Monday, March 17, 2008

പഠിപ്പ് ജോലിക്കോ

വിദ്യാഭ്യാസം ചെയ്യുന്നത് ജോലി ഉന്നം വെച്ചായിരിക്കെരുതുന്ന അഭിപ്രായക്കാരനാണ് ഞാന്‍.
വിദ്യാഭ്യാസത്തിലൂടെ നേടിയ ഒരാളുടെ അറിവ്‌ തന്‍റ്റെ തൊഴിലില്‍ ഉപയോഗപ്പെടുത്താനാവുമ്പോള്‍ അയാളുടെ പ്രവര്‍ത്തനക്ഷമത വര്‍‌ദ്ധിക്കുമെന്നത് യാഥാര്‍ത്ഥ്യം.അത് താല്‍‌പര്യമുള്ള മേഖലയാണെങ്കില്‍ ഈ പ്രവര്‍ത്തനക്ഷമത വീണ്ടും കൂടുന്നു. ഇതറിയുന്ന തൊഴിലുടമകളുടെ ചൂഷണവും, തൊഴില്‍ ലക്‌ഷ്യമാക്കി വിദ്യ അഭ്യസിക്കുന്നവരും കൂടിയാണ് തരം തിരവിനുപകരം തൊഴിലുകളെ തട്ടുകളിലാക്കിയത് .

അതുകൊണ്ടുതന്നെയാണല്ലോ ബി.എ ക്കാരാന്‍ ബസ്സിലെ കണ്ടക്ടര്‍ ആയാലും അല്ലെങ്കില്‍ ആട്ടോ ഡ്രൈവര്‍ ആയാലും ഒന്നുകില്‍ സഹതാപം അല്ലെങ്കില്‍ അതിശയവുമുണ്ടാകുന്നത്.

ഒരു കാര്‍ഷിക മേഖലയായ കേരളത്തില്‍ കര്‍‌ഷകന്‍ പരാജയപ്പെടാതെ കൃഷി ഒരു ലാഭകരമായ തൊഴിലായിരുന്നെങ്കില്‍ എത്ര പേര്‍ ബി.എ ക്ക് പോകുമായിരുന്നു?

അറിവായിരിക്കണം പഠനത്തിന്‍‌റ്റെ ലക്‌ഷ്യം.

Saturday, March 15, 2008

അംഗീകാരം

അംഗീകരിക്കാന്‍
രണ്ട് പേര്‍ക്കേ പറ്റൂ,
അധികാരമുള്ളവനും
ആത്മവിശ്വാസമുള്ളവനും

രണ്ടൊന്നുകളെ
ഒന്നുകളായിക്കാണാന്‍
വിശ്വസ്ഥത മാത്രം പോരാ,
വിശാലതയും വേണം.

Wednesday, February 27, 2008

തീരുമാനം

ജോലിക്കുള്ള ഒരു ഇന്‍റ്റര്‍വ്യൂ നടക്കുന്ന സ്ഥലം , ആകെ പോസ്റ്റ് ഒന്ന്.ആദ്യത്തെ ഉദ്യോഗാര്‍ത്ഥി കടന്നു വന്നു , ടെക്നിക്കലായി പത്തു ചോദ്യങ്ങള്‍ എട്ടുത്തരം എട്ടും വളരെ കൃത്യം.

' എത്ര ശമ്പളമാണ് പ്രതീക്ഷിക്കുന്നത്‌? '

അഞ്ചു വര്‍ഷത്തോളം ഗള്‍ഫില്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥി ഈന്‍റ്റര്‍വ്യൂ ചെയ്യുന്നവരെ മൂന്ന് പേരേയും നോക്കി:

' പത്തായിരം ' ( ചോദിച്ചതല്‍പ്പം കടന്നുപോയോ , അയാളുടെ ഉള്ളിലെ ചിന്ത പുറത്തുള്ളവര്‍ക്ക്‌ വ്യക്തമായി കാണാം )

' നെഗോഷിയബിള്‍ ആണോ ?'
' തീര്‍ച്ചയായും , എട്ടെങ്കിലും കിട്ടിയാല്‍...'
' ഏഴായിരത്തിനു സമ്മതമാണോ ? '

അയാളുടെ മുഖം സന്തോഷം കൊണ്ട്‌ തുടിക്കുന്നു.

അടുത്ത ആള്‍ ,
പഠനം കഴിഞ്ഞത്‌ ഈ കൊല്ലത്തില്‍ , പ്രവൃത്തി പരിചയം ഇല്ല.പതിനഞ്ചു ചോദ്യങ്ങള്‍ , ഓരോ ചോദ്യത്തിനുള്ള ഉത്തരവും തെറ്റായപ്പൊള്‍ പിന്നീട്‌ ചോദിക്കുന്ന ചോദ്യത്തിനുള്ള കട്ടിയും കുറഞ്ഞുവന്നു.ആകെ ചോദ്യം പതിനഞ്ച്‌ ശരിയുത്തരം ഒന്ന് അതും പകുതി.

' എത്ര ശമ്പളമാണു പ്രതീക്ഷിക്കുന്നത്‌ ? '
' ഇരുപത്തയ്യായിരം ' അയാള്‍ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.
'നെഗോഷ്യബിള്‍ ആണോ ? '
' ക്ഷമിക്കണം ഇല്ല പിന്നെ കാറ് വേണം ? '

തീരുമാനം :

രണ്ടാളെയും എടുക്കാം ആദ്യത്തെ ആള്‍ പണിചെയ്യും രണ്ടാമത്തെയാള്‍ അവനു മേലിരിക്കും.
ഒന്നൂടെ , ആദ്യത്തെ ആള്‍ ഇന്‍‌ഡ്യന്‍ രണ്ടാമത്തെയാള്‍ , ഫാലസ്തീനി , അമേരിക്കന്‍ പാസ്പോര്‍ട്ടുള്ളവന്‍.