Saturday, February 28, 2009

ബന്ധങ്ങളുടെ പ്രതികരണങ്ങള്‍

എന്തുകൊണ്ടാണ്‌ പ്രണയിതാക്കള്‍ക്ക് വിഷയദാരിദ്ര്യം വരാത്തതെന്ന് പണ്ടൊക്കെ ചിന്തിക്കുമായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരേ സ്ഥലത്തിരുന്ന് വര്‍‌ത്തമാനം പറഞ്ഞ് പിരിയാന്‍ നേരം പറയുക 'ബാക്കി നാളെ' എന്നായിരിക്കും.


കൂടുതല്‍ ഇതിനെപ്പറ്റി ചിന്തിച്ചപ്പോള്‍ മനസ്സിലായ കാര്യം , മാനസികമായി അടുപ്പം കൂടുമ്പോള്‍ വിഷയ ദാരിദ്ര്യം അനുഭവപ്പെടില്ലെന്നതാണ്‌. എവിടെ മനസ്സ് ബുദ്ധിയേക്കാള്‍ കടന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയോ അവിടെയൊക്കെ ഇതായിരിക്കും സ്ഥിതി. മനസ്സുകള്‍ അത് ആണും പെണ്ണുമാവട്ടെ ആണും ആണുമാവട്ടെ പെണ്ണും പെണ്ണുമാവട്ടെ , തമ്മില്‍ അടുക്കും തോറും സം‌സാര വിഷയത്തിന്‍‌റ്റെ ആഴം കുറയുകയും പരപ്പ് വര്‍‌ദ്ധിക്കുകയും ചെയ്യുന്നു. ഒരു പക്ഷെ അതുകൊണ്ടുതന്നെയായിരിക്കാം ഇത്തരം സംസാരങ്ങള്‍ ബാലിശമെന്നും മറ്റും പറയപ്പെടുന്നതും.

പരസ്പരം വലിയ അടുപ്പമില്ലാത്തവര്‍ സംസാരിക്കുമ്പോള്‍ രണ്ട് പേരുടേയും മനസ്സുകളല്ല ബുദ്ധിയാണ് പ്രവര്‍ത്തിക്കുന്നത്. താന്‍ ഇന്ന വിഷയം പറഞ്ഞാല്‍ മറ്റേ ആള്‍ക്ക് എന്തുതോന്നും, തന്‍‌റ്റെ 'വില' പോകുമോ? തന്നെപ്പറ്റി മറ്റൊരു രീതിയില്‍ മനസ്സിലാക്കുമോ തുടങ്ങി നൂറായിരം ചിന്തകള്‍ കടന്നുവരുന്നു. ഒരോന്നിനേയും പരിശോധിച്ച് സംസാരമായി പുറത്തുവരുമ്പോള്‍ വിഷയം ആഴമുള്ളതും കൂടുതല്‍ വ്യക്തതയുള്ളതും ആവശ്യവും അത്യാവശ്യവും ഉള്ളതുമാത്രമാകുന്നു.

ഞാന്‍ എന്‍‌റ്റെ മേലുദ്യോഗസ്ഥനോട് ഒരു കാര്യം പറയാന്‍ പോകുമ്പോള്‍ രണ്ടുതവണ ആലോചിക്കും , ലഭിക്കാവുന്ന മറുപടിയും അതിനപ്പോള്‍ പറയേണ്ട മുന്‍‌കരുതലും എല്ലാം കൈയ്യില്‍ കരുതിയാവും ഞാന്‍ അദ്ദേഹത്തിന്‍‌റ്റെ മുറിയിലേക്ക് പോകുക.ഇനി അദ്ദേഹത്തിന്‍റ്റെയും മുകളിലെ ആളോടാണ് സംസാരിക്കാന്‍ പോകുന്നതെങ്കില്‍ രണ്ടിന്‌ പകരം പത്തുതവണ ആലോചിക്കും , പത്തുവഴികളും അതിനുള്ള മറുപടികളും എല്ലാം കരുതിയാവും പോകുക അതുകൊണ്ട് തന്നെ ആദ്യത്തെ ആളോട് ഒരു ദിവസം രണ്ടുതവണ സം‌സാരിക്കുമെങ്കില്‍ രണ്ടാമത്തെ ആളോട് ഒരാഴ്ചയില്‍ ഒരു തവണ സംസാരിച്ചാല്‍ ഭാഗ്യം! പ്രോട്ടോകാളല്ല ഈ വ്യത്യാസത്തിന്‌ കാരണം അടുപ്പം തന്നെയാണ്‌ അതായത് ഇവിടങ്ങളിലെല്ലാം മനസ്സല്ല ബുദ്ധിയാണ്‌ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലെ മലയാളിയായ ഭാസ്കരേട്ടനെ ആറുകൊല്ലത്തിലധികമഅയി കാണുന്നു , കാണുമ്പോല്‍ ചിരിക്കും കൈ കൊടുക്കും സംസാരിക്കും ഇന്നേവരെ ആകെ കൂട്ടിയാല്‍ പത്തുമിനിട്ടില്‍ കൂടില്ലെന്നുമാത്രം!.

