Wednesday, December 31, 2008

വല്ലയിടത്തേക്കും മാറാന്‍ നോക്ക്!

കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണ് ' ഗള്‍ഫൊക്കെ കഴിഞ്ഞു ഇനി അവിടേക്ക് പോയിട്ടൊന്നും ഒരു കാര്യവുമില്ല ' എന്ന വാക്കുകള്‍. ഇക്കയുടെ കൂട്ടുകാരും മറ്റും ഗള്‍ഫില്‍ നിന്നും വന്ന് ഉപ്പയുമായി സംസാരിക്കുന്നതിനിടയിലും ഈ വാക്കുകള്‍ പലരും ആവര്‍ത്തിക്കുന്നത് കേട്ടിട്ടുണ്ട്. ഒരിക്കല്‍ സാഹചര്യമൊത്തുവന്നപ്പോള്‍ ഈ വാക്കുകള്‍ ആവര്‍ത്തിച്ച ഒരാളുടെ അടുത്തേക്ക് ചെന്നു


' അല്ല നിങ്ങളെന്തിനാ പിന്നെ വീണ്ടും അങ്ങോട്ട് പോകുന്നത്? '
ഒരു ദീര്‍ഘനിശ്വാസമായിരുന്നു അയാളില്‍ നിന്നുമുണ്ടായത്. ' അനക്കത് പറയാം ജീവിക്കേണ്ടെടാ? '.

തൊണ്ണൂറിന്‍‌റ്റെ പകുതിയില്‍ ഇവിടെ വരാനുള്ള താത്പര്യം അറിഞ്ഞ പലരും എന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്

' ദുബായൊക്കെ അവസാനിച്ചെടാ , ഞങ്ങളെന്നെ അവിടേന്നും തിരിച്ചുപോരാന്‍ നോക്കുകയാ '

ഇതിപ്പോള്‍ പറയാന്‍ ഒരു കാരണം മുകളിലുള്ള കൂട്ടല്ലാത്ത മറ്റൊരു കൂട്ടവും ഉണ്ടെന്നറിഞ്ഞതിനാലാണ്.
കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ പങ്കുകൊണ്ട ഒരു കൂടിച്ചേരലില്‍ ഉണ്ടായ സംഭാഷണമാണ്. സ്വാഭാവികമായും മിക്കവരും സംസാരിച്ചത് സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ടതുതന്നെ. പലരുടെയും സംസാരത്തില്‍ നിന്നും മിക്കവരും ഭയത്തിലാണെങ്കിലും പ്രതീക്ഷ കൊണ്ടുനടക്കുന്നവരുമാണെന്ന് മനസ്സിലാക്കാനായി.

ഇതിനിടക്കാണ് ഞങ്ങളെല്ലാം നന്നായറിയുന്ന ഒരാളെ മുന്നിലേക്ക് നിര്‍ത്തിയീട്ട് മറ്റൊരാള്‍ അറിയീച്ചത് , നിങ്ങളെല്ലാം അറിഞ്ഞില്ലേ ചേട്ടന്‍ അടുത്തമാസം എല്ലാം അവസാനിപ്പിച്ച് പോകുകയാണെന്ന കാര്യം?

മുപ്പത് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന അയാള്‍ക്ക് സാമാന്യം നല്ല നിലയില്‍ സമ്പത്തും ഉണ്ടാക്കാനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതിനാല്‍ എല്ലാ തയ്യാറെടുപ്പുകളും എടുത്ത് കഴിഞ്ഞിരിക്കുന്നു.തുടര്‍ന്നുള്ള സംസാരം നാടിനെപ്പറ്റിയും മറ്റുമായി മാറിയെങ്കിലും അദ്ദേഹത്തില്‍ നിന്നുണ്ടായ ആദ്യവാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ വല്ലാതാക്കി.

' ദുബയിയൊക്കെ കഴിഞ്ഞെടാ മക്കളെ വേറെ വല്ലയിടത്തേക്കും മാറാന്‍ നോക്ക്! '

വര്‍ഷങ്ങള്‍ പരിജയമുള്ള ഒരാളുടെ ഉപദേശത്തേക്കാള്‍ ഞാനെല്ലാം നേടിക്കഴിഞ്ഞു ഇനി എന്തായാലെന്താ എന്ന് കരുതുന്ന ഒരാളുടെ പരിഹാസമായേ അതിനെ തോന്നിയുള്ളു എന്നതിനാല്‍ മറുപടി ഒരു ചിരിയിലൊതുക്കി ഞങ്ങള്‍ നാട്ടിലെ മഴയെപ്പറ്റി സംസാരം തുടര്‍ന്നു.

