Tuesday, July 10, 2007

മാവിലേറിന്‍റേയും വള്ളിനിക്കറിന്‍റേയും പ്രസക്തി

വളർച്ചാ നിരക്ക് വളരെ കൂടുതലായ സാങ്കേതികതയുടേയും കമ്മ്യൂണിക്കേഷന്റേയും സഹായമാണ് ഓരോ പുതു തലമുറകള്‍ക്കുമുണ്ടായ മാനസികമായും ബുദ്ധിപരമായുമുള്ള അധിക വളര്‍ച്ചക്ക് പ്രധാനകാരണം. ഫലമോ പുതിയ തലമുറ തൊട്ടു മുമ്പിലുള്ള തലമുറയേക്കാള്‍ പത്രമാധ്യമത്തെ അപേക്ഷിച്ച് ആശ്രയിക്കുന്നുത് പത്രമാധ്യമത്തേക്കാൾ ദൃശ്യമാധ്യമത്തേയും, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മാധ്യമ ശൃംഗലകളെയുമണ്.

അതുകൊണ്ടുതന്നെ മുന്‍കാല ജീവിത രീതികളും, ചരിത്രങ്ങളും അറിയുന്നതിനു വേണ്ടി, പഴയതലമുറയുടെ മാര്‍ഗ്ഗങ്ങളായിരുന്ന , ചരിത്രപുസ്തകങ്ങള്‍ പൂര്‍ണ്ണമായി ഫലം ചെയ്യുമോ എന്ന കാര്യം സംശയമാണ്‌, ഇതിനുള്ള പ്രധാനകാരണം അവ എഴുതിയിരിക്കുന്ന ശൈലിതന്നെയാണ്. ജീവിത രീതികളെക്കാൾ സംഭവങ്ങളെ, ഉദാഹരണം യുദ്ധം, വിദേശീയരുടെ കടന്നുകയറ്റം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളവയാണ് മിക്കതും.

പഴയ തലമുറകളിൽ പെട്ടവരുടെ ജീതിതരീതികളിൽ ഇത്തരം സംഭവങ്ങളുടെ അംശമുള്ളതിനാൽ ജീവിത ശൈലിയേക്കാൾ പ്രധാനം ഇതുപോലുള്ള സംഭവങ്ങൾക്കായിരുന്നതിനാൽ ഈ ശൈലിയുള്ള എഴുത്ത് അവർക്ക് സ്വീകാര്യവും ഒപ്പം ഫലവും ചെയ്തിരുന്നു. എന്നാല്‍, പുതിയ തലമുറകളിലുള്ളവരുടെ മുന്‍കാല തലമുറകളെ അപേക്ഷിച്ചുള്ള ആശയപരമായും ഘടനാപരമായും ഉള്ള വലിയ അന്തരം പഴയകാലസംഭങ്ങള്‍ പോലെ തന്നെ പഴയകാല ജീവിതരീതികളും ഒരുപോലെ പ്രാധാന്യമുള്ളതാക്കുകയാണ് ചെയ്തിരിക്കുന്നത്, അല്ലെങ്കില്‍ പ്രാധാന്യമുണ്ടാക്കിയേക്കും അവിടെയാണ്‌ ഓര്‍മ്മക്കുറിപ്പുകളുടെ പ്രസക്തി.

ഒറ്റ നോട്ടത്തിൽ ഓര്‍മ്മക്കുറിപ്പുകളെന്നാൽ വള്ളി ട്രൌസറിട്ടു മാങ്ങക്കു കല്ലെറിയുന്ന കുറെ വിവരണങ്ങളാണെങ്കിലും, നല്ല കുറിപ്പുകളില്‍ പഴയകാല ജീവിതരീതികളും, ചുറ്റുപാടുകളും ഉള്‍പ്പടെ ചരിത്രപുസ്തകങ്ങളില്‍ കാണാത്ത പലതും അടങ്ങിയിരിക്കുന്നെന്നു മറക്കാതിരിക്കുക.

