Wednesday, December 17, 2008

ചെരുപ്പേറിലെ അരാഷ്ട്രീയത

അധികാര വര്‍ഗ്ഗങ്ങളോട് എതിര്‍പ്പുകള്‍ ആളുകള്‍ പല രീതിയിലാണ് പ്രകടിപ്പിക്കുക.

യുദ്ധക്കൊതിയനായ ബുഷ് നികൃഷ്ടനായ ഒരാളാണെന്നതില്‍ സംശയമില്ല. വലിയൊരു ജനതയെ നിഷ്ടൂരമായി കൊന്നൊടുക്കിയവനുമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ,ഒരു വലിയ രാജ്യത്ത് ജനാധിപത്യ രീതികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയും ആണെന്നതോര്‍ക്കേണ്ടതാണ്.

സമരം ചെയ്യുക എന്നത് ധാര്‍മികത ഏറ്റവും വേണ്ട ഒന്നാണ്.ഒരെഴുത്തുകാരന്‍ അയാളുടെ തൂലിക ഉപയോഗിച്ചാണ് തന്‍‌റ്റെ അഭിപ്രായത്തെ പ്രകടിപ്പിക്കേണ്ടതും സമരം ചെയ്യേണ്ടതും അതിന് വിരുദ്ധമായി ഒരാളുടെ മുഖത്തേക്ക് ചെരുപ്പെറിഞ്ഞുകൊണ്ടുള്ള പ്രകടനം പരാജയമായേ കാണാനാവൂ.

പത്രപ്രവര്‍ത്തകന്‍ എന്ന സ്ഥാനം തരുന്ന സ്വാതന്ത്ര്യത്തെ/ അധികാരത്തെ അതിന്‍‌റ്റേതല്ലാത്ത കാര്യങ്ങള്‍ക്കല്ലാതെ ഇത്തരം തരം താണ ഒരു പ്രവൃത്തിക്കുപയോഗപ്പെടുത്തിയതിലൂടെ സമരം ചെയ്യാനും അഭിപ്രായപ്രകടനത്തിനുമുള്ള മൗലീകവും ധാര്‍മ്മികവുമായ അവകാശം നഷ്ടപ്പെടുത്തുകയാണയാള്‍ ചെയ്തത്.

എറിഞ്ഞ ചെരുപ്പ് ബുഷെന്ന ഒറ്റ വെക്തിയുടെ മുഖത്ത് മാത്രമല്ല ഒരു വലിയ രാജ്യത്തെ ഒരു വലിയ ജനതയുടെ മുഖങ്ങളിലേക്കാണ് ചെന്ന് പതിച്ചതെന്ന് മനസ്സിലാക്കുമ്പോളാണ് ഈ പ്രവൃത്തിയുടെ തെറ്റിന്‍‌റ്റെ ആഴം മനസ്സിലാക്കാനാവുക.

ബുഷെന്ന വ്യക്തിയോടെനിക്ക് വിയോജിപ്പുകള്‍ മാത്രമുള്ളപ്പോള്‍ തന്നെ ആ പത്രപ്രവര്‍ത്തകന്‍ ഈ പ്രവൃത്തിയിലൂടെ ബുഷിനേക്കാള്‍ അധപതിക്കുകയാണ് ചെയ്തത് , ഇത്തരം പ്രവൃത്തികള്‍ ഏതൊരു രാജ്യവും അപലപിക്കേണ്ടതുതന്നെയാണ്.

46 comments:

Siju | സിജു said...

agree with you

സുല്‍ |Sul said...

ശരി തന്നെ.

-: നീരാളി :- said...

"യുദ്ധക്കൊതിയനായ ബുഷ് നികൃഷ്ടനായ ഒരാളാണ് വലിയൊരു ജനതയെ കൊന്നൊടുക്കിയവനുമാണ് ഇതെല്ലാം സമ്മതിക്കുമ്പോള്‍ തന്നെ അയാള്‍ ഒരു വലിയ രാജ്യത്ത്....."
തറവാടി,
സമരത്തിന്റെ ധാര്‍മ്മികത എവിടെയാണ്‌ നിര്‍ണ്ണയിക്കപ്പെട്ടത്‌. ?

തീ തിന്നുന്ന വേദനയോടെയുള്ള ഒരു മനുഷ്യന്റെ പ്രതികരണമാണത്‌.

ഓര്‍ക്കുന്നില്ലെ, ജാലിയന്‍വാലാബാഗ്‌ സംഭവത്തിനുത്തരവാദിയായ മനുഷ്യനെ പിന്തുടര്‍ന്നു ചെന്ന്‌ ഒരിന്ത്യക്കാരന്‍ വക വരുത്തിയത്‌.

ആത്മാഭിമാനബോധമുള്ള, മനുഷ്യത്വമുള്ള ഒരാളുടെ പ്രവര്‍ത്തിയല്ലെ അത്‌.

മനുഷ്യത്വത്തിനുമുമ്പില്‍ ഭരണാധികാരിയുടേയോ എന്തിന്‌ പത്രപ്രവര്‍ത്തകന്റേയോ "സ്ഥാന"ത്തിന്‌ എന്തു വില ? എന്നാല്‍ ചില വിലകേടുകള്‍ വലിയ വില നിര്‍ണ്ണയിക്കുകയും ചെയ്യുന്നു.

സദ്ദാമിന്റെ ജീവന്‌ ലോക ജനതയില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്തേ മറിച്ചു സംഭവിച്ചു ?

Radheyan said...

