Sunday, October 26, 2008

ചന്ദ്രയാനും ചതിയും.

'ഹലോ ...അരാണീ ഈ പാതിരാവില്‍ മനുഷ്യന്‍‌റ്റെ ഉറക്കം കളയാന്‍? '

'എടാ ഇബ്‌ലീസെ ജ്ജ്‌ പ്പോഴും ഉറങ്ങുകയാണോ നേരം അഞ്ചുമണിയായെടാ ടി.വി. വേകം ഓണാക്ക് '

' എന്‍റ്റിക്കാ...എന്തുപറ്റി? ഈ നേരത്തെന്താണ് ടി. വി യില്‍? ആരെങ്കിലും രാജിവെച്ചോ? ടി.വി. വെച്ചിരിക്കുന്ന മുറിയില്‍ മോളുറങ്ങുന്നു ഇപ്പോ പറ്റില്ല'

' ഹമുക്കെ ...ന്നാളല്ലെ ജ്ജ്‌ ഏറ്റവും പുതിയ ലാപ്‌ ടോപ്പും കുന്തവും വാങ്ങ്യേത്‌ അതോണാക്കിയാലും മതി '

' നിങ്ങള്‍ കാര്യം പറ ഇക്കാ'

'എടാ ...ചന്ദ്രയാന്‍ .. റോക്കറ്റ്‌ ഇപ്പോ വിടും'

അവറാന്‍ ലാപ്‌ ടോപ്പ്‌ ഓണാക്കി ചന്ദ്രയാന്‍ ലോഞ്ചിങ്ങുമെല്ലാം കണ്ടു.

' ഹലോ... ഇക്കാ ഞാന്‍ കണ്ടു ഓല്‍‌ക്കിപ്പോ ഇദിന്‍‌റ്റെ വല്ല ആവശ്യവുമുണ്ടോ.... ഇതിന് എത്ര പണം പഹയന്‍ മാര്‍ നശിപ്പിച്ചു? ഹും... റോക്കറ്റും വിട്ട് കളിക്കുന്നു '

' അതെന്നേണ് ഞാനും പറേണത്‌ ....ഓല്‍ക്ക്‌ ഈ പൈസകൊണ്ട്‌ എന്തൊക്കെ ചെയ്യാമായിരുന്നു , എത്ര കൊഴല്‍ കിണര്‍ കുത്താം എത്ര പേര്‍ക്ക് ഭക്ഷണം കൊടുക്കാം '

' അല്ല ബാപ്പാ , ഇതുകൊണ്ട്‌ നമ്മുടേ നാടിന് കുറേ ഗുണം കിട്ടില്ലേ ?'

' മിണ്ടാണ്ട്‌ കെടന്നോ എന്തു ഗുണം ഒന്നൂല്ലാന്നെ , പട്ടിണിപ്പാവങ്ങള്‍ എത്രയോ ഭക്ഷണം കിട്ടാതെ വലയുന്നു '

ചന്ദ്രയാനെപ്പറ്റി പറഞ്ഞുതുടങ്ങിയ മകനെ അവറാന്‍ അടിച്ചിരുത്തി.വാപ്പയുടെ വിഡ്ഡിത്തരങ്ങള്‍ കേട്ട് സഹികെട്ട മകന്‍ പക്ഷെ ചന്ദ്രയാന്‍ ഉപഗ്രഹത്തെപ്പറ്റിയും നടന്ന പരീക്ഷണത്തെപ്പറ്റിയും അതുകൊണ്ടുണ്ടായേക്കാവുന്ന ഭാവിയിലെ പ്രത്യക്ഷ - പരോക്ഷ ഗുണഗണങ്ങളുമൊക്കെ വിവരിച്ചു. ഒന്നും ചെവികൊള്ളാതെ അവറാന്‍ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.

' പട്ടിണിപ്പാവങ്ങള്‍ ... എത്ര കുഴല്‍ കിണര്‍ കുഴിക്കാം എത്ര പേര്‍ക്ക് ....'

