Saturday, October 17, 2009

ലൗഡ് speaker

ജബല്‍ അലി ഡോണിയയിലിരുന്ന് സിനിമ കാണുമ്പോള്‍ തൃശ്ശൂര്‍ ജോസിലോ രാം ദാസിലോ ഒക്കെ കാണുന്നതുപോലെയാണ്. ലൗഡ് സ്പീക്കര്‍ വന്നാല്‍ കാണണമെന്നാദ്യമേ ഉറപ്പിച്ചിരുന്നു. തീയേറ്ററില്‍ കയറുന്നതുവരെ മമ്മുട്ടിയാണ് നായകന്‍ എന്നതൊഴിച്ച് മറ്റൊന്നും അറിയില്ലായിരുന്നു.

തുടക്കത്തില്‍ സിറ്റിയിലെ ലൈറ്റുകള്‍ ബ്ലര്‍ ചെയ്ത് ഒരുമിപ്പിക്കുന്നതും പിന്നീട് വ്യക്തതയോടെ ഓരോന്നായി തന്നെ നില്‍ക്കുകയും ചെയ്യുന്നതില്‍ നിന്നും അതുമായി സിനിമക്ക് വലിയ ബന്ധമുണ്ടെന്നൊന്നും ആദ്യം തോന്നിയില്ലെങ്കിലും ഫ്ലാറ്റ് സമുച്ഛയത്തിലെ പല താമസക്കാരെത്തന്നെയല്ലെ സിനിമാക്കാരന്‍ ഉദ്ദേശിച്ചിരിക്കുക എന്ന് പിന്നീട് തോന്നി.

സ്വന്തക്കാരും ബന്ധക്കാരുമായിട്ടൊന്നുമാരുമില്ലാത്ത, സാമാന്യം പ്രായമുള്ള ഒരാളുടെ ആശുപത്രി കിടക്കയില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. റെയര്‍ ബ്ലഡ് ഗ്രൂപ്പിലുള്ള അയാള്‍ക്കാവശ്യമായ വൃക്ക ദാദാവായാണ് മമ്മുട്ടിയുടെ കഥാപാത്രം മൈക്ക് രംഗപ്രവേശനം ചെയ്യുന്നത്. ഒരുമിച്ചുള്ള കുറച്ചു ദിവസത്തെ ജീവിതത്തിലൂടെ മമ്മുട്ടിയുടെ കഥാപാത്രം രോഗിയിലും മറ്റും വരുത്തുന്ന മാറ്റങ്ങളും, സൗഹൃദവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

ഒരു ആവറേജ് സിനിമയില്‍ പെടുത്താന്‍ പോലും ഈ സിനിമാക്കാവാതെ പോകാന്‍ കാരണം കഥയുടെ/ഉള്ളടക്കത്തിന്റെ ആഴക്കുറവല്ല മറിച്ച് അനാവാശ്യമായ പല ഉള്‍പ്പെടുത്തലുമാണ്. കാമ്പുള്ള ഹാസ്യം നായകനിലൂടെത്തന്നെ ഉള്‍ക്കൊള്ളിക്കാന്‍ സാഹചര്യമുണ്ടായിട്ടും അത് കാണാതെയോ അറിയാതെയോ തമാശക്ക് വേണ്ടി തമാശ ഉള്‍പ്പെടുത്തുന്ന തൊണ്ണൂകളിലെ പല സിനിമകളേയും ഓര്‍മ്മിപ്പിക്കുമാറ് വെഞ്ഞൂറാമൂടിനേയും മറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു.

നാല്‍‌പത്തിയാറ് വര്‍ഷം അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിക്ക് സ്വാഭാവികമായും ഉണ്ടാവാവുന്ന 'തനിമയില്ലായ്മ' രോഗിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നയാളുടെ അഭിനയത്തിലുള്ള അനായാസ്യക്കുറവ് ഗുണം ചെയ്യുന്നുണ്ട് അതേസമയം ഇത് യഥാര്‍ത്ഥ അഭിനയമായിരുന്നെകില്‍ ഇന്‍‌ഡ്യ കണ്ട ഏറ്റവും നല്ല നടനായിരിക്കും അയാള്‍!

