Saturday, March 07, 2009

ശ്രീ.കാരശ്ശേരീ കണ്ണടച്ചിരുട്ടാക്കരുതേ!!

2009 മാര്‍ച്ച് ഒന്ന് ലക്കം മാതൃഭൂമിയിലെ ശ്രീ.എം.എന്‍ കാരശ്ശേരിയുടെ 'മലയാളി കേരളീയനാണോ?' എന്ന കുറിപ്പാണിതിനാധാരം.

ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന മലയാളിയെ സ്വധീനിക്കുന്ന പ്രധാന മാധ്യമങ്ങളാണ് ഇന്‍റ്റര്‍നെറ്റും ,ടിവിയും എന്ന് സൂചിപ്പിച്ചതിന് ശേഷം അദ്ദേഹം ,ഇന്‍‌റ്റര്‍നെറ്റിനെപ്പറ്റി പറയുന്നതിങ്ങനെ;

" മലയാള പത്രമാസികകള്‍,വെബ് മാഗസിനുകള്‍,പോര്‍‌ട്ടലുകള്‍, ഇ-മെയിലുകള്‍,ചാറ്റ് റൂമുകള്‍ മുതലായവ വഴി ഭൂമിമലയാളത്തെ ബന്ധിപ്പിക്കുന്നതില്‍ ഇന്‍‌റ്റര്‍ നെറ്റ് വഹിക്കുന്ന പങ്ക് വലുതാണ്"

എന്നാല്‍ ഇന്‍‌റ്റര്‍‌നെറ്റിലെ മാധ്യമം ഇംഗ്ലീഷോ ,മംഗ്ലീഷോ ആണെന്ന് പറഞ്ഞ് ആഗോള മലയാളിയെ മലയളത്തില്‍ അഭിസംഭോധന ചെയ്യാന്‍ കഴിവുള്ള മാധ്യമം ടി.വി മാത്രമാണെന്നും അതിന്‍‌റ്റെ ന്യൂനതകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയുമണ് ശ്രീ കാരശ്ശേരി ലേഖനത്തിന്‍‌റ്റെ ബാക്കിഭാഗത്ത് ചെയ്തിരിക്കുന്നത്.

വളര്‍ന്നുകൊണ്ടിരിക്കുന്ന ,ഇന്‍റ്റര്‍ ആക്റ്റീവ് മാധ്യമായ ബ്ലോഗിനെ അറിവില്ലായ്മകൊണ്ടോ മറ്റോ അദ്ദേഹം പാടെ വിസ്മരിക്കുന്നു.പത്രപ്രവര്‍ത്തനം , കവിത, കഥ, യാത്രാ വിവരണങ്ങള്‍,ചിത്രങ്ങള്‍ , നിരൂപണങ്ങള്‍ , ഓര്‍മ്മക്കുറിപ്പുകള്‍, ചര്‍ച്ചകള്‍ , ലേഖനങ്ങള്‍ , സംഗീതം തുടങ്ങി അക്ഷരങ്ങളിലൂടെ, ദൃശ്യങ്ങളിലൂടെ, ശബ്ദങ്ങളിലൂടെ ആര്‍ക്കും ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട മീഡിയയെയാണദ്ദേഹം പാടെ ഒഴിച്ചുനി‌ത്തിയത്.

"ഇന്‍‌റ്റര്‍ നെറ്റില്‍ മൊഴി മലയാളമാണെങ്കിലും ലിപി റോമനാണെന്ന്" പറയുന്ന അദ്ദേഹം തൊണ്ണൂറുകളിലാണോ ജീവിക്കുന്നതെന്ന് പോലും തോന്നിപ്പിക്കുന്നു.

മാത്രമല്ല ടി.വിയുടെ ന്യൂനതയായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്ന ഒരു കാര്യം , പ്രേക്ഷകന് സര്‍ഗ്ഗശേഷി നഷ്ടപ്പെടുത്തും എന്നതാണ് , ആ കുറവും ബ്ലോഗിനില്ല അതുകൊണ്ട് തന്നെ ലോകമലയാളിയെ അഭിസംബോധന ചെയ്യാന്‍ ശക്തമായ മാധ്യമം തന്നെയാണ് ബ്ലോഗ്,
ശ്രീ.കാരശ്ശേരീ , ബ്ലോഗെന്നതിനെപറ്റി കേള്‍ക്കാഞ്ഞിട്ടോ അതോ ബ്ലോഗെന്തെന്നറിയാഞ്ഞിട്ടോ?

24 comments:

കരീം മാഷ്‌ said...

മലയാളം ബ്ലോഗിനെക്കുറിച്ചു ഇനിയും മനസ്സിലാക്കാത്ത പലരും മുഖ്യധാരയിലുണ്ട്.
കണ്ണടച്ചിരുട്ടാക്കുന്നവരും. കണ്ടില്ലന്നു നടിക്കുന്നവരും.
പിന്നെ തീരെ അറിവില്ലാത്തവരും.

aneel kumar said...

കാരശ്ശേരി എതിര്‍ക്കപ്പെടേണ്ട ആള്‍ തന്നെ.