ഓർമ്മക്കുറിപ്പുകളെ ചരിത്ര പുസ്തകങ്ങളായി എടുക്കേണ്ടതില്ല പക്ഷെ പഴയകാല ജീവിതരീതികള്‍ ഉള്‍ക്കൊള്ളുന്ന പലതും അവയിൽ അടങ്ങിയിരിക്കുന്നുണ്ട്. മാങ്ങയ്ക്ക് കല്ലെറിയലും, വള്ളിട്രൌസറിട്ടതുമെന്നൊക്കെ പറഞ്ഞോർമ്മക്കുറിപ്പുകളെ പുച്ഛിച്ചുതള്ളുമ്പോൾ ഓർക്കുക, ഈ മാങ്ങ-കല്ലെറിയലിനു നാളെ ആളുണ്ടായേക്കും പക്ഷെ ഇന്ന് വലിയ വായില്‍ പറഞ്ഞ പല ' സാങ്കേതിക 'ങ്ങളും നാളെ ചരിത്രങ്ങളായിരിക്കും - ആര്‍ക്കും വേണ്ടാത്ത ചരിത്രം!

19 comments:

അഗ്രജന്‍ said...

“ഓര്‍മ്മക്കുറിപ്പുകള്‍, വള്ളി ട്രൌസറിട്ടു മാങ്ങക്കു കല്ലെറിയുന്ന കുറെ വിവരണങ്ങളാണെങ്കിലും, നല്ല കുറിപ്പുകളില്‍ പഴയകാല ജീവിതരീതികളും, അവസ്ഥകളുമുള്‍പ്പടെ ചരിത്രപുസ്തകങ്ങളില്‍ കാണാത്ത പലതും അടങ്ങിയിരിക്കുന്നെന്നു മറക്കാതിരിക്കുക. ചരിത്ര പുസ്തകങ്ങളല്ലെങ്കിലും ജീവിതരീതികള്‍ ഉള്‍ക്കൊള്ളുന്നവയാണ്...”

ഈ പോസ്റ്റില്‍ അടങ്ങിയിരിക്കുന്ന സന്ദേശം ഇതു തന്നെയാണ്.

ഓര്‍മ്മക്കുറിപ്പുകളെ സംബന്ധിച്ച് ഒരേ കാര്യങ്ങള്‍ തന്നെ പലര്‍ക്കും പലരീതിയിലാകും അനുഭവപ്പെട്ടിരിക്കുക, അതില്‍ കാലവും ദേശവും ഭാഷയും എല്ലാം തന്നെ അതിന്‍റേതായാ പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്. മനസ്സിലുറങ്ങി കിടക്കുന്ന ഓര്‍മ്മകളെ, വായനക്കാര്‍ക്കും സമാനവികാരങ്ങള്‍ നല്‍കാന്‍ കഴിയുന്ന തരത്തില്‍ പകര്‍ത്തി വെക്കാന്‍ കഴിയുന്നത് പരിഹസിക്കപ്പെടേണ്ട ഒന്നല്ല. മറിച്ച് പ്രോത്സാഹിക്കപ്പെടുക തന്നെ വേണം.

തറവാടി, താങ്കളുടെ ഈ ബ്ലോഗില്‍ വന്ന ഏറ്റവും മികച്ച പോസ്റ്റാണ് ഇതെന്ന് ഞാന്‍ പറയട്ടെ.

ഞാന്‍ ഇരിങ്ങല്‍ said...

അഗ്രജന്‍ എന്തു പറ്റി?
വായനാശീലം കുറവാ അല്ലേ...
തറവാടി എഴുതിയതില്‍ ഏറ്റവും ‘തറ’ പോസ്റ്റാണിത്.
എനിക്കൊന്നും മനസ്സിലായില്ലെന്ന് മാത്രമല്ല ഒരു ഗുണവും ഇല്ലാത്ത കുറച്ച് വരികള്‍ എന്നേ പറയാന്‍ പറ്റൂ.
നല്ല അനുഭവക്കുറിപ്പെഴുതിയ തറവാടി തന്നെയോ ഇത് എഴുതിയതെന്ന് ഞാന്‍ സംശയിക്കുന്നു.

അഗ്രജന്‍ said...

ഹഹ ഇരിങ്ങല്‍, വായനാശീലം - അത് സത്യം തന്നെ.

തറവാടിയുടെ ഈ ബ്ലോഗ് (ചിന്തകള്‍) ആണ് ഞാന്‍ ഉദ്ദേശിച്ചത്.

