Saturday, February 28, 2009

ബന്ധങ്ങളുടെ പ്രതികരണങ്ങള്‍

എന്തുകൊണ്ടാണ്‌ പ്രണയിതാക്കള്‍ക്ക് വിഷയദാരിദ്ര്യം വരാത്തതെന്ന് പണ്ടൊക്കെ ചിന്തിക്കുമായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരേ സ്ഥലത്തിരുന്ന് വര്‍‌ത്തമാനം പറഞ്ഞ് പിരിയാന്‍ നേരം പറയുക 'ബാക്കി നാളെ' എന്നായിരിക്കും.


കൂടുതല്‍ ഇതിനെപ്പറ്റി ചിന്തിച്ചപ്പോള്‍ മനസ്സിലായ കാര്യം , മാനസികമായി അടുപ്പം കൂടുമ്പോള്‍ വിഷയ ദാരിദ്ര്യം അനുഭവപ്പെടില്ലെന്നതാണ്‌. എവിടെ മനസ്സ് ബുദ്ധിയേക്കാള്‍ കടന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയോ അവിടെയൊക്കെ ഇതായിരിക്കും സ്ഥിതി. മനസ്സുകള്‍ അത് ആണും പെണ്ണുമാവട്ടെ ആണും ആണുമാവട്ടെ പെണ്ണും പെണ്ണുമാവട്ടെ , തമ്മില്‍ അടുക്കും തോറും സം‌സാര വിഷയത്തിന്‍‌റ്റെ ആഴം കുറയുകയും പരപ്പ് വര്‍‌ദ്ധിക്കുകയും ചെയ്യുന്നു. ഒരു പക്ഷെ അതുകൊണ്ടുതന്നെയായിരിക്കാം ഇത്തരം സംസാരങ്ങള്‍ ബാലിശമെന്നും മറ്റും പറയപ്പെടുന്നതും.

പരസ്പരം വലിയ അടുപ്പമില്ലാത്തവര്‍ സംസാരിക്കുമ്പോള്‍ രണ്ട് പേരുടേയും മനസ്സുകളല്ല ബുദ്ധിയാണ് പ്രവര്‍ത്തിക്കുന്നത്. താന്‍ ഇന്ന വിഷയം പറഞ്ഞാല്‍ മറ്റേ ആള്‍ക്ക് എന്തുതോന്നും, തന്‍‌റ്റെ 'വില' പോകുമോ? തന്നെപ്പറ്റി മറ്റൊരു രീതിയില്‍ മനസ്സിലാക്കുമോ തുടങ്ങി നൂറായിരം ചിന്തകള്‍ കടന്നുവരുന്നു. ഒരോന്നിനേയും പരിശോധിച്ച് സംസാരമായി പുറത്തുവരുമ്പോള്‍ വിഷയം ആഴമുള്ളതും കൂടുതല്‍ വ്യക്തതയുള്ളതും ആവശ്യവും അത്യാവശ്യവും ഉള്ളതുമാത്രമാകുന്നു.

ഞാന്‍ എന്‍‌റ്റെ മേലുദ്യോഗസ്ഥനോട് ഒരു കാര്യം പറയാന്‍ പോകുമ്പോള്‍ രണ്ടുതവണ ആലോചിക്കും , ലഭിക്കാവുന്ന മറുപടിയും അതിനപ്പോള്‍ പറയേണ്ട മുന്‍‌കരുതലും എല്ലാം കൈയ്യില്‍ കരുതിയാവും ഞാന്‍ അദ്ദേഹത്തിന്‍‌റ്റെ മുറിയിലേക്ക് പോകുക.ഇനി അദ്ദേഹത്തിന്‍റ്റെയും മുകളിലെ ആളോടാണ് സംസാരിക്കാന്‍ പോകുന്നതെങ്കില്‍ രണ്ടിന്‌ പകരം പത്തുതവണ ആലോചിക്കും , പത്തുവഴികളും അതിനുള്ള മറുപടികളും എല്ലാം കരുതിയാവും പോകുക അതുകൊണ്ട് തന്നെ ആദ്യത്തെ ആളോട് ഒരു ദിവസം രണ്ടുതവണ സം‌സാരിക്കുമെങ്കില്‍ രണ്ടാമത്തെ ആളോട് ഒരാഴ്ചയില്‍ ഒരു തവണ സംസാരിച്ചാല്‍ ഭാഗ്യം! പ്രോട്ടോകാളല്ല ഈ വ്യത്യാസത്തിന്‌ കാരണം അടുപ്പം തന്നെയാണ്‌ അതായത് ഇവിടങ്ങളിലെല്ലാം മനസ്സല്ല ബുദ്ധിയാണ്‌ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലെ മലയാളിയായ ഭാസ്കരേട്ടനെ ആറുകൊല്ലത്തിലധികമഅയി കാണുന്നു , കാണുമ്പോല്‍ ചിരിക്കും കൈ കൊടുക്കും സംസാരിക്കും ഇന്നേവരെ ആകെ കൂട്ടിയാല്‍ പത്തുമിനിട്ടില്‍ കൂടില്ലെന്നുമാത്രം!.