' ന്‍റ്റെ സുബൈറേ അനക്ക്‌ വെറെ പണിയൊന്നൂല്ലെ? ബാപ്പാടിതൊക്കെ പറയാന്‍ ? '

മകന്‍‌റ്റെ ചന്ദ്രയാനെപ്പറ്റിയുള്ള വിവരണം കേട്ട് ഉമ്മ സുഹറയും ഉണര്‍ന്നു.

' ഞങ്ങടെ കല്യാണം കഴിഞ്ഞ സമയത്ത് കമ്പ്യൂട്ടര്‍ ആള്‍കളുടെ ജോലി കളയും അതിനാല്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് പറഞ്ഞായിരുന്നു എതിര്‍പ്പ് പിന്നീട് പാടത്ത്‌ ട്രാക്ടര്‍ ഉപയോഗിക്കരുതെന്നുപറഞ്ഞായി , റോടില്‍ ഇലക്ട്രിക്‌ സിഗ്നല്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞായി പിന്നീട് , എക്സ്പ്രെസ്സ്‌ ഹൈവേ , ന്യൂക്ലീര്‍ ഡീല്‍ , കേരളം ഉണ്ടായിട്ട്‌ അധികമായില്ലല്ലോ ഇനിയും എന്തെല്ലാം കിടക്കുന്നു ....'

ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് സുഹറ ഊറി ചിരിച്ചു.

' ഉമ്മാ ബാപ്പ കമ്പൂട്ടറിനെതിരെ!! ....?? '

ഏറ്റവും പുതിയ ലാപ്ടോപ്പില്‍ ഹയ്‌ സ്പീഡ്‌ ഇന്‍റ്റര്‍ നെറ്റില്‍ മുക്കാല്‍ സമയവും കമഴ്ന്നുകിടക്കുന്ന ബാപ്പയെ നോക്കി സുബൈര്‍ അന്തം വിട്ടിരുന്നപ്പോള്‍ സുഹറ ഊറി ചിരിച്ചു അവറാന്‍ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു:

' എന്തു ഗുണം ഒന്നൂല്ലാന്നെ , പട്ടിണിപ്പാവങ്ങള്‍ എത്രയോ ഭക്ഷണം കിട്ടാതെ വലയുന്നു ...എത്ര പൈസ ഇവര്‍ റോകറ്റ് വിട്ട് കളിക്കാന്‍.....'

20 comments:

ഗോപക്‌ യു ആര്‍ said...

:)....

smitha adharsh said...

അത് കലക്കി..

Unknown said...

ഹഹ. തറവാടീ.
എന്തിനും ഏതിനും ശാസ്ത്രത്തെ കൂട്ട് പിടിക്കുന്നവരുടെ കമന്റുകൾ വായിച്ച് ഞാൻ അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെയായിപ്പോയി. ശാസ്ത്രത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ഇവരുടെ ശ്രമങ്ങൾ എതിർത്തേ മതിയാവൂ!

വേണു venu said...

ചന്ദ്രനില്‍ വാഹനമെത്തിച്ച അമേരിക്ക, മുന്‍സോവിയറ്റ്‌ യൂണിയന്‍, യൂറേപ്യന്‍ സ്‌പേസ്‌ ഏജന്‍സി, ചൈന, ജപ്പാന്‍ എന്നിവയ്‌ക്കൊപ്പമാണ്‌ അതുകഴിഞ്ഞാല്‍ ഇന്ത്യയുടെ സ്ഥാനം.
മേരാ ഭാരത് മഹാന്‍.:)
ഓ.ടോ
റോകറ്റ് വിട്ട് കളിക്കാന്‍..എന്തെങ്കിലും ലക്ഷ്യമെങ്കിലും ഇല്ലേ. ഒരു ലക്ഷ്യവും ഇല്ലാത്ത കളികള്‍ക്ക് ചിലവാക്കുന്ന തുക ആരു ശ്രദ്ധിക്കുന്നു.?

