Wednesday, January 07, 2009

മാന്ദ്യവും പുറം വേദനയും പിന്നെ ഞാനും.

ജബല്‍ അലി ദുബായ്‌ യാത്ര ഒരാറുമാസത്തേക്ക്‌ നിര്‍ത്തിയിട്ടത്‌ പഴയതുപോലെ  അബുദാബി ഷട്ടില്‍ സര്‍വീസിനാവശ്യപ്പെട്ട്‌ കമ്പനി ഓര്‍ഡര്‍ അയച്ചിരിക്കുന്നു.ഒന്നര വര്‍ഷം മുമ്പുണ്ടായിരുന്ന അബുദാബി ഷട്ടില്‍ സര്‍വീസ്‌ സമ്മാനിച്ച പുറം വേദനയാണല്ലോ സാമ്പത്തിക മാന്ദ്യം വീണ്ടും തരാന്‍ പോകുന്നതെന്ന പരിതാപത്തിന്‌ കമ്പനി തന്ന ഉത്തരമായിരുന്നു വിരഹം.അതായത്‌ ഒന്നുകില്‍ അബുദാബി ഷട്ടില്‍ സര്‍വീസടിച്ച്‌ പുറം വേദനയെ സ്വാഗതം ചെയ്യുക അല്ലെങ്കില്‍ അബൂദാബിയില്‍ താമസിക്കുക.അടിവേണോ ഇടി വേണോ എന്നു ചോദിച്ചാലുള്ള അവസ്ഥയെ  തരണം ചെയ്തത്‌ രണ്ടും കൂടി മിക്സാക്കിക്കൊണ്ട്‌.

ദുബായ്‌ ഓഫീസിലായിരിക്കുമ്പോള്‍  യാത്ര രണ്ടുനേരവും ട്രാഫിക്കിനെതിരെയാണെങ്കിലും മുട്ടിന്‌ മുട്ടിനുവെച്ചിട്ടുള്ള റഡാര്‍ കേമറകളും രണ്ടുതവണ കിട്ടിയ ട്രാഫിക്‌ ഫൈനുമെല്ലാം കൊണ്ട്‌ ഞാനൊരു സ്ളോ ഡ്രൈവര്‍ ആയി മാറിയിരിക്കുന്നതെന്‍റ്റെ കാലങ്ങള്‍ക്ക്‌ ശേഷമുള്ള അബുദാബി കന്നിയാത്രയിലാണ്‌ മനസ്സിലായത്‌. വേഗതയുടെ സൂചി നൂറ്‌ കിലോമീറ്റര്‍/അവര്‍ കടക്കുമ്പോഴേക്കും കാല്‍ സ്വയം ആക്സിലറേറ്ററില്‍ നിന്നും പൊങ്ങുണ്ടായിരുന്നു.

ജോലി കഴിഞ്ഞപ്പോഴാണ്‌ ഇടിയുടെ വേദന ശരിക്കും അനുഭവപ്പെട്ടത്‌. ആരുമില്ലാത്ത ഒരു കെട്ടിടത്തില്‍ ഒറ്റക്കൊരുമുറിയില്‍ പ്രവേശിക്കുമ്പോഴുള്ള അവസ്ഥ അനുഭവിച്ചാലേ മനസ്സിലാകൂ.പല ഘട്ടങ്ങളിലും ഹോട്ടലുകളില്‍ ഒറ്റക്ക്‌ താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അടുത്ത മുറികളില്‍ ആളുകളുണ്ടെന്ന ധാരണകൊണ്ടോ മറ്റോ ഇതുപോലെ തോന്നിയിട്ടില്ല.

