Tuesday, February 17, 2009

നടനായ ജഗദീഷ് എന്ന അദ്ധ്യാപകന്‍

പ്രൊഫെഷണല്‍ ജീവിതത്തില്‍ നിന്നും വിഭിന്നമായി വ്യക്തിജീവിതത്തില്‍ സ്വല്‍‌പ്പം സഭാകമ്പം ഉള്ളതിനാലും സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കി പറയുന്നത് പരസ്പരം മനസ്സിലാക്കിയും വേണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടും സെലിബ്രിറ്റികളെ കാണുമ്പോള്‍ ഓടിച്ചെന്നവരെ പരിചയപ്പെടുന്നതില്‍ നിന്നും ഞാന്‍ പിന്തിരിഞ്ഞുനില്‍‌ക്കാറാണുള്ളത്.

ആദ്യമായൊരു സിനിമാ സെലിബ്രിറ്റിയെ കാണുന്നത് മമ്മുട്ടിയെയാണ്‌ , വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ നാട്ടില്‍ വെച്ചുള്ള 'അരപ്പെട്ട കെട്ടിയ ഗ്രാമ'ത്തിന്‍‌റ്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു അത്. ചൂരല്‍ കസാരയില്‍ ഇരിക്കുന്ന മമ്മുട്ടി  കൈ തന്നെങ്കിലും അയാളുടെ കണ്ണുകള്‍ മറ്റെവിടെയോ ആയിരുന്നു, ഈ അനുഭവം മുന്‍‌ധാരണയായി മനസ്സില്‍ രൂപാന്തരപ്പെട്ടതിനാല്‍ പിന്നീട് പല സന്ദര്‍ഭങ്ങള്‍ ഉണ്ടായെങ്കിലും ഒരിക്കലും അങ്ങോട്ട് ചെന്ന് ഒരു സിനിമാ സെലിബ്രിറ്റിയെ പരിചയപ്പെടാന്‍ ശ്രമിച്ചിട്ടില്ല.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ടി.വി.യിലൂടേയും മറ്റും ലഭിച്ച പല കാഴ്ചകളും ഈ ധാരണയെ ഉറപ്പിക്കയല്ലാതെ ഇല്ലാതാക്കിയതുമില്ല.

എല്ലാ വര്ഷങ്ങളിലും നടക്കാറുള്ള ഞങ്ങളുടെ കോളേജിന്‍‌റ്റെ പരിപാടിക്ക് പ്രധാന അഥിതിയായാണ്‌ മൂന്ന് വര്‍ഷം മുമ്പ് നടന്‍ സിദ്ദീക്ക് വന്നത്. വിദ്യാര്‍ത്ഥികളുടേയും അവരുടെ കുട്ടികളുടേയും കലാ പരിപാടികള്‍ കഴിഞ്ഞ് സംഗീതവുമായി ബന്ധപ്പെട്ട പരിപാടിയാണ്‌ അദ്ദേഹം അന്നവതരിപ്പിച്ചത്. ഏല്‍‌പ്പിച്ച പരിപാടി വളരെ തന്‍‌മയത്വത്തോടെയും രസകരമായും അവതരിപ്പിച്ച അദ്ദേഹം അന്ന് നല്ല കയ്യടിയും വാങ്ങിയിരുന്നു.

പരിപാടിയെല്ലാം കഴിഞ്ഞ് പോയ അദ്ദേഹം ഇന്നും സിനിമാ നടന്‍ അല്ലെങ്കില്‍ സെലിബ്രിറ്റിയായി ഞങ്ങളുടെ മനസ്സുകളില്‍ തുടരുന്നു , ഇനി അടുത്ത വര്‍ഷത്തെ പരിപാടിക്ക് ഒരു പക്ഷെ അദ്ദേഹം വരികയാണെങ്കില്‍ അന്നും ആദ്യം തുടങ്ങേണ്ടത് കഴിഞ്ഞ തവണ തുടങ്ങിയതുപോലെ വേണമെന്നതാണ്‌ സത്യം.

കഴിഞ്ഞ വര്‍ഷത്തില്‍ പ്രധാന അഥിതി ശ്രീനിവാസനായിരുന്നു. ഒരു സിനിമാനടന്‍ സ്വര്‍‌ണ്ണക്കട ഉത്ഘാടനം കഴിഞ്ഞുപോയ പ്രതീതി ജനിപ്പിച്ച് അദ്ദേഹവും യാത്രയായി.