Tuesday, December 30, 2008

മലയാളി റൈറ്റ് സഹോദരന്‍ ' ഉണ്ടാവില്ല

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഒരാളുടെ ' ഭയങ്കര കണ്ടുപിടുത്ത ' ത്തെ പറ്റിയുള്ള ഒരു പരിപാടി ടി.വിയില്‍ വന്നത്. ഡിപ്ലോമക്കാരനായ ഒരാള്‍ സ്കൂട്ടര്‍ എഞ്ചിന്‍ ഉപയോഗിച്ചുണ്ടാക്കിയ ഒരു വിമാനം സാമ്പത്തിക പരാധീനതമൂലം പാതി വഴിയില്‍ എത്തിനില്‍‌ക്കുന്നത് വളരെ ദുഖത്തോടെയാണ് ' കണ്ടുപിടുത്തക്കാരന്‍' ടി.വിക്ക് മുന്നില്‍ അവതരിപ്പിച്ചത്.


വെറും മുപ്പത്തയ്യായിരം രൂപ ലഭിച്ചാല്‍ പ്രസ്ഥുത വിമാനം പറപ്പിക്കാമെന്നയാള്‍ അവകാശപ്പെട്ടു. ആറുമാസമായി വിമാന നിര്‍മ്മാണം തുടങ്ങിയീട്ട് ഇതുവരെ ഇരുപതിനായിരത്തിലധികം രൂപ ചിലവായി. എഞ്ചിന്‍, ഫാനുകള്‍ എന്നിവ സ്റ്റീല്‍ ഫ്രെയ്മില്‍ ഘടിപ്പിച്ചിരിക്കുന്നു. സാമ്പത്തിക പ്രശ്നം മൂലം പണി നിര്‍ത്തിയിട്ട് ഒരു മാസമായിരിക്കുന്നു. എല്ലാ വശങ്ങളില്‍ നിന്നും വിമാനം കേമറയില്‍ കാണിച്ചതിന് ശേഷം പെട്രോള്‍ ഒഴിച്ച് ' വിമാനം ' പ്രവൃത്തിപ്പിച്ചുകാണിച്ചു. എന്‍‍ജിന്‍ കറങ്ങി മൊത്തം ഫ്രെയില്‍ ഇളകി വിറച്ചുകൊണ്ടിരുന്നു.

ദുഖാര്‍ദ്രമായ ശബ്ദത്തോടെ അവതാരകന്‍ പ്രേക്ഷകരോട് സഹായം അപേക്ഷിച്ചത് വെറും മുപ്പത്തയ്യായിരം രൂപയില്ലാത്തതിനാല്‍ ഒരു ബുദ്ധി രാക്ഷസനായ ശാസ്ത്രഞ്ജന്‍ ദുഖത്തിലാണ്ടിരിക്കുന്നു.എന്തായാലും പിറ്റത്തെ ആഴ്ചയിലെ പരിപാടിയില്‍ നിന്നും സഹായം അയാള്‍ക്ക് ലഭ്യമായെന്നറിയാനായി പിന്നീട് ഇതേപറ്റി വാര്‍ത്തയൊന്നും കേട്ടതുമില്ല.

അന്ന് പ്രസ്ഥുത ട്.വി. ചാനലിലേക്കൊരു കത്തയക്കണമെന്ന് ഞാന്‍ കരുതിയതായിരുന്നു: സ്വന്തം കുടുംബം നോക്കാന്‍ ഒരു സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് തുടങ്ങാനുള്ള സഹായാഭ്യാര്‍ത്ഥനയായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നാഗ്രഹിച്ചുപോയി , അപ്പോള്‍ പക്ഷെ ' മലയാളി റൈറ്റ് സഹോദരന്‍ ' ഉണ്ടാവില്ലല്ലോ!

Saturday, December 27, 2008

കൃഷി ചെയ്യുന്ന എന്‍‌ജ്ചിനീയര്‍ - കഷ്ടം!