ഒരു ദിവസത്തെ അബുദാബിയിലെ  താമസവും ജോലിയും കഴിഞ്ഞ്‌ ഇന്നലെ ജബല്‍ അലിയിലേക്ക്‌ പോകുമ്പോള്‍ വേഗത കൂടിയത്‌ അറിയുന്നുണ്ടായിരന്നെങ്കിലും ആക്സിലേറ്ററില്‍ നിന്നും കാലുയര്‍ന്നൊന്നുമില്ല. ഇന്ന്‌ രാവിലെ ജബല്‍ അലിയില്‍ നിന്നും തിരിച്ചുവരുമ്പോള്‍ വേഗത നൂറ്റി നാല്‍പ്പതെത്തിയിരിക്കുന്നു.അതുപോലെ ഇന്ന്‌ രാത്രി താമസിക്കാന്‍ ആരുമില്ലാത്ത കെട്ടിടത്തിലെ മുറിയിലേക്ക്‌ പോുവാനും മടിയൊന്നും തോന്നുന്നില്ല.

നാളെ വൈകീട്ട്‌ വീണ്ടും ജബല്‍ അലിയിലേക്ക്‌ ഡ്രൈവ്‌ ചെയ്യുമ്പോള്‍ എനിക്കുറപാണ്‌ അത്‌ നൂറ്റി നാല്‍പ്പത്‌ കിലോമീറ്റര്‍ പര്‍ അവര്‍ വേഗതയിലയിരിക്കും കാരണം ശീലമെന്ന ഭയങ്കരന്‍ കീഴ്പെടുത്താത്ത ഒന്നുമില്ലല്ലോ!

7 comments:

തറവാടി said...

മാന്ദ്യവും പുറം വേദനയും ശീലവും പിന്നെ ഞാനും

Bindhu Unny said...

അവിടെ എത്രയാ സ്പീഡ് ലിമിറ്റ്? സ്പീഡ് കൂടിയാല്‍ വീണ്ടും ഫൈനടിക്കില്ലേ? :-)

:: VM :: said...

അത് ശരി..
നിങ്ങല്ല് ജബല്‍ അലി വരെ ഓടിച്ചാല്‍മതീലോ?

അബുദാബി ഷാര്‍ജക്കാറന്റെ കാര്യം ഒന്നോര്‍ത്തേ;)

അനില്‍ശ്രീ... said...

ഉം.. ഇടക്കൊക്കെ സിറ്റിയില്‍ വന്നോളൂ,,, ഹംദാനിലാണ് ഞങ്ങള്‍.. സ്വാഗതം...

പിന്നെ ഗന്തൂട്ട് വരെ 140-160 ആകാം.. ക്യാമറ കാണുമ്പോള്‍ ഒന്നു ചവുട്ടിയാല്‍ മതി 140 വരെയൊന്നും അടിക്കില്ല. പക്ഷേ എയര്‍പോര്‍ട്ടിനടുത്ത് പണി നടക്കുന്ന ഏരിയായില്‍ ഏതെങ്കിലും 'സൈന്‍ ബോര്‍ഡിന്റെ പുറകില്‍' temporary camera കാണും. അവിടെ 80 ആണു. 85 പോലും ചിലപ്പോള്‍ അടിക്കും. so, careful....

ALL THE BEST...

അഞ്ചല്‍ക്കാരന്‍ said...

പേടിപ്പിയ്ക്കുകയല്ല.
നാലു ദിവസം മുന്നേ ഒരു ചങ്ങാതിയ്ക്ക് ‍ അബുദാബി ട്രാഫിക്കീന്നു ഒരു ഇണ്ടാസ് ഫാക്സായി വന്നു. വണ്ടിയുമായി അങ്ങ് ചെല്ലാന്‍ പറഞ്ഞിട്ട്. ഉടന്‍ പുള്ളി നെറ്റില്‍ തപ്പി. ട്രാഫിക്ക് ഫൈന്‍ ആയിരം ദിര്‍ഹം. അടയ്ക്കാന്‍ കഴിയില്ല. നേരേ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ ചെല്ലാന്‍ ഒരു നിര്‍ദ്ദേശവും ഫൈനിന്റെ കൂടെ ഉണ്ടായിരുന്നു.

