Saturday, November 29, 2008

എന്തിനാ വെറുതെ!

തൃശ്ശുരിലെ സില്‍‌ക്കുകളുടെ ഭീമന്‍ കടയാണ് സ്ഥലം.

തൈപ്പിക്കാന്‍ അര മണിക്കൂറെടുക്കുമെന്നറിയീച്ചിരുന്നതിനാല്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് സാധനങ്ങള്‍ എടുക്കാന്‍ ഞാന്‍ വീണ്ടും പ്രസ്ഥുത കടയില്‍ കയറി കൗണ്ടറില്‍ നിന്നിരുന്ന സ്ത്രീയോട് സാധനങ്ങള്‍ എടുത്ത് തരാന്‍ ആവശ്യപ്പെട്ടു. വാങ്ങിയ തുണികളും തൈപ്പിച്ച ബ്ലൗസുകള്‍ക്കും പകരം ലലനാമണി തന്നത് 15 രൂപയുടെ ഒരു ബില്ല്.

' ബില്ലെല്ലാം പൂര്‍ണ്ണമായും പേ ചെയ്തതാണല്ലോ നിങ്ങള്‍ക്ക് തെറ്റിക്കാണും സാധങ്ങള്‍ തരൂ ധൃതിയുണ്ട് '

ബ്ലൗസിനെടുത്ത തുണിക്ക് അളവ് കുറവായിരുന്നെന്നും , 10 c/m അധികം വീണ്ടും വേണമെന്നും അതിന്‍‌റ്റെ വിലയാണ് ഈ ബില്ലെന്നും അവര്‍ അറിയീച്ചു. അളവെടുത്തത് ഞാനല്ലല്ലോ നിങ്ങളുടെ ആളുകള്‍ തന്നെയല്ലെ? എന്ന മറു ചോദ്യം ചോദിച്ചെങ്കിലും അവര്‍ മറുപടിയൊന്നും പറഞ്ഞില്ല. പതിനാറായിരത്തി എഴുനൂറ് രൂപക്ക് സാധനം വാങ്ങിയ ഒരാളോട് പതിനഞ്ചുരൂപയുടെ അധിക ബില്ല് അതും അവരുടെ തെറ്റുകൊണ്ടുണ്ടായതിനെപ്പറ്റിയായിരുന്നു എന്‍‌റ്റെ ചിന്ത.

ധൃതിയുള്ളതിനാല്‍ പണമടച്ച് വീണ്ടും അവരുടെ അടുത്തേക്ക് വന്ന് റസീപ്റ്റ് കാണിച്ചുകൊടുത്ത് സാധനം തരാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ഞെട്ടിയത്.

അവര്‍ ബ്ലൗസ് തയിച്ചിട്ടില്ല ഇനിയും അര മണിക്കൂര്‍ കാത്ത് നില്‍‌ക്കണമെന്ന് , പൈസ കിട്ടാത്തതിനാലാണ് തയിക്കാതിരുന്നതെന്നുകൂടി അറിഞ്ഞതെനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.ഇത്തരത്തിലുള്ള നിരുത്തരവാദിത്വപരമായ പ്രവൃത്തി ഇതുപോലുള്ള ഒരു വലിയ കടയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നറീയീക്കുക തന്നെ വേണമെന്ന് തീരുമാനിച്ച ഞാന്‍ മാനേജറെ വിളിക്കാന്‍ ആവശ്യപ്പെട്ടു.

' മാനേജറെ വിളിച്ചിട്ടൊന്നും കാര്യമില്ല , ഡീ ..മയേ ..നീ .. സാറിനെ ഒന്ന് വിളിച്ചേ '
ലലനാമണിയുടെ സംസാരത്തില്‍ പുച്ഛവും കലര്‍ന്നതോടെ എന്‍‌റ്റെ ക്ഷമയും നശിച്ചുതുടങ്ങി.

വൃത്തിയായി വേഷവിധാനമുള്ള മാനേജര്‍ കാര്യങ്ങളെല്ലാം ലലനാമണിയില്‍ നിന്നും മനസ്സിലാക്കി. ക്ഷമാപണത്തോടെയുള്ള ഒരു വിശദീകരണം പ്രതീക്ഷിച്ച എന്നെ അയാളും വളരെ നിരുത്സാഹപ്പെടുത്തി.

