Friday, July 04, 2008

പിന്‍‌വലിക്കണം

1. ദൈവവിശ്വാസികള്‍ പുരോഗമനത്തിനെതിരാണെന്ന് വിശ്വസിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല.

2. ദൈവ വിശ്വാസമില്ലാതായാല്‍ ലോകത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഇല്ലാതായെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല

3. ജീവിക്കാന്‍ ദൈവ വിശ്വാസം ആവശ്യമെന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല


4. ചോദ്യം : മനുഷ്യനെ മനുഷ്യനായി കാണാന്‍ മതമില്ലായ്മയാണ് നല്ലതെന്ന് തോന്നുണ്ടോ?
ഉത്തരം : ഇല്ല

5. ചോദ്യം: മതമാണോ മതമില്ലായ്മയാണോ നല്ലത്?
ഉത്തരം : സ്വന്തം യുക്തിയാണ് ഏറ്റവും നല്ലത് അതെന്ത് പറയുന്നോ അതാണ് നല്ലത്.



6. സാഹിത്യ രചനകളും പാഠപുസ്തകങ്ങളും സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം ഒന്നാണോ?
ഉത്തരം: അല്ല , പാഠപുസ്തകങ്ങള്‍ പഠനകാലത്ത് വരുത്തുന്ന സ്വാധീനം കൂടുതലായിരിക്കും.

7. ആരാണ് കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത് മാതാപിതാക്കളോ അധ്യപരോ?
ഉത്തരം: അധ്യാപകര്‍.

8. ഏഴാം ക്ലാസ്സിലെ ജീവന്‍ എന്ന കുട്ടിയുമായി ബന്ധപ്പെട്ട അധ്യായം മത നിഷേധമായി തോന്നുന്നുണ്ടോ?
ഉത്തരം : ഇല്ല , മതമില്ലെങ്കിലും ജീവിക്കാമെന്നാണ് പറയുന്നത് , പക്ഷെ വേണമെങ്കില്‍ അതിനെ മതം ആവശ്യമില്ലെന്ന തലത്തിലുള്ള ചിന്തയിലേക്കും നയിക്കാമെന്ന് മാത്രം.

9. പ്രസ്തുത അധ്യായം കുട്ടികളുടെ ദൈവവിശ്വാസത്തെ ഇല്ലാതാ‍ക്കും എന്ന് കരുതുന്നുണ്ടോ? മറ്റെന്തെങ്കിലും തരത്തില്‍ ബാധിക്കുമോ?
ഉത്തരം :ദൈവ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നില്ല പക്ഷെ ദൈവ വിശ്വാസികളായ മാതാപിതാക്കളുമായി ആശയ സംഘട്ടനങ്ങളുണ്ടായേക്കാം.

10. ആശയ സംഘട്ടങ്ങള്‍ നല്ലതല്ലെ അപ്പോഴല്ലെ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കൂ ?
ഉത്തരം : ഒരാള്‍ക്ക് ദൈവ വിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിലുള്ള സ്വാധീനം ഒരേ പോലെയാണെങ്കില്‍ ( അതാണല്ലോ പുസ്തകം പഠിപ്പിക്കുന്നതും ) പിന്നെ സംഘട്ടനത്തിന്‍‌റ്റെ ആവശ്യമില്ലല്ലോ.

11. ഒരു കുട്ടിയുടെ കര്യങ്ങളില്‍ ഇടപെടാന്‍ സമൂഹത്തിനാണോ മതാപിതാക്കള്‍ക്കാണോ കൂടുതല്‍ അധികാരവും അവകാശവും?
ഉത്തരം: മാതാപിതാക്കള്‍ക്ക്

12. പ്രസ്തുത അധ്യായം വളരെ നല്ലതും ആവശ്യവുമെന്ന് തോന്നുന്നുണ്ടോ?
ഉത്തരം: നല്ല ആശയമാണ് , പക്ഷെ അത് നിലവിലുള്ള വളരെ ചെറിയ ഒരു സമൂഹത്തിന് മാത്രമേ ഗണകരമാക്കുന്നുള്ളൂ.