രണ്ടാഴ്ചമുമ്പുണ്ടായ ഈ വര്‍ഷത്തെ പരിപാടിക്ക് നടന്‍ ജഗദീഷായിരുന്നു മുഖ്യ അഥിതി. ഹാളിലേക്ക് പ്രവേശിച്ചപ്പോള്‍ ആരും അദ്ദേഹത്തെ കണ്ടിരുന്നില്ല. നേരെ സ്റ്റേജിനു മുമ്പിലേക്ക് നീങ്ങി തൊട്ടടുത്ത് നിന്നിരുന്ന ആളോട് കുശലം പറയുന്നത് എനിക്ക് അകലെനിന്നും കാണാമായിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട പ്രോഗ്രാം നടക്കുന്നതിന് മുമ്പ് 'നിങ്ങള്‍ക്ക് ചോദിക്കാം ' എന്നൊരു സെല്‍ഫ് മെയിഡ് പ്രോഗ്രാം അവതരിപ്പിച്ച് സദസ്സിനെ മൊത്തം കയ്യിലെടുത്തു അദ്ദേഹം.

തുടര്‍ന്ന് സംഗീത പരിപാടിയും അവതരിപ്പിച്ച് പിരിയുമ്പോള്‍ നല്ലൊരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ചാണയാള്‍ യാത്രയായത്. വളരെ പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതുപോലെ അയാളോടെല്ലാവരും ഇടപഴകി സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചു.

അദ്ധ്യാപനം ഒരു കലയുമാണെന്നതിനാലാണ്‌ തന്നേക്കാള്‍ അറിവുള്ള പലര്‍ക്കും നല്ല അദ്ധ്യാപകരാവാന്‍ സാധിക്കാത്തതും തനിക്കാവാനായതും എന്നവകാശപ്പെട്ട അദ്ദേഹം ഒരു പകലിന്‍‌റ്റെ ദൈര്‍ഘ്യത്തില്‍ അതു തെളീയീക്കുകയും ചെയ്തു.

നടനായ സിനിമാ സെലിബ്രിറ്റി ജഗദീഷിനോടല്ല,' അന്നു നിര്‌ത്തിയതില്‍ നിന്നും 'എന്നുപറഞ്ഞ് അടുത്ത തവണ വരുമ്പോള്‍ തുടരാന്‍ പാകത്തില്‍ ചിലതെല്ലാം ഉറപ്പിച്ചാണ് നല്ലൊരു അദ്ധ്യാപനായ ജഗദീഷിനോട് ‌ എല്ലാവരും യാത്രപറഞ്ഞ് പിരിഞ്ഞത്.

11 comments:

തറവാടി said...

നടനായ ജഗദീഷ് എന്ന അദ്ധ്യാപകന്‍

ആചാര്യന്‍... said...

പണ്ടൊരു കോളജ് ഡേയ്ക്ക് അദ്ദേഹത്തെക്കാണാന്‍ ഇടിച്ച്മറിഞ്ഞത് ഓര്‍ക്കുന്നു. സദസ് കൂവിയപ്പോള്‍ പുള്ളീ നല്ല നാല് ഡയലോഗ് ഇന്‍ഡയറക്ട് കിക്കായി തന്ന് നിശബ്ദരാക്കി

ആലുവവാല said...

അപ്പോള്‍ ജഗദീഷാണ് ശരിക്കും സൂപ്പര്‍ സ്റ്റാര്‍ അല്ലേ?

ആത്മ said...

ജഗദീഷിനെ എന്റെ ചേട്ടനും ഭയങ്കര ഇഷ്ടമാണ്. വളരെ നല്ല സ്വഭാവമാണെന്നു പറയുന്നു. കുടിക്കില്ല, സിനിമാ നടന്മാര്‍ക്കു സ്വതസിദ്ധമായുണ്ടാകുന്ന തലക്കനം( എന്റെ അഭിപ്രായത്തില്‍ അത് മനപൂര്‍വ്വമല്ല, വന്നുപോകുന്നതാണ് ), മറ്റ് ചീത്ത സ്വഭാവങ്ങളൊന്നുമില്ല, സിനിമ ഒരു പ്രഫഷന്‍ പോലെ ആത്മാര്‍ത്ഥമായി ചെയ്യുന്ന ഒരു നടന്‍ .ചുരുക്കിപ്പറഞ്ഞാല്‍ (തറവാടിജിയുടെ വിവരണവും കൂടികേട്ടപ്പോള്‍), 'തനി തങ്കം' എന്നു വിശേഷിപ്പിക്കാമെന്നു തോന്നുന്നു. :)

കുഞ്ഞന്‍ said...

തറവാടി മാഷെ..

ആകെ കണ്‍ഫൂഷ്യന്‍..മാഷ് ജോലിചെയ്യുന്നത് ദുഫായിലല്ലെ, ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി എഴുതിയതുപോലെയാണ്. അതുപോലെ ഈ പോസ്റ്റിനാധാരമായ സ്ഥലവും നാട്ടിലാണെന്ന് മനസ്സിലാക്കാം.

തറവാടി said...

