‍ സംസ്ഥാനമാണെന്നതുതന്നെ കാരണം. കുറച്ച് ആദിവാസികളൊഴിവാക്കിയാല്‍ കേരളത്തിലെ തൊണ്ണൂറ്റഞ്ച് ശതമാനം ആളുകളും പെട്രോള്‍ നേരിട്ടോ അല്ലാതെയോ ഉപയോഗിക്കുന്നു, പെട്രോളുമായി ബന്ധപ്പെട്ട് കിടക്കുന്നു, വില വര്‍ദ്ധന വന്നാല്‍ ഉടന്‍ അത് തലക്കടിക്കുന്നു, രക്തം തിളക്കുന്നു, പിന്നെ ചിന്തിക്കാനുള്ള എല്ലാ സാഹചര്യവും ഇല്ലാതാവുന്നു, ഒപ്പം രാഷ്ട്രീയ മുതലേടുപ്പും ആകുമ്പോള്‍ പിന്നെ പറയുകയും വേണ്ടല്ലോ. എന്നാല്‍ ഈ രണ്ടിലും പെടാത്ത വലിയൊരു സമൂഹമുണ്ടല്ലോ ഇന്‍ഡ്യാമഹാരാജ്യത്ത്.

ഇത്തരം ഒരു തീരുമാനത്തിലൂടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പെട്രോള്‍ നേരിട്ടുപയോഗിക്കാത്ത ആ സമൂഹത്തിന് വന്നേക്കാവുന്ന ഗുണങ്ങളെ എന്തേ കണ്ടില്ലെന്ന് വെക്കുന്നു?

മന്‍‌മോഹന്‍ സിംഗ് ഈ ചെയ്തതുമൂലം കിട്ടുന്ന വരുമാനം ( അല്ലെങ്കില്‍ സബ്സിഡി ഇനത്തില്‍ നഷ്ടമാകുമായിരുന്ന തുക) വീതിച്ചെടുത്ത് ബാങ്കില്‍ നിക്ഷേപിക്കുന്നതുപോലെതോന്നും ചിലരുടെ വര്‍ത്തമാനം കേട്ടാല്‍. ഈ വരുമാനം മറ്റൊരു വിധത്തില്‍ രാജ്യത്തിന് പൊതുവായ ഗുണമായി വരാന്‍ സമയമെടുത്തേക്കും.

ടാക്സ് കുറച്ച് വില കുറച്ചുകൂടെ എന്ന മറ്റൊരു വാദത്തെപറ്റി, എന്തിനാണ് ഹേ പിന്നെ ഈ പരിപാടി ( സബ്സിഡി നിര്‍ത്തലാക്കിയത്? ) സബ്സിഡി കൊടുക്കുന്നതും ടാക്സ് വേണ്ടെന്ന് വെക്കുന്നതുമൊക്കെ അടിസ്ഥാനപരമായി ഒന്നുതന്നെയല്ലെ?

മറ്റൊന്ന് കേരളം പോലെ കണ്‍സ്യൂമര്‍ നമ്പര്‍ ഒന്നായ സം‌സ്ഥാനത്തേയും സിറ്റികളേയും ഇത് വളരെ മോശമായിത്തന്നെ ബാധിച്ചു എന്നത് സത്യം തന്നെയാണ് എന്നാല്‍ ഇന്‍ഡ്യാ മഹാരാജ്യത്തെ സിറ്റിയും കണ്‍സ്യൂമര്‍ സംസ്ഥാനവും ഒഴികെയുള്ള ഭാഗങ്ങളെ സമ്പന്ധിച്ചിടത്തോളം പെട്രോള്‍ വില വര്‍ദ്ധനവ് എന്തുമാത്രം ബാധിക്കും എന്നതൊന്ന് വിലയിരുത്തുക, ഒപ്പം ഇതുമൂലം സര്‍ക്കാര്‍ ഖജനാവിനുണ്ടാവുന്ന ലാഭം ( നഷ്ടമില്ലായ്മ).

സര്‍ക്കാര്‍ ചെയ്യേണ്ട ഒരുകാര്യമുണ്ട്, ലോകനിലവാരത്തില്‍ വരുന്ന മാറ്റങ്ങള്‍ ക്കനുസരിച്ചല്ലേ ഇന്‍ഡ്യയിലും വിലനിലവാരം വരുത്തുന്നതെന്നുറപ്പ് വരുത്താന്‍ വേണ്ടി ഒരു പ്രൈസ് റെഗുലേറ്ററി കമ്മിറ്റിയെ അധികാരമേല്പ്പിക്കുക.