ചങ്കരന്‍ said...

അറിയാത്തതുകൊണ്ടായിരിക്കും, അറിയാത്തവര്‍ ഒരുപാടുണ്ടല്ലോ? എന്നാലും മിനിമം കാരശ്ശേരി അറിയേണ്ടതായിരുന്നു.

ബഷീർ said...

കാരശ്ശേരി കേരളീയനാണോ? :)

vahab said...

കാരശ്ശേരി ഇതേക്കുറിച്ചറിയാഞ്ഞിട്ടല്ല. വിശാലമായ വായനയൊക്കെയുള്ളവരാണവര്‍. പത്രമാധ്യമങ്ങളില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടും അതേക്കുറിച്ചറിഞ്ഞില്ലെന്നു കരുതാന്‍ ന്യായമില്ല.

മറ്റൊരു കാര്യം എസ്റ്റാബ്ലിഷ്‌്‌ഡ്‌ സംവിധാനങ്ങളെയൊക്കെ മറികടക്കുന്ന ഒന്നാണ്‌ ബ്ലോഗ്‌. ഇവിടെ എഡിറ്റിംഗില്ല, ഡിമാന്റുകളില്ല, ഔദ്യോഗികതകളില്ല.

മുഖ്യധാരാ എഴുത്തുകാര്‍ മിക്കവരും എഴുതി വരുമാനമുണ്ടാക്കുന്നവരാണ്‌. അവരുടെ വരുമാനത്തിന്‌ ഇടിവുവരും എന്നതാണ്‌ അവര്‍ ഈ മേഖലയെ അവഗണിക്കുന്നതിനു ഒരു കാരണം.

മറ്റൊന്ന്‌, ഏതൊരു ചെറിയവനും ചിലപ്പോള്‍ ബ്ലോഗിലൂടെ വലിയവനാകാം. ഏതു വലിയവനെയും ചിലപ്പോള്‍ ചെറുതാക്കാനും മതി. വലിയവനായാലും, നിലവാരം കുറഞ്ഞതോ അബദ്ധങ്ങളോ എഴുതിയാല്‍, കമന്റുകളിലൂടെ ചോദ്യം ചെയ്യപ്പെടും. കമന്റുകള്‍ നിയന്ത്രിച്ചാല്‍ തന്നെ, മറ്റു ബ്ലോഗുകളിലൂടെയും ചോദ്യംചെയ്യലുകള്‍ കയറിവരാം. അഭിമാനക്ഷതം ഭയന്ന്‌ മാറിനില്‍ക്കുന്നവരുമുണ്ടാകും. ഉള്ള നിലയും വിലയും കളയേണ്ടെന്ന്‌ കരുതുന്നവര്‍.

ഈ പോസ്‌റ്റുതന്നെ നോക്കൂ. മാതൃഭൂമിയില്‍ വന്ന ലേഖനത്തിലെ വസ്‌തുതകളെയാണിവിടെ ചോദ്യം ചെയ്യുന്നത്‌. ഇത്തരമൊരു പ്രതികരണം മാതൃഭൂമിക്കയക്കുകയാണെങ്കില്‍ തന്നെ അവരത്‌ പ്രസിദ്ധീകരിക്കുമെന്ന്‌ ഉറപ്പില്ല. ഒരാഴ്‌ച കാത്തിരിക്കുകയും വേണം. ഇവിടെ അത്തരം പരിമിതികളില്ല.

തറവാടി said...

vahab,

വരുമാനത്തിന് ഇടിവ് വരുമെന്നതിനാലല്ല , 'ഭയം' കൊണ്ടാണ് പല മുഖ്യധാരാ എഴുത്തുകാരും അവരുടെ സ്ഥാനം ബ്ലോഗില്‍ 'സ്വയം' കൊണ്ടുവരാത്തത് അതുകൊണ്ട് തന്നെയാണ് ബ്ലോഗിനെ കണ്ടില്ലെന്ന് നടിക്കുന്നതും.

ബ്ലോഗിനെ എല്ലാവരും അംഗീകരിക്കണമെന്ന നിര്‍ബന്ധമൊന്നും എനിക്കില്ല എന്നാല്‍, ഇടപ്പാളില്‍ നിന്നും കുറ്റിപ്പുറത്തേക്ക് റോടിലൂടെ പോകുമ്പോള്‍ സര്‍‌വവും കണ്ട് , കുറ്റിപുറം പാലം മത്രം കണ്ടില്ലാന്ന് പറഞ്ഞാല്‍!

ഇതേ മാതൃഭൂമിയിലാണ് ബ്ലോഗനയുള്ളതെന്നതും മറക്കാതിരിക്കുക.

കരീം മാഷ്‌, അനില്‍_ANIL ,
ചങ്കരന്‍ , ബഷീര്‍ വെള്ളറക്കാട്‌ / pb നന്ദി :)

Visala Manaskan said...