എല്ലാവരും സംസ്ക്കാരസമ്പന്നതയോടെ പെരുമാറുന്ന ഒരു ലോകത്താണ് അയാള്‍ ചെരുപ്പെറിഞ്ഞിരുന്നതെങ്കില്‍ താങ്കളോട് ഞാന്‍ നൂറു പ്രാവശ്യം യോജിച്ചേനേ.മനുഷ്യന്‍ സകല മര്യാകളുടെ സീമകള്‍ സ്വയം മറന്നു പോകുന്നതും ക്ഷമയുടെ നെല്ലിപ്പലകകള്‍ തകര്‍ന്നു പോകുന്നതുമായ അവസ്ഥകളില്ലേ,ഒബ്ജക്റ്റീവല്ലാതെ തികച്ചും സബ്ജക്റ്റീവായ അത്തരം ഒരു നിമിഷത്തിലാണ് അയാള്‍ അത് ചെയ്തതെങ്കില്‍ ഞാന്‍ അതില്‍ കുറ്റം കാണില്ല.കാരണം ബുഷ് അത് അര്‍ഹിക്കുന്നു.പക്ഷെ എങ്കിലും അത് ചെയ്യാമോ എന്ന ചോദ്യം വീണ്ടുവിചാരത്തിന്റേതാണ്.അത് പ്രകടിപ്പിക്കാവുന്നൊരു മാനസിക അവസ്ഥയിലാണ് ഒരു ഇറാക്കിയുമെന്ന് തോന്നുന്നില്ല.കാരണം അവര്‍ നമ്മെ പോലെ സമശീതോഷ്ണതയില്‍ ഇരുന്ന് ഉപരിപ്ലവമായ എതിര്‍പ്പുകള്‍ ആരും കേള്‍ക്കാതെ പിറുപിറുക്കാവുന്ന സൌഖ്യത്തിലല്ല,എല്ലാം നഷ്ടപ്പെടുന്ന,കുഞ്ഞുങ്ങളുടെ കബന്ധങ്ങള്‍ കുന്നു കൂടുന്ന,അംഗഹീനര്‍ ആലംനഹീനരായി ആര്‍ത്തുകരയുന്ന അശാന്തിയുടെ നടുകടലിലാണ്.അവിടെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കോഡ് ഓഫ് കണ്ടക്റ്റുമായി പോകരുതെന്ന് എനിക്ക് തോന്നുന്നു.ലോകത്തിന് ഇറാക്കിയെ വിധിക്കാന്‍ അവകാശമില്ല,കാരണം ഇത്ര ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും അവരെ രക്ഷിക്കാന്‍ ഐക്യരാഷ്ട്രസംഘടനയ്ക്കോ മറ്റൊരു രാജ്യത്തിനോ എനിക്കോ നിങ്ങള്‍ക്കോ കഴിഞ്ഞില്ല.അവരുടെ സമരങ്ങളുടെ രീതിശാത്രവും നീതിശാസ്ത്രവും അവര്‍ തന്നെ രചിക്കട്ടെ.

e-Pandithan said...

മുറിവേറ്റ മനസ് ശരീരത്തെ കീഴടക്കതിരികാന്‍ ശീലിക്കണം നമ്മള്‍

സന്തോഷ്‌ കോറോത്ത് said...

"സമരം ചെയ്യുക എന്നത് ധാര്‍മികത ഏറ്റവും വേണ്ട ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്"
നൂറു ശതമാനം യോജിക്കുന്നു :)

"യുദ്ധക്കൊതിയനായ ബുഷ് നികൃഷ്ടനായ ഒരാളാണ് വലിയൊരു ജനതയെ കൊന്നൊടുക്കിയവനുമാണ്..."

അമേരിക്കയിലെ ഒരു ഭൂരിപക്ഷം ബുഷിന്‍റെ പിന്നിലുണ്ടായിരുന്നു :)

മുസ്തഫ|musthapha said...

രാധേയന്റെ കമന്റിനടിയിലൊരൊപ്പ്...

ഇത്രേം കൂടെ,

ക്രൂരനായ ഓരോ ഭരണാധികാരിക്കു നേരേയും, അവനെത്രമാത്രം സുരക്ഷാവലയങ്ങളാല്‍ പൊതിയപ്പെട്ടവനായാലും ശരി അവനു നേരെ വരാന്‍ പാകത്തിലൊരു ചെരിപ്പ് ഏതെങ്കിലുമൊരു കോണില്‍ തയ്യാറായിരിപ്പുണ്ടെന്ന് ഓരോ ഭരണാധികാരിയേയും ഓര്‍മിപ്പിക്കുന്നു ഈ സംഭവം

അരവിന്ദ് :: aravind said...

ബുഷിന് ഏറ് കിട്ടേണ്ടതാണെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ, തറവാടിയുടെ ഈ സമീപനത്തോട് 100% യോജിക്കുന്നു.
ജനാധിപത്യപരമായ ചെരുപ്പേറ് അമേരിക്കക്കാര്‍ കൊടുത്തുകഴിഞ്ഞല്ലോ.

തറവാടി said...

നീരജ്,

ധാര്‍മ്മികതയില്ലാത്ത പ്രതിഷേധപ്രകടനത്തെ സമരമുറയായല്ല അക്രമമായേ കാണാനാവൂ ഇതിന്‍‌റ്റെ അടുത്ത പടിയാണ് ഭീകരവാദം.

സദ്ദാമിന്‍‌റ്റെ ജീവന് ലോക ജനതയില്‍ ഭൂരിപക്ഷത്തിന്‍‌റ്റെ പിന്തുണ ലഭിക്കാന്‍ കാരണം അയാളുടെ ക്രൂതയുടെ കുറവുകൊണ്ടല്ല എതിരാളിയായ ബുഷിന്‍‌റ്റെ ക്രൂരതയുടെ കൂടുതല്‍ കൊണ്ടാണ്.

Radheyan said...

ഭഗത് സിങ്ങും സുഭാഷ് ബോസും ഭീകരരായിരുന്നുവോ?

തറവാടി said...

>>എല്ലാവരും സംസ്ക്കാരസമ്പന്നതയോടെ പെരുമാറുന്ന ഒരു ലോകത്താണ് അയാള്‍ ചെരുപ്പെറിഞ്ഞിരുന്നതെങ്കില്‍ താങ്കളോട് ഞാന്‍ നൂറു പ്രാവശ്യം യോജിച്ചേനേ.<<

അങ്ങിനെയെങ്കില്‍ ഇത്തരം ഒരു പ്രകടനത്തിന്‍‌റ്റെ ആവശ്യമുണ്ടായിരുന്നില്ലല്ലോ രാധേയാ.
ബുഷിനെതിര പ്രകടിപ്പിക്കാനുള്ള ഒരു ഇറാക്കിയുടെ അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഞാന്‍ പറയുന്നത് , രീതി ശരിയായില്ലെന്ന്.

