Wednesday, February 18, 2009

പ്രവാസികളും പരാതികളും

ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും അതിന് വേണ്ടി പ്രയത്നിക്കാനും മടിയുള്ളവരാണ്‌ പരാതി പറയുന്നവര്‍ എന്നെനിക്ക് പലപ്പോഴും തോന്നിയീട്ടുണ്ട്. വഴിയിലൂടെ പോകുമ്പോള്‍ മെക്കിട്ട് കയറിയവനേയും വീട്ടില്‍ കളവ് നടന്നതിനെയും പറ്റി പോലിസില്‍ പരാതി കൊടുക്കുന്നതിനേയല്ല മറിച്ച് പ്രതീക്ഷിച്ചതും ലഭിക്കാതെപോയതുമായ കാര്യങ്ങളെപ്പറ്റി പരാതിപ്പെടുന്നതിനെയാണിവിടെ വിവക്ഷിച്ചത്.

കാരണങ്ങള്‍ പലതാണെങ്കിലും തൊണ്ണൂറ്റൊമ്പത് ശതമാനം ആളുകളും പ്രവാസം തിരഞ്ഞെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരവും സമ്മതത്തോടെയും കൂടിത്തന്നെയാണ്‌.എഴുപതുകളിലേയോ എണ്‍‌പതുകളിലേയോ പോലെയല്ല ഇവിടത്തെ കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിട്ട് പോലും ആളുകള്‍ ഇപ്പോഴും ഇവിടേക്ക് വരുന്നതും , കുറച്ച് കാലം ഇവിടെ ജോലിചെയ്ത് തിരിച്ച് പോയി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇവിടേക്ക് വരുന്നതിനും ന്യായീകരണങ്ങള്‍ പലതുമുണ്ടാകാമെങ്കിലും ഗുണമില്ലെന്നാരെങ്കിലും പറയുമെന്ന് തോന്നുന്നില്ല.

കുറച്ച് കാലം ഗള്‍ഫില്‍ നിന്ന ഒരാള്‍ നാട്ടില്‍ സ്ഥിരതാമത്തിന് ചെന്നിട്ട് അധികം താമസിയാതെ വീണ്ടും തിരിച്ചുവരാന്‍ കാരണം ഗള്‍ഫിലായിരിക്കുമ്പോള്‍ രണ്ടിടങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച സൗകര്യങ്ങള്‍ അഥവാ പ്രിവിലേജ് തന്നെയാണ്.ലേബര്‍ ക്യാമ്പുകള്‍ ചൂണ്ടി‍ കാട്ടി ഇതാണോ ഗള്‍‌‍ഫുകാരന്‍‌റ്റെ പ്രിവിലേജെന്ന് ചോദിതിക്കല്ലെ പ്ലീസ്!.

കുടുംബത്തേക്ക് മാസത്തില്‍ കുറച്ച് രൂപ അയക്കുന്നതില്‍ കഴിഞ്ഞില്ലേ ഒരു ഗള്‍‌ഫുകാരന്‍‌റ്റെ ഉത്തരവാദിത്വം?

കുട്ടികളുടെ പഠനം , ബന്ധുക്കളുടെ , കല്യാണം , മരണം ആശുപത്രി , വീട്ടുകാര്യങ്ങള്‍ തുടങ്ങി നൂറായിരം കാര്യങ്ങളില്‍ എന്ത് പങ്കാണയാള്‍ എടുക്കുന്നത്?മാസത്തിലെ പണമയപ്പിന് പുറമെ ഒഴിവ് കാലം ആസ്വദിക്കാന്‍ നാട്ടില്‍ പോകുന്നു, എല്ലാവരുമൊത്ത് ടൂറുകള്‍ പോകുന്നു തിരിച്ചുവരുന്നു. നഷ്ടപ്പെടുന്ന ദാമ്പത്ത്യം എന്ന് പരിതപിക്കുന്നവന്‍ നാട്ടിലെ ഭാര്യയുടെ പങ്കാളിത്തം മനപൂര്‍‌വ്വം മറന്ന് എല്ലാ ദുഖവും തന്നിലേക്ക് മാത്രമൊതുക്കി അതിനെപ്പറ്റി പരിതപിക്കുന്നു.

