Thursday, February 05, 2009

മദ്രസ്സാ സിലബസ്സും ചില കിനാവുകളും

മദ്രസ്സയില്‍ സയന്‍സും കണക്കും ഇംഗ്ലീഷുമൊക്കെ ഉള്‍ക്കൊള്ളിക്കണം. പിന്നീട് വിജയിക്കുന്നവര്‍ക്ക് സര്‍‌ട്ടിഫിക്കറ്റ് കൊടുക്കും പിന്നെ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാം (??)


കേട്ടപ്പോള്‍ കോരിത്തരിച്ചെങ്കിലും വെറുതേ ഒന്നു ചിന്തിച്ചപ്പോളത് വെറും തരിപ്പുമാത്രമായി ഒപ്പം സ്വല്‍‌പ്പം ഇളക്കവും.

മദ്രസ്സ എന്നാല്‍ പച്ച ബെല്‍‌റ്റിട്ട, ആടിന്‍‌റ്റെ മുഖമുള്ള മൊല്ലാക്ക നാല്‌ രോമമുള്ള നീണ്ട ബുള്‍ഗാന്‍ താടിയില്‍ തടവി " ബൂമി പരന്നതാണെന്ന് " പഠിപ്പിക്കുന്ന സ്ഥലം മാത്രമാണെന്ന് കരുതുന്നവര്‍ പുതിയ പരിഷ്‌കാരത്തെപ്പറ്റി കേട്ടതോടെ സമാധാനപ്പെട്ടപ്പോള്‍ ഇതുമൂലം മദ്രസ്സയില്‍ പഠിക്കുന്നവര്‍ക്ക് കിട്ടാന്‍ പോകുന്ന ആനുകൂല്യങ്ങളിലാണ്‌ മറ്റുള്ളവര്‍ സന്തോഷം കണ്ടത്.

മദ്രസ്സാ പഠനത്തില്‍ സയന്‍സും മറ്റിതര വിഷയങ്ങളും ഉള്‍പ്പെടുത്തുന്നതോടെ, പഠനം കഴിഞ്ഞ് സര്‍‌ട്ടിഫികറ്റും ലഭിക്കുന്നതോടെ പിന്നെയും എന്തൊക്കെയോ 'ഓടെ' മുകളില്‍ പറഞ്ഞതുപോലുള്ള പൊട്ടത്തരങ്ങള്‍ ഇനിയെങ്കിലും മാപ്പിളച്ചെക്കന്‍‌മാര്‍ പഠിക്കില്ലെന്നൊരുക്കൂട്ടരും , കാലത്തെ മദ്രസ്സാ ക്ലാസ്സ് കഴിഞ്ഞ് സര്‍ക്കാര്‍ ആപീസുകളില്‍ തലേകെട്ടും കെട്ടി ഇരിക്കുന്നത് മറ്റൊരു കൂട്ടരും സ്വപ്നം കണ്ടു.

സംഭവം ഉഗ്രന്‍ തന്നെ സം‌ശയമില്ല പക്ഷെ ഇതുപോലെ വിലയിരുത്തുന്നതിന് മുമ്പ് എന്താണ്‌ മദ്രസ്സ എന്നും എന്തൊക്കെയാണതിന്‍‌റ്റെ ലക്ഷ്യങ്ങള്‍ എന്നും മനസ്സിലാക്കിക്കൊണ്ടായിരിക്കണമെന്നുമാത്രം.

ഞാന്‍ എന്‍‌റ്റെ മകനെ മദ്രസ്സയില്‍ പറഞ്ഞയക്കുന്നത് ഐന്‍‌സ്റ്റീന്‍‌റ്റെ ഊര്‍ജ്ജ നിയമം പഠിക്കാനോ ,ചരിത്രം പഠിക്കാനോ , കണക്ക് പഠിക്കാനോ അല്ല ഇസ്ലാം മതത്തിലെ അനുഷ്ടാനങ്ങളും അടിസ്ഥാനങ്ങളു തുടങ്ങിയ മത-ആത്മീയ കാര്യങ്ങള്‍ അറിയാനും പഠിക്കാനുമാണ്‌ ഇതര വിദ്യാഭ്യാസവും മറ്റും പഠിക്കാന്‍ ഞാന്‍ അവനെ സ്കൂളിലേക്കാണയക്കുന്നത്.