സ്വന്തം കാഴ്ചപ്പാടുകളോട് സമാനമായത് കാണുമ്പോള്‍ ഉണ്ടാകുന്ന താത്പര്യം... അതു തന്നെയായിരിക്കാം ഈ പോസ്റ്റിനോട് എനിക്ക് തോന്നിയ ഇഷ്ടം!

ബ്ലോഗില്‍ ആരെങ്കിലും ഒന്ന് ‘ഹ്ഹച്ഛീ...’ എന്നു തുമ്മിയാല്‍ പോലും അതില്‍ പല അര്‍ത്ഥങ്ങള്‍ കാണുന്ന രാജുവിന് ഇത് മനസ്സിലായില്ലെന്നോ... ങും ഞാന്‍ വിശ്വസിച്ചു :)

അരീക്കോടന്‍ said...

?????

മുസാഫിര്‍ said...

തറവാടി എഴുതിയത് മനസ്സിലായി, പക്ഷെ ഇതു എഴുതാനുള്ള കാരണം മനസ്സിലായില്ല.ലിങ്കെന്തെങ്കിലും കൊടുക്കാമായിരുന്നില്ലെ ? അതെ ഇനി അതിനെചൊല്ലി അടി വേണ്ട എന്നു കരുതി ഒഴിവാക്കിയതാണോ ?

ചില നേരത്ത്.. said...

നല്ല കൈയ്യൊതുക്കത്തോടെ വ്യക്തമായ ഭാഷാചാതുരിയോടെ എഴുതിയ നല്ലൊരു ലേഖനമാണിത്. കുറച്ചധികം കൂടെ വായിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ വായനയ്ക്ക് സുഖം നല്‍കുന്നുണ്ട് ഈ ലേഖനം. ഓര്‍മ്മക്കുറിപ്പുകള്‍, പ്രത്യേകിച്ചും ബ്ലോഗില്‍ വരുന്നവയ്ക്ക് അനുഭവങ്ങളുടെ വിരസതയല്ല പക്ഷേ ആ സ്മരണകള്‍ കൈകാര്യം ചെയ്യുന്ന ഭാഷാരീതിയുടെ പോരായ്മയാണ് ഒരു പരിധിയ്ക്കപ്പുറം അവയെ വായിയ്ക്കപ്പെടാതിരിക്കുന്നതിന് കാരണമെന്ന് തോന്നുന്നു. എന്റെ ചെറുപ്പക്കാലത്ത് ഒഴിവാക്കാന്‍ വയ്യാത്ത ഒന്നായിരുന്നു ശീമക്കൊന്ന. മാവിലെറിയാനും വേലിയില്‍ കുറ്റിയാക്കി നിര്‍ത്താനും തെങ്ങിന് വളമായും അവയുപയോഗിച്ചിരുന്നു. ഈ ശീമക്കൊന്ന എന്റെ തലമുറയ്ക്ക് മുന്നെയുള്ള ഒന്നോരണ്ടൊ തലമുറയുടെ ബാല്യകാലത്ത് സുപരിചിതമല്ലാത്തതായിരുന്നു എന്ന കാര്യം, ദേശത്തിന്റെ കഥ’ യില്‍ എസ് കെ പൊറ്റക്കാടിനെ വായിച്ചപ്പോഴാണ് അറിയുന്നത്. ഓര്‍മ്മക്കുറിപ്പുകള്‍ അവയുടെ തനതായ ചാരുതയോടെ പകര്‍ത്താന്‍ കഴിയുമ്പോഴൊക്കെ അവ വരും തലമുറകളിലേക്കുള്ള ചരിത്രത്തെ കൂടെയാണ് രേഖപ്പെടുത്തുന്നത് എന്ന് ആഗ്രഹിക്കുക കൂടെ വേണം. ഈയിടെ തറവാടിയുടെ ഒരു ഓര്‍മ്മക്കുറിപ്പില്‍ കുന്നിമണികള്‍ തട്ടാന് കൊണ്ടു പോയി കൊടുത്ത കാര്യം വായിച്ചതോര്‍ക്കുന്നു. കുന്നിമണികള്‍ കാണാതെ പോകുന്ന ബാല്യങ്ങള്‍ക്ക് ആ കുന്നിമണികള്‍ ഒരു ചരിത്രത്തിലേക്കുള്ള തിരിച്ച് പോക്കിന് അവ വായിക്കുമ്പോള്‍ സഹായിക്കുമെന്നതിന് തര്‍ക്കമേതുമില്ല. ഓര്‍മ്മക്കുറിപ്പുകള്‍ പകര്‍ത്തുന്ന എല്ലാവര്‍ക്കും എന്റെ സര്‍വ്വപിന്തുണയും നേരുന്നു. ഈ കുറിപ്പെഴുതിയതിന് തറവാടിയ്ക്ക് എന്റെ ആശംസകള്‍.