'എഞ്ചിനീയര്‍ കൃഷിയില്‍ പ്രവേശിച്ചു ' / ' ഡോക്ടര്‍ പശു ഫാം നടത്തിപ്പുകാരനായി ' പലര്‍ക്കും കുളിര്‍മ്മയേകുന്ന വാക്കുകള്‍. പ്രസ്തുത വ്യക്തി പഠിച്ചത് ഒരു പ്രശസ്ഥ സ്ഥാപനത്തിലാണെങ്കില്‍  സ്വല്‍‌പ്പം അദിശയവും മഹത്‌വല്‍‌ക്കരണവും കൂടെ കാണുമെന്ന്‌മാത്രം.

സ്വന്തം വര്‍ഗ്ഗത്തില്‍ വിദ്യാസമ്പന്നനായ ഒരാള്‍ പ്രവേശിക്കുന്നതിലെ സന്തോഷം ഒരു കര്‍ഷകനോ ഫാം നടത്തിപ്പുകാരോ പ്രകടിപ്പിക്കുന്നത് ഉള്‍ക്കൊള്ളാവാനാഞ്ഞിട്ടല്ല എനിക്ക് ഇത്തരം വ്യക്തികളോട് ഈര്‍ഷ്യതോന്നുന്നതും , വിളമ്പരം ചെയ്യുന്നവരോട് സഹതാപം തോന്നുന്നതും മറിച്ച്  ഇവര്‍ രണ്ടുപേരും ചെയ്യുന്നതിലെ അര്‍ത്ഥ ശൂന്യത അവരവര്‍ മനസ്സിലാക്കാത്തതിനാലാണ്.

വിദ്യാഭ്യാസം ജോലിക്ക് വേണ്ടിയാവരുത്.വിദ്യാഭ്യാസത്തിലൂടെയുള്ള അറിവ് ഒരാള്‍ തന്‍‌റ്റെ ജോലിക്ക് ഉപയോഗപെടുത്തുമ്പോള്‍ അയാള്‍ ഭാഗ്യവാനാകുകയും അയാളുടെ പ്രവര്‍ത്തനക്ഷമത ഏറ്റവും കൂടുകയും ചെയ്യുന്നെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

പരമ്പരാഗത വിദ്യാഭ്യാസമല്ല പ്രൊഫെഷ്ണല്‍ വിദ്യാഭ്യാസം , ഒരു പ്രത്യേക തൊഴില്‍ / പ്രൊഫഷന്‍ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ഒന്നാണത് അതുകൊണ്ട് അതിലേക്ക് വരുന്ന ഒരു വിദ്യാര്‍ത്ഥി ആത്യന്തികമായി ലക്ഷ്യം വെക്കുന്നതും ആ പ്രൊഫെഷന്‍ തന്നെയാണ്.ഇത്തരം ഒരു വിദ്യാഭ്യാസത്തിന് ‍ തന്നിലെ കഴിവ് മാത്രമല്ല ലക്ഷ്യം വെക്കേണ്ടത് മറിച്ച് താത്പര്യം കൂടിയാണ്.

സര്‍ക്കാരിന്‍‌റ്റെ പൂര്‍ണ്ണ സഹായംകൈപറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ത്ഥി പിന്നീട് യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ശാഖയിലേക്ക് പ്രവേശിക്കുന്നു. പ്രസ്തുത വിദ്യാഭ്യാസം അതിയായി ആഗ്രഹിച്ച , കഴിവുള്ള മറ്റൊരാളുടെ സീറ്റ് നിരസിക്കുക/ പാഴാക്കുക യാണീ പ്രവൃത്തിയിലൂടെ  നടക്കാതെ പോകുന്നത്. വിദ്യാഭ്യാസം ചെയ്യുന്നതോടെ താന്‍ ഇത്തരം പഠനത്തിന് കഴിവുള്ളവനാണെന്നത് സമര്‍ത്ഥിക്കുന്നതില്‍ കൂടുതലൊന്നും ഇവര്‍ ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സര്‍ക്കാര്‍ ഇവര്‍ക്ക് കൊടുക്കുന്ന സഹായം ദുരുപയോഗം ചെയ്യുക മാത്രമല്ല ഇതേ സീറ്റ് വളരെ താത്പര്യത്തോടെ സ്വീകരിക്കാന്‍ തയ്യാറാവുന്ന , കഴിവുള്ള മറ്റൊരാളെയാണ് ഇവരുടെ ഈ പ്രവൃത്തിമൂലം നടക്കാതെപോകുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അമേരിക്കയിലോ വിദേശങ്ങളിലോ പോയി ജോലിചെയ്യുന്നവര്‍ തെറ്റുകാരാണെന്ന് പറയാമെങ്കില്‍ അതിനേക്കാള്‍ താഴെയാണിത്തരുടെ സ്ഥാനം.

