Friday, June 18, 2010

യൂണിയന്‍കാരായ അധ്യാപകര്‍

ലോകത്ത് എല്ലായിപ്പോഴും നമുക്ക് ഇഷ്ടമില്ലാത്ത സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു നമ്മള്‍ പലതും ശ്രദ്ധിക്കുന്നില്ല, ഇനി കണ്ടാല്‍ തന്നെയും അവയൊന്നും നമ്മളെ ബാധിക്കുന്നില്ലെന്ന മട്ടിലെടുക്കുന്നു.

സംഭവങ്ങള്‍ നമ്മുടെ സ്വന്തം നാട്ടിലാണെങ്കില്‍ ചെറിയൊരു വ്യത്യാസം കണ്ടേക്കാം എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങിനെയല്ല, അത് നമ്മളെ വിഷമിപ്പിച്ചുകൊണ്ടിരിക്കും.

ഇന്നലെ ബ്ലോഗിലെ ഒരു പോസ്റ്റ് വായിച്ചപ്പോള്‍ വല്ലാതെ രക്തം തിളച്ചു, എത്ര ശ്രമിച്ചിട്ടും തണുപ്പിക്കാനാവുന്നില്ല.

ഇട്ടാവട്ടം ബ്ലോഗില്‍ ആരെങ്കിലും എന്തെങ്കിലും എഴുതിയതിന് നമ്മുടെ രക്തം തിളക്കേണ്ടകാര്യമുണ്ടോ എന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം കാരണ മുണ്ട്,

റോട്ടിലൂടെ പോകുമ്പോള്‍ ഒരാള്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മാനസികമായി നിങ്ങളെ ഒരു പക്ഷെ അലട്ടിയെന്ന് വരില്ല കാരണം ഭ്രാന്തന്‍ മാര്‍ എന്തെല്ലാം ചെയ്യുന്നു എന്നാല്‍ നിങ്ങള്‍ക്ക് നല്ല അടുപ്പമുള്ള താത്പര്യമുള്ള ഒരാളാണെങ്കില്‍ തലം മാറുന്നു, അതാണിവിടേയും സംഭവിച്ചിരിക്കുന്നത്.

ഏറ്റവും താത്പര്യത്തോടെ വീക്ഷിക്കുന്ന ഒരു വര്‍ഗ്ഗമാണ് അധ്യാപകര്‍ എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മുടെയൊക്കെ മനസ്സിലുള്ള അധ്യാപകര്‍ ഇന്ന് തുലോ കുറവാണെന്നതാണ് സത്യം, ഒന്നുകില്‍ വെറും അധ്യാപകജോലിക്കാരായി അധ:പതിക്കുന്നു അല്ലെങ്കില്‍ രാഷ്‌ട്രീയക്കാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു.

ഒരധ്യാപകന് ഏറ്റവും അടിസ്ഥാനപരമായി ഉണ്ടാവേണ്ട ഗുണം കുട്ടികളെ കുട്ടികളായി മാത്രം കാണാന്‍ സാധിക്കണമെന്നതാണ്. കുട്ടിയുടെ രാഷ്ട്രീയത്തിന്റെ കളറോ, സാമ്പത്തിക അവസ്ഥയോ, മതമോ, ജാതിയോ കുലമോ യാതൊന്നും ഒരു തലത്തിലും തരത്തിലും അധ്യാപകനെ ബാധിക്കാന്‍ പാടില്ല.

കാര്യങ്ങളെ വിലയിരുത്തുന്നത് സ്വതന്ത്രമായിട്ടാവണം ഇതൊന്നുമല്ലാതെ, ഒരു രാഷ്ട്രീയ യൂണിയന്‍കാരും സങ്കുജിത മനസ്കരുമായ അധ്യാപകരുണ്ടാവുമ്പോള്‍ ഇതുപോലുള്ള പോസ്റ്റുകള്‍ ബ്ലോഗുകളില്‍ ഉണ്ടാവുന്നു മറ്റു പലയിടത്തും പലതും സംഭവിക്കുന്നു.

സി.ബി.എസ്.സി യില്‍ പഠിച്ചവര്‍ക്ക് വേണ്ടി കേരളയുടെ പ്ലസ്സ് ടു അഡ്മിഷന്‍ വൈകിക്കേണ്ടതില്ല എന്നതിനെ ന്യായീകരിക്കുന്നതാണ് പോസ്റ്റിലെ വിഷയം. ഈ നിലപാടിനോട് യോജിച്ച് കൊണ്ട് ബ്ലോഗില്‍ വേറെയും പോസ്റ്റുകള്‍ വന്നിട്ടുണ്ട്, അടിസ്ഥാനപരമായി എനിക്കും സന്തോഷത്തോടെയല്ലെങ്കില്‍ പോലും ഈ നിലപാടിനോട് വിയോജിപ്പില്ല.

