Tuesday, June 16, 2009

ഒന്ന് സഹായിക്കാമോ?

കുറച്ച് കാലമായി തൃശ്ശൂരിലെ ഒരു പ്രൈവറ്റ് ബാങ്കുമായാണ് ഞാന്‍ ഇടപാട് നടത്തുന്നത്. ഇ മെയിലായി മുടങ്ങാതെ വരുന്ന സ്റ്റേറ്റ്മെന്റ് സാധാരണ നോക്കുന്ന പരിപാടിയില്ലായിരുന്നു.

കഴിഞ്ഞ കൊല്ലത്തില്‍ ഒരിക്കല്‍ സ്റ്റേറ്റ്മെന്റ് വന്നത് നോക്കിയപ്പോഴാണ് ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസിനത്തില്‍ ഒരു തുകയും അതിനൊപ്പം ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് മറ്റൊരു തുകയും അക്കൗണ്ടില്‍ നിന്നും ഡിഡക്ട് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഒരു മിനിമം സര്‍‌വീസായ ഡെബിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസായി , വളരെ ചെറിയ തുകയണെങ്കിലും യാതൊരു മുന്നറിയീപ്പുമില്ലാതെ അക്കൗണ്ടില്‍ നിന്നും ഡിഡക്റ്റ് ചെയ്തത് ശരിയായി തോന്നാത്തതിനാല്‍ വിശദീകരണം ചോദിച്ച് ബാങ്കിന് കത്തയച്ചെങ്കിലും മറുപടി അപൂര്‍ണ്ണമായിരുന്നു, അതും ഒരുതരം ഓട്ടോ മെയില്‍ , ഊരോ പേരോ ഇല്ലാത്തത്.

ഒന്നാമതായി ഞാനീ സര്‍‌വീസ് ഉപയോഗപ്പെടുത്തില്ല , മാത്രമല്ല എന്റെ സമ്മതത്തോടെയോ , ഞാന്‍ ആവശ്യപ്പെട്ടോ അല്ല എനിക്കീ സര്‍‌വീസ് തന്നതെന്നും ആയതിനാല്‍ ഉടന്‍ ഡിഡക്റ്റ് ചെയ്തത് തിരിച്ചിടാന്‍ ആവശ്യപ്പെട്ട് ബാങ്കിന് വീണ്ടും എഴുതി.

ഇത്തവണ വന്ന മറുപടി രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്കുള്ള ഉപദേശം , ഒപ്പം ഊരും പേരുമൊക്കെയുണ്ടായിരുന്നു. ഒരു തരം പറ്റിക്കലായി തോന്നിയതിനാല്‍ വിടാന്‍ ഞാനും തയ്യാറായില്ല. ഫോണില്‍ മാനേജരെ വിളിച്ച് ....ബാക്കി പറയുന്നില്ല, കട്ടായ ചാര്‍ജിന്റെ എത്രയോ മടങ്ങ് അന്ന് മാനേജറെ വിളിച്ചുകളഞ്ഞെങ്കിലും കട്ടാക്കിയ പൈസ റിവേര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനിടക്ക് SBI യില്‍ അക്കൗണ്ട് തുടങ്ങാനും , ട്രാന്‍സക്ഷന്‍ അങ്ങോട്ട് മാറ്റാനും ഞാന്‍ മറന്നില്ല.

Demat/ MF എന്നീ അക്കൗണ്ടുകളൊക്കെ പഴയ ബാങ്കുമായിത്തന്നെയാകയാല്‍ അക്കൗണ്ട് മൊത്തം കാന്‍സല്‍ ചെയ്യാനും ചെറുതായി ബുദ്ധിമുട്ടുണ്ട് അതിനാല്‍ നാമമാത്ര ട്രാന്‍സാക്ഷന്‍ പഴയ ബാങ്കുമായിപ്പോഴും നടത്തുന്നു.