13. എന്ത് ഗുണം ആര്‍ക്കാണ് ഉണ്ടാവുന്നത്?
ഉത്തരം: മത/ദൈവ വിശ്വാസമില്ലാത്ത മാതാപിതാക്കളുടെയും മിശ്രവിവാഹിതകരുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നേടാന്‍ ഉണ്ടാകാന്‍ ഇതു സഹായിക്കും.

14. മത/ദൈവ വിശ്വാസമുണ്ടായാലേ ആത്മവിശ്വാസമുണ്ടാകൂ എന്നുണ്ടോ ?
ഉത്തരം: ഇല്ല പക്ഷെ , മത/ദൈവ വിശ്വസമുള്ള വളരെ വലിയ ഒരു സമൂഹത്തോടൊപ്പം അതില്ലാത്ത വളരെ ചെറിയ ഒരു സമൂഹത്തിനുണ്ടാകവുന്ന ആത്മ വിശ്വാസക്കുറവ് സ്വാഭാവികമാണ് പ്രത്യേകിച്ചും കുട്ടിക്കാലത്ത്.

15. അങ്ങിനെയെങ്കില്‍ ഇത്തരം പാഠങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ആ സമൂഹത്തെ ആത്മവിശ്വാസം ഉണ്ടാക്കുകയല്ലെ വേണ്ടത്?
ഉത്തരം: തീര്‍ച്ചയായും , പക്ഷെ മറ്റൊരു വലിയ സമൂഹത്തിന്‍‌റ്റെ വിശ്വാസങ്ങളെ ബലികഴിച്ചല്ല അതിനുമുതിരേണ്ടത്.

16. ഈ അധ്യായം അങ്ങിനെ മത വിശ്വാസികളുടെ താത്പര്യങ്ങളെ ബലികഴിക്കുന്നെന്ന് പറയാമോ?
ഉത്തരം: എന്തായാലും മതവിശ്വാസികള്‍ക്ക് അനുകൂലമായിതോന്നുന്നില്ല.

17. പ്രസ്തുത അധ്യായം കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ?
ഉത്തരം : ഇല്ല.

18. അങ്ങിനെ ഒരുദ്ദേശം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
ഉത്തരം : കരുതുന്നുണ്ട്.

19. എന്താണങ്ങിനെ തോന്നാന്‍ കാരണം.
ഉത്തരം : ഇതിനൊപ്പമുള്ള മറ്റധ്യായങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

20. ഈ അധ്യായം പിന്‍‌വലിക്കാന്‍ ഏറ്റവും മോശമായ ശൈലിയെടുത്തതാരാണ്‍?
ഉത്തരം : ലീഗും , എം.എസ്.എഫും

21. എന്തുകൊണ്ട്?
ഉത്തരം : പുസ്തകം എന്നത് അക്ഷരങ്ങളടങ്ങിയ അറിവാണ് , എതിര്‍ക്കുന്ന ഒരു അധ്യായമുണ്ടെന്ന് കരുതി
ചുട്ടരിച്ചത് കാടത്തമായി.

22. എതിര്‍പ്പ് പ്രകടിപ്പിച്ചവരോട് സര്‍ക്കാരെടുത്ത സമീപനത്തെപ്പറ്റി എന്താണ് തോന്നുന്നത്?
ഉത്തരം : അധികാര ധാഷ്ട്യമാണ് മന്ത്രി കാണിച്ചത്. പ്രധാനപ്പെട്ടൊരു സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് നിജ സ്ഥിതി വെളിപ്പെടുത്താന്‍ ചര്‍ച്ചകള്‍പോലെ എത്രയോ മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ അതിനൊന്നും തയ്യാറാവാത്തതാണ് പല അനിഷ്ട സംഭവങ്ങള്‍ക്കും കാരണമായത്.

23. മന്ത്രിസഭയുടെ തെറ്റെന്തൊക്കെയാണ് കാണുന്നത് ?
ഉത്തരം : മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ , ജനാധിപത്യ വ്യവസ്ഥിതികള്‍ അടിസ്ഥാനപ്പെടുത്തി , ബഹുഭൂരിപക്ഷത്തിന്‍‌റ്റെ വികാര വിചാരങ്ങളെ ഉള്‍ക്കൊള്ളണമെന്ന് മിനിമം കാര്യം കൈകൊണ്ടെന്ന് തോന്നുന്നില്ല.