അതിനുള്ള കാരണം പക്ഷെ സി.ബി.എസ്.സി സിലബസ്സില്‍ പഠിച്ചകുട്ടികളോടുള്ള പ്രതികാരനടപടിയുടെഭാഗമായിട്ടല്ല, മറിച്ച് സി.ബി.എസ്.സി.യില്‍ പഠിച്ച ഒരു ചെറിയ വിഭാഗത്തിന്റേയെങ്കിലും ഉദ്ദേശശുദ്ധിയും; (വരുന്ന എന്‍‌ട്രന്‍സ് പരീക്ഷയില്‍ പ്ലസ്സ് ടുവിന്റെ മാര്‍ക്കും പരിഗണിക്കും, കേരള പ്ലസ്സ് ടുവില്‍ മാര്‍ക്ക് വാരിക്കൊരികൊടുക്കും അതിനാല്‍ പ്രൊഫെഷണല്‍ കോഴ്സിനെളുപ്പം ചേരാം എന്ന ചിന്ത); ഒപ്പം തന്നെ ഔദാര്യം സ്വീകരിക്കുന്നതിനോടുള്ള താത്പര്യമില്ലായ്മയും കൊണ്ടാണ്.

എന്നാല്‍ ഈ പോസ്റ്റില്‍ ഈ നിലപാടിനെ ന്യായീകരിക്കാന്‍ സ്വീകരിച്ച ശൈലി നോക്കുക; സി.ബി.സെ.സി യില്‍ പഠിച്ച കുട്ടികലെ പണക്കാരായും കേരള സിലബസ്സ് പഠിച്ചവരെ പാവപ്പെട്ടവരുമായി സങ്കുചിതമായി വിഭജിക്കുന്നു, പിന്നീട് ഒട്ടകത്തിന് ഇടം കൊടുത്ത അവസ്ഥയുമായി താരദമ്യം ചെയ്യുന്നു.

ആരാണീ പാവങ്ങള്‍? എന്താണതിന്റെ നിര്‍‌വചനം? ആരുടെ മക്കളാണ് പണക്കാര്‍? ദളിതര്‍ക്ക്, നിശ്ചിതവരുമാനമില്ലാത്ത മുസ്ലീങ്ങള്‍‍ക്കും ഈഴവര്‍ക്കും ഒ.ബി.സിക്കുമെല്ലാം സം‌വരണമില്ലേ? ഞാന്‍ ഒരു 'പാവം' സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവനാണ്, ( അപ്പോ ഞാന്‍ പാവമാണ്), തുടര്‍ന്ന് എഞ്ചിനീയറിങ്ങും സര്‍ക്കാര്‍ കോളേജില്‍ ( അപ്പോ പിന്നെ മഹാ പാവമാണ്), പക്ഷെ എന്റെ മകള്‍ സി.ബി.എസ്.സിയാണ് അവള്‍ പണക്കരിയാണ് സംശയമില്ല!

ഏതൊരു വ്യക്തിയുടേയും ആഗ്രഹം തങ്ങളുടെ മക്കള്‍ നല്ല നിലയില്‍ വളര്‍ന്ന് പഠിച്ചുയരണമെന്നുതന്നെയാണ്, അതെനിക്കായാലും ഏതു രാഷ്ട്രീയക്കാരനായാലും. കേരള സിലബസ്സ് മൊശമെന്നെനിക്കഭിപ്രായമില്ല എന്നാല്‍ സി.ബി.എസ്.സി സിലബസ്സ് കേരളയെ അപേക്ഷിച്ച് കഠിനമാണ്, ഒപ്പം ഇംഗ്ലീഷ് ഭാഷക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഒരു കുട്ടിയെ കൂടുതല്‍ സ്വാധീനിക്കുക ബാല്യകാലത്തുള്ള അവന്റെ അധ്യായനകാലമാണ്. നിലവിലെ അവസ്ഥ എടുത്ത് നോക്കിയാല്‍ എന്തുകൊണ്ടും അവിടങ്ങളില്‍ സൗകര്യം കൂടുതലാണ്. അങ്ങിനെ പലതും അടിസ്ഥാനപ്പെടുത്തുമ്പോള്‍ സൗകര്യമുള്ളവര്‍ അവരുടെ കുട്ടികളെ അവിടേക്ക് പറഞ്ഞയക്കും.അതിനെ സങ്കുജിതമായി വിലയിരുത്തിയീട്ട് കര്യമില്ല. പക്കാ രാഷ്ട്രീയക്കാര്‍ക്ക് , അതും എന്നും പാവങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമുള്ള രാഷ്ട്രീയക്കാര്‍ക്ക് എങ്ങിനേയും അതിനെ വിലയിരുത്താം എന്നാല്‍ അതൊരധ്യാപകനാവുമ്പോള്‍ തലം മാറുന്നു.

പ്രസ്തുത പോസ്റ്റില്‍ സര്‍ക്കാര്‍ അധ്യാപകരുടെ കേമത്ത്വവും സി.ബി.എസ്.സി സ്വകാര്യ അധ്യാപകരുടെ കഴിവില്ലായ്മയും സൂചിപ്പിച്ചതുകണ്ടു അത്തരം ബാലിശമായതിനെയൊന്നും സൂചിപ്പിക്കുന്നില്ല, ഒപ്പം ഇഗ്ലീഷിനെയും ചെറുതായൊന്നു ഞൊണ്ടിയതും കണ്ടു, ഇത്തരം ഇടുങ്ങിയ ചിന്താഗതിയുള്ള അധ്യാപകജോലിക്കാരാണ് കേരളത്തിന്റെ ശാപമെന്നും സൂചിപ്പിച്ച് ബാക്കി വായനക്കാര്‍ക്ക് വിടുന്നു:

അടിക്കുറിപ്പ്:

ഇത് ഒരു വ്യക്തിയധിക്ഷേപമായി കാണാതിരിക്കുക, ഒരു നിലപാടിനോട് യോജിക്കാന്‍ അധ്യാപകരായവര്‍ ഒരിക്കലും ഉപയോഗപ്പെടുത്താന്‍ പാടില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച ഒരധ്യാപകന്റെ അല്ലെങ്കില്‍ അതുപോലെ ചിന്തിക്കുന്ന അധ്യാപകരുടെ ചിന്തയോടുള്ള ഒരു സി.ബി.എസ്.സി. പഠിച്ച കുട്ടിയുടെ പിതാവിന്റെ പ്രതികരണമാണ്, അധവാ പ്രസ്തുത ബ്ലോഗര്‍ ഒരു അധ്യാപകനല്ലെങ്കില്‍ ഈ പോസ്റ്റില്‍ ഖേദിക്കുന്നു:

18 comments:

തറവാടി said...