ഒരു തമാശ:

പട്ടിണിപ്പാവങ്ങളുടെ കാവല്‍ ഭടന്‍മാരായ പാര്‍ട്ടി എന്തുകൊണ്ടാണ് പെട്രോള്‍ വിലകൂടുന്നതില്‍ സമരം ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. ഇന്‍ഡ്യാമഹാരാജ്യത്തെ ബഹുഭൂരിപക്ഷം പട്ടിണിപ്പാവങ്ങള്‍ക്ക് അവകാശപ്പെട്ട പണമാണ് , പെട്രോള്‍ നേരിട്ടുപയോഗിക്കുന്ന ഒരു ചെറുപക്ഷം ആളുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇത്രയും കാലം ചിലവാക്കിയിരുന്നത്; ഇപ്പോള്‍ ആ ചിലവാക്കല്‍ നിര്‍ത്തിയതുമൂലം വന്ന വിലവര്‍ദ്ധന ബാധിക്കുന്നത് പട്ടിണിപ്പാവങ്ങളെയല്ല എന്നിരിക്കെ, 'പണക്കാരെ' സഹായിക്കാന്‍ പട്ടിണിപ്പാവങ്ങളുടെ പാര്‍ട്ടി സമരം ചെയ്യുന്നു കഷ്ടം!

അടിക്കുറിപ്പ്:

സ്വര്‍ണ്ണ വില ദിവസേന കൂടുന്നു എന്നാണാവോ അതിനെതിരെ ഒരു സമരം നടക്കാന്‍ പോകുന്നത്.

10 comments:

തറവാടി said...

സ്വര്‍ണ്ണ വില ദിവസേന കൂടുന്നു എന്നാണാവോ അതിനെതിരെ ഒരു സമരം നടക്കാന്‍ പോകുന്നത്.

Musthafa said...

സത്യം.

ഇത് എഴുതാന്‍ ഞാനും ആഗ്രഹിച്ചതായിരുന്നു. ഇനി ഏതായാലും നിങ്ങള്‍ എഴുതിയല്ലോ - വളരെ ഭംഗിയായി തന്നെ. :)

aneel kumar said...

സിറ്റിയും കണ്‍സ്യൂമര്‍ സംസ്ഥാനവും ഒഴികെയുള്ള ഭാഗങ്ങളിലെ ആള്‍ക്കാര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ഒന്നും വാങ്ങേണ്ടിവരില്ല എങ്കില്‍ ഈ വാദത്തില്‍ കഴമ്പുണ്ട്.

ഷൈജൻ കാക്കര said...

പെട്രോളും ഡീസലും വിലക്കുറവിൽ കിട്ടുന്നത്‌ തന്നെയാണ്‌ എല്ലാവർക്കും ഇഷ്ടം... പക്ഷെ കിട്ടുന്നുമില്ല... വിലകൾ സർക്കാർ നിയന്ത്രിച്ച സമയത്തും വില വർദ്ധനയും കേരള ബന്ദും ഭാരത ബന്ദും ഉണ്ടായിട്ടുണ്ട്... വില പിന്നേയും ഉയർന്ന്‌ കൊണ്ടിരുന്നു....

ലോക വിപണിയിൽ ഓയിലിന്റെ വില വർദ്ധിക്കുമ്പോൾ അതിന്റെ ആനുപാതികമായ വില വർദ്ധന രാജ്യത്തും നടപ്പിലാക്കണം... പക്ഷെ അതിന്‌ സുതാര്യമായ ഒരു പഠനം തന്നെ നടക്കണം... പലപ്പോഴും എണ്ണകമ്പനികൾ വളരെ ഉയർന്ന ലാഭമാണ്‌ നേടുന്നത്‌ എന്നതാണ്‌ വാർത്തകളിൽ കാണുന്നത്‌... ഇത്‌ നിയന്ത്രിക്കണം...