ഒരു പത്രപ്രവര്‍ത്തകന്‍ അവന്‍‌റ്റെ സ്വാതന്ത്ര്യത്തെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നതും ഒരു പൊതുസ്ഥലത്ത് വെച്ച് ഒരു സാധാരണക്കാരന്‍ ബോമ്പെറിയുന്നതും വെത്യാസമില്ല.

തറവാടി said...

>>ഭഗത് സിങ്ങും സുഭാഷ് ബോസും ഭീകരരായിരുന്നുവോ<<

അപ്പോള്‍ റഫറന്‍സ് മാറില്ലേ രാധേയാ.

ഇറാക്കിയിലെ ഒരു പൗരന്‍ ബോമ്പെടുത്ത് സമരം ചെയ്താലും അഹിംസയായി സമരം ചെയ്താലും ഇറാക്കിലെ ആളുകള്‍ക്ക് സ്വാതന്ത്ര്യസമരസേനാനിയായിരിക്കും പക്ഷെ അമേരിക്കക്കാരന് / പുറത്തുള്ളവര്‍ക്ക് അങ്ങിനെയാവില്ലല്ലോ അവര്‍ക്ക് ഭീകരവാദിയോ അക്രമം ചെയ്തവനോ ഒക്കെയല്ലേ ആവുകയുള്ളൂ.

മൂര്‍ത്തി said...

സദ്ദാമിന്‍‌റ്റെ ജീവന് ലോക ജനതയില്‍ ഭൂരിപക്ഷത്തിന്‍‌റ്റെ പിന്തുണ ലഭിക്കാന്‍ കാരണം അയാളുടെ ക്രൂതയുടെ കുറവുകൊണ്ടല്ല എതിരാളിയായ ബുഷിന്‍‌റ്റെ ക്രൂരതയുടെ കൂടുതല്‍ കൊണ്ടാണ്.

പത്രപ്രവര്‍ത്തകന്റെ ചെരുപ്പേറ് ശരി ആകുന്നത് (തെറ്റല്ലാതാകുന്നത്) അതിനേക്കാള്‍ എത്രയോ എത്രയോ വലിയ തെറ്റുകാരനെതിരെയാണയാള്‍ ചെരുപ്പെറിഞ്ഞത് എന്നതുകൊണ്ടാണ്.

തറവാടി said...

കൊറോത്തേ,

ധാര്‍മ്മികത എന്നത് ഭൂരിപക്ഷമുണ്ടെന്ന് കരുതി ഇല്ലാതാവില്ലല്ലോ.

തറവാടി said...

മൂര്‍ത്തി,

അവിടെയാണ് ധാര്‍മികതയുടെ പ്രസക്തി. തെറ്റിനെ തെറ്റുകൊണ്ടല്ല എതിര്‍ക്കേണ്ട്ത്.

കാവലാന്‍ said...

"പത്രപ്രവര്‍ത്തകന്‍ എന്ന സ്ഥാനം തരുന്ന സ്വാതന്ത്ര്യത്തെ/ അധികാരത്തെ അതിന്‍‌റ്റേതല്ലാത്ത കാര്യങ്ങള്‍ക്കല്ലാതെ ഇത്തരം തരം താണ ഒരു പ്രവൃത്തിക്കുപയോഗപ്പെടുത്തിയതിലൂടെ സമരം ചെയ്യാനും അഭിപ്രായപ്രകടനത്തിനുമുള്ള മൗലീകവും ധാര്‍മ്മികവുമായ അവകാശം നഷ്ടപ്പെടുത്തുകയാണയാള്‍ ചെയ്തത്."

അവസരങ്ങള്‍,കടമകള്‍ ദുരുപയോഗം ചെയ്യുന്നവരുടെ തലതിരിഞ്ഞ ലോകത്തിലാണു നമ്മുടെ ജീവിതം.
ഭരണാധികാരം ദുരുപയോഗം ചെയ്ത് ഒരു ജനതയെ നിരാലംബരാക്കിയ ബുഷ് ചെരിപ്പിനേക്കാള്‍ നികൃഷ്ടമായതര്‍ഹിക്കുന്നുണ്ട്.എങ്കിലും അതൊരിക്കലും ഒരു പത്രപ്രവര്‍ത്തകന്റെ പക്ഷത്തുനിന്നുമല്ലായിരുന്നു
വരേണ്ടിയിരുന്നത്.ഗതികെട്ടവന്റെ അവസാനത്തെ ആയുധമെന്നൊക്കെ പറയാമെങ്കിലും അയാള്‍ ദുരുപയോഗം ചെയ്തത് ഒരു പദവിയാണ്.പത്രപ്രവര്‍ത്തനം എന്ന കടമ മറക്കാതെ അയാളൊരിക്കലും പ്രതികാരവാഞ്ഛയ്ക്ക് അടിമപ്പെടില്ലായിരുന്നു.

തറവാടീ,താങ്കളോട് യോജിക്കാതെ നിവൃത്തിയില്ല.

Radheyan said...

“ഒരു പത്രപ്രവര്‍ത്തകന്‍ അവന്‍‌റ്റെ സ്വാതന്ത്ര്യത്തെ“

ഇറാക്കിയുടെ സ്വാതന്ത്ര്യം അമേരിക്ക നിശ്ചയിക്കുന്നിടത്താണ് തറവാടി ഇത്തരം പ്രതിഷേധങ്ങളുണ്ടാകുന്നത്....

“ബുഷിനെതിര പ്രകടിപ്പിക്കാനുള്ള ഒരു ഇറാക്കിയുടെ അവകാശത്തെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഞാന്‍ പറയുന്നത് , രീതി ശരിയായില്ലെന്ന്”.

ബുഷിനെതിരേ ഇറാക്കികള്‍ക്ക് വേറെ ഏത് രീതിയില്‍ പ്രതിഷേധിക്കാന്‍ കഴിയും എന്ന് ദയവായി പറഞ്ഞു തരിക...