എന്‍‌റ്റെ അടുത്ത സുഹൃത്ത് ഫോണില്‍ വിളിച്ചാല്‍ ആദ്യം പറയുന്നകാര്യം ഒരു പക്ഷെ രാവിലെ കൊണ്ടുവന്ന ദോശക്കുപ്പില്ലായിരുന്ന കാര്യമായിരിക്കും. ഞാന്‍ വിളിച്ചാല്‍ പറയുക ആജു എണീക്കാന്‍ വൈകിയതിനാല്‍ സ്കൂള്‍ ബസ്സ് മിസ്സായതായിരിക്കാം അല്ലെങ്കില്‍ വശത്തുകൂടി കാറ് കുത്തിക്കയറ്റിയ അറബിയോടുള്ള കലിപ്പ് തീര്‍ക്കാനായിരിക്കും.

തുടക്കം വിഷയമിതാകുമെങ്കിലും ഫോണ്‍ കട്ടാക്കുന്നതിന് മുമ്പെ സാമ്പത്തിമ മാന്ദ്യത്തെപറ്റിയും അച്ചുതാനന്ദന്‍‌ സ്റ്റേജില്‍ അവസാനം നടത്തിയ പെര്‍ഫോര്‍മന്‍സുമായേക്കാം , കട്ട് ചെയ്യാന്‍ നേരം 'വെക്കെടാ ഫോണ്‍ ഞാന്‍ ലിഫ്റ്റില്‍ കയറാന്‍ പോകുന്നു' എന്നുമാകും. അങ്ങോട്ട് വിളിച്ച ഞാനായിരിക്കും യാതൊരു മാനേഴ്സുമില്ലാതെ അവനോട് ഫോണ്‍ വെക്കാന്‍ പറയുക. ഒരു പക്ഷെ അല്‍‌പ്പം കഴിഞ്ഞാല്‍ തിരിച്ചൊരു വിളി എനിക്കുണ്ടാകും അവന്‍‌റ്റെ സഹപ്രവര്‍ത്തകന്‍‌റ്റെ മുട്ടാപ്പോക്ക് നയത്തെപ്പറ്റിയാവാം. ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാനാവുക , മാനസികമായടുത്തവര്‍ തമ്മിലുള്ള സംസാരദൈര്‍ഘ്യം കൂടാനുള്ള കാരണങ്ങളാണ്.

പരിചയക്കാരായ രണ്ടുപേരില്‍ ഒരാള്‍ ഫോണില്‍ വിളിച്ച്, അറബി കാറ് വശത്തൂടെ കുത്തിക്കയറ്റിയ കാര്യം പറയുമ്പോള്‍ , 'അതിനെന്തൊ ഒന്നുകില്‍ നീ അയാളെ കടത്തി വിടണം , അയാള്‍ ഒരു പക്ഷെ ഭാര്യക്ക് അസുഖമായി ഫോണ്‍ ലഭിച്ച് പോകുകയാണെങ്കിലോ? ' എന്നോ ; ആജു എണിക്കാന്‍ വൈകിയതിനാല്‍ ബസ്സ് മിസ്സായെന്ന് പറയുമ്പോള്‍ , ' നിങ്ങള്‍ക്കാജുവിനെ നേരത്തെ ഉറക്കാന്‍ പാടില്ലേ? ' എന്നോ മറുപടി പറയുമ്പോള്‍ എനിക്ക് തോന്നുക എതിര്‍ കക്ഷി ഇപ്പോഴും പരിചയക്കാരന്‍ മാത്രമേ ആയിട്ടുള്ളു സുഹൃത്ത്
പോയിട്ട് അടുത്ത ഒരു പരിചയക്കാരനാകാന്‍ പോലും ഇനിയും എത്രയോ കഴിയണം എന്നാണ്‌ നിങ്ങള്‍ എന്തുപറയുന്നു?

Monday, February 23, 2009

ഭക്ഷണവും സ്ത്രീകളും

ഭക്ഷണം കഴിക്കുന്നതില്‍ പണ്ടും ഇന്നും പ്രധാനമായി ഞാന്‍ കാണുന്ന വ്യത്യാസം പണ്ട് മേശമ്മേലിരിക്കുന്ന ഓരോ പാത്രങ്ങളിലും ഭക്ഷണം ഒരാള്‍ വിളമ്പിക്കൊടുക്കുമ്പോള്‍ ഇന്ന് സ്വയം വിളമ്പിയെടുക്കുന്നു എന്നതാണ്. എല്ലായിടത്തും അങ്ങിനെയെന്ന് അഭിപ്രായമില്ല. അതുകൊണ്ട് തന്നെ പണ്ട് മിക്കവാറും പാത്രങ്ങളില്‍ ബാക്കി വരാന്‍ ചാന്‍സ് കൂടുതലായിരുന്നെങ്കിലും കുറ്റം പറയാനൊക്കില്ലായിരുന്നു വേണ്ട ആളല്ല വിളമ്പുന്നതെന്നുതെന്നെ കാരണം.

എന്നാല്‍ ഇന്ന് ആവശ്യത്തിന് മാത്രം വിളമ്പി എടുക്കുന്ന അവസ്ഥയില്‍ പോലും കഴിച്ച പാത്രത്തില്‍ ബാക്കി വരുന്നത് വിളമ്പിയെടുക്കുന്നവന്‍‌റ്റെ കുറ്റമായിട്ടേ കാണാനൊക്കൂ. എന്‍‌റ്റെ ഉപ്പ ഭക്ഷണം കഴിച്ചുതുടങ്ങുക പാത്രത്തില്‍ ഒരു വശത്തുനിന്നുമണ് ഞാനാകട്ടെ മുകളില്‍ നിന്നും.മിക്കവാറും മുക്കാല്‍ ഭാഗം കഴിഞ്ഞാല്‍ ഉപ്പ നിര്‍‌ത്തും പാത്രത്തിലെ ബാക്കി പൂച്ചക്ക് കൊടുക്കുകയാണ് പതിവ്.