Mr. K# said...

കലക്കി തറവാടി :-)

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

നിങ്ങള് ശരിയാവില്ല തറവാടി:-)

എന്നാലും 386 കോടിയല്ലേ ഈ പഹയന്‍‌മാര്‍ തൊലച്ച് കളഞ്ഞത്?
അതിനെന്തല്ലാം വാങ്ങാരുന്നു.
:-)<<<<<<< ദേ ഒരു മുട്ടന്‍ സ്മൈലി ഇട്ടിട്ടുണ്ട്, ഇനി ഇതിന്റെ പേരില്‍ പത്തലും വെട്ടി വന്നേക്കരുത്!

തറവാടി said...

സാജാ , ക്ക് അന്‍‌റ്റെ സ്മൈലി ഒന്നും വേണ്ട ;)

ജ്ജ് കുട്ട്യാ , അനക്ക് രാഷ്ട്രീയം എങ്ങനെ കളിക്കണമെന്നറീല്ല അത് പടിച്ചിട്ട് വാ.

( ഉം ..ഉം.. ഞാന്‍ ചെലതെല്ലാം കണ്ടു ;) )

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പറഞ്ഞാ മനസ്സിലാവൂല്ല... ന്നാ അനുഭവിക്കാന്‍ മുന്നിലൂണ്ടാവേം ചെയ്യും.
ഒന്നും വേണ്ട, നമ്മുടെ മൊബൈലില്ലാത്ത ഇബിലീസുംല്ല്യ ഈ കാലത്ത്. ന്നാ അതുപോലെന്തേലും നല്ലത് കൊണ്ടോരുമ്പോ മുന്നിലുണ്ടാവും ഈ ഇബിലീസ് മുര്‍ക്കിതുപ്പി ചിറീം തൊടച്ച് " അതിന്റെ ഒരാവശ്യോം ല്ലാ " ന്നും പറഞ്ഞ്. നാളേം കഴിഞ്ഞ് മറ്റന്നാ ഇബിലീസതും കൊണ്ട് നടക്കും...അല്ലാ ഓടും!

തറവാടിത്തം നന്നായി, നല്ല അവതരണം, നല്ല സന്ദേശം. ഇബിലീസ് വായിച്ചാ മത്യാരുന്നു.

Joker said...

ആയിയക്കണക്കിന് കോടി രൂപയാണ് കാശ്മീരില്‍ ഇന്ത്യ ചിലവഴിച്ച് കൊണ്ടിരിക്കുന്നത്. കാശ്മീര്‍ എന്ന കൊച്ചു പ്രദേശം നിലനിര്‍ത്താന്‍ മാത്രം. അല്ലെങ്കില്‍ ഇന്ത്യയില്‍ ഒട്ടുക്കും ഉയര്‍ന്നു വരുന്ന തീവ്രവാദവും മറ്റുമെല്ലാം കാശ്മീര്‍ പ്രശ്നമായി ബന്ധപ്പെട്ട് കിടക്കുന്നതുമാണ്. അങ്ങനെയെങ്കില്‍ ഈ കാശ്മീര്‍ നമുക്ക് ഒഴിവാക്കിയാല്‍ അത്രയും പണം പട്ടിണി പാവങ്ങള്‍ക്കും മറ്റ് വികസനത്തിനും വേണ്ടി ഉപയോഗിക്കാം.

എന്ത് പറയുന്നു തറവാടീ. ഇതൊരു നല്ല പരിഹാരമല്ലേ ?? പട്ടിണിയും പരിവട്ടവുമുണ്ടെങ്കിലും ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ നമുക്കാവുന്നത് ചെയ്യുന്നു എന്നല്ലേ ഇതില്‍ കൂടി കാണേണ്ടത്.

http://www.jokercircus.blogspot.com

അനില്‍ശ്രീ... said...

ഇഷ്ടമായി..

സുല്‍ |Sul said...

കൊള്ളാം.

-സുല്‍

തറവാടി said...

