Sunday, September 12, 2010

വിഷമദ്യവും സര്‍ക്കാരും

ഈ കുറിപ്പ് വായിക്കുമ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം ചിലര്‍ ' ഇത്രക്ക് ക്രൂരനാണോ ഈയുള്ളവന്‍ ' എന്ന് സ്വയം ചോദിക്കുകയും പിന്നീട് മറ്റുള്ളവരോട് പങ്കുവെക്കുകയും ചെയ്തേക്കാം എന്നാല്‍ എന്താണ് ശെരി എന്ന് യാതൊരു മുന്‍‌ധാരണയോ മുന്‍‌വിധിയോ ഇല്ലാതെ, ഒരു രാഷ്ട്രീയ കെട്ടിടപാടുകള്‍ക്കും വിധേയമാകാതെ ഒന്ന് ചിന്തിക്കുക.
എന്റെ നാടിനടുത്തുള്ള കുറ്റിപ്പുറത്ത് വിഷ മധ്യം കഴിച്ച് കുറേ പേര്‍ മരിച്ചു എന്ന വാര്‍ത്ത എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിഷ മധ്യം ആണെന്നറിഞ്ഞല്ല പലരും അത് കുടിച്ചതും മരിച്ചതും, വീര്യം കൂടിയത് കഴിക്കാനുള്ള താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അതുണ്ടാക്കപ്പെടുന്നതാണ്.

പോലീസ് - എക്സൈസ് തുടങ്ങിയ മെഷിനെറി വേണ്ട സമയത്ത് വേണ്ടതുപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതുണ്ടാവുമായിരുന്നില്ല. ഇങ്ങനെ ഒരു വശത്ത് ന്യായീകരിക്കുമ്പോള്‍ , കള്ളത്തരത്തില്‍ ( ?) അറിഞ്ഞുകൊണ്ട് കൂടുതല്‍ വീര്യം കൂടിയ മദ്യം കഴിക്കാന്‍ ആളുണ്ടെന്നതും ഇതിനുള്ള കാരണമല്ലെന്നത് നമുക്കെങ്ങിനെ ഒഴിച്ചുനിര്‍ത്താവാനാവും?

കള്ള് എന്നത് ജീവിക്കാന്‍ അത്യാവശ്യം വേണ്ട ഒന്നല്ല, ആവശ്യവുമല്ല, അനാവശ്യമായ ഒന്നാണ്. അതുകുടിക്കുന്നവര്‍ കുടിക്കട്ടെ, അതിനുള്ള സ്വാതന്ത്ര്യം പണ്ട് ഗാന്ധി നേടിത്തന്നതാണല്ലോ! അതുകൊണ്ടുതന്നെ അതിനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സഹായത്തോടെത്തന്നെ ലഭ്യവുമാണ്.

മദ്യം കുടിക്കുന്നതുകൊണ്ട് ഒരാള്‍ക്കും എന്തെങ്കിലും ഗുണം ( കുടിക്കുന്നവനുള്ള ലഹരിയല്ലാതെ) ഉണ്ടെന്ന് കുടിക്കുന്നവര്‍ പോലും പറയില്ലാത്ത സ്ഥിതിക്ക് ഇതുപോലൊരു സംഭവത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ ലക്ഷങ്ങള്‍ സഹായം ചെയ്യുന്നതിലെ സാഗത്യം മനസ്സിലാവുന്നില്ല. ഇതുപോലുള്ള മരണങ്ങള്‍ എന്തര്‍ത്ഥത്തിലാണ് അപകടത്തില്‍ പോലുള്ളവയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും സഹായം ചെയ്യുന്നതെന്നതിന്റെ പൊരുളും മനസ്സിലാവുന്നില്ല.

വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളും ഇതുമൊക്കെ ഒന്നാണോ? ഞാനടക്കം ഓരോരുത്തരുടെയുമാണ് പൊതുഖജനാവ്, അതിതുപോലെ ദുരുപയോഗം ചെയ്യുന്നതില്‍ ഒരു പൗരന്റെ പ്രതിഷേധം കൂടിയാണിത്.