ഇത് ഒരു വ്യക്തിയധിക്ഷേപമായി കാണാതിരിക്കുക, ഒരു നിലപാടിനോട് യോജിക്കാന്‍ അധ്യാപകരായവര്‍ ഒരിക്കലും ഉപയോഗപ്പെടുത്താന്‍ പാടില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച ഒരധ്യാപകന്റെ അല്ലെങ്കില്‍ അതുപോലെ ചിന്തിക്കുന്ന അധ്യാപകരുടെ ചിന്തയോടുള്ള ഒരു സി.ബി.എസ്.സി. പഠിച്ച കുട്ടിയുടെ പിതാവിന്റെ പ്രതികരണമാണ്, അധവാ പ്രസ്തുത ബ്ലോഗര്‍ ഒരു അധ്യാപകനല്ലെങ്കില്‍ ഈ പോസ്റ്റില്‍ ഖേദിക്കുന്നു:

ജിവി/JiVi said...

CBSE അഡ്മിഷന്‍ നേരത്തെയാവുകയും കേരള സിലബസ്സില്‍ പഠിച്ചവര്‍ക്ക് വേണ്ടി അല്പം കൂടി കാത്തുനില്ക്കയണമെന്ന് ആവിശ്യമുയരുകയും ചെയ്യുകയാണെങ്കില്‍ താങ്കളെപ്പോലുള്ളവര്‍ എങ്ങനെ പ്രതികരിക്കും?

അത് ഇങ്ങനെയായിരിക്കും:

കേരള സിലബസ്സില്‍ പഠിച്ചവര്ക്ക് കേരള +2 ഉണ്ടല്ലോ, അവര്ക്കു വേണ്ടി എന്റെ കുട്ടിയെ കാത്തുനിര്ത്തുന്നത് എന്തിനാണ്?

അതുതന്നെയേ പ്രേമന്‍ മാഷും പറഞ്ഞുള്ളൂ. ഇങ്ങനെ രക്തം തിളക്കാന്‍ മാത്രം ധാര്മ്മിക മൂല്യച്യുതിയൊന്നും അതിലില്ല.

തറവാടി said...

ചത്തത് കീജകനാണോ കൊന്നത് ഭീമന്‍!, എഴുതിയത് തറവാടിയാണോ പിന്നെന്താ സംശയം അത് അതന്നെ,

ജിവി, ഒന്നുകില്‍ പോസ്റ്റ് വ്യക്തമായി വായിക്കുക ചുരുങ്ങിയത് കമന്റ് എഴുതുമ്പോളെങ്കിലും!

എനിക്കീ നിലപാടിനോട് വിയോജിപ്പാണുള്ളതെന്ന് >>അടിസ്ഥാനപരമായി എനിക്കും സന്തോഷത്തോടെയല്ലെങ്കില്‍ പോലും ഈ നിലപാടിനോട് വിയോജിപ്പില്ല.<< ഈ വരിയിലൂടെ ഈ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊന്ന് താങ്കള്‍ തന്നെ കമന്റെഴുതിയ പോസ്റ്റിലും
വ്യക്തമാക്കിയിട്ടുണ്ട്

മുക്കുവന്‍ said...

കുറച്ച് ദിവസം ഡിലെ ചെയ്താ‍ല്‍ ആകാശം ഇടിഞ്ഞ് വീഴോ ജീവീ.. ഇത് ആരുടെയൊക്കെയോ തോന്ന്യാസമായേ മുക്കുവനു തോന്നിയത്!

തറവാടി said...

മുകളിലെ കമന്റില്‍ ഒരു ചെറിയ തെറ്റ് വന്നിട്ടുണ്ട്, യോജിപ്പാണുള്ളതെന്ന് ' തിരുത്തിവായിക്കുക :)

തറവാടി said...

അതുപോലെ കീജകനല്ല കീചകന്‍ :(

ഗ്രീഷ്മയുടെ ലോകം said...