മതത്തിന്‍‌റ്റെ അനുഷ്ടാനങ്ങള്‍ പഠിപ്പിക്കാന്‍ ഒരാള്‍ക്ക് ആധുനിക വിദ്യാഭ്യാസമല്ല വേണ്ടത് മറിച്ച് മതാനുഷ്ടാനങ്ങളിലുള്ള പ്രാവീണ്യമാണ്‌. അതിനാകട്ടെ മുകളില്‍ പറഞ്ഞ മൊല്ലാക്കാക്കാവുന്നുണ്ട്താനും.ഒരു മദ്രസ്സാധ്യാപകന്‌ സയന്‍സറിഞ്ഞാല്‍ നല്ലെതാണെന്ന അഭിപ്രായം എനിക്കുമുണ്ട് അതുപക്ഷെ അദ്ദേഹത്തിന്‍‌റ്റെ സയന്‍സ് പാഠവം പകരാനല്ല മറിച്ച് മതാനുഷ്ടാനങ്ങള്‍ എന്ന് തെറ്റ് ധരിച്ച് അറിവില്ലായ്മകൊണ്ട് (മറ്റുപലകാരണങ്ങള്‍ കൊണ്ടും) കുട്ടികളിലേക്ക് പകരുന്നവയില്ലാതാവാനാണ്‌.

ആത്മീയ കാര്യങ്ങളും അനുഷ്ടാനങ്ങളും പഠിക്കാന്‍ കെട്ടിടങ്ങള്‍ മാത്രമുണ്ടായാല്‍ പോര അതിന്‌ പ്രത്യേക സാഹചര്യവും അതാത് വിഷയത്തില്‍ പ്രാവീണ്യമുള്ള അധ്യാപകരുമാണ്‌ വേണ്ടത്. നിലവിലുള്ളരീതിയിലെ മദ്രസ്സകളില്‍ ഉള്ളതും, പുതിയ പരിഷ്കാരത്തോടെ അതായത് ആധുനിക വിദ്യാഭ്യാസം മദ്രസ്സാ പഠനത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇല്ലാതാകുന്നതും ഈ സാഹചര്യമാണ്‌.

ആത്മീയമായതായാലും ആധുനികനായാലും എല്ലാം അറിവല്ലേ എങ്ങിനെയാണ്‌ ഒരറിവ് മറ്റൊന്നിന് പ്രശ്നമാവുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം അറിവുകള്‍ കൂടിച്ചേരുന്നതല്ല പ്രശ്നം അത് പകര്‍ന്ന് കൊടുക്കുന്നതിലുള്ള രീതിയിലാണെന്നതുതന്നെ. വെള്ളവും പാലും അവയുടെ തനതായ അവസ്ഥകളില്‍ നില്‍‍‌ക്കുകതന്നെയാണ് വേണ്ടതെന്ന് ചുരുക്കം.

വളരെ കുറച്ചുകാലം മാത്രമാണ് പ്രധാനമായും മദ്രസ്സാപഠനം നടക്കുന്നത്. മതപരമായ വിദ്യഭ്യാസത്തിന്‌ പോകുന്നവരായ ഒരു ചെറുകൂട്ടം ഒഴിച്ച് ഇന്ന് മദ്രസ്സകളില്‍ പഠിക്കുന്നവരെല്ലാം ആധുനിക വിദ്യാഭ്യാസം നേടാന്‍ സ്കൂളുകളില്‍ പോകുന്നുണ്ടെന്നിരിക്കെ ഈ പുതിയ പരിഷ്കാരത്തോടെ പറയപ്പെടുന്ന പല "നേട്ട" ങ്ങളെക്കാള്‍ കൊട്ടങ്ങളാണുണ്ടാകുക എന്നതാണ്‌ സത്യം.

മുസ്ലീങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലുള്ളപ്പോഴും മദ്രസ്സാപഠനങ്ങളില്‍ കാണിക്കുന്ന പ്രാധാന്യം ഉപയോഗപ്പെടുത്തി ഈ അല്‍‌പ്പാധുനികനാല്‍ അവരെ ഉന്നതിയിലെത്തിക്കാമെന്നുപോലും തട്ടിവിടുന്നവര്‍ സത്യത്തെ മറച്ചുപിടിക്കുകമാത്രമല്ല ആടിനെ പട്ടിയാക്കുകയും കൂടിയാണ്‌.