കേരളത്തില്‍ ജോലികിട്ടില്ല , എന്‍‌റ്റെ ഇഷ്ടപ്രകാരമല്ല പ്രൊഫെഷണല്‍ വിദ്യാഭ്യാസത്തിന് പോയത് , സിവില്‍ എഞ്ചിനീയര്‍ ഐ.ടി യില്‍ ,  തുടങ്ങിയപല ന്യായീകരണങ്ങളും കാണുമെന്നറിയാം അതെല്ലാം ഉള്‍ക്കൊണ്ടുതന്നെപറയട്ടെ ഇവര്‍ ചെയ്തത് ശരിയായ ഒരു പ്രവൃത്തിയല്ല അത്തരം ഒന്നിനെ മഹത്‌വല്‍ക്കരിച്ചത് അതിലും വലിയ ശരിയല്ലാത്ത ഒന്നും.

ഓ ..അടൂര്‍ ഫയങ്കരന്‍ തന്നെ!

യാദൃശ്ചികമായാണ് ഇന്നലെ 'സിനിമാധനനായ' ശ്രീ അടൂര്‍ ഗോപാലകൃഷ്നനുമായുള്ള ഒരു സം‌വാദം റേഡിയോയില്‍ കേട്ടത്. കേട്ട് കഴിഞ്ഞപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി ഈ ലോകത്ത് സിനിമ അറിയുന്നവന്‍ , എടുക്കാന്‍ കഴിവുള്ളവന്‍ പിന്നെ എന്തൊക്കെയോ 'അവന്‍' അദ്ദേഹം മാത്രമാണെന്ന്.

അരവിന്ദനും, പത്മരാജനും , ഭരതനും എല്ലാം ശിശുക്കള്‍  സിനിമ എന്തെന്നറിയാത്തവര്‍ ഒപ്പം ഒന്നൂടെ മനസ്സിലായി ഇനി ഈ ലോകത്ത് ശ്രീ അടൂരെന്ന പ്രതിഭയെപ്പോലെ ഒരാളും സിനിമയെടുക്കാന്‍  ഇനി ജനിക്കാനും  പോകുന്നില്ല!

Wednesday, December 24, 2008

ഇപ്പോളെന്തായി അനുഭവിക്ക്!

'അല്ല കോയാ ഈ ബലാലിനെക്കൊണ്ട് വലഞ്ഞല്ലോ ബല്ലാത്തൊരു പഹയന്‍ തന്നെ! എത്ര പേരുടെ പണിയാ പോയത് '


' അനുഭവിക്കട്ടെ എല്ലാവരും എന്തായിരുന്നു യൂണിയനോടുള്ള ചതുര്‍ത്ഥി! '

' ഇനീപ്പോ ഇതീന്ന് കരകയറാന്‍ എന്താണൊരു വഴി അത് പറ കോയാ '

' വഴി പഴേത് തന്നെ യൂണിയന്‍ '

' ശര്യന്നെ കോയാ ഓല് ഉണ്ടെങ്കില്‍ പിന്നെ പണി പോകാന്‍ സമ്മതിക്കൂലല്ലോ സമരം ചെയ്യില്ലെ'

' അതെന്നെ, എന്തായാലും ഇപ്പോള്‍ യൂണിയന്‍‌റ്റെ വില എല്ലാവരും പഠിച്ചു '

' തന്നെ ..തന്നെ , യൂണിയന്‍ ഉണ്ടായിരുന്നെങ്കില്‍ മാന്ദ്യമല്ല ഓന്‍റ്റെ ബാപ്പാനേം പേടിക്കേണ്ടായിരുന്നു ജോലി പോവൂലല്ലോ! '

ഇപ്പോളെന്തായി അനുഭവിക്ക്!

Tuesday, December 23, 2008

സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കില്‍!

സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കില്‍


കൂടുതല്‍ മടിയന്‍‌മാരാകുമായിരുന്നു.
കൂടുതല്‍ അഹങ്കാരികളാവുമായിരുന്നു.
പണത്തോടുള്ള ആര്‍ത്ഥികൂടുമായിരുന്നു.
കൂടുതല്‍ കടക്കെണിയില്‍ പെടുമായിരുന്നു.
കൂടുതല്‍ അര്‍ഹതയില്ലാത്തവനാകുമായിരുന്നു.
കൂടുതല്‍ ഉത്തരവാദിത്വമില്ലാത്തവനാകുമായിരുന്നു.
കൂടുതല്‍ കപടതയുള്ളവര്‍ ആകുമായിരുന്നു.

എന്തുകൊണ്ടും ഇത് ഇത്രയും നേരത്തെ വന്നത് അത്രയും നന്നായി!

Monday, December 22, 2008

ഷാര്‍പ്പ് ഷൂട്ടേഴ്സിനെ ആവശ്യമുണ്ട്.

പുതിയതായി തുടങ്ങിയ തെങ്ങ് കയറല്‍ കോണ്‍‌ട്രാക്ടിങ്ങ് കമ്പനിയിലേക്ക് ഷാര്‍പ്പ് ഷൂട്ടേഴ്സിനെ ആവശ്യമുണ്ട്.

Wednesday, December 17, 2008

ചെരുപ്പേറിലെ അരാഷ്ട്രീയത

അധികാര വര്‍ഗ്ഗങ്ങളോട് എതിര്‍പ്പുകള്‍ ആളുകള്‍ പല രീതിയിലാണ് പ്രകടിപ്പിക്കുക.

യുദ്ധക്കൊതിയനായ ബുഷ് നികൃഷ്ടനായ ഒരാളാണെന്നതില്‍ സംശയമില്ല. വലിയൊരു ജനതയെ നിഷ്ടൂരമായി കൊന്നൊടുക്കിയവനുമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ,ഒരു വലിയ രാജ്യത്ത് ജനാധിപത്യ രീതികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയും ആണെന്നതോര്‍ക്കേണ്ടതാണ്.

സമരം ചെയ്യുക എന്നത് ധാര്‍മികത ഏറ്റവും വേണ്ട ഒന്നാണ്.ഒരെഴുത്തുകാരന്‍ അയാളുടെ തൂലിക ഉപയോഗിച്ചാണ് തന്‍‌റ്റെ അഭിപ്രായത്തെ പ്രകടിപ്പിക്കേണ്ടതും സമരം ചെയ്യേണ്ടതും അതിന് വിരുദ്ധമായി ഒരാളുടെ മുഖത്തേക്ക് ചെരുപ്പെറിഞ്ഞുകൊണ്ടുള്ള പ്രകടനം പരാജയമായേ കാണാനാവൂ.

പത്രപ്രവര്‍ത്തകന്‍ എന്ന സ്ഥാനം തരുന്ന സ്വാതന്ത്ര്യത്തെ/ അധികാരത്തെ അതിന്‍‌റ്റേതല്ലാത്ത കാര്യങ്ങള്‍ക്കല്ലാതെ ഇത്തരം തരം താണ ഒരു പ്രവൃത്തിക്കുപയോഗപ്പെടുത്തിയതിലൂടെ സമരം ചെയ്യാനും അഭിപ്രായപ്രകടനത്തിനുമുള്ള മൗലീകവും ധാര്‍മ്മികവുമായ അവകാശം നഷ്ടപ്പെടുത്തുകയാണയാള്‍ ചെയ്തത്.

എറിഞ്ഞ ചെരുപ്പ് ബുഷെന്ന ഒറ്റ വെക്തിയുടെ മുഖത്ത് മാത്രമല്ല ഒരു വലിയ രാജ്യത്തെ ഒരു വലിയ ജനതയുടെ മുഖങ്ങളിലേക്കാണ് ചെന്ന് പതിച്ചതെന്ന് മനസ്സിലാക്കുമ്പോളാണ് ഈ പ്രവൃത്തിയുടെ തെറ്റിന്‍‌റ്റെ ആഴം മനസ്സിലാക്കാനാവുക.