ഈ പോസ്റ്റിലെ പ്രധാന വിഷയവുമായി ബന്ധമില്ല എങ്കിലും, ഇതിലെ ചില വാചകങ്ങൾ എന്റെയും രക്ത സമ്മർദം വർദ്ധിപ്പിച്ചതുകൊണ്ടാണീ കമന്റ് ഇടുന്നത്.
1. തറവാടിയുടെ പോസ്റ്റിന്റെ തലവാചകം എന്തിനെന്ന് മനസ്സിലായില്ല. അദ്യാപക യൂണിയനിൽ ചേരുന്ന അധ്യാപകർ മോശക്കാരനോ മറ്റോ ആണെന്നാണോ വംഗ്യം?
2. അധ്യാപകന്റെ കർത്തവ്യത്തിൽ സാമൂഹിക വികസനവും വിദ്യാർഥികളുടെ വ്യക്തിത്വ വികസനവുമൊക്കെ പെടുമെന്നാണു ഞാൻ കരുതുന്നത്. സമ്പന്ന വിദ്യാർഥികളെയും പാവപ്പെട്ട വിദ്യാർഥികളെയും ഒരെ പോലെ കണ്ടാൽ അത് അസമത്വമാണെന്ന് ഞാൻ പറയും. (സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് പുസ്തകം വാങ്ങാൻ കാശില്ലാത്തതിന്റെ പേരിൽ ക്ലാസിൽ കയറ്റാതിരുന്നിട്ടുണ്ട് എന്റെ ടീച്ചർ.) പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കുന്നത് നന്നായി പഠിക്കുന്നവരെ ടീച്ചർ ശ്രദ്ധിക്കുന്നില്ല എന്ന തരത്തിൽ വ്യാഖ്യാനിക്കാവുന്നതും ആ അധ്യാപകൻ ഒരു യൂണിയൻ കാരനാണെന്നും ഒക്കെ തറവാടി കരുതുമോ എന്നറിയില്ല.

ഗ്രീഷ്മയുടെ ലോകം said...
This comment has been removed by the author.
shaji.k said...

തറവാടി നല്ല പോസ്റ്റ്‌.സത്യത്തില്‍ കിരണിന്റെ പോസ്റ്റ്‌ കണ്ടു എനിക്കും അതിയായ കോപം വന്നു,ഒരു കമന്റും ഇട്ടു,പ്രേമന്‍ മാഷിന്റെ പോസ്റ്റ്‌ വായിച്ചു പക്ഷേ ഒന്നും പറഞ്ഞില്ല.cbse ക്കാരെ കാത്തിരിക്കണം എന്നൊന്നും ഞാനും പറയുന്നില്ല,പൊതു വിദ്യാഭ്യാസത്തോട്‌ വിരോധവും പുച്ഛവും ഇല്ല.കിരണിന്റെ പോസ്റ്റില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് സി ബി എസ് ഇ ക്കാരോടുള്ള പുച്ഛം ആണ്.ആ സ്കൂളില്‍ പഠിക്കുന്ന എല്ലാവരും മദ്ധ്യ വര്‍ഗ്ഗത്തില്‍ പെട്ടവരാണ് മുതലാളികള്‍ ആണ് എന്നൊക്കെയാണ് പറയുന്നത്.ആരാണ് കേരളത്തിലെ മദ്ധ്യവര്‍ഗ്ഗം,അത് നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡംഎന്താണ്.ഈ പറയുന്ന സ്കൂളില്‍ പഠിപ്പിക്കുന്ന എല്ലാവരും അതില്‍ പെടുമോ?.അങ്ങിനെയെങ്കില്‍ കമ്യുണിസ്റ്റ്‌ പ്രവര്‍ത്തകരും ഈ വിഭാഗത്തില്‍ പെടും.കാരണം എന്റെ നാട്ടിലെ മിക്ക കമ്യുണിസ്റ്റ്‌ ലോക്കല്‍ ഏരിയ നേതാക്കളുടെ മക്കളും പഠിക്കുന്നത് ഈ പറയുന്ന സ്കൂളുകളില്‍ ആണ്.അവരാരും എനിക്ക് മാതൃക കാണിച്ചു തന്നിട്ടില്ല.തറവാടിക്ക് അറിയോ എത്ര സര്‍ക്കാര്‍ ടീച്ചര്‍മാര്‍ അവരുടെ മക്കളെ cbse സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നു എന്ന്. മദ്ധ്യ വര്‍ഗ്ഗ പൊതുബോധം എന്ന് എപ്പോഴും പ്രയോഗിക്കുന്ന വാക്കാണ് സത്യത്തില്‍ എന്താണത്‌?.റിസള്‍ട്ട് വൈകിയതിനു മാതാപിതാക്കള്‍ എന്ത് പിഴച്ചു,അവര്‍ അവരുടെ ആശങ്ക അറിയിച്ചത് വലിയ പുച്ഛത്തോടെ ആണ് കാണുന്നത്,നിങ്ങള്‍ പൊതു വിദ്യായലങ്ങളില്‍ എന്ത് കൊണ്ട് പഠിപ്പിച്ചില്ല എന്നുള്ള അഹങ്കാരത്തിന്റെ ചോദ്യങ്ങള്‍ ആണ് വരുന്നത്.ഈ ചോദ്യം ഒരു കമ്യുണിസ്റ്റ്‌ കാരനില്‍ നിന്നും വരാന്‍ പാടില്ല.മറ്റുള്ളവരുടെ വേദന മനസ്സില്ലാക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്ത് കമ്യുണിസ്റ്റ്‌.എനിക്കറിയാം ചുരുങ്ങിയത് മന്ത്രി ബേബി ഒരിക്കലും cbse ക്കാരെ ഇതേപോലെ കാണുന്നുണ്ടാവില്ല എന്ന്,രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കുന്ന ചിലരാണ് സി ബി എസ് ഇ ക്കാരെ ബൂര്‍ഷാ ആക്കി അവരുടെ മേല്‍ നേടുന്ന വിജയം ആഘോഷിക്കുന്നത്.

Unknown said...