മതമെന്നാല്‍ ശാസ്ത്രത്തെ വെല്ലുവിളിക്കാനുള്ള ഒന്നാണെന്നും (തിരിച്ചും) ഉള്ളവര്‍ ഒരു കൂട്ടം , ശാസ്ത്രം പുരോഗമിക്കുന്നതോടെ മതം മരിക്കുമെന്ന് മറ്റൊരുകൂട്ടം പിന്നേയും എന്തൊക്കെയോ കൂട്ടങ്ങള്‍. ഈ കൂട്ടത്തിലൊന്നും നില്‍‌ക്കാതെ എന്താണ്‌ മതമെന്നും എന്താണ്‌ ആത്മീയതയെന്നും എന്താണ്‌ വിശ്വാസമെന്നും എന്താണ്‌ അനുഷ്ടാനമെന്നും , എന്താണ്‌ മതപഠനമെന്നും എന്താണ്‌ ശാസ്ത്രമെന്നും പിന്നെ ഇവയുടെ ഒക്കെ ലക്ഷ്യങ്ങള്‍ എന്തെന്നും മനസ്സിലാക്കിയാല്‍ , ഈ പുതിയ പരിഷ്ക്കാരത്തിന്‍‌റ്റെ അര്‍ത്ഥമില്ലായമ മനസ്സിലാകും.

യാഥാര്‍ത്ഥ്യ ബോധമുള്ളവരാണ്‌ ഈ പരിഷ്കാരത്തിന്‌ പിന്നിലെങ്കില്‍ അവര്‍ സത്യത്തില്‍ നിന്നും വളരെ പിന്നിലാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു അതല്ലെങ്കില്‍ അവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം വേണ്ടിയിരിക്കുന്നു.

9 comments:

- സാഗര്‍ : Sagar - said...

ഉദ്ദേശ്യം വോട്ട് അല്ലാതെ വെറെ ഒന്നും തന്നെ അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു

Manoj മനോജ് said...

"മതപരമായ വിദ്യഭ്യാസത്തിന്‌ പോകുന്നവരായ ഒരു ചെറുകൂട്ടം ഒഴിച്ച് ഇന്ന് മദ്രസ്സകളില്‍ പഠിക്കുന്നവരെല്ലാം ആധുനിക വിദ്യാഭ്യാസം നേടാന്‍ സ്കൂളുകളില്‍ പോകുന്നുണ്ടെന്നിരിക്കെ"
ഇപ്പറഞ്ഞത് കേരളത്തിലെ കാര്യത്തില്‍ ശരിയാണ്. കേരളത്തിന് വെളിയിലുള്ള കാര്യമോ? ലക്ഷക്കണക്കിന് മുസ്ലീം കുട്ടികള്‍ മദ്രസ്സയില്‍ മാത്രമാണ് പോകുന്നത്.

“എന്താണ്‌ മതമെന്നും എന്താണ്‌ ആത്മീയതയെന്നും എന്താണ്‌ വിശ്വാസമെന്നും എന്താണ്‌ അനുഷ്ടാനമെന്നും , എന്താണ്‌ മതപഠനമെന്നും എന്താണ്‌ ശാസ്ത്രമെന്നും പിന്നെ ഇവയുടെ ഒക്കെ ലക്ഷ്യങ്ങള്‍ എന്തെന്നും മനസ്സിലാക്കിയാല്‍ , ഈ പുതിയ പരിഷ്ക്കാരത്തിന്‍‌റ്റെ അര്‍ത്ഥമില്ലായമ മനസ്സിലാകും”
സണ്ഡേ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് മതവും, ശാസ്ത്രവും തമ്മില്‍ പ്രശ്നമില്ലാത്ത സ്ഥിതിക്ക് മദ്രസ്സ വിഭാഗത്തിന് മാത്രം എന്തേ പ്രശ്നമുണ്ടാകുമെന്ന് വിശ്വസിക്കുന്നത്?