ഇസ്ലാം മതത്തില്‍ എല്ലാകാര്യത്തിലും പോലെ ഭക്ഷണം കഴിക്കുന്നതിനും കൃത്യമായ ചിട്ടയുണ്ട് , പ്രധാനമായും ഭക്ഷണം കഴിക്കുമ്പോള്‍ പുറത്തുകളയുന്നതില്‍ വിലക്കുമുണ്ട്. അതുകൊണ്ട് തന്നെ പുറത്തുകളയാതെ ഭക്ഷണം കഴിക്കുക എന്നത് നബിചര്യയും ആണ്.

എന്തുകൊണ്ടെന്നറിയില്ല മിക്ക സ്ത്രീകളിലും കാണുന്ന ഒരു സ്വഭാവമാണ് കുട്ടികളുടേയും മറ്റും ബാക്കി വരുന്ന ഭക്ഷണം ആവശ്യമില്ലെങ്കില്‍ പോലും തിന്നുതീര്‍‌ക്കുക എന്നത്. ഒരിക്കല്‍ ഭക്ഷണം കഴിച്ചവര്‍ പോലും ആവശ്യമില്ലാതെ മറ്റുള്ളവരുടെ ബാക്കി കളയാതിരിക്കാന്‍ മുഴുവന്‍ കഴിക്കുന്നു ഭയം കൊണ്ടോ അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ മതപരമായ കാരണം മുലമോ ഈ രീതിയെ രണ്ടുകാരണങ്ങള്‍ക്കൊണ്ടെനിക്ക് ന്യായീകരിക്കാന്‍ പറ്റുന്നില്ല.

ഭക്ഷണം എന്നത് മനുഷ്യന് മാത്രമുള്ളതല്ല ജീവനുള്ള സര്‍‌വ്വ ചരാചരങ്ങള്‍‌ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. മറ്റുജീവികള്‍ എന്നതുകൊണ്ട് കാണുന്ന പറവകളേയും മറ്റിതര ജീവികിളേയും മാത്രമല്ല ജീവനുള്ള മൈക്രോ-ജീവികളും അതിലുള്‍‌‍പ്പെടുന്നു. ബാക്കിവരുന്ന ഭക്ഷണം പുറത്ത് കളയുന്നതോടെ ഇത് മറ്റുള്ളവക്കും ലഭ്യമാകുന്നു അതാണ് ചെയ്യേണ്ടതും. ആവശ്യമില്ലാതെ ബാക്കി വന്ന ഭക്ഷണം ഭക്ഷിക്കുന്നതോടെ സ്വന്തം ശരീരത്തോടും അന്യായം കാണിക്കുന്നു എന്നതാണ് രണ്ടാമത്തേത്.

ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്നെ ആവശ്യത്തിലധികം ഉണ്ടാക്കാതേയും , ആവശ്യത്തിനുള്ള ഭക്ഷണം മാത്രം സ്വന്തം പാത്രത്തിലേക്ക് വിളമ്പിയും , വിളമ്പിയ ഭക്ഷണം പൂര്‍ണ്ണമായും കഴിച്ചുമാണ് ഭക്ഷണത്തോട് ന്യായം കാണിക്കേണ്ടത് , ബാക്കിവരുന്ന ഭക്ഷണം ആവശ്യമില്ലാതെപോലും കഴിച്ചല്ല.

ആവശ്യമില്ലാത്ത ഭക്ഷണം എന്തിന്‍‌റ്റെ പേരിലയാലും കഴിക്കാതെ പുറത്തുകളയുകതന്നെയാണുത്തമം.

Wednesday, February 18, 2009

പ്രവാസികളും പരാതികളും

ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും അതിന് വേണ്ടി പ്രയത്നിക്കാനും മടിയുള്ളവരാണ്‌ പരാതി പറയുന്നവര്‍ എന്നെനിക്ക് പലപ്പോഴും തോന്നിയീട്ടുണ്ട്. വഴിയിലൂടെ പോകുമ്പോള്‍ മെക്കിട്ട് കയറിയവനേയും വീട്ടില്‍ കളവ് നടന്നതിനെയും പറ്റി പോലിസില്‍ പരാതി കൊടുക്കുന്നതിനേയല്ല മറിച്ച് പ്രതീക്ഷിച്ചതും ലഭിക്കാതെപോയതുമായ കാര്യങ്ങളെപ്പറ്റി പരാതിപ്പെടുന്നതിനെയാണിവിടെ വിവക്ഷിച്ചത്.

കാരണങ്ങള്‍ പലതാണെങ്കിലും തൊണ്ണൂറ്റൊമ്പത് ശതമാനം ആളുകളും പ്രവാസം തിരഞ്ഞെടുക്കുന്നത് സ്വന്തം ഇഷ്ടപ്രകാരവും സമ്മതത്തോടെയും കൂടിത്തന്നെയാണ്‌.എഴുപതുകളിലേയോ എണ്‍‌പതുകളിലേയോ പോലെയല്ല ഇവിടത്തെ കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിട്ട് പോലും ആളുകള്‍ ഇപ്പോഴും ഇവിടേക്ക് വരുന്നതും , കുറച്ച് കാലം ഇവിടെ ജോലിചെയ്ത് തിരിച്ച് പോയി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇവിടേക്ക് വരുന്നതിനും ന്യായീകരണങ്ങള്‍ പലതുമുണ്ടാകാമെങ്കിലും ഗുണമില്ലെന്നാരെങ്കിലും പറയുമെന്ന് തോന്നുന്നില്ല.