24. സ്വാമിമാരോടും മുസ്ല്യാക്കന്മാരോടും പുരോഹിതന്‍‌മാരോടും ചോദിക്കണമായിരുന്നെന്നാണോ? വീശദീകരിക്കാമോ?
ഉത്തരം : അല്ല.

ഒരു തലമുറെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്‍‌റ്റെ പങ്ക് ഏറ്റവും പ്രധാനമായ ഒന്നാണ്. ഏറ്റവും പ്രാധാന്യത്തോടേയും , സ്വതന്ത്ര്യ കാഴ്ചപ്പടോടേയും , ലക്ഷ്യ ബോധത്തോടേയും ആയിരിക്കണം ഇതിനെ സമീപിക്കേണ്ടത്.

വിശ്വാസ്യതയായിരിക്കണം വിദ്യാഭ്യാസത്തിന്‍‌റ്റെ കാതല്‍ അതുകൊണ്ട് തന്നെ വളരെ ചെറിയ അളവില്‍ പോലും പരസ്പര വിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇതിന് പിന്നില്‍ പ്രവര്‍‌ത്തിച്ചവര്‍ എടുക്കേണ്ട പ്രധാന സംഗതിയാണ്.

നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തി , ആപ്രവൃത്തി ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്

' പഠിപ്പിക്കുന്നതും '

ആ പ്രവൃത്തി ആവശ്യമില്ലെന്ന് പറയുന്നതും തമ്മില്‍ വലിയ വ്യത്യാസം എനിക്ക് കാണാന്‍ കഴിയുന്നില്ല.
നല്ലൊരു ശതമാനം ആളുകള്‍ ഇതിനെ എതിര്‍ക്കുന്നതില്‍ നിന്നും ആരുടേയോ സാതന്ത്ര്യം എവിടെയോ ഇല്ലാതായിട്ടുണ്ടെന്നതാണ് മനസ്സിലാക്കാനാവുന്നത്.

25. യെശ്‌ പാല്‍ ശര്‍മ്മയ്യെപ്പോലുള്ളവര്‍ ഈ പുസ്തകത്തനെതിര്‍ക്കുന്നില്ല അവരെല്ലാം വിവരദോഷികളായതിനാലാണോ?

ഉത്തരം :അവരെല്ലാം നല്ല വിവരമുള്ളവര്‍ തന്നെയാണ്. ഇതിനുള്ള ഉത്തരം 8,9,12,17 ഇവ കൂട്ടിവായിച്ചാല്‍ ലഭിക്കും.

ഏതൊരാളും കാണുക ഇതില്‍ കാണുന്ന നല്ല ആശമാണ്.

26. പ്രസ്തുത അധ്യായം മാറ്റണമോ വേണ്ടയോ ?
ഉത്തരം : മാറ്റണം.

27. എന്തുകൊണ്ട്?
ഉത്തരം :

എന്‍‌റ്റെ കുട്ടികള്‍ എന്ത് പഠിക്കണമെന്ന പൂര്‍ണ്ണ അവകാശം എനിക്കാണ്. ഈ അവകാശം കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ചെറിയ കാലഘട്ടത്തില്‍ അധ്യാപകര്‍ക്ക് എന്റെ മക്കളില്‍ കിട്ടുന്ന പ്രാധാന്യം ഉപയോഗിച്ച് മാറ്റിയെടുക്കുന്നതില്‍ വിയോജിപ്പുണ്ട്.

ഒരു സം‌ശയമായി പ്രകടിപ്പിക്കപ്പെട്ടപ്പോള്‍ പോലും , ചര്‍ച്ചകള്‍ പോലെ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ , ജനാധിപത്യരാജ്യമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ഉദ്ദേശ ശുദ്ധിയില്‍ സം‌ശയം ജനിപ്പിക്കുന്നു.

ഉദ്ദേശശുദ്ദിയുണ്ടായിരുന്നെങ്കില്‍ അതിന്‍‌റ്റെ സത്യാവസ്ഥ വിശദീകരിക്കാനും ഒരു പൊതു അഭിപ്രായ സമന്വയത്തിനുമൊക്കെ സാഹചര്യമുണ്ടായിരിക്കെ അതിനൊന്നും തയ്യറാവാത്തത് ചെയ്ത പ്രവൃത്തി നല്ലതാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടല്ല മറിച്ച് ധാഷ്ട്യതമാത്രമാണെന്ന് തോന്നിയിട്ടുണ്ട്.