തറവാടീ, കേരളത്തില്‍ വിദ്യാഭ്യാസം ആകെ ഒരു കുഴമറിച്ചിലാണ്. ഒന്നാമത് മനസ്സിലാക്കേണ്ട കാര്യം സി.ബി.എസ്.ഇ. സിലബസ്സ് എന്നൊന്നില്ല. പരീക്ഷ നടത്തി മാര്‍ക്ക്‍ലിസ്റ്റും സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന ഒരു അഖിലേന്ത്യാ ബോര്‍ഡ് മാത്രമാണ് CBSE. ഉള്ളത് NCERT സിലബസ്സും അവര്‍ തന്നെ പബ്ലിഷ് ചെയ്യുന്ന ടെക്സ്റ്റ് പുസ്തകങ്ങളുമാണ്. അവരുടെ സിലബസ്സിനോടും ടെക്സ്റ്റ് പുസ്തകങ്ങളോടും കിടപിടിക്കാവുന്ന ഇതര സിലബസ്സും ടെക്സ്റ്റുകളും വേറെയില്ല. കുട്ടികള്‍ക്ക് ലളിതമായി മനസ്സിലാക്കാവുന്ന തരത്തില്‍ വളരെ ഋജുവായിട്ടാണ് അവരുടെ ടെക്സ്റ്റ് പുസ്തകങ്ങളുടെ ഘടന. മലയാളം മീഡിയത്തിലാണ് എന്റെ മക്കള്‍ പഠിച്ചതെങ്കിലും അവരെ പഠിപ്പിക്കാന്‍ ഞാന്‍ NCERT ടെക്സ്റ്റുകള്‍ വാങ്ങാറുണ്ടായിരുന്നു. മലയാളം ടെക്സ്റ്റുകളേക്കാളും സിമ്പ്‌ള്‍ ആയി എനിക്കന്നേ തോന്നിയത് അവരുടെ പുസ്തകങ്ങള്‍ ആയിരുന്നു. സി.ബി.എസ്.ഇ. യില്‍ അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍ NCERT സിലബസ്സാണ് പഠിപ്പിക്കുന്നത്. അവര്‍ മാത്രമല്ല മിക്ക സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളും ഇപ്പോള്‍ NCERT സിലബസ്സ് ഫോളോ ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങളില്‍ എന്നാണറിവ്. ഈ വ്യത്യാസം മനസ്സിലാക്കാതെ ആളുകള്‍ സി.ബി.എസ്.ഇ. സിലബസ്സ് എന്ന് പറഞ്ഞുവരുന്നു.

Unknown said...

ഇനി മറ്റൊന്ന് സി.ബി.എസ്.ഇ. സിലബസ്സ് എന്ന് പറഞ്ഞ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന മിക്ക സ്കൂളുകളും യഥാര്‍ത്ഥത്തില്‍ സി.ബി.എസ്.ഇ.യില്‍ അഫിലിയേറ്റ് ചെയ്തത് പോലുമല്ല. അഫിലിയേറ്റ് ചെയ്ത ഏതെങ്കിലും സ്കൂളില്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയാണ് ചെയ്യുന്നത്. ഈ തട്ടിപ്പ് രക്ഷിതാക്കള്‍ അറിയുന്നില്ല. ഇങ്ങനെ കണ്ണൂരില്‍ നിന്ന് കുട്ടികള്‍ തൃശൂരില്‍ പോലും വരുന്നുണ്ട്. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന എല്ലാ സ്കൂളുകള്‍ക്കും അഫിലിയേഷന്‍ നല്‍കാന്‍ സി.ബി.എസ്.ഇ. മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. കണ്ണൂരില്‍ നൂറ് കണക്കിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുള്ള മഠത്തില്‍ വത്സന് (മലബാര്‍ ) ഈ അടുത്ത കാലത്താണ് സി.ബി.എസ്.ഇ. അഫിലിയേഷന്‍ കിട്ടിയത്. ഇനി വത്സന് എത്ര കുട്ടികളെ വേണമെങ്കിലും തന്റെ സ്കൂളില്‍ പരീക്ഷയ്ക്കിരുത്താം. അതിന് വേണ്ടി മറ്റ് സ്കൂള്‍ മുതലാളിമാരില്‍ നിന്ന് പണവും വാങ്ങാം. ചുരുക്കത്തില്‍ പല സ്കൂളുകളിലും സി.ബി.എസ്.ഇ.യുമില്ല അങ്ങനെയൊരു സിലബസ്സുമില്ല. അമൃത , ചിന്മയ മുതലായ ചില നിലവാരം പുലര്‍ത്തുന്ന സ്കൂളുകള്‍ ഉണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല.

സി.ബി.എസ്.ഇ. എന്ന് പറയുന്ന സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് എന്താണ് വിദ്യാഭ്യാസ യോഗ്യത എന്ന് മാനേജ്‌മെന്റിന് മാത്രമേ അറിയൂ. സര്‍ക്കാര്‍ സ്കൂളിലാണെങ്കില്‍ പി.എസ്.സി. പരീക്ഷ എന്ന കടമ്പ കടക്കേണ്ടതുണ്ട്. പിന്നെ, പണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച മോണ്ടിസ്സോറി സ്ക്കൂളുകളില്‍ പോലും ഇപ്പോള്‍ മലയാളത്തിലാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. പണ്ടത്തെ പോലെ ഇംഗ്ലീഷില്‍ പഠിപ്പിക്കാന്‍ കഴിയുന്ന ആംഗ്ലോ ഇന്ത്യ ന്‍ ടീച്ചര്‍മാര്‍ ഇപ്പോഴില്ല. ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയുന്ന ടീച്ചര്‍മാര്‍ കേരളത്തിലെ സി.ബി.എസ്.ഇ. സ്കൂളുകളില്‍ എത്ര പേര്‍ ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ഇംഗ്ലീഷ് സ്കൂളുകളില്‍ ഇംഗ്ലീഷും ഇല്ല. ഞാന്‍ ദോഷൈകദൃക്‌കായത്കൊണ്ട് പറയുന്നതല്ല. സങ്കടം കൊണ്ട് പറയുന്നതാണ്.

സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് അടിക്കടി റിഫ്രഷര്‍ കോഴ്സുകളുണ്ട്. എന്ത് തന്നെയായാലും അവര്‍ ഒരു നിലവാരം കീപ്പ് ചെയ്തേ പറ്റൂ. എന്നാല്‍ അവരും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് സ്കൂളുകളിലാണ് പറഞ്ഞയക്കുന്നത്. അത് നാണക്കേട് ഓര്‍ത്തിട്ടാണ്. ഇംഗ്ലീഷ് സ്കൂളില്‍ മക്കളെ അയച്ചില്ലെങ്കില്‍ ഇപ്പോള്‍ അതൊരു പ്രസ്റ്റിജ് പ്രശ്നമാണ് നാട്ടില്‍ . സബ്ജക്റ്റുകള്‍ മലയാളത്തില്‍ ഗ്രഹിച്ച് മനസ്സില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് കുട്ടികള്‍ . പ്ലസ് റ്റൂ വിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നില്ല. ഇംഗ്ലീഷ് സംസാരിക്കുക എന്നതാണല്ലൊ പ്രലോഭനം. സബ്ജക്റ്റ് ഏത് ഭാഷയില്‍ പഠിച്ചാല്‍ എന്താ? മാതൃഭാഷയിലാണെങ്കില്‍ അത് അബോധമനസ്സിലെങ്കിലും അവിടെ കിടക്കുമായിരുന്നു. ഇതിപ്പൊ ചേമ്പിലയില്‍ വെള്ളം വീണ പോലെ. വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അല്ല, അതായിട്ട് ഇവിടെ നന്നാകണമെന്നില്ലല്ലൊ.

Manoj മനോജ് said...

മണീ സാറിനോട് യോജിക്കുന്നു. അദ്ധ്യാപകര്‍ പുറമേ സമത്വം കാണീക്കണമെങ്കിലും ഒരു നല്ല അദ്ധ്യാപകന്‍ എപ്പോഴും കുട്ടികളെ ഒരു പോലെയല്ല കാണേണ്ടത്. കാരണം വിദ്യാര്‍ത്ഥികള്‍ പല നിലവാരത്തിലും സാഹചര്യത്തില്‍ നിന്നും വരുന്നവരായിരിക്കും. അത് മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മണി സാര്‍ സൂചിപ്പിച്ചപ്പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകും.

ഒരു അദ്ധ്യാപകന് രാഷ്ട്രീയം പാടില്ല എന്ന് പണ്ടേ പറഞ്ഞിരുന്നുവെങ്കില്‍ നമുക്ക് തമാശക്കാരനായ കേന്ദ്രമന്ത്രി കെ. വി.യെ കിട്ടുമായിരുന്നോ?

പിന്നെ കെ.പി.എസ്. സൂചിപ്പിച്ചപ്പോലെ പ്രൈവറ്റ് സി.ബി.എസ്.സി. സ്കൂളില്‍ എന്ത് മാനദണ്ധമാണ് അദ്ധ്യാപക തെരഞ്ഞെടുപ്പിനുള്ളത്? സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകനാകണമെങ്കില്‍ എന്ത് മാനദണ്ധമാണ് വേണ്ടത്?

പക്ഷേ എന്ത് കൊണ്ട് സര്‍ക്കാര്‍ സ്കൂളിലെ “ക്രീം” അദ്ധ്യാപകര്‍ വിമര്‍ശിക്കപ്പെടുന്നു എന്നും നോക്കേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ കേരളത്തിലെ +2 പ്രവേശനം വൈകിച്ചിരുന്നുവെങ്കില്‍ സര്‍ക്കാരിന് അതിന് പഴി കേള്‍ക്കേണ്ടി വരുമായിരുന്നില്ലേ? ഏകജാലകം തുടങ്ങിയപ്പോള്‍ പ്രവേശനം വൈകി എന്ന് പറഞ്ഞ് നടന്ന പുകിലുകള്‍ എന്തായിരുന്നു? അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം സമയത്തിന് പ്രവേശനം നടത്തുക എന്നത് തന്നെയല്ലേ.

ഈ വിഷയത്തില്‍ ഒരു അദ്ധ്യാപകന്‍ എഴുതുമ്പോള്‍ അവന്റെ രാഷ്ട്രീയം വരുന്നുവെങ്കില്‍ അത് നല്ല ഗുണം തന്നെയല്ലേ. തന്റെ വ്യൂ പോയിന്റ് മറച്ച് വെച്ച് കള്ളത്തരം കാണിക്കുന്നില്ല്ല്ലോ :)

ഓ. ടോ. പിന്നെ ഇന്ന് അണ്‍ എയിഡഡ് സ്കൂളുകള്‍ നല്ല റിസള്‍ട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ അവിടെ പഠിക്കുന്ന കുട്ടികള്‍ ഏത് ട്യൂഷന്‍ സെന്ററുകളിലാണ് പോകുന്നതും എന്ന് നോക്കുക. സ്കൂളില്‍ നിലവാരം ഉണ്ടെങ്കില്‍ പിന്നെ എന്തിന് കുട്ടികള്‍ ട്യൂഷനും പോകേണ്ടി വരുന്നു?