സാജാ,

ലക്ഷണം കണ്ടിട്ട് അനക്ക് പറ്റിയതെനിക്കും പറ്റുന്നാ തോന്നുന്നെ.
386 കോടി ;)

സാജന്‍| SAJAN said...

ഇനി പറ്റില്ല തറവാടി, അതിന്റെ സമയം കഴിഞ്ഞു പോയി:)
പിന്നെ മുമ്പ് പറഞ്ഞ രാഷ്ട്രീയം, അതെനിക്ക് പഠിക്കണ്ടായേ അല്ലാതെ തന്നെ ജീവിക്കാന്‍ വല്യ പാടാ പിന്നാ അതിന്റെ കൂടെ ഇത്തരം രാഷ്ട്രീയോം കൂടെ!

തറവാടി said...

ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനോ വിലയിരുത്താനോ തയ്യാറാവാതെ രാഷ്ട്രീയമോ അറിവില്ലായ്മയോ മാത്രം അടിസ്ഥാനപ്പെടുത്തി എതൊരു പുതിയ കാര്യത്തേയും വിമര്‍‌ശനത്തോടെ സമീപിക്കുന്ന ഒരു വിഭാഗം ഇന്നും ഉള്ളതാണ് നമ്മുടെ ശാപം.

വിശാലമായ ഒരു കാഴ്ചപ്പാടില്ലാതെ ഇത്തരക്കാര്‍ ചെയ്യുന്ന പ്രവൃത്തിയുടെ നേര്‍ ഫലം കാലതാമസം ഒന്ന് മാത്രമാണെന്നത് അനുഭവത്തില്‍ നിന്നും ഇവര്‍ ഇനിയും പഠിച്ചിട്ടില്ല എന്നതാണ് വലിയ പ്രശ്നം.

എതിര്‍പ്പുകളെ അവഗണിച്ചോ , പില്‍‌കാലത്തുള്ള തിരിച്ചറിവുമൂലമോ ( രാഷ്ട്രീയമൂലമോ ) യാഥാര്‍ത്ഥ്യമാകുന്നവയുടെ ഏറ്റവും വലിയ ഉപഭോകാക്താക്കള്‍ ഇത്തരക്കാരാണെന്നതാണ് വിരോധാഭാസമായ മറ്റൊന്ന്.

ഏറ്റവും പുതിയ ഉദാഹരണമാണ് ചന്ദ്രയാനുമായി ബന്ധപ്പെട്ടിട്ടുള്ളത്,

ചന്ദ്രനിലെ വെള്ളം കണ്ടെത്തലും ഹീലിയം കണ്ടെത്തലും മാത്രമായി ചുരുക്കിക്കണ്ടുള്ള ഒരു വിലയിരുത്തല്‍ നടത്തി ഇതിനെ വിമര്‍ശിക്കുന്നു.

റഷ്യയുടെ instruction manual assembly മാത്രമാണ് ചന്ദ്രയാന്‍ എന്നൊക്കെ തട്ടിവിടുന്നത് കണ്ടാല്‍ ഐ.ടി.സി യില്‍ പഠിക്കുന്ന കുട്ടികള്‍ amplifier assembly ചെയ്യുന്നതാണ് റോക്കറ്റ് വിക്ഷേപണം എന്ന് തോന്നിപ്പോകും.

കാലങ്ങളായി ഈ ദൗത്യത്തിന് വേണ്ടി പണിയെടുത്ത നൂറ് കണക്കിന് ശാസ്ത്രഞ്ജരേയും എഞ്ചിനീയേഴ്സിനേയുമാണിവര്‍ കളിയാക്കുന്നതെന്നിവര്‍ മറക്കുന്നു.