കേരളത്തിലെ ഒരു സിറ്റി ചുടാന്‍ വേണ്ട സ്ഫോടന വസ്ഥുക്കള്‍ കൊണ്ടുപോകുന്ന വാഹനം അപകടത്തില്‍ പെട്ട്, പൊട്ടിത്തെറിയില്‍ മരണപ്പെട്ട ഡ്രൈവര്‍ക്കും സാഹായിക്കും പത്തുലക്ഷം രൂപവീതം സര്‍ക്കാര്‍ കൊടുക്കുമെന്നതിന് സംശയം വേണ്ടല്ലോ അല്ലേ? അതുപോലെ കക്കാന്‍ കയറിയപ്പോള്‍ വീടിന്റെ മുകളില്‍ നിന്നും വീണ് കാല് മുറിഞ്ഞ കള്ളനോട് ലക്ഷം രൂപ ധനസഹായവും വികലാംഗ പെന്‍ഷനും ഉറപ്പിക്കാലോ അല്ലെ? ഇത് കേള്‍ക്കേണ്ട താമസം രണ്ടല്ല, ഒരു നാലെങ്കിലും കൊടുക്കാന്‍ പ്രതിപക്ഷം റക്കമെന്റേഷനും ചെയ്യുമല്ലോ! അല്ലെ?

സര്‍ക്കാര്‍ പൊതുഖജനാവ് പൊതുകനങ്ങളുടെതാണ് അതിനെ സൂക്ഷമമായും ന്യായമായും ഉപയോഗപ്പെടുത്തുന്ന പ്രതിനിധികള്‍ എന്നാണുണ്ടാവുക? സര്‍ക്കാരിന്റെ ഇതുപോലുള്ള പ്രവൃത്തികള്‍ ഭാവിയില്‍ " എന്തുചെയ്താലും സര്‍ക്കാര്‍ സഹായിക്കും " എന്ന തലത്തില്‍ ആളുകളെചിന്തിപ്പിക്കുകയും സമാന പ്രവൃത്തികളില്‍ പെടുന്നതിന് കുടുംബത്തില്‍ പോലും ന്യായീകരണം ലഭിക്കാനുള്ള ആയുധമാക്കുകയും ചെയ്യില്ലെ?

ഇതുപോലുള്ള സംഭവങ്ങളില്‍ സഹായിക്കരുതെന്ന് പറയാന്‍ ഞാനാളല്ല, പൊതു ഖജനാവില്‍ നിന്നും സഹായിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല.

6 comments:

തറവാടി said...

ഈ കുറിപ്പ് വായിക്കുമ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം ചിലര്‍ ' ഇത്രക്ക്

കെ.പി.സുകുമാരന്‍ said...

കുടുംബത്തിന്റെ ഭാവിയും ഉറപ്പിച്ച് സമാധാനായിട്ട് കുടിച്ചു മരിക്കാമെന്ന് വെച്ചാ അതിനും ഈ തറവാടി സമ്മതിക്കൂല്ലാന്ന് അല്ലേ :)

sakeus said...

ഇതു നേരേ ചൊവ്വേ ചിന്തിക്കുന്നതു കൊണ്ട്‌ തോന്നുന്നതാ. അല്ലാതെ ക്രൂരത മനസ്സിൽ ഉള്ളതു കൊണ്ടല്ല.

എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്‌. സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം അടുത്ത്‌ വർഷം 7000 കോടി രൂപയുടെ മദ്യ വില്പ്പന കേരളത്തിൽ നടത്തണമെന്നതാണ്‌.(ഇക്കാര്യം അലിയുവും പത്രത്തിൽ വായിച്ചിരിക്കും.) ഒരു മദ്യ ദുരന്തവും മദ്യപാനാസക്തിയിൽ നിന്ന്‌ മനുഷ്യനെ പിന്തിരിപ്പിക്കരുതെന്ന ചിന്ത തന്നെയാണ്‌ മദ്യ ദുരന്തത്തിൽ മരിച്ചവർക്ക്‌ ഭീമമായ ധന സഹായം പ്രഖ്യാപിച്ചതിനു പിന്നിൽ. പ്രതിപക്ഷ ഭരണ പക്ഷ ഭേദമെന്യേ വ്യാജ മദ്യ ലോബിയുമായുള്ള ബന്ധത്തിന്റെ തെളിവ് കൂടിയാണ്‌ ഇത്.(നഷ്ട പരിഹാരത്തുക വർദ്ധിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ശ്രദ്ധിച്ചിരിക്കുമല്ലോ.) താൻ വിഷമദ്യം കുടിച്ച് മരിച്ചാലും കുടുംബത്തിന്‌ സാമ്പത്തിക സഹായം ലഭിക്കുമെന്ന ചിന്ത വീര്യം കൂടിയ ലഹരി തേടുന്നവർക്ക് പ്രചോദനമേകുന്നു. വ്യാജമദ്യലോബിക്ക് ഭരണ- പ്രതിപക്ഷങ്ങൾ ഒന്നുച്ചു നൽകുന്ന ഗ്രീൻ സിഗ്നൽ കൂടിയാകുന്നു, ഈ നഷ്ടപരിഹാരത്തുക. നിങ്ങൾ ഈ കൊലക്കളി ധൈര്യമായി തുടർന്നോളൂ, കുഴപ്പമുണ്ടായാൽ ഞങ്ങൾ പിന്നിലുണ്ട് എന്ന സിഗ്നൽ..

പാര്‍ത്ഥന്‍ said...

സർക്കാർ മദ്യഷാപ്പിന് ലൈസൻസ് കൊടുക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എല്ലാവരും മറക്കുന്നു. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് സർക്കാർ നമ്മളെ തിറ്റിപ്പോറ്റുന്നത്. അതുകൊണ്ട് ഈ വ്യവസായത്തിൽ എന്തു അപകടം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം സർക്കാരിനു തന്നെ, എന്നുവച്ചാൽ ആ ബാധ്യത നമ്മളിൽ തന്നെ. സർക്കാരിന്റെ ഖജനാവ് നിറക്കാൻ പാടുപെടുന്ന പാവം മദ്യപാനികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ആ കുടുംബത്തെ രക്ഷിക്കേണ്ടത് ആരാണ്. എല്ലാവരും ഒന്ന് ചിന്തിക്കൂ. ഒരു മതത്തിന്റെയും നിയമസംഹിതകൾ ഇതിൽ കൂട്ടിച്ചേർക്കാരിതിക്കാൻ ശ്രദ്ധിക്കുമല്ലോ.

പാര്‍ത്ഥന്‍ said...

ഒരു റേഞ്ജോ, ഒരു ഷാപ്പോ ലേലം ഉറപ്പിക്കുമ്പോൾ മുതൽ അവിടെ കൃത്രിമ മദ്യം ഉല്പാദിപ്പിക്കാനുള്ള അനുമതിയാണ് സർക്കാരും എക്സൈസ് വകുപ്പും കൊടുക്കുന്നത്. അതുകൊണ്ട് മദ്യദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം സർക്കാരിനു തന്നെയാണ്. ഒരു തെങ്ങിൽ നിന്നും കിട്ടുന്ന രണ്ടു ലിറ്റർ വെള്ളം ചേർത്താൽ മൂന്നു ലിറ്ററാക്കാം. അത്രയും ശുദ്ധമായ കള്ള് വിറ്റാൽ ഒരു ഷാപ്പ് നടത്തിക്കൊണ്ടുപോകാൻ കഴിയില്ല എന്ന് മനസ്സിലാക്കാൻ സി.എ. പാസാവുകയൊന്നും വേണ്ട.

മുക്കുവന്‍ said...

compensation should be given by the agencies.. not the govt.

remove the toddy license....:) let all coconut farmers tap it and sell it..