സുനീഷ് തോമസ് / SUNISH THOMAS said...

:)

അപ്പു said...

തറവാടീ..പക്ഷേ ഇത് ബ്ലോഗില്‍ എഴുതുന്നതിനെപ്പറ്റിയാണെങ്കില്‍, ഈ ബ്ലോഗിന്റെ നിലനില്‍പ്പിനെപ്പറ്റി നമുക്കെന്തെങ്കിലും ധാരണയുണ്ടോ? ഇത് എക്കാ‍ലവും ഇങ്ങനെതന്നെയുണ്ടാവുമോ? ഏതായാലും ചിന്തകൊള്ളാം.

വിനയന്‍ said...

തറവാടി .
ഓര്‍മ്മക്കുറിപ്പുകള്‍ ഒരു പരിധി വരെ വളരെ വ്യക്തിപരം മാത്രമായിരിക്കും എന്നാണ് എന്റെ പക്ഷം.എന്നാല്‍ ചരിത്ര വസ്തുതള്‍ ഉള്‍കൊള്ളുന്ന ചരിത്രപുസ്തകങ്ങള്‍ ചരിത്ര സംഭവങ്ങളേ ഉള്‍കൊള്ളുമ്പോള്‍ അത് ഒരു സമൂഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു.ഉദാഹരണം . ഒരാള്‍ അടിയന്തിരാവസ്ഥയെ കുറിച്ച് അയാളുടെ ഓര്‍മകള്‍ പങ്കു വെക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ചരിത്ര വസ്തുകള്‍ അറിയണമെങ്കില്‍ നാം ചരിത്രമുള്‍ക്കൊള്ളുന്ന സങ്കേതങ്ങളഉമായി ബന്ധപ്പേടേണ്ടതായി വരും.

പക്ഷെ ഓര്‍മക്കുറിപ്പൂകള്‍ നമ്മെ അറിയാതെ ചരിത്രങ്ങളിലേക്ക് എത്തിക്കും.

ചുരുക്കത്തില്‍ ഓര്‍മ്മക്കുറിപ്പുകള്‍ മാങ്ങയ്ക്ക് കല്ലെറിയലും, വള്ളിട്രൌസറിട്ടതുമെന്നൊക്കെ പറഞ്ഞു പുച്ഛിക്കാനെന്നെ കിട്ടില്ല.
(തറവാടീ പോരെ :))

വല്യമ്മായി said...

അതു മാത്രമല്ല വിനയന്‍,ചില നേരത്ത് ച്ചിപ്പിച്ച പോലെ തലമുറകളുടെ വിടവില്‍ നഷ്ടപെടുന്ന ഒരുപാട് വിവരങ്ങളുണ്ട്. ഈ പോസ്റ്റ് എഴുതിയില്ലായിരുന്നു എങ്കില്‍ ഞാനറിയില്ലായിരുന്നു എന്റെ നെല്ലിപ്പുളിയാണ് തെക്ക് ശീമനെല്ലിയെന്നും വടക്ക് അരിനെല്ലിയെന്നും.

ആപ്പിള്‍കുട്ടന്‍ said...

നല്ല പോസ്റ്റ് തറവാടീ. ബൂലോഗത്തെത്തീട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളൂ, ചുരുങ്ങിയ സമയം കൊണ്ട് കുറേ പോസ്റ്റുകളും അവയ്ക്ക് വന്ന കമന്റുകളും വായിച്ചിട്ടുണ്ട്, ഈ പോസ്റ്റിനാധാരമായ കമന്റും വായിച്ചിരുന്നു. ഓര്‍മ്മക്കുറിപ്പ് ആരുടെയായാലും വായനക്കാരില്‍ അല്പമെങ്കിലും ഗൃഹാതുരത്വം ഉണര്‍ത്താതിരിക്കില്ല. well done തറവാടീ.