ഒരുകാലത്ത് ഇത്തരക്കാര്‍ ചെയ്തിട്ടുള്ളതിന്‍‌റ്റെ ഫലത്തിലിരുന്നാണ് ഇത്തരം വിടുവായത്തം വിളിച്ചുപറയുന്നത്. ഇത് സൂചിപ്പിച്ചാല്‍ ' ഞങ്ങള്‍ പൈസ കൊടുത്ത് ഇന്‍‌റ്റര്‍ നെറ്റും കമ്പ്യൂട്ടറും വാങ്ങി ഉപയോഗിക്കുന്നു ' അതും ഇതും തമ്മിലെന്ത് ബന്ധം എന്നൊക്കെ പറഞ്ഞുകളയും.

അവഗണിക്കുക ഇത്തരം മുടന്തന്‍ വര്‍ത്തമാനങ്ങളെ അവഗണിക്കുക , ഇന്‍ഡ്യയുടെ അഭിമാനം ഇനിയും ഉയരാന്‍ പ്രാര്‍ത്ഥിക്കാം ചന്ദ്രയാന്‍‌റ്റെ പൂര്‍ണ്ണ വിജയത്തിനായി പ്രാര്‍ത്തിക്കാം. പരാജയപ്പെട്ടാല്‍ അടുത്ത ചന്ദ്രയാനായി പ്രവര്‍ത്തിക്കാം.

ഓ.ടി.

സാറ്റ്‌ലൈറ്റാക്രമണം നടത്താനാവുന്ന ചൈന കൊറച്ച് കാലം കഴിഞ്ഞ്

' ഡാ മക്കളെ ഞങ്ങള്‍ നിങ്ങടെ എല്ലാ കമ്മ്യൂണിക്കേഷന്‍ സാറ്റ് ലൈറ്റുകളും തോണ്ടാന്‍ പോകുന്നു '

എന്ന് പറഞ്ഞാല്‍ അപ്പോ പറയണം ,

' അതിനെതാ സഖാവേ ങ്ങള് തോണ്ടിക്കോളീ ഞങ്ങക്ക് കൊറച്ച് കപ്പേം മീനും കഞ്ഞീ മാത്രം മതീ ' ന്ന്

ആവനാഴി said...

ഹ ഹ.. തകര്‍പ്പന്‍! തകരപ്പന്‍!

മുസ്തഫ|musthapha said...

ഇന്‍ഡ്യയുടെ അഭിമാനം ഇനിയും ഉയരാന്‍ പ്രാര്‍ത്ഥിക്കാം ചന്ദ്രയാന്‍‌റ്റെ പൂര്‍ണ്ണ വിജയത്തിനായി പ്രാര്‍ത്തിക്കാം. പരാജയപ്പെട്ടാല്‍ അടുത്ത ചന്ദ്രയാനായി പ്രവര്‍ത്തിക്കാം


അതാൺ, അതാൺ കാര്യം... അല്ലാണ്ട് ഇന്ത്യ റോക്കറ്റ് വിട്ടപോലേന്നും പറഞ്ഞ് അതൊരു മിമിക്രി ഐറ്റാക്കല്ല വേണ്ടത്...

പോസ്റ്റിനെ ഒരു സൈഡിലിരുത്തി തറവാടിയുടെ അവസാനത്തെ കമന്റ് :)

മാണിക്യം said...

അതിനും മുന്നെ
അമ്മില്‍ അരച്ചാലേ
കറിയ്ക്ക് രുചിയുള്ളു!
ഫ്രിഡ്ജില്‍ വച്ചാല്‍,
ശ്ശേ പിന്നെ എന്തു സ്വാദ്?
എന്നോക്കെ പറഞ്ഞിരുന്നവര്‍ ഇന്നുണ്ടോ?
ഉമ്മാ ബാപ്പ കമ്പൂട്ടറിനെതിരെ!! ..??
അതാതിന്റെ സൌകര്യം.അത്ര തന്നെ.
കൈയില്‍ കിട്ടിയാല്‍ നല്ലത്.

അല്ലേലോ മുന്തിരി പുളിക്കും...
നല്ല അവതരണം...:)

Jayasree Lakshmy Kumar said...

ഹ ഹ. അതു കലക്കി

Lathika subhash said...

കൊള്ളാം.