നികുതിയിളവ്‌ കേന്ദ്രത്തിനും സംസ്ഥാനത്തിനും ചെയ്യാവുന്നതാണ്‌ പക്ഷെ അതിനേക്കാൽ ഒരു പക്ഷെ നല്ലത്‌ ലോറികൾ... ബസ്സുകൾ... പെട്ടി ഓട്ടൊറിക്ഷകൾ... തുടങ്ങിയവക്ക്‌ റോഡ്‌ നികുതി ഇളവുകൾ നല്കുകയോ ഡീസൽ പെർമിറ്റ് നല്കുകയോ ചെയ്യുക...

ബൈക്ക്... കാർ... ഓട്ടോറിക്ഷ മുതലായവക്ക്‌ ഒരു കാരണവശാലും നികുതിയിളവ്‌ നല്കരുത്...

തറവാടി said...

മുസ്തഫ , എഴുതാമായിരുന്നു :)

തറവാടി said...

നിത്യോപയോഗ സാധനങ്ങള്‍ ആളുകള്‍ക്കനുസരിച്ച് മാറും, പട്ടിണിപ്പാവങ്ങളുടെ നിത്യോപയോഗസാധനങ്ങളുടെ കാര്യത്തില്‍ പെട്രോളിനെന്തുമാത്രം പ്രസക്തിയുണ്ടെന്നതാണ് പ്രശ്നം.

തറവാടി said...

കാക്കര,

തീര്‍ച്ചയായും, വില നിരീക്ഷിക്കാന്‍ ഒരു റെഗുലേറ്ററികമ്മറ്റിയെ വെക്കണമെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

>>ലോറികൾ... ബസ്സുകൾ... പെട്ടി ഓട്ടൊറിക്ഷകൾ... തുടങ്ങിയവക്ക്‌ റോഡ്‌ നികുതി ഇളവുകൾ നല്കുകയോ ഡീസൽ പെർമിറ്റ് നല്കുകയോ ചെയ്യുക... <<

ഈ പറഞ്ഞയൊക്കെ പെട്രോളിലല്ലല്ലോ പ്രവര്‍ത്തിക്കുന്നത്, ഡീസലിലല്ലെ? എന്റെ അറിവില്‍ ഡീസലിന്റെ കാര്യത്തില്‍ വില നിശ്ചയിക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്നാണ്.

>>ബൈക്ക്... കാർ... ഓട്ടോറിക്ഷ മുതലായവക്ക്‌ ഒരു കാരണവശാലും നികുതിയിളവ്‌ നല്കരുത് <<

അയ്യോ അങ്ങിനെ പറയല്ലെ കാക്കരേ, പാവം ഓട്ടൊറിക്ഷക്കാര്‍ എങ്ങിനെ ജീവിക്കും? അവര്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത് യാത്രക്കാരെ പഴയ ചാര്‍ജിന് കൊണ്ടുപോകുകയല്ലേ? ;)

തറവാടി said...

നല്ലൊരു നിരീക്ഷണമാണിത് >>>>ലോറികൾ... ബസ്സുകൾ... പെട്ടി ഓട്ടൊറിക്ഷകൾ... തുടങ്ങിയവക്ക്‌ റോഡ്‌ നികുതി ഇളവുകൾ നല്കുകയോ ഡീസൽ പെർമിറ്റ് നല്കുകയോ ചെയ്യുക... <<

ഷൈജൻ കാക്കര said...

തറവാടി...

ഡീസലിന്റേയും വില നിർണ്ണയം എടുത്ത്‌ കളയാനുള്ള പരിപാടികൾ അണിയറയിൽ നടക്കുന്നുണ്ട്‌...

ഓട്ടോറിക്ഷക്കാർ പുണ്യം ഒന്നും ചെയ്യേണ്ട... ചിലവിന്‌ അനുസരിച്ച്‌ ചാർജ്ജും നിശ്ചയിക്കണം... ഓട്ടോറിക്ഷകളുടെ എണ്ണവും കുറയും 0.5 km ഒക്കെ ജനം നടക്കാനും പഠിക്കും... സൈക്കിളുകൾ പ്രതാപം വീണ്ടെടുക്കും...

ഡീസലിന്‌ കിട്ടുന്ന സബ്സിഡി കൊണ്ട്‌ SUV ഓടിക്കണം എന്ന്‌ വാശി പിടിക്കരുതല്ലോ...

ജിവി/JiVi said...

എന്നാപ്പിന്നെ പെട്രോളിനു ആര്‍ഭാടനികുതി കൂടി ചുമത്താമായിരുന്നു മന്മോഹന്‍ സിങ്ങിന്