വേണു venu said...

തറവാടീ,
എന്‍റെ പുതിയ കാര്‍ടൂണിലെ ബുദ്ധി ജീവിക്കു പറയാന്‍‍ വച്ചിരുന്ന ഒരു തീമായിരുന്നു. സാരമില്ല. തീമിനാണോ പഞ്ഞം. സമയത്തിനല്ലേ.
നല്ല ആശയം കുറച്ചു വരികളില്‍‍ തറവാടിത്തത്തോടെ എഴുതിയിരിക്കുന്നു.:)

SAJAN | സാജന്‍ said...

ഒന്നും മനസ്സിലായില്ലാ, ദിനിപ്പൊ ന്താവിടെ ഉണ്ടായത്?
(എന്തെങ്കിലും പ്രശ്നമുണ്ടോ) എഴുതുന്നവര്‍ എഴുതൂ ഇഷ്ടമുള്ളോര്‍ ഇഷ്ടമുള്ളത് വായിക്കട്ടെ:)

Inji Pennu said...

എനിക്കുമിഷ്ടമാണ് ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കാന്‍. അത് എത്ര പേരുടേതായാലും. കാപട്യമില്ലാത്ത എന്ത് എഴുത്തും വായിക്കാനെനിക്ക്ഷ്ടമാണ്.

അഞ്ചല്‍കാരന്‍ said...

ബൂലോകത്ത് ദുരൂഹതയില്ലാത്ത എഴുത്ത് ഓര്‍മ്മകുറിപ്പുകള്‍ മാത്രമാണ്. വള്ളി നിക്കറുമിട്ട് പോക്കറ്റില്‍ കടിച്ച മാങ്ങായും തിരുകി സൈക്കിളിന്റെ ടയറും തട്ടി ഉരുട്ടി സ്കൂളില്‍ പോയിരുന്ന തന്റെ അനുഭവം ഒരാള്‍ കുറിക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് ഓര്‍മ്മകളോടി ചെല്ലുന്ന അനിഭവം അനിവാചകനും അല്ലെങ്കില്‍ വായനക്കാരനും ഉണ്ടാകുന്നെങ്കില്‍ അതിനെ തെറ്റെന്ന് എങ്ങിനെ പറയാന്‍ കഴിയും.

എഴുതുന്നവനോ വായിക്കുന്നവനോ മനസ്സിലാകാത്ത ആള്‍ട്രാ മോഡേണ്‍ കവിതയേക്കാള്‍ കഥയേക്കാള്‍ പഴമയുടെ നനുത്ത ഓര്‍മ്മകളെ മനസ്സിലേക്കെത്തിക്കാന്‍ കഴിയുന്ന അനുഭവകുറിപ്പുകള്‍ പ്രോത്സാഹിപ്പിക്കപെടേണ്ടത് തന്നെയാണ്.

ഈ കുറിപ്പ് കാലികം തന്നെ.

എസ്. ജിതേഷ്/S. Jithesh said...

മാവിലേറും വള്ളിനിക്കറുമൊന്നും ഇല്ലാത്ത,
കമ്പ്യൂട്ടര്‍ ഗയിമുകള്‍ക്കു മുന്നില്‍ എരിഞ്ഞുതീരുന്ന
പുതിയ ബാല്യങ്ങള്‍....?????

സിമി said...

പറഞ്ഞതു ശരിതന്നെ. വായനക്കാരനു ഇഷ്ടപ്പെടുമോ ഇല്ലയോ എന്നുചിന്തിക്കാതെ തന്റേടത്തോടെ എഴുതാന്‍ പറ്റണം. അത്രേ ഉള്ളൂ.

മുസാഫിര്‍ said...

ഇതെന്താ‍ വാര്‍ഷികാഘോഷമാണോ തറവാടീ ?

തറവാടി said...

ഹഹ , മുസാഫിര്‍ ഞാന്‍ മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാനാവുമോ എന്നു നോക്കുകയാണ് :)