മതത്തില്‍‌ ജീവിക്കുന്ന ആളുകള്‍ മഹാഭൂരിപക്ഷമുള്ള സമൂഹത്തില്‍ മതമില്ലെന്നതല്ല ,

മതങ്ങള്‍ തമ്മിലുള്ള ഐക്യതകൂട്ടാനായിരിക്കണം സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന ബോധ്യമുള്ളതിനാലും ,

ഈ അധ്യായം ദോഷകരമല്ലെങ്കിലും,

പറയത്തക്ക ഗുണകരമല്ലെന്നതിനാലും ,

പറയപ്പെടുന്ന ഗുണം വളരെ ബാഹ്യമാണെന്ന തിരിച്ചറിവുള്ളതിനാലും ,

നല്ലൊരു ഭൂരിപക്ഷം ആളുകള്‍ ഇതില്‍‌ എതിര്‍പ്പ് കാട്ടുന്നതിനാലും ഈ അധ്യായം മറ്റണമെന്ന് തന്നെയാണ് എന്‍‌റ്റെ അഭിപ്രായം.

വാല്‍‌കഷ്ണം:

കമ്പ്യൂട്ടര്‍ വേണ്ടെന്ന് പറയുന്നതിലും ആട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റം വേണ്ടെന്ന് പറയുന്നതിലും വലിയതാണ് മതം വേണ്ടെന്ന് പറയുന്ന പുരോഗമന വാദം എന്നത് എത്ര ശരിയായ ശരി.

Sunday, June 29, 2008

മതമില്ലാത്ത ജീവന്‍

' ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും '

ഏഴാം ക്ലാസ്സിലെ വിവാദ അധ്യായങ്ങള്‍ , പ്രത്യേകിച്ചും മതത്തെപ്പറ്റിയുള്ളത് വായിക്കുന്ന ഓരോരുത്തരും പറയുന്ന വാക്കുകള്‍.

ഒറ്റ നോട്ടത്തില്‍ വളരെ ശരിയാണ് മേല്‍ പറയുന്ന വാക്കുകള്‍ പക്ഷെ വായിച്ച് വിലയിരുത്തിയത് ചുരുങ്ങിയത് ഇരുപത്തഞ്ച് വയസ്സെങ്കിലും പ്രായമുള്ള , കാഴ്ചപ്പാടുകളുള്ള , പക്വതയുള്ളവരായ വ്യക്തികളാണെന്നതാണ് പ്രശ്നം.

അതായത് ഇത്തരം ഒരു ചിന്താഗതി ( മതത്തിന്‍‌റ്റെ അപ്പ്രസക്തി ) മനസ്സിലാക്കാനള്ള പ്രായമല്ല ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ളത്.

പ്രായമുള്ള ഒരു വ്യക്തി വായിച്ച് മനസ്സിലാക്കുന്നതുപോലെയല്ല കൊച്ചുകുട്ടികള്‍ വായിച്ച് മനസ്സിലാക്കുന്നത്. ഇന്നത്തെ സാമൂഹിക / രാഷ്ട്രീയ / മത സാഹചര്യങ്ങള്‍ അനുഭവിക്കുന്ന ഒരാള്‍ ,

' മതം ആവശ്യമില്ല '

എന്ന് പറയുന്നതും ,

മാനസിക പക്വതയില്ലാത്ത കുട്ടികള്‍ , വെള്ളം സ്പോഞ്ച് വലിച്ചെടുക്കുന്ന പോലെ മനസ്സുള്ള കുട്ടികള്‍ , മതമില്ല അല്ലെങ്കില്‍ മതത്തിന് പ്രസക്തിയില്ല എന്നും

' പഠി 'ക്കുന്നതിലാണ് അപകടം ഇരിക്കുന്നത്.

വലിയ വിദ്യാസമ്പന്നര്‍ എന്നൊക്കെ വിളിക്കാമെങ്കിലും , സാമൂഹികമായി പറയത്തക്ക പുരോഗമനമൊന്നുമില്ലാത്ത ഒരവസ്ഥയാണ് ഇന്ന് കേരളത്തില്‍ നില നിലവിലുള്ളത്.