"ബ്ലോഗിനെ എല്ലാവരും അംഗീകരിക്കണമെന്ന നിര്‍ബന്ധമൊന്നും എനിക്കില്ല എന്നാല്‍, ഇടപ്പാളില്‍ നിന്നും കുറ്റിപ്പുറത്തേക്ക് റോടിലൂടെ പോകുമ്പോള്‍ സര്‍‌വവും കണ്ട് , കുറ്റിപുറം പാലം മത്രം കണ്ടില്ലാന്ന് പറഞ്ഞാല്‍!"

അതൊരു ഓസ്കര്‍ കലക്കായി പോയി ചുള്ളാ.. :)

തറവാടി പറഞ്ഞത് പോയിന്റ്!

shahir chennamangallur said...

എസ്റ്റാബ്ലിഷ്മെന്റ്‌കള്‍ക്ക്‌ വേണ്ടി മാത്രം ചിന്തിക്കുന്ന, അതിനു വേണ്ടി തന്റെ ചിന്തകളെ എങ്ങനെയും വളക്കാന്‍ മനപ്രയാസം ഇല്ലാത്തയാളാണ്‌ കാരശേരി. അദ്ദേഹത്തിന്റെ എഴുത്തുകള്‍ വായിച്ചാല്‍ തന്നെ അദ്ദേഹത്തെ പെട്ടെന്ന് വിലയിരുത്താനാവും. തനിക്ക്‌ പാതി പോലും വിവരമില്ലാത്ത കാര്യങ്ങളില്‍ വലിയ വായില്‍ വാചാലനാവാന്‍ അദ്ദേഹത്തിന്‌ പലപ്പോഴും ഒരു മടിയും ഉണ്ടാകാറില്ല. ബേനസീര്‍ ബൂട്ടോ കൊല്ലപ്പെട്ട സംയത്ത്‌ അദ്ദേഹം പാകിസ്ഥാനിലെ രാഷ്ട്രീയം വിലയിരുത്തിയത്‌ ഞാന്‍ ഒരു ടി വി യില്‍ കേട്ടിരുന്നു. പാകിസ്ഥാനികള്‍ പോലും കേട്ടിട്ടില്ലാത്ത പാക്‌ രാഷ്ട്രീയം അക്ഷരാര്‍ഥത്തില്‍ വിളംബുകയായിരുന്നു അദ്ദേഹം.(അന്താരാഷ്ട്ര വിഷയങ്ങളെ കുറിച്ച്‌ സംസാരിക്കാന്‍ കാരശ്ശേരിയെ വിളിച്ച റ്റി വി( TV) ക്കാരനെ ശപിച്ചു ഞാന്‍ ചാനല്‍ മാറ്റി.) .
നാലു കാഷ്‌ ഒക്കാത്ത, നാലാള്‍ അറിയാത്തിടത്ത്‌ അദ്ദേഹം മുട്ടയിടാറില്ല. കാലം മാറി, ബ്ലോഗ്‌ പോപുലര്‍ ആയാല്‍ ഇതേ ആള്‍ തിരുത്തി പറയും എന്നത്‌ നൂറു വട്ടം ഉറപ്പാണ്‌.

പാവപ്പെട്ടവൻ said...

തവള കണ്ട ലോകം അതുമാത്രമാണ്
മനോഹരമായിരിക്കുന്നു
ആശംസകള്‍

Roby said...

കുറച്ചുകൂടി ആയി ചിന്തിച്ചാല്‍ കാരശ്ശേരി പറഞ്ഞതും ശരി തന്നെ.
ബ്ലോഗ് എത്ര മാത്രം ആഗോള/പ്രവാസി/ഇന്റര്‍നെറ്റ് ഉപഭോക്താവ്‌-ആയ മലയാളിയിലേക്കെത്തുന്നുണ്ട്?

ബ്ലോഗ് എഴുതുന്നവരും വായിക്കുന്നവരും ആകെ ഏതാനും ആയിരങ്ങള്‍ വരും. എന്നാല്‍ കാരശ്ശേരി സൂചിപ്പിച്ച ഗണത്തില്‍പെടുന്ന മലയാളികളുടെ ചെറിയൊരു ശതമാനമേ ആകുന്നുള്ളൂ അത്. ആഗോളമലയാളി ഇന്നും ഉപയോഗിക്കുന്നത് ഇംഗ്ലീഷോ മംഗ്ലീഷോ തന്നെ.

Radheyan said...