കുറച്ച് കാലം ഗള്‍ഫില്‍ നിന്ന ഒരാള്‍ നാട്ടില്‍ സ്ഥിരതാമത്തിന് ചെന്നിട്ട് അധികം താമസിയാതെ വീണ്ടും തിരിച്ചുവരാന്‍ കാരണം ഗള്‍ഫിലായിരിക്കുമ്പോള്‍ രണ്ടിടങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച സൗകര്യങ്ങള്‍ അഥവാ പ്രിവിലേജ് തന്നെയാണ്.ലേബര്‍ ക്യാമ്പുകള്‍ ചൂണ്ടി‍ കാട്ടി ഇതാണോ ഗള്‍‌‍ഫുകാരന്‍‌റ്റെ പ്രിവിലേജെന്ന് ചോദിതിക്കല്ലെ പ്ലീസ്!.

കുടുംബത്തേക്ക് മാസത്തില്‍ കുറച്ച് രൂപ അയക്കുന്നതില്‍ കഴിഞ്ഞില്ലേ ഒരു ഗള്‍‌ഫുകാരന്‍‌റ്റെ ഉത്തരവാദിത്വം?

കുട്ടികളുടെ പഠനം , ബന്ധുക്കളുടെ , കല്യാണം , മരണം ആശുപത്രി , വീട്ടുകാര്യങ്ങള്‍ തുടങ്ങി നൂറായിരം കാര്യങ്ങളില്‍ എന്ത് പങ്കാണയാള്‍ എടുക്കുന്നത്?മാസത്തിലെ പണമയപ്പിന് പുറമെ ഒഴിവ് കാലം ആസ്വദിക്കാന്‍ നാട്ടില്‍ പോകുന്നു, എല്ലാവരുമൊത്ത് ടൂറുകള്‍ പോകുന്നു തിരിച്ചുവരുന്നു. നഷ്ടപ്പെടുന്ന ദാമ്പത്ത്യം എന്ന് പരിതപിക്കുന്നവന്‍ നാട്ടിലെ ഭാര്യയുടെ പങ്കാളിത്തം മനപൂര്‍‌വ്വം മറന്ന് എല്ലാ ദുഖവും തന്നിലേക്ക് മാത്രമൊതുക്കി അതിനെപ്പറ്റി പരിതപിക്കുന്നു.

സ്ഥിരതാമത്തിനായി നാട്ടില്‍ വരുന്ന ഗള്‍ഫുകാരന്‍‌റ്റെ തുടക്കത്തിലെ കുറച്ചുദിവസങ്ങള്‍ക്ക് / മാസങ്ങള്‍ക്ക് ശേഷം തന്നിലേക്കും വരുന്ന കുടുംബത്തിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അവന്‍ കാണുന്ന മാര്‍ഗ്ഗമാണ് ഗള്‍ഫ് എന്നിട്ട് പറയും , ' ഓ നാട്ടില്‍ നില്‍‌ക്കാനേ പറ്റില്ല' , ഒപ്പം നൂറായിരം പരാതികള്‍ വേറെയും.പരാതികള്‍ കേള്‍ക്കുമ്പോള്‍ തോന്നും നാട്ടില്‍ ആളുകള്‍ ജീവിക്കുന്നേ ഇല്ല , എല്ലായിടത്തും പ്രശ്നം , കഷ്ടപ്പെടുന്നവര്‍ ഇവര്‍ മാത്രമാണെന്ന്.

കാലങ്ങളായി കേള്‍ക്കുന്നപരാതികളില്‍ പുതുതായി ചിലതുകൂടി വന്നിരിക്കുന്നു,
വിദേശ നിക്ഷേപം നന്നായി ഉപയോഗപ്പെടുത്താത്ത സര്‍ക്കാരിനെപ്പറ്റിയാണ് ഒന്ന്

സര്‍കാര്‍ പോട്ടെ, ബാങ്കില്‍ കിടക്കുന്ന പണം സ്വന്തം വേണ്ടപ്പെട്ട ഒരാള്‍ നല്ലൊരു കാര്യത്തിനുപയോഗപ്പെടുത്തുന്നതില്‍ വിഷമമില്ലാത്ത എത്രപേരുണ്ട് ഗള്‍ഫന്‍‌മാരില്‍?
( 'വിദേശ നിക്ഷേപം സര്‍ക്കാരെടുത്തുപയോഗിക്കാനല്ല തറവാടി പറയുന്നതെ' ന്ന് പറഞ്ഞ് ഒരു കണ്ണടി ചിരിയും തരല്ലെ! )

ബാങ്കിലെ കാശ് എന്തെങ്കിലും ' വികസന ' കാര്യത്തിന് സര്‍ക്കാര്‍ മുന്‍‌ക്കയ്യെടുത്ത് ഉപയോഗപ്പെടുത്തുക എന്നിട്ട് ലാഭം ബാങ്കില്‍ തിരിച്ച് നിക്ഷേപിക്കുക , നഷ്ടം വന്നാല്‍ ഉത്തരവാദി സര്‍ക്കാര്‍!
സര്‍ക്കാര്‍ പലിശയടക്കം തിരിച്ചുതന്നേക്കണം! എന്താ 'സുഗം' ! ഇനിപ്പോ ഇതൊന്നുമല്ലാത്ത മറ്റുവല്ലതുമാണെങ്കില്‍ ഒന്നുപറഞ്ഞതരണേ.