സ്ഥിരതാമത്തിനായി നാട്ടില്‍ വരുന്ന ഗള്‍ഫുകാരന്‍‌റ്റെ തുടക്കത്തിലെ കുറച്ചുദിവസങ്ങള്‍ക്ക് / മാസങ്ങള്‍ക്ക് ശേഷം തന്നിലേക്കും വരുന്ന കുടുംബത്തിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അവന്‍ കാണുന്ന മാര്‍ഗ്ഗമാണ് ഗള്‍ഫ് എന്നിട്ട് പറയും , ' ഓ നാട്ടില്‍ നില്‍‌ക്കാനേ പറ്റില്ല' , ഒപ്പം നൂറായിരം പരാതികള്‍ വേറെയും.പരാതികള്‍ കേള്‍ക്കുമ്പോള്‍ തോന്നും നാട്ടില്‍ ആളുകള്‍ ജീവിക്കുന്നേ ഇല്ല , എല്ലായിടത്തും പ്രശ്നം , കഷ്ടപ്പെടുന്നവര്‍ ഇവര്‍ മാത്രമാണെന്ന്.

കാലങ്ങളായി കേള്‍ക്കുന്നപരാതികളില്‍ പുതുതായി ചിലതുകൂടി വന്നിരിക്കുന്നു,
വിദേശ നിക്ഷേപം നന്നായി ഉപയോഗപ്പെടുത്താത്ത സര്‍ക്കാരിനെപ്പറ്റിയാണ് ഒന്ന്

സര്‍കാര്‍ പോട്ടെ, ബാങ്കില്‍ കിടക്കുന്ന പണം സ്വന്തം വേണ്ടപ്പെട്ട ഒരാള്‍ നല്ലൊരു കാര്യത്തിനുപയോഗപ്പെടുത്തുന്നതില്‍ വിഷമമില്ലാത്ത എത്രപേരുണ്ട് ഗള്‍ഫന്‍‌മാരില്‍?
( 'വിദേശ നിക്ഷേപം സര്‍ക്കാരെടുത്തുപയോഗിക്കാനല്ല തറവാടി പറയുന്നതെ' ന്ന് പറഞ്ഞ് ഒരു കണ്ണടി ചിരിയും തരല്ലെ! )

ബാങ്കിലെ കാശ് എന്തെങ്കിലും ' വികസന ' കാര്യത്തിന് സര്‍ക്കാര്‍ മുന്‍‌ക്കയ്യെടുത്ത് ഉപയോഗപ്പെടുത്തുക എന്നിട്ട് ലാഭം ബാങ്കില്‍ തിരിച്ച് നിക്ഷേപിക്കുക , നഷ്ടം വന്നാല്‍ ഉത്തരവാദി സര്‍ക്കാര്‍!
സര്‍ക്കാര്‍ പലിശയടക്കം തിരിച്ചുതന്നേക്കണം! എന്താ 'സുഗം' ! ഇനിപ്പോ ഇതൊന്നുമല്ലാത്ത മറ്റുവല്ലതുമാണെങ്കില്‍ ഒന്നുപറഞ്ഞതരണേ.

കെട്ടിക്കിടക്കുന്ന പണം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ സ്ട്രാറ്റജി പ്ലാനുണ്ടാക്കുകയും അതുനടപ്പില്‍ വരുത്തുകയും വേണം. ഇതാണ് ചിലരെങ്കിലും ഉദ്ദേശിച്ചിരിക്കുക. പണം ഗള്‍ഫുകാരന്‍‌റ്റെയാണ് അതായത് അവനാണ് ക്ലയന്‍‌റ്റ്. തന്‍‌റ്റെ പണം എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന് ഒരു concept/ മാര്‍ഗ്ഗ രേഖ കൊടുക്കേണ്ടത് അവനാണ്. സര്‍ക്കാര്‍ അവരുടെ ഉദ്യോഗസ്ഥനമാരെ ഉപയോഗപ്പെടുത്തി കണ്‍‌സള്‍ട്ടന്‍സി പോലെ പ്രവര്‍ത്തിച്ച് ഒരു രേഖയുണ്ടാക്കി , സമ്മതപ്രകാരം നടപ്പില്‍ വരുത്തുകയാണു ചെയ്യേണ്ടത്. ഇതിനൊക്കെ ആദ്യം വേണ്ടത് ഐഡിയ ഉള്ള ക്ലയന്‍‌റ്റാണ്. ഇത്തരം ഐഡിയ ഉപയോഗപ്പെടുത്താനോ നമ്മുടെ സര്‍ക്കാര്‍ ഉണ്ടാക്കുന്ന രേഖയില്‍ വിശ്വസിക്കാനോ /കൃത്യമായ വിഷനൊടെ ഒരു നല്ല പ്രോജെക്ട്/ മാര്‍ഗ്ഗ രേഖ തയ്യാറാക്കി സംസാരിക്കാന്‍ എത്രപേര്‍ തയ്യാറാവും?