മാത്രമല്ല മിക്ക കുടുമ്പങ്ങളും മത അടിസ്ഥാനമാക്കിയ ജീവിതമാണ് നയിക്കുന്നതും. വീട്ടിലെ ഇത്തരം അവസ്ഥയില്‍ നിന്നും സ്കൂളിലെത്തുന്ന കുട്ടി പഠിക്കുന്നത് ( മനസ്സിലാക്കുകയല്ല! ), മതം അത്ര അവശ്യമിലെന്നാണ് ( അത്യാവശ്യമുള്ളതാണോ / ആവശ്യമുള്ളതാണോ / അല്ലയോ എന്നതൊക്കെ പഠിപ്പിക്കുന്ന ആളെ അനുസരിച്ചിരിക്കുമെന്നത് വേറെ കാര്യം).

സ്വന്തമായി ഒരു കാഴ്ചപ്പാടുണ്ടാക്കാന്‍ മാത്രം പക്വതയില്ലാത്ത കുട്ടികളുടെ മനസ്സ് മാതാപിതാക്കളടേയും അധ്യാപകരുടേയും വിപരീത ആശയ സംഘട്ടനങ്ങള്‍ക്ക് വിധേയമാകുകയായിരിക്കും ഇതിന്‍‌റ്റെ ഫലം
മതത്തില്‍ കാര്യമില്ലെന്നതിനേക്കാളും ,

എല്ലാ മതങ്ങളും മനുഷ്യ നന്‍‌മക്കാണെന്ന് പഠിപ്പിക്കുകയും മതങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമുണ്ടാക്കാന്‍ വേണ്ട വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍‌പ്പെടുത്തേണ്ടിയിരുന്നു സത്യത്തില്‍ വേണ്ടിയിരുന്നത്.

" മതത്തെ അറിഞ്ഞ് മതത്തെ വേണ്ടെന്ന് വെക്കുന്നതും മതം ആവശ്യമില്ലെന്ന് പഠിക്കുന്നതും ഒന്നല്ല എന്നാണെന്റെ പക്ഷം. "

Thursday, June 26, 2008

മാമ്പൂവും മക്കളും

' എല്ലാ കണക്ക് കൂട്ടലും തെറ്റിയെടോ '


ഫോണില്‍ ദുബായില്‍ ജോലിചെയ്യുന്ന ബന്ധുവിന്‍‌റ്റെ ദുഖം കലര്‍ന്ന വാക്കുകള്‍. ഡിഗ്രിക്ക് പഠിക്കുന്ന മകന്‍ അവസാന വര്‍ഷപരീക്ഷയില്‍ തോറ്റതാണ് കാരണം.നാട്ടില്‍ പോകുമ്പോള്‍ മകനുള്ള വിസ കൊണ്ടു പോകാനും തിരിച്ചുവരുമ്പോള്‍ മകനെ ഒപ്പം കൊണ്ട് വരാനും ഒക്കെതീരുമാനിച്ചിരുന്നതിനാണ് പരീക്ഷയിലെ തോല്‍‌വി തുരങ്കം വെച്ചത്.

സപ്ലിമെന്‍‌റ്ററി പരീക്ഷക്കിരിക്കാവുന്നതല്ലെയുള്ളൂ ഒരു ചെറിയ കാലതാമസം അല്ലെ വരികയുള്ളു എന്ന എന്‍‌റ്റെ മറു ചോദ്യത്തിന് മുഴുനീള വിവരണമായിരുന്നു മറുപടി.ഇരുപത് കൊല്ലമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന അയാള്‍ , മകനെ ഇവിടെ കൊണ്ട് വന്ന് ഒരു ജോലിയാക്കിയതിനു ശേഷം നാട്ടില്‍ പോയി സ്ഥിര താമസമാക്കാനായിരുന്നു ഉദ്ദേശം.

'മകന്‍‌റ്റെ സഹായമില്ലാതെ അങ്ങിനെ ചെയ്തുകൂടെ?'

' മകനാണെന്‍‌റ്റെ സമ്പാദ്യം അവനിലാണ് ഞാന്‍ എല്ലാം മുടക്കിയിരിക്കുന്നത് '

' എല്ലാം ശരി , മകന്‍ തന്നില്ലെങ്കില്‍ എന്തുചെയ്യും? ആ ഒരു സാഹചര്യത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?'