കെട്ടിക്കിടക്കുന്ന പണം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ സ്ട്രാറ്റജി പ്ലാനുണ്ടാക്കുകയും അതുനടപ്പില്‍ വരുത്തുകയും വേണം. ഇതാണ് ചിലരെങ്കിലും ഉദ്ദേശിച്ചിരിക്കുക. പണം ഗള്‍ഫുകാരന്‍‌റ്റെയാണ് അതായത് അവനാണ് ക്ലയന്‍‌റ്റ്. തന്‍‌റ്റെ പണം എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന് ഒരു concept/ മാര്‍ഗ്ഗ രേഖ കൊടുക്കേണ്ടത് അവനാണ്. സര്‍ക്കാര്‍ അവരുടെ ഉദ്യോഗസ്ഥനമാരെ ഉപയോഗപ്പെടുത്തി കണ്‍‌സള്‍ട്ടന്‍സി പോലെ പ്രവര്‍ത്തിച്ച് ഒരു രേഖയുണ്ടാക്കി , സമ്മതപ്രകാരം നടപ്പില്‍ വരുത്തുകയാണു ചെയ്യേണ്ടത്. ഇതിനൊക്കെ ആദ്യം വേണ്ടത് ഐഡിയ ഉള്ള ക്ലയന്‍‌റ്റാണ്. ഇത്തരം ഐഡിയ ഉപയോഗപ്പെടുത്താനോ നമ്മുടെ സര്‍ക്കാര്‍ ഉണ്ടാക്കുന്ന രേഖയില്‍ വിശ്വസിക്കാനോ /കൃത്യമായ വിഷനൊടെ ഒരു നല്ല പ്രോജെക്ട്/ മാര്‍ഗ്ഗ രേഖ തയ്യാറാക്കി സംസാരിക്കാന്‍ എത്രപേര്‍ തയ്യാറാവും?

കെട്ടിക്കിടക്കുന്ന പണം ഇന്ന രീതിയില്‍ ഉപയോഗ പ്പെടുത്താന്‍ സര്‍ക്കാരിന് ഒരു സ്ട്രാറ്റജി പ്ലാന്‍/മാര്‍ഗ്ഗ രേഖ കൊടുക്കാന്‍ എത്രപേരുണ്ട്?തന്‍‌റ്റെ പണം സര്‍ക്കാരിന് ഉപയോഗപ്പെടുത്താം എന്ന് ആത്മാര്‍ത്ഥമായി എഴുതിക്കൊടുക്കാന്‍ തയ്യാറാവുന്ന എത്രപേരുണ്ട്?

ഇതിന് മറ്റൊരു വാദമുഖം ഉണ്ടാകും, വിഭചിച്ച് കിടക്കുന്ന ഗള്‍ഫുകാരെ സര്‍ക്കാര്‍ മുഖാന്തിരം ഒരു കുടയില്‍ കൊണ്ടുവരിക , എന്നിട്ട് പറഞ്ഞതുപോലെ ചെയ്യുക , ആ ഹ എന്തൊരു സ്വപ്നം! ഒന്നിരുത്തി ചിന്തിച്ചാല്‍ ഇതിന്‍‌റ്റെയൊക്കെ അപ്രായോഗികതമനസ്സിലാക്കാവുന്നതെയുള്ളു എന്നിട്ടും കണ്ണടച്ച് പരിതപിക്കുന്നു.

അടുത്തതാവട്ടെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ പോകുന്നവരെ പുനരധിവസിക്കുന്നതിനെപ്പറ്റി!

ജോലി പോയി നാട്ടില്‍ ചെന്നാല്‍ അവിടെ നിന്നും ആരും ഓടിക്കില്ലെന്നുറപ്പുണ്ടായിരിക്കെ എന്തിനാണ് വെപ്രാളപ്പെടുന്നത്? നാട്ടില്‍ ജീവിക്കുന്നവരുണ്ട് അവരില്‍ ഒരാളായി ജീവിക്കാന്‍ തയ്യാറാവണം.
കേരളം നമ്മുടെ നാടാണ്. നമ്മള്‍ നേടിയതിനും നഷ്ടപ്പെടുത്തിയതിനും ( സാമ്പത്തികമാണുദ്ദേശിച്ചത്) നമ്മള്‍ തന്നെയാണുത്തരവാദി. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ , കഠിന അധ്വാനശീലമുള്ള ഗള്‍ഫുകാര്‍ക്ക് എന്തിനാണ് പരസഹായത്തിന് വേണ്ടി കേഴുന്നത്?സ്വന്തം ഉത്തരവാദിത്വത്തെ കഴിഞ്ഞിട്ടുപോരെ ഇത്തരം പരാതികള്‍?

Tuesday, February 17, 2009

നടനായ ജഗദീഷ് എന്ന അദ്ധ്യാപകന്‍

പ്രൊഫെഷണല്‍ ജീവിതത്തില്‍ നിന്നും വിഭിന്നമായി വ്യക്തിജീവിതത്തില്‍ സ്വല്‍‌പ്പം സഭാകമ്പം ഉള്ളതിനാലും സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കി പറയുന്നത് പരസ്പരം മനസ്സിലാക്കിയും വേണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടും സെലിബ്രിറ്റികളെ കാണുമ്പോള്‍ ഓടിച്ചെന്നവരെ പരിചയപ്പെടുന്നതില്‍ നിന്നും ഞാന്‍ പിന്തിരിഞ്ഞുനില്‍‌ക്കാറാണുള്ളത്.

