Sunday, March 01, 2009

അനില്‍‌ശ്രീയുടെ പോസ്റ്റിനുള്ള മറുപടി ;)

അനില്‍‌ശ്രീയുടെ പോസ്റ്റിലെ അദ്ദേഹത്തിന്‍‌റ്റെ തന്നെ ആദ്യ കമന്‍‌റ്റ് വായിച്ചപ്പോള്‍ കാര്യം പിടികിട്ടിയെങ്കിലും ;) ശരിക്കും അതുപോലുള്ളവരുണ്ടെങ്കിലോ എന്നു കരുതിയാണീ പോസ്റ്റ്.

കമ്പനിയില്‍ ഒരാളെ ജോലിക്കെടുക്കുമ്പോള്‍ , ' ഇന്ന ജോലി , ദിവസവും ഇത്ര സമയം ചെയ്യുന്നതിന് കോമ്പെന്‍സേഷനായി കമ്പനി ഇത്ര ശമ്പളം കൊടുക്കും' ഇതാണ് ഉദ്യോഗാര്‍ത്ഥിയും കമ്പനിയും തമ്മിലുള്ള സാധാരണ കരാര്‍. സര്‍‌വീസാണൊരാളുടെ ജോലി എങ്കില്‍ അയാള്‍ക്ക് ജോലിക്കുള്ള സാഹചര്യം (പണി) കൊടുക്കേണ്ടത് കമ്പനിയുടെ കടമയാണ്. കമ്പനിക്ക് പണിയുണ്ടാക്കി കൊടുക്കാന്‍ കമ്പനി മറ്റുള്ളവരെ നിശ്ചയിച്ചിട്ടുണ്ടാവും , ഉദാഹരണം സെയില്‍സ് ടീം. അതായത് കമ്പനിക്ക് പണിയുണ്ടോ ഇല്ലയോ എന്നതിന് സര്‍‌വീസിലിരിക്കുന്ന ജോലിക്കാരനുമായി ഒരു ബന്ധവുമില്ല തന്നില്‍ നിക്ഷിപ്തമായ ജോലി ആത്മാര്‍ത്ഥയോടെ കൃത്യ സമയത്ത് ചെയ്യുക.

കമ്പനിക്ക് ജോലി ഇല്ലെങ്കില്‍ കമ്പനിയെ സഹായിക്കേണ്ടത് ജോലിക്കാരന്‍‌റ്റെ കടമയല്ലെ?
വളരെ സുഖമുള്ള ചോദ്യമാണിത് , പക്ഷെ ശരിക്കതിനെ ഒന്ന് വിലയിരുത്തുക.

കമ്പനിക്ക് ജോലിയില്ലാതാവുന്നത് ജോലിക്കാരന്‍ മൂലമല്ല. കമ്പനിക്ക് ജോലിയില്ലെങ്കില്‍ സ്വാഭാവികമായും ഉദ്യോഗാര്‍ത്ഥിക്ക് പണി കുറയും. കമ്പനിക്ക് ജോലികിട്ടാന്‍ തനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അതു ചെയ്യുകയാണ് ചെയ്യേണ്ടത്. കമ്പനിയില്‍ പണിയില്ലെന്നും പറഞ്ഞ് കുണ്ഠിതപ്പെടേണ്ട കാര്യമൊന്നുമില്ല.

എന്‍‌റ്റെ സര്‍‌വീസിന് വില ഞാനാണ് നിശ്ചയിക്കുന്നത് വിലയുടെ അടിസ്ഥാനം നിലവിലുള്ള മാര്‍കറ്റ് കണ്ടീഷന്‍ , ജീവിത ചിലവ് തുടങ്ങി പലതും ഉണ്ട്.എനിക്ക് കിട്ടുന്ന ശമ്പളം എന്‍‌റ്റെ സര്‍‌വീസിന് ഞാന്‍ ഇട്ടിരിക്കുന്ന വിലയാണ്. അതിന്‍‌റ്റെ വില സാമ്പത്തിക മാന്ദ്യം കൊണ്ടോ മറ്റോ കുറയുന്നില്ല കാരണം മാന്ദ്യമാകട്ടെ എന്തുമാകട്ടെ എന്‍‌റ്റെ സര്‍‌വീസില്‍ ഞാന്‍ മായം കൂട്ടുന്നില്ല എന്നതുതന്നെ.