അറിവുള്ളയാള്‍, നല്ല വാഗ്മി എന്നൊക്കെയുള്ള രീതിയില്‍ പ്രസിദ്ധനാകുമെങ്കിലും കാരിശ്ശേരി മാഷിന് ബ്ലോഗിനെ കുറിച്ച് വലിയ ജ്ഞാനമുണ്ടെന്ന് തോന്നുന്നില്ല.ഒന്നാമത് അദ്ദേഹം 70 തലമുറയില്‍ പെട്ട ഒരാളാണ്.അദ്ദേഹത്തിന് കം‌പ്യൂട്ടറിലെ പുതിയ സാധ്യതകള്‍ വഴങ്ങണമെന്നില്ല.(എന്റെ പിതാവ് 1998 കാലം മുതല്‍ മെയിലയക്കും.പക്ഷെ ഇപ്പോഴും മെയില്‍ മാത്രമേ കമ്പ്യൂട്ടറിലൂടെ അയക്കൂ.എന്നാല്‍ വായനയോടും എഴുത്തിനോടും ഇന്റര്‍ ആക്ടീവ്‌നെസ്സിനോടും അതിയായ താല്‍പ്പര്യമുള്ള വ്യക്തിയാണ്.എന്നിട്ടും ബ്ലോഗ് എന്ന മാധ്യമം കൈപ്പിടിയിലൊതുങ്ങാത്തതാണെന്ന് അദ്ദേഹം കരുതുന്നു)

മറ്റൊന്നുണ്ട്,എല്ലാ എഴുത്തുകാരും മറ്റു പ്രസിദ്ധരും ഇന്ററാക്ടീവ്‌നെസ്സിനോട് താല്‍പ്പര്യമുള്ളവരല്ല.വിമര്‍ശിച്ചാല്‍ ഓടും.ബ്ലോഗില്‍ തലകാണിച്ച് പോയ മഹാന്‍‌മാര്‍ തന്നെ ഉദാഹരണം.അതു പോലെ തന്നെ പോസ്റ്റിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ അടുത്ത പോസ്റ്റിലേക്കോടുന്ന ബി.ആര്‍.പിയെ പോലുള്ളവര്‍ക്കും പറ്റിയ മാധ്യമമല്ല ബ്ലോഗ്.

വാക്കുകള്‍ വജ്രത്തേക്കാള്‍ അമൂല്യവും മൂര്‍ച്ചയുള്ളതുമാണ്.ഒരോരുത്തരിലും നിന്ന് പുറപ്പെടുന്ന ഓരോ വാക്കിലും നിതാന്തമായ ജാഗൃത ആവശ്യപ്പെടുന്ന ഇടപെടലുകള്‍ സാധ്യമാക്കി എന്നു തന്നെയാണ് ബ്ലോഗിന്റെ വിജയവും.(അതു തന്നെയാണ് കാരിശ്ശേരി മാഷിന്റെ കഷ്ടകാലവും)

തറവാടി said...

റോബി,

എങ്ങിനെ ചിന്തിച്ചാലും കാരശ്ശേരിയെ ശരിവെക്കാനാവില്ല.

"ബ്ലോഗ് എഴുതുന്നവരും വായിക്കുന്നവരും ആയിരങ്ങള്‍ വരും" എന്ന താരദമ്യം ചെയ്തുള്ള താങ്കളുടെ ഈ അഭിപ്രായത്തോട് വിയോജിക്കാന്‍ കാരണം താങ്കളുടെ തെറ്റായ താരദമ്യമാണ്.

മലയാളി എന്ന വിശാല അര്‍ത്ഥത്തില്‍ നിന്നുമല്ല താരദമ്യം ചെയ്യേണ്ടത്, 'വായനയുള്ള മലയാളി' യില്‍ നിന്നുകൊണ്ടാണ്. ഇവിടെ ഒരു പടികൂടി മുന്നില്‍ പോയിരിക്കുന്നു; 'വായനയുള്ള, ഇന്‍‌റ്റര്‍നെറ്റുപയോഗിക്കുന്ന മലയാളി' യില്‍ നിന്നുമായിരിക്കണം താരദമ്യം ചെയ്യേണ്ടത്.

അതായത്,

വായനയുള്ള, നെറ്റുപയോഗിക്കുന്ന മലയാളികളായവരില്‍ നല്ലൊരു സതമാനം ; ചാറ്റും പോര്‍ട്ടലുമൊക്കെ അറിയുന്നവരെങ്കില്‍ മലയാളം ബ്ലോഗിനെപ്പറ്റിയും അറിവുള്ളവരായിരിക്കും , ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും , അപ്പോഴാണ് താങ്കള്‍ പറയുന്ന ആയിരങ്ങളുടെ പ്രസക്തിവരുന്നതും.


അതേ സമയം മലയാളിയായ വായനക്കാരെക്കുറിച്ച് പറയുമ്പോള്‍ ബ്ലോഗിനെ പരാമര്‍‌ശിക്കാത്തതില്‍ വിമര്‍‌ശിക്കേണ്ടതില്ല കാരണം , മലയാളികളില്‍ വളരെ വളരെ കുറവാളുകള്‍ മാത്രമാണ് ബ്ലോഗെന്തെന്നറിയുന്നവര്‍ , ഇവിടെ അതല്ല അവസ്ഥ എന്ന് തിരിച്ചറിയുക.

തറവാടി said...