ബുഷെന്ന വ്യക്തിയോടെനിക്ക് വിയോജിപ്പുകള്‍ മാത്രമുള്ളപ്പോള്‍ തന്നെ ആ പത്രപ്രവര്‍ത്തകന്‍ ഈ പ്രവൃത്തിയിലൂടെ ബുഷിനേക്കാള്‍ അധപതിക്കുകയാണ് ചെയ്തത് , ഇത്തരം പ്രവൃത്തികള്‍ ഏതൊരു രാജ്യവും അപലപിക്കേണ്ടതുതന്നെയാണ്.

ഇപ്പോഴല്ലേ കാര്യം മനസ്സിലായത്

എന്‍റ്റെ മോബൈല്‍ ഫോണിലെ സമയം കൃത്യമാണെങ്കിലും വാച്ചില്‍ അഞ്ചുമിനിട്ട്‌ ഫാസ്റ്റ്‌ ആണ്.


വാച്ചിലെ സമയം അഞ്ചുമിനിട്ട് കുറച്ച് കൃത്യമാക്കാതിരിക്കാന്‍ കാരണം ഓഫീസ്‌ നെറ്റ്വര്‍ക്കിലുള്ള സമയം അഞ്ചുമിനിട്ട്‌ ഫാസറ്റയതിനാലാണ്. ഐ.ടി. യില്‍ പറഞ്ഞിത്‌ മാറ്റാവുന്നതാണെങ്കിലും ഞാനതിന് മെനക്കെട്ടില്ല ഓഫീസില്‍ അഞ്ചുമിനിട്ട്‌ വൈകിവന്നാല്‍ മതിയല്ലോ!

പഠിക്കുന്ന കാലത്ത് ക്ലാസ്സിലെ ചില പെണ്‍കുട്ടികള്‍ അവരുടെ വാച്ചിലും ഹോസ്റ്റലിലെ വാള്‍ ക്ലോക്കിലും ഇതുപോലെ അഞ്ചുമിനിട്ട്‌ കൂടുതലാണ് സെറ്റ്‌ ചെയ്തിരുന്നത്. എന്തിനാണിങ്ങനെ സമയത്തെ അഞ്ചുമിനിട്ട്‌ (ചിലര്‍ പത്തുമിനിട്ട് വരെ) കൂടുതല്‍ വെക്കുന്നതെന്നതിനുത്തരം ,

' പെട്ടെന്ന് കണ്ടാല്‍ ലേറ്റായെന്ന് തോന്നുന്നതിനാല്‍ വേഗം എഴുന്നേല്‍ക്കും '

' അപ്പോ നിങ്ങള്‍ക്കറിയില്ലെ വാച്ചില്‍ സമയം അഞ്ചുമിനിട്ട് കൂടുതലാണെന്ന കാര്യം '

മറുപടി ഒരു കള്ള ചിരിയയിരിക്കും

എന്നാ പിന്നെ ഇവര്‍ക്ക് മണിക്കൂര്‍ കൂട്ടിവെച്ചൂടെന്ന് ചോദിച്ചാല്‍ അതിനും ഒരു ചിരി,

ഇപ്പോഴല്ലേ കാര്യം മനസ്സിലായത് ;)

Sunday, December 14, 2008

ഫ്രസ്ട്രേഷന്‍

ഹൈദ്രോസിന് മലയാളം വായിക്കാന്‍ അറിയില്ല അതുകൊണ്ട് പത്രം വായനയില്ല.


പതിനാറ് മണിക്കൂര്‍ ജോലി ചുരുക്കത്തില്‍ ന്യൂസുകള്‍ അറിയാനുള്ള സാഹചര്യം തുലോം കുറവ് പക്ഷെ ലോക സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയും ഗള്‍ഫില്‍ വരുത്തുന്ന ഇമ്പാക്ടും വളരെ ഗൗരവത്തോടെ സംസാരിക്കുമ്പോളാണ് ആളുകള്‍ സാമൂഹ്യ പ്രതിബദ്ധരും മനസ്സലിവുള്ളവരും ഒക്കെയായി മാറിയതില്‍ നമുക്ക് അദിശയിക്കേണ്ടി വരിക.