തറവാടി said...

ശ്രീ.മണി,

>അദ്യാപക യൂണിയനിൽ ചേരുന്ന അധ്യാപകർ മോശക്കാരനോ മറ്റോ ആണെന്നാണോ വംഗ്യം?<

അല്ല;

അധ്യാപക യൂണിയന്‍ എന്നാല്‍ അധ്യാപകരായ തൊഴിലാളികളുടെ തൊഴില്‍ സം‌രക്ഷണവുമായി ബന്ധപ്പെട്ടതാണ്, അധ്യാപനത്തില്‍ അതിനൊരു ബാധ്യതയോ പ്രാധാന്യമോ ഇല്ല, ഉണ്ടാവാനും പാടില്ല.

>> സമ്പന്ന വിദ്യാർഥികളെയും പാവപ്പെട്ട വിദ്യാർഥികളെയും ഒരെ പോലെ കണ്ടാൽ അത് അസമത്വമാണെന്ന് ഞാൻ പറയും.<<

ഒരധ്യാപകന്റെ കണ്ണില്‍ പണക്കാരനും പാവപെട്ടവനും ഇല്ല, ഉണ്ടാവാന്‍ പാടില്ല.ഒരു യഥാര്‍ത്ഥ അധ്യാപകന് തന്റെ വിദ്യാര്‍ത്ഥികളെ പാവപ്പെട്ടകുട്ടിയാവും പണക്കാരനായ കുട്ടിയായും തരം തിരിക്കാനാവില്ല, അങ്ങിനെ ചെയ്യുന്നവര്‍ എന്റെ അഭിപ്രായത്തില്‍ ഒരു നല്ല അധ്യാപകരല്ല.

ചുറ്റുപാട് മനസ്സിലാക്കിയുള്ള കുട്ടികളോടുള്ള പെരുമാറ്റം തരം തിരിവല്ലെന്നും ഒപ്പം സൂചിപ്പിക്കട്ടെ.

തറവാടി said...

കെ.പി.എസ്,

സി.ബി.എസ്.സി.പരീക്ഷക്ക് പഠിക്കുന്നവര്‍ എന്നേ ഉദ്ദെശിച്ചുള്ളൂ :)

തറവാടി said...

മനോജ്,

മുമ്പത്തെ കമന്റ് കണ്ടിരിക്കുമല്ലോ.

അധ്യാപകന് രാഷ്ട്രീയം പാടില്ലെന്ന വിഡ്ഡിത്തരം ഞാന്‍ പറഞ്ഞിട്ടില്ല.

>>ഈ വിഷയത്തില്‍ ഒരു അദ്ധ്യാപകന്‍ എഴുതുമ്പോള്‍ അവന്റെ രാഷ്ട്രീയം വരുന്നുവെങ്കില്‍ അത് നല്ല ഗുണം തന്നെയല്ലേ.<<

അധ്യാപകര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നോ നിലപാടുകളില്‍ അതുണ്ടാവരുതെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ലല്ലോ!,

താങ്കളുടെ രാഷ്ട്രീയ കണ്ണട ഉണ്ടെങ്കില്‍ അതൊന്നഴിച്ച് വെച്ച് സ്വതന്ത്രമായി ഒന്നൂടെ ആ പോസ്റ്റൊന്ന് വായിക്കൂ എന്നിട്ടും നിലപാടിതുതന്നെയെങ്കില്‍ :)

absolute_void(); said...

തറവാടിക്കും പ്രശ്നമില്ല, കമന്റുന്നവര്‍ക്കും പ്രശ്നമില്ല. പിന്നെ ആര്‍ക്കാ പ്രശ്നം? ഇടതുപക്ഷത്തെ പള്ളുപറയുകയല്ലാതെ വേറൊരു അജണ്ടയുമില്ലല്ലേ?

ഗ്രീഷ്മയുടെ ലോകം said...

തറവാടി പറയുന്നു:
1. ഏറ്റവും താത്പര്യത്തോടെ വീക്ഷിക്കുന്ന ഒരു വര്‍ഗ്ഗമാണ് അധ്യാപകര്‍.
2. അധ്യാപക യൂണിയന്‍ എന്നാല്‍ അധ്യാപകരായ തൊഴിലാളികളുടെ തൊഴില്‍ സം‌രക്ഷണവുമായി ബന്ധപ്പെട്ടതാണ്, അധ്യാപനത്തില്‍ അതിനൊരു ബാധ്യതയോ പ്രാധാന്യമോ ഇല്ല, ഉണ്ടാവാനും പാടില്ല