ഷിയാക്കളും സുന്നികളും തമ്മില്‍ തമ്മില്‍ ബോംബ് പൊട്ടിച്ച് ചാകുകയും കൊല്ലുകയും ചെയ്യുന്നതില്‍ എത്ര നല്ലതായിരുന്നു ആ ചെരുപ്പേറ്.ഒന്നുമല്ലെങ്കില്‍ അവരുടെ ഈ ദുരിതത്തിന്റെ ജം‌റക്കിട്ടല്ലേ അയാള്‍ ചെരുപ്പെറിഞ്ഞത്.അയാളില്‍ ഒരു ഭീകരന്റെ പകയല്ല ഞാന്‍ കണ്ടത് ഒരു നിസ്സഹായന്റെ ആംഗ്വിഷ് മാത്രമാണ്.

മുസ്തഫ|musthapha said...

കാവലാന്‍, അയാള്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിലെ പൗരനും കൂടെയാണ്, ആ ദുരിതത്തിനു കാരണക്കാരനായ ഒരാളോട് പ്രതികരിക്കാന്‍ കിട്ടിയ ഒരവസരത്തില്‍ അയാള്‍ക്ക് മറ്റു മൂല്യങ്ങളൊന്നും തന്നെ വിലപ്പെട്ടതായി തോന്നിക്കാണില്ല...

chithrakaran ചിത്രകാരന്‍ said...

ചെരിപ്പെറിഞ്ഞവന്‍ തെറ്റു ചെയ്തുവോ,ശരിചെയ്തുവോ
എന്നതിലുള്ള വിധി ഒരോരുത്തരുടേയും പക്ഷപാത രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്നാല്‍, ആ പ്രവര്‍ത്തി ചെയ്തയാള്‍ അതിന്റെ
ഭവിഷ്യത്ത് ഒറ്റക്ക് ഏറ്റെടുക്കുകയാണു ചെയ്യുന്നത്.
അത് അയാളുടെ മാത്രം ശരിതെറ്റാണ്.

അയാള്‍ ചെരിപ്പെറിഞ്ഞതില്‍ നമ്മള്‍ സന്തോഷിക്കുകയോ,ദുഖിക്കുകയോ ചെയ്യുന്നതില്‍
ഒരു ഗെയിം സ്പിരിട്ടുമാത്രമാണുള്ളത്.
വെറുതെ, ഒരു അഭിനിവേശത്തിന്റെ പുറത്തുള്ള പക്ഷം ചേരല്‍ ! അതിനു കുറെ ന്യായീകരണങ്ങളുമുണ്ടാകാം.പക്ഷേ, ആ ന്യായീകരണങ്ങളിലേക്കൊന്നും നമുക്ക് രക്തക്കുഴലുകളില്ല. നാം കാണികള്‍ മാത്രമാണ്, കളിക്കാരല്ല.

തെറ്റിനെ തെറ്റുകൊണ്ട് ന്യായികരിക്കാനാകില്ല എന്നാണു വിശ്വസിക്കുന്നത്. സത്യംകൊണ്ടും,
നന്മകൊണ്ടും തന്നെ പ്രതിരോധിക്കുമ്പോഴേ
നമ്മള്‍ മനുഷ്യരാകുന്നുള്ളു. ഇസ്ലാമിക രാജ്യങ്ങള്‍
അഹിംസയുടെ നന്മയിലേക്ക് വളര്‍ന്ന് ലോകജനതയുടെതന്നെ ഹൃദയത്തിലിടംനേടിയാല്‍ ഈ പൊല്ലാപ്പുകളൊന്നുമില്ല.

അഹിംസയേയും,മനുഷ്യസ്നേഹത്തേയും
നെഞ്ചിലേറ്റാന്‍
വൈകിയാല്‍ പാക്കിസ്ഥാന്‍‌കാരും,ഇന്ത്യക്കാരുംകൂടി താമസിയാതെ ചെരുപ്പേറ് പരിശീലിക്കേണ്ടിവരും.

സ്വന്തം മതത്തിന്റെ ചങ്ങലകളറുത്തുമാറ്റാന്‍ കഴിയാത്തവരാണോ ലോകത്തെ ചെരുപ്പെറിഞ്ഞ് നന്നാക്കാന്‍പോകുന്നത് !

kadathanadan:കടത്തനാടൻ said...

ഇന്ന് ലോകം കണ്ടിട്ടുള്ള,ജീവിച്ചിരിക്കുന്ന യുദ്ധ ക്കുറ്റവാളിയെന്ന് വിളിക്കുന്ന,ലോകത്തിലെ ബഹു ഭൂരിപക്ഷവും അരുതെന്ന് വിലക്കിയിട്ടും അതിന്റെ ഭവിഷ്യത്ത്‌ ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടും അനുസരിക്കാത്ത,ഗാന്ധിയൻ ചേരി-ചേരാക്കാരനെ പോലും കുറ്റകൃത്യത്തിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടിരിക്കുന്ന ,മണി-മസിൽ പവറിന്റെ ആൾ രൂപത്തെ കുറ്റവിചാരണ ചെയ്ത്‌ ശിക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന, നീതി നടപ്പാവില്ലെന്ന സന്ദേശം അരാഷ്ട്രീയതയിലൂടെ ആശങ്കയും നിരാശയും ജ്വലിപ്പിക്കുന്നതിലൂടെ ഇവിടെ വളരുന്നത്‌ അല്ല വളർത്തുന്നത്‌ ഒറ്റയാൻ ആക്രമണങ്ങളുടെ രാഷ്ട്രീയത്തെ തന്നെയാണ്..സൂചിപ്പിക്കുന്നത്‌ അപ്പോഴും സമ്രാജ്യത്വരാക്ഷസീയതയെ അതിന്റെ നാനാമുഖമായ ഭീകരതയെ ചെറുത്തു തോൽപ്പിക്കാൻ തടയാൻ ഫലപ്രദമായ ബദൽ നിർദ്ദേശങ്ങളോ,പദ്ധതികളോ മുന്നോട്ട്‌ വെക്കാതെ , അതിന്റെ അഭാവത്തിൽ അതിന്റെ അഭാവം കൊണ്ട്മാത്രം സ്വാഭാവികമായി രൂപം പ്രാപിക്കുന്ന പ്രതിക്ഷേധങ്ങളിൽ ,പ്രതികരണങ്ങളിൽ പ്രയോഗിക്കേണ്ട ഉപകരണങ്ങളെന്തായിരിക്കണം എന്നുമാത്രം ചർച്ച ചെയ്യുന്നതും ഗുണകരമല്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചിലകാര്യങ്ങളോട് ഒരു ചെരിപ്പെറിഞ്ഞെങ്കിലും പ്രധിഷേധിക്കണ്ടേ? ബുഷ് ഭരണം കൊന്നൊടുക്കിയ നിരപരാധികള്‍ക്ക് വേണ്ടിയെങ്കിലും? പ്രതികരിക്കാന്‍ ഒരു ശേഷിയുമില്ലാത്ത ജനതയുടെ മുഖത്ത് നോക്കി യുദ്ധം അവസാനിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ ആ ചെരിപ്പേറിനെ ന്യായീകരിക്കാന്‍ തോന്നുന്നു. എഴുത്തുകാരന് പേന മാത്രമല്ല ആവശ്യം വന്നാല്‍ പേനാക്കത്തിയെടുത്തും പ്രതികരിക്കാം.
ഈ ചെരുപ്പേറ് മുഴുവന്‍ അമേരിക്കക്കാര്‍ക്കുമാണെന്ന് കരുതാന്‍ വയ്യ. ഇനി ബുഷ് പറയുന്നത് ന്യായീകരിക്കുന്ന അമേരിക്കക്കാരുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ഏറ് ആ അമേരിക്കക്കാരനും കൂടിയാണെന്നതില്‍ സംശയമില്ല.