എന്‍‌റ്റെ അടുത്ത സുഹൃത്ത് ഫോണില്‍ വിളിച്ചാല്‍ ആദ്യം പറയുന്നകാര്യം ഒരു പക്ഷെ രാവിലെ കൊണ്ടുവന്ന ദോശക്കുപ്പില്ലായിരുന്ന കാര്യമായിരിക്കും. ഞാന്‍ വിളിച്ചാല്‍ പറയുക ആജു എണീക്കാന്‍ വൈകിയതിനാല്‍ സ്കൂള്‍ ബസ്സ് മിസ്സായതായിരിക്കാം അല്ലെങ്കില്‍ വശത്തുകൂടി കാറ് കുത്തിക്കയറ്റിയ അറബിയോടുള്ള കലിപ്പ് തീര്‍ക്കാനായിരിക്കും.

തുടക്കം വിഷയമിതാകുമെങ്കിലും ഫോണ്‍ കട്ടാക്കുന്നതിന് മുമ്പെ സാമ്പത്തിമ മാന്ദ്യത്തെപറ്റിയും അച്ചുതാനന്ദന്‍‌ സ്റ്റേജില്‍ അവസാനം നടത്തിയ പെര്‍ഫോര്‍മന്‍സുമായേക്കാം , കട്ട് ചെയ്യാന്‍ നേരം 'വെക്കെടാ ഫോണ്‍ ഞാന്‍ ലിഫ്റ്റില്‍ കയറാന്‍ പോകുന്നു' എന്നുമാകും. അങ്ങോട്ട് വിളിച്ച ഞാനായിരിക്കും യാതൊരു മാനേഴ്സുമില്ലാതെ അവനോട് ഫോണ്‍ വെക്കാന്‍ പറയുക. ഒരു പക്ഷെ അല്‍‌പ്പം കഴിഞ്ഞാല്‍ തിരിച്ചൊരു വിളി എനിക്കുണ്ടാകും അവന്‍‌റ്റെ സഹപ്രവര്‍ത്തകന്‍‌റ്റെ മുട്ടാപ്പോക്ക് നയത്തെപ്പറ്റിയാവാം. ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാനാവുക , മാനസികമായടുത്തവര്‍ തമ്മിലുള്ള സംസാരദൈര്‍ഘ്യം കൂടാനുള്ള കാരണങ്ങളാണ്.

പരിചയക്കാരായ രണ്ടുപേരില്‍ ഒരാള്‍ ഫോണില്‍ വിളിച്ച്, അറബി കാറ് വശത്തൂടെ കുത്തിക്കയറ്റിയ കാര്യം പറയുമ്പോള്‍ , 'അതിനെന്തൊ ഒന്നുകില്‍ നീ അയാളെ കടത്തി വിടണം , അയാള്‍ ഒരു പക്ഷെ ഭാര്യക്ക് അസുഖമായി ഫോണ്‍ ലഭിച്ച് പോകുകയാണെങ്കിലോ? ' എന്നോ ; ആജു എണിക്കാന്‍ വൈകിയതിനാല്‍ ബസ്സ് മിസ്സായെന്ന് പറയുമ്പോള്‍ , ' നിങ്ങള്‍ക്കാജുവിനെ നേരത്തെ ഉറക്കാന്‍ പാടില്ലേ? ' എന്നോ മറുപടി പറയുമ്പോള്‍ എനിക്ക് തോന്നുക എതിര്‍ കക്ഷി ഇപ്പോഴും പരിചയക്കാരന്‍ മാത്രമേ ആയിട്ടുള്ളു സുഹൃത്ത്
പോയിട്ട് അടുത്ത ഒരു പരിചയക്കാരനാകാന്‍ പോലും ഇനിയും എത്രയോ കഴിയണം എന്നാണ്‌ നിങ്ങള്‍ എന്തുപറയുന്നു?

6 comments:

തറവാടി said...

നിങ്ങള്‍ എന്ത് പറയുന്നു?

മുസ്തഫ|musthapha said...

അപ്പഴേക്കും അതും പോസ്റ്റാക്ക്യോ...!
പൊന്നിഷ്ടോ... നമ്മളെല്ലാം പറഞ്ഞ് ഗോംബ്ലിമെന്റാക്കിയതല്ലേ... :)

പകല്‍കിനാവന്‍ | daYdreaMer said...

അടുപ്പം കൂടുംതോറും അടിയും വഴക്കും കൂടുകേം ചെയ്യും...!
:)

അല്‍ഭുത കുട്ടി said...

ഓഫ്ഫീസിലെ ഫോണ്‍ , അറബീന്റെ പൈസ..വിളിയെടാ വിളി....

മുസാഫിര്‍ said...

ഈ തറവാടി എന്തെല്ലാമാണ് ഇരുന്നു ചിന്തിച്ച് കൂട്ടുന്നത് ?

പാര്‍ത്ഥന്‍ said...

വേറിട്ട ചിന്ത!!!!

(ഇതൊക്കെയാണ് .....
മാനസികമായടുത്തവര്‍ തമ്മിലുള്ള
സംസാരദൈര്‍ഘ്യം കൂടാനുള്ള കാരണങ്ങൾ.)

എന്തിനാ വെറുതെ സമയം കളയുന്നത്.