“യാഥാര്‍ത്ഥ്യ ബോധമുള്ളവരാണ്‌ ഈ പരിഷ്കാരത്തിന്‌ പിന്നിലെങ്കില്‍ അവര്‍ സത്യത്തില്‍ നിന്നും വളരെ പിന്നിലാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു”
ഈ പദ്ധതി വിജയിക്കുമെന്നതിന് തെളിവുകള്‍ ഇപ്പോഴേ ഉണ്ട്.
http://specials.rediff.com/news/2009/feb/03video-muslim-madrasas-attract-hindu-students.htm

http://in.news.yahoo.com/139/20090130/808/tnl-west-bengal-s-madrassas-attracting-h.html

2004ല്‍ ആണ് ഈ പദ്ധതിയുമായി കേന്ദ്ര ഗവണ്മെന്റ് മുന്നോട്ട് വരുന്നത്. അതിനും മുന്‍പ് തന്നെ ബീഹാറില്‍ നടന്നത് ഈ ലിങ്കില്‍ http://www.rediff.com/news/2003/feb/22bihar.htm


അപ്പോള്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നവരല്ലേ “സത്യത്തില്‍ നിന്നും വളരെ പിന്നില്‍”.


2015ല്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന യുനെസ്കോയുടെ ആഗോള പരിപാടിയുടെ ഭാഗമായി പിന്നോക്കം നില്‍ക്കുന്നവരിലേയ്ക്ക് (പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ) വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യമിട്ടുള്ളതാണിതെല്ലാം എന്ന് കൂടി തിരിച്ചറിയുക.

Manoj മനോജ് said...

ദാ പുതിയ സംഭവം http://www.dnaindia.com/report.asp?newsid=1227719

പര്‍ദ്ധയിടാത്ത പെണ്ണുങ്ങള്‍ പഠിക്കുവാന്‍ വരുമെന്ന് പറഞ്ഞ് യു.പി.യിലെ സ്റ്റേറ്റ് മദ്രസ്സ കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നു...

Bindhu Unny said...

വിദ്യാഭ്യാസം മദ്രസ്സയില്‍ മാത്രമൊതുങ്ങുന്ന കുട്ടികളുണ്ടെന്നാണ് ഞാന്‍ കരുതിയത്. അങ്ങനുള്ളവര്‍ക്ക് ഈ മാറ്റം നല്ലതല്ലേ?

Vazhikaatti said...

അയ്യോ...എന്തൊക്കെ ചര്‍ച്ചകളാണിവിടെ നടക്കുന്നത്.ഇസ്ലാമിനെയും മദ്രസ്സകളെയും കുറിച്ച് അല്പം പോലും ജ്ഞാനം ഇല്ലാതെയാണു തറവാടി പോസ്റ്റിയത് എന്നു മനസ്സിലായി.അത്രമാത്രം മദ്രസ്സകളെ ക്കുറിച്ച് ഒന്നും പറയാതെ കിടന്ന് ഉരുളുന്നതു ക്ണ്ടു.എന്റെ പ്രിയ സൂഹ്രുത്തുക്കളെ,ഈ വിഷയം ഇപ്പൊ പുതുതായി പൊട്ടി മൂളച്ച വിഷയം അല്ല.ഇതു തികച്ചും ആസൂത്രിതമാണ്.ഇപ്പോള്‍തന്നെ മദ്രസ്സയില്‍ പോകുന്ന കൊച്ച് കുട്ടികളുടെ സമയം ചുരുക്കുന്ന രീതിയില്‍ ആണു സര്‍ക്കാര്‍ ഉത്തരവുകള്‍ വരുന്നത്.(സ്ക്കൂളൂകളുടെ സമയം വര്‍ദ്ദിപ്പ്പിക്കാനുള്ള ചര്‍ച്ച)...ഇനി ശാസ്ത്രീയ വിദ്യാഭ്യാസം കൂ‍ടി മദ്രസയില്‍ അടിച്ചേല്‍പ്പിച്ചാല്‍ ഈ ചെറു പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഒന്നും മനസ്സിലാവില്ല എന്നു മാത്രമല്ല മറ്റു മത വിഷയങ്ങള്‍ പടിപ്പിക്കാന്‍ സമയം ലഭിക്കാതെ വരികയും ഈ രീതിയില്‍ പുതിയ അടവുകള്‍ എടൂത്തു കാലക്രമേണ മദ്രസ്സാ സിസ്റ്റം നിര്‍ത്തുകയുമാകാം....എങ്ങിനെ ഉണ്ട് സര്‍ക്കാറിണ്ടെ പുതിയ ഐടിയ.....

vimathan said...