യാരിദ്‌|~|Yarid said...

ശരി തറവാടി, നമുക്കെന്നാൽ “ബുഷി”ന്റെ മുന്നിൽ പോയി വേദമോതിക്കളയാം..!

തറവാടി said...

ചിത്രകാരാ,

ലോകത്ത് ആളുകള്‍ ചെയ്യുന്ന തെറ്റ് - ശരി മാറ്റുരച്ചതല്ല , ഒരാളുടെ പ്രവൃത്തി പര്‍വ്വതീകരിക്കപ്പെട്ടതിനേയും ചില മധ്യമങ്ങള്‍ മഹത്തായ ഒന്നായി പരിഗണിക്കയും ചെയ്തതിലുമുള്ള അരാഷ്ട്രീയത പറഞ്ഞതാണ്.

>>സ്വന്തം മതത്തിന്റെ ചങ്ങലകളറുത്തുമാറ്റാന്‍ കഴിയാത്തവരാണോ ലോകത്തെ ചെരുപ്പെറിഞ്ഞ് നന്നാക്കാന്‍പോകുന്നത്<<

സ്വന്തം മതത്തിലുള്ള ചങ്ങലമുറിക്കാന്‍ ഒരാള്‍ക്ക് തോന്നിയാല്‍ ചെരുപ്പെറിയേണ്ടതുണ്ടോ , കൃസ്ത്യാനിയോ ഹിന്ദുവോ ജൂതനോ അതുമല്ലെങ്കില്‍ മതമില്ലാത്തവനോ ഒക്കെ ആയാല്‍ പോരെ?

മൂര്‍ത്തി said...

അങ്ങിനെയൊരു കേവല ധാര്‍മ്മികത ഉണ്ടോ?

തറവാടി said...

മൂര്‍ത്തീ,

ഇന്ദിരാഗാന്ധിക്ക് നേരെ ഒരു സാധാരണ പൗരനായ സിക്കുകാരന്‍ വെടിയുതിര്‍ക്കുന്നതും അവരുടെ അംഗരക്ഷകരിലുള്‍പ്പെട്ട ഒരു സിക്കുകാരന്‍ വെടിയുതിര്‍ക്കുന്നതിലും വല്ല വെത്യാസവും താങ്കള്‍ കാണുന്നുണ്ടോ?

Anonymous said...

സമരം ചെയ്യാനും ധാര്‍മ്മികത വേണം എന്ന ആശയം കുറേക്കൂടി ഇരുത്തിപ്പറയാമായിരുന്നു, കേള്‍ക്കാത്തവര്‍ കേള്‍ക്കണമല്ലോ!

അനില്‍@ബ്ലോഗ് // anil said...

എറിഞ്ഞ ചെരുപ്പ് ബുഷെന്ന ഒറ്റ വെക്തിയുടെ മുഖത്ത് മാത്രമല്ല ഒരു വലിയ രാജ്യത്തെ ഒരു വലിയ ജനതയുടെ മുഖങ്ങളിലേക്കാണ് ചെന്ന് പതിച്ചതെന്ന് മനസ്സിലാക്കുമ്പോളാണ് ഈ പ്രവൃത്തിയുടെ തെറ്റിന്‍‌റ്റെ ആഴം മനസ്സിലാക്കാനാവുക.

തറവാടീ,
അതാണല്ലോ ഈ ഏറിനിത്ര പ്രത്യേകത കൈവരുന്നതും. ലോകം മുഴുവന്‍ അക്രമം പടര്‍ത്തി തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി പായുന്ന അമേരിക്കയുടെ മുഖത്തേക്കു തന്നെയാണ് ആ ചെരിപ്പ് വീണത്.
ലോക ജനാധിപത്യത്തിന്റെ മാതൃകയാണ് അമേരിക്ക എന്നല്ലെ പറയുന്നത്.

തെറ്റോ ശരിയോ എന്നത് നിരീക്ഷിക്കുന്ന ആളിന്റെ വീക്ഷണകോണിനനുസരിച്ചിരിക്കും എന്നതാണല്ലോ മേല്‍ക്കമന്റുകള്‍ കാണിക്കുന്നത്. ലോകത്തിലെ ബഹുഭൂരിപക്ഷവും ഉള്ളിലെങ്കിലും സന്തോഷിക്കുന്നുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്.

തറവാടി said...

>>ത്തിലെ ബഹുഭൂരിപക്ഷവും ഉള്ളിലെങ്കിലും സന്തോഷിക്കുന്നുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്<<

ശരിതന്നെയാണ് അനില്‍ കാരണം എതിര്‍കക്ഷി അമേരിക്ക ഭരിക്കുന്നവനാണല്ലോ!
പണ്ട് അമേരിക്കയിലെ രണ്ട് പ്രധാന കെട്ടിടങ്ങള്‍ ബിന്‍‌ലാദിന്‍ പൊളിച്ചടക്കിയപ്പോളും പലര്‍ക്കും 'ഉള്ളില്‍' ഈ സന്തോഷം ഉണ്ടായത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് അളന്ന് വിലയിരുത്തുന്നതല്ല ശരിയായ രീതി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

മൃദുല്‍രാജ് said...