ആദ്യമായൊരു സിനിമാ സെലിബ്രിറ്റിയെ കാണുന്നത് മമ്മുട്ടിയെയാണ്‌ , വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ നാട്ടില്‍ വെച്ചുള്ള 'അരപ്പെട്ട കെട്ടിയ ഗ്രാമ'ത്തിന്‍‌റ്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു അത്. ചൂരല്‍ കസാരയില്‍ ഇരിക്കുന്ന മമ്മുട്ടി  കൈ തന്നെങ്കിലും അയാളുടെ കണ്ണുകള്‍ മറ്റെവിടെയോ ആയിരുന്നു, ഈ അനുഭവം മുന്‍‌ധാരണയായി മനസ്സില്‍ രൂപാന്തരപ്പെട്ടതിനാല്‍ പിന്നീട് പല സന്ദര്‍ഭങ്ങള്‍ ഉണ്ടായെങ്കിലും ഒരിക്കലും അങ്ങോട്ട് ചെന്ന് ഒരു സിനിമാ സെലിബ്രിറ്റിയെ പരിചയപ്പെടാന്‍ ശ്രമിച്ചിട്ടില്ല.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ടി.വി.യിലൂടേയും മറ്റും ലഭിച്ച പല കാഴ്ചകളും ഈ ധാരണയെ ഉറപ്പിക്കയല്ലാതെ ഇല്ലാതാക്കിയതുമില്ല.

എല്ലാ വര്ഷങ്ങളിലും നടക്കാറുള്ള ഞങ്ങളുടെ കോളേജിന്‍‌റ്റെ പരിപാടിക്ക് പ്രധാന അഥിതിയായാണ്‌ മൂന്ന് വര്‍ഷം മുമ്പ് നടന്‍ സിദ്ദീക്ക് വന്നത്. വിദ്യാര്‍ത്ഥികളുടേയും അവരുടെ കുട്ടികളുടേയും കലാ പരിപാടികള്‍ കഴിഞ്ഞ് സംഗീതവുമായി ബന്ധപ്പെട്ട പരിപാടിയാണ്‌ അദ്ദേഹം അന്നവതരിപ്പിച്ചത്. ഏല്‍‌പ്പിച്ച പരിപാടി വളരെ തന്‍‌മയത്വത്തോടെയും രസകരമായും അവതരിപ്പിച്ച അദ്ദേഹം അന്ന് നല്ല കയ്യടിയും വാങ്ങിയിരുന്നു.

പരിപാടിയെല്ലാം കഴിഞ്ഞ് പോയ അദ്ദേഹം ഇന്നും സിനിമാ നടന്‍ അല്ലെങ്കില്‍ സെലിബ്രിറ്റിയായി ഞങ്ങളുടെ മനസ്സുകളില്‍ തുടരുന്നു , ഇനി അടുത്ത വര്‍ഷത്തെ പരിപാടിക്ക് ഒരു പക്ഷെ അദ്ദേഹം വരികയാണെങ്കില്‍ അന്നും ആദ്യം തുടങ്ങേണ്ടത് കഴിഞ്ഞ തവണ തുടങ്ങിയതുപോലെ വേണമെന്നതാണ്‌ സത്യം.

കഴിഞ്ഞ വര്‍ഷത്തില്‍ പ്രധാന അഥിതി ശ്രീനിവാസനായിരുന്നു. ഒരു സിനിമാനടന്‍ സ്വര്‍‌ണ്ണക്കട ഉത്ഘാടനം കഴിഞ്ഞുപോയ പ്രതീതി ജനിപ്പിച്ച് അദ്ദേഹവും യാത്രയായി.

രണ്ടാഴ്ചമുമ്പുണ്ടായ ഈ വര്‍ഷത്തെ പരിപാടിക്ക് നടന്‍ ജഗദീഷായിരുന്നു മുഖ്യ അഥിതി. ഹാളിലേക്ക് പ്രവേശിച്ചപ്പോള്‍ ആരും അദ്ദേഹത്തെ കണ്ടിരുന്നില്ല. നേരെ സ്റ്റേജിനു മുമ്പിലേക്ക് നീങ്ങി തൊട്ടടുത്ത് നിന്നിരുന്ന ആളോട് കുശലം പറയുന്നത് എനിക്ക് അകലെനിന്നും കാണാമായിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട പ്രോഗ്രാം നടക്കുന്നതിന് മുമ്പ് 'നിങ്ങള്‍ക്ക് ചോദിക്കാം ' എന്നൊരു സെല്‍ഫ് മെയിഡ് പ്രോഗ്രാം അവതരിപ്പിച്ച് സദസ്സിനെ മൊത്തം കയ്യിലെടുത്തു അദ്ദേഹം.

തുടര്‍ന്ന് സംഗീത പരിപാടിയും അവതരിപ്പിച്ച് പിരിയുമ്പോള്‍ നല്ലൊരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ചാണയാള്‍ യാത്രയായത്. വളരെ പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതുപോലെ അയാളോടെല്ലാവരും ഇടപഴകി സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചു.

അദ്ധ്യാപനം ഒരു കലയുമാണെന്നതിനാലാണ്‌ തന്നേക്കാള്‍ അറിവുള്ള പലര്‍ക്കും നല്ല അദ്ധ്യാപകരാവാന്‍ സാധിക്കാത്തതും തനിക്കാവാനായതും എന്നവകാശപ്പെട്ട അദ്ദേഹം ഒരു പകലിന്‍‌റ്റെ ദൈര്‍ഘ്യത്തില്‍ അതു തെളീയീക്കുകയും ചെയ്തു.