നാല് ദിവസം മുമ്പ് സ്റ്റേറ്റ് മെന്റ് വീണ്ടും നോക്കിയപ്പോള്‍ പഴയ സംഭവം ആവര്‍ത്തിച്ചിരിക്കുന്നു അതായത് ഈ വര്‍ഷത്തേക്കും പഴയതുപോലെ പൈസ കട്ടാക്കിയിരിക്കുന്നു. കത്തയച്ചതിന് മറുപടി വരുന്നുണ്ടെങ്കിലും ഡെബിറ്റ് കാര്‍ഡിന്റെ ഗുണം മാത്രം പറഞ്ഞുകൊണ്ടാണെന്നുമാത്രം. ഒറ്റ വാക്കില്‍ 'കാന്‍സല്‍ & റിവേര്‍ട്ട് ' എന്നെഴുതിയിട്ടും സംഭവം അതുതന്നെ, അതായതവര്‍ മാറ്റാന്‍ തയ്യാറല്ല എന്നുതോന്നുന്നു. ഭാഗ്യവശാല്‍ SBI ഈയിടെ Demat അക്കൗണ്ട് / trading facility ഒക്കെ തുടങ്ങിയീട്ടുണ്ട് ആയതിനാല്‍ പ്രശ്നക്കാരന്‍ ബാങ്കില്‍ നിന്നും എല്ലാം SBI യിലേക്ക് മാറ്റാന്‍ വേണ്ടിയുള്ളതൊക്കെ തുടങ്ങിക്കഴിഞ്ഞു , പക്ഷെ ചില ചോദ്യങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നു.

ചോദ്യങ്ങള്‍ ഇതാണ്:


1) നമ്മുടെ അക്കൗണ്ടില്‍ നിന്നും നമ്മുടെ അനുവാദമില്ലാതെ എന്തിന്റെ പേരിലായാലും ബാങ്കിന് പണം ഈടാക്കാമോ?

2) ബാങ്കിന്റെ ഒരു സര്‍‌വീസ് ( ഉദാഹരണം) ഡെബിറ്റ് കാര്‍ഡ് , ആവശ്യപ്പെടാതെ തരികയും അതിന് ഫീസും ഈടാക്കാമോ?

3)ഒരിക്കല്‍ ഫ്രീയായ സര്‍‌വീസ് ഇടക്കാലത്ത് ഫീസീടാക്കാന്‍ തുടങ്ങിയാല്‍ കസ്റ്റമറിന്റെ സമ്മതം ആവശ്യമില്ലെ?

എല്ലാവര്‍ക്കും ഒരു ഫ്രീ ഉപദേശം: എപ്പോഴെങ്കിലും ബാങ്ക് സ്റ്റേറ്റ്മെന്റൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.

21 comments:

Ziya said...

'അമ്പതു രൂപപോലും അക്കൌണ്ടില്‍ ഇല്ലാത്ത 'എച്ചി'കള്‍ക്ക് എന്തിനാണ് എടിഎം കാര്‍ഡ്. എത്രയും പെട്ടന്ന് കാര്‍ഡ് ബാങ്കില്‍ തിരിച്ചേല്‍പ്പിച്ച് 17 രൂപ കൈപ്പറ്റുക'

- എച്ച്ഡിഎഫ്സി ബാങ്ക് മാനേജര്‍ ഇടപാടുകാരനോട്.
ദേശാഭിമാനി വാര്‍ത്ത

തറവാടി said...

സിയാ,

ലിങ്കിന് നന്ദി

രസകരം ഞാന്‍ സൂചിപിച്ച് ബാങ്കും HDFC Bank തന്നെയാണ്. പിന്നെ പതിനേഴുരൂപയല്ല , വാര്‍ഷിക ചാര്‍ജ് നൂറ് രൂപയാണ്.

അനില്‍ശ്രീ... said...