ഇതൊരു പുതിയ കാര്യമല്ല. ബംഗാളില്‍ വളരെ മുന്‍പ് തന്നെ ഗവണ്മെന്റ് റെജിസ്റ്റേര്‍ഡ് മദ്രസകളുടെ സിലബസ് ബംഗാള്‍ സ്റ്റേറ്റ് സെക്കന്ററി പരീക്ഷയായ “മധ്യമക്” ന്റെ അതേ സിലബസ് ആക്കിയിരുന്നു. സയന്‍സടക്കം സ്റ്റേറ്റ് സിലബസിലെ എല്ലാം പഠിക്കുന്നതിന് പുറമേ 100 മാര്‍ക്കിന്റെ , ഇസ്ലാമിക പഠനവും, അറബിക്കും എന്ന ഒരു പേപ്പര്‍ കൂടി മദ്രസകളിലെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി എഴുതണം എന്ന് മാ‍ാത്രം. പക്ഷെ സര്‍ക്കാര്‍ സിലബസ് സ്കൂളുകളില്‍ 375 രൂപ ഫീസ് ഉള്ളപ്പോള്‍ മദ്രസകളില്‍ 110 രൂപ മാത്രമേ ഫീസ് ഉള്ളൂ എന്നതും, മദ്രസകളില്‍ നിന്നും ലഭിക്കുന്ന സെര്‍റ്റിഫിക്കറ്റ് സ്റ്റേറ്റ് സിലബസിലില്‍ നിന്നും ലഭിക്കുനതിന് തുല്യമായി കണക്കാക്കും എന്നതിനാലും പലേ മദ്രസകളിലും മുസ്ലീം വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ഹിന്ദു വിദ്യാര്‍ത്ഥികള്‍ ആണ് പഠിക്കാനുള്ളത്, പ്രത്യേകിച്ചും, ഹിന്ദു പിന്നോക്ക വിഭാഗങളില്‍ നിന്നും വരുന്നവര്‍. ജാതി വിവേചനം മദ്രസകളില്‍ കുറവാണ് എന്നതും ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. അതു കൊണ്ട് മദ്രസകളില്‍ സയന്‍സും, മറ്റും പഠിപ്പിക്കുനതിനെ കണ്ണടച്ച് എതിര്‍ക്കേണ്ടതില്ല എന്ന് തോന്നുന്നു. പക്ഷെ നടപ്പിലാക്കുന്ന വിധവും, അതിന് മേല്‍നോട്ടം വഹിക്കുന്നവരും ശരിയല്ലെങ്കില്‍ , ഗവണ്മെന്റ് സേര്‍ട്ടിഫൈഡ് ഭീകരവാദികള്‍ ഉണ്ടാകുന്നത് കാണേണ്ടി വരും

തറവാടി said...

മനോജ്,

കേന്ദ്ര സര്‍ക്കാറിന് പകരം സംസ്ഥാനങ്ങളിലെ അവസ്ഥകള്‍ ഉള്‍ക്കൊണ്ട് സംസ്ഥാന സര്‍ക്കാറുകളാണി പദ്ധതി മുന്നോട്ട് വെക്കുന്നതെങ്കില്‍ ഈ പോസ്റ്റൊരുപക്ഷെ ഇവിടെ വരില്ലായിരുന്നു.

ഈ പദ്ധതി വിജയിക്കുമെന്നോ ഇല്ലെന്നോ എന്നതെന്‍‌റ്റെ വിഷയമല്ല ഇത് നടപ്പിലാവുന്നതോടെ നിലവിലുള്ള മദ്രസ്സകള്‍ക്ക് (കേരളത്തിലെ) സംഭവിക്കാവുന്നതിനെപ്പറ്റി സൂചിപ്പിച്ചതാണ്‌.