ഒരു നാട്ടിന്‍ പുറം അച്ചായനെ അവതരിപ്പിക്കുന്ന മമ്മുട്ടിതന്നെയാണീ സിനിമയിലെ ഹൈ ലൈറ്റ്.ഇടക്കൊരു ദിവസം രാവിലെ ഫ്ലാറ്റിന് പുറത്തുള്ള തട്ടുകടയില്‍ നിന്നും ചായകുടിച്ചതിന് ശേഷം തിരികെ പോകുമ്പോള്‍ ജോഗ്ഗിങ്ങിനിറങ്ങിയവരുടെ ഒപ്പം ഏന്തിവലിച്ച് നടക്കുന്ന മമ്മുട്ടിയുടെ പിന്നില്‍ നിന്നുമുള്ള ഷോട്ടൊക്കെ ഉത്തമ ഉദാഹരണം.


സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഇടക്കൊക്കെ മുന്നാഭായിയെ ഓര്‍മ്മ വന്നത് രണ്ടിലേയും നായിക ഒന്നായതുകൊണ്ട് മാത്രമാണോ?എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലുണ്ടോ?

****************

ഈയിടെയായി ഇംഗ്ലീഷ് സിനിമകള്‍ കാണുന്ന ദുസ്വഭാവം കൂടുതലാണ് അതും പഴയവ അതില്‍ നിന്നും മനസ്സിലാക്കിയ ഒരു കാര്യം മോശമല്ലാത്ത ഒരു വിഭാഗം മലയാള സിനിമകളും ഇംഗ്ലീഷില്‍ നിന്നും 'യാദൃശ്ചികത' ഉള്‍ക്കൊണ്ട് ഉണ്ടാക്കിയതാണെന്നതാണ്. ചിലതില്‍ ഈ 'യാദൃശ്ചികത' വളരെ കൂടുതലാവുമ്പോള്‍ മറ്റു ചിലതില്‍ ചില സീനുകളോ പാട്ടുകളോ അടര്‍ത്തി വെച്ചിരിക്കുന്നു എന്നുമാത്രം.

6 comments:

തറവാടി said...

"ലൗഡ് speaker"

കിടങ്ങൂരാൻ said...

dIDN'T SEE YET. AS YOU SAID SURAJ IS A BHOOLOGA WASTE

lakshmy said...

"ഒരു ആവറേജ് സിനിമയില്‍ പെടുത്താന്‍ പോലും ഈ സിനിമാക്കാവാതെ പോകാന്‍ കാരണം കഥയുടെ/ഉള്ളടക്കത്തിന്റെ ആഴക്കുറവല്ല മറിച്ച് അനാവാശ്യമായ പല ഉള്‍പ്പെടുത്തലുമാണ്. കാമ്പുള്ള ഹാസ്യം നായകനിലൂടെത്തന്നെ ഉള്‍ക്കൊള്ളിക്കാന്‍ സാഹചര്യമുണ്ടായിട്ടും അത് കാണാതെയോ അറിയാതെയോ തമാശക്ക് വേണ്ടി തമാശ ഉള്‍പ്പെടുത്തുന്ന തൊണ്ണൂകളിലെ പല സിനിമകളേയും ഓര്‍മ്മിപ്പിക്കുമാറ് വെഞ്ഞൂറാമൂടിനേയും മറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു"


ദാ ഇതു തന്നെയാണ്, നാട്ടിൽ പോയിട്ട് ആകെ കണ്ട ഈ ഒരു സിനിമയെ കുറിച്ചുള്ള എന്റേയും അഭിപ്രായം. തമാശക്കസർത്തുകൾ സഹിക്ക വയ്യാഞ്ഞ് തീയേറ്ററിൽ പലപ്പോഴും കുമ്പിട്ടിരിക്കേണ്ടി വന്നു. പക്ഷെ മമ്മൂട്ടി സ്വന്തം റോൾ അതിമനോഹരമായി ചെയ്തിരിക്കുന്നു. കഥതന്തുവും സ്ട്രോങ്. പക്ഷെ പ്രായമായ ആ മനുഷ്യന്റെ റോൾ വേറെയാരെങ്കിലും ചെയ്തിരുന്നെങ്കിൽ എന്നാശിച്ചു പോയി

നിരക്ഷരന്‍ said...