തറവാടി,
വായിച്ചു വന്നപ്പോല് ഞാന്‍ കരുതിയത് ICICI ആണെന്നാണ്. കാരണം ഇതേ കാരണത്തിന് കുറെ എഴുത്തു കുത്തുകള്‍ ഞാന്‍ നടത്തിയതാണ്... പ്രൈവറ്റ് ബാങ്കുകള്‍ എല്ലാം കണക്കാ,,, ഇന്റര്‍നെറ്റ് വഴി തന്നെ കുറെയെല്ലാം കാര്യങ്ങള്‍ നടക്കുമെന്നതിനാല്‍ ഇപ്പോഴും അക്കൗണ്ട് കീപ്പ് ചെയ്യുന്നു..

K.V Manikantan said...

ഊം ഊം... അപ്പോള്‍ നല്ല കനമുള്ള നീക്കിയിരുപ്പ് ഉണ്ടല്ലേ.....

ദേവന്‍ said...

നമ്മള്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ (മിനക്കെട്ട് മുഴുവന്‍ വായിക്കേണ്ടതുണ്ട്) ഒപ്പിട്ടു കൊടുക്കുന്ന ബാങ്കിങ്ങ് സര്‍വ്വീസ് കരാര്‍, കാലാകാലങ്ങളില്‍ കൊടുക്കുന്ന സമ്മതപ്രത്രങ്ങള്‍ (ഏടിഎം കാര്‍ഡ്, ലോക്കര്‍ ചാര്‍ജ്ജ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്) എന്നിവയും, ഈ-മെയില്‍, സ്റ്റാന്‍ഡിങ് ഇന്‍‌സ്ട്രക്ഷന്‍, പവര്‍ ഓഫ് അറ്റൊര്‍ണി തുടങ്ങിയ രേഖകളും മൂലം സമ്മതിക്കാത്ത ഒരു പൈസയും ബാങ്കിനു നമ്മളോട് ഈടാക്കാന്‍ അധികാരമില്ല.

ഇതിനു ചില ഒഴിവുകളുണ്ട്:
ഒന്ന്:നമ്മുടെ അക്കൗണ്ടിനു മേല്‍ സര്‍ക്കാരുകളോ മറ്റു ന്യായാസനങ്ങളോ‍ ചുമത്തുന്ന നികുതികള്‍, പിഴകള്‍ തുടങ്ങിയവ നമ്മുടെ അക്കൗണ്ടില്‍ കുറച്ച് സര്‍ക്കാരിന്‌ അടയ്ക്കാന്‍ നമ്മുടെ അനുവാദം ആവശ്യമില്ല

രണ്ട്: നമ്മള്‍ മൂലം ബാങ്കിനുണ്ടായ നഷ്ടങ്ങള്‍ (ഉദാ. ലോക്കറില്‍ പടക്കം വച്ച് പൂട്ടി അത് കത്തി) നമ്മുടെ അക്കൗണ്ടില്‍ ബാങ്കിനു കുറയ്ക്കാന്‍ സമ്മതമൊന്നും വേണ്ട.

മൂന്ന്: നമ്മുടെ നടപടികളോ മൗനമോ സമ്മതമായി ചില കരാറുകളില്‍ കണക്കു കൂട്ടാം (അതൊരു അന്താരാഷ്ട്ര അടിസ്ഥാന നിയമമാണ്‌)

ഇമ്പ്ലൈഡ് സമ്മതം എന്നാണ്‌ ഇവയെ പറയുക. ലളിതമായ ഉദാഹരണം. ഞാന്‍ കൈ കാട്ടി, ബസ് നിറുത്തി. അടുത്ത സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങാന്‍ പോകുന്നു. കണ്ടക്റ്റര്‍ മൂന്നു രൂപ ചോദിക്കുകയാണ്‌ "നിനക്കു കാശു തരാം എന്ന് ഞാന്‍ സമ്മതിച്ചിട്ടല്ലല്ലോ കയറിയത്?" എന്ന് ചോദിക്കാന്‍ പറ്റില്ല. എന്റെ കൈകാട്ടലും കയറലും കൊണ്ട് ഞാന്‍ സമ്മതിച്ചു സംഗതി.

