Tuesday, January 13, 2009

' ഓനോട് പ്രത്യേകിച്ചു പറയേണ്ടതുണ്ടോ? '

കല്യാണം കുടിയിരിക്കല്‍ (House warming) തുടങ്ങിയവ‍ക്കിടയില്‍ ചിലയിടത്തെങ്കിലും കേള്‍‌ക്കുന്നതാണിത്.

അടുത്ത സുഹൃത്തിന്‍‌റ്റെ കല്യാണത്തിന്‍‌റ്റെ തലേന്നാള്‍ വരെ സര്‍‌വ്വകാര്യങ്ങള്‍‌ക്കും ഒപ്പം നിന്ന് കല്യാണ ദിവസം മുങ്ങിയ ആളെ എനിക്കറിയാം. അതിനുള്ള ന്യായീകരണം ;'‍‌ വിളിക്കാത്ത കല്യാണത്തിന് പോകുന്നതെങ്ങിനെ?' എന്നായിരുന്നു.

ഹോസ്റ്റലില്‍ നിന്നും യാദൃശ്ചികമായി വീട്ടിലെത്തിയപ്പോളാണ് ഞാനറിയുന്നത് അന്നേദിവസമാണ് കുടുംബത്തിലെ ഒരാളുടെ കല്യാണമെന്ന കാര്യം. കുടുംബത്തിലെ ഒരംഗം എന്നതില്‍ കവിഞ്ഞ് വരനുമായെനിക്ക് വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിട്ടും അറിയീച്ചില്ലല്ലോ എന്നായിരുന്നു എന്‍‌റ്റെ കുണ്ഠിതം. ഇതേ ദിവസം വന്നില്ലായിരുന്നെങ്കില്‍ കല്യാണത്തെപ്പറ്റി അറിയുമായിരുന്നില്ലല്ലോ എന്നതിനാല്‍ പ്രസ്തുത കല്യാണത്തില്‍ വീട്ടിലുള്ളവര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഞാന്‍ പോകുന്നില്ലെന്നു തീരുമാനിച്ചു. ഞാന്‍ പോകുന്നില്ലെന്നറിഞ്ഞപ്പോള്‍ ഉപ്പ ഇടപെട്ടു:

' അപ്പോ നീയും അവരും എന്തു വെത്യാസം? നീ പോകണം എല്ലാം കഴിഞ്ഞിട്ട് , വേണമെങ്കില്‍ വിളിക്കാതിരുന്നത് സൂചിപ്പിച്ചോ അല്ലാതെ പോകാതിരിക്കയല്ല വേണ്ടത് '

എനിക്ക് വിയോജിപ്പില്ലാത്ത ഉപ്പയുടെ പല തിയറികളില്‍ ഒന്നാണിതെങ്കിലും അന്ന് പക്ഷെ ഇഷ്ടമില്ലാതെയും ഞാനാ കല്യാണത്തില്‍ പങ്കുകൊണ്ടു. ഉപ്പയുടെ തിയറിയെ തള്ളാനാവാത്തതുമാത്രമല്ലായിരുന്നില്ല കാരണം വ്യക്തിപരമായടുപ്പമുള്ള ഒരാളുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു സുപ്രധാന ചടങ്ങില്‍ ‍ അയാളുടെ വിവരക്കേടുകൊണ്ട് ഭാഗബാക്കാതിരിക്കുന്നതിലെ അര്‍ത്ഥമില്ലായ്മയുമായിരുന്നു. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ പങ്കെടുത്തതും അര്‍ത്ഥമില്ലായ്മയായിരുന്നെന്നാണ് തോന്നിയത്.

ഒരു വ്യക്തി അയാളുടെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സുഹൃത്ത്‌ക്കളെ അല്ലെങ്കില്‍ വളരെ അടുത്ത ബന്ധുക്കളെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ടോ എന്ന് പലരും ചോദിക്കുന്നതു കേട്ടിട്ടുണ്ട്. വിഷയമെന്തുമാകട്ടെ ബന്ധം എന്തുമാകട്ടെ പങ്കെടുക്കണമെന്നുള്ളവരെ ഔദ്യോഗികമായി നിര്‍ബന്ധമായും ക്ഷണിക്കണമെന്നാണ് എന്‍‌റ്റെ അഭിപ്രായം സുഹൃത്താണെന്നോ മറ്റോ ഇത്തരം ക്ഷണങ്ങള്‍ക്ക് തടസ്സമാകരുത്.

എത്ര അടുത്ത ആളുടെയാണെങ്കിലും വിളിക്കാത്ത കല്യാണത്തിന് ഞാന്‍ പോകില്ല ,' അറിയാതെ വിട്ടുപോയതാണെങ്കിലോ? ' എന്നതിനുള്ള എന്‍‌റ്റെ മറുപടി 'അറിയാതെ' വിട്ടുകളയണം എന്നുതന്നെയാണ്.

8 comments:

Bindhu Unny said...

എന്റെ കല്യാണത്തിന് ഞാനാരെയും ക്ഷണിച്ചില്ല. എനിക്ക് അടുപ്പമുള്ളവരെയൊക്കെ അറിയിച്ചു. എന്നോട് അടുപ്പമുള്ളവര്‍ വന്നു. :-)

പകല്‍കിനാവന്‍ | daYdreaMer said...

വിളിക്കാത്ത കല്യാണങ്ങള്‍ക്ക് ഒത്തിരി പങ്കെടുത്തിട്ടുണ്ട്... നിവൃത്തികേട് കൊണ്ടാ... വിശപ്പിന്റെ വിളി... പണ്ടു പഠിയ്ക്കുന്ന (പഠിച്ചിരുന്നില്ല ) സമയത്തു... !!

പെണ്‍കൊടി said...

ചില സാഹചര്യങ്ങളില്‍ നമ്മള്‍ക്ക്‌ നമ്മുടെ തിയറി മാറ്റി പിടിക്കേണ്ടി വരില്ലേ ?..

-പെണ്‍കൊടി...

ഹരീഷ് തൊടുപുഴ said...

ഔദ്യോഗികമായി ക്ഷണിക്കാത്ത ഒരു കല്യാണത്തിന് പോകേണ്ട ഒരു കാര്യവുമില്ല. നമ്മുടെ സാന്നിദ്ധ്യം ആവശ്യമുള്ളവര്‍ ഒരിക്കലും മറക്കാതെ ക്ഷണിക്കുകതന്നെ ചെയ്യും..

കിഷോർ‍:Kishor said...

“ക്ഷണിക്കാത്ത സദ്യക്ക് ഇലയിടാൻ പോകരുത്” എന്നാണ് എന്റെ അമ്മ പറയാറുള്ളത് :-)

മുക്കുവന്‍ said...

ചുമ്മാ ഒരു ഊണു കിട്ടൂലെ മച്ചാ.. പോയി കഴിക്കണ്ണാ....

Siju | സിജു said...

വിളിക്കാതെ പോയി ഫുഡ്ഡടിച്ചല്ലേ..

തറവാടി said...

ബിന്ദു ഉണ്ണി , പെണ്‍കൊടി കിഷോര്‍ നന്ദി.
പകല്‍കിനാവന്‍ ,
വിളിക്കാത്ത കല്യാണങ്ങള്‍ക്ക് പോകുന്നതില്‍ തെറ്റില്ല :)
മുക്കുവന്‍ , അതിനെന്നെ കിട്ടൂല്ല :)
Siju | സിജു ;)