ദുബായ് പ്രോപ്പര്‍ടീസിലെ നൂറ് സീനിയര്‍ സ്റ്റാഫിന് ജോലി പോയതില്‍ ഹൈദ്രോസ് മനം നൊന്ത് വിഷമിക്കും. നക്കീല്‍ പത്ത് മാനേജര്‍ മാരെ പിരിച്ച് വിട്ടതില്‍ രണ്ട് ദിവസം പട്ടിണീ കിടക്കുന്നാലോ എന്ന് ചിന്തിക്കും. യൂണിയന്‍ പ്രോപ്പര്‍ട്ടീസ് പൊളിഞ്ഞ് തരിപ്പണമായിട്ടും എം.ആര്‍ ഏറ്റെടുക്കുന്നതിലെ വിവരക്കേടിനെപ്പറ്റി വ്യാകുലനാവും.

രണ്ടായിരം മില്യണ്‍ ദിര്‍‌ഹംസ് പ്രോജെക്ടുകള്‍ നിര്‍ത്തിയത് കൊണ്ട് നക്കീല്‍ രക്ഷപ്പെട്ടേക്കുമെന്നും വിശ്വസിച്ച് കടയില്‍ വരുന്നവര്‍ക്ക് ഇഞ്ചിമിഠായി വിതരണം ചെയ്യുന്നതിനപ്പറ്റി കൂലങ്കുഷനായി ചിന്തിക്കും. ദുബായില്‍ അമേരിക്കയില്‍ സംഭവിച്ചതിനേക്കാള്‍ പത്തുമടങ്ങെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ കാണുന്നവരോടൊക്കെ ജാഗ്രതപാലിക്കാന്‍ ഉപദേശിക്കും.

ഇത്രയും കാലം ' സുഖിച്ച്' ജീവിച്ചിരുന്നവര്‍ നാട്ടിലേക്ക് പെട്ടിയും കിടക്കയും എടുത്ത് പോകേണ്ടതിനെപ്പറ്റി ദയനീയനാവുന്നതിനൊപ്പം നീരസത്തോടെ പല്ലിറുമ്മും:

'ഇന്‍ഡ്യന്‍ എയര്‍ വേയ്സ് നാറികള്‍ ടിക്കറ്റ് നിരക്ക് കുറച്ചാല്‍ മത്യാര്‍ന്നു '

കടയില്‍ പോയപ്പോള്‍ ഹൈദ്രോസ് ഒന്നൂടെ ഉയര്‍ന്നിരിക്കുന്നു: തലേന്ന് നാട്ടുകാരനെ യാത്രയാക്കാന്‍ പോയപ്പോള്‍ അവന്‍‌റ്റെ മുറിയില്‍ നിന്നും ബി.ബി.സി ന്യൂസ് കണ്ടത്രെ.

' ഓ ആ അമേരിക്കക്കാരുടെ ഒരു കാര്യം നോക്കണേ റോടിലൊക്കെ എത്ര്യാ അണ്ണാച്ചികളെപ്പോലെ പാവം തോന്നും , ഇബിടേര്‍ന്നെങ്കി ഒരു ചായേങ്കിലും കൊടുക്കാര്‍ന്നു! '

വാല്‍കഷ്ണം:

യാതൊരു ലക്കും ലഗാനുമില്ലാതെ ഉയര്‍ത്തിയിരുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യം നല്ലൊരു ശതമാനം ആളുകള്‍ക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത് അതു പൂര്‍ണ്ണ അര്‍ത്ഥത്തോടെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെയും , ഇതിന്‍‌റ്റെ ഫലം നേരിട്ടനുഭവിച്ചിരുന്ന ഒരു ചെറിയ വിഭാഗത്തിന്‍‌റ്റെ കറുത്ത ഭാവിയില്‍ ഉള്ളാലെ സന്തോഷിക്കുന്ന ഒരു വിഭഗത്തെയാണ് ഹൈദ്രോസ് ഇവിടെ റപ്രസെന്‍‌റ്റ് ചെയ്യുന്നത്.

ആയിരത്തി അഞ്ഞൂര്‍ ദിര്‍ഹം ശമ്പളം കിട്ടിയിരുന്ന ഡ്രാഫ്റ്റ് മാന്‍ ഇന്ന് പന്ത്രണ്ടായിരം വാങ്ങാനായതും,
ഫ്ലാറ്റിന്‍‌റ്റെ റെന്‍‌റ്റ് കൂടിയെന്നും പറഞ്ഞാണ് സൂപ്പര്‍ വൈസര്‍ രാമന്‍ ശമ്പളം കൂട്ടാനാവശ്യപ്പെടാനായതും, പത്ത് രൂപക്ക് മുടിവെട്ടിയിരുന്നസ്ഥലത്ത് ഇരുപത് രൂപയാക്കാന്‍ മുടിവെട്ടുകാരന്‍ കരീമിനായതും , മുന്നൂറ് രൂപ ഹൈദ്രോസിന് ശമ്പളക്കൂടുതല്‍ കിട്ടാനുമൊക്കെ കാരണം ഈ ' ബൂം ' തന്നെയാണ്.