കെട്ടിക്കിടക്കുന്ന പണം ഇന്ന രീതിയില്‍ ഉപയോഗ പ്പെടുത്താന്‍ സര്‍ക്കാരിന് ഒരു സ്ട്രാറ്റജി പ്ലാന്‍/മാര്‍ഗ്ഗ രേഖ കൊടുക്കാന്‍ എത്രപേരുണ്ട്?തന്‍‌റ്റെ പണം സര്‍ക്കാരിന് ഉപയോഗപ്പെടുത്താം എന്ന് ആത്മാര്‍ത്ഥമായി എഴുതിക്കൊടുക്കാന്‍ തയ്യാറാവുന്ന എത്രപേരുണ്ട്?

ഇതിന് മറ്റൊരു വാദമുഖം ഉണ്ടാകും, വിഭചിച്ച് കിടക്കുന്ന ഗള്‍ഫുകാരെ സര്‍ക്കാര്‍ മുഖാന്തിരം ഒരു കുടയില്‍ കൊണ്ടുവരിക , എന്നിട്ട് പറഞ്ഞതുപോലെ ചെയ്യുക , ആ ഹ എന്തൊരു സ്വപ്നം! ഒന്നിരുത്തി ചിന്തിച്ചാല്‍ ഇതിന്‍‌റ്റെയൊക്കെ അപ്രായോഗികതമനസ്സിലാക്കാവുന്നതെയുള്ളു എന്നിട്ടും കണ്ണടച്ച് പരിതപിക്കുന്നു.

അടുത്തതാവട്ടെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ പോകുന്നവരെ പുനരധിവസിക്കുന്നതിനെപ്പറ്റി!

ജോലി പോയി നാട്ടില്‍ ചെന്നാല്‍ അവിടെ നിന്നും ആരും ഓടിക്കില്ലെന്നുറപ്പുണ്ടായിരിക്കെ എന്തിനാണ് വെപ്രാളപ്പെടുന്നത്? നാട്ടില്‍ ജീവിക്കുന്നവരുണ്ട് അവരില്‍ ഒരാളായി ജീവിക്കാന്‍ തയ്യാറാവണം.
കേരളം നമ്മുടെ നാടാണ്. നമ്മള്‍ നേടിയതിനും നഷ്ടപ്പെടുത്തിയതിനും ( സാമ്പത്തികമാണുദ്ദേശിച്ചത്) നമ്മള്‍ തന്നെയാണുത്തരവാദി. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ , കഠിന അധ്വാനശീലമുള്ള ഗള്‍ഫുകാര്‍ക്ക് എന്തിനാണ് പരസഹായത്തിന് വേണ്ടി കേഴുന്നത്?സ്വന്തം ഉത്തരവാദിത്വത്തെ കഴിഞ്ഞിട്ടുപോരെ ഇത്തരം പരാതികള്‍?

6 comments:

തറവാടി said...

സ്വന്തം ഉത്തരവാദിത്വത്തെ കഴിഞ്ഞിട്ടുപോരെ ഇത്തരം പരാതികള്‍?

Radheyan said...

നല്ല വിഷയം.