കുറച്ചുകൂടി കോമ്പ്ലക്റ്റ് ആകുന്നതാണ്‌ മൗന സമ്മതം- ഒരാള്‍ ഫിഷ് ടാങ്ക് കൊണ്ട് എന്റെ വീട്ടില്‍ വച്ചു "സാറിന്‌ ഇഷ്ടപ്പെട്ടാല്‍ പൈസ തന്നാല്‍ മതി, ഇഷ്ടമായില്ലെങ്കില്‍ ഒരുമാസത്തിനകം എന്നെ അറിയിച്ചാല്‍ ഫിഷ് ടാങ്കുമെടുത്ത് ഞാന്‍ പോയിക്കോളാം" . മുപ്പത്തൊന്നാം ദിവസം വരെ ഞാന്‍ ഒന്നും അറിയിച്ചില്ലെങ്കില്‍ ഇതിന്റെ പൈസ കൊടുക്കണം.

ന്യൂ ജെനറേഷന്‍ ബാങ്കുകള്‍ ഈ പരിപാടി ഉപയോഗിക്കാറുണ്ട് " ഈ സ്റ്റേറ്റ്മെന്റ് കിട്ടി മൂന്നു മാസത്തിനകം ഇതിനെക്കുറിച്ച് താങ്കള്‍ പരാതി ഒന്നും സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ഇതിലെ ഇടപാടുകള്‍ എല്ലാം അംഗീകരിച്ചതഅയി ഞങ്ങള്‍ അനുമാനിക്കും" എന്ന അച്ചടിയോടെ അഞ്ചു രൂപ അതിന്‌ എട്ടുരൂപ ക്രെഡിറ്റ് റിസ്ക് കവര്‍ മൂന്നു രൂപ അഡീഷണല്‍ ക്രെഡിറ്റ് കാര്‍ഡ്" എന്നൊക്കെ ചെറു തുകകള്‍ കൂട്ടും. ശ്രദ്ധിക്കാത്തവരും ഓ അഞ്ചു രൂപയ്ക്കായി ഞാനിനി ബാങ്കില്‍ പോകണോ എന്നു ചിന്തിക്കുന്നവരും അനങ്ങില്ല. ഒരു സ്റ്റേറ്റ്മെന്റ് അങ്ങനെ മൂന്നു മാസം കഴിയുമ്പോള്‍ ബാങ്കിന്‌ അത് അവകാശമായി. നമ്മള്‍ ഈ പണി നിര്‍ത്താന്‍ പറയും വരെ പിന്നെ അവരത് ഈടാക്കും.ഏതെങ്കിലും നിര്‍ത്തിയാലും നേരത്തേ മൗനം മൂലം സമ്മതിച്ചതിനഅല്‍ അതുവരെയുള്ള ചാര്‍ജ് തിരിച്ചു തരേണ്ടതുമില്ല.

ഇമ്മാതിരി ഫൈന്‍ പ്രിന്റ് തട്ടിപ്പും ഹിഡന്‍ ചാര്‍ജ്ജും കണ്ടാല്‍, ഒന്നാം സ്റ്റേറ്റ്മെന്റ് കിട്ടുമ്പോഴേ വിസമ്മതിക്കുക, എഴുതി തന്നെ. ബാങ്കും മാറുക - ബാങ്കിങ്ങ് വിശ്വാസത്തിനെ പുറത്ത് ഓടുന്ന വ്യവസായമാണ്‌, അതില്‍ പറ്റിപ്പ് നടത്തുന്നവനെ വച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല (സര്‍ക്കാര്‍ ഉടമസ്ഥതയിലെ ന്യൂ ജനറേഷന്‍ ബാങ്കായാലും ശരി)

തറവാടി said...

ഹ ഹ പിന്നില്ലാതെ സങ്കുചിതാ അതോണ്ടല്ലെ നൂറുരൂപക്ക് വേണ്ടി പത്തു മെയിലെങ്കിലും അയച്ചത് ;)

തറവാടി said...