നടനായ സിനിമാ സെലിബ്രിറ്റി ജഗദീഷിനോടല്ല,' അന്നു നിര്‌ത്തിയതില്‍ നിന്നും 'എന്നുപറഞ്ഞ് അടുത്ത തവണ വരുമ്പോള്‍ തുടരാന്‍ പാകത്തില്‍ ചിലതെല്ലാം ഉറപ്പിച്ചാണ് നല്ലൊരു അദ്ധ്യാപനായ ജഗദീഷിനോട് ‌ എല്ലാവരും യാത്രപറഞ്ഞ് പിരിഞ്ഞത്.

Thursday, February 05, 2009

മദ്രസ്സാ സിലബസ്സും ചില കിനാവുകളും

മദ്രസ്സയില്‍ സയന്‍സും കണക്കും ഇംഗ്ലീഷുമൊക്കെ ഉള്‍ക്കൊള്ളിക്കണം. പിന്നീട് വിജയിക്കുന്നവര്‍ക്ക് സര്‍‌ട്ടിഫിക്കറ്റ് കൊടുക്കും പിന്നെ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാം (??)


കേട്ടപ്പോള്‍ കോരിത്തരിച്ചെങ്കിലും വെറുതേ ഒന്നു ചിന്തിച്ചപ്പോളത് വെറും തരിപ്പുമാത്രമായി ഒപ്പം സ്വല്‍‌പ്പം ഇളക്കവും.

മദ്രസ്സ എന്നാല്‍ പച്ച ബെല്‍‌റ്റിട്ട, ആടിന്‍‌റ്റെ മുഖമുള്ള മൊല്ലാക്ക നാല്‌ രോമമുള്ള നീണ്ട ബുള്‍ഗാന്‍ താടിയില്‍ തടവി " ബൂമി പരന്നതാണെന്ന് " പഠിപ്പിക്കുന്ന സ്ഥലം മാത്രമാണെന്ന് കരുതുന്നവര്‍ പുതിയ പരിഷ്‌കാരത്തെപ്പറ്റി കേട്ടതോടെ സമാധാനപ്പെട്ടപ്പോള്‍ ഇതുമൂലം മദ്രസ്സയില്‍ പഠിക്കുന്നവര്‍ക്ക് കിട്ടാന്‍ പോകുന്ന ആനുകൂല്യങ്ങളിലാണ്‌ മറ്റുള്ളവര്‍ സന്തോഷം കണ്ടത്.

മദ്രസ്സാ പഠനത്തില്‍ സയന്‍സും മറ്റിതര വിഷയങ്ങളും ഉള്‍പ്പെടുത്തുന്നതോടെ, പഠനം കഴിഞ്ഞ് സര്‍‌ട്ടിഫികറ്റും ലഭിക്കുന്നതോടെ പിന്നെയും എന്തൊക്കെയോ 'ഓടെ' മുകളില്‍ പറഞ്ഞതുപോലുള്ള പൊട്ടത്തരങ്ങള്‍ ഇനിയെങ്കിലും മാപ്പിളച്ചെക്കന്‍‌മാര്‍ പഠിക്കില്ലെന്നൊരുക്കൂട്ടരും , കാലത്തെ മദ്രസ്സാ ക്ലാസ്സ് കഴിഞ്ഞ് സര്‍ക്കാര്‍ ആപീസുകളില്‍ തലേകെട്ടും കെട്ടി ഇരിക്കുന്നത് മറ്റൊരു കൂട്ടരും സ്വപ്നം കണ്ടു.

സംഭവം ഉഗ്രന്‍ തന്നെ സം‌ശയമില്ല പക്ഷെ ഇതുപോലെ വിലയിരുത്തുന്നതിന് മുമ്പ് എന്താണ്‌ മദ്രസ്സ എന്നും എന്തൊക്കെയാണതിന്‍‌റ്റെ ലക്ഷ്യങ്ങള്‍ എന്നും മനസ്സിലാക്കിക്കൊണ്ടായിരിക്കണമെന്നുമാത്രം.

ഞാന്‍ എന്‍‌റ്റെ മകനെ മദ്രസ്സയില്‍ പറഞ്ഞയക്കുന്നത് ഐന്‍‌സ്റ്റീന്‍‌റ്റെ ഊര്‍ജ്ജ നിയമം പഠിക്കാനോ ,ചരിത്രം പഠിക്കാനോ , കണക്ക് പഠിക്കാനോ അല്ല ഇസ്ലാം മതത്തിലെ അനുഷ്ടാനങ്ങളും അടിസ്ഥാനങ്ങളു തുടങ്ങിയ മത-ആത്മീയ കാര്യങ്ങള്‍ അറിയാനും പഠിക്കാനുമാണ്‌ ഇതര വിദ്യാഭ്യാസവും മറ്റും പഠിക്കാന്‍ ഞാന്‍ അവനെ സ്കൂളിലേക്കാണയക്കുന്നത്.

