കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായതെന്നതുപോലെയാണ് കോടതിക്കാണോ ഭരണചക്രത്തിനാണോ അധികാരം / അവകാശം / ബാധ്യത എന്നക്കെയുള്ളത്. ഈ ചോദ്യത്തിന് യാതൊരു പ്രസക്തിയില്ലെങ്കിലും ഒരുകൂട്ടം ആളുകള്‍ ഇപ്പോഴും ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ മറ്റൊരു തലത്തില്‍ നിന്നാണ് ഈയിടെ കോടതിയില്‍ നിന്നുമുണ്ടായ ചില 'നടപടികള്‍' പൊതുസമൂഹത്തില്‍ അശങ്കയും സംശയങ്ങളും നീരസവുമടക്കം പലതും ഉണ്ടാക്കിയത്.
കാര്യകാരണങ്ങള്‍ വ്യക്തമാക്കി ഇത്തരം ആശങ്കകള്‍ പൊതുസമൂഹത്തില്‍ നിന്നും ഇല്ലാതാക്കുന്നതിന് പകരം ഭരണചക്രമാവട്ടെ വെറും രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി അതിന് മുതിരാവാതിരിക്കയാണുണ്ടായത്. അവസാനത്തെ കച്ചിത്തുരുമ്പായ മാധ്യമവും യാഥാര്‍ത്ഥ്യം ബോധിപ്പിക്കുന്നതില്‍ നിന്നും വിട്ടുനിന്നത് പൊതുസമൂഹത്തില്‍ തെല്ലൊന്നുമല്ല അവ്യക്തതയും അരക്ഷിതബോധവും സൃഷ്ടിക്കുന്നത്. ഒരുദാഹരണമായി ഇതൊന്ന് വായിക്കുക.
കോടതിയെ ഒരു വ്യക്തിയായാണ് പലരും കാണുന്നത്, അതായത് സ്വയം ചിന്തിച്ച് കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ കഴിവുള്ള ഒരു 'മനുഷ്യന്' ; അതുകൊണ്ടാണ് കോടതിയുടെ ചില 'നടപടികള്‍' പൊതുസമൂഹത്തില്‍ ഇതുപോലുള്ള 'അതൃപ്തികള്‍' ഉണ്ടാക്കാനുള്ള പ്രധാന കാരണം.
കോടതി എന്നാല്‍ ഭരണചക്രത്തിന്റെ ഒരു പ്രത്യേക പ്രവൃത്തിചെയ്യാനുള്ള മെഷിനറി അഥവാ 'ഉപകരണം' മാത്രമാണ്. അതിന് സ്വന്തം ചിന്തിക്കാനോ തീരുമാനിക്കാനോ ഉള്ള കഴിവില്ല , ഉണ്ടാവാന്‍ പാടില്ല, കാരണം അതുണ്ടാവുമ്പോള്‍ കോടതി കോടതിയല്ലാതാവുന്നു.
ഭരണചക്രത്തിന്റെ ഉപകരണമായ കോടതിയുടെ പ്രധാന 'ജോലി' 'നിയമം' അഥവാ ക്രമസമാധാനം നടപ്പിലാക്കുക എന്നതാണ്, അതിനുവേണ്ടി ഭരണചക്രം തുടക്കത്തില്‍ തന്നെ 'ഇന്ന' തെറ്റിന് 'ഇന്ന' ശിക്ഷ എന്ന കുറെ നിര്‍ദ്ദേശങ്ങള്‍ ഫീഡ് ചെയ്തിട്ടുണ്ട്.
ക്രമസമാധാനത്തിനൊരു പ്രശ്നം വരുമ്പോള്‍ (കോടതി അറിയുമ്പോള്‍/ കോടതിയോട് തീര്‍പ്പ് കല്പ്പിക്കാന് ആവശ്യപ്പെടുമ്പോള്‍) അതിന് ഏത് ശിക്ഷയാണോ വേണ്ടത് അത് തിരഞ്ഞെടുത്ത് നടപ്പില്‍ വരുത്തുകമാത്രമാണ് കോടതി ചെയ്യുന്നത് അല്ലെങ്കില്‍ ചെയ്യേണ്ടത്.
കാലാകാലങ്ങളില്‍ ക്രമാസമാധാനത്തില്‍ വരുന്ന വിവിധതരത്തിലുള്ള തെറ്റുകളും ശിക്ഷകളും കോടതികളില്‍ ഫീഡ് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം ഭരണചക്രത്തില്‍ മാത്രം നിക്ഷിപ്തമാണ്, അതായത് നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഭരണചക്രമാണ്, കോടതികളല്ല.