ദേവേട്ടാ നന്ദി,

ബാങ്ക് മാറാന്‍ ഞാനെന്തായാലും തീരുമാനിച്ചു. അടുത്ത ആഴ്ച നാട്ടില്‍ പോകുന്നുണ്ട് ആദ്യം ചെയ്യുന്നതും അതുതന്നെയാണ്.

പക്ഷെ എത്ര പേര്‍ ചെയ്യും അതാണിത്തരക്കാര്‍ വീണ്ടും ഇതാവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ക്ഷമകെട്ട് മാനേജറെ വിളിച്ച് ' ഇരുപത്തിനാല് മനിക്കൂറിനകം റിവേര്‍ട്ടാക്കിയില്ലെങ്കില്‍ കാന്‍സല്‍ ചെയ്യാനുള്ള ഫോമയച്ചോ' എന്ന് പറഞ്ഞപ്പോഴാണ് കാര്യം നടന്നത്.

പിന്നീട് കാന്‍സല്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്, ഡീമാറ്റ് കാന്‍സല്‍ ചെയ്യാന്‍ പറ്റില്ല മറ്റൊരു ഡീമാറ്റിലേക്ക് മാറ്റാനേ പറ്റൂ എന്ന് ബാങ്ക് മാനേജര്‍ പറഞ്ഞത്. അങ്ങിനെയെങ്കില്‍ കാന്‍സല്‍ ചെയ്യുന്നില്ല എന്നുപറഞ്ഞത് പ്രസ്ഥുത മാനേജര്‍ക്ക് നന്നായറിയാം. ഒരു പക്ഷെ അതുകൊണ്ട് തന്നെയാവണം മൂപ്പര്‍ ഇത്തവണ അനങ്ങാത്തതെന്ന് തോന്നുന്നു.

മിനിമം ബാലന്‍സ് വേണ്ടാ അകൗണ്ട്തുടങ്ങാന്‍ എന്നും പറഞ്ഞത് കേട്ടപ്പോള്‍ അടുത്ത സുഹൃത്ത് അക്കൗണ്ട് തുടങ്ങി , രണ്ടായിരം രൂപയും അകൗണ്ടിലിട്ടു. എഴാം മാസത്തില്‍ കക്ഷിക്കൊരു നോട്ടീസ് , ഉടന്‍ ആയിരത്തി നാനൂറോ മറ്റൊ ( കൃത്യമായോര്‍മ്മയില്ല) അടക്കാന്‍.

ആദ്യം ഇട്ടിരുന്നരണ്ടായിരം സ്വാഹ , കാരണം ചോദിച്ചപ്പോള്‍ , ബാങ്ക് പറഞ്ഞത്രെ ആ സൗകര്യം ആദ്യത്തെ മൂന്ന് മാസത്തിന് മാത്രമായിരുന്നു , മിനിമം തുക അയ്യായിരമാണെന്നും അതില്ലാത്തതിനാല്‍ മാസം വെച്ച് കട്ടായാണ് ഈ ആയിരത്തിനാനൂറ് വന്നതെന്നും പറഞ്ഞു , പൈസയും അടച്ച് കക്ഷി അകൗണ്ടും ക്ലോസാക്കി.

എത്ര പേരാണിത്തരം ചതിക്കുഴിയില്‍ വീഴുന്നത്.


പ്രധാന കാരണം സര്‍ക്കാര്‍ ബാങ്കുകള്‍ പലതും ഇത്തരം ബാങ്കുകളെക്കാള്‍ സര്‍‌വീസുകളില്‍ പിന്നിലാണെന്നതാണൊരു സത്യം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

Anonymous said...