' പതിനഞ്ചുരൂപക്ക് പതിനഞ്ചുരൂപ വേണ്ടേ , മത്രമല്ല പണി കഴിഞ്ഞ് നിങ്ങള്‍ പണം തന്നില്ലെങ്കിലോ? '

' ഇത്രയും രൂപക്കിവിടെനിന്നും വാങ്ങിയ സാധനങ്ങള്‍ നിങ്ങളുടെ പക്കല്‍ തന്നെയില്ലെ? പിന്നെന്തിന് ഭയക്കണം? '

എന്‍‌റ്റെ ദയനീയതയില്‍ നിന്നും കരകയറ്റാന്‍ ഞാന്‍ വീണ്‍ടും അയാള്‍ക്ക് ഏണി കൊടുത്തു അതയാള്‍ തട്ടിമാറ്റിക്കൊണ്ട് പിന്നേയും പല ന്യായീകരണങ്ങള്‍ കൊണ്ടുവന്നു ചുരുക്കത്തില്‍ എന്‍‌റ്റെ സമയ നഷ്ടമല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

നടന്നതെല്ലാം പറഞ്ഞപ്പോള്‍ സുഹൃത്തിന്‍‌റ്റെ കുറ്റപ്പെടുത്തല്‍:

ആദ്യം പൈസ കൊടുക്കാന്‍ ആരാ നിന്നോട് പറഞ്ഞത്?

ശരിയാ പൂര്‍ണ്ണമായി ലഭിക്കാതെ എന്തെങ്കിലും കാര്യത്തിന് പൈസ ആദ്യം മുഴുവന്‍ കൊടുത്തോ നഷ്ടപ്പെടുന്നത് കൊടുത്ത പൈസമാത്രമല്ല , പരിഹാസ്യനാവും , രക്ത മര്‍ദ്ദം കൂടും , ആവശ്യമില്ലാതെ ആളുകളുടെ ശകാരം കേള്‍ക്കേണ്ടിവരും ..എന്തിനാ വെറുതെ!

*****

ബാങ്ക് സ്റ്റേറ്റ് മെന്‍‌റ്റ് ഓണ്‍‌ലൈനില്‍ നോക്കുമ്പോഴാണ് ഇടക്കൊരു നൂറ് രൂപ ബാങ്കെടുത്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.A.T.M card annual fee ആയാണ് രൂപ എടുത്തിരിക്കുന്നത്. ഒന്നാമത് ATM Card തരാന്‍ ഞാന്‍ ബാങ്കിനോടാവശ്യപ്പെട്ടിട്ടില്ല കാരണം നാട്ടിലെ കാര്‍‌ഡ് ഉപയോഗിക്കാനാവുന്നത് വര്‍ഷത്തിലെ ഒരുമാസത്തെ വെക്കേഷനില്‍ മാത്രമാണ്.അതുമല്ല ഒരടിസ്ഥാന സര്‍‌വീസിന് ഫീ ചുമത്തുക എന്നത് ന്യായീകരിക്കാനായിട്ടെനിക്ക് തോന്നിയുമില്ല അതുകൊണ്ട് തന്നെ പ്രസ്ഥുത സര്‍‌വീസ് എനിക്കാവശ്യമില്ലെന്നും എടുത്ത ഫീ റിവേര്‍ട്ട് ചെയ്യണമെന്നും പറഞ്ഞ് ബാങ്കിന് കത്തെഴുതി.

ഒരുമാസമുപയോഗിച്ചാലും ഒരു വര്‍ഷമുപയോഗിച്ചാലും ഒന്നാണെന്നും വേണ്ടെങ്കില്‍ കാന്‍സല്‍ ചെയ്യാമെന്നും പക്ഷെ ഒരിക്കല്‍ എടുത്ത ഫീസ് തിരിച്ചെടുക്കാനാവില്ലെന്നും അറിയീച്ച ബാങ്കിന്‍‌റ്റെ മറുപടി എനിക്കംഗീകരിക്കാനായില്ല.

ഞാന്‍ ആവശ്യപ്പെടാതെ തന്ന സര്‍‌വീസാണിതെന്നും അതിനാല്‍ ഫീസ് ചുമത്താന്‍ പാറ്റില്ലെന്നും എടുത്ത ഫീസ് റിവേര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ട് വീണ്ടും കത്തെഴുതിയെങ്കിലും അവക്കൊന്നും മറുപടിവന്നില്ല.

റിമൈന്‍‌ഡര്‍ രണ്ട് തവണ അയച്ചിട്ടും മറുപടിവരാതിരുന്നപ്പോള്‍ മാനേജറുമായി ഫോണില്‍ ബന്ധപ്പെട്ടു , സ്വല്‍‌പ്പം ഭീഷണിയൊടെത്തന്നെ സംസാരിച്ചപ്പോള്‍ പൈസ ക്ഷമാപണത്തോടെ റിവേര്‍ട്ട് ചെയ്തു.

വാല്‍‌കഷ്ണം:

നൂറ് രൂപക്ക് വേണ്ടി നാല്‍‌പ്പത് ദിര്‍‌ഹംസ് ടെലിഫോണ്‍ വിളിച്ച്
കളഞ്ഞു പക്ഷെ ബാങ്ക് മാനേജറെ ഡീസന്‍‌റ്റായിട്ട് തെറിവിളിക്കാനായി എന്ന ഒരു ലാഭം മാത്രം :)

4 comments:

ബീരാന്‍ കുട്ടി said...

എന്തിനാ വെറുതെ ഒരു കമന്റ്. :)

ചില സ്ഥാപനങ്ങളിലെ മേലളന്മരുടെ ഡയലോഗ് കേട്ടാൽ, പഴയ ചെരിപ്പാണ് കാലിലുള്ളതെങ്കിൽ അതെടുത്ത് ഒന്ന് കൊടുക്കാൻ തോന്നും.

തറവാടി, നല്ല ചിന്ത

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സാധാരണ പൌരന്റെ സാധാരണ പ്രശ്നങ്ങളാണിതെല്ലാം!

Kaithamullu said...

customer loyalty ആവശ്യമില്ലാ എന്നാണ് അവരുടെയൊക്കെ ചിന്ത!
-നാട്ടിലെ ഇത്തരം അനുഭവങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ അതിന്നാ‍യി മാത്രം ഒരു സിരീസ് തുടങ്ങേണ്ടി വരും, തറവാടീ!

ഇവിടേയും തീരെ മോശമില്ല, കാര്യങ്ങള്‍.
മില്യണ്‍സ് വാഗ്ദാനം ചെയ്യുന്ന ബാങ്കിന്റെ ഒരു ക്രെഡിറ്റ് കാര്‍ഡുണ്ടായിരുന്നു, എനിക്ക്. ഡ്യൂ ഡെറ്റിന്റെ ഒരാഴ്ച മുന്‍പ് പണം കൊടുത്താലും അടുത്ത സ്റ്റേറ്റ്മെന്റില്‍ കാണാം default payment, fine, interest എന്നിവ. വിളിച്ച് തെറി പറഞ്ഞാല്‍ മാത്രം entry reverse
ചെയ്യും.

പഴേ അമേരിക്കന്‍ കമ്പനിയുടെ ക്രെഡിറ്റ് കാര്‍ഡ് ഞാന്‍ ക്യാന്‍സലാക്കിയത് മൂന്ന് മാസം മുന്‍പാണ്,അവരും ഈ പാത പിന്തുടരാന്‍ തുടങ്ങിയപ്പോള്‍. പിന്നെ credit shield, insurance എന്നിവയും. ചോദിച്ചപ്പോള്‍ പറയുകയാ sevice terminate ചെയ്യാന്‍ ഒരു
റിക്വസ്റ്റ് തരു.അടുത്ത മാസം മുതല്‍ ചാര്‍ജ് ചെയ്യില്ലായെന്ന്.

smitha adharsh said...

നാല്പത് ദിര്‍ഹംസ് കൊടുത്താലും മനസ്സു നിറയെ ചീത്ത വിളിക്കാന്‍ കഴിഞ്ഞല്ലോ..
നമ്മുടെ നാടല്ലെ..! ഇതെല്ലാം നടക്കും..