രാജ്യാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഒരു പദ്ധതി ഏതെങ്കിലും ഒരു സംസ്ഥാനത്തില്‍ വിപരീതഫലമുണ്ടാക്കുകയാണെങ്കില്‍ പോലും അതിനെ ന്യായീകരിക്കരുതെന്നാണെന്‍‌റ്റെ പക്ഷം. മൃഗീയ ഭൂരിപക്ഷം എന്നത് ചിലകാര്യങ്ങളിലെങ്കിലും ഒഴിവാക്കുന്നത് നന്നായിരിക്കും അതുകൊണ്ടുതന്നെയാണ് കേരളത്തിന്‍‌റ്റെ ഒറ്റ അവസ്ഥകണ്ടിതിനെ ന്യായീകരിക്കാനാവാത്തതും.

പിന്നോക്കം നില്‍‌ക്കുന്നവരെ ഉയര്‍ത്തലാണ്‌ ലക്ഷ്യമെങ്കില്‍ ഇതുപോലുള്ള 'കണ്ടം വെച്ച കോട്ടുതന്നെ വേണോ? '

ഇവിടെ വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി താങ്കളുടെ പോസ്റ്റ് വായിച്ചു.

തറവാടി said...

ബിന്ദു ഉണ്ണി,

ഉണ്ട് ഇന്നും കേരളത്തില്‍ ഒരു ചെറിയ വിഭാഗം പ്രാഥമികവിദ്യാഭ്യാസത്തിന് പോകാതെ മദ്രസ്സാ പഠനത്തില്‍ മാത്രമൊതുങ്ങിനില്‍‌ക്കുന്നുണ്ട്. ക്രമേണ ( ഒന്നോ രണ്ടോ തലമുറയോടെ ? ) ഈ 'ഏക' പഠനം ഇല്ലാതാകുകയും സ്കൂള്‍ വിദ്യഭ്യാസത്തിലേക്ക് പ്രവേശിക്കുകയും ഉണ്ടായേക്കാവുന്നതിനെയാണ്‌ ഈ പരിഷ്കാരത്തോടെ ഇല്ലാതാവാന്‍ പോകുന്നത്. സ്കൂളിലേതിവിടെ കിട്ടുമല്ലോ പിന്നെ എന്തിനാ അവിടേക്ക്? എന്ന ചിന്തയിലൂടെ ഒരു വികല പഠനമാകും ഈ രീതിയുടെ ഫലം. മുസ്ലീങ്ങള്‍ ഒരു ചെറിയ കാലയളവില്‍ നേടിയ വിദ്യാഭ്യാസത്തെ നോക്കിക്കാണുക. നന്ദി.

തറവാടി said...

വഴികാട്ടി,

>>കാലക്രമേണ മദ്രസ്സാ സിസ്റ്റം നിര്‍ത്തുകയുമാകാം<<
താങ്കള്‍ നിര്‍ത്തുമെന്ന് പറഞ്ഞു ഞാന്‍ നില്‍‌ക്കുമെന്നും ഒപ്പം വികലവിദ്യാഭ്യാസം നേടിയ ഒരു സമൂഹവും ഉണ്ടാകും.

ഓ.ടി:
അഭിപ്രായം ഒന്നാകുമ്പോഴെങ്കിലും നല്ല ഭഷ ഉപയോഗിച്ചുകൂടെ ചങ്ങായി?

>>ഇസ്ലാമിനെയും മദ്രസ്സകളെയും കുറിച്ച് അല്പം പോലും ജ്ഞാനം ഇല്ലാതെയാണു തറവാടി പോസ്റ്റിയത് എന്നു മനസ്സിലായി.അത്രമാത്രം മദ്രസ്സകളെ ക്കുറിച്ച് ഒന്നും പറയാതെ കിടന്ന് ഉരുളുന്നതു ക്ണ്ടു.<<

ഏത് വരികള്‍ വായിച്ചപ്പോഴാണങ്ങിനെ തോന്നിയതെന്ന് പറഞ്ഞാല്‍ നന്നായിരുന്നു. പിന്നെ ഉരുളാറില്ല , ഒരു റ്റ്യ്യുഷന്‍ തരികയാണെങ്കില്‍ പങ്കെടുക്കാന്‍ നോക്കാം