കുഞ്ഞന്‍ :),

ദുബായിലെ കാര്യം തന്നെയാണ്‌ പറഞ്ഞത്. ഇവിടെ യു.ഏ.യിലെ തൃശ്ശൂര്‍ ഗ.വ. എഞ്ചിനീയറിങ്ങ് കോളേജ് അലും‌നിയുടെ വര്‍ഷാവര്‍ഷം നടക്കുന്ന പരിപാടിയാണ് പരാമര്‍ശിച്ചത്. അബൂദാബിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ചായിരുന്നു രണ്ടാഴ്ചമുമ്പ്.

ഓ.ടോ:

അസഹ്യമായ വാക്കുകളില്‍ പെട്ട രണ്ടെണ്ണമാണ് , മല്ലു എന്നതും ദുഫായ് എന്നതും :)

Radheyan said...

അസഹ്യമായ വാക്കുകളില്‍ പെട്ട രണ്ടെണ്ണമാണ് മല്ലു എന്നതും ദുഫായ് എന്നതും....

രണ്ടിനെയും ഒരു സെല്‍ഫ് സറ്റയര്‍ സൂചിപ്പിക്കുന്ന പദങ്ങളായി കണ്ടാല്‍ മതി.മല്ലു എന്നത് മലയാളികള്‍ക്ക് സ്വതവേ ഉണ്ടെന്ന് പറയപ്പെടുന്ന ഹിപ്പോക്രിസിയടക്കമുള്ളതിനെയും ദുഫായ് എന്നത് ഒരു കാലത്തെ ഗള്‍ഫുകാരന്റെ പൊങ്ങച്ചത്തെ സൂചിപ്പിക്കുന്നതും.ചിലപ്പോളൊക്കെ ഈ പദങ്ങള്‍ എന്നെയും മുറിപ്പെടുത്താറുണ്ട്.അത് ഇത്തരം ജനറലൈസേഷനുകള്‍ ന്യായമാണോ എന്ന അര്‍ത്ഥത്തില്‍ ആലോചിക്കുമ്പോള്‍.

ഓഫിനു സോറി.പോസ്റ്റ് വായിച്ചു,നല്ലത്.

സമൂഹത്തില്‍ അറിയപ്പെടുന്നവരെ പരാമര്‍ശിക്കുമ്പോള്‍ അയാള്‍ എന്നതിനേക്കാള്‍ അദ്ദേഹം എന്നതാവില്ലേ കൂടുതല്‍ ഉചിതം(താങ്കളുടെ നാട്ടിലെ മലയാളശൈലി എനിക്കറിയില്ല.ഉദാഹരണത്തിന് കണ്ണൂരൊക്കെ പിതാവിനെ നിങ്ങള്‍ എന്ന് പറയാറുണ്ട്,അശേഷം ബഹുമാനക്കുറവില്ലാതെ തന്നെ.ഞാന്‍ എന്റെ അച്ഛനെ അങ്ങനെ വിളിച്ചാല്‍ അടി അച്ചട്ടാണ്)

Bindhu Unny said...

ബഹുജനം പലവിധം :-)

Thaikaden said...

Bindu unni paranjathinodu njaan yojikkunnu.

തറവാടി said...

അതോഫല്ലല്ലോ രാധേയാ.

'അയാള്‍' എന്നത് രണ്ടിടത്ത് വന്നിട്ടുണ്ട് , കരുതിക്കൂറ്റിയല്ല, മറ്റുള്ളിടങ്ങളിലെല്ലാം അദ്ദേഹം തന്നെയാണ്‌ താങ്കളോട് യോജിക്കുന്നു.

അയാള്‍ എന്നത് ഞങ്ങളുടെ നാട്ടില്‍ അടുപ്പമില്ലാത്ത എന്നാല്‍ ബഹുമാനം ഒട്ടും കുറവില്ലാത്ത വാക്കായാണ്‌ ഉപയോഗിക്കാറ്.

അതിനെ 'ഇയാള്‍' എന്നുമാറ്റിയാല്‍ ബഹുമാനത്തോടൊപ്പം അടുപ്പവും സ്വല്‍‌പ്പം കൂടുമെന്ന വ്യത്യാസമാത്രം.

'നിങ്ങള്‍' ബഹുമാനമുള്ള വാക്കുതന്നെയാണ് പക്ഷെ ഉപ്പാനെ വിളിക്കാന്‍ നാവ് പൊന്തില്ലാന്ന് മാത്രം :) അതേ സമയം വയസ്സില്‍ മൂത്തവരെ നിങ്ങള്‍ എന്നുതന്നെയാണ് വിളിക്കേണ്ടത്.

നിസാര്‍ അന്തിക്കാട് said...

അഹക്കാരം ഇല്ലായ്മ ആയിരിക്കാം
ഒരു പക്ഷെ
അദ്ധേഹത്തെ ഇങ്ങനെ ആക്കിയത് എന്ന് എനിക്ക് തോനുന്നു