“ അയാള് , പ്രായമായ മനുഷ്യന്‍ “

എന്നൊക്കെ പോസ്റ്റിലും കമന്റിലുമൊക്കെ പരാമര്‍ശിക്കപ്പെട്ട ശശികുമാറിനെ ആര്‍ക്കും അറിയില്ലെന്നാണോ ?

ഏഷ്യാനെറ്റ് എന്ന ഒരു ചാനല്‍ തുടങ്ങിവെച്ചത് അദ്ദേഹമായിരുന്നു. ദൂരദര്‍ശനില്‍ ഒരുപാട് കാലം ആ മുഖം ന്യൂസ് വായനക്കാരനായും വന്നിരുന്നു.

മമ്മൂട്ടി എന്ന താരം ഈ സിനിമയില്‍ ഇല്ല എന്നുള്ളത് തന്നെ ഒരു വലിയ കാര്യമാണ്.

താരങ്ങള്‍ മരിക്കണം. അഭിനേതാക്കള്‍ മാത്രം അവശേഷിക്കണം. കാസ്റ്റിങ്ങ് ഡയറക്‍ടര്‍ എന്ന ഒരു സംഭവം സിനിമാ വ്യവസായത്തില്‍ വേരുറപ്പിക്കണം. താരങ്ങള്‍ക്ക് വേണ്ടി കഥ പടച്ചുണ്ടാക്കുന്നതിന് പകരം കഥയ്ക്ക് അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു അവസ്ഥാ വിശേഷം ഉണ്ടായി വരണം. നല്ല സിനിമകള്‍ ഉണ്ടാകണമെങ്കില്‍ അതൊക്കെയേ മാര്‍ഗ്ഗമുള്ളൂ. അല്ലെങ്കില്‍ 50 ഉം 60 ഉം കഴിഞ്ഞ താരങ്ങള്‍ പേരക്കുട്ടികളുടെ പ്രായമാകാന്‍ പോന്ന പെണ്‍പിള്ളാരുടെ കൂടെ വിഗ്ഗും വെച്ച് ആടിപ്പാടി നടക്കുന്ന തരത്തിലുള്ള അഴകൊഴമ്പന്‍ സിനിമകള്‍ ഇനീം പിറന്നെന്ന് വരും. നിരൂപണം എഴുതി എഴുതി മലയാളി കുഴഞ്ഞുപോകുകയും ചെയ്യും.

lakshmy said...

എന്നൊക്കെ പോസ്റ്റിലും കമന്റിലുമൊക്കെ പരാമര്‍ശിക്കപ്പെട്ട ശശികുമാറിനെ ആര്‍ക്കും അറിയില്ലെന്നാണോ ?

അയ്യോ..എന്റെ ഫോൾട്ട്. അറിയില്ലായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ അഭിനയം എനിക്കങ്ങു മുഴുവൻ ദഹിച്ചില്ല എന്നതും സത്യം. നെടുമുടി വേണുവോ തിലകനോ ഒക്കെയായിരുന്നെങ്കിൽ ആ റോളിലെന്ന് വെറുതെ സങ്കൽ‌പ്പിച്ചു. പിന്നെ നിരക്ഷരൻ സൂചിപ്പിച്ച പോലെ ഇതിൽ ആ ലൌഡ് സ്പീക്കറേ ഉള്ളു, മമ്മൂട്ടിയില്ല എന്നതാണ് എടുത്തു പറയേണ്ട സവിശേഷത.

തറവാടി said...

നിരക്ഷരാ :),

സത്യം പറയാല്ലോ പേരറിയില്ലായിരുന്നു.

പിന്നെ മമ്മുട്ടിയില്ല എന്നത് മമ്മുട്ടിയിലെ കലാകാരന്റെ വിജയം തന്നെയാണ് സംശയമില്ല.