മതത്തിന്‍‌റ്റെ അനുഷ്ടാനങ്ങള്‍ പഠിപ്പിക്കാന്‍ ഒരാള്‍ക്ക് ആധുനിക വിദ്യാഭ്യാസമല്ല വേണ്ടത് മറിച്ച് മതാനുഷ്ടാനങ്ങളിലുള്ള പ്രാവീണ്യമാണ്‌. അതിനാകട്ടെ മുകളില്‍ പറഞ്ഞ മൊല്ലാക്കാക്കാവുന്നുണ്ട്താനും.ഒരു മദ്രസ്സാധ്യാപകന്‌ സയന്‍സറിഞ്ഞാല്‍ നല്ലെതാണെന്ന അഭിപ്രായം എനിക്കുമുണ്ട് അതുപക്ഷെ അദ്ദേഹത്തിന്‍‌റ്റെ സയന്‍സ് പാഠവം പകരാനല്ല മറിച്ച് മതാനുഷ്ടാനങ്ങള്‍ എന്ന് തെറ്റ് ധരിച്ച് അറിവില്ലായ്മകൊണ്ട് (മറ്റുപലകാരണങ്ങള്‍ കൊണ്ടും) കുട്ടികളിലേക്ക് പകരുന്നവയില്ലാതാവാനാണ്‌.

ആത്മീയ കാര്യങ്ങളും അനുഷ്ടാനങ്ങളും പഠിക്കാന്‍ കെട്ടിടങ്ങള്‍ മാത്രമുണ്ടായാല്‍ പോര അതിന്‌ പ്രത്യേക സാഹചര്യവും അതാത് വിഷയത്തില്‍ പ്രാവീണ്യമുള്ള അധ്യാപകരുമാണ്‌ വേണ്ടത്. നിലവിലുള്ളരീതിയിലെ മദ്രസ്സകളില്‍ ഉള്ളതും, പുതിയ പരിഷ്കാരത്തോടെ അതായത് ആധുനിക വിദ്യാഭ്യാസം മദ്രസ്സാ പഠനത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇല്ലാതാകുന്നതും ഈ സാഹചര്യമാണ്‌.

ആത്മീയമായതായാലും ആധുനികനായാലും എല്ലാം അറിവല്ലേ എങ്ങിനെയാണ്‌ ഒരറിവ് മറ്റൊന്നിന് പ്രശ്നമാവുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം അറിവുകള്‍ കൂടിച്ചേരുന്നതല്ല പ്രശ്നം അത് പകര്‍ന്ന് കൊടുക്കുന്നതിലുള്ള രീതിയിലാണെന്നതുതന്നെ. വെള്ളവും പാലും അവയുടെ തനതായ അവസ്ഥകളില്‍ നില്‍‍‌ക്കുകതന്നെയാണ് വേണ്ടതെന്ന് ചുരുക്കം.

വളരെ കുറച്ചുകാലം മാത്രമാണ് പ്രധാനമായും മദ്രസ്സാപഠനം നടക്കുന്നത്. മതപരമായ വിദ്യഭ്യാസത്തിന്‌ പോകുന്നവരായ ഒരു ചെറുകൂട്ടം ഒഴിച്ച് ഇന്ന് മദ്രസ്സകളില്‍ പഠിക്കുന്നവരെല്ലാം ആധുനിക വിദ്യാഭ്യാസം നേടാന്‍ സ്കൂളുകളില്‍ പോകുന്നുണ്ടെന്നിരിക്കെ ഈ പുതിയ പരിഷ്കാരത്തോടെ പറയപ്പെടുന്ന പല "നേട്ട" ങ്ങളെക്കാള്‍ കൊട്ടങ്ങളാണുണ്ടാകുക എന്നതാണ്‌ സത്യം.

മുസ്ലീങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലുള്ളപ്പോഴും മദ്രസ്സാപഠനങ്ങളില്‍ കാണിക്കുന്ന പ്രാധാന്യം ഉപയോഗപ്പെടുത്തി ഈ അല്‍‌പ്പാധുനികനാല്‍ അവരെ ഉന്നതിയിലെത്തിക്കാമെന്നുപോലും തട്ടിവിടുന്നവര്‍ സത്യത്തെ മറച്ചുപിടിക്കുകമാത്രമല്ല ആടിനെ പട്ടിയാക്കുകയും കൂടിയാണ്‌.

മതമെന്നാല്‍ ശാസ്ത്രത്തെ വെല്ലുവിളിക്കാനുള്ള ഒന്നാണെന്നും (തിരിച്ചും) ഉള്ളവര്‍ ഒരു കൂട്ടം , ശാസ്ത്രം പുരോഗമിക്കുന്നതോടെ മതം മരിക്കുമെന്ന് മറ്റൊരുകൂട്ടം പിന്നേയും എന്തൊക്കെയോ കൂട്ടങ്ങള്‍. ഈ കൂട്ടത്തിലൊന്നും നില്‍‌ക്കാതെ എന്താണ്‌ മതമെന്നും എന്താണ്‌ ആത്മീയതയെന്നും എന്താണ്‌ വിശ്വാസമെന്നും എന്താണ്‌ അനുഷ്ടാനമെന്നും , എന്താണ്‌ മതപഠനമെന്നും എന്താണ്‌ ശാസ്ത്രമെന്നും പിന്നെ ഇവയുടെ ഒക്കെ ലക്ഷ്യങ്ങള്‍ എന്തെന്നും മനസ്സിലാക്കിയാല്‍ , ഈ പുതിയ പരിഷ്ക്കാരത്തിന്‍‌റ്റെ അര്‍ത്ഥമില്ലായമ മനസ്സിലാകും.

യാഥാര്‍ത്ഥ്യ ബോധമുള്ളവരാണ്‌ ഈ പരിഷ്കാരത്തിന്‌ പിന്നിലെങ്കില്‍ അവര്‍ സത്യത്തില്‍ നിന്നും വളരെ പിന്നിലാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു അതല്ലെങ്കില്‍ അവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം വേണ്ടിയിരിക്കുന്നു.