ശിക്ഷ എന്നത് മനുഷ്യനില്‍ നടപ്പിലാക്കേണ്ട ഒരു പ്രവൃത്തിയായതിനാല്‍ കോടതി എന്ന മെഷീനറി മനുഷ്യന്റെ സഹായം തേടുന്നു, അവരാണ് ന്യായാധിപന്മാര്.
പൊതുസമൂഹത്തില്‍ കാണാത്ത ഒരു 'അക്രമം' കാണുമ്പോള്‍ കോടതി അതെന്താണെന്നും അതിനുള്ള ശിക്ഷ എന്താണെന്നും ആരായും (ഞ്ഞേക്കാം). കോടതി എന്ന മെഷിനറിയില്‍ തെറ്റും ശിക്ഷയും ഫീഡ് ചെയ്യാന്‍ അധികാരമുള്ളത് ഭരണചക്രം മാത്രമായതിനാല്‍ സ്വാഭാവികമായും ചോദ്യം ഭരണചക്രത്തോടാവുന്നു.
അതുകൊണ്ടാണ് ശബരിമലയിലെ വിളക്കുകത്തിക്കലിനെപറ്റി വ്യക്തമാക്കാന്‍ ഭരണചക്രത്തോട് കോടതി ആവശ്യപ്പെട്ടത്. അതിനുള്ള ഉത്തരം കോടതിക്ക് കൊടുക്കണോ വേണ്ടയോ എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം ഭരണചക്രത്തിനാണ്.
വിശ്വാസപരമായകാര്യമാണ് കോടതി അതില്‍ ഇടപെടേണ്ട എന്ന് ഭരണചക്രം കോടതിയില്‍ 'ഫീഡ്' ചെയ്താലും ഭരണചക്രത്തേയോ ഇത്തരം ഒരു 'ബാലിശ' ചോദ്യം ചോദിച്ചതിന് കോടതിയേയോ ഒന്നും പറയേണ്ടതില്ലെന്ന് മാത്രമല്ല പറയാന്‍ പാടുമില്ല.
കോടതിയുടെ ഒരു ചോദ്യത്തോട് ( ആരായലിനോട്) അതിന്റെ ആവശ്യകത ചികയുന്നതിലും വലിയ അര്‍ത്ഥമില്ല. ശബ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പുതിയ ശബ്ദം കേട്ടാല്‍ ആ ശബ്ദത്തിനെന്ത് പ്രവൃത്തിയാണ് താന്‍ ചെയ്യേണ്ടതെന്ന് റോബോട്ടുണ്ടാക്കിയ ആളോട് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്?
ഇനി കോടതിയുടെ രാഷ്ടീയ ഇടപെടലിനെ പറ്റി, കോടതിയില്‍ ഒരു നിയമം ഫീഡ് ചെയ്താല്‍ അതെല്ലാവര്‍ക്കും ബാധ്യമാണ്, അവിടെ മന്ത്രിയോ സഭയോ വലിയതോ ചെറിയതോ ഇല്ല.
കോടതി സ്വയം ചിന്തിച്ച് വിലയിരുത്താന്‍ സാധിക്കുന്ന ഒരു വ്യക്തിയല്ല, ഫീഡ് ചെയ്യപ്പെട്ട കുറെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തീര്‍പ്പുകള്‍ വരുത്തുന്ന ഒരു മെഷിനറിമാത്രമാണ് അതാണേവരും മനസ്സിലാക്കേണ്ടത് അങ്ങിനെവരുമ്പോള്‍, കോടതി ബാലിശചോദ്യം ചോദിച്ചെന്ന് ആര്‍ക്കും പറയാനാവില്ല.
Saturday, February 12, 2011
Subscribe to:
Post Comments (Atom)
2 comments:
കോടതി എന്ത് ചോദ്യം ചോദിക്കുമ്പോളും അതിന്റെ ആവശ്യകത ചോദിക്കുന്നതിലും അര്‍ത്ഥമില്ല...
തികച്ചും പ്രസക്തമായ വിഷയം .
ആത്യന്തികമായി ചിന്തിക്കുമ്പോള്‍, മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ക്കും കോടതികള്‍ക്കും വിധിവിലക്കുകള്‍ക്കും ന്യൂനതകള്‍ സ്വാഭാവികം.
Post a Comment