രാധേയാ,

ഒരു തമാശയാണ് , ഏതോ സിനിമയില്‍ നിന്നും :),

ചോദ്യം: "അമേരിക്ക കണ്ടിട്ടുണ്ടോ? '
ഉത്തരം" ഇല്ല "
ചോദ്യം:" അപ്പോ അമേരിക്ക ഇല്ലേ? "
എനിക്കറിയില്ലെന്ന് കരുതി അതില്ലെന്ന് പറയുന്നതില്‍ ന്യായമുണ്ടെന്ന് തോന്നുന്നില്ല.
ബ്ലോഗില്‍ തലകാണിച്ച് ഓടിയ മഹാന്‍മാരെപ്പറ്റി ,ഒറ്റവാക്കില്‍ " ഭയം"

ബ്ലോഗന എന്ന ബ്ലോഗിനെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിക്കുന്ന മാതൃഭൂമിയിലാണിതും വന്നതെന്ന് ശ്രദ്ധിക്കുക.

അനില്‍ശ്രീ... said...

സാധാരണ ജനങ്ങള്‍ക്കിടയില്‍ അത്ര പോപ്പുലര്‍ അല്ലെങ്കിലും ബ്ലോഗ് എന്നത് ഇന്ന് മാധ്യമ രംഗത്തുള്ളവര്‍ എല്ലാവരും അറിയുന്ന ഒരു "മീഡിയ" തന്നെയാണ്. അപ്പോള്‍ കാരശ്ശേരിക്ക് ബ്ലോഗിനെ പറ്റി അറിയില്ല എന്ന് വിചാരിക്കാനാവില്ല. മനപ്പൂര്‍‌വ്വം ഒഴിവാക്കിയതാവാം.

ബാക്കി ചിന്തകള്‍ അധികമായി തോന്നിയതിനാല്‍ ഒരു പോസ്റ്റ് ആക്കി എന്റെ ബ്ലോഗിലിട്ടു ഇവിടെ കാണാം

അല്‍ഭുത കുട്ടി said...

മൂന്നു കോടി ജനസംഖ്യയുള്ള നമ്മുടെ കൊ.കേരളത്തില്‍ ജനകീയ മാധ്യമം എന്ന് നമ്മള്‍ അലമുറയിടുന്ന ഈ ബ്ലോഗുകള്‍ എത്രപേറ് ഉപയോഗിക്കുന്നുണ്ട് വായിക്കുന്നുണ്ട് എന്ന് ബഹുമാനപ്പെട്ട ബ്ലോഗര്‍മാര്‍ ചിന്തിക്കണം എന്നഭ്യര്‍ഥിക്കുന്നു. കൂടാതെ നമ്മുടെ സാക്ഷര കേരളത്തില്‍ എത്രപേര്‍ പത്രം വായിക്കുന്നവര്‍ ഉണ്ടാകും മനോരമയുടെ കണക്കനുസരിച്ച് അവര്‍ 1.4 മില്ല്യണ്‍ കോപ്പികള്‍ അടിച്ച് ഇറക്കുന്നണ്ടത്രെ മാത്യഭൂമി 10 മില്ല്യണ്‍ എന്ന ഞാന്‍ ഏകദേശ കണക്കെടുക്കട്ടെ
മനോരമ - 14 ലക്ഷം
മാത്യഭൂമി - 10 ലക്ഷം
മാധ്യമം - 5 ലക്ഷം
അങ്ങനെ ആകെ മൊത്തം 2.5 മില്ല്യണ്‍ ജനങ്ങള്‍ പത്രങ്ങല്‍ വായിക്കുകയും അത്രയും പേര്‍ ടിവി കാണുകയും . എല്ലാം കണ്ട് അന്തം വിട്ട് നിന്നാല്‍ പോലും . ടി ജനസംഖ്യയുടെ ചില ശതമാനം പോലും വരില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോള്‍ ഇന്റര്‍ നെറ്റില്‍ ബ്ലോഗ് എന്ന സാധനം ഉണ്ട് എന്ന് തന്നെ അറിയുന്ന മലാളികളില്‍ ‍ വെറും 10 % താഴെ ആണ് എന്നാണ് എന്റെ അഭിപ്രായം. അതില്‍ ബ്ലോഗ് എന്ന സാധനം ഉപയോഗിക്കുന്നവര്‍ 5 ശതമാനം വരില്ല. മലയാള ബ്ലോഗുകളില്‍ ബ്ലോഗ് എഴുതുന്നവര്‍ തന്നെയാണ് അതിന്റെ വായനക്കാരും.

മലയാള ബ്ലോഗിന്റെ പ്രശസ്തനായ ബ്ലോഗര്‍ വിശാലമനസ്കന്‍ 2005 അവസാനം മുതല്‍ ബ്ലോഗാന്‍ ആരംഭിച്ചു. അദ്ദേഹത്തിനെ ആകെ ഹിറ്റ് 6,75,880.00 ആണ് .മൂന്ന് വര്‍ഷം കൊണ്ട് അത് വായിച്ചത് ആറ് ലക്ഷം ജനങ്ങള്‍ ആണെങ്കില്‍ ഒരു ദിവസം 617 ധീരന്മാര്‍ അത് വായിച്ച് കാണണം. അതാകട്ടെ ഫലിതം നിറഞ്ഞ പോസ്റ്റുകള്‍ ആയത് കൊണ്ടാണ് ഏറ്റവും കൂടുതല്‍ പേര്‍ വായിച്ചത്.

എന്നെ സംബന്ധിച്ചേടത്തോളം ഞാന്‍ മസില്‍ പിടിച്ച് വായിച്ചാല്‍ പോലും പത്ത് ബ്ലോഗില്‍ കൂടുതല്‍ എനിക്ക് വായിക്കാന്‍ സാധിക്കില്ല.

ചുരുക്കത്തില്‍ ഞാന്‍ പറഞ്ഞ് വരുന്നത് .ബഹുമാനപ്പെട്ട ബ്ലോഗര്‍മാര്‍ മനസ്സിലാക്കേണ്ടത് . ബ്ലോഗ് എന്ന് പറയുന്ന സംഗതി. നമ്മുടെ മലയാളത്തില്‍ 10 ശതമാനം പേര്‍ക്കുപോലും ഇന്നും ഒതുങ്ങാത്ത ഒന്നാണ്. ഇന്റര്‍ നെറ്റും സമയവും, കണ്ണിന് ആരോഗ്യവും ഉണ്ടെങ്കിലേ സംഗതി നടക്കൂ എന്ന്മാത്രമല്ല. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കുകയും വേണം.കാരശ്ശേരി പറഞ്ഞില്ലെങ്കിലും അദ്ദേഹവും ഒരു മലയാളി എന്ന നിലയില്‍ അത്രയൊന്നും പ്രസക്തമായിട്ടില്ലാത്ത ബ്ലോഗിനെ തഴഞ്ഞത് മനപൂര്‍വ്വമാവില്ല എന്നതാണ് എന്റെ അഭിപ്രായം.

അദ്ദേഹത്തെ വെറുതെ വിടൂ
------------------------
ശ്രീ, ജനാബ്, സഖാവ്, സാഹിബ് ഏത് ഉപയോഗിക്കണം എന്നറിയില്ല കാരശ്ശേരിയെ സംബന്ധിച്ചേടത്തോളം. പേരും പ്രശസ്തിയും എവിടെയൊക്കെ കിട്ടുമോ അവിടെയെക്കൊ ടിയാന്‍ എത്തും എന്ത് വിവരക്കേടും വിളമ്പും. മൊത്തത്തില്‍ ആളൊരു അവിയല്‍ രൂപമാണ്. മതേതരത്വ, ജനാധിപത്യ, സോഷ്യലിസ്റ്റ്, ഇസ്ലാമിക, ചേകന്നൂരിസം എന്ന് വേണ്ട എല്ലാം കൂടിയ ഒരു സംഭവം.ആയതിനാല്‍ അങ്ങേരുടെ വര്‍ത്തമാനം നമ്മള്‍ മുഖവിലക്കെടുക്കേണ്ട. കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍ എന്നീ മഹാന്മാര്‍ മാത്യഭൂമിയില്‍ നിന്നുള്ള പബ്ലിസിറ്റി ഉപയോഗിച്ച് ജീവിച്ചു പോകുന്ന പാവങ്ങളാണ്.ആയതിനാല്‍ ആ ജീവികളെ വെറുതെ വിടണം എന്നഭ്യര്‍ഥിക്കുന്നു.

നമുക്ക് ബ്ലോഗ് എന്ന ഈ സ്വതന്ത്ര മാധ്യമത്തെ ജനങ്ങളില്‍ എത്തിക്കാം.

ജയ് ഹിന്ദ്

Visala Manaskan said...

എന്തുതന്നെയായാലും കാരശ്ശേരി ചെയ്തത് ശരിയായില്ല! ;)
- - -
ഓടോ:

അത്ഭുത കുട്ടി മാഷെ,

മൂന്ന് വര്‍ഷം കൊണ്ട് അത് വായിച്ചത് ആറ് ലക്ഷം ജനങ്ങള്‍ ആണെങ്കില്‍.... അത് വല്ലാണ്ട് ആര്‍ഭാടമായിപ്പോയി മാഷെ. ഹിറ്റൊന്നിന് ഒരാളെ കൂട്ടുന്നത് റോങ്ങ്!. ഒരു ഹിറ്റിനൊരു പേജ് ലോഡാണ് എന്റെ ബ്ലോഗില്‍ കണക്ക്. എനിക്ക് തോന്നുന്നത് മാക്സിമം വല്ല ആയിരത്തഞ്ഞൂറോ രണ്ടായിരോ ആളോളേ അത് വായിച്ചിട്ടുണ്ടാവുകയുള്ളൂ എന്നാണ്. കാര്യായിട്ട്!
ഡൈലി ഞാന്‍ രണ്ടുനേരമെങ്കിലും വെറുതെ ബ്ലോഗൊന്ന് നോക്കും, ചുമ്മാ. ആ നിലക്ക് എന്റെ വകയായിട്ട് തന്നെ ഒരു 5000 ഹിറ്റുണ്ടാകും!

അല്‍ഭുത കുട്ടി said...

വിശാലാ...
വിശാലമനസ്കന്റെ എളിമയുടെ മുന്നില്‍ പ്രണാമം.എല്ലാം താങ്കള്‍ പറയുന്ന പോലെ. താങ്കള്‍ക്കാണല്ലോ കൂടുതല്‍ അറിവുണ്ടാകുക. കണക്കൊന്നും അത്ര ക്യത്യമല്ല. ഒരു ഊഹ കണക്ക്. “അല്ലെങ്കില്‍ ആരുടെ കണക്കാണ് അത്ര ക്യത്യമായുള്ളത്”

തറവാടി said...

അത്ഭുതക്കുട്ടി,

താങ്കള്‍ക്ക് താങ്കള്‍ തന്നെ എതിരാണല്ലോ!

///മൂന്നു കോടി ജനസംഖ്യയുള്ള///

മൂന്ന് കോടിയില്‍ 2.5 മില്ല്യണ്‍ 'പത്രം' വായിക്കുന്നു അതായത് , 8.4%

///ഇന്റര്‍ നെറ്റില്‍ ബ്ലോഗ് എന്ന സാധനം ഉണ്ട് എന്ന് തന്നെ അറിയുന്ന മലാളികളില്‍ ‍ വെറും 10 % താഴെ//

ഇവ രണ്ടും താരതമ്യപ്പെടുത്താവുന്നതല്ലെ? അത്രേന്നേ ഞാനും ചെയ്തുള്ളൂ

ഇനി റോബിക്ക് കൊടുത്ത മറുപടിയും കൂട്ടിവായിക്കുക.

///മലയാള ബ്ലോഗുകളില്‍ ബ്ലോഗ് എഴുതുന്നവര്‍ തന്നെയാണ് അതിന്റെ വായനക്കാരും.///

തെറ്റായ അഭിപ്രായം ,തെളിവുണ്ട്.

Calvin H said...

റോബി പറഞ്ഞതാണതിന്റെ ശരി...
ബ്ലോഗ് എത്ര മാത്രം ആഗോള/പ്രവാസി/ഇന്റര്‍നെറ്റ് ഉപഭോക്താവ്‌-ആയ മലയാളിയിലേക്കെത്തുന്നുണ്ട്?
?


ഇനി വായനശീലം ഉള്ള മലയാളി എന്ന ലെവലില്‍ എടുത്താല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവും. നല്ല വായനാശീലം ഉള്ളവരെ മുഴുവനായി എടുത്താല്‍ അതിന്റെ എത്ര ശതമാനം കാണുമെന്നാ ബ്ലോഗ് വായനക്കാരില്‍?


ബ്ലോഗ് വളര്‍ന്ന് വരുന്ന ഒരു കുട്ടിയാണ്. അത് വളരട്ടെ. വളര്‍ന്ന് വലുതായ ശേഷം അന്നും കാരശ്ശേരി ഇതേ പോലെ പറയുകയാണെങ്കില്‍ നമുക്ക് മറുപടി കൊടുക്കാം.

അന്ന് കാരശ്ശേരി അങ്ങനെ പറയും എന്ന് കരുതുന്നും ഇല്ല.

vahab said...

പത്രങ്ങളുടെയോ ടെലിവിഷന്റെയോ റേഡിയോയുടെയോ പ്രേക്ഷകരുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്ലോഗിന്റെ ഓഡിയന്‍സ്‌ വളരെ കുറവാണ്‌.

എന്നാല്‍ ബ്ലോഗിന്റെ വലിയൊരു മേന്മ ഇന്ററാക്‌റ്റിവിറ്റിയാണെന്നാണെന്ന്‌ തോന്നുന്നു. നിങ്ങള്‍ ബ്ലോഗില്‍ ഒരു ആശയം വായിക്കുന്നു. അതിനോട്‌ നിങ്ങള്‍ക്ക്‌ തോന്നുന്ന അഭിപ്രായം അപ്പോള്‍തന്നെ രേഖപ്പെടുത്താം.

വായനക്കാരുടെ എണ്ണവും പ്രതികരിക്കുന്നവരുടെ എണ്ണവും തമ്മിലുള്ള റേഷ്യോ നോക്കിയാല്‍ ഒന്നാം സ്ഥാനം ബ്ലോഗിനായിരിക്കും. ഏറ്റവും കൂടുതല്‍ പ്രതികരണശേഷി പ്രകടിപ്പിക്കുന്ന വര്‍ഗ്ഗങ്ങളിലൊന്നാണ്‌ ബ്ലോഗ്‌ വായനക്കാര്‍. അവര്‍ക്കതിനു അവസരവുമുണ്ട്‌.

ലക്ഷക്കണക്കിന്‌ ആളുകള്‍ വായിക്കുന്ന പത്രങ്ങളിലെ ഉള്ളടക്കങ്ങളോട്‌ പ്രതികരിക്കുന്നവര്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ്‌. പ്രതികരിക്കുകയാണെങ്കില്‍ തന്നെ അവ പ്രസിദ്ധീകരിക്കപ്പെടുമെന്ന്‌ യാതൊരു ഉറപ്പുമില്ല. ഇനി, പ്രസിദ്ധീകരിക്കണമെന്ന്‌ പത്രാധിപര്‍ തീരുമാനിച്ചാല്‍ തന്നെ, സ്ഥലപരിമിതി പോലുള്ള തടസ്സങ്ങളുമുണ്ട്‌ അവര്‍ക്ക്‌.

പ്രതികരിക്കുന്നതിലൂടെ മാത്രമേ ഒരു എഴുത്തിന്‌ പൂര്‍ണ്ണത വരുന്നുള്ളൂ. എഴുതിയ വിഷയത്തിന്റെ വിവിധ വശങ്ങള്‍ കാണുവാന്‍ സാധിക്കുന്നു. വീക്ഷണ വൈകല്യങ്ങള്‍ തിരുത്താന്‍ കഴിയുന്നു. മികച്ച പ്രതികരണം അങ്ങനെ പല മികച്ച ആക്ടിവിറ്റികളും സൃഷിടിക്കുന്നു.

മറ്റൊരു കാര്യം, പ്രിയപ്പെട്ട തറവാടി...
ഞാന്‍ ആദ്യത്തെ കമന്റില്‍ പറഞ്ഞല്ലോ, പ്രമുഖരായ എഴുത്തുകാരുടെ വരുമാനത്തിന്‌ ഇടിവുവരുമെന്ന്‌. ഞാനുദ്ദേശിച്ചത്‌ ഇതാണ്‌- ഇപ്പോള്‍ അവരെഴുതുന്നതിനൊക്കെ കാശ്‌ വാങ്ങുന്നുണ്ട്‌. ബ്ലോഗിലെഴുതിയാല്‍ ആരാണ്‌ പണം നല്‍കുക?

തറവാടി said...

ശ്രീഹരി,

ഇന്‍‌റ്റര്‍ നെറ്റുപയോക്താക്കളില്‍ ബ്ലോഗെന്ന സംഭവം ഉണ്ടെന്നറിയുന്നവര്‍ എത്ര ശതമാനം വേണം 'അതുണ്ടെന്ന' റിയാന്‍? എണ്ണമല്ല, ശതമാനമാണുദ്ദേശിച്ചത് ,

അക്കാഡമിക് ഇന്‍‌റ്റ്രസ്റ്റാണ്.

Calvin H said...

ബ്ലോഗ് വളരുന്നുണ്ട് എന്നതാണ് പ്രധാനം. അതില്‍ നമുക്ക് ആഹ്ലാദിക്കാം... പ്രിന്റ് മീഡിയ കണ്ടില്ലെന്ന് നടിച്ചാലും ഒരു കുഴപ്പവും ഇല്ല എന്ന സ്ഥിതിവിശേഷം ഉണ്ടാവാണം.

ഈയടുത്തായി നല്ല കുറേ ബ്ലോഗുകളും അതില്‍ നല്ല പോസ്റ്റുകളും വരുന്നത് സന്തോഷകരമാണ്. അതേ സമയം അത്തരം മിക്ക പോസ്റ്റുകളിലും വരുന്ന കമന്റ് താങ്കള്‍ ശ്രദ്ധിച്ച് കാണുമോ എന്നറിയില്ല.

" ഇത് ബ്ലോഗില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല. ഇത് ഏതെങ്കിലും പത്രത്തിലോ വാരികയിലോ പ്രസിദ്ധീകരിച്ചു കൂടേ?"

ബ്ലോഗിന്റെ വായനക്കാര്‍ ഇന്നും വളരെ കുറവ് തന്നെ( പ്രത്യേകിച്ച് സീരിയസ് വായനക്കാര്‍) എന്നത് ഒരു പച്ചപ്പരമാര്‍ത്ഥമാണ്. അതേ സമയം സീരിയസ് വായനക്കാരേയും ആകര്‍ഷിക്കത്തക്കവണ്ണം നല്ല പോസ്റ്റുകള്‍ കുറേശ്ശെ കുറേശ്ശെ ആയി വരുന്നുണ്ട് താനും. അതില്‍ നമുക്ക് സന്തോഷിക്കാം.

( ബ്ലോഗ് സീരിയ്സ് രചനകള്‍ക്ക് മാത്രം ഉള്ളതാവേണം എന്ന് അഭിപ്രായമില്ല എന്ന് കൂടെ ചേര്‍ക്കട്ടെ)

ഇഷ്ടിക ‍ said...

ഈ അവനവന്‍ പ്രസാധകരാവുന്ന ബ്ലോഗിനെ പലരും ഭയക്കും അതുമാത്രമാണ് കാരശ്ശേരിക്കു ഉണ്ടായത്.പിന്നെ അവരൊക്കെ പഴയ ആളുകളല്ലേ.., ക്ഷമി.

ഇഷ്ടിക ‍ said...

ഈ അവനവന്‍ പ്രസാധകരാവുന്ന ബ്ലോഗിനെ പലരും ഭയക്കും അതുമാത്രമാണ് കാരശ്ശേരിക്കു ഉണ്ടായത്.പിന്നെ അവരൊക്കെ പഴയ ആളുകളല്ലേ.., ക്ഷമി.