അധ്യാപക ജോലി ചെയ്യുന്നവരെ വർഗീകരിക്കുന്ന തറവാടി തന്നെ ഒരു നിയമവും മുന്നോട്ട് വയ്ക്കുന്നു, അധ്യാപകയൂണിയനു അധ്യാപനത്തിൽ യാതൊരു ബാധ്യതയോ പ്രധാന്യമോ പാടില്ല എന്ന്. ശമ്പള വർദ്ധനയ്ക്കും തൊഴിൽ സ്ഥിരതയ്ക്കും രാഷ്ട്രീയ നിലപാടുകൾ ഉണ്ടാക്കാനും മാത്രമാണു അദ്ധ്യാപക സംഘടന എന്ന് തറവാടി കരുതുന്നു എന്നർഥം.
അധ്യാപകൻ ഒരു പൌരനാണെന്നും താങ്കൾക്കുള്ളതുപോലെ സാമൂഹികപ്രതിബദ്ധത അയാൾക്കും ഉണ്ടാവില്ലേ? അതോ യൂണിയനിൽ മെമ്പർഷിപ് കിട്ടിയാലുടനെ അതല്ലാം ഇല്ലാതായിപ്പോവുമോ?
ഏതെങ്കിലും അദ്ധ്യാപക സംഘടന അവർ ചെയ്യുന്ന സേവന നിലവാരം മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ അത് പാടില്ല എന്ന് താങ്കൾ പറയുന്നത് എന്ത്കൊണ്ടാണ്?
ഞാൻ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ എന്റെ കൊളേജിലെ അധ്യാപക സംഘടന വളരെ ഏറെ സഹായിക്കുന്നുണ്ട്.
അത്പോലെ തന്നെ പല സർക്കാർ സ്കൂളുകളിലും കുട്ടികൾക്കുള്ള പല സൌകര്യങ്ങളും ( മൂത്രപ്പുര, യാത്രാ സൌകര്യം, മുതലായവ) അധ്യാപക സംഘടനകൾ താല്പര്യമെടുത്ത് ചെയ്തിട്ടുണ്ട്.
കുട്ടികളുടെ (പ്രത്യേകിച്ചും താഴ്ന്ന ക്ലാസുകളിലെ) സ്വഭാവ രൂപീകരണത്തിനും,നല്ല മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും, മാതാപിതാക്കളോടോപ്പം തന്നെ പങ്ക് അദ്ധ്യാപകർക്കുമുണ്ട്. സഹാനുഭൂതി, അവശരെ സഹായിക്കുക, മുതലായ കാര്യങ്ങൾ അവർ ഗ്രഹിക്കുന്നത് അവർ മാതൃകയായി കാണുന്ന മാതാ പിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നുമാണ്. ഓരോ കുട്ടിയുടെയും ഭൌതിക സാ‍ഹചര്യങ്ങൾ അറിഞ്ഞു വേണം അധ്യാപകൻ പെരുമാറാൻ. സ്വാഭവികമായും അത് ക്ലാസുമുറികളിൽ പ്രതിഫലിക്കണം.
തറവാടി ഒരേശ്വാസത്തിൽ തന്നെ പറയുന്നു “ ഒരധ്യാപകന്റെ കണ്ണില്‍ പണക്കാരനും പാവപെട്ടവനും ഇല്ല, ഉണ്ടാവാന്‍ പാടില്ല.ഒരു യഥാര്‍ത്ഥ അധ്യാപകന് തന്റെ വിദ്യാര്‍ത്ഥികളെ പാവപ്പെട്ടകുട്ടിയാവും പണക്കാരനായ കുട്ടിയായും തരം തിരിക്കാനാവില്ല, അങ്ങിനെ ചെയ്യുന്നവര്‍ എന്റെ അഭിപ്രായത്തില്‍ ഒരു നല്ല അധ്യാപകരല്ല., ചുറ്റുപാട് മനസ്സിലാക്കിയുള്ള കുട്ടികളോടുള്ള പെരുമാറ്റം തരം തിരിവല്ലെന്നും ഒപ്പം സൂചിപ്പിക്കട്ടെ.“

പണമുള്ളവനും ഇല്ലാത്തവുനുമെന്നത് ഒരു ചുറ്റുപാടു തന്നെയല്ലേ?, പഠിക്കാൻ കഴിവു കുറഞ്ഞവരും, കൂടുതൽ മിടുക്കന്മാരും എന്നത് മറ്റൊരു ചുറ്റ്പാട്! കഴിവു കുറഞ്ഞവർക്ക് സ്പെഷൽ ക്ലാസു വച്ചാൽ അതും ഒരു തരം തിരുവ് അല്ലേ.

പിന്മൊഴി:
ഒരധ്യാപകന് ഏറ്റവും അടിസ്ഥാനപരമായി ഉണ്ടാവേണ്ട ഗുണം കുട്ടികളെ കുട്ടികളായി മാത്രം കാണാന്‍ സാധിക്കണമെന്നതാണ്. കുട്ടിയുടെ രാഷ്ട്രീയത്തിന്റെ കളറോ, സാമ്പത്തിക അവസ്ഥയോ, മതമോ, ജാതിയോ കുലമോ യാതൊന്നും ഒരു തലത്തിലും തരത്തിലും അധ്യാപകനെ ബാധിക്കാന്‍ പാടില്ല.
ജാതി നോക്കിയിരുന്നുവെങ്കിൽ തൊടുപുഴയിലെ പ്രൊഫസർക്ക് ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു. തറവാടി കൊൺടാക്റ്റ് ലെൻസാണോ ഉപയോഗിക്കുന്നത്?

തറവാടി said...

പ്രൊഫഷനും പ്രൊഫഷണലിവും ഒന്നല്ല.