ഇതു പോലൊരു പണി എനിക്കു കിട്ടിയതാണ്, ആദ്യം ഞാന്‍‍ കുറഞ്ഞ പൈസയല്ലേന്ന് വിചാരിച്ചു വിട്ടു, പിന്നെയും വീണ്ടും അതാ കിടക്കുന്നു ... കലി കയറി നേരെ ICICI narimaan point, ശേഷം ലോക്കല്‍‍ ബ്രാഞ്ച് വിളിച്ചു, കാര്യം വിശദമായി തന്നെ അവതരിപ്പിച്ചു, തിരിച്ചു കിട്ടിയതോ ഇതു വരെ കേള്‍ക്കാത്ത കുറെ കാര്യങ്ങളും... ഒന്നു മനസ്സിലായില്ല.. ഒകെ സാര്‍‍ അടുത്തു തന്നെ നാട്ടില്‍‍ വരുന്നുണ്ട്.. ആ സമയം നേരിട്ട് കാണാമെന്നു പറഞ്ഞു വെച്ചു.

വിളിച്ചിട്ടും മെയിലയച്ചിട്ടോന്നും വലിയ ഗുണമില്ലാ. നേരെ പോയി വേറെ ബാങ്ക് പിടിക്കുക. അക്കൌണ്ടില്‍‍ വല്ലതുമുണ്ടെങ്കില്‍‍‍ എല്ലാം ശരിയാകും അല്ലേങ്കില്‍‍ സ്വാഹ ..:))

G Joyish Kumar said...

SBIയും മോശമൊന്നുമല്ല.

ATM സര്‍വിസ് ചാര്‍ജ്ജ് 50 രൂപ, മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ആദ്യ തവണ 300, രണ്ടാമത് തവണ 200 - അങ്ങനെയൊക്കെ ആയിരുന്നു, ഓപ്പറേറ്റ് ചെയ്യാതിരുന്ന എന്റെ അക്കൌണ്ടില്‍ നിന്നും എനിക്ക് നഷ്ടമായത്.

തറവാടി said...

നമസ്കാര്‍,

സര്‍‌വീസിന് ഫീസീടാക്കുന്നതല്ല പ്രധാന പ്രശ്നം നമുക്ക് വേണ്ടാത്ത ഒരു സാധനം നമ്മളറിയാതെ വാങ്ങിപ്പിച്ച് പൈസ വസൂലാക്കുന്നതാണ്.

പിന്നെ മിനിമം ബാലന്‍സില്ലെങ്കില്‍ കട്ടാക്കുമെന്നതാദ്യം പറയുന്നുണ്ടെങ്കില്‍ അതിനേയും കുറ്റം പറയുന്നില്ല. ഇതില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുതന്നെയാണ്, മുകളിലെ കമന്റിലെ

"വിളിച്ചിട്ടും മെയിലയച്ചിട്ടോന്നും വലിയ ഗുണമില്ലാ. നേരെ പോയി വേറെ ബാങ്ക് പിടിക്കുക. അക്കൌണ്ടില്‍‍ വല്ലതുമുണ്ടെങ്കില്‍‍‍ എല്ലാം ശരിയാകും അല്ലേങ്കില്‍‍ സ്വാഹ " ഈ വരികള്‍ സത്യം തന്നെയാണ്.

|santhosh|സന്തോഷ്| said...

ന്യൂ ജനറേഷന്‍ ബാങ്കുകളൊക്കെ ഇങ്ങിനെ തന്നെ. ഇതിനെപ്പറ്റിയെന്തെങ്കിലും വിളിച്ചു ചോദിച്ചാല്‍ മനുഷ്യനു മനസ്സിലാകാത്ത തരത്തിലുള്ള കണക്കുകളും വര്‍ത്തമാനവും. ബാങ്കുകള്‍ മാത്രമല്ല, മൊബൈല്‍ സര്‍വ്വീസ്, ഇന്റര്‍നെറ്റ്.. ഇവിടേക്കു വല്ല പരാതിയും വിളിച്ചു പറഞ്ഞാല്‍ മനുഷ്യനു മനസ്സിലാവുന്ന തരത്തിലുള്ള വല്ല കണക്കോ, മറുപടിയോ കിട്ടാറുണ്ടോ? ഒക്കെ ഒരുതരം ഉഡായിപ്പു തന്നെ. പക്ഷെ തറവാടി പറഞ്ഞപോലെ നാട്ടിലെ മറ്റു ബാങ്കുകള്‍ ഇവര്‍ തരുന്നതുപോലുള്ള സര്‍വ്വീസോ മറ്റോ തരുന്നില്ല. മാത്രമല്ല എന്തെങ്കിലും ആവശ്യത്തിനു ബാങ്കില്‍ ചെന്നാല്‍ ഒടൂക്കത്തെ അഹങ്കാരം നിറഞ്ഞ പെരുമാറ്റവും. അതുകൊണ്ടാണ് ആളുകള്‍ ന്യൂജനറേഷന്‍ ബാങ്കിനെ സമീപിക്കുന്നത്. അതു കൊള്ള ചെയ്യാന്‍ അവരും.

Bindhu Unny said...

പ്രൈവറ്റ് ബാങ്കുകളില്‍ സാലറി അക്കൌണ്ട് ആണെങ്കില്‍ മാത്രം കുഴപ്പമില്ല. അല്ലെങ്കില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. അക്കൌണ്ടിനപേക്ഷിക്കുമ്പോള്‍ ഫോമില്‍ കുനുകുനാന്നെഴുതിയിരിക്കുന്നതെല്ലാം ആരും വായിക്കാന്‍ മെനക്കെടാറില്ല. അതില്‍ പല പഴുതുകളും ഉണ്ടാവും. സ്റ്റേറ്റ്മെന്റ് വന്നയുടനെ നോക്കണം. പുതിയ നിയമങ്ങള്‍ വരുന്നത് അതില്‍ സൂചിപ്പിച്ചിട്ടുണ്ടാവും.
2-3 വര്‍ഷം മുന്‍പ് ജ്യേഷ്ഠന്റെ HDFC Bank അക്കൌണ്ടിലേയ്ക്ക് ഒരു ചെക്ക് മുബൈയില്‍ ഇട്ടു. എന്റെ അക്കൌണ്ടില്‍ നിന്ന് പണം പോയി, ജ്യേഷ്ഠന്റെ അക്കൌണ്ടില്‍ വന്നതുമില്ല. പല പ്രാവശ്യം ഫോണ്‍ ചെയ്തിട്ടും മെയില്‍ അയച്ചിട്ടും പ്രയോജനമുണ്ടായില്ല. അവസാനം ആദിത്യ പുരിക്ക് മെയില്‍ അയച്ചപ്പോള്‍ പണം കിട്ടി. ക്ഷമ ചോദിച്ചുകൊണ്ട് പല പ്രാവശ്യം മെയിലും കോള്‍ഊം വന്നു. :-)

sHihab mOgraL said...

പങ്കുവെച്ചത് ഉപകാരമായി.. ഇനി സൂക്ഷിക്കാമല്ലോ.. :)

Siju | സിജു said...

ഡെബിറ്റ് കാര്‍ഡിനുള്ള വാര്‍ഷിക വരി എസ് ബി ഐക്കും ഉണ്ട്

G Joyish Kumar said...

തറവാടി,

നാട്ടില്‍ സാലറി ട്രാന്‍സ്ഫറിനായി തുടങ്ങിയ SBIയുടെ അക്കൌണ്ടില്‍, ATM കാര്‍ഡ് ഞാന്‍ ഉപയോഗിച്ചു കൊണ്ടിരുന്നപ്പോള്‍ ‘ഫ്രീ’ ആയിരുന്നു. അക്കൌണ്ട് കിടക്കട്ടേ എന്ന് കരുതി മിനിമം ബാലന്‍സ് ഇട്ടിരുന്നു. ഒരിക്കല്‍ ATM ന്റെ സര്‍വീസ് ചാര്‍ജ്ജ് ഡിഡക്റ്റ് ചെയ്തപ്പോള്‍ അക്കൌണ്ട് ബാലന്‍സ് മിനിമത്തില്‍ താഴെ പോയി. അങ്ങനെ മിനിമം ബാലന്‍സ് ഇല്ലാത്തിന് 300 കട്ട്. പിന്നിട് ഉപയോഗിക്കാതിരുന്നതിനാല്‍ ഇത് ഞാന്‍ അറിയുന്നില്ല. അടുത്ത ക്വാര്‍ട്ടറില്‍ വീണ്ടും 200 കട്ട്.