ബുഷിനെ എറിയണമെന്നുള്ളവര്‍ക്ക് ഇവിടെ എറിയാം..
http://www.kroma.no/2008/bushgame/

ഷാനവാസ്‌ ഇലിപ്പക്കുളം said...

ബുഷിന്റെ സ്വന്തം സ്ഥാപിത താല്‍പര്യങ്ങളുടേ പരിണിതിയായി മാറിയ യുദ്ധത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ജീവഹാനി നേരിട്ടവരുടെ ഉറ്റവരുടെ, അംഗവിഹീനരാക്കപ്പെട്ട ലക്ഷക്കണക്കിന്‌ നിരപരാധികളായ ഇറാഖികളുടെ, പിഞ്ചുകുഞ്ഞുങ്ങളുടെ,എല്ലാം നഷ്ടപ്പെട്ട നിരാലംബരായ അമ്മമരുടെ കരളലിയിക്കുന്ന ദീനരോദനം നേരിട്ട്‌ റിപ്പോര്‍ട്ട്‌ ചെയ്ത ഭാഗ്യഹീനന്‍ കൂടിയാണ്‌ അദ്ദേഹം എന്നതോര്‍ക്കുമ്പോള്‍ ധാര്‍മ്മികത കുറച്ചുനേരത്തേക്കെങ്കിലും മറക്കനാണെനിക്കിഷ്ടം. യുദ്ധം അവസാനിച്ചില്ല, ഇനിയും 3 വര്‍ഷത്തോളം(2011ല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ) അതു തുടരുക തന്നെ ചെയ്യും എന്ന് മറിച്ചൊന്നും പറയെയില്ലെന്ന് ഉറപ്പുള്ള ഒരു ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ വന്ന് ധൈര്യത്തോടെയും അതിലുപരി ധാര്‍ഷ്ട്യത്തോടെയും പറയുന്നവന്‌ ചെരുപ്പുകൊണ്ടുള്ള ഏറ്‌ ഒരര്‍ത്ഥത്തില്‍ തീരെ കുറവല്ലെ? അതിലുപരിയായി ആര്‍ക്കെന്തു ചെയ്യാന്‍ സാധിക്കും? ഒരു ധാര്‍മ്മിക ബോധമുള്ള ആത്മാഭിമാനമുള്ള പൗരനെന്ന നിലയില്‍ അദ്ദേഹം സ്വന്തം രാജ്യത്തോടുള്ള തന്റെ കടമ നിര്‍വ്വഹിച്ചുവെന്നുവേണം കരുതാന്‍! ഒരു അക്രമി വീട്ടില്‍ കയറിവന്ന് സ്വന്തം അമ്മയ്ക്ക്‌ പറയുമ്പോള്‍ ധാര്‍മ്മികതയുടെ പേരില്‍ മേറ്റ്ന്തെകിലും ജനാധിപത്യമാര്‍ഗ്ഗത്തില്‍ പ്രതികരിച്ചുകൂടേ എന്നൊക്കെ കണ്ടുനില്‍ക്കുന്നവര്‍ക്ക്‌ ഭംഗിവാക്ക്‌ പറയാം. നരക തീയില്‍ വേവുന്നവന്‌ അത്‌ സ്വീകാര്യമായിക്കൊള്ളണമെന്നില്ല. കൂട്ട നശീകരണ ശേഷിയുല്ല ആയുധങ്ങള്‍ സംഭരിച്ചിരിക്കുന്നു എന്ന കണ്ണുപൊട്ടുന്ന കള്ളം പറഞ്ഞ്‌ അതിന്റെ പേരില്‍ സദ്ദം കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളില്‍ ചെയ്തു കൂട്ടിയ പാപങ്ങളുടെ എത്രയോ ആയിരം മടങ്ങ്‌ 3 വര്‍ഷം കൊണ്ട്‌ ബുഷ്‌ ചെയ്തുകൂട്ടിയില്ലെ? അത്തരം ഒരു പിശാചിനെ ഒരാള്‍ അയാളുടെ സ്ഥാനത്തിന്‌ അതീതനായി ചെരുപ്പെറിഞ്ഞെങ്കില്‍ അത്‌ അത്രവലിയ പൊറുക്കാനാകാത്ത അപരാധമൊന്നുമല്ല. ബാഗ്ദാദിലെ തെരുവുകളില്‍ നടന്ന പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്‌ അദ്ദേഹം ആയിരക്കണക്കിന്‌ ആള്‍ക്കാരുടെ ഹൃദയവികാരമാണ്‌ ഈ ഒരൊറ്റ ഏറിലൂടെ പ്രതിഫലിപ്പിച്ചതെന്നാണ്‌. ആരൊക്കെ എന്തൊക്കെ ധാര്‍മ്മികതപറഞ്ഞ്‌ എതിര്‍ത്താലും ആതെറ്റിനെ ഒരു വളരെ വലിയ ശരിയായി കാണാനാണിഷ്ടം.

M.A Bakar said...

.
ഒരു ചെരിപ്പ്‌ ആശയും അടയാളവുമാകുന്നു..
.

പപ്പൂസ് said...

തെറ്റിനെ തെറ്റു കൊണ്ടു ശിക്ഷിക്കരുതെന്നോ തറവാടീ!

അമേരിക്കന്‍ പ്രസിഡന്‍റ് ചെയ്തുവെന്ന് നാം വിശ്വസിക്കുന്ന തെറ്റുകള്‍ക്ക്, ചെയ്യുമെന്ന് നമുക്ക് ന്യായമായും കരുതാവുന്ന തെറ്റുകള്‍ക്ക്, ഏതു നീതിവ്യവസ്ഥയുടെ സഹായത്തോടെയാണ് ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത്? പുള്ളി അങ്ങനെ ജീവിച്ചു പൊക്കോട്ടെ, പടച്ചോന്‍ അവിടെ ചെല്ലുമ്പോ കൊടുത്തോളും എന്നാണോ. അതിനു മുമ്പ് ഇത്രയും നല്ലൊരു ശിക്ഷ അയാള്‍ക്ക് വേറെ കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല.

സമരം ചെയ്യാന്‍ ധാര്‍മ്മികത വേണം, എഴുത്തുകാരന്‍ തൂലികയുപയോഗിച്ച് സമരം ചെയ്യണം എന്നോ. നോക്കൂ, ഒരു ചെരിപ്പു കൊണ്ട് അയാള്‍ ചലിപ്പിച്ചത് ലക്ഷക്കണക്കിന് തൂലികകളാണ്. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും അയാള്‍ വിജയിച്ചെന്നേ ഞാന്‍ പറയൂ. നമ്മുടെ മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ ചിലവിടുമ്പോള്‍ ആയിരത്തില്‍ താഴെ വില വന്നേക്കാവുന്ന ഷൂ കൊണ്ട് ഒരു മാസത്തേക്കുള്ള വാര്‍ത്തയാണ് അയാള്‍ സൃഷ്ടിച്ചത്, ആയിരക്കണക്കിന് തൂലികകളാണ് ആ പ്രവൃത്തിയുടെ ശരിതെറ്റുകള്‍ അളന്നത്. വേണ്ടതു തന്നെ. എല്ലാത്തിലും ധാര്‍മ്മികത സ്വപ്നം കണ്ടിരുന്നാല്‍, നേരം വെളുക്കുകയും ഇരുട്ടുകയും നാം മരിക്കുകയും ചെയ്യുമെന്നല്ലാതെ ഒന്നുമുണ്ടാവില്ല. അല്ലെങ്കില്‍ തന്നെ എന്തു കുന്തമാണീ ധാര്‍മ്മികത!

Unknown said...

"എല്ലാത്തിലും ധാര്‍മ്മികത സ്വപ്നം കണ്ടിരുന്നാല്‍, നേരം വെളുക്കുകയും ഇരുട്ടുകയും നാം മരിക്കുകയും ചെയ്യുമെന്നല്ലാതെ ഒന്നുമുണ്ടാവില്ല. അല്ലെങ്കില്‍ തന്നെ എന്തു കുന്തമാണീ ധാര്‍മ്മികത!"

അങ്ങനെ ധാര്‍മ്മികത ഒന്നിലും നോക്കേണ്ടെങ്കില്‍ പിന്നെ ബുഷിനെ എന്തിനാണ് ഹേ കുറ്റം പറയുന്നത്? ഇന്‍ ദി ഫസ്റ്റ് പ്ലേസ്?

ബഷീർ said...

i cant agree with u :(

coz, Bush is not guest. he is a number one criminal than bin laden / saddam

പപ്പൂസ് said...

എല്ലാത്തിലും എന്നതിനെ ഒന്നിലും എന്നു വായിക്കുന്നത് ആല്‍ക്കഹോളിന്‍റെ കുഴപ്പമോ അനോണിയുടെ കുഴപ്പമോ?

കണ്ണടച്ചു, ഇരുട്ടാണ് എന്നു കരുതി എടുത്തടിക്കുമ്പോ ഗ്ലാസ്സു മാറിപ്പോകരുത് ആല്‍ക്കഹോളിക്കേ.

-: നീരാളി :- said...

അധികാരികളുടെ, ആര്‍ത്തി പിടിച്ചവന്റെ ആധാര്‍മ്മികതകൊണ്ടോക്കെ തന്നെയാണല്ലൊ ഇങ്ങിനെ സംഭവിക്കുന്നത്‌. അത്തരം അധാര്‍മ്മികതക്കെതിരായ സ്വാഭാവിക പ്രതികരണമായി വേണം ഇതിനെ വിലയിരുത്താന്‍ എന്ന്‌ വീണ്ടും പറയുന്നു. അതുകൊണ്ടുതന്നെ ഇതില്‍ ധാര്‍മ്മികതയുണ്ട്‌. നീതികേടിനെതിരായ നിസ്സഹായനായ ഒരു രാജ്യക്കാരന്റെ പ്രതികരണം ആയതുകൊണ്ടാണ്‌ അങ്ങിനെ വരുന്നത്‌.

സമരങ്ങള്‍ക്ക്‌ ധാര്‍മ്മികത ആവശ്യമുണ്ട്‌ എന്ന വാദത്തെ അംഗീകരിക്കുന്നു. എന്നാല്‍ ദുരിത സാഹചര്യങ്ങളില്‍, ചില പ്രതികരണങ്ങള്‍ എല്ലാതരം ചിട്ടവട്ടങ്ങളേയും ലംഘിച്ചേക്കാം. അതൊന്നും ഭീകരവമാദമായി കണക്കാക്കാനും വയ്യ. അങ്ങിനെയായിരുന്നുവെങ്കില്‍ ലോകത്തു നടന്ന എല്ലാ വിപ്ലവങ്ങളേയും ചരിത്രം ഭീകരവാദമായി ചിത്രീകരിച്ച്‌ ചവറ്റുകൂട്ടയിലെറിഞ്ഞേനെ. ഓരോന്നിന്റേയും ലക്ഷ്യബോധമാണ്‌ ഇത്തരം കാര്യങ്ങളെ നിര്‍ണ്ണയിക്കുന്നത്‌.

കടവന്‍ said...

agree with you

തറവാടി said...

ചിന്തയോട് അഗ്രീ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നന്ദി.

myexperimentsandme said...

തറവാടിയോട് യോജിക്കുന്നു.

(ബുഷിനോട് ഒട്ടുമേ യോജിക്കുന്നില്ല) :)

ആരോ ബ്ലോഗില്‍ തന്നെ പറഞ്ഞതുപോലെ അഫ്‌ഗാനിസ്ഥാനിലെ ഒരു നേതാവിനെ വധിച്ചവരും പത്രപ്രവര്‍ത്തകരായാണ് ചെന്നത്. ഇതിന്റെ ഒരു ഫലമായി എനിക്ക് തോന്നുന്നത്, ഇനി ബുഷിന്റെയൊക്കെ പത്രസമ്മേളനത്തില്‍ ഓരോ പത്രപ്രവര്‍ത്തകനും എത്രപ്രാവശ്യം ശ്വാസം വലിക്കണമെന്ന് വരെ തീരുമാനിച്ച് അത്രയും പ്രാവശ്യം മാത്രമേ ശ്വാസം വലിക്കൂ എന്നുറപ്പുള്ളവരെ മാത്രമേ ആ ഏരിയായിലേക്ക് അടുപ്പിക്കൂ. ഒരുമാതിരിപ്പെട്ട പത്രപ്രവര്‍ത്തകരൊക്കെ ബുഷിനെപ്പോലുള്ളവര്‍ പറഞ്ഞത് കേട്ടത് കേട്ടെഴുതുമ്പോള്‍ (വ്യാഖ്യാനത്തിന്‍ മേല്‍ വ്യാഖ്യാനം) ബുഷിനെപ്പോലുള്ളവരുമായി നേരിട്ട് സംവദിക്കുന്നവര്‍ ഏറാന്‍ മൂളികള്‍ മാത്രമായി തീരാനും സാധ്യത (എന്റെയൊരു തോന്നല്‍ മാത്രം).

ഇന്ദിരാഗാന്ധിക്ക് നേരെ ഒരു സാധാരണ പൗരനായ സിക്കുകാരന്‍ വെടിയുതിര്‍ക്കുന്നതും അവരുടെ അംഗരക്ഷകരിലുള്‍പ്പെട്ട ഒരു സിക്കുകാരന്‍ വെടിയുതിര്‍ക്കുന്നതിലും വല്ല വെത്യാസവും താങ്കള്‍ കാണുന്നുണ്ടോ?

രണ്ട് പേരുടെയും വെടിയുതിര്‍ക്കലിനെ ഒരു രീതിയിലും ന്യായീകരിക്കുന്നില്ലെങ്കിലും വ്യത്യാസമുണ്ട് എന്നാണ് എന്റെ അഭിപ്രായം.

തറവാടി said...

വക്കാരീ ,

ആ വെത്യാസമാണ് പലര്‍ക്കും മനസ്സിലാവാത്തതും അല്ലെങ്കില്‍ മനസ്സിലാക്കാത്തതും :(

ഒരോഫ് ( ഞാന്‍ തന്നെ അടിക്കട്ടെ ! )
ഈ വെത്യാസം തന്നെയാണ് കന്യാസ്ത്രീയുടെ പ്രശ്നത്തേയും ഒരു സാദാ സ്ത്രീയില്‍ നിന്നും വിഭിന്നമാക്കുന്നതും.ഉള്‍ക്കൊണ്ട വിയോജിപ്പാണ് ഉള്‍ക്കൊള്ളാത്ത യോജിപ്പിനേക്കാള്‍ ഉത്തമം! :)

Anonymous said...

തറവാട്‌ കൊള്ളയടിച്ച്‌ ആണുങ്ങളെ കൊന്നൊടുക്കി പെണ്ണുങ്ങളെ ബലാത്സംഗം ചെയ്ത്‌ കുട്ടികളെ കൊന്നൊടുക്കി .പിന്നെ അതൊക്കെ അയല്‍ക്കാര്‍ക്ക്‌ വേണ്ടി ചെയ്തതാണെന്നും അല്ല ഒരു അബദ്ധം പറ്റിയതാണെന്നു പറയുന്ന കൊലപാതകിയായ കള്ളനെ നിങ്ങള്‍ അന്തപ്പുരത്തില്‍ പട്ടുമെത്തയില്‍ തന്നെ കിടത്തണം

പത്ര പ്രവര്‍ത്തകന്‍ എന്നാല്‍ എന്താ വല്ല അന്യഗ്രഹ ജീവിയാണോ മിസ്റ്റര്‍ തറ ?

ആളാവാന്‍ വേണ്ടി ഒരോ ചര്‍ച്ച
ത്ഫൂ..

ഞാനു എന്റെ ചന്തികളും ??????????

farewell party

തറവാടി said...

AK,

താങ്കളുടെ ആദ്യത്തെ പാരഗ്രാഫ് Ok.
ബാക്കിയുള്ളത് ഇവിടെ വേണ്ട! mind it.

ഓ.ടോ:

താങ്കള്‍ക്ക് ചര്‍ച്ചിക്കാന്‍ ഇത് ഇസ്ലാം മതത്തെപ്പറ്റിയുള്ള പോസ്റ്റല്ല!

യാരിദ്‌|~|Yarid said...

ഹഹ, തറവാടി അതിഷ്ടപെട്ടു. ചില ക്ഷുദ്രജീവികളെയൊക്കെ അപ്പോള്‍ തന്നെ നിയന്ത്രിക്കണം. ഇല്ലേല്‍ പിന്നെ വല്യ ശല്യമാകും.!

prachaarakan said...

here is a article regarding the subject. pls read

സ്വാതന്ത്ര്യത്തിന്റെ പാദുക ചുംബനം

thank you

വല്യമ്മായി said...

എ.കെ,

കോപം അടക്കി ക്ഷമ പാലിക്കുന്നവനാണ് ഗുസ്തിയില്‍ ജയിക്കുന്നവനേക്കാള്‍ ശക്തിമാനെന്നും തേളിന്റെ കടി ഏറ്റിട്ടാണെങ്കിലും അതിനെ രക്ഷിക്കലാണ് തന്റെ കടമയെന്ന് തന്റെ ചര്യകളിലൂടെ കാണിച്ചു തന്ന പുണ്യ റസൂല്‍ മുഹമ്മദ് മുസ്തഫാ (സ.അ) കാണിച്ചു തന്ന പാതയിലൂടെ തന്നെയാണോ ചരിക്കുന്നതെന്ന് ഒരു സ്വയം പരിശോധന നടത്തിയിട്ടു പോരെ എഴുതിയത് മുഴുവന്‍ മനസ്സിലാകാതെയുള്ള ഈ വികാര പ്രകടനം?

മൃദുല്‍രാജ് said...

ഇതൊക്കെ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ AK എങ്ങനെ കമന്റിടും വല്യമ്മായി.. പുള്ളീ യഥാര്‍ത്ഥ സ്വഭാവം മുമ്പ് മൈനയുടെ പോസ്റ്റില്‍ കാണിച്ചു തന്നിട്ടുണ്ടല്ലോ.