തിരികെ പോകേണ്ടി വരുന്നതു കൊണ്ട് പ്രവാസികള്‍ക്ക് ഒന്നും പ്രത്യേകിച്ച് സംഭവിക്കാനില്ല.നാം നമ്മുടെ നാട്ടിലേക്ക് തിരികേ പോകുന്നു.കൊതുകും കൂത്താടിയും ഡെങ്കിയും രാഷ്ട്രീയക്കാരുമൊക്കെ ഉള്ള ആ രാജ്യത്ത് തന്നെയാണ് നാം ജനിച്ചതും വളര്‍ന്നതും.അവയുടെ നന്മക്കും തിന്മക്കും നാം ഒരു പോലെ അവകാശികളാണ്.ഇവിടുത്തെ പോലെ അവിടെയും അധ്വാനിക്കാന്‍ തയ്യാറായല്‍ നാട്ടിലും നന്നായി തന്നെ ജീവിക്കാന്‍ കഴിയും.
ഇതൊക്കെ ഇന്‍ഡിവിഡ്വല്‍ എന്ന രീതിയില്‍ വിലയിരുത്തുമ്പോള്‍.പക്ഷെ പ്രവാസികളുടെ വന്‍‌തോതിലുള്ള മടങ്ങി വരവ് പലരീതിയില്‍ സോഷ്യല്‍ അണ്‍‌റെസ്റ്റ് ഉണ്ടാക്കും.ഒന്നാമത് സമ്പത്ഘടനയെ ജൈവമായി നിലനിര്‍ത്തുന്ന പണത്തിന്റെ ഒഴുക്ക് കുറയും.പിന്നെ തിരികെ ചെല്ലുന്നവര്‍ക്ക് ആവശ്യമുള്ള അത്ര അവസരങ്ങള്‍ നാട്ടില്‍ ഇല്ല എന്ന സത്യത്തില്‍ നിന്ന് തന്നെയാണല്ലോ പ്രവാസമെന്ന സംഭവം ഉണ്ടാകുന്നത് തന്നെ.ആ അവസരക്ഷാമം വര്‍ധിക്കും.പിന്നെ 45നു മുകളില്‍ പ്രായമുള്ളവര്‍ക്ക് പുതിയ തൊഴില്‍ ലഭ്യത ബുദ്ധിമുട്ടാണ്.

വ്യക്തികള്‍ക്കുണ്ടാകുന്നതില്‍ കവിഞ്ഞ ഒരു സോഷ്യല്‍ ഇമ്പാക്റ്റ് ഈ തിരിച്ചൊഴുക്കിന് ഉണ്ടാകം.അത് കൊണ്ട് തന്നെ ആണ് സമൂഹമെന്ന രീതിയില്‍ പുനരധിവാസം പ്രസക്തമാകുന്നത്.

എന്‍.ആര്‍.ഈ പണം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നത് വലിയ വിഷയമാണ്.ഗള്‍ഫിലെ വന്‍ പണക്കാരുടെ മിച്ചപണമല്ല,മറിച്ച് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഊളിയടിച്ച് കളയാന്‍ അയച്ചു കൊടുക്കുന്ന സാധാരണക്കാരനായ പ്രവാസിയുടെ മിച്ചപ്പണം.ഇതിലും സര്‍ക്കാരിന് വ്യക്തമായ ഒരു റോളുണ്ട്.

അനില്‍@ബ്ലോഗ് // anil said...

ശരിയാണ് തറവാടീ,
വഴി സ്വയം തിരഞ്ഞെടുക്കുക, ആവശ്യമെങ്കില്‍ സഹായത്തിനഭ്യര്‍ത്ഥിക്കുക.
ഞാനും ഇന്ന് ഈ വിഷയത്തില്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്.

:: VM :: said...

കൊതുകും കൂത്താടിയും രാഷ്ട്രീയക്കാരും, മാസാമാസം നമുക്ക് ലക്ഷങ്ങള്‍ തന്നിരുന്നില്ല രാധേയാ...\

കൊതുകിനും കൂത്താടിക്കും തിരിച്ച് പതിനായിരങ്ങള്‍ നാം ലോണുമടച്ചിരുന്നില്ല

തിരികെ പോകുന്നതുകൊണ്ട് പ്രവാസികള്‍ക്ക് ഒന്നും സംഭവിക്കാനില്ല എന്നു പറയരുത്..


പിന്നെ,
കമലഹാസന്റെ പുഷ്പകവിമാനം എന്ന ഫിലിമിലുണ്ട്;) റെയില്വേ സ്റ്റേഷനിലെ ട്രെയിനുകളുടെ ഇരമ്പലില്ലാതെ , 5സ്റ്റാര്‍ ഹോട്ടലില്‍ ഉറക്കം വരാതിരിക്കുന്ന ടിയാന്‍, സ്റ്റേഷനില്‍ പോയി, ആ ശബ്ദം ഒരു കാസറ്റില്‍ റെക്കോഡ് ചെയ്ത് ഹോട്ടലിലെ മെത്തയില്‍ അതു കേട്ട് സുഖമായുറങ്ങുന്നത് !

കൊതുകും കൂത്താടിയും, പിരിവും, അഴിമതിയുമൊക്കെ ശീലമായ്ക്കൊള്ളുമെന്നേ ;)

തറവാടി said...

രാധേയാ,

>>പ്രവാസികളുടെ വന്‍‌തോതിലുള്ള മടങ്ങി വരവ് പലരീതിയില്‍ സോഷ്യല്‍ അണ്‍‌റെസ്റ്റ് ഉണ്ടാക്കും<< ഒരു സംശയമില്ല പക്ഷെ അതൊഴിവാക്കാന്‍ എന്താണ് താങ്കള്‍ക്ക് നിര്‍‌ദ്ദേശിക്കാനുള്ളത്?

കേരള ബജറ്റില്‍ ഇതിനു വേണ്ടി തുക വകയിരുത്തിയിട്ടുണ്ടെന്നോ കേന്ദ്രസഹായത്തിനഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നോ ഒക്കെ കേട്ടു. പതിനായിരം രൂപ ശമപളമുള്ളവനും ലക്ഷങ്ങള്‍ ശമ്പളമുള്ളവനും ജോലി നഷ്ടമായിട്ടുണ്ട് കേരള ബജറ്റില്‍ എത്ര തുകവരെ ഇത്തരം കാര്യങ്ങള്‍ക്ക് വകയിരുത്താം എന്ന് ഏകദേശ ധാരണയും ഉണ്ട് മാത്രമല്ല രണ്ട് ലക്ഷം മുതല്‍ അഞ്ചുലക്ഷം പേര്‍ വരും മാസങ്ങളില്‍ നാട്ടില്‍ എത്തുമെന്നും പറയുന്നു.

രസകരമായ കാര്യം ഈ അടുത്ത ദിവസങ്ങളിലാണ് മന്ത്രിക്ക് ഇങ്ങനെ ഒരു വിചാരമുണ്ടായതെന്നതാണ്. ഏത് രീതിയിലായിരിക്കും അദ്ദേഹം ഈ തുക ഉപയോഗപ്പെടുത്തുന്നതെന്നറിയാന്‍ അതിയായ ആഗ്രമുണ്ട് എന്തായാലും രണ്‍ടുദിവസം കഴിഞ്ഞാല്‍ അറിയാമെന്ന് കരുതാം.

>>ഒന്നാമത് സമ്പത്ഘടനയെ ജൈവമായി നിലനിര്‍ത്തുന്ന പണത്തിന്‍‌റ്റെ ഒഴുക്ക് കുറയും<<

നല്ലതല്ലെ ഇത്?
ജോലി നഷ്ടപ്പെടുന്നവന്‍‌റ്റെ ദുഖം അവനില്‍ നിന്നും സമൂഹത്തിലേക്കും സര്‍ക്കാരിലേക്കും വരുത്തുന്നതിനിടയാവുകയല്ലെ ഇതുമൂലമുണ്ടാകുക?
നാട്ടിലൊഴുകുന്ന കള്ളപ്പണം കുറയില്ലേ?
കള്ള കച്ചവടങ്ങള്‍ കുറയില്ലെ?
സാധനങ്ങള്‍ക്ക് വിലകുറയില്ലെ?
നാട്ടിലെ എല്ലാ പണസംബന്ധമായ കൊള്ളരുതായ്മക്കും ഗള്‍ഫുകാരാണുത്തരവാദികള്‍ എന്നുപറയുന്നതിനെ തടയിടാന്‍ ഇതുപകരിക്കുമെങ്കില്‍!
( ഇത് തറവാടിയുടെ ചിന്തേണെന്നും പറയല്ലെ ;) ;) )

തന്‍‌റ്റെ നഷ്ടം രാജ്യത്തിന്‍‌റ്റേയും നഷ്ടമാണെന്ന് മനസ്സിലാക്കാനുള്ള ഒരവസരമായികണ്ടൂടെ? ഒരു തിരിച്ചറിവിലൂടേ സര്‍ക്കാര്‍ ഒരു വഴി സ്വയം കാണുന്നതല്ലെ ഉചിതം?