തറവാടി said...

ഇന്ന് ബാങ്കില്‍ നിന്നും ഒരു മെയില്‍ വന്നു, കാര്‍ഡ് സറണ്ടര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട്. പറ്റില്ലെന്നറിയീച്ച എന്റെ മെറുപടിക്ക് മറുപടിയായി മറ്റൊരു മെയില്‍ , റിവേര്‍ട്ട് ചെയ്തിരിക്കുന്നു എന്നും പറഞ്ഞ് , ഓണ്‍ ലൈനായി നോക്കിയപ്പോള്‍ ഡിഡക്റ്റ് ചെയ്തത് തിരിച്ചിട്ടിട്ടുണ്ട് :).

തറവാടി said...

അനില്‍‌ശ്രീ,

പ്രൈവറ്റ് ബാങ്കുകളുടേ ആ ഗുണം തന്നെയാണ് പലരും തുടരാനും തുടങ്ങാനും കാരണമെന്ന് തോന്നുന്നു. സര്‍ക്കാര്‍ ബാങ്കുകളില്‍ തിരഞ്ഞെടുക്കപ്പെട്ട ചിലതില്‍ മാത്രം ചില സൗകര്യങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ട ചില സൗകര്യങ്ങള്‍ പ്രൈവറ്റില്‍ മാത്രമാണുള്ളതെന്ന താണ് സത്യം , നന്ദി.

വഴിപോക്കന്‍ , നന്ദി :)

പന്നി,

ശരിയാണ് നന്ദി :)

നമസ്കാര്‍ നന്ദി :)

സന്തോഷ് നന്ദി :)

ബിന്ദു ഉണ്ണി നന്ദി :)

ശിഹാബ് മൊഗ്രാല്‍ നന്ദി :)

സിജു , വാര്‍ഷിക വരി ഉള്ളതല്ല പ്രധാന പ്രശ്നം :)

വായിച്ച , അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

അങ്കിള്‍ said...

എനിക്ക് തന്നിട്ടുള്ള ഡബിറ്റ് കാര്‍ഡിന്റെ annual service charge ആയി SBI ഈടാക്കിയത് 800 രൂപയാണ്.

Ashly said...

Hi,

The band would have printed all these charges in the application that you filled. Normally, we don't read. if they charged you, they will have strong reasons for that, which we can't question legally.

What ever you ask, they will send a pre-drafted letter. if u call them also, the same thing- they will read a pre-drafted message.

i think the best way is to write to RBI. some issue with a new gen pvt bank, one of my friend had a very difficult time. he deposited some amount (thru envelope) in an ATM, but when it was credited to account, some Rs.1000/0 vanished.

Bank was telling u deposited only that much. when RBI was involved, RBI asked the bank to show evidence, that the envelope contained only that money that was credited ! since the bank had no proof to show (ie: CCTV images of the event, when the envelope was opened), RBI asked the back to pay the difference amount !

so, if any one is facing issues with bank, and getting stone walled, we can count on RBI and Govt !! it is a relief !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹാവൂ ഞാന്‍ ഒരു ഹോം ലോണ്‍ എടുക്കാന്‍ ആലോചിച്ചിരിക്കുകയായിരുന്നു അവിടെ നിന്ന്‌. അപ്പോള്‍ അതു വേണ്ട അല്ലെ വെറുതേ എന്തിനാ വേലിയില്‍ ഇരിക്കുന്നതിനെ