' ഏയ്..എന്‍‌റ്റെ ജോലിക്ക് പ്രശ്നമൊന്നുമില്ല പക്ഷെ ആ സീമന്‍‌സിലെ രാഘവന്‍‌റ്റെ കാര്യമാ കഷ്ടം ..നോട്ടീസ് കിട്ടീന്നാ കേട്ടത്'

തുടരും,

' എന്തായിരുന്നു അവന്‍‌റ്റെ യൊക്കെ ഒരു കാട്ടായം പ്രാഡോ കാര്‍ , മൂന്ന് മാസം കൂടുമ്പോള്‍ നാട്ടില്‍ പോക്ക് ...'

അവസാനം

' പക്ഷെ കഷ്ടായിട്ടോ എന്താ പ്പോ അവന്‍ ഇനി ചെയ്യുക? '

അമേരിക്കയില്‍  എന്തെങ്കിലും കഷ്ടകാലം വരുമ്പോള്‍ മറ്റുള്ള രാജ്യക്കാര്‍ കാട്ടിയിരുന്ന ആ ഫ്രസ്ട്രേഷന്‍ ഇപ്പോള്‍ നമ്മള്‍ നമ്മളില്‍ തന്നെ എടുത്ത് തുടങ്ങിയിരിക്കുന്നു.


മാന്ദ്യത്തെ അടിസ്ഥാനപ്പെടുത്തി ബലിയാടുകളെക്കുറിച്ച് മുതലക്കണ്ണീര്‍ ഒഴുക്കുന്നവരേ ഒന്നാലോചിക്കുക കിട്ടിയ ചാന്‍സ് ഉപയോഗപ്പെടുത്തി എന്നതല്ലാതെ ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല ഇനിയെങ്കിലും ഫ്രസ്ട്രേഷന്‍ കുറക്കുക അവരെപ്പറ്റി ദുഖിക്കെണ്ട പക്ഷെ മുതലക്കണ്ണീര്‍ ഒഴുക്കരുതേ!

Thursday, December 11, 2008

മാതൃത്വം തെറ്റായ ചിന്ത

പാവനമായ ബന്ധം
മാതൃത്വമെന്നത്
തെറ്റായ ചിന്തയാണ്
സുഹൃത്ത് ബന്ധമാണ്
ഏറ്റവും പാവനമായത്.




.

Wednesday, December 10, 2008

സുഹൃത്ത് - തെറ്റായ ചിന്ത

ദുഖത്തില്‍ പങ്ക് ചേരുന്നവനല്ല
യഥാര്‍ത്ഥ സുഹൃത്ത്,

സന്തോഷത്തില്‍
പങ്ക് ചേരുന്നവനാകുന്നു.

Tuesday, December 02, 2008

S.M.S അയക്കണം പോലും ....ഇതാണോ മാധ്യമ സ്വാതന്ത്ര്യം?! പ്‌ഫൂ....

ബോംബെയില്‍ വീരമൃത്യുവരിച്ച ജവന്‍‌റ്റെ വീട്ടില്‍ വരരുതെന്ന പിതാവിന്‍‌റ്റെ ആവശ്യത്തെ(?) മറികടന്ന് വീട്ടില്‍ ചെന്ന മുഖ്യ മന്ത്രിയെ ബന്ധുക്കള്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചില പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം മാപ്പ് പറയണമോ വേണ്ടയോ , എല്ലാവരും S.M.S ചെയ്യണമത്രെ!

ടി.വി.തുറന്നാല്‍ ഇതുമാത്രമേയുള്ളു പറയാന്‍ , മാധ്യമ സ്വാതന്ത്ര്യമാണത്രെ!
ഉവ്വ്... ഉവ്വ് ...അതുതന്നെ . ബോംബെ കഴിഞ്ഞുള്ള പുതിയ ആഘോഷം!.