ഒരു കൃത്യമായ മറുപടി അയാള്‍ക്കില്ലായിരുന്നു.

' ഇനിയുള്ള കാലം നാട്ടില്‍ കഴിയാനോ അല്ലെങ്കില്‍ അവിടെ ജോലിയെടുത്ത് ജീവിക്കാനോ പരസഹായമില്ലാതെ പറ്റുമെങ്കില്‍ അതു ചെയ്യുക അതായിരിക്കും ഉത്തമം അല്ലാതെ മകന്‍ നോക്കുമെന്ന പ്രതീക്ഷയില്‍ ഒന്നും ചെയ്യരുതെന്നാണെന്‍‌റ്റെ അഭിപ്രായം '

പുതിയ തലമുറയുടെ ഉത്തരവാദിത്വമില്ലായ്മയുടെ ഒരു വിവരണം കേട്ടപ്പോള്‍ പഴയ ഒരു സംഭവമായിരുന്നു മനസ്സില്‍ വന്നത്.പണ്ട് ഇയാള്‍ ഗള്‍ഫില്‍ പോരാന്‍ ഏജെന്‍‌റ്റിന് പണം കൊടുത്ത് തിരുവനന്തപുരത്ത് താമസിക്കുന്ന കാലം. ഇയാളുടെ പിതാവിന്‍‌റ്റെ വിഷമം കണ്ട് എന്‍‌റ്റെ അമ്മാവനുമായി തിരുവനന്ത പുരത്ത് പോയപ്പോള്‍ ആളെ കണ്ടുകിട്ടിയില്ല , അവസാനം വിശദമായ തിരച്ചിലില്‍ സിനിമാ തീയെറ്ററില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ അതു കണ്ട്നിന്ന പിതാവ് വാവിട്ടു കരഞ്ഞതൊക്കെ മറന്നോ എന്ന എന്‍‌റ്റെ മറു ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം.

************

മക്കളില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ ചെയ്യുക മാത്രമേ മാതാ പിതാക്കള്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണെന്‍‌റ്റെ അഭിപ്രായം.ഇത്തരം സഹായത്തില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസമാണ് , അതായത് ഏറ്റവും നല്ല വിദ്യാഭ്യാസം മക്കള്‍ക്ക് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്‍‌കുക.ഓരോ മക്കള്‍ക്കും വീടുണ്ടാക്കാനും മറ്റും നില്‍‌ക്കുന്നതിനുമുമ്പെ സ്വന്തം കാര്യങ്ങള്‍ മരക്കരുത്.

ഓരോ മനുഷ്യനും ഓരോ ഉത്തരവാദിത്വമുള്ളതുപോലെ അവര്‍ക്ക് ചെയ്യാനുള്ളതവര്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. സ്വന്തം മക്കളായാല്‍ പോലും അവരുടെ ഉത്തരവാദിത്വത്തില്‍ കൈകടത്തുന്നത് നല്ല് ഒരു പ്രവണതയല്ല.

മക്കളില്‍ നിന്നും തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷ ഇല്ലാത്ത കാരണത്താല്‍, തരുന്ന മക്കള്‍ തരാതിരിക്കുകയോ , പ്രതീക്ഷ വെച്ച് പുലര്‍ത്തിയാല്‍ തരാത്ത മക്കള്‍ തരികയോ ഇല്ല.ഓരോരുത്തര്‍ക്കുമുള്ളത് ഓരോരുത്തരും സ്വയം കണ്ടെത്തുകയാണ് ഉത്തമം. ഉമ്മ പറയും :

' മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് '

ഉപ്പ പറയും :

' എനിക്ക് തരേണ്ട എന്നോട് ചോദിക്കുകയും വേണ്ട നിങ്ങളുടെ പക്കല്‍ ഉണ്ടായാല്‍ മാത്രം മതി'

അതിനൊപ്പം തന്നെ ' നല്ല മക്കള്‍ക്ക് ഉണ്ടാക്കേണ്ടതില്ല , നല്ലവനല്ലാത്ത മക്കള്‍ക്കുണ്ടാക്കിയീട്ട് കാര്യവുമില്ല '

നമുക്ക് നമ്മുടെ മക്കള്‍ക്ക് പറ്റാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കാം ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ.