Wednesday, December 31, 2008

വല്ലയിടത്തേക്കും മാറാന്‍ നോക്ക്!

കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണ് ' ഗള്‍ഫൊക്കെ കഴിഞ്ഞു ഇനി അവിടേക്ക് പോയിട്ടൊന്നും ഒരു കാര്യവുമില്ല ' എന്ന വാക്കുകള്‍. ഇക്കയുടെ കൂട്ടുകാരും മറ്റും ഗള്‍ഫില്‍ നിന്നും വന്ന് ഉപ്പയുമായി സംസാരിക്കുന്നതിനിടയിലും ഈ വാക്കുകള്‍ പലരും ആവര്‍ത്തിക്കുന്നത് കേട്ടിട്ടുണ്ട്. ഒരിക്കല്‍ സാഹചര്യമൊത്തുവന്നപ്പോള്‍ ഈ വാക്കുകള്‍ ആവര്‍ത്തിച്ച ഒരാളുടെ അടുത്തേക്ക് ചെന്നു


' അല്ല നിങ്ങളെന്തിനാ പിന്നെ വീണ്ടും അങ്ങോട്ട് പോകുന്നത്? '
ഒരു ദീര്‍ഘനിശ്വാസമായിരുന്നു അയാളില്‍ നിന്നുമുണ്ടായത്. ' അനക്കത് പറയാം ജീവിക്കേണ്ടെടാ? '.

തൊണ്ണൂറിന്‍‌റ്റെ പകുതിയില്‍ ഇവിടെ വരാനുള്ള താത്പര്യം അറിഞ്ഞ പലരും എന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്

' ദുബായൊക്കെ അവസാനിച്ചെടാ , ഞങ്ങളെന്നെ അവിടേന്നും തിരിച്ചുപോരാന്‍ നോക്കുകയാ '

ഇതിപ്പോള്‍ പറയാന്‍ ഒരു കാരണം മുകളിലുള്ള കൂട്ടല്ലാത്ത മറ്റൊരു കൂട്ടവും ഉണ്ടെന്നറിഞ്ഞതിനാലാണ്.
കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ പങ്കുകൊണ്ട ഒരു കൂടിച്ചേരലില്‍ ഉണ്ടായ സംഭാഷണമാണ്. സ്വാഭാവികമായും മിക്കവരും സംസാരിച്ചത് സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ടതുതന്നെ. പലരുടെയും സംസാരത്തില്‍ നിന്നും മിക്കവരും ഭയത്തിലാണെങ്കിലും പ്രതീക്ഷ കൊണ്ടുനടക്കുന്നവരുമാണെന്ന് മനസ്സിലാക്കാനായി.

ഇതിനിടക്കാണ് ഞങ്ങളെല്ലാം നന്നായറിയുന്ന ഒരാളെ മുന്നിലേക്ക് നിര്‍ത്തിയീട്ട് മറ്റൊരാള്‍ അറിയീച്ചത് , നിങ്ങളെല്ലാം അറിഞ്ഞില്ലേ ചേട്ടന്‍ അടുത്തമാസം എല്ലാം അവസാനിപ്പിച്ച് പോകുകയാണെന്ന കാര്യം?

മുപ്പത് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന അയാള്‍ക്ക് സാമാന്യം നല്ല നിലയില്‍ സമ്പത്തും ഉണ്ടാക്കാനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതിനാല്‍ എല്ലാ തയ്യാറെടുപ്പുകളും എടുത്ത് കഴിഞ്ഞിരിക്കുന്നു.തുടര്‍ന്നുള്ള സംസാരം നാടിനെപ്പറ്റിയും മറ്റുമായി മാറിയെങ്കിലും അദ്ദേഹത്തില്‍ നിന്നുണ്ടായ ആദ്യവാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ വല്ലാതാക്കി.

' ദുബയിയൊക്കെ കഴിഞ്ഞെടാ മക്കളെ വേറെ വല്ലയിടത്തേക്കും മാറാന്‍ നോക്ക്! '

വര്‍ഷങ്ങള്‍ പരിജയമുള്ള ഒരാളുടെ ഉപദേശത്തേക്കാള്‍ ഞാനെല്ലാം നേടിക്കഴിഞ്ഞു ഇനി എന്തായാലെന്താ എന്ന് കരുതുന്ന ഒരാളുടെ പരിഹാസമായേ അതിനെ തോന്നിയുള്ളു എന്നതിനാല്‍ മറുപടി ഒരു ചിരിയിലൊതുക്കി ഞങ്ങള്‍ നാട്ടിലെ മഴയെപ്പറ്റി സംസാരം തുടര്‍ന്നു.

10 comments:

തറവാടി said...

ഊറ്റിക്കുടിച്ചരുടെ ഉപദേശം

Anonymous said...

പാലം കടക്കുവോളം ....., അങ്ങനെ തുടങ്ങുന്ന ഒരു ചൊല്ലില്ലെ നാട്ടില്‍, ഇങ്ങനെ എത്ര പേര്‍. ഒന്നും മാറില്ല, എല്ലം ഇങ്ങനൊക്കെ തന്നെ

കാസിം തങ്ങള്‍ said...

തങ്ങളുടെ കാര്യങ്ങളൊക്കെ കഴിഞ്ഞു. ഇനി എന്തായാലെന്താ എന്ന് ചിന്തിക്കുന്നവര്‍ ഒട്ടും കുറവല്ല തറവാടീ.

അനില്‍ശ്രീ... said...

സാമ്പത്തികമായി നോക്കിയാല്‍ ഇപ്പോഴും നാടിനേക്കാള്‍ മെച്ചം ഇവിടെ തന്നെയാണ്. സാങ്കേതിക രംഗത്തുള്ളവരേയും പ്രൊഫഷണലുകളേയും മാത്രമേ ഈ കണക്കെടുപ്പില്‍ കൂട്ടുന്നുള്ളു. സാധാരണ തൊഴിലാളികളുടെ കാര്യമല്ല പറയുന്നത്. ഇനി വരുന്ന ദിനങ്ങള്‍ എങ്ങനെയാണെന്ന് അറിയില്ല.

സാമ്പത്തിക മാന്ദ്യം എന്ന രാക്ഷസന്‍ പിടി കൂടിയിട്ടുണ്ടെങ്കിലും ഈ സ്ഥിതി മാറും എന്ന പ്രതീക്ഷ തന്നെയാണ് ഇവിടെ പിടിച്ചു നിര്‍‍ത്തുന്നത്. ചിലരെയെങ്കിലും ഇത് പ്രതികൂലമായി ബാധിച്ചു എന്നത് മറക്കുന്നില്ല. ( ഒരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു) .

പിന്നെ പറയുന്നവര്‍ക്ക് എന്തും പറയാം. നാട്ടിലേക്ക് തിരികെ പോകേണ്ടവരാണ് എന്ന ബോധം ഗള്‍ഫിലുള്ള എല്ലാ മലയാളികള്‍ക്കും മനസ്സില്‍ ഉണ്ട്. അത് അനിവാര്യമായി വരുമ്പോള്‍ ഇങ്ങനെയൊക്കെ പറയുന്നത് (' ദുബയിയൊക്കെ കഴിഞ്ഞെടാ മക്കളെ വേറെ വല്ലയിടത്തേക്കും മാറാന്‍ നോക്ക്! ')സ്വാഭാവികം. ഒരിക്കലും ഒരു മടങ്ങിപോക്ക് ആഗ്രഹിക്കാത്തവരുടെ മനസ്സിന്റെ പ്രതികരണം എന്ന് കൂട്ടിയാല്‍ മതി.

അറുപത്തി മൂന്നാം വയസ്സിലും (കിട്ടുന്ന ഉയര്‍ന്ന ശമ്പളം ഉപേക്ഷിക്കാനാവാത്തതിനാല്‍) ജോലി ചെയുന്ന ആളിനെ നേരിട്ടറിയാം.

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍

ഞാന്‍ ആചാര്യന്‍ said...

ഹാപ്പി ന്യൂയീയര്‍ 2009... :D

Appu Adyakshari said...

എന്തിനാ മാറാന്‍ നോക്കുന്നത്? സാമ്പത്തിക മാന്ദ്യം ആഗോളപ്രതിഭാസമല്ലേ. പിടിച്ചുനില്‍ക്കാനാവുന്നതുവരെ നില്‍ക്കുക. അതിനുശേഷം വരുന്നിടത്തുവച്ച് കാണുക. അത്രതന്നെ.

ഗുപ്തന്‍ said...

ഓഫ്. പുതുവത്സരാശംസകള്‍ :)

Jayasree Lakshmy Kumar said...

എങ്ങോട്ട് മാറാൻ എന്നു പറഞ്ഞു തന്നില്ലല്ലൊ അയാൾ?!

ദീപക് രാജ്|Deepak Raj said...

പക്ഷെ ഗള്‍ഫ് പ്രേമം ഇപ്പോഴും തീര്‍ത്തും കുറഞ്ഞിട്ടില്ല.