>>തിരികെ ചെല്ലുന്നവര്‍ക്ക് ആവശ്യമുള്ള അത്ര അവസരങ്ങള്‍ നാട്ടില്‍ ഇല്ല എന്ന സത്യത്തില്‍ നിന്ന് തന്നെയാണല്ലോ പ്രവാസമെന്ന സംഭവം ഉണ്ടാകുന്നത് തന്നെ.<<

ജോലി ചെയ്യാന്‍ താത്പര്യമുള്ള , അറിവുള്ള നല്ല പ്രൊഫെഷണല്‍സിന് അന്നും ഇന്നും കേരളത്തില്‍ വലിയ ചാന്‍സില്ല അതുകൊണ്ട് തന്നെ ഇന്നത്തെ അവസ്ഥയില്‍ വലിയ വെത്യാസവുമില്ല. കുറച്ച് കാലത്തേക്ക് ആദ്യകാലത്തെപ്പോലെ ബൊബെയോ മറ്റോ ശരണം പ്രാപിക്കുകതന്നെയാവും ഏക പോം വഴിയെന്നുതോന്നുന്നു.

നല്ലൊരു വിഭാഗം കാര്‍ഷികവുമായി ബന്ധപ്പെട്ട തൊഴില്‍ എന്നും നാട്ടിലുണ്ട് , നല്ലൊരു ഇലക്ട്രീഷ്യനേയോ പ്ലമ്പറേയോ ഇന്നും നാട്ടില്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ട് തന്നെയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ സര്‍ക്കാര്‍ സഹായം എന്ന് പറഞ്ഞ് പരിതപിക്കുന്നതിനെ ന്യായീകരിക്കാനാവുന്നില്ല.

ഒക്കെ പോട്ടെ താങ്കളും പറയുന്നു 'പുനരധിവാസം' എന്ന് എന്താണ് താങ്കള്‍ ഈ വാക്കുകൊണ്ടര്‍ത്ഥമാക്കുന്നത്?
>>പ്രവാസിയുടെ മിച്ചപ്പണം.ഇതിലും സര്‍ക്കാരിന് വ്യക്തമായ ഒരു റോളുണ്ട്<<

ഒന്ന് വിശദമാക്കമോ രാധേയാ?

Unknown said...

തൊഴില്‍ നഷ്ടപ്പെട്ട വിദേശ മലയാളികള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചു തരുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറുള്ളവര്‍ അങ്ങനെ ചെയ്യട്ടെ. കുറെ വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന, അല്പമെങ്കിലും സമ്പാദ്യമുള്ള പ്രവാസികള്‍ക്ക് തൊഴില്‍ദാതാക്കള്‍ ആകാന്‍ കഴിയില്ലേ?. തന്‍റെ ദേശത്തിന് അനോയുജ്യമായ/ തനിക്ക് പ്രാഗത്ഭ്യമുള്ള മേഖലയില്‍( അത് വ്യവസായമോ കൃഷിയോ എന്തും ആവട്ടെ) പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ വലിയ മാറ്റത്തിന് കാരണമായി തീരും. വ്യക്തമായ പ്ലാനും പദ്ധതിയും സ്ഥിരോത്സാഹവും ഉണ്ടായിരിക്കണം എന്ന് മാത്രം. (തന്നെ...തന്നെ..സര്‍ക്കാര്‍ പുതിയ പ്രൊജക്റ്റ്‌ കണ്ടുപിടിച്ച്, വിദേശ മലയാളിയുടെ നിക്ഷേപത്തിന് നൂറു ശതമാനം ഗ്യാരന്റിയും തന്ന് ഇവിടെ വ്യവസായങ്ങള്‍ വന്നത് തന്നെ.)