ചെന്നു. വണ്ടിയുമായി തന്നെ. തിരിച്ച് ടാക്സിയില്‍ പോരേണ്ടി വന്നു. ഓവര്‍ സ്പീഡ്. ദുബായി അബൂദാബി വഴിയിലെവിടെയോ എണ്‍പത് കിലോമീറ്ററിനു റഡാറു കിട്ടിയതാണ്. പുള്ളി ഓടിച്ചിരുന്നത് വെറും നൂറ്റി അറുപത് കിലോമീറ്റര്‍ സ്പീഡിലും.

വണ്ടി ഒരു മാസം ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ വിശ്രമത്തില്‍. ദിര്‍ഹം ആയിരം ഫൈന്‍. ട്രാഫിക്ക് പോലീസിന്റെ പാര്‍ക്കിങ്ങില്‍ വണ്ടി ഒരു മാസം ഇടുന്നതിന് ദിവസം പത്ത് ദിര്‍ഹം വാടക. പോരാത്തതിനു ചങ്ങാതിയുടെ ബ്ലാക്ക് പോയിന്റ് പന്ത്രണ്ടെണ്ണം സ്വാഹയും.

സൂക്ഷിയ്ക്കുക. താമസം അബൂദാബിയിലേയ്ക്ക് മാറ്റുകയായിരിയ്ക്കും നല്ലത്.

തറവാടി said...

ബിന്ദു ഉണ്ണി,

സ്പീഡ് കൂടിയാല്‍ ഫൈനടിക്കും കട്ടായം , സ്പീഡ് കുറക്കും :)

വി എമ്മെ,

സമ്മതിക്കണം.

( ഇപ്പോ തുടങ്ങിയതല്ലെയുള്ളൂ വി എമ്മെ. ഞാന്‍ പണ്ട് ഒന്നരകൊല്ലത്തിലധികം ഷട്ടിലടിച്ചപ്പോള്‍ വലിയൊരു ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല ഇപ്പോള്‍ ..വയസ്സായില്ലെ ;) )


അനില്‍ശ്രീ,

നന്ദി ,സ്വാഗതം അങ്ങിനെതന്നെ ഇരിക്കട്ടെ ആദ്യം വന്നാല്‍ സ്വഗതം പോയില്ലെ :)

ഈയിടെയുണ്ടായ മാറ്റങ്ങള്‍! സത്യത്തില്‍ ആദ്യത്തെ ദിവസങ്ങളില്‍ എന്തൊക്കെ ഉണ്ടായിട്ടുണ്ടെന്ന് ദൈവത്തിന്‌ മാത്രമറിയാം.

അഞ്ചലേ,

പൂര്‍ണ്ണ താമസമാറ്റം സാങ്കേതികകാരണങ്ങളാല്‍ നടക്കില്ല.( ഇതിലും വല്യ വെള്ളിയാഴ്ച വാപ്പ പള്ളീ പോയിട്ടില്ല എന്നിട്ടാ ഇപ്പോ ;) )
ഇടവിട്ട ദിവസങ്ങളില്‍ ഷട്ടില്‍ അടിച്ചേ പറ്റൂ. ഞാനിനി നൂറിലേ ഓടിക്കൂ :)

അഞ്ചല്‍ക്കാരന്‍ said...

ഒരു തിരുത്തുണ്ട്.
മുകളിലത്തെ കമന്റില്‍ “പുള്ളി ഓടിച്ചിരുന്നത് വെറും നൂറ്റി അറുപത് കിലോമീറ്റര്‍ സ്പീഡിലും” എന്നുള്ളത് “പുള്ളി ഓടിച്ചിരുന്നത് വെറും നൂറ്റി നാല്‍പ്പത് കിലോമീറ്റര്‍ സ്പീഡിലും” എന്ന് തിരുത്തി വായിയ്ക്കേണ്ടതാകുന്നു. കമന്റി വന്നപ്പോ സ്പീഡ് ഇത്തിരി കൂടി പോയതാണ്.