' നാളെ തനിക്ക് ജോലിയില്ല ' എന്ന് കമ്പനി പറയുമ്പോള്‍ , ' ഞാന്‍ പകുതി ശമ്പളത്തിന് ജോലി ചെയ്തൊളാം എന്ന് പറയുന്ന' ആളും ; ' കമ്പനിക്ക് ജോലിയില്ലാത്തതിനാല്‍ നിങ്ങളുടെ ശമ്പളം കുറക്കുക അല്ലെങ്കില്‍ ഒഴിഞ്ഞുപോകുക' എന്ന് പറയുന്ന കമ്പനിയോട് ' ശരി എങ്കില്‍ ശമ്പളം കുറക്കാം ' എന്ന് പറയുന്ന അവസ്ഥയും ആനയും ചേനയും പോലെ വ്യത്യസ്ഥമാണ്.

ജോലിക്കാളെ കിട്ടാത്ത സമയം മുതലാക്കി ഒരിക്കലും നിലവിലാത്ത സ്വപ്ന ശമ്പളം അര്‍ഹതയില്ലാതെ ഇത്രയും കാലം എണ്ണിവാങ്ങിയവര്‍ ആദ്യ വര്‍ഗ്ഗത്തില്‍ പെടുമ്പോള്‍ നിവൃത്തിക്കേടില്‍ അകപ്പെടുന്നവരാകുന്നു രണ്‍ടാമത്തേത്. സ്വന്തം ജോലിയില്‍ ആത്മവിശ്വാസമുള്ള , ആത്മാര്‍ത്ഥതയുള്ള , കഴിവില്‍ വിശ്വാസമുള്ള , അര്‍ഹമായ ശമ്പളമാണ് തനിക്ക് ലഭിക്കുന്നതെന്ന ഉത്തമ ബോധ്യമുള്ള ആര്‍ക്കും ആദ്യവര്‍ഗ്ഗകാന്‍ കഴിയില്ല.

4 comments:

തറവാടി said...

അനില്‍‌ശ്രീയുടെ പോസ്റ്റിനുള്ള മറുപടി ;)

അനില്‍ശ്രീ... said...

'തനിക്ക് ജോലിയില്ല' എന്ന് കമ്പനി പറയില്ല എന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും, ഈ അവസരത്തില്‍ ജോലി ഒഴിയുന്നത് ബുദ്ധിയല്ല എന്നതിനാലും ശമ്പളത്തിലുള്ള കുറവ് സമ്മതിച്ചു കൊടുക്കുകയാണ് ചെയ്തത്.

പക്ഷേ തറവാടി പറഞ്ഞ ആദ്യവിഭാഗത്തിലുള്ളവരെ പലരേയും അറിയാം. എന്നാല്‍ അതില്‍ തന്നെ തന്റേതല്ലാത്ത കുഴപ്പം കൊണ്ട് ജോലി നഷ്ടപ്പെട്ട് കിട്ടിയ പാക്കേജിന് ജോലി സ്വീകരിച്ചവരേയും അറിയാം. അതിലൊരു ചേട്ടന്‍ പറഞ്ഞത് 'മോള്‍ എം.ബി.ബി.എസിന് ചേര്‍ന്നിരിക്കുകയാണ്, എനിക്കിവിടെ നിന്നേ പറ്റൂ'.. എന്നാണ്...

പാര്‍ത്ഥന്‍ said...

കമ്പനിക്ക് ലാഭം ഉണ്ടാക്കി കാണിക്കാൻ ജോലിക്കാരുടെ ശമ്പളം കുറച്ചു കിട്ടുന്ന കൃത്രിമ ലാഭം കാണിച്ച് ആളാവുന്ന മാനേജർ‌മാർ ഉള്ള നാടാണ് ഗൾഫ്. ഇപ്പോൾ കമ്പനിയെ രക്ഷിക്കാനായി ആദ്യം ചെയ്യുന്നത് ജോലിക്കാരുടെ ശമ്പളം കുറക്കുക എന്ന എളുപ്പപ്പണി തന്നെയാണ്. തറവാടിക്ക് ഇപ്പോഴും ഡിമാന്റുള്ള മേഖലയാണെന്ന വ്യാമോഹം ഉള്ളതുകൊണ്ടാവാം ഇങ്ങനെ പ്രതികരിച്ചത്.

തറവാടി said...

പാര്‍ത്ഥന്‍,

ശരിയായ സര്‍‌വീസല്ല കൊടുക്കുന്നതെങ്കില്‍ ഏത് മേഖലയിലിരുന്നിട്ടും കാര്യമില്ല,മേഖലക്കല്ല ഡിമാന്‍‌റ്റ് കൊടുക്കുന